കർഷകസമരം വിജയിക്കണം
കർഷകസമരം വിജയിക്കണം
ഗംഭീരമായിരിക്കുന്നു ആഴ്ചപ്പതിപ്പിലെ ‘കർഷകസമരം’ എന്ന തുടക്കം (1399). ‘ഞാൻ മരിച്ചാൽ എന്റെ ചിതാഭസ്മം വയലുകളിൽ വിതറണം’ എന്നു പ്രഖ്യാപിച്ച പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവും ‘ജയ് ജവാൻ, ജയ് കിസാൻ’ എന്ന് ഉച്ചത്തിൽ ഉദ്ഘോഷിക്കാൻ രാജ്യത്തോട് ആഹ്വാനം ചെയ്ത ലാൽ ബഹദൂർ ശാസ്ത്രിയും പ്രധാനമന്ത്രിമാരായിരുന്ന രാജ്യത്താണ് കർഷകർക്കുനേരെ കണ്ണീർവാതകവും ലാത്തിച്ചാർജും റബർബുള്ളറ്റും പ്രയോഗിക്കുന്നത്.
ഒന്നും രണ്ടും കർഷക സമരങ്ങൾ തീർക്കാനായി കേന്ദ്ര സർക്കാർ ഉണ്ടാക്കിയ ഒത്തുതീർപ്പു വ്യവസ്ഥകളിൽ പലതും ഇതുവരെ നടപ്പാക്കാത്തതുകൊണ്ടാണ് ഇപ്പോഴത്തെ കർഷകസമരം. പഞ്ചാബിലും ഹരിയാനയിലുമുള്ള ലക്ഷക്കണക്കിന് കർഷകർ അഗ്രോ കോർപറേറ്റ് ഭീമന്മാരുടെ അടിമകളാകേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്. അവരുടെ ആവശ്യങ്ങൾ എന്താണെന്ന് നോക്കാം.
വിളവുകൾക്ക് നിയമപരമായ പിൻബലത്തോടെ മിനിമം താങ്ങുവില നൽകുക. അവരുടെ മൊത്തത്തിലുള്ള ഉൽപാദന ചെലവിന്റെ 50 ശതമാനം ലാഭമെങ്കിലും സർക്കാർ ഉറപ്പാക്കുക. കാർഷിക കടങ്ങൾ എഴുതിത്തള്ളുക. കർഷകരെ ബാധിക്കുന്ന സ്വതന്ത്ര വ്യാപാര കരാറിൽനിന്ന് സർക്കാർ പിൻവാങ്ങുക.
കൃഷിയിലും ചെറുകിട മേഖലയിലും കോർപറേറ്റ് വത്കരണം തടയുക, വൈദ്യുതി ബോർഡുകൾ സ്വകാര്യവത്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കുക. കഴിഞ്ഞ സമരകാലത്ത് കർഷകർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കുക. കാർഷിക, ക്ഷീര, പഴം, പച്ചക്കറി, മാംസ ഉൽപന്നങ്ങളുടെ ഇറക്കുമതി തീരുവ കുറക്കുന്നതിന് സബ്സിഡി വർധിപ്പിക്കുക തുടങ്ങിയ കാര്യങ്ങൾക്കുവേണ്ടിയാണ് സമരക്കാർ കുടുംബസമേതം ഡൽഹി അതിർത്തിയിൽ വന്ന് കെട്ടിക്കിടക്കുന്നത്. നമ്മുടെ രാജ്യം ശത്രുക്കളെ നേരിടാനെന്നോണം സന്നാഹങ്ങൾ ഒരുക്കിയാണ് കർഷകരെ നേരിടുന്നത്.
ഏതൊരു രാജ്യത്തിന്റെയും സമ്പദ് വ്യവസ്ഥയുടെ അടിസ്ഥാനം കർഷകരാണ്. കോർപറേറ്റുകൾക്കുവേണ്ടി അവരെ അടിച്ചൊതുക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. അതിന് തടയിടേണ്ടതാണ്. അങ്ങനെ വെറുതെ വിട്ടുകൊടുക്കുന്നവരല്ല ഈ കർഷകർ. കേന്ദ്രത്തിനെതിരെ പട പൊരുതി നിൽക്കാൻ കെൽപുള്ളവരാണ് അവരെന്ന് ഒന്നാം കർഷകസമരം തെളിയിച്ചതുമാണ്. ഇനി അവരുടെ അടുത്ത കാൽവെപ്പ് എന്താണെന്ന് നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് രാജ്യം.
സണ്ണി ജോസഫ്, മാള
ചുട്ക്ക് കവിതകൾ നൽകിയ അറിവ്
ഡോ. എ.എം. ശ്രീധരൻ എഴുതിയ ചുട്ക്ക് കവിതകൾ വളരെയേറെ അറിവുകൾ പകർന്നു. വിവിധ ഭാഷകളിലുള്ള കവികളെ കുറിച്ചുമുള്ള അവതരണം വളരെ ഹൃദ്യമായി. പുരാതനകാലം മുതൽതന്നെ രാജ്യത്ത് ചുടുക്ക് കവിതകൾ ധാരാളം ഉണ്ടായിരുന്നു. അർഥസാന്ദ്രവും എന്നാൽ, സംക്ഷിപ്തവും അതോടൊപ്പം നർമരസപ്രദവുമായി മാറാൻ ചുടുക്ക് കവിതകൾക്ക് കഴിഞ്ഞിട്ടുണ്ട്.
ജാതിഭേദത്തിനും മതവിദ്വേഷത്തിനുമെതിരെ പ്രാചീന കാലം മുതൽതന്നെ കവിതകളിലൂടെയും മറ്റും ഉദ്ബോധിപ്പിച്ചിരുന്നത് ആശയസമ്പന്നൻ ആകാനും അനീതികൾക്കെതിരെ പോരാടാനുമുള്ള വഴി തുറന്നുകൊടുത്തത് തീർച്ചയായും അഭിനന്ദനാർഹംതന്നെ.
വി. രാജേഷ് മോഹൻറാവു ധർമടം,തലശ്ശേരി
വാ(ഗ്)ക് വൈചിത്ര്യം
ആഴ്ചപ്പതിപ്പിലെ ‘വാ(ഗ്)ക് വൈചിത്ര്യം’ എന്ന കവിതയിലൂടെ (ലക്കം: 1398) വാക്കിന്റെ അവർണനീയമായ ശക്തിയും മഹിമയും സൗന്ദര്യവും സ്വഭാവ വൈചിത്ര്യങ്ങളും എന്തൊക്കെയെന്ന് വെളിപ്പെടുത്തുകയാണ് കവി നിബുലാൽ വെട്ടൂർ.
വാക്കുകൾക്ക് ആർദ്രതയുടെ തലത്തിലേക്കുയർന്ന് സാന്ത്വനമേകാനും മരങ്ങൾക്ക് മറഞ്ഞിരുന്ന് പഴുതുകിട്ടിയാൽ ചാടി വീഴുന്ന വ്യാഘ്രത്തേപ്പോലെ ഹിംസാത്മകമാവാനും കഴിവുണ്ട്.
സ്വരങ്ങൾക്കും വ്യഞ്ജനങ്ങൾക്കുമിടയിൽ ഒളിച്ചിരിക്കുന്ന ഈ വികൃതികൾ ചിലപ്പോൾ നമ്മെ ഒരു കുറിഞ്ഞിപ്പൂച്ചയെപ്പോലെ തൊട്ടുരുമ്മി, രോമക്കുളിരേകി, വട്ടത്തിൽ ചുറ്റിത്തിരിഞ്ഞ്, ‘കൊണിഞ്ഞ് പ്രണയിക്കു’മെന്നാണ് കവിഭാഷ്യം.
ഇലയനക്കത്തിലുണർന്ന് നായയെപ്പോലെ നിർത്താതെ കുരച്ചുകൊണ്ടിരിക്കുമെങ്കിലും അൽപസമയത്തിനകം സ്വയമടങ്ങും. എങ്കിലും ഇടക്കൊക്കെ മുരളുകയും നാവുപുറത്തിട്ട് ശ്വാസിക്കുകയും ചെയ്യും. കിണഞ്ഞു പരിശ്രമിക്കുക എന്ന് കേട്ടിട്ടുണ്ടെങ്കിലും ‘കൊണിഞ്ഞു പ്രണയിക്കുക’ എന്ന പ്രയോഗചാരുതക്ക് ഒരു സല്യൂട്ട്. വാക്കുകൾ നമ്മെ ഉരുവപ്പെടുത്തുന്നതെങ്ങനെ എന്ന് കാണിക്കുന്ന ഫലസ്തീൻ കവി മഹ്‌മൂദ് ദർവീശിന്റെ ‘WORDS’ എന്നൊരു കവിതയുണ്ട്.
‘‘When my words were wheat
I was earth.
When my words were anger
I was storm.
When my words were rock
I was river.
When my words turned honey
Flies covered my lips.’’
വിവേകശൂന്യമായി അസ്ഥാനത്ത് പ്രയോഗിക്കുന്ന ചില വാക്കുകൾക്ക് ചില്ലുകളേക്കാൾ മൂർച്ചയോടെ രക്തം ചീന്തുന്നതിനും അന്യന്റെ ഹൃദയത്തെ കീറിമുറിക്കുന്നതിനും ശക്തിയുണ്ട്. ഇത്തരം വാക്കുകൾ വ്യക്തിഹത്യയിലേക്കുവരെ നയിക്കുന്ന സംഭവവികാസങ്ങൾക്ക് നാം സാക്ഷ്യംവഹിക്കേണ്ടിവരുന്നു.
വാക്കുകൾ സമൂഹത്തിൽ സൃഷ്ടിക്കുന്ന സ്വാധീനത്തിനൊപ്പം, അവയെ വ്യക്തിജീവിതത്തിലേക്കും കുടുംബജീവിത സന്ദർഭങ്ങളിലേക്കും (പഴുതുകിട്ടിയാൽ ചാടിവീഴും/ആഴത്തിൽ പറഞ്ഞിറുക്കും) കവി സമർഥമായും സൂക്ഷ്മതയോടെയും വിളക്കിച്ചേർക്കുന്നുണ്ട്.
കമിതാക്കൾക്കിടയിലും ദാമ്പത്യത്തിനിടയിലും വാക്കുകൾക്ക് ചിലപ്പോൾ ലിപിയില്ലാത്തവരെപ്പോലെ നിശ്ശബ്ദരാകേണ്ടി വരുന്നു. മൗനത്തിന്റെ മടിയിലിരിക്കുന്ന ചില സന്ദർഭങ്ങളിൽ നിയന്ത്രണം നഷ്ടപ്പെട്ട് പുറത്തേക്കിറങ്ങി എല്ലാം വിളിച്ചുപറയണമെന്ന് തോന്നും. (ചിലപ്പോഴൊക്കെ കൈവിട്ട് പോകും/ ലക്ഷ്യത്തിൽനിന്ന് ഇഴതിരിഞ്ഞു നിൽക്കും/ നാലുപാടും ചിതറും) തൊട്ടടുത്ത് കാണുന്ന അനീതിക്കെതിരെ ശക്തമായി പ്രതികരിക്കണമെന്നുണ്ടാകും.
പലപ്പോഴും വാക്കുകൾ സ്വയം നിയന്ത്രിക്കുകയോ മറ്റു ചിലരാൽ നിയന്ത്രിക്കപ്പെടുകയോ ചെയ്യും.(പുറത്തേക്കിറങ്ങാൻ തിടുക്കംകൂട്ടി വീർപ്പടക്കി നിൽക്കും/ചുവടൊന്നു തൊട്ടാൽ തപ്പിത്തടയും/വീഴാതിരിക്കാൻ ചുണ്ടിൽ മുറുകെപ്പിടിക്കും) രാത്രിക്കിടക്കയിൽ സിരകളെ ത്രസിപ്പിച്ച് സ്നേഹോന്മാദരതിയിലേക്കു നയിക്കുന്നതും ഇവർതന്നെ.
ചില സന്ദർഭങ്ങളിൽ എത്ര നിയന്ത്രിച്ചാലും ബോധം നഷ്ടപ്പെട്ട്, അന്ധമായ കോപത്തിനടിപ്പെട്ട് വലിയ ഒരു ഉരുൾപൊട്ടൽ പോലെ നാലുപാടും എത്തി എല്ലാം തകർത്തെറിയും. ഇത്തരം വാക്പ്രളയത്തിൽപ്പെട്ട് പലരും കൈകാലിട്ടടിക്കും. മുങ്ങിച്ചാകും. ചേതനയില്ലാതെ കെട്ടിപ്പിടിച്ച് ഒഴുകിനടക്കും. ലക്ഷ്യസ്ഥാനത്തേക്ക് കാഞ്ചിവലിക്കാൻ കഴിയാതെ തോറ്റുപോകുന്നവരായി നാം മാറും.
‘‘കാഞ്ചി വലിയാതെ തോൽക്കുക’’ എന്ന ഗംഭീരമായ വാക്പ്രയോഗത്തിലൂടെ സ്നേഹമസൃണമായ വാക്കുകൾക്കു മുന്നിലും ചിലപ്പോഴൊക്കെ തോറ്റുകൊടുക്കേണ്ടിവരുന്ന ജീവിതസന്ദർഭങ്ങളെക്കൂടിയാണ് കവി വിവക്ഷിക്കുന്നതെന്ന് തോന്നി.
‘‘My words become a spear in flight
Unopposable as truth,
my spear returns to strike me
dead.’’ (Adonis- Lebanon poet)
‘‘മൃദുവായ് മൊഴിയുമ്പോൾ
ഹൃദയം കാതോർക്കുന്നു
ഹിതമായ് പറയുമ്പോൾ
വിജയം കൈ നീട്ടുന്നു.
സഭ്യമായുരുവിട്ടാൽ
സത്യങ്ങളുദിക്കുന്നു
ശുദ്ധമായെതിരിട്ടാൽ ശത്രുവും സ്നേഹിക്കുന്നു.’’ (പി.കെ. ഗോപി –പ്രിയപ്പെട്ട വാക്കുകൾ)
മോഹൻകുമാർ വള്ളിക്കോട് (ഫേസ്ബുക്ക്)
ഒറ്റാലും തെറ്റാലിയും
ആഴ്ചപ്പതിപ്പ് വന്നാലുടൻ ഇപ്പോൾ വായന വിജു വി. നായരുടെ ‘ഒറ്റാലും തെറ്റാലി’യുമാണ്. ഭാഷയെ സംഗീതമാക്കുന്ന, വിജ്ഞാനത്തിന്റെ ഭണ്ഡാരമാണ് ഇൗ പംക്തി. വാക്കുകൾ സൂക്ഷ്മമായി തിരഞ്ഞെടുത്ത് വിജു വി. നായർ കവിതയെഴുതുന്നു.