Begin typing your search above and press return to search.
proflie-avatar
Login

എഴുത്തുകുത്ത്

letters
cancel

നീ​​തി​​ന്യാ​​യ രം​​ഗ​​ത്തെ പു​​ഴു​​ക്കു​​ത്തു​​ക​​ൾ

അ​​ടു​​ത്തി​​ടെ സേ​​വ​​ന​​ത്തി​​ൽനി​​ന്നു വി​​ര​​മി​​ച്ച സു​​പ്രീംകോ​​ട​​തി ചീ​​ഫ് ജ​​സ്റ്റി​​സ് ഡി.​​വൈ. ച​​ന്ദ്ര​​ചൂ​​ഡി​​ന്റെ വി​​ചി​​ത്ര​​മെ​​ന്നു തോ​​ന്നു​​ന്ന വി​​ധി പ്ര​​സ്താ​​വ​​ന​​ക​​ളു​​ടെ​​യും നി​​ല​​പാ​​ടു​​ക​​ളു​​ടെ​​യും പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ പി.​​ബി. ജി​​ജീ​​ഷ് എ​​ഴു​​തി​​യ ‘സു​​പ്രീം കോ​​ട​​തി​​യി​​ലെ ദേ​​വ​​പ്ര​​ശ്ന​​ങ്ങ​​ൾ’ എ​​ന്ന ലേ​​ഖ​​നം (ല​​ക്കം: 1395) ഇ​​ന്ത്യ​​ൻ നീ​​തി​​ന്യാ​​യരം​​ഗ​​ത്തെ സ​​മീ​​പ​​കാ​​ല പു​​ഴു​​ക്കു​​ത്തു​​ക​​ളെ തു​​റ​​ന്നുകാ​​ണി​​ക്കു​​ന്ന​​താ​​യി.

ക​​ഴി​​ഞ്ഞകാ​​ല വി​​ധി പ്ര​​സ്താ​​വ​​ന​​ക​​ളി​​ലേ​​ക്കും മ​​റ്റു പ​​ല ന്യാ​​യാ​​ധി​​പ​​ൻ​​മാ​​രു​​ടെ​​യും നി​​ല​​പാ​​ടു​​ക​​ളി​​ലേ​​ക്കും ഇ​​റ​​ങ്ങിച്ചെ​​ല്ലു​​ന്ന​​തു കൊ​​ണ്ട് ലേ​​ഖ​​ന​​ത്തി​​ന് ആ​​ഴ​​വും പ​​ര​​പ്പും കൂ​​ടു​​ന്നു. ഇ​​ന്ത്യ​​ൻ മ​​തേ​​ത​​ര​​ത്വം നി​​ല​​നി​​ൽ​​പി​​നുവേ​​ണ്ടി പാ​​ടു​​പെ​​ടു​​മ്പോ​​ഴും ഫെ​​ഡ​​റ​​ലി​​സം ചോ​​ദ്യം ചെ​​യ്യ​​പ്പെ​​ടു​​മ്പോ​​ഴും ചീ​​ഫ് ജ​​സ്റ്റി​​സ് അ​​തി​​ന് കു​​ടപി​​ടി​​ക്കു​​ന്ന കേ​​വ​​ലം രാ​​ഷ്ട്രീ​​യ​​ക്കാ​​ര​​നാ​​കു​​ന്ന ദ​​യ​​നീ​​യ ചി​​ത്ര​​മാ​​ണ് കാ​​ണാ​​ൻ ക​​ഴി​​ഞ്ഞ​​ത്. അ​​തു​​കൊ​​ണ്ടുത​​ന്നെ​​യാ​​ണ് ന​​മ്മു​​ടെ ഭ​​ര​​ണ​​ഘ​​ട​​ന കോ​​ട​​തി​​ക​​ൾ ‘ഭ​​ര​​ണ​​കൂ​​ട കോ​​ട​​തി​​ക​​ൾ’ ആ​​കു​​ന്നു​​വോ എ​​ന്ന് സം​​ശ​​യി​​ക്കേ​​ണ്ടി വ​​രു​​ന്ന​​ത്. ഇ​​ത് ലേ​​ഖ​​ക​​ൻ ഒ​​രു മ​​റ​​യും കൂ​​ടാ​​തെ തു​​റ​​ന്നു പ​​റ​​യു​​ന്നു​​ണ്ട്.

അ​​യോ​​ധ്യവി​​ധി​​യെ കു​​റി​​ച്ചുള്ള സൂ​​ക്ഷ്മ നി​​രീ​​ക്ഷ​​ണ​​വും ശ്ര​​ദ്ധേ​​യ​​മാ​​യി. അ​​യോ​​ധ്യ കേ​​സി​​ൽ ഒ​​രു പ​​രി​​ഹാ​​ര​​ത്തി​​നാ​​യി ചീ​​ഫ് ജ​​സ്റ്റി​​സ് ദൈ​​വ​​ത്തോ​​ട് പ്രാ​​ർ​​ഥി​​ച്ച​​പ്പോ​​ൾ ദൈ​​വം ന​​രേ​​ന്ദ്ര മോ​​ദി​​യു​​ടെ രൂ​​പ​​ത്തി​​ൽ പ്ര​​ത്യ​​ക്ഷ​​പ്പെ​​ട്ട് പ​​രി​​ഹാ​​രം നി​​ർ​​ദേ​​ശി​​ച്ചു എ​​ന്നു​​ള്ള​​ത് സു​​പ്രീംകോ​​ട​​തി​​യു​​ടെ ഇ​​ട​​നാ​​ഴി​​ക​​ളി​​ൽ ആ​​ളു​​ക​​ൾ പ​​റ​​ഞ്ഞുന​​ട​​ന്ന കേ​​വ​​ലം ത​​മാ​​ശ​​ക​​ൾ എ​​ന്ന​​തി​​ലു​​പ​​രി ഇ​​ന്ന് നീ​​തി​​ന്യാ​​യ രം​​ഗംപോ​​ലും എ​​ങ്ങോ​​ട്ടു ചാ​​യു​​ന്നു എ​​ന്ന​​തി​​ന്റെ സൂ​​ച​​നകൂ​​ടി​​യാ​​ണ്. ഇ​​ക്കാ​​ല​​മ​​ത്ര​​യും ക​​ണ്ണ് മൂ​​ടി​​ക്കെ​​ട്ടി​​യ നീ​​തി​​ദേ​​വ​​ത​​യു​​ടെ ക​​ണ്ണു​​ക​​ൾ​​ക്ക് കാ​​ഴ്ചന​​ൽ​​കി​​യ​​ത് പ്ര​​ത്യാ​​ശ ന​​ൽ​​കു​​ന്ന​​താ​​ണ് എ​​ന്നു പ​​റ​​ഞ്ഞുവെ​​ക്കാ​​മെ​​ങ്കി​​ലും നീ​​തിദേ​​വ​​ത​​ക്ക് ഇ​​നി​​യു​​ള്ള കാ​​ലം ആ​​രു​​ടെ​​യെ​​ല്ലാം മു​​ഖം എ​​ങ്ങ​​നെ​​യെ​​ല്ലാം നോ​​ക്കേ​​ണ്ടി​​വ​​രു​​മെന്നാ​​ണ് വ​​ർ​​ത്ത​​മാ​​നകാ​​ല യാ​​ഥാ​​ർ​​ഥ്യ​​ങ്ങ​​ളു​​മാ​​യി കൂ​​ട്ടി വാ​​യി​​ക്കുമ്പോ​​ൾ ചി​​ന്തി​​ച്ചുപോ​​കു​​ന്ന​​ത്.

അ​​ധി​​ക​​മാ​​രും കാ​​ണാ​​തെ പോ​​കു​​ന്ന​​തോ അ​​ഥ​​വാ ക​​ണ്ടാ​​ൽത​​ന്നെ ശ്ര​​ദ്ധ പ​​തി​​പ്പി​​ക്കാ​​തെ പോ​​കു​​ന്ന​​തോ ആ​​യ ഇ​​ത്ത​​രം കാ​​ര്യ​​ങ്ങ​​ളി​​ലൂടെ ലേ​​ഖ​​ക​​ൻ ക​​ട​​ന്നു​​പോ​​കു​​മ്പോ​​ൾ ഗൗ​​ര​​വ​​മു​​ള്ള ഒ​​രു വി​​ഷ​​യ​​ത്തി​​ന്റെ വാ​​യ​​ന​​ക്കാ​​ണ് ഇട​​മൊ​​രു​​ക്കു​​ന്ന​​ത്. ആ​​യി​​രം അ​​പ​​രാ​​ധി​​ക​​ൾ ര​​ക്ഷ​പ്പെ​​ട്ടാ​​ലും ഒ​​രു നി​​ര​​പ​​രാ​​ധി​​പോ​​ലും ശി​​ക്ഷി​​ക്ക​​പ്പെ​​ട​​രു​​ത് എ​​ന്ന​​താ​​ണ് ന​​മ്മു​​ടെ നീ​​തി​​ന്യാ​​യ വ്യ​​വ​​സ്ഥ​​യു​​ടെ അ​​ടി​​സ്ഥാ​​ന പ്ര​​മാ​​ണം. എ​​ല്ലാ വാ​​തി​​ലു​​ക​​ളും അ​​ടയു​മ്പോ​​ഴാ​​ണ് ന​​മ്മ​​ൾ പ​​ര​മോ​​ന്ന​​ത നീ​​തി​​പീ​​ഠ​​ത്തി​​ന്റെ വാ​​തി​​ലി​​ൽ മു​​ട്ടു​​ന്ന​​ത്. അ​​വി​​ടെനി​​ന്നു ല​​ഭി​​ക്കേ​​ണ്ട​​ത് പ്ര​​തീ​​ക്ഷ​​യാ​​ണ്; നി​​രാ​​ശ​​യ​​ല്ല.

ദി​​ലീ​​പ് വി.​ ​മു​​ഹ​​മ്മ​​ദ്, മൂവാ​​റ്റു​​പു​​ഴ

ചാ​​യ​​ക്ക​​ട​​ക​​ളും റ​​സ്റ്റാ​​റ​​ന്റും

മാ​​ധ്യ​​മം ആ​​ഴ്ച​​പ്പ​​തി​​പ്പിൽ (ല​​ക്കം: 1389) അ​​സിം താ​​ന്നി​​മൂ​​ട് എ​​ഴു​​തി​​യ ‘റ​​സ്റ്റോ​​റ​​ന്റ്’ എ​​ന്ന ക​​വി​​ത കു​​റെയേ​​റെ ചി​​ന്ത​​ക​​ളി​​ലേ​​ക്കും ഗൃ​​ഹാ​​തു​​ര​​ത്വ​​ത്തി​​ലേ​​ക്കും വാ​​യ​​ന​​ക്കാ​​രെ കൂ​​ട്ടി​​ക്കൊ​​ണ്ടു പോ​​കു​​ന്നു​​ണ്ട്. പ​​ഴ​​യ​​കാ​​ല​​ത്തെ ചാ​​യ​​ക്ക​​ട​​ക​​ൾ പ​​ല​​ത​​ര​​ത്തി​​ലു​​ള്ള രാ​​ഷ്ട്രീ​​യ ച​​ർ​​ച്ച​​ക​​ൾ​​ക്കും മ​​റ്റും വി​​ധേ​​യ​​മാ​​യി​​ട്ടു​​ള്ള​​താ​​കു​​ന്നു. സാം​​സ്കാ​​രി​​ക​​മാ​​യ ഒ​​രി​​ട​​മാ​​യി ഒ​​രുകാ​​ല​​ത്ത് ചാ​​യ​​ക്ക​​ട​​ക​​ൾ മാ​​റി​​യി​​രു​​ന്നു. ഇ​​ന്ന് റ​​സ്റ്റാ​​റ​​ന്റി​​ലേ​​ക്ക് മാ​​റി​​ക്ക​​ഴി​​ഞ്ഞ​​പ്പോ​​ൾ വ​​ള​​രെ ബ​​ഹു​​ദൂ​​രം നാം ​​സ​​ഞ്ച​​രി​​ച്ചു ക​​ഴി​​ഞ്ഞി​​രി​​ക്കു​​ന്നു.​

ഇ​​വി​​ടെ ച​​ർ​​ച്ച​​ക​​ൾ​​ക്കോ സംസ്കാ ​​ര​​ങ്ങ​​ൾ​​ക്കോ സാം​​സ്കാ​​രി​​ക​​ത​​ക്കോ, സ്ഥാ​​ന​​മോ മാ​​ന​​മോ ഇ​​ല്ല.​ എ​​ല്ലാ​​വ​​രും അ​​വ​​ന​​വ​​ന്റെ തു​​രു​​ത്തി​​ലേ​​ക്ക് ഒ​​തു​​ങ്ങിക്കഴി​​യു​​ന്ന ഒ​​രു കാ​​ല​​ഘ​​ട്ട​​ത്തി​​ലാ​​ണ് നാം ​​ജീ​​വി​​ക്കു​​ന്ന​​ത്. അ​​സിം താ​​ന്നി​​മൂ​​ട് ത​​ന്റെ ക​​വി​​ത​​യി​​ലൂ​​ടെ താ​​ൻ സ്കൂ​​ളി​​ലേ​​ക്ക് പോ​​കു​​മ്പോ​​ൾ തു​​റ​​ന്നി​​ടു​​ന്ന റ​​സ്റ്റാ​​റ​​ന്റി​​ലെ പ​​ഴ​​യ ഹോ​​ട്ട​​ലി​​ലെ രു​​ചി​​ക​​ര​​മാ​​യ വി​​ഭ​​വ​​ങ്ങ​​ളെ വ​​രി​​ക​​ളി​​ൽ കോ​​ർ​​ത്തി​​ണ​​ക്കി​​യി​​ട്ടു​​ണ്ട്. ത​​ന്റെ വാ​​യ​​ന​​യി​​ൽനി​​ന്ന് ല​​ഭ്യ​​മാ​​യി​​ട്ടു​​ള്ള ‘ജീ​​ൻ​​വാ​​ൽജീ​​ൻ രു​​ചി’ എ​​ന്ന് ഒ​​രു വ​​രിയി​​ൽ പ​​രാ​​മ​​ർ​​ശി​​ക്കു​​ന്നു​​ണ്ട്.

വ​​ള​​രെ വി​​ശാ​​ല​​മാ​​യ അ​​ർ​​ഥ​​ത​​ല​​ങ്ങ​​ളി​​ലേ​​ക്ക് ക​​ട​​ന്നുചെ​​ല്ലു​​ന്ന ഒ​​രു ക​​വി​​ത​​യാ​​യി​​രു​​ന്നു ‘റ​​സ്റ്റോ​​റ​​ന്റ്’. ഗ​​ദ്യ​​മാ​​യി​​ട്ടും താ​​ള​​ത്തി​​ലും ഈ​​ണ​​ത്തി​​ലും ചൊ​​ല്ലാ​​ൻ ക​​ഴി​​യു​​ന്ന ത​​ര​​ത്തി​​ലാ​​ണ് ക​​വി​​ത​​യു​​ടെ ര​​ച​​നാ​​രീ​​തി ക​​ട​​ന്നു​​പോ​​യി​​ട്ടു​​ള്ള​​ത്.​​ ക​​വി​​ത​​യു​​ടെ പ​​രി​​മി​​തി​​ക​​ളെ അ​​തി​​ജീ​​വി​​ച്ചുകൊ​​ണ്ടാ​​ണ് ഒ​​രു ക​​വി​​ത കോ​​ർ​​ത്തി​​ണ​​ക്കി​​യി​​ട്ടു​​ള്ള​​ത്. ക​​വി​​ക്കും ആ​​ഴ്ച​​പ്പ​​തി​​പ്പിനും പ്ര​​ത്യേ​​കം അ​​ഭി​​വാ​​ദ​​ന​​ങ്ങ​​ൾ.

ക​​ണി​​യാ​​പു​​രം നാ​​സ​​റു​​ദ്ദീ​​ൻ

മ​ണി​പ്പൂ​രി​ൽ സ്ഥി​തി ഗു​രു​ത​രം

ആ​​ഴ്ച​​പ്പ​​തി​​പ്പി​​ലെ ‘മ​​ണി​​പ്പൂ​​ർ’ എ​​ന്ന ‘തു​​ട​​ക്കം’ ചി​​ന്ത​​നീ​​യം (ല​​ക്കം: 1396). ഒ​​റ്റവാ​​ക്യ​​ത്തി​​ൽ പ​​റ​​ഞ്ഞാ​​ൽ ‘കാ​​ര്യം നി​​സ്സാ​​രം, പ്ര​​ശ്നം ഗു​​രു​​ത​​രം’ എ​​ന്ന ചൊ​​ല്ലു​​പോ​​ലെ കേ​​ന്ദ്ര ആഭ്യ​​ന്ത​​ര​​ വ​​കു​​പ്പ് മ​​ന്ത്രി വി​​ചാ​​രി​​ച്ചാ​​ൽ അ​​വി​​ടെ ശാ​​ന്തി​​യും സ​​മാ​​ധാ​​ന​​വും കൊ​​ണ്ടു​​വ​​രാ​​ൻ ക​​ഴി​​യു​​മെ​​ന്ന് രാ​​ഷ്ട്രീ​​യ നി​​രീ​​ക്ഷ​​ക​​ർ പ​​റ​​യു​​ന്നു. അ​​തി​​ന് ഒ​​രു കാ​​ര്യം മാ​​ത്രം ചെ​​യ്താ​​ൽ മ​​തി​​യ​​ത്രേ –ബി.​​ജെ.​​പി​​യു​​ടെ മു​​ഖ്യ​​മ​​ന്ത്രി​​യാ​​യ ബി​​രേ​​ൻ സി​​ങ്ങി​​നെ​​തി​​രെ ക്രി​​മി​​ന​​ൽ കേ​​സ് ചാ​​ർ​​ജ് ചെ​​യ്ത് അ​​റ​​സ്റ്റുചെ​​യ്ത് ജ​​യി​​ലി​​ൽ അ​​ട​​ക്കുക. ത​​ന്റെ ത​​ൽപര​​ ക​​ക്ഷി​​ക​​ളാ​​യ മെ​​യ്തേയിക​​ൾ​​ക്ക് കു​​ക്കി​​ക​​ളെ ആ​​ക്ര​​മി​​ക്കാ​​ൻ എ​​ല്ലാ ഒ​​ത്താ​​ശ​​ക​​ളും ചെ​​യ്തു​​കൊ​​ടു​​ക്കു​​ന്ന ആ​​ളാ​​ണ് അ​​ദ്ദേ​​ഹ​​മെ​​ന്നാ​​ണ് ബി.​​ജെ.​​പി​​ക്കാ​​ര​​ട​​ക്കം പ​​ല​​രും പ​​റ​​യു​​ന്ന​​ത്.

ക​​ഴി​​ഞ്ഞ​​വ​​ർ​​ഷം മ​​ണി​​പ്പൂ​​ർ ഹൈ​​കോട​​തി പ്ര​​സ്താ​​വി​​ച്ച വി​​ധി​​യാ​​ണ് ഇ​​വി​​ട​​ത്തെ പ്ര​​മു​​ഖ ഗോ​​ത്ര​​ങ്ങ​​ളാ​​യ മെ​​യ്തേയിക​​ളും കു​​ക്കി​​ക​​ളും ത​​മ്മി​​ലു​​ള്ള വം​​ശീ​​യ ക​​ലാ​​പ​​ത്തി​​നു വ​​ഴി​​മ​​രു​​ന്നി​​ട്ട​​ത്. സാ​​മ്പ​​ത്തി​​ക​​മാ​​യും വി​​ദ്യാ​​ഭ്യാ​​സ​​പ​​ര​​മാ​​യും​ വ​​ള​​രെ പി​​ന്നാ​​ക്കം നി​​ൽ​​ക്കു​​ന്ന കു​​ക്കി​​ക​​ൾ​​ക്ക് ന​​ൽ​​കി​​യി​​രു​​ന്ന പ​​ട്ടി​​ക​​വ​​ർ​​ഗ പ​​ദ​​വി​​യും ആ​​നു​​കൂ​​ല്യ​​ങ്ങ​​ളും മെ​​യ്തേയിക​​ൾ​​ക്കും ന​​ൽ​​കു​​ന്ന കാ​​ര്യം സ​​ർ​​ക്കാ​​ർ പ​​രി​​ഗ​​ണി​​ക്ക​​ണ​​മെ​​ന്ന് കോ​​ട​​തിവി​​ധി​​യി​​ൽ പ​​രാ​​മ​​ർ​​ശി​​ച്ചി​​രു​​ന്നു. അ​​തി​​നെ​​തി​​രെ കു​​ക്കി​​ക​​ൾ പ്ര​​തി​​ഷേ​​ധ​​ത്തി​​നി​​റ​​ങ്ങി.

പി​​ടി​​ച്ചാ​​ൽ കി​​ട്ടാ​​ത്ത വി​​ധം സം​​ഘ​​ർ​​ഷം രൂ​​ക്ഷ​​മാ​​യ​​പ്പോ​​ഴേ​​ക്കും ഇ​​രു​​വി​​ഭാ​​ഗ​​ങ്ങ​​ളി​​ൽ പെ​​ട്ട നൂ​​റു​​ക​​ണ​​ക്കി​​നാ​​ളു​​ക​​ൾ ക്രൂ​​ര​​മാ​​യി കൊ​​ല​​ചെ​​യ്യ​​പ്പെ​​ട്ടു. ബ​​ലാ​​ത്സം​​ഗം ഭ​​യ​​ന്ന് പ​​ലാ​​യ​​നം ചെ​​യ്ത സ്ത്രീ​​ക​​ളും പെ​​ൺ​​കു​​ട്ടി​​ക​​ളും അ​​ഭ​​യം തേ​​ടി​​യ ആ​​രാ​​ധ​​നാ​​ല​​യ​​ങ്ങ​​ൾ ചു​​ട്ടു​​ചാ​​മ്പ​​ലാ​​ക്കി. വീ​​ടും കു​​ടി​​യും ന​​ഷ്ട​​പ്പെ​​ട്ട 60,000ത്തോ​​ളം പേ​​ർ താ​​ൽ​​ക്കാ​​ലി​​ക ക്യാ​​മ്പു​​ക​​ളി​​ൽ അ​​ഭ​​യം തേ​​ടി. 6000ത്തോ​​ളം ആ​​യു​​ധ​​ങ്ങ​​ളാ​​ണ് മെ​​യ്തേയിക​​ൾ പൊ​ലീ​​സ് സ്റ്റേ​​ഷ​​നു​​ക​​ളി​​ൽ​നി​​ന്ന് കൊ​​ള്ള​​യ​​ടി​​ച്ച​​ത്. അ​​തി​​നെ​​ല്ലാം മൗ​​നാ​​നു​​വാ​​ദം ന​​ൽ​​കി​​ ബി​​രേ​​ൻ സി​​ങ് മ​​ന്ത്രി​​മ​​ന്ദി​​ര​​ത്തി​​ൽ ക​​ഴി​​ച്ചു​​കൂ​​ട്ടി.

ആം​​ഗ​​ലേ​​യ ഭാ​​ഷ​​യി​​ൽ ‘‘Don't ignite a fire that one cannot extinguish’’ എ​​ന്നൊ​​രു ചൊല്ലു​​ള്ള​​തു​​പോ​​ലെ ബി​​രേ​​ൻ സി​​ങ് കൊ​​ളു​​ത്തി​​വി​​ട്ട തീ ​​ഇ​​പ്പോ​​ൾ ആ​​യി​​രം Fire Extinguishers ഒ​​ന്നി​​ച്ചു ശ്ര​​മി​​ച്ചാ​​ലും അ​​ണ​​ക്കാ​​നാ​​വാ​​ത്ത അ​​വ​​സ്ഥ​​യി​​ലാ​​ണ്. കാ​​ര്യ​​ങ്ങ​​ൾ ഇ​​ത്ര​​യ്ക്കും സ​​ങ്കീ​​ർ​​ണ​​മാ​​യി​​ട്ടും ഇ​​തു​​വ​​രെ പ്ര​​ധാ​​ന​​മ​​ന്ത്രി മ​​ണി​​പ്പൂ​​ർ സ​​ന്ദ​​ർ​​ശി​​ക്കാ​​ത്ത​​തെ​​ന്തു​​കൊ​​ണ്ടെ​​ന്ന് നി​​ഷ്പ​​ക്ഷ​​മ​​തി​​ക​​ൾ ചോ​​ദി​​ക്കു​​ന്നു. ഒ​​രു​​പ​​ക്ഷേ, അ​​മി​​ത് ഷാ​​യു​​ടെ വ​​കു​​പ്പി​​ൽ കൈ​​യി​​ട്ടെ​​ന്ന ആ​​രോ​​പ​​ണം ഒ​​ഴി​​വാ​​ക്കാ​​നാ​​യി​​രി​​ക്കാം അ​​ദ്ദേ​​ഹം മാ​​റി​​നി​​ൽ​​ക്കു​​ന്ന​​തെ​​ന്ന് അ​​നു​​മാ​​നി​​ക്കു​​ന്ന​​തി​​ൽ തെ​​റ്റി​​ല്ല. പ​​ക്ഷേ, അ​​ത​​ല്ല​​ല്ലോ രാ​​ജ്യ​​നീ​​തി. പ്ര​​ശ്ന​​ങ്ങ​​ൾ ഇ​​ത്ര​​ക്കും വ​​ഷ​​ളാ​​യ നി​​ല​​ക്ക് എ​​ത്ര​​യും വേ​​ഗം പ​​രി​​ഹാ​​രം ക​​ണ്ടെ​​ത്തി​​യി​​ല്ലെ​​ങ്കി​​ൽ ഇ​​തി​​ന്റെ അ​​നു​​ര​​ണ​​ന​​ങ്ങ​​ൾ തൊ​​ട്ട​​ടു​​ത്തു​​ള്ള സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലേ​​ക്കും വ്യാ​​പി​​ച്ചേ​​ക്കാം.

സ​​ണ്ണി ജോ​​സ​​ഫ്, മാ​​ള

പ​​ക​​യു​​ടെ ഇ​​ടി​​മി​​ന്ന​​ൽ ജാ​​ന​​കി

ആഴ്​ചപ്പതിപ്പിൽ വ​​ന്ന നാ​​രാ​​യ​​ണ​​ൻ അ​​മ്പ​​ല​​ത്ത​​റ​​യു​​ടെ ക​​ഥ ‘മി​​ന്ന​​ൽ ജാ​​ന​​കി’ (ലക്കം: 1396) ജീ​​വി​​ത​​ഗ​​ന്ധംകൊ​​ണ്ട് വ്യ​​ത്യ​​സ്ത​​മാ​​കു​​ന്ന ഒ​​ന്നാ​​യി അ​​നു​​ഭ​​വ​​പ്പെ​​ട്ടു. പ​​ക തീ​​ർ​​ക്കാ​​നു​​ള്ള​​താ​​ണ് എ​​ന്ന (വ​​ലി​​യ മാ​​നു​​ഷി​​ക​​വാ​​ദി​​ക​​ൾ ക്ഷ​​മി​​ക്ക​​ട്ടെ) സാ​​ധാ​​ര​​ണ മ​​നു​​ഷ്യ​​മ​​ന​​സ്സു​​ക​​ളെ അ​​ട​​യാ​​ള​​പ്പെ​​ടു​​ത്തു​​ന്ന​​ത് ത​​ന്നെ​​യാ​​ണ് ഈ ​​ക​​ഥ പ​​ങ്കുവെക്കുന്ന വി​​കാ​​രം.​​ കാ​​മോ​​ന്മ​​ത്ത​​നാ​​യി കൂ​​ത്താ​​ടി ന​​ട​​ക്കു​​ന്ന രാ​​മ​​ൻ മേ​​നോ​​ന്റെ ലിം​​ഗം ഛേദി​​ക്കു​​ന്ന​​തുത​​ന്നെ​​യാ​​ണ് ഏ​​റ്റ​​വും നീ​​തീ​​ക​​രി​​ക്ക​​പ്പെ​​ടു​​ന്ന വ​​ലി​​യ ശി​​ക്ഷ. അ​​തി​​ന് നി​​യ​​മ സം​​വി​​ധാ​​ന​​ങ്ങ​​ളും അ​​ധി​​കാ​​ര​​ങ്ങ​​ളും വി​​ഘാ​​ത​​മാ​​കു​​മ്പോ​​ൾ ഇ​​ര​​ക​​ൾ ത​​ന്നെ ശി​​ക്ഷ ന​​ട​​പ്പാ​​ക്കി​​യെ​​ന്നി​​രി​​ക്കും.

മു​​റി​​ഞ്ഞു വീ​​ഴു​​ന്ന ലിം​​ഗം അ​​ധി​​കാ​​ര​​ത്തി​​ന്റെ​​യും അ​​ഹ​​ന്ത​​യു​​ടെ​​യും ഭ്രാ​​ന്ത​​മാ​​യ കാ​​മ​​ത്തി​​ന്റെ​​യും പു​​രു​​ഷാ​​ധി​​പ​​ത്യ​​ത്തി​​ന്റെയും ​​മു​​ഖ​​മാ​​ണ്. അ​​ത് മു​​റി​​ഞ്ഞുവീ​​ഴു​​ക ത​​ന്നെ വേ​​ണം. കാ​​വി​​ലെ ഉ​​ത്സ​​വ​​ത്തോ​​ടെ ആ​​രം​​ഭി​​ക്കു​​ന്ന ക​​ഥ ഒ​​രു മാ​​ധ്യ​​മപ്ര​​വ​​ർ​​ത്ത​​ക​​ന്റെ അ​​ന്വേ​​ഷ​​ണ​​ത്വ​​ര​​യി​​ൽ മി​​ന്ന​​ൽ ജാ​​ന​​കി​​യു​​ടെ ജീ​​വക​​ഥ അ​​റി​​യു​​ന്നി​​ട​​ത്താ​​ണ് അ​​വ​​സാ​​നി​​ക്കു​​ന്ന​​തെ​​ങ്കി​​ലും, പ​​ല ജാ​​തി രാ​​മ​​ൻ മേ​​നോ​​ൻ​​മാ​​ർ (ച​​ല​​ച്ചി​​ത്രരം​​ഗ​​ത്തെ കെ​​ട്ട മ​​ണ​​ങ്ങ​​ൾ ദു​​ർ​​ഗ​​ന്ധം പ​​ര​​ത്തു​​ന്ന സ​​വി​​ശേ​​ഷകാ​​ല​​ത്ത് പ്ര​​ത്യേ​​കി​​ച്ച്) പു​​ള​​ക്കുന്ന സ​​മൂ​​ഹ ഇ​​ട​​ങ്ങ​​ളി​​ൽ മു​​റി​​ഞ്ഞുവീ​​ണ ലിം​​ഗം ഒ​​രു സിം​​ബോ​​ളി​​ക് രൂ​​പം വാ​​യ​​നാ ഇ​​ട​​ങ്ങ​​ളി​​ൽ കു​​ത്തിനി​​ർ​​ത്തും എ​​ന്ന​​ത് നി​​സ്ത​​ർ​​ക്ക​​മാ​​ണ്.​​ ഈ ക​​ഥ കൊ​​ണ്ടു​​വ​​രു​​ന്ന സാ​​മൂ​​ഹി​​ക​​മാ​​യ ക​​ഥാമാ​​നം ഇ​​തു ത​​ന്നെ​​യാ​​യി​​രി​​ക്കും.

ബാലഗോപാലൻ കാഞ്ഞങ്ങാട്

ജയിലിൽനിന്ന് സ്നേഹപൂർവം

മാ​ധ്യ​മം ആഴ്ചപ്പതിപ്പ് ല​ക്കം 1382 അ​തി​ഗം​ഭീ​രം. കെ. ​മു​ര​ളി​യു​ടെ ലേ​ഖ​നം ജാ​തി, സം​വ​ര​ണം എ​ന്നി​വയെ​ക്കു​റി​ച്ച് മി​ക്ക​വാ​റും സം​ശ​യ​ങ്ങ​ൾ തീ​ർ​ത്തു. നിഷ്പ​ക്ഷം, സ​ത്യ​സ​ന്ധം, വ​സ്തു​നി​ഷ്ഠം, ആ​ധി​കാ​രി​കം, സ​മ​ഗ്രം, ഉ​ദാ​ത്തം, നീ​തി​പൂ​ർ​വ​കം. സം​വ​ര​ണ​മ​ല്ല വേ​ണ്ട​ത് പ്രാ​തി​നിധ്യമാണ്. 100 ശ​ത​മാ​നം യോ​ജി​പ്പ്. മ​നു​ഷ്യ​ൻ സൃ​ഷ്ടി​യു​ടെ മ​കു​ട​മ​ല്ല, കാ​ള​കൂ​ട​മാ​ണ്. ജ​ന​സം​ഖ്യ നി​യ​ന്ത്രി​ച്ചാ​ൽ പ​രി​സ്ഥി​തി സം​ര​ക്ഷി​ക്ക​പ്പെ​ടും. ബ​ഷീ​റി​നോ​ടും കാ​ളീ​ശ്വ​രം രാ​ജി​നോ​ടും ഗാ​ഡ്ഗി​ലി​നോ​ടും ആ​ദ​ര​വ്. ക്രി​സ്തു​വി​നെ, ബു​ദ്ധ​നെ, ഗു​രു​വി​നെ, ഗാ​ന്ധി​യെ, ഖു​ശ്ബു​വി​നെ ദൈ​വ​മാ​ക്കാ​മെ​ങ്കി​ൽ എ​ന്തി​ന് മ​ന്ന​ത്തോ​ട് അ​യി​ത്തം? സം​വ​ര​ണ​ത്തെ എ​തി​ർ​ക്കു​ന്ന​വ​ർ സ്ത്രീ/​ വി​ക​ലാം​ഗ സം​വ​ര​ണ​ത്തെ എ​തി​ർ​ക്കു​ന്നു.

സം​വ​ര​ണ​ത്തെ അ​നു​കൂ​ലി​ക്കു​ന്നു. ഉപസംവരണത്തെ ​എ​തി​ർ​ക്കു​ന്നു. ആധാർ, പാൻ, വോട്ടർ ഐഡി, പാസ്​പോർട്ട്, ഡ്രൈവിങ് ലൈസൻസ്, ബാങ്ക് അക്കൗണ്ട്... എ​ല്ലാ​ത്തി​ലും ജാ​തി കോ​ളം വേ​ണം. ജാ​തി​പേ​ര് സ്വ​ന്തം പേ​രി​നൊ​പ്പം ചേ​ർ​ക്കാ​ത്ത​വ​ർ​ക്ക് ജാ​തി​സം​വ​ര​ണം ന​ൽ​ക​രു​ത്. എ​സ്.​സി/​ എ​സ്.​ടി/​ ഒ.​ബി.​സി/ വിധവകൾ/അനാഥർ/ ഭിന്നശേഷി മു​ത​ലാ​യ എ​ല്ലാ അ​വ​ശ വി​ഭാ​ഗ​ങ്ങ​ളു​ടെ​യും ഇ.​പി.​എ​ഫ് എം​പ്ലോ​യീ​സ് കോ​ൺ​ട്രി​ബ്യൂ​ഷ​ൻ സ​ർ​ക്കാ​ർത​ന്നെ വ​ഹി​ക്ക​ണം. ജാ​തി ആ​യു​ഷ്‍കാ​ലം മാ​റു​ന്നി​ല്ല. ജാ​തി സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്റെ കാ​ലാ​വ​ധി അ​ന​ന്ത​മാ​യി​രി​ക്ക​ണം.

ജിജു ആന്റോ ടി, യു.ടി 561,ജില്ല ജയിൽ, വിയ്യൂർ, തൃശൂർ

ഭ​ര​ണ​ഘ​ട​ന​യെ മ​ര​ണ​ഘ​ട​ന​യാ​ക്കു​ന്ന​വ​ർ

സു​പ്രീംകോ​ട​തി​യി​ലെ ദേ​വ​പ്ര​ശ്ന​ങ്ങ​ളെ​ക്കു​റി​ച്ച് പി.​ബി. ജി​ജീ​ഷ് എ​ഴു​തി​യത് വാ​യി​ച്ചാ​ൽ സാ​ധാ​ര​ണ​ക്കാ​ര​ന് കോ​ട​തി​യി​ലും ജ​ഡ്ജി​മാ​രി​ലും ഉ​ള്ള​ വി​ശ്വാ​സം ഇ​ല്ലാ​താ​കും (​ല​ക്കം: 1395). ഭ​ര​ണ​ഘ​ട​നാ കോ​ട​തി​ക​ളെ ഭ​ര​ണ​കൂ​ട കോ​ട​തി​ക​ളാ​ക്കി മാ​റ്റു​ന്ന​തി​​ൽ മു​ഖ്യ​പ​ങ്ക് വ​ഹി​ച്ച ജ​സ്റ്റി​സ് ച​ന്ദ്ര​ചൂ​ഡി​നെ​പ്പോ​ലു​ള്ള ജ​ഡ്ജി​മാ​ർ ഭ​ര​ണ​ഘ​ട​ന​യെ മ​ര​ണ​ഘ​ട​ന​യാ​ക്കി മാ​റ്റി​യ ദ​യ​നീ​യ കാ​ഴ്ച അ​പ​ല​പ​നീ​യ​മാ​ണ്. ഗ​ണേ​ശ ച​തു​ർ​ഥി​ക്ക് പ്ര​ധാ​ന​മ​ന്ത്രി, ചീ​ഫ് ജ​സ്റ്റി​സി​ന്റെ ഔ​ദ്യോ​ഗി​ക വ​സ​തി​യി​ലെ​ത്തി, പൂ​ജ ന​ട​ത്തി​യ സം​ഭ​വം ജ​നാ​ധി​പ​ത്യ വി​ശ്വാ​സി​ക​ളു​ടെ മ​ന​സ്സി​ലു​ണ്ടാ​ക്കി​യ പോ​റ​ൽ വാ​ക്കു​ക​ൾ​ക്ക​പ്പു​റ​മാ​ണ്.

കാ​വി​വ​സ്ത്ര​ങ്ങ​ള​ണി​ഞ്ഞ് ഗു​ജ​റാ​ത്തി​ലെ ക്ഷേ​ത്ര​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച ജ​സ്റ്റി​സ് ച​ന്ദ്ര​ചൂ​ഡ​ിന്റെ അ​യോ​ധ്യ വി​ധി ഏ​ക​പ​ക്ഷീ​യ​മാ​യ​തി​ൽ അ​ത്ഭു​ത​ത്തി​ന​വ​കാ​ശ​മി​ല്ല. അ​ടി​യ​ന്ത​രാ​വ​സ്ഥ​യി​ലെ കൊ​ള്ള​രു​താ​യ്മ​ക​ളെ നാ​ണ​മി​ല്ലാ​തെ ന്യാ​യീ​ക​രി​ച്ച ഭൂ​രി​പ​ക്ഷ വി​ധി​യോ​ട് വി​യോ​ജി​ച്ച് പ്ര​യോ​ജ​ന​മി​ല്ലാ​ത്ത ഭി​ന്ന​വി​ധി​യെ​ഴു​തി ചീ​ഫ് ജ​സ്റ്റി​സ് പ​ദ​വി ന​ഷ്ട​പ്പെ​ടു​ത്തു​ക​യും അ​തി​​ന്റെ പേ​രി​ൽ ന്യാ​യാ​ധി​പ പ​ദ​വി ഉ​പേ​ക്ഷി​ക്കു​ക​യുംചെ​യ്ത എ​ച്ച്.​ആ​ർ. ഖ​ന്ന​യെ​പ്പോ​ലു​ള്ള നി​യ​മ​ത്തി​ന്റെ ഭീ​ഷ്മാ​ചാ​ര്യ​ർ ജീ​വി​ച്ചി​രു​ന്ന ന​മ്മു​ടെ രാ​ജ്യ​ത്ത് ജ​സ്റ്റി​സ് ച​ന്ദ്ര​ചൂ​ഡ് ഒ​രു ക​ള​ങ്കംത​ന്നെ​യാ​ണ്. ജ​സ്റ്റി​സ് മു​ര​ളീ​ധ​ർ സ​ത്യ​സ​ന്ധ​നും ധീ​ര​നും സ്വ​ഭാ​വ​ശു​ദ്ധി​യു​ള്ള​വ​നും ആ​യ​തി​നാ​ലാ​ണ് സു​പ്രീം​കോ​ട​തി​യി​ലേ​ക്ക് പ​രി​ഗ​ണി​ക്ക​പ്പെ​ടാ​തെ പോ​യ​ത് എ​ന്ന​തി​ൽ​നി​ന്നും കേ​ന്ദ്ര​ഭ​ര​ണ​കൂ​ട​ത്തി​ന്റെ കൊ​ളീ​ജി​യ​ത്തി​നു​മേ​ലു​ള്ള സ്വാ​ധീ​നം എ​ത്ര​മേ​ലെ​ന്ന് ഊ​ഹി​ക്കാ​വു​ന്ന​തേ​യു​ള്ളൂ. എ​ന്താ​യാ​ലും ബി.​ജെ.​പി കേ​ന്ദ്രം ഭ​രി​ക്കു​ന്നി​ട​ത്തോ​ളം കാ​ലം നി​ഷ്പ​ക്ഷ​മാ​യി വി​ധി​യെ​ഴു​തു​ന്ന ന്യാ​യാ​ധി​പ​ന്മാ​രെ ക​ണ്ടെ​ത്തു​ക പ്ര​യാ​സ​മാ​യി​രി​ക്കും.

ഫാ. ​ഡാ​ർ​ലി എ​ട​പ്പ​ങ്ങാ​ട്ടി​ൽ, മു​ള​ന്തു​രു​ത്തി

‘മേ​ക്കാ​ച്ചി​ലി’ന് നന്ദി

ട്രൈ​ബി പു​തു​വ​യ​ലി​ന്റെ ‘മേ​ക്കാ​ച്ചി​ൽ’ (​ല​ക്കം: 1392) ത​ന്ന വാ​യ​നാ​നു​ഭ​വ​ത്തി​ന് ന​ന്ദി. ആ ​ചു​ക്കു​കാ​പ്പി​യും​പൊ​ടി​യ​രി​ക്ക​ഞ്ഞി​യും ക​റു​ത്ത കു​മി​ള​ക​ളു​ള്ള പ​പ്പ​ട​വും തേ​നൊ​ഴി​ച്ച ക​ട്ട​നും റ​സ്കും അ​മ്മ​യു​ടെ ചു​രു​ട്ടി​പ്പി​ടി​ച്ച കൈ​യി​ലെ ഏ​ലാ​ദി​മി​ഠാ​യി​യും, ഇ​ങ്ങി​നി​ വ​രാ​ത്ത ആ ​കാ​ല​ത്തി​ന്റെ ഓർ​മ, മ​ന​സ്സി​ന്റെ വി​ങ്ങ​ലാ​യി അ​വ​ശേ​ഷി​ക്കു​ന്നു. അ​മ്മ​യു​ടെ ത​ലോ​ട​ലി​ൽ ഏ​ത് മേ​ക്കാ​ച്ചി​ലാ​ണ് ഓ​ടി​യ​ക​ലാ​ത്ത​ത്! ​ഐ.​സി.​യു​വി​ലെ (അ​ങ്ങ​നെ​യൊ​ന്നു​ണ്ടാ​കാ​തി​രി​ക്ക​ട്ടെ) മ​ര​വി​പ്പി​ക്കു​ന്ന ത​ണു​പ്പി​ൽ, അ​മ്മ​യു​ടെ ത​ലോ​ട​ലി​ന്റെ വി​ങ്ങു​ന്ന ഓ​ർ​മ​ക​ൾ തു​ണ​യാ​കും. ലോ​ക​ത്തി​ലെ എ​ല്ലാ അ​മ്മ​മാ​ർ​ക്കും വാ​ഴ്വ്.

ശാ​ന്താ​ജോ​ൺ പാ​പ്പ​നം​കോ​ട്

Show More expand_more
News Summary - weekly ezhuthukuth