എഴുത്തുകുത്ത്
ഭാഷയിലെ വരേണ്യബാധയെ തുറന്നുകാട്ടുന്ന എഴുത്ത്
Disabilityയെക്കുറിച്ച് കവിയും എഴുത്തുകാരനുമായ അജിത് എം. പച്ചനാടൻ എഴുതിയ ദീർഘലേഖനം (ലക്കം: 1397) ‘കാഴ്ചയുടെ മാടമ്പിമാരായ’ (അജിതിന്റെ പ്രയോഗം) നമ്മുടെയൊക്കെ ബോധ്യങ്ങളുടെ പൊള്ളത്തരങ്ങളെ തുറന്നുകാണിക്കുന്നു.
മഹാകവികളും പരിഷ്കർത്താക്കളായ ഗുരുവര്യന്മാരും ചലച്ചിത്രപ്രതിഭകളും എഴുത്തുകാരും പത്രപ്രവർത്തകരും രാഷ്ട്രീയ നേതാക്കളുമെല്ലാം അധമമെന്ന ബോധ്യത്തോടെ തന്നെ ചളിപ്പില്ലാതെ, യഥേഷ്ടം എടുത്തുപയോഗിക്കുന്ന മുടന്തൻ ന്യായം, അന്ധൻ ആനയെ കണ്ടതുപോലെ, വായിൽ തോന്നിയത് കോതക്ക് പാട്ട്, തെണ്ടിത്തരം... തുടങ്ങിയ അപര ദ്രോഹപരമായ പ്രയോഗങ്ങളുടെ ഡി.എൻ.എ, വേറിട്ട നോട്ടത്തിന്റെ സൂക്ഷ്മ കവചത്തിലൂടെ അജിത് വിശകലനവിധേയമാക്കുമ്പോൾ, ജനാധിപത്യ വിരുദ്ധമായ ഭാഷയിലെ വരേണ്യ ബോധ്യങ്ങളെയത് ആഴത്തിൽ പിടിച്ചുലക്കുന്നു.
ക്ഷേമ പെൻഷൻ അനർഹമായി കൈപ്പറ്റിയ സർക്കാർ ഉദ്യോഗസ്ഥരെ പരാമർശിക്കവെ, ‘‘പാവങ്ങളുടെ പിച്ചച്ചട്ടിയിൽ കൈയിട്ട് വാരുന്ന പണി’’ എന്ന് ഉത്തരവാദപ്പെട്ട ഒരു ജനപ്രതിനിധി പറയുന്നതും ശ്രദ്ധിച്ചു. ക്ഷേമ പെൻഷൻ വാങ്ങുന്നവരെല്ലാം പിച്ചച്ചട്ടി എടുത്തവർ എന്ന ധ്വനി ഇതിലുണ്ടല്ലോ; പറഞ്ഞ നേതാവ് അതല്ല ഉദ്ദേശിച്ചതെങ്കിൽപോലും.
വാൾമുനയിൽ തപസ്സ് ചെയ്യുന്നതുപോലെ ഏകാഗ്ര ജാഗ്രമായ ധിഷണയുമായി അജിത് എം. പച്ചനാടൻ ഭാഷയിലും കല-സാഹിത്യ-സാംസ്കാരിക-രാഷ്ട്രീയ മത രംഗങ്ങളിലും മറ്റു പൊതു ഇടങ്ങളിലുമൊക്കെ ശേഷിക്കുറവുള്ളവർ നേരിടേണ്ടിവരുന്ന തരംതാഴ്ത്തലുകളെയും അവഗണനയെയും അരികുവത്കരണത്തെയും അതീവ സൂക്ഷ്മമായി അടയാളപ്പെടുത്തുമ്പോൾ, പൂർണകായസ്ഥ ഡംഭാർന്ന നമ്മുടെ ബോധ്യങ്ങളെ തിരുത്തേണ്ടിവരുന്നു, തേഞ്ഞു പഴകിയ ക്ലീഷേകളെ സംസ്കരിച്ച് ഭാഷയെ തദനുസാരം പുതുക്കേണ്ടിവരുന്നു.
സ്വയം ആഗ്രഹിച്ചിട്ടല്ല ഒരാൾക്കും ഒരുതരത്തിലുള്ള ശേഷിക്കുറവുമുണ്ടാകുന്നത്. എന്നിട്ടും നമ്മുടേതുപോലൊരു ജനാധിപത്യ സമൂഹത്തിൽനിന്നുപോലും അവർക്ക് അവഗണനയും അധമത്വവും തരംതാഴ്ത്തലുകളുമാണ് അനുഭവപ്പെടുന്നതെങ്കിൽ വ്യവസ്ഥയുടെ അടിസ്ഥാന കാഴ്ചപ്പാടിൽതന്നെ വൈകല്യമുണ്ടെന്നാണ് അത് അർഥമാക്കുന്നത്.
അവഗണനയോ അമിത ശ്രദ്ധയോ സഹതാപമോ അല്ല, സമശീർഷമായ തുല്യതാ പരിഗണനയാണ് അവരുടെ മൗലികാവകാശം എന്ന തിരിച്ചറിവിലേക്ക് ഈ എഴുത്ത് പൊതുസമൂഹത്തെ ആനയിക്കുന്നു.
‘‘മതങ്ങൾ ഡിസെബിലിറ്റി ദൈവത്തിന്റെ ശിക്ഷയായി കണക്കാക്കുന്നതും ദൈവശാപം നേടിയ ഉടലുകളെ അശുദ്ധമാക്കി മാറ്റിനിർത്തുന്നതും മറുവശത്ത് മതങ്ങൾ ഡിസെബിലിറ്റി വ്യക്തികളെ ഉദാരതയോടെ സഹായിക്കേണ്ടുന്നതിനെക്കുറിച്ചും പറയുന്ന തരത്തിലുള്ള ഇരട്ടത്താപ്പിനെക്കുറിച്ചും’’ അജിത് എം. പച്ചനാടൻ എഴുതുന്നുണ്ട്. ഇതെത്രമാത്രം വസ്തുതാപരമെന്നു നോക്കാൻ ഈ കുറിപ്പുകാരൻ ഒരു മതപണ്ഡിതനല്ല. എന്നാൽ, ‘ഖുർആനി’ൽ ‘അബസ’ എന്ന ഒരു അധ്യായം ഈയുള്ളവൻ വായിച്ചിട്ടുണ്ട്. ഉമ്മിമക്തൂം എന്നു പേരുള്ള അന്ധനായ ഒരു ജ്ഞാനാർഥിയോടുള്ള നബിയുടെ പ്രത്യേക സന്ദർഭത്തിലെ സമീപനത്തെ തിരുത്തി അവതരിച്ചതാണ് ഈ ആയത്തുകൾ എന്ന് വിശ്വസിക്കപ്പെടുന്നു.
സംഭവം ഇങ്ങനെ: മക്കയിലെ ബഹുദൈവാരാധകരായ ഖുറൈശി പ്രമാണിമാർ അണിനിരന്ന പ്രൗഢമായ സദസ്സിൽ ഏക ദൈവാരാധനയിൽ അധിഷ്ഠിതമായ ഇസ് ലാമിക വിശ്വാസ പ്രമാണങ്ങളെക്കുറിച്ച് സശ്രദ്ധം സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു മുഹമ്മദ് നബി. ഈ സമയത്ത് സദസ്സിന്റെ ഗൗരവവും ഗാംഭീര്യവുമൊന്നും കണ്ടറിയാനാകാത്ത അന്ധനായ ഉമ്മിമക്തൂം എന്ന വ്യക്തി നബിയോട് സാരോപദേശം തേടിക്കൊണ്ട് അവിടേക്ക് കയറിവന്നു.
സദസ്സിലെ പ്രമാണിമാർക്ക് അത് രസിക്കാതെ വന്നെങ്കിലോ എന്ന ശങ്കയാലാവാം പ്രവാചകൻ ഒരു നിമിഷം നീരസത്തോടെ നെറ്റി ചുളിച്ച് മുഖം തിരിച്ചു. ഉടൻ പ്രവാചകനെ തിരുത്തിക്കൊണ്ട് അവതരിച്ച് വേദഗ്രന്ഥത്തിന്റെ ഭാഗമായ ഈ അധ്യായത്തിലെ നാലാമത്തെ ആയത്തിന്റെ വ്യാഖ്യാനത്തിൽ ലോകപ്രശസ്ത ഖുർആൻ വ്യാഖ്യാതാവായ അബ്ദുല്ല യൂസുഫ് അലി എഴുതുന്നു: ‘‘It may be the poor blind man might, on account of his will to learn, he more likely to grow in his own spiritual development or to profit by lessons taught to him even in report than a self sufficient leader. In fact, it was so. For the blind man becomes true and sincere Muslim and lived to become a governor of Madinah. (The holy Quran page -1897). പിൽക്കാലം മുഹമ്മദ് നബി ഏറെ സ്നേഹാദരങ്ങളോടെ പരിഗണിച്ചിരുന്ന സ്വഹാബിയായിരുന്നു അന്ധനായ ഉമ്മിമക്തൂം. മദീനയുടെ ഗവർണർ പദവി വരെ ഇദ്ദേഹം അലങ്കരിച്ചു എന്നും ഇസ് ലാമിക ചരിത്രം.
ഡോ. റീം എസ്, കാട്ടുകണ്ടി കുഞ്ഞബ്ദുല്ല എന്നിവരും എഴുതിയിട്ടുള്ള ഈ ഡിസെബിലിറ്റി സ്പെഷൽ പതിപ്പിന്റെ വായനക്കുശേഷം, അത്രമേൽ അലസമായി ഇനി നമുക്ക് ശേഷിക്കുറവുള്ളവരുടെ പ്രശ്നങ്ങളെ അഡ്രസ് ചെയ്യാനാവില്ലെന്ന് ചുരുക്കം. അതുതന്നെയാണ് ഈ എഴുത്തിന്റെ വിജയവും. പത്രപ്രവർത്തനത്തിന്റെഅന്തസ്സത്ത ഉൾക്കൊണ്ടുകൊണ്ട് ഇത്തരം ക്രിയാത്മക രചനകൾക്ക് ഇടമനുവദിക്കുന്നതിലൂടെ സാമൂഹിക പുനഃസൃഷ്ടിയിൽ നേതൃപരമായ പങ്കാണ് മാധ്യമം ആഴ്ചപ്പതിപ്പ് നിർവഹിക്കുന്നത് എന്നത് ശ്ലാഘനീയംതന്നെ.
മുഹമ്മദ്കുട്ടി എളമ്പിലാക്കോട്
ഡിസെബിലിറ്റി പഠനങ്ങൾ മലയാളത്തിൽ
ഡിസെബിലിറ്റി പൊളിറ്റിക്സ് ചർച്ച ചെയ്യാൻ പ്രത്യേക പതിപ്പ് പുറത്തിറക്കിയത് (ലക്കം: 1397) ഉചിതമായി. ഡോ. റീം എസ് വൈകല്യങ്ങളുടെ ഭാഷാവിഷ്കാരപ്രശ്നം ചർച്ചചെയ്യുമ്പോൾ കാട്ടുകണ്ടി കുഞ്ഞബ്ദുല്ല സ്വന്തം അതിജീവനത്തിന്റെ സാഹസിക കഥ പറയുന്നു. അജിത് പച്ചനാടൻ കലാസാഹിത്യാവിഷ്കാരങ്ങളിലെയും ആനുകാലിക സാമൂഹിക രാഷ്ട്രീയ സന്ദർഭങ്ങളിലെയും ശേഷീ അധീശത്വ നിലപാടുകളെ വിശകലനം ചെയ്ത് വിമർശനവിധേയമാക്കുന്നു. തുല്യതക്കായുള്ള അതിശക്തമായ സാംസ്കാരിക രാഷ്ട്രീയ നിലപാടുകൾ പുലർത്തുന്ന സമഗ്രപഠനമായി ആ ലേഖനം അനുഭവപ്പെട്ടു.
കേരളത്തിലെ അക്കാദമികസമൂഹം ഡിസെബിലിറ്റിയെന്ന വൈജ്ഞാനിക ശാഖയെ ഏറ്റെടുത്തിട്ട് അധികകാലമായില്ല. ഇപ്പോൾ സജീവമായിക്കൊണ്ടിരിക്കുന്ന ഡിസെബിലിറ്റിപഠനങ്ങൾക്കൊപ്പം ഡിസെബിലിറ്റി ആവിഷ്കാരങ്ങളും ശക്തിപ്പെടുന്നുണ്ട്. വാക്കുകളായും വരകളായും ആവിഷ്കരിക്കപ്പെടുന്നതാണ് അവയിലധികവും.
അജിത് പച്ചനാടൻ, ദിലീപ് കിഴൂർ, ശബരീഷ്, ജിതിൻ കൃഷ്ണ, ഗണേഷ് കുമാർ കുഞ്ഞിമംഗലം എന്നിവർ അതിൽ പ്രധാനപ്പെട്ടവരാണ്. അനുഭവങ്ങളുടെയും വിശകലനങ്ങളുടെയും ഭിന്നശേഷി കുറിപ്പുകളടങ്ങുന്ന ദിലീപ് കിഴൂരിന്റെ ‘ദൈവത്തിന്റെ ഇറച്ചി’ എന്ന പുസ്തകം 2017ൽ പുറത്തിറങ്ങി. ഡിസെബിലിറ്റി സാഹിത്യം എന്ന ഗണത്തിലുൾപ്പെടുത്താവുന്ന മലയാളത്തിലെ ആദ്യത്തെ ഉടലെഴുത്തായി ദിലീപ് കിഴൂരിന്റെ ‘ദൈവത്തിന്റെ ഇറച്ചി’ എന്ന കൃതിയെ കാണാം.
ഡിസെബിലിറ്റി സാഹിത്യത്തിനുള്ളിൽതന്നെ കാഴ്ചപരിമിതരുടെ സാഹിത്യത്തെക്കുറിച്ചുള്ള വേറിട്ടൊരു കാഴ്ചപ്പാട് എം. അബൂബക്കർ പങ്കുെവച്ചിട്ടുണ്ട്. അജിത് എം. പച്ചനാടൻ, ശബരീഷ്, സത്യശീലൻ മാസ്റ്റർ തുടങ്ങിയവരുടെ കുറിപ്പുകളും അനുഭവാഖ്യാനങ്ങളും ആലോചനകളും സൈദ്ധാന്തിക വിചാരങ്ങളും സമാഹരിക്കപ്പെടാതെ കിടപ്പുണ്ട്. അക്കാദമിക മേഖലയിൽനിന്ന് ഡോ. ആർ.
ജയകുമാറിന്റെ ‘ഭിന്നശേഷിയുടെ അടയാളങ്ങൾ മലയാള നോവലിൽ’ എന്ന ഗവേഷണ പ്രബന്ധം പുസ്തകമായി പുറത്തിറങ്ങിയിട്ടുണ്ട്. ഡോ. ഹബീബ് ചുള്ളിയിൽ, ഡോ. അക്ബർ ചുള്ളിയിൽ, ഡോ. ബീനാ കൃഷ്ണൻ എസ്.കെ, മണി കെ.പി, മുത്തു കെ, എം. അബൂബക്കർ എന്നിവരുടെ എഴുത്തു കളും പ്രഭാഷണങ്ങളും മറ്റിടപെടലുകളും വളരെ വിലപ്പെട്ടതാണ്.
കേരള സർവകലാശാലയുടെ ഗവേഷണാനുകാലികമായ ‘ഭാഷാസാഹിതി’യുടെ 2020 ഡിസംബർ ലക്കത്തിൽ 34 ലേഖകരുടെ ഡിസെബിലിറ്റി പഠനങ്ങൾ സമാഹരിക്കപ്പെട്ടു. ഡിസെബിലിറ്റി പഠനങ്ങളുടെ മലയാളത്തിലെ ആദ്യത്തെ സമഗ്ര സമാഹരണം ഇതായിരിക്കണം.
ഡോ. ഷീബ എം. കുര്യനാണ് ഇത് എഡിറ്റു ചെയ്തത്. 2024ൽ ഡോ. സിസ്റ്റർ നോയൽ റോസ് എഡിറ്റു ചെയ്ത ‘ശേഷീവാദം-വിചാരവും വിശകലനവും’ ഷീബ എം. കുര്യൻ എഡിറ്റ് ചെയ്ത ഭിന്നശേഷി -സമൂഹം ശരീരം സംസ്കാരം’, ഡോ. കെ.പി. രവിചന്ദ്രൻ എഡിറ്റു ചെയ്ത ‘ഡിസെബിലിറ്റി-പ്രതിനിധാനം വ്യവഹാരം’ എന്നീ പുസ്തകങ്ങളും പുറത്തിറങ്ങി.
മറ്റു മേഖലകളിൽ നടക്കുന്ന ഇടപെടലുകളേക്കാൾ കുറവാണ് ഡിസെബിലിറ്റിയുമായി ബന്ധപ്പെട്ട് നടക്കുന്ന ഗവേഷണങ്ങളും പഠനങ്ങളും എന്നാണ് മനസ്സിലാക്കുന്നത്. പാർശ്വവത്കൃത സമൂഹത്തെ കേന്ദ്ര സ്ഥാനത്തു നിർത്തുന്ന തുല്യതയുടെ രാഷ്ട്രീയമാണ് ഡിെസബിലിറ്റി പഠനങ്ങൾക്കുമുള്ളത്. വിവിധ പാർശ്വവത്കൃത സമൂഹങ്ങളുടെ അനുഭവങ്ങളും ആവിഷ്കാരങ്ങളും പോരാട്ടങ്ങളും പാഠ്യപദ്ധതിയുടെ ഭാഗമാവുകയോ അക്കാദമിക വ്യവഹാരങ്ങ ളിലുൾപ്പെടുകയോ ചെയ്തു. എന്നാൽ ഡിസെബിലിറ്റി പഠനങ്ങൾക്ക് അങ്ങനെയൊരു പരിഗണന ലഭിച്ചിട്ടില്ല.
ഡോ. കെ.പി. രവിചന്ദ്രൻ, അസോ. പ്രഫസർ, മലയാള വിഭാഗം ഗവ. വിക്ടോറിയ കോളജ്, പാലക്കാട്
ഗുരുവിനെ കുറിച്ച നിരീക്ഷണം ശരിയല്ല
Disability Politics മുഖ്യവിഷയമാക്കി പ്രത്യേക ലക്കം പുറത്തിറക്കിയ മാധ്യമത്തിന് അഭിനന്ദനം. അജിത് എം. പച്ചനാടന്റെ ലേഖനത്തിൽ ശ്രീനാരായണഗുരു ‘അന്ധനെ’ ഉദാഹരണമാക്കിയതിനെ വിമർശിച്ചു കണ്ടു. അക്കാലത്ത് ആ പ്രയോഗം സാധാരണയായിരുന്നു. അത് ശേഷിയെ ഇകഴ്ത്തിക്കാട്ടലായി ചിത്രീകരിക്കുന്നത് ശരിയായ നിരീക്ഷണമല്ല. ‘അന്ധർ ആനയെ കാണുന്നപോലെ’ എന്നത് സംസ്കൃതത്തിൽ ഒരു വസ്തുവിനെ പൂർണമായി കാണാതെ മറ്റൊന്നായി കരുതുന്നതിന് ഉദാഹരണമായാണ് പ്രയോഗിച്ചിരുന്നത്.
അന്ധഗജദർശന ന്യായം, സ്ഥാലീപുലാകന്യായം, സ്ഥൂണാനിധന ന്യായം തുടങ്ങിയവ പോലെ ഒരു ന്യായമായാണ് കരുതുന്നത്. ‘‘അന്ധർ അന്ധരെ നയിക്കുന്ന പോലെ’’ എന്നും പറയാറുണ്ടായിരുന്നു. ആ അർഥത്തിലാണ് നാരായണഗുരുവും ആ പ്രയോഗം ഉപയോഗിച്ചത്. അതിൽ വലിയ തെറ്റുകാണേണ്ടതുണ്ടോ?
പ്രധാന പ്രശ്നം ഇന്നത്തെ കാലഘട്ടത്തിലും നമ്മുടെ രാജ്യത്ത് വൈകല്യമുള്ളവർക്ക് മറ്റുള്ളവരോടൊപ്പം എല്ലായിടത്തുമെത്താനും കയറാനും കയറിപ്പറ്റാനുമുള്ള സാഹചര്യമുണ്ടാകുന്നില്ല എന്നതാണ്. പടികയറാൻ ഒരു പിടി ഉള്ള ഓഫിസുകൾ, കല്യാണമണ്ഡപങ്ങൾ, കലാപ്രദർശന ഇടങ്ങൾ എത്രയെണ്ണമുണ്ട്? ഒരു വീൽചെയർ വാങ്ങിെവക്കാൻ കൂട്ടാക്കാത്തവയാണ് ഏറെയും. മാറ്റിനിർത്തപ്പെടുന്ന ഇടങ്ങളും ഏറെയാണ്. വൈകല്യം അതിജീവിച്ച് മുന്നിലെത്തിയാലും അംഗീകരിക്കില്ല! അതാണ് സമൂഹം. അവരുടെ മനോഭാവം മാറാതെ എന്തു തുല്യതയാണ് ലഭിക്കുക?
ആർ. ഗിരീഷ് കുമാർ, മുൻ ചീഫ് മാനേജർ, ഐ.ഒ.ബി തിരുവനന്തപുരം
ആർട്ടിസ്റ്റ് ഗോപാലന് അർഹിക്കുന്ന ആദരവ് നൽകാൻ വൈകരുത്
ആഴ്ചപ്പതിപ്പിന്റെ 12 ലക്കങ്ങളിലായി ജീവചരിത്രകാരനും മുതിര്‍ന്ന പത്രപ്രവര്‍ത്തകനുമായ ബൈജു ചന്ദ്രൻ കോറിയിട്ട ആര്‍ട്ടിസ്റ്റ് ഗോപാലന്റെ ജീവിതമെഴുത്ത് നൽകിയ വായനസുഖം അവാച്യം. ഗോപാലേട്ടന്റെ രേഖാചിത്രങ്ങളെപ്പോലെ തന്നെ അതീവ ഹൃദ്യമായിരുന്നു ആ ജീവിതമെഴുത്തും. ഫോട്ടോഗ്രാഫർമാർ കാഴ്ചകളെ മനോഹരമായി കാമറകളിൽ പകർത്തുമ്പോൾ ചിത്രകാരൻ കാണാമറയത്തുള്ളവയെ ഭാവനയിൽ കണ്ട് മായാലോകം സൃഷ്ടിക്കുന്നു.
അങ്ങനെയുള്ള ഒരു അപൂർവ പ്രതിഭക്ക് ബൈജു ചന്ദ്രൻ സമ്മാനിച്ചിരിക്കുന്ന സ്നേഹശീതളമായ പൂച്ചെണ്ട് ഏറെക്കാലം ഒളിമങ്ങാതെ വായനക്കാരുടെ മനസ്സില്‍ അനുരണനങ്ങള്‍ സൃഷ്ടിക്കും.
ആര്‍ട്ടിസ്റ്റ് ഗോപാലന് വരക്കാത്ത ആനുകാലികങ്ങളോ, വാര്‍ഷിക/ഓണപ്പതിപ്പുകളോ മലയാള കഥ-കവിത-സാഹിത്യ ലോകത്ത് വിരളമായിരുന്നു. ‘‘കുങ്കുമത്തിന്റെയും കേരളശബ്ദത്തിന്റെയുമൊക്കെ താളുകളിലൂടെ ഗോപാലന് അക്ഷരങ്ങളെക്കൊണ്ട് നൃത്തം ചെയ്യിപ്പിക്കുകയായിരുന്നു’’ എന്ന ബൈജു ചന്ദ്രന്റെ നിരീക്ഷണം അക്ഷരാര്‍ഥത്തില്‍ ശരിയാണെന്ന് 1970 മുതല്‍ ഇറങ്ങിയിട്ടുള്ള ഒട്ടുമിക്ക ആനുകാലികങ്ങളും വായിച്ചിട്ടുള്ള എനിക്കറിയാവുന്നതാണ്.
മനസ്സിലും കൈകളിലും പ്രപഞ്ചത്തെ ഒളിപ്പിച്ചുവെച്ച ഈ ചിത്രകാരനെ അദ്ദേഹം അര്‍ഹിക്കുന്ന വിധത്തില്‍ സാംസ്കാരിക ലോകം ആദരിക്കാതെ പോകുന്നത് അക്ഷന്തവ്യമായ തെറ്റാണ്. അഭിമാനിയായ ആ ചിത്രകാരൻ ‘‘എനിക്കൊരു അവാർഡ് തരൂ’’ന്നും പറഞ്ഞുവരുമെന്ന് കരുതുന്നവർ മൂഢസ്വർഗത്തിലാണ്.
സണ്ണി ജോസഫ്,മാള
എന്തൊരു കവിതയാണിത്!
മുഹമ്മദ് കുട്ടി എളമ്പിലാേക്കാടിന്റെ കവിത (ലക്കം: 1397) വരാഹമുക്ര കാവ്യത്തീ തീർക്കുന്ന ഹിംസ്രജന്തു, നര മുഖാമുഖത്തിന്റെ ആയിരം കാന്താരി പൂക്കളെരിച്ചയുടെ അതിതീവ്രഭാവം, നര-വരാഹമുഖാമുഖം. കവിയെ നിർമിക്കലല്ല എഡിറ്ററുടെ പണി; കവിയെ കണ്ടെത്തുക എന്നതാണ്. മാധ്യമത്തിന്റെ ടീം അതിൽ വല്ലാതെ വിജയിക്കുന്നു. കവിതക്കും കവിക്കും ഐക്യദാർഢ്യം.