എഴുത്തുകുത്ത്
ശ്രീകുമാരൻ തമ്പിയുടെ പംക്തി പുസ്തകമാക്കണം
ശ്രീകുമാരന്‍ തമ്പിയുടെ ‘മലയാള ചലച്ചിത്രഗാന ചരിത്രം’ 123ാം അധ്യായത്തിലേക്ക് കടക്കുന്ന വേളയിൽ ഭാവി പ്രവചിക്കുന്നതിനേക്കാൾ വിഷമമാണ് ഭൂതകാലത്തെ വിലയിരുത്താനെന്ന സത്യം മനസ്സിലാക്കുന്നു (ലക്കം: 1393). ഇത്രയും നാളത്തെ വിശകലനങ്ങൾക്കിടയിൽ മലയാള ചലച്ചിത്രഗാനങ്ങൾ 1974ലേക്ക് കടന്നിരിക്കുകയാണ്. ഒരു ഭഗീരഥ പ്രയത്നമാണ് ഇത്തരം യജ്ഞങ്ങളെന്ന് എനിക്കറിയാം. കേരളത്തിലെ മൂന്നരക്കോടി ജനങ്ങളില്‍ ഇദ്ദേഹത്തിനല്ലാതെ മറ്റാര്‍ക്കും സാധ്യമാകാത്ത ഒരു അപൂർവ സിദ്ധിയാണത്. ഒരു സിനിമപോലും വിട്ടുപോകാതെ അതിലെ പാട്ടുകളുടെ പാലാഴി കടഞ്ഞെടുത്തുള്ള നിരീക്ഷണങ്ങള്‍ വായിക്കുമ്പോള്‍ മനസ്സില്‍ മഞ്ചാടിക്കുരുക്കള്‍ വീണുചിതറുന്നു.
പൂനിലാവ് പൊഴിയുന്ന രാത്രികളില്‍ ആകാശം പുഴയിലേക്ക് നിലാവ് കോരിയൊഴിക്കുന്നതുപോലെ മനസ്സിലേക്ക് ദിവ്യാനുഭൂതികള്‍ പകരുന്നതാണ് ഈ എഴുത്ത്. ഇതിനെയാണ് രചനാസിദ്ധി എന്ന് പറയുന്നത്. സ്നിഗ്ധതയുള്ള എഴുത്തുശൈലിയാണ് ഈ കവിയുടെ കൈമുതല്‍. അദ്ദേഹം പേന കൈയിലെടുക്കുമ്പോഴേക്കും സ്നേഹത്താല്‍ നിറയുകയാണ് സഹൃദയ മനസ്സുകൾ.
മനുഷ്യര്‍ പരസ്പരം സ്നേഹിക്കാന്‍ തുടങ്ങുമ്പോഴാണല്ലോ സമൂഹം വളര്‍ന്നു പൂർണതയില്‍ എത്തുക. ശ്രീകുമാരന്‍ തമ്പി വളര്‍ച്ച പൂര്‍ത്തിയായ ഒരു കവിയും ആത്മകഥാകാരനും തിരക്കഥാകൃത്തും സംവിധായകനും ഗാനരചയിതാവുമാണ്. കൈവെച്ചതെല്ലാം പൊന്നാക്കിയ ഒരു അത്ഭുത പ്രതിഭാസം. ഇംഗ്ലീഷില്‍ Jack & Master of all trades എന്നു വിശേഷിപ്പിക്കാവുന്ന മലയാളത്തിന്റെ അഭിമാനങ്ങളില്‍ ഒന്ന്. ഇതൊരു പുസ്തകമായി ഇറങ്ങിയിട്ടുവേണം സ്വസ്ഥമായി ഒരിടത്തിരുന്ന് മനസ്സിരുത്തി വായിക്കാന്‍. ഇനിയുള്ള വിശേഷങ്ങൾ അറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു. അദ്ദേഹത്തിന് സര്‍വൈശ്വര്യങ്ങളും ആയുരാരോഗ്യസൗഖ്യവും നേർന്നുകൊണ്ട്,
സണ്ണി ജോസഫ്, മാള
ചില കൂട്ടിച്ചേർക്കലുകൾ
മാധ്യമം ആഴ്ചപ്പതിപ്പ് മലയാളഗാന ചരിത്രം സംഗീത യാത്രകൾ 123ൽ (ലക്കം: 1393) ‘ചെക്ക് പോസ്റ്റ്’ എന്ന സിനിമയിലെ പാട്ടുകളെ കുറിച്ച് ശ്രീകുമാരൻ തമ്പി എഴുതിയത് വായിച്ചു കഴിഞ്ഞപ്പോൾ ചില കൂട്ടിച്ചേർക്കലുകൾ ആവശ്യമാണെന്ന് തോന്നി. സത്യന്റെ മരണശേഷം പുറത്തിറങ്ങിയ ചിത്രമാണ് ‘ചെക്ക്പോസ്റ്റ്’. ‘കള്ളക്കടത്ത്’ എന്നായിരുന്നു ആദ്യമിട്ട പേര്. ഗാനങ്ങൾ എഴുതിയത് പി. ഭാസ്കരനും വയലാറും. ഏതെല്ലാം ഗാനങ്ങളാണ് രണ്ടു പേരുമെഴുതിയതെന്ന് കൃത്യമായ വിവരങ്ങൾ പാട്ടുപുസ്തകത്തിലില്ല. ഗ്രാമഫോൺ റെക്കോഡ് പുറത്തിറങ്ങാത്തതുകൊണ്ട് അതിനുള്ള മാർഗവും ഇല്ലാതെയായി. ഇക്കാര്യം ശ്രീകുമാരൻ തമ്പി സൂചിപ്പിച്ചിട്ടുണ്ട്. ഇതിലെ ‘‘താലോലം കിളിയുടെ മൂളക്കം കേട്ടു കോളാമ്പിപ്പൂവിന് ചിരി വന്നു...’’ എന്ന ഗാനം പി. ഭാസ്കരൻ എഴുതിയതാകാനാണ് സാധ്യത.
പി. ഭാസ്കരൻ എഴുതിയ ‘‘താലോലം കിളി പൂത്താലി (ചിത്രം : അനാഥ)’’, യൂസഫലി കേച്ചേരി എഴുതിയ ‘‘താലോലം കിളി രാരീരം കാണാം കിനാക്കളായിരം (ചിത്രം: രാരീരം) എന്നിവയാണ് ‘‘താലോലം കിളി’’യിൽ തുടങ്ങുന്ന രണ്ട് പാട്ടുകൾ.
‘ചെക്ക് പോസ്റ്റി’ൽ യൂസഫലി കേച്ചേരി ഗാനങ്ങൾ എഴുതാത്തതിനാൽ ‘‘താലോലം കിളിയുടെ മൂളക്കം കേട്ടു’’ എഴുതിയത് പി. ഭാസ്കരൻ എന്നു കരുതുന്നതിൽ തെറ്റില്ല. ഈ ഗാനത്തിലെ മാടത്തപെണ്ണ്, മണിമലയാറ്റിൻ, കുപ്പായക്കാരൻ, മണിമാരൻ, പുന്നാരം എന്നീ വാക്കുകൾ പി. ഭാസ്കരനോട് കൂടുതൽ ചേർന്നുനിൽക്കുന്നു.ഗാനത്തിന്റെ ഓർക്കസ്ട്രേഷൻ എടുത്തുപറയേണ്ടതാണ്. പി.എസ്. ദിവാകർ ഈണം നൽകിയ ഈ ഗാനം കേട്ടാൽ കാലത്തിനുമുമ്പേ പിറന്ന ഗാനമായിട്ടാണ് അനുഭവപ്പെടുക.
‘‘താമരത്തോണിയിൽ പൂമണച്ചോലയിൽ തങ്കക്കിനാവു കാണും സങ്കൽപ രാധികേ’’ എന്നുതുടങ്ങുന്ന ഗാനമെഴുതിയത് പി. ഭാസ്കരൻ മാഷാണെന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടാകാനിടയില്ല. കാരണം ഈ ഗാനത്തിൽ തങ്കക്കിനാവുണ്ട്, സങ്കൽപമുണ്ട്, വാസന്തറാണിയുണ്ട്. ‘കനകം’ എന്ന സിനിമയിലെ ‘‘സങ്കൽപ സാഗര തീരത്തുള്ളൊരു തങ്കക്കിനാവിൻ അരമനയിൽ’’, ‘കള്ളിപ്പെണ്ണ്’ എന്ന സിനിമയിലെ ‘‘വാസന്ത റാണിക്ക് വനമാല കോർക്കാൻ വാനത്ത് മഴവില്ല് വന്നു തെളിഞ്ഞു’’ എന്നീ ഗാനങ്ങൾ ഓർക്കുക.
‘‘താമരത്തോണിയിൽ’’ എന്നു കേൾക്കുമ്പോൾ, ‘കാട്ടുമല്ലിക’ എന്ന ചിത്രത്തിൽ ശ്രീകുമാരൻ തമ്പി എഴുതിയ ‘‘താമരത്തോണിയിൽ ആലോലമാടി’’ എന്ന പ്രശസ്ത യുഗ്മഗാനമാണ് ഓർമ വരുക. ‘ചെക്ക് പോസ്റ്റി’ലെ ‘‘താമരത്തോണിയിൽ’’ എന്ന പാട്ടാണ് വരികൾകൊണ്ടും ഈണംകൊണ്ടും മലയാളത്തിലെ ഏറ്റവും ലളിതമായ ഗാനമെന്ന് തോന്നിയിട്ടുണ്ട്.
(ഞാൻ ‘ചെക്ക്പോസ്റ്റ്’ കണ്ടിട്ടുണ്ട് എന്നു മാത്രമല്ല അതിലെ ഗാനങ്ങൾ വിഡിയോ കാസറ്റിൽനിന്ന് പകർത്തി സൂക്ഷിച്ചിട്ടുമുണ്ട്.)
ഇ.ജി. വസന്തൻ, സ്വരലയം,മതിലകം
യുക്കി-മിസ്റ്റിത
സലീം അയ്യനത്തിന്റെ ‘യൂക്കിഗാഫരു’ എന്ന കഥ (ലക്കം: 1393) വായിക്കുമ്പോൾ എന്തെല്ലാം കാര്യങ്ങളാണ് മനസ്സിലെത്തുന്നത്. പിതാവിന്റെയും കൂട്ടുകാരിയുടെയും പക്ഷിപ്രേമം. പ്ലസ് ടു പഠിത്തം കഴിയുന്ന മകന്റെയും സിംഹള പെൺകുട്ടിയുടെയും അടുപ്പവും പേർഷ്യൻ പൂച്ചയോടുള്ള താൽപര്യവും വാത്സല്യവും. അതിനോടൊപ്പം ശ്രീലങ്കയിലെ വംശീയതയും വരച്ചുകാട്ടുന്നുണ്ട്. റഷ്യൻ-യുെക്രയ്ൻ യുദ്ധത്തിലെ യൂറോപ്യൻ വംശീയതയുടെ ആഴം, യുക്രെയ്നിൽനിന്നുള്ള ജനസമൂഹങ്ങളുടെ പലായനം കഥാകൃത്ത് ഈ നോവലിൽ കുറിച്ചിടുന്നു. റഷ്യ-യുക്രെയ്ൻ യുദ്ധവും അവിടെ വിദേശ മെഡിസിൻ വിദ്യാർഥികളനുഭവിക്കുന്ന ദുരിതങ്ങളും ഈ കഥ ആസ്വദിക്കുന്നവരുടെ മനസ്സിൽ തെളിയുന്നുവെങ്കിൽ കഥാകൃത്തിനെ കുറ്റംപറഞ്ഞിട്ട് കാര്യമില്ലല്ലോ.
റഷ്യ-യുക്രെയ്ൻ യുദ്ധഭൂമിയിൽ നിന്ന് ഏതോ വിധത്തിൽ തിരിച്ചെത്തിയ സാൻവിയുടെ കണവൻ കാണുന്നത് മറ്റൊരു മാർജാരസന്തതിയെയാണ്. അതാകട്ടെ ഒരു യുക്രെയ്ൻ പെൺകുട്ടി സമ്മാനിച്ചതും, റഷ്യൻ പെർഫ്യൂം വമിക്കുന്ന അപരനെ കണ്ടപ്പോൾ ഈ യുക്രെയ്ൻ പൂച്ച അഗ്രസിവാകുന്നതും മറ്റൊരു കാര്യം. അതിന്റെ പേര് മിസ്റ്റിയ എന്ന ഓമനപ്പേര്. അതും മഞ്ഞുതുള്ളി തന്നെ. ആദ്യത്തെ പൂച്ചക്കുഞ്ഞിന്റെ പേര് ജാപ്പനീസ് ഭാഷയിൽ യൂക്കിഗാഫരു, അതായത് മഞ്ഞുതുള്ളി. ജാപ്പനീസ്-യുക്രെയ്ൻ ഭാഷകളുടെ ഒരു സങ്കലനം. കഥ വളരെ രസകരം. കഥാകൃത്തിന് അഭിനന്ദനം.
വി.എം. ഹംസ, മരേക്കാട്
തമിഴ് പ്രത്യേക പതിപ്പ് നല്ല വായനാനുഭവം
ആഴ്ചപ്പതിപ്പ് ലക്കം 1393 വളരെ നന്നായിട്ടുണ്ട്. ലീന മണിമേഖലയുമായുള്ള അഭിമുഖവും കയലിന്റെ പരിഭാഷപ്പെടുത്തിയ കവിതകളും ഊർജം പകരുന്നവയും ചിന്തനീയവുമായിരുന്നു. സമകാലിക ലോകത്ത് മനുഷ്യരും പ്രകൃതിയും അനുഭവിച്ചുകൊണ്ടിരിക്കുന്ന കൊടിയ അനീതികളിലേക്ക് വിരൽചൂണ്ടുന്നവയായിരുന്നു പരാമർശിച്ച രണ്ട് ഇടപെടലുകളും. തമിഴ് സ്ത്രീകൾ എത്ര ധീരമായാണ് മുതലാളിത്ത വ്യവസ്ഥിതിയെയും മനുഷ്യ മതാന്ധതയെയും ചോദ്യംചെയ്യുന്നതെന്നും, അതിനെതിരെയുള്ള അവരുടെ സന്ധിയില്ലാസമരം എത്രമാത്രം അനിവാര്യമാണെന്നും ഊർജം പകരുന്നതാണെന്നും കാണിച്ചുതന്നതിന് നന്ദി.
ഹമീദ സി.കെ
ഹിന്ദു ഫാഷിസം വിവേകാനന്ദ ഫാഷിസമായപ്പോൾ?
ഓപൺ ഫോറ സംവാദത്തിൽ ജെ. രഘുവിന്റെ ‘ഹിന്ദു ഫാഷിസവും വിവേകാനന്ദനും തമ്മിൽ എന്ത്? എന്ന ലേഖനം (ലക്കം: 1392) വായിച്ചു. ഒന്നല്ല പലതവണ. ഹിന്ദുമതം എന്നൊന്ന് രൂപപ്പെടുന്നത് 18ാം നൂറ്റാണ്ടോടുകൂടിയാണ്. അത്തരത്തിൽ ഒരു മതം ആരും സ്ഥാപിച്ചതായ ഒരു ചരിത്രവും ഹിന്ദു മതക്കെട്ടിനില്ല. അതിനു മുമ്പുതന്നെ ശൈവ (ശിവ) മതവും ബ്രാഹ്മണ മതവും ഉണ്ടായിരുന്നുവെന്ന് പറയപ്പെടുന്നുണ്ട്. ഇന്ത്യാക്കാരെ പേർഷ്യക്കാർ പൊതുവിൽ സിന്ധുക്കൾ എന്നാണ് വിളിച്ചിരുന്നത്.
ആ പദം ലോപിച്ചാണ് ഹിന്ദുക്കളായിത്തീർന്നതെന്ന് ഒരു പക്ഷവുമുണ്ട്. അതു മുതലെടുത്താണ് ആര്യന്മാരിൽപ്പെട്ട ബ്രാഹ്മണർ ഹിന്ദുക്കൾ എന്നും ഹിന്ദുമതം എന്നൊക്കെ പറഞ്ഞു പരത്തിയതും ചിലരിൽ അടിച്ചേൽപിച്ചതും. യഥാർഥത്തൽ ഹിന്ദുമതം എന്നൊന്ന് ആരും ഉണ്ടാക്കിയിട്ടേ ഇല്ല. എന്നിട്ടും വിവേകാനന്ദനെപ്പോലുള്ളവൻ അമേരിക്കയിലെ ഷികാഗോയിൽ ചെന്നുനിന്ന് ഹിന്ദുമതത്തെക്കുറിച്ചും വേദാന്ത വ്യവഹാരത്തെക്കുറിച്ചുമെല്ലാം പ്രഘോഷണം നടത്തി പ്രമാണിത്വം നേടാൻ ശ്രമിച്ചത് ശരിയായില്ല.
ലേഖകൻ പറയുന്നത്: ‘‘19ാം നൂറ്റാണ്ടുവരെ വേദാന്തത്തെ നൈതികമായ അർഥത്തിൽ ആരും വ്യാഖ്യാനിച്ചിട്ടില്ല. മാത്രവുമല്ല, മുഖ്യധാരാ ബ്രാഹ്മണ സമൂഹത്തിനിടയിലും വേദാന്തത്തിനു കാര്യമായ സ്വീകാര്യതയുണ്ടായിരുന്നില്ല. അവരുടെ ലോക ബോധത്തെയും പെരുമാറ്റത്തെയും നിയന്ത്രിച്ചിരുന്നത് ധർമശാസ്ത്ര വ്യവഹാരമായിരുന്നു. ജാതി വിവേചനം, ഉച്ചനീചത്വം, തൊട്ടുകൂടായ്മ, അയിത്താചാരങ്ങൾ, താഴ്ന്ന ജാതി മനുഷ്യരോടുള്ള നിന്ദ, വിദ്യാഭ്യാസ നിഷേധം (സ്ത്രീ വിദ്യാഭ്യാസം മാത്രമല്ല), മർദിത ജാതിക്കാരുടെ സഞ്ചാര സ്വാതന്ത്ര്യ വിലക്ക് തുടങ്ങിയ അപാർതൈറ്റ് സമ്പ്രദായങ്ങൾ ഗർഹണീയമെന്ന് മർദിത ജാതികൾ (സവർണരല്ല) കരുതിയിരുന്നില്ല.
19ാം നൂറ്റാണ്ടിൽ ബ്രിട്ടീഷുകാർക്കൊപ്പം വന്ന ക്രൈസ്തവ മിഷനറിമാരാണ് സ്വാഭാവികവും പ്രകൃതിദത്തവുമെന്നു കരുതിപ്പോന്ന സാമൂഹിക സമ്പ്രദായങ്ങൾക്കെതിരെ വിമർശനം ഉയർത്തിയത്. 19ാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്കാർക്കൊപ്പം വന്ന ക്രൈസ്തവ മിഷനറി കൂട്ടങ്ങളാണ് ബ്രാഹ്മണ മതത്തിനെതിരെ ആഞ്ഞടിക്കാൻ ധൈര്യം കാട്ടിയത്. അത് ഏറെ ഫലിക്കുകയുംചെയ്തിരുന്നു. മറ്റൊന്ന് സംസ്കൃത ഭാഷയെന്നത് ആര്യബ്രാഹ്മണർ കൊണ്ടുവന്ന ഭാഷയെന്നാണ് ലേഖകൻ വിലയിരുത്തുന്നത്. അത് ശരിയല്ല. സംസ്കൃതം ദ്രാവിഡ ഭാഷയാണ്. വന്നൊട്ടികളായ ബ്രാഹ്മണർക്ക് ഈ ഭാഷാജ്ഞാനം എവിടെനിന്നു കിട്ടിയെന്നതിനെക്കുറിച്ചൊന്നും മിണ്ടാട്ടമില്ല. വിദേശങ്ങളിൽനിന്നും കാലിമേച്ചും മേച്ചിൽപ്പുറങ്ങൾ തേടിയും ഇന്ത്യയുടെ മണ്ണിലെത്തിയ ആര്യ ബ്രാഹ്മണർ ഇവിടത്തെ ദ്രാവിഡ പണ്ഡിതർ കണ്ടെത്തിയ സംസ്കൃതഭാഷയും വേദങ്ങളും അപഹരിച്ചെടുത്ത് സ്വന്തമാക്കുകയായിരുന്നു.
ജാതി ഉൽപന്നം ബ്രാഹ്മണന്റെ വകയല്ല, അത് ലോകമെമ്പാടും മാനവ കുലത്തിൽ നിലനിൽക്കുന്ന ഒരു ഏർപ്പാടാണ്. ഓരോ കുലത്തിൽ ജനിക്കുന്നവർ ആ കുല ജാതിയിൽപ്പെട്ടവനെന്നാണ് പറഞ്ഞിരുന്നത്. ലേഖനത്തിൽ ‘ദൈവം മനുഷ്യന് നൽകിയ ഏറ്റവും മഹത്തരമായ സാമൂഹിക ക്രമങ്ങളിലൊന്നാണ് ജാതി’യെന്ന് വിവേകാനന്ദൻ അഭിമാനിക്കുമ്പോൾ ദൈവം ഒരിക്കലും ഒരു മനുഷ്യന്റെ അടുക്കലും വന്നുനിന്നിട്ടുമില്ല, അഭിമാനിച്ചിട്ടുമില്ല.
ഭൂതലത്തിൽ മനുഷ്യൻ ഉണ്ടായ കാലശേഷം പലപല ഗോത്രങ്ങളായി മനുഷ്യൻ സ്വയം കരുതുകയായിരുന്നിരിക്കണം. അങ്ങനെ ഞാൻ ഇന്ന ഗോത്രം (ജാതി) എന്നിങ്ങനെ അഭിമാനിച്ചിരിക്കാം. ഈ ഗോത്രങ്ങളിൽ പെടുന്നവർ പെറ്റുപെരുകിയപ്പോൾ അവരെല്ലാം ഒരു ഗോത്ര ജാതികളായി കണക്കാക്കി. അതാണ് പിൽക്കാലത്ത് ലോകമെമ്പാടുമുള്ള ജാതികൾ. അതിൽ വിവേകാനന്ദനെപ്പോലുള്ള മഹത്തുക്കൾക്ക് അഭിമാനവും വേണ്ട, അപകർഷതയും വേണ്ട. ജാതികൾ ഏതുമായിക്കൊള്ളട്ടെ മനുഷ്യൻ മനുഷ്യനായിരുന്നാൽ പോരേ. അവരെല്ലാം മനുഷ്യർതന്നെയല്ലേ? എന്നാണ് വിവേകാനന്ദനെപ്പോലുള്ള മഹത്തുക്കൾ കരുതേണ്ടത്. ആ കാര്യത്തിൽ കേരളത്തിലെ ശ്രീനാരായണ ഗുരുവല്ലാതെ മറ്റൊരു സന്യാസി ശ്രേഷ്ഠനും അത്തരം മനുഷ്യചിന്ത മനസ്സിൽ ഉദിച്ചില്ല. കാരണം വളർന്നുവന്ന സാഹചര്യങ്ങളും വളർന്നുവന്ന ഇടങ്ങളും അങ്ങനെയുള്ളതായിരിക്കണം. അതുകൊണ്ടാണ് ഹിന്ദു ഫാഷിസത്തിൽ വിവേകാനന്ദൻ ആമഗ്നനായത്.