എഴുത്തുകുത്ത്
ശ്യാമിന് ആദരം
ശ്യാം അമ്പത് പാട്ടുവർഷങ്ങൾ (ലക്കം: 1395) സംഗീതസംവിധായകൻ ശ്യാമിന്റെ സർഗാത്മക പ്രവർത്തനങ്ങളുടെ അരനൂറ്റാണ്ട് പൂർത്തിയായ വേളയിൽ അദ്ദേഹത്തെ ആദരിക്കുന്നതായി. 1980കളുടെ പകുതിയിൽ അപ്പർ പ്രൈമറി ക്ലാസിൽ പഠിച്ച കുട്ടികൾ സ്ക്രീനിൽ നിരന്തരം കണ്ടു പരിചയിച്ച പേരാണ് ശ്യാം. എനിക്കാണെങ്കിൽ, വിവാഹശേഷം അമ്മ ഒപ്പം കൂട്ടിയ ഫിലിപ്സ് റേഡിയോയിൽ രഞ്ജിനിയിലും വിവിധ്ഭാരതിയിലും സിലോണിൽനിന്നുമൊക്കെ വരുന്ന ഗായകരെ, സംഗീതസംവിധായകരെ, ഗാനരചയിതാക്കളെ ഒക്കെ പരിചയവുമായിരുന്നു.
85-86 അധ്യയന വർഷം അഞ്ചാം ക്ലാസിലേക്ക് സ്ഥാനക്കയറ്റം പ്രതീക്ഷിച്ചിരിക്കുന്ന മധ്യവേനലവധിക്കാലത്തെ ഒരു ക്യാമ്പിൽ െവച്ചാണ് ആദ്യമായി പൊതു ഇടത്തിൽനിന്ന് എനിക്ക് ഒരു സമ്മാനം കിട്ടുന്നത്. ഇൻസ്ട്രുമെന്റ് ബോക്സ്! ‘അനുബന്ധം’ എന്ന സിനിമയിലെ “കണ്ണാന്തളിയും കാട്ടുകുറിഞ്ഞിയും’’ എന്ന പാട്ട് സ്വന്തം ശൈലിയിൽ പാടിയതിനാണ് പുരസ്കൃതനായത്. അമ്മയുടെ ശക്തമായ സ്വാധീനമുള്ളതുകൊണ്ട് ഗായകരെ മാത്രമല്ല പാട്ടിന്റെ ശിൽപികളെയും എനിക്ക് അറിയാം.
ശ്യാമിന്റെ പ്രധാനപ്പെട്ട പല ഗാനങ്ങളും അമ്മക്കും പ്രിയപ്പെട്ടവയായിരുന്നു. പ്രിയപ്പെട്ട സംഗീത സംവിധായകനെ ഓർമിപ്പിച്ചതിന്, അമ്മയെ ഓർമിപ്പിച്ചതിന്, ആദ്യമായി കിട്ടിയ സമ്മാനത്തെ ഓർമിപ്പിച്ചതിന് രവി മേനോന് നന്ദി. ‘ഒരു സി.ബി.ഐ. ഡയറിക്കുറിപ്പി’ലെ പ്രശസ്തമായ തീം മ്യൂസിക്കിനെപ്പറ്റി എടുത്ത് എഴുതിയപ്പോൾ മോഹൻലാൽ നായകനായ സിനിമ ‘ഇരുപതാം നൂറ്റാണ്ടി’ലെ പ്രേക്ഷകനിൽ ആവേശം കൊളുത്തുന്ന, കാലാതിവർത്തിയായ സാഗർ എലിയാസ് ജാക്കി എന്ന അധോലോക നായകന്റെ അമാനുഷിക വിജയങ്ങൾക്ക് പക്കമേളമൊരുക്കുന്ന തീം മ്യൂസിക് സൃഷ്ടിച്ചതും ശ്യാമാണെന്ന് കേട്ടിട്ടുണ്ട്.
അങ്ങനെയെങ്കിൽ അത് രേഖപ്പെടുത്താതെ പോയത് (സി.ബി.ഐ ടീമിന്റെ പടമാണത്, കെ. മധു, എസ്.എൻ. സ്വാമി) അന്നത് തിയറ്ററിൽ കണ്ട് ആനന്ദിക്കുകയും ആവേശഭരിതനാവുകയുംചെയ്ത ‘കുട്ടി’ക്ക് സങ്കടമായി. സമയം കണ്ടെത്തി സ്പോട്ടിഫൈയിലോ യൂട്യൂബിലോ “ഇതിലേ ഏകനായ് അലയും ഗായകാ’’ (ഒറ്റപ്പെട്ടവർ) കേട്ട് ലയിച്ചിരിക്കുന്ന നിമിഷങ്ങളെയും പൂവച്ചൽ ഖാദറിനെയും ഓർക്കുന്നു.നേരമറിഞ്ഞ് പെരുമാറിയ ആഴ്ചപ്പതിപ്പിന്റെയും ലേഖകന്റെയും ഔചിത്യത്തിന് സലാം.
അജിത് എം. പച്ചനാടൻ
‘ഈഗിൾ ജെന്നി’ ത്രില്ലർ
ഉശിരനൊരു നോവലെറ്റാണ് മജീദ് സെയ്ദ് എഴുതിയ ‘ഈഗിൾ ജെന്നി’യെന്ന് അതിന്റെ തുടക്കംതന്നെ പറഞ്ഞുതരുന്നു (ലക്കം: 1394). ഹൈറേഞ്ച് താപ്പാനകളും ബദ്ധശത്രുക്കളുമായ ആമോസും മോഴ തമ്പാനും ഈഗിൾ ജെന്നിയെന്ന അപ്സര സുന്ദരിയായ കാബറെ നർത്തകിയെത്തേടി കൊച്ചിയിലെ അംബാല റെസിഡൻസിയിലെ ചില്ലുബാറിൽ പ്രവേശിച്ച്, നൃത്തം കൺകുളിർക്കേ ആസ്വദിക്കാൻ നടത്തുന്ന പെടാപ്പാടുകൾ വായനക്കാരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്നു. അടി, ഇടി, വെട്ട്, കുത്ത്, വെടി, മദ്യം, മയക്കുമരുന്ന്, തെറി... അങ്ങനെയെല്ലാ വെടിക്കോപ്പുകളും ഇതിനിടയില് പൊട്ടിച്ചിതറുന്നുണ്ട്. എന്തും ചെയ്യാൻ മടിക്കാത്ത കഥാപാത്രങ്ങൾ, മടുപ്പിക്കാത്ത എഴുത്തുശൈലി, പുതുമയോടുള്ള അഭിനിവേശം, ചലച്ചിത്രമാക്കിയാല് ഉറപ്പായും ബോക്സ്ഓഫിസ് ഹിറ്റാകുന്ന പ്രമേയം.
ഇതാണ് വായനയുടെ പുതിയ മേച്ചിൽപ്പുറം. തുടങ്ങിയിട്ടേയുള്ളൂ. ഇനി എന്തൊക്കെ കാണാനും കേൾക്കാനും കിടക്കുന്നു എന്നാലോചിക്കുമ്പോൾ ഹൃദയത്തിലൊരു പെരുമ്പറ മുഴക്കം. ഇരുട്ടിന്റെ മറുകരയിൽ വീണുറങ്ങിപ്പോയ സൂര്യൻ ഉണർന്നെണീക്കാനിനി വെറും ഏഴ് ദിവസമല്ലേയുള്ളൂ എന്ന ചിന്തയിൽ കാത്തിരിക്കുകയാണ് ഞാൻ.
സണ്ണി ജോസഫ്, മാള
വിങ്ങലായി അവശേഷിക്കുന്ന ‘മേക്കാച്ചിൽ’
ട്രൈബി പുതുവയലിന്റെ ‘മേക്കാച്ചിൽ’ (ലക്കം: 1392) തന്ന വായനാനുഭവത്തിനു നന്ദി. ആ ചുക്കുകാപ്പിയും പൊടിയരിക്കഞ്ഞിയും കറുത്ത കുഴികളുള്ള പപ്പടവും തേനൊഴിച്ച കട്ടനും റസ്കും അമ്മയുടെ ചുരുട്ടിപ്പിടിച്ച കൈയിലെ ഏലാദി മിഠായിയും, ഇനി നിവരാത്ത ആ കാലത്തിന്റെ ഓർമ, മനസ്സിന്റെ വിങ്ങലായി അവശേഷിക്കുന്നു. അമ്മയുടെ തലോടലിൽ ഏതു മേക്കാച്ചിലാണ് ഓടിയകലാത്തത്! ഐ.സി.യുവിലെ (അങ്ങനെയൊന്നുണ്ടാകാതിരിക്കട്ടെ) മരവിപ്പിക്കുന്ന തണുപ്പിൽ, അമ്മയുടെ തലോടലിന്റെ വിങ്ങുന്ന ഓർമകൾ തുണയാകും. ലോകത്തിന്റെ എല്ലാ അമ്മമാർക്കും വാഴ്വ്.
ശാന്താ ജോൺ, പാപ്പനംകോട്
ആർട്ടിസ്റ്റ് േഗാപാലൻ എന്ന അതുല്യ കലാകാരൻ
ആർട്ടിസ്റ്റ് ഗോപാലനെക്കുറിച്ച് മാധ്യമം ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന, ബൈജു ചന്ദ്രൻ തയാറാക്കിയ രേഖാചിത്രം/ ജീവിതമെഴുത്ത് ഏറെ ഇഷ്ടത്തോടെയാണ് വായിക്കുന്നത്. പണ്ടേ മുതൽ, വാരികകളും മാസികകളും മറിച്ചുനോക്കുമ്പോൾ ആദ്യം ശ്രദ്ധിക്കുക അതിലെ ചിത്രീകരണങ്ങളാണ്. അങ്ങനെ, എ.എസ്. നായരും ആർട്ടിസ്റ്റ് നമ്പൂതിരിയും ആർട്ടിസ്റ്റ് ഗോപാലനും എം.വി. ദേവനുമെല്ലാം എന്റെ ഹൃദയത്തിൽ കയറിക്കൂടി.
കുട്ടിക്കാലത്ത്, വെള്ളിയാഴ്ചകളിലെ ദിനപത്രങ്ങളുടെ അവസാന പേജാണ് ആദ്യം നോക്കുക. സിനിമാ പരസ്യങ്ങൾ ആ പേജിലാണുണ്ടാവുക. അതിൽ എസ്.എ. നായർ, ആർട്ടിസ്റ്റ് ഗോപാലൻ, എസ്.എ. സലാം ഇവരിൽ ആരെങ്കിലും തയാറാക്കിയ പരസ്യങ്ങളിൽ, സിനിമാ താരങ്ങളുടെ അവർ വരച്ച രേഖാചിത്രങ്ങളുണ്ടാകും. കൂടുതൽ ഇഷ്ടം ആർട്ടിസ്റ്റ് ഗോപാലൻ വരച്ച ചിത്രങ്ങളോടായിരുന്നു. ‘നിഴലാട്ടം’ എന്ന സിനിമയുടെ പരസ്യങ്ങൾ ഇന്നും മായാതെ മനസ്സിലുണ്ട്. പ്രേംനസീറിനെ വലിയ കുത്തുകൾകൊണ്ട് വരച്ചത്. ഷീലയെ വരച്ചത്, എം.ടിയെ വരച്ചത്, ‘തുലാഭാര’ത്തിന്റെ പരസ്യത്തിൽ പ്രേംനസീറിനെയും ശാരദയെയും വരച്ചത്, ‘എങ്കൾ തങ്കം’ എന്ന സിനിമയുടെ പരസ്യത്തിൽ എം.ജി.ആറിനെ വരച്ചത്. ‘നദി’യിൽ മധുവിനെ വരച്ചത്.
‘ശ്രീ ഗുരുവായൂരപ്പൻ’, ‘ബല്ലാത്ത പഹയൻ’, ‘പ്രൊഫസർ’ തുടങ്ങിയ സിനിമകൾക്ക് അദ്ദേഹം വരച്ച ചിത്രങ്ങൾ വിസ്മയിപ്പിച്ചിട്ടുണ്ട്. അതെല്ലാം നോക്കിയാണ് ഞാൻ ചിത്രങ്ങൾ വരക്കാൻ പഠിക്കുന്നത്.
‘ജനയുഗം’ വാരികയുടെ പ്രധാന ആകർഷണംതന്നെ ആർട്ടിസ്റ്റ് ഗോപാലൻ വരച്ച ചിത്രങ്ങളായിരുന്നു. എത്ര ഭംഗിയായിട്ടാണ് അദ്ദേഹം സ്ത്രീകളെ വരച്ചത്. അംബാസഡർ കാറും ഫിയറ്റ് കാറും ഇത്ര ഭംഗിയായി വരക്കാൻ മറ്റൊരു ചിത്രകാരനും കഴിയുമെന്നു തോന്നുന്നില്ല. ‘ജനയുഗം’ വാരികയും ‘ബാലയുഗ’വും വാങ്ങിയിരുന്നതുതന്നെ ആർട്ടിസ്റ്റ് ഗോപാലൻ വരച്ച ചിത്രങ്ങൾ കാണാനായിരുന്നു! അദ്ദേഹം വരച്ച നൂറുകണക്കിന് ചിത്രങ്ങൾ ഡിജിറ്റൽ രൂപത്തിൽ സൂക്ഷിച്ചുവെച്ചിട്ടുണ്ട്.
കോട്ടയം പുഷ്പനാഥിന്റെ അപസർപ്പക നോവലുകൾ സ്ഥിരമായി ‘ജനയുഗം’ വാരിക പ്രസിദ്ധീകരിച്ചിരുന്നു. പുഷ്പനാഥിന്റെ നോവൽ മറ്റു വാരികകളിലും ഒരേസമയം വന്നുകൊണ്ടിരുന്നു. പക്ഷേ, ഡിറ്റക്ടിവ് പുഷ്പരാജിനെയും ഡിറ്റക്ടിവ് മാർക്സിനെയും ആർട്ടിസ്റ്റ് ഗോപാലൻ വരച്ചപോലെ മറ്റാരും വരച്ചിട്ടില്ല. അദ്ദേഹം വരച്ച രൂപം മനസ്സിൽ കയറിക്കൂടി മറ്റു വാരികകളിലെ പുഷ്പരാജിനെയും മാർക്സിനെയും എനിക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നില്ല.
ഏതോ ഒരു വർഷത്തെ ‘ജനയുഗം’ ഓണം വിശേഷാൽപ്രതിയിൽ ഇലസ്ട്രേഷൻ എന്നിടത്ത് കാണിച്ചിരുന്നത് ആർട്ടിസ്റ്റ് ഗോപാലൻ എന്നായിരുന്നില്ല, അദ്ദേഹത്തിന്റെ സിഗ്നേച്ചർ ആയിരുന്നു. ആർട്ടിസ്റ്റ് ഗോപാലന് ‘ജനയുഗം’ (കാമ്പിശ്ശേരി) നൽകിയ ഏറ്റവും വലിയ അംഗീകാരമായിരുന്നു അത്. ബംഗാളി നോവലുകൾക്ക് അദ്ദേഹം വരച്ച ചിത്രങ്ങൾ അവിസ്മരണീയമായിരുന്നു.
ആർട്ടിസ്റ്റ് ഗോപാലന്റെ ആരാധകനായ എനിക്ക് ഈയിടെ അദ്ദേഹത്തിന്റെ വീട്ടിൽ പോകാനും ദീർഘനേരം സംസാരിക്കാനും ഭാഗ്യമുണ്ടായി. ഞാൻ വരച്ച അദ്ദേഹത്തിന്റെ രേഖാചിത്രം സമ്മാനിക്കാനുമായി.
ഇ.ജി. വസന്തൻ, സ്വരലയം മതിലകം
‘ഹിസ് സ്റ്റോറി സിറ്റി’ രാഷ്ട്രീയ വിശാലാർഥങ്ങളുടെ കാവ്യം
കവി ഒരാശയത്തെ വിവക്ഷിക്കുമ്പോൾ വായനക്കാരന് അനുഭവപ്പെടുന്ന അതിന്റെ അർഥതലങ്ങളാണ് ആ കവിതയുടെ സൗന്ദര്യനിർണയം. ‘ഹിസ് സ്റ്റോറി സിറ്റി’ (ലക്കം: 1395) ശൈലൻ എഴുതിയ കവിതയാണ്. യാത്രയുടെ ഭ്രാന്തനിൽനിന്ന് ഇടക്ക് കിട്ടുന്ന രാജ്യത്തിന്റെ സമകാല രാഷ്ട്രീയ വിശാലാർഥങ്ങളുടെ കാവ്യം. മാറ്റുന്നത് പേരുകളാവാം. തുടച്ചുനീക്കുന്നത് ഒരു സംസ്കാരത്തെയുമാവാം. പക്ഷേ കുടിയിറങ്ങാത്ത ഇത്തരം എഴുത്തുകാരുടെ ചിന്തകളിൽ അവ വേവുന്നുണ്ട്. ചരിത്രത്തെ പേരുമാറ്റി സ്ഥാപിക്കുന്നവർ, അവരെ ‘വിഡ്ഢികൾ’ എന്നുതന്നെ വിളിക്കാം.കവിയേ, ആശംസകൾ.
അബ്ദുൽ വാഹിദ് തവളേങ്ങൽ, അങ്ങാടിപ്പുറം
വിവേകാനന്ദ ദർശനത്തിലെ വിമർശനം അനിവാര്യമോ?
‘ഹിന്ദു ഫാഷിസവും വിവേകാനന്ദനും തമ്മിൽ എന്ത്?’ ജെ. രഘു എഴുതിയ ലേഖനത്തിന് പ്രതികരണമെന്നോണം രാജൻ ബാലുശ്ശേരിയും ഡോ. എ.കെ. വാസുവും എഴുതിയ ലേഖനങ്ങൾ വായിച്ചു (ലക്കം: 1394). വിവേകാനന്ദനെ വീണ്ടും വായിക്കാനുള്ള അവസരമായി എന്നതിലുപരി എന്തിനാണ് വിവേകാനന്ദനെ വർഷങ്ങൾ ഇത്രയേറെ കഴിഞ്ഞപ്പോൾ വിവാദങ്ങളിലേക്കോ വിമർശനങ്ങളിലേക്കോ തള്ളിവിടുന്നതെന്ന ചിന്തയാണുണ്ടായത്. എന്തുകൊണ്ട് ഹിന്ദുത്വ ഫാഷിസ്റ്റ് ശക്തികൾ വിവേകാനന്ദനെ ചേർത്തുപിടിക്കാൻ വെമ്പൽ കൊള്ളുന്നുവെന്ന് ജെ. രഘു ഏറക്കുറെ വിശദമാക്കുന്നുണ്ട്. വിവേകാനന്ദന്റെ ഷികാഗോ സർവമത സമ്മേളനത്തെ ചുറ്റിപ്പറ്റിയാണ് ജെ. രഘുവിന്റെ ലേഖനത്തിലും ബാലുശ്ശേരിയുടെ പ്രതികരണ ലേഖനത്തിലുമൊക്കെ ചർച്ച ചൂടുപിടിക്കുന്നത്. ഷികാഗോ സർവമത സമ്മേളനത്തിൽ വിവേകാനന്ദൻ സർവമതസാരിയായി സംസാരിച്ചുവെന്നതും ‘ബോസ്റ്ററ്റൺ’, ‘ക്രിറ്റിക്ക്’, ‘ന്യൂയോർക് ഹെറാൾഡ്’ തുടങ്ങിയ പത്രങ്ങളൊക്കെ വിവേകാനന്ദന്റെ പ്രസംഗത്തെ വാനോളം പുകഴ്ത്തി എഴുതിയെന്നതുമൊക്കെ ചരിത്രം.
ഒരു മതത്തിന് അപ്രമാദിത്വമുള്ള അമേരിക്കയിൽ വിവേകാനന്ദൻ സർവമതസാരിയായി സംസാരിച്ചിട്ട് ഇന്നുവരെ അമേരിക്കയുടെ മതാധിപത്യ ചിന്താഗതിക്ക് എന്ത് മാറ്റമാണ് വന്നിട്ടുള്ളത്? വിവേകാനന്ദനെ സ്വന്തമാക്കാൻ ശ്രമിക്കുന്ന നവ ഫാഷിസ്റ്റുകൾക്ക് മറ്റു മതങ്ങളെക്കൂടി ഉൾകൊള്ളാൻ പരുവത്തിൽ എന്തു മാറ്റമാണ് വന്നിട്ടുള്ളത്? വസുധൈവ കുടുംബകം, ലോകമേ തറവാട് എന്നൊക്കെയുള്ളത് ഇത്തരക്കാരെ സംബന്ധിച്ചിടത്തോളം ‘ഏട്ടിലെ പശു’ എന്ന് ആരെങ്കിലും ചിന്തിച്ചാൽ അവരെ കുറ്റം പറയാൻ പറ്റുമോ?
ജെ. രഘു എഴുതിയതിനെ രാജൻ ബാലുശ്ശേരി പോസിറ്റിവായി വിവക്ഷിച്ചാണ് പ്രതികരണ ലേഖനമെഴുതിയതെങ്കിൽ രണ്ടുപേരും പറയുന്നതിൽ എന്താണ് വ്യത്യാസം? ലേഖനത്തിന്റെ അവസാന ഭാഗം ശ്രദ്ധിക്കുക, ‘‘അദ്ദേഹത്തിന്റെ (വിവേകാനന്ദൻ) ചില ഒറ്റപ്പെട്ട പരാമർശങ്ങൾ മാത്രം ഉദ്ധരിച്ചുകൊണ്ട് വെറുമൊരു സങ്കുചിത ഹിന്ദുവാദിയായി ചിത്രീകരിക്കാൻ ഇവിടത്തെ ഹൈന്ദവ സംഘടനകൾ അശ്രാന്തം പരിശ്രമിച്ചുകൊണ്ടിരിക്കുന്നു എന്നു മാത്രമല്ല അത്തരം പരിശ്രമങ്ങൾക്ക് ആക്കംകൂട്ടുന്ന രീതിയിൽ വിവേകാനന്ദനെ ഹിന്ദു സംഘടനകൾക്ക് തീറെഴുതി കൊടുക്കാനുള്ള ശ്രമങ്ങൾ മറ്റ് ഇതര മതചിന്തകന്മാരിൽനിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നു എന്നുള്ളതും ദുഃഖകരമാണ്...’’
വിവേകാനന്ദനെ സങ്കുചിത ഹിന്ദുവാദിയായി ചിത്രീകരിക്കാനുള്ള ശ്രമം നടക്കുന്നുണ്ട് എന്ന് ഈ ലേഖകൻ സമ്മതിക്കുന്നുണ്ട്. ഇത് തന്നെയല്ലേ മറ്റൊരു രൂപത്തിലാണെങ്കിലും ജെ. രഘുവും പറയുന്നത്. വിവേകാനന്ദനെ ഹിന്ദു സംഘടനകൾക്ക് തീറെഴുതി കൊടുക്കാനുള്ള ശ്രമങ്ങൾ മറ്റു ഇതര മതചിന്തകന്മാരിൽ നിന്നുണ്ടായിക്കൊണ്ടിരിക്കുന്നുവെന്ന് പറയുമ്പോൾ അവർ ആരൊക്കെ എന്നു പറയേണ്ടതുണ്ട്.
ചില ഹൈന്ദവ സംഘടനകളോ അതിൽതന്നെ ഫാഷിസ്റ്റ് സ്വഭാവമുള്ള സംഘടനകളോ വിവേകാനന്ദനെ തങ്ങളുടേത് മാത്രമാക്കി വെക്കാൻ ശ്രമിക്കുന്നുവെന്നല്ലാതെ മറ്റൊരു മതചിന്തകരും വിവേകാനന്ദ ദർശനങ്ങളെ വളച്ചൊടിക്കാനോ പടിക്ക് പുറത്തു നിർത്താനോ നാളിതു വരെ ശ്രമിച്ചിട്ടില്ല എന്നതാണ് സത്യം. അതുകൊണ്ട് തന്നെയായിരിക്കുമല്ലോ അദ്ദേഹത്തെ ഇന്ത്യൻ നവോത്ഥാനത്തിന്റെയും ഇന്ത്യൻ മതേതരത്വത്തിന്റെയും അംബാസഡറായി ചരിത്രത്തിൽ സ്ഥാനംപിടിച്ചതും. അതുകൊണ്ടു തന്നെ വിവേകാനന്ദൻ കാലയവനികക്കുള്ളിൽ മറഞ്ഞ് കാലം ഇത്രയേറെ കഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ ആശയങ്ങളിലും ആദർശങ്ങളിലും വ്യാഖ്യാനങ്ങൾ ചമച്ച് വിവാദങ്ങളുടെ തലങ്ങളിലേക്ക് പോകുന്നതിലെ സാംഗത്യം എന്താണ്?