എഴുത്തുകുത്ത്
ആ ഗാനം ലഭ്യമാണ്
ശ്രീകുമാരൻ തമ്പിയുടെ ‘സംഗീതയാത്ര’യിൽ (ലക്കം: 1368) ‘ശക്തി’ എന്ന 1972 ഡിസംബർ എട്ടിന് റിലീസ് ചെയ്ത ചിത്രത്തെപ്പറ്റിയുള്ള അഭിപ്രായം വായിച്ചു. ആ സിനിമയിൽ അടൂർ ഭാസി പാടിയ ഒരു ഹാസ്യഗാനം ലഭ്യമല്ല എന്ന് പറയുന്നു. ആകാശവാണിയിലോ ദൂരദർശനിലോ ഒന്നും ഇതുവരെ കേൾക്കാൻ കഴിഞ്ഞിട്ടില്ലെങ്കിലും പാട്ടുപുസ്തകത്തിൽ ആ ഗാനം ലഭ്യമാണ്. ആ ഗാനം ദീർഘിച്ചതാണ്. ആദ്യത്തെ എട്ട് പത്ത് വരികൾ ഇങ്ങനെയാണ്:
‘‘മാന്യന്മാരെ മഹതികളെ
മാന്യ സദസ്സിലെ മൂരാച്ചികളെ
വാരിവലിച്ചുതൊഴുന്നേൻ നട്ടെ-
ല്ലൂരി വളച്ച് കുനിച്ച് തൊഴുന്നേൻ
ചോട്ടാ നേതാവോട്ടിന് നിങ്ങടെ
വീട്ടിൽ രാത്രി വരുന്നതുപോലെ
ആഘോഷക്കമ്മറ്റിക്കാർ രാത്രി
പിരിവിന്നായെത്തുംപോലെ.’’
സറ്റയർ എന്ന വകുപ്പിൽപെടുത്താവുന്ന ഇൗ ഹാസ്യഗാനവും ‘ശക്തി’യിലെ മറ്റ് ഗാനങ്ങളും ഗ്രാമഫോൺ റെക്കോഡിനായി ഇറങ്ങിയോ എന്നറിയില്ല. ശേഷം വിശേഷാൽ: ‘ശക്തി’ എന്ന പേരിൽ ജയനും എം.എൻ. നമ്പ്യാരും മറ്റും അഭിനയിച്ച ഒരു തകർപ്പൻ ഹിറ്റ് ചിത്രം 1979ൽ പുറത്തിറങ്ങി. ബിച്ചു തിരുമലയാണ് അതിലെ ഗാനങ്ങൾ എഴുതിയത്. ‘‘മീശ മുളച്ചപ്പംതൊട്ട് ഞമ്മടെ വീട്ടിനടുത്തൊരു പെണ്ണിെന പാട്ടിലാക്കിയ’’ എന്നൊരു ഹാസ്യഗാനം ആ രണ്ടാം ‘ശക്തി’യിലും ഉണ്ടായിരുന്നു. കെ. സുരേന്ദ്രന്റെ ‘ശക്തി’ എന്ന നോവലുമായി രണ്ട് സിനിമകൾക്കും ഒരു ബന്ധവുമില്ല.
റഷീദ് പി.സി പാലം, നരിക്കുനി
ഹാൻ കാങ്ങിന് പ്രചോദനം സ്വന്തം ജീവിതം
ദിവ്യ അരുൺ ഈ വർഷത്തെ സാഹിത്യ നൊബേൽ സമ്മാനം നേടിയ കൊറിയൻ എഴുത്തുകാരി ഹാൻ കാങ്ങിനെ പരിചയപ്പെടുത്തിയ ‘മാനവികതയുടെ പ്രതിഫലനങ്ങൾ’ (ലക്കം: 1391) വായിച്ചു. ഹാൻ കാങ്ങിന്റെ ‘ദി വെജിറ്റേറിയൻ’, ‘ഹ്യൂമൻ ആക്ട്സ്’, ‘ദി വൈറ്റ് ബുക്ക്’, ‘ഗ്രീക് ലെസൻസ്’ എന്നീ കൃതികളെ ഒരു പരിധിവരെ വായനക്കാരെ പരിചയപ്പെടുത്താൻ ദിവ്യയുടെ എഴുത്തിന് കഴിഞ്ഞിട്ടുണ്ട്. സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാരം ലഭിക്കുന്ന പതിനെട്ടാമത്തെ വനിതയാണ് ഹാൻ കാങ് എന്നതും അതിൽതന്നെ ഏഷ്യയിൽനിന്ന് പുരസ്കൃതയാകുന്ന ആദ്യ വനിതയാണ് എന്നതും കൗതുകംതന്നെ.
താൻ തന്നെ എഴുതിയ ‘The fruit of my woman’ എന്ന ചെറുകഥയെ അടിസ്ഥാനമാക്കി ഹാൻ കാങ് രചിച്ച The Vegetarian എന്ന നോവലിലെ ‘വെജിറ്റേറിയൻ’, ‘മംഗോളിയൻ മാർക്ക്’, ‘ഫ്ലമിങ് ട്രീ’ എന്നിങ്ങനെയുള്ള ഓരോ അധ്യായത്തെക്കുറിച്ചും ചുരുക്കിപ്പറഞ്ഞുപോകുന്ന ഭാഗത്തിലൂടെ നോവലിന്റെ ഒരേകദേശ രൂപം വായനക്കാരിലേക്കെത്തിക്കാൻ ദിവ്യക്ക് കഴിഞ്ഞിട്ടുണ്ട്. നോവലിനെക്കുറിച്ച് കൂടുതലറിയാൻ താൽപര്യമുള്ളവർക്ക് ഡെബോറാ സ്മിത്തിന്റെ ഇംഗ്ലീഷ് പരിഭാഷയോ സി.വി. ബാലകൃഷ്ണന്റെ മലയാളത്തിലേക്കുള്ള മൊഴിമാറ്റമോ വായിക്കാവുന്നതുമാണല്ലോ. കുഞ്ഞു സഹോദരി ജനിച്ച് രണ്ടു മണിക്കൂറിനു ശേഷം മരണമടഞ്ഞതിനെക്കുറിച്ചുള്ള ഓർമകൾക്കൊടുവിൽ ‘അവളുണ്ടായിരുന്നെങ്കിൽ ഞാനുണ്ടാവുമായിരുന്നില്ല’ എന്ന തിരിച്ചറിവിലാണ് ‘The White Book’ന്റെ പിറവി. ഈ പുസ്തകത്തിന്റെ പ്രചോദനം ഹാൻ കാങ്ങിന്റെ ജീവിതത്തിലെ യഥാർഥ സംഭവങ്ങളിൽനിന്നു തന്നെയാണ്.
ആറു വർഷത്തോളം കൊറിയൻ ഭാഷ പഠിച്ചതിനുശേഷമാണ് ഡെബോറ സ്മിത്ത് ‘The Vegetarian’ ഇംഗ്ലീഷിലേക്ക് തർജമ ചെയ്തത്. ‘Greek Lessons’ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം നടത്തിയത് ഡെബോറ സ്മിത്തും (Deborah Smith) എമിലി യേ വോണും (Emily Yae Won) ചേർന്നാണ്.
എം.എസ്. മുരളീ മനോഹർ പൗഡിക്കോണം
‘പതമ്പ്’ ജീവിതഗന്ധിയായ കഥ
ദശാബ്ദങ്ങൾക്കു മുമ്പ് കേരളത്തിൽ നടമാടിയിരുന്ന വരേണ്യ മാടമ്പിത്തങ്ങളുടെ കൃത്യമായ തുറന്നെഴുത്താണ് ‘പതമ്പ്’ (ലക്കം: 1390). അന്ന് അവർണർ അനുഭവിച്ച ദയാരഹിതമായ ക്രൂരകൃത്യങ്ങളുടെ ശക്തമായ കഥാവിഷ്കാരമാണത്. അബദ്ധത്തിൽ അമ്പല നടവഴിയിലൂടെ നടന്നതിന് കാളിക്കുട്ടിയോട് കാണിച്ച അതിക്രമം ഒരുകാലത്തെ നിത്യ സംഭവവും തമ്പ്രാക്കന്മാരുടെ ക്രൂര വിനോദവുമായിരുന്നു. നിഷ്കളങ്കനായ കാളിക്കുട്ടിയുടെ മുഖം മനസ്സിൽ മായാതെ നിൽക്കുന്നു.
ദാമ്പത്യത്തിന്റെ 14 കൊല്ലക്കാലം ചോരാത്ത വാത്സല്യം പ്രകടിപ്പിച്ച പ്രിയതമനുവേണ്ടി ചിരുതക്ക് അതല്ലാതെ മറ്റൊന്നും ചെയ്യാൻ കഴിയുമായിരുന്നില്ല. ഒടുവിൽ മേലാള ചട്ടമ്പിയെ ഇല്ലാതാക്കിക്കൊണ്ട് അവൾ സ്വയം എരിഞ്ഞൊടുങ്ങി; തന്റെ സ്വന്തം കാളിക്കുട്ടിക്ക് വേണ്ടി. കലവറയില്ലാതെ പ്രിയതമനെ പ്രണയിച്ച സഹധർമിണിയുടെ തിരിച്ചുള്ള സ്നേഹപ്രകടനമായിരുന്നു അത്. നല്ല അവതരണം. മനോഹരമായ ആഖ്യാനശൈലിയിലൂടെ വായനക്കാരെ ഹഠാദാകർഷിച്ച കഥാകൃത്തിനും ഇത്തരമൊരു കഥ പ്രസിദ്ധീകരിക്കാൻ തയാറായ ആഴ്ചപ്പതിപ്പിനും അഭിനന്ദനങ്ങൾ.
സി.പി. മുസമ്മിൽ, പുതിയതെരു
തകരുന്ന പ്രകാശഗോപുരം
മനുഷ്യമനസ്സ് വായിച്ചെടുക്കാനുള്ള ഉപകരണങ്ങളോ സാങ്കേതിക വിദ്യയോ വൈദ്യശാസ്ത്രത്തിന് കണ്ടുപിടിക്കാൻ സാധിച്ചിട്ടില്ല. ഒരാളുടെ മനഃശാസ്ത്രം പലപ്പോഴും അപൂർണമാകുന്നു. മാധ്യമം ആഴ്ചപ്പതിപ്പിൽ (ലക്കം: 1389) വന്ന ധന്യാരാജിന്റെ ചെറുകഥ ‘ഇരുട്ടിന്റെയും വെളിച്ചത്തിന്റെയും പര്യായം’ ഈ സത്യം വിളിച്ചോതുന്നു. ‘ആദിനാഥൻ’ എന്ന വിദ്യാർഥി അസാധാരണ വ്യക്തിത്വത്തിനുടമയാണ്. പരസഹായത്തിനും അന്യർക്കുവേണ്ടിയുള്ള ത്യാഗത്തിനും ഉത്തമനിദർശനമാണ്. ഹൈസ്കൂൾ മുതൽ സർവകലാശാല പഠനംവരെ ആദിനാഥൻ ഒരത്ഭുത ബാലനായിരുന്നു. അന്യരെ സഹായിക്കാൻവേണ്ടി സ്വന്തം ജീവൻപോലും ബലിയർപ്പിക്കാൻ സദാ സന്നദ്ധനായ ഒരാദർശബിംബം. എന്നും ക്ലാസിൽ ഒന്നാമൻ. അതുകൊണ്ടുതന്നെ കല്യാണി, എലിസബത്ത്, ഷമീന എന്നീ വിദ്യാർഥികൾ ആദിനാഥനെ പ്രണയിക്കുകയും ആരാധിക്കുകയുംചെയ്തു.
ജോത്സ്ന എന്ന വിദ്യാർഥിനി ആദിനാഥനെ തള്ളിനീക്കി ഒന്നാം സ്ഥാനം കരസ്ഥമാക്കുമോ എന്ന ഭയംമൂലം ആ വിദ്യാർഥിനിയുടെ പുസ്തകങ്ങളും നോട്ടുബുക്കും പൊന്തക്കാട്ടിലേക്ക് ആരാധനാമൂർത്തികളായ മൂന്നു പെൺകുട്ടികളുംകൂടി വലിച്ചെറിഞ്ഞു. വിവരമറിഞ്ഞ അധ്യാപകൻ കൃത്യംചെയ്ത കുറ്റവാളികളെ കണ്ടുപിടിക്കാൻ വേണ്ടി പ്രവർത്തനം തുടങ്ങിയതറിഞ്ഞ് മൂവരും ചകിതരായി. വിവരം മനസ്സിലാക്കിയ ആദിനാഥൻ കൂട്ടുകാരികളെ രക്ഷിക്കാൻവേണ്ടി കുറ്റം സ്വയം ഏറ്റെടുത്ത് സ്വന്തം കൈവെള്ളയിൽ ശിക്ഷ ഏറ്റുവാങ്ങുകയായിരുന്നു. മറ്റുള്ളവർക്കുവേണ്ടി സ്വന്തം ഭാവിയും ജീവിതവും തന്നെയും ഹോമിക്കാൻ തയാറുള്ള ആദർശരൂപം.
അതിസമർഥനായ ആദിനാഥൻ സർക്കാർ ജോലി കരസ്ഥമാക്കി അധികം താമസിയാതെ വിവാഹം കഴിച്ചു സുനീതിയെ. അവൾ കുറച്ചുദിവസം കഴിഞ്ഞപ്പോൾ ഒരു യുവാവുമൊത്ത് പട്ടണത്തിൽ ചുറ്റിക്കളിക്കുന്നതു കണ്ടപ്പോൾ മൂവർക്കും അതിയായ ദേഷ്യമായി. ആദർശബിംബമായ ആദിനാഥനെ വഞ്ചിക്കുന്ന കാര്യം അവർക്ക് ചിന്തിക്കാൻപോലും പ്രയാസമാണ്. അതിനാൽ, മൂവരുംകൂടി സുനീതിയെ ചോദ്യംചെയ്തപ്പോഴാണ് അവൾ സത്യംവെളിപ്പെടുത്തിയത്. അവന്റെ ആദ്യ ഭാര്യ അലീന അവനെ ഉപേക്ഷിച്ചുപോയതെന്തിന്. സുനീതിയെ ചോദ്യംചെയ്തതോടെ അവൾ സത്യം, ആദർശബിംബത്തിന്റെ യഥാർഥ സ്വഭാവം ബോധ്യപ്പെടുത്തി. സുനീതിയുടെ കവിളിലും കഴുത്തിലും കാണുന്ന മർദനത്തിന്റെ അടയാളങ്ങളും ആദിനാഥൻ മർദിക്കുന്നതിന്റെ ദൃശ്യങ്ങളും മൊബൈലിൽ കാണിച്ചുകൊടുത്തതോടെ അവരുടെ ആദർശബിംബം തകർന്നുവീഴുകയും, കരാളവും ബീഭത്സവുമായ മുഖം അനാവൃതമാവുകയുംചെയ്യുന്നു. ഇതാണ് മനുഷ്യന്റെ യഥാർഥ മുഖം.
പ്രസീദ് കൊട്ടാരക്കര
'ആമ' വിസ്മയിപ്പിക്കുന്നു
കഥകൾ പൊതുവെ വായനക്കാരെ ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും വേറെ ചിലത് ആകുലപ്പെടുത്തുകയും ചെയ്യുമ്പോൾ ആഴ്ചപ്പതിപ്പ് ലക്കം 1392ൽ മുഹമ്മദ് ഷഫീഖ് എഴുതിയിരിക്കുന്ന ‘ആമ’ മനസ്സിന്റെയും ഇന്ദ്രിയങ്ങളുടെയും പുതുവാതായനങ്ങൾ തുറപ്പിച്ചുകൊണ്ട് വായനക്കാരെ വിസ്മയിപ്പിക്കുന്നു. ആദിയും മധ്യവും അന്ത്യവും ഉള്ളൊരു കഥയാണെന്നതാണ് ഇതിന്റെ മറ്റൊരു സവിശേഷത. ലളിതവും ഭാവാത്മകവും സുന്ദരവുമായ വിവരണങ്ങളോടെ പുരോഗമിക്കുന്ന കഥ അന്ത്യത്തിൽ ഒരു കുഴിയമിട്ടുപോലെ പൊട്ടുമ്പോൾ അനുവാചകർ സ്തംഭിച്ചുപോകുന്നു.
കുവൈത്തിൽനിന്ന് ഹ്രസ്വാവധിക്കെത്തുന്ന രാജീവൻ മീൻപിടിത്ത ഭ്രമക്കാരനായ അച്ഛൻ നാണുവിന് വിദേശ നിർമിത ചൂണ്ടലുകളും ടങ്കീസും സമ്മാനിക്കുന്നു. അതുംകൊണ്ട് കല്യാച്ചേരി പുഴയിൽ മീൻപിടിക്കുന്നതിനിടെ അയാളുടെ ചൂണ്ടയിൽ ഒരു പ്രത്യേകതരം ആമ കുടുങ്ങുന്നു. മക്കളായ സനീഷനും ഷംനയും ഡൈജസ്റ്റിൽ അതിനെക്കുറിച്ചുള്ള വിവരങ്ങൾ പരതിയപ്പോൾ അന്താരാഷ്ട്ര മാർക്കറ്റിൽ കോടികൾ വിലമതിക്കുന്ന മഡഗാസ്കർ ദ്വീപുകളിലെ ആമകളുമായി ഇതിന് സാമ്യമുണ്ടെന്ന് മനസ്സിലാക്കുന്നു. പിന്നെ ഒട്ടും താമസിച്ചില്ല സനീഷൻ അതിന്റെ നാലഞ്ചു ഫോട്ടോയെടുത്ത് മഡഗാസ്കർ മ്യൂസിയത്തിലേക്ക് അയച്ചുകൊടുക്കുന്നു.
ദിവസങ്ങൾ കഴിഞ്ഞിട്ടും മറുപടി വരാതെ മടുത്ത നാണുവേട്ടൻ തന്റെ ചങ്ങാതിയായ കുട്ട്യാലിക്കയോട് ആമരഹസ്യം വെളിപ്പെടുത്തുന്നു. അയാളുടെ മകൻ സത്താർ ഇരുതലമൂരിയെയും വെള്ളിമൂങ്ങയെയുമൊക്കെ കൈമാറ്റംചെയ്യുന്ന കോയമ്പത്തൂരിലെ ബ്രോക്കറാണ്.
അയാളുടെ നിർദേശപ്രകാരം ആമയെ കോയമ്പത്തൂരിലെത്തിച്ചപ്പോഴാണ് ഇത് സാധാരണ ആമയാണെന്നും വിറ്റാൽ പത്തുപൈസപോലും കിട്ടില്ലെന്നും അറിയുന്നത്. നിരാശനായ സത്താർ ആമയെ നാണുവേട്ടനു തന്നെ തിരിച്ചയക്കുന്നു. ഇതിനിടയിൽ നാണുവേട്ടന്റെ മകൾ ഷംന അയൽക്കാരനായ രതിലേഷിനോടൊപ്പം ഒളിച്ചോടിപ്പോയി രജിസ്റ്റർ കല്യാണം നടത്തി തിരിച്ചെത്തുന്നു. അതിൽ അസ്വസ്ഥരായ വീട്ടുകാരെ സമാധാനിപ്പിക്കാൻ നടത്തിയ ശ്രമങ്ങൾക്കിടയിൽ ഷംന മനുഷ്യന്റെ വ്യക്തിസ്വാതന്ത്ര്യത്തെക്കുറിച്ച് വാചാലയാകുന്നു. അതുകേട്ട് മനസ്സലിഞ്ഞ നാണുവേട്ടൻ മകൾക്കു മാപ്പുകൊടുത്തതു കൂടാതെ മനുഷ്യർ മാത്രമല്ല സർവജീവജാലങ്ങളും സ്വാതന്ത്ര്യം അർഹിക്കുന്നുവെന്നും മനസ്സിലാക്കി ആമയെ കല്യാച്ചേരി പുഴയിലേക്ക് ഇറക്കിവിടുന്നു.
ഇനിയാണ് ക്ലൈമാക്സ്!
മെസേജുകളാൽ നിറഞ്ഞ തന്റെ ഫോൺ പരിശോധിക്കവെ സനീഷ് മഡഗാസ്കറിൽനിന്നുള്ള ഒരു മെസേജ് കാണുന്നു. ‘‘സുഹൃത്തേ, താങ്കൾ അയച്ച ഫോട്ടോവിലെ ആമക്ക് മഡഗാസ്കർ ആമയുമായി സാമ്യം കാണുന്നു. വിപണിയിൽ നാലു കോടിയോളം വിലമതിക്കുന്ന ഇതിനെ ഞങ്ങളുടെ ഇന്ത്യൻ പ്രതിനിധിയെ ഏൽപിച്ചാൽ വിലയുടെ 50 ശതമാനമായ രണ്ടു കോടി രൂപ നൽകുന്നതായിരിക്കും. ബാക്കി തുക ആമയെ കൈപ്പറ്റിയതിനുശേഷവും നൽകും.’’ ഇതു വായിച്ച് നാണുവേട്ടനോടൊപ്പം വായനക്കാരും ഞെട്ടുന്നു. ഭാവദീപ്തമായ കഥയെഴുതിയ കഥാകൃത്തിനും ചിത്രീകരണം നടത്തിയ കന്നിക്കും പ്രസിദ്ധീകരിച്ച ആഴ്ചപ്പതിപ്പിനും നന്ദി.