വേനൽക്കാലത്ത് കമ്പിളി മടക്കുമ്പോൾ, പെരുമ്പൂച്ചകൾ
ഒരു പതിറ്റാണ്ടിലേറെയായി സുഹൃത്തായ വെയിൽസ് കവി ഷാൻ മെലാഞ്ജൽ ദാവീദിനെയും ബാസ്ക് കവി ഹർകൈറ്റ്സ് കാനോയെയും കുറിച്ച് എഴുതുന്നു. അവരുടെ കവിതകളുടെ മൊഴിമാറ്റവും വായിക്കാം.ഷാൻ മെലാഞ്ജൽ ദാവീദ് ജീവിതത്തോടും എഴുത്തിനോടുമുള്ള അടങ്ങാത്ത ആസക്തി. അതാണ് ഒറ്റവാക്യത്തിൽ ഷാൻ. നേരം വെളുക്കും മുന്നേ മരിച്ചുപോകും എന്ന മട്ടിലാണ് കാര്യങ്ങൾ. അതിനുമുമ്പ് സകലതും ചെയ്തുതീർക്കണം. ഒരു നിമിഷം കളയാനില്ല. ചുമ്മാ ഇരിക്കൽ എന്നൊന്ന് എന്താണെന്ന് അറിയാനേ വയ്യ. ഒരു...
Your Subscription Supports Independent Journalism
View Plansഒരു പതിറ്റാണ്ടിലേറെയായി സുഹൃത്തായ വെയിൽസ് കവി ഷാൻ മെലാഞ്ജൽ ദാവീദിനെയും ബാസ്ക് കവി ഹർകൈറ്റ്സ് കാനോയെയും കുറിച്ച് എഴുതുന്നു. അവരുടെ കവിതകളുടെ മൊഴിമാറ്റവും വായിക്കാം.
ഷാൻ മെലാഞ്ജൽ ദാവീദ്
ജീവിതത്തോടും എഴുത്തിനോടുമുള്ള അടങ്ങാത്ത ആസക്തി. അതാണ് ഒറ്റവാക്യത്തിൽ ഷാൻ. നേരം വെളുക്കും മുന്നേ മരിച്ചുപോകും എന്ന മട്ടിലാണ് കാര്യങ്ങൾ. അതിനുമുമ്പ് സകലതും ചെയ്തുതീർക്കണം. ഒരു നിമിഷം കളയാനില്ല. ചുമ്മാ ഇരിക്കൽ എന്നൊന്ന് എന്താണെന്ന് അറിയാനേ വയ്യ. ഒരു നൂറ് കരിയിലക്കിളികൾ ഒന്നിച്ചു പറന്നുനിൽക്കുംപോലെയുള്ള പടപടപ്പ്.
ഒരു പതിറ്റാണ്ടിലേറെയായി എന്റെ സുഹൃത്താണ് ഷാൻ മെലാഞ്ജൽ ദാവീദ്. പേരിലെ ഷാൻ എന്നതൊഴിച്ചുള്ളത് ഏകദേശ ഉച്ചാരണമാണ്. അത് മലയാളത്തിൽ കൃത്യമായി എഴുതാൻ ലിപി വേറേ വേണ്ടിവരും. വെയിൽസുകാരെപ്പറ്റി ഗാന്ധി പണ്ട് ചോദിച്ചിട്ടുണ്ടേത്ര, ഇന്ത്യക്കാരെപ്പോലെ ഇംഗ്ലീഷ് സംസാരിക്കുന്നവരല്ലേ എന്ന്. ഇൻഡോ യൂറോപ്യൻ ഭാഷകളിൽ, കെൽറ്റിക് കുടുംബത്തിൽപെടുന്ന വെൽഷിന് ഇംഗ്ലീഷുമായുള്ളതിനെക്കാൾ ശബ്ദപരമായ സാമ്യം എന്തായാലും ദ്രാവിഡഭാഷകളോടുണ്ട് എന്നെനിക്ക് തോന്നിയിട്ടുണ്ട്. ഇംഗ്ലീഷിനെക്കാൾ പുരാതനമാണ് വെൽഷിന്റെ ഉത്ഭവം. ഉച്ചാരണത്തിലും വ്യാകരണത്തിലും വെൽഷിന് ഇംഗ്ലീഷുമായുള്ളതിനെക്കാൾ അടുപ്പം ഫ്രഞ്ച്, ജർമൻ, സ്കാൻഡിനേവിയൻ ഭാഷകളോടുണ്ട്. നമ്മുടെ മംഗ്ലീഷ് പോലെ വെയിൽസിൽ സംസാരിക്കുന്ന പ്രാദേശിക ഇംഗ്ലീഷിന് വെങ്ക്ളീഷ് എന്നും പറയാറുണ്ട്. യു.കെയിലെ വെൽഷ് ഭാഷയുടെ ജീവിതത്തിന് ഇംഗ്ലീഷ്, ഹിന്ദി ആധിപത്യത്തിൽ മലയാള ഭാഷയുടെ ജീവിതത്തോട് ഒരളവ് താരതമ്യവും ഉണ്ടെന്നു പറയാം. അങ്ങനെയൊരു കീഴാള സാംസ്കാരിക, രാഷ്ട്രീയ സാഹോദര്യംകൊണ്ടാവാം, വെൽഷ് കവികളുമായുള്ള സൗഹൃദവും കൊടുക്കവാങ്ങലുകളും പരിഭാഷകളും എല്ലായ്പോഴും സുഖകരമായിരുന്നു.
ഷാൻ കവിയും പരിഭാഷകയും നോവലിസ്റ്റുമാണ്. പാരിസിലെ അമേരിക്കൻ യൂനിവേഴ്സിറ്റിയിലും വെയ്ൽസിലെ ബാങ്ഗോർ യൂനിവേഴ്സിറ്റിയിലും പഠിപ്പിക്കുന്നു. വെൽഷ്, ഇന്ത്യൻ കവികൾക്കൊപ്പം തിരുവനന്തപുരത്തുവെച്ചാണ് ഞാൻ ആദ്യം ഷാനെ കണ്ടുമുട്ടിയത്, 2011 നവംബറിൽ തിരുവനന്തപുരത്ത് നടന്ന ഹേ ഫെസ്റ്റിവലിനോടനുബന്ധിച്ചുണ്ടായ പരിഭാഷാ കൂടിച്ചേരലിൽ െവച്ച്. അന്നവൾ ഇംഗ്ലീഷിൽ മാത്രമാണ് എഴുതിയിരുന്നത്. അതെന്തുകൊണ്ടെന്ന് ഞാൻ ചോദിക്കുകയും ചെയ്തു. മാതൃഭാഷയായതുകൊണ്ടു തന്നെ എടുത്തുപെരുമാറുമ്പോൾ കൈവിറയ്ക്കുന്നു എന്നാണവൾ പറഞ്ഞത്. ഇംഗ്ലീഷ് തരുന്ന അകലവും സ്വാതന്ത്ര്യവും വെൽഷ് തരുന്നില്ല എന്ന്. ഒരമ്മയുടെ വൈകാരികബന്ധനവും കാർക്കശ്യവും കൊണ്ട് മാതൃഭാഷകൾ എഴുത്തുകാർക്ക് വിലങ്ങിടാറുണ്ടോ? ഇംഗ്ലീഷ് പോലെ ഒരു ലോകഭാഷ ആന്തരികമായിക്കൂടി വഴങ്ങുമായിരുന്നെങ്കിൽ ഞാൻ ഇംഗ്ലീഷിൽ എഴുതാൻ മുതിരുമായിരുന്നോ? എനിക്കുറപ്പില്ല. മറ്റു ദ്വിഭാഷാ കവികൾക്ക് ഇക്കാര്യത്തിൽ കൂടുതൽ പറയാൻ കഴിയുമായിരിക്കും. അന്ന് ഞാൻ ഷാനോട് പറഞ്ഞു: ഭാഷാ രാഷ്ട്രീയത്തിന്റെ ബോധ്യങ്ങൾ വിടുക, അതുകൊണ്ടല്ല, അതിനുമപ്പുറം നീ കവിയാണ്, നിന്റെ ആത്മാവിന്റെ ഭാഷയിലല്ലേ നീ എഴുതേണ്ടത്. ഏതാണ് നിന്റെ ആ ഉൾഭാഷ? വെൽഷോ ഇംഗ്ലീഷോ?
പിന്നീട് ഞങ്ങളൊന്നിച്ച് അനവധി യാത്രകൾ ചെയ്യുകയും പരിഭാഷകൾ നടത്തുകയും ചെയ്തു. 2014ൽ ഞാൻ ഗോവയിൽ പാർക്കുമ്പോൾ ഷാൻ ഒരുമാസം എനിക്കൊപ്പം വന്നു പാർത്തു. ഞങ്ങൾ ഒന്നിച്ച് പുസ്തകങ്ങൾ വായിച്ചും ഇരുഭാഷകളിലെയും കവിതകൾ ചൊല്ലിയും പരിഭാഷപ്പെടുത്തിയും ഒരേ കാര്യത്തെപ്പറ്റി വെവ്വേറെ കവിതകൾ ഇണക്കവിതകളായി എഴുതിയും ഭക്ഷണം പാകംചെയ്തും ഗോവയിലെ ഉൾനാട്ടുവഴികളിലും ബീച്ചുകളിലും അന്തമില്ലാതെ നടന്നും ഒരു മാസത്തോളം ചെലവിട്ടു. അപ്പോഴേക്കും അവൾ വെൽഷ് ഭാഷയിൽ കവിതകളും കഥകളും എഴുതിത്തുടങ്ങിയിരുന്നു.
2017ൽ വെയ്ൽസിലെ ബാലാ എന്ന ഉൾഗ്രാമത്തിലുള്ള ഷാന്റെ വീട്ടിലും ഞങ്ങൾ ഒന്നിച്ച് ചില ആഴ്ചകൾ ചെലവിട്ടു. പുറംലോകത്തിന്റെ ബഹളങ്ങൾ ഏൽക്കാതെ ഒരു മനോഹര തടാകത്തിനു ചുറ്റുവട്ടത്തായി പുലരുന്ന ചെറുപ്രദേശമാണ് ബാലാ. ചെറുകുന്നുകളും മനുഷ്യരേക്കാളധികം ചെമ്മരിയാടുകളും ഉള്ളിടം. ഏതൊരു നാട്ടിൻപുറത്തുമെന്നപോലെയുള്ള സാധാരണജീവിതം. രാവിലെ രണ്ട് കിലോമീറ്റർ ദൂരത്തു പോയി ദിനപത്രം വാങ്ങിക്കൊണ്ടുവരണം. രണ്ടാം ലോകയുദ്ധ കാലത്ത് പിറന്നുവളർന്ന തലമുറയുടെ സ്വയംപര്യാപ്തമായ ഗൃഹജീവിതം ഷാന്റെ അമ്മയും അച്ഛനും ഇന്നും തുടർന്നുപോരുന്നു. ഭൂപ്രകൃതിയിലും ഭക്ഷണത്തിലും ഉള്ള വ്യത്യാസങ്ങളും നഗരവത്കരണപ്രവണതയും മാറ്റിനിർത്തിയാൽ ഇംഗ്ലീഷ് സംസ്കാരത്തിൽനിന്ന് വ്യത്യസ്തമായി വെൽഷ് ഗ്രാമീണസംസ്കാരത്തിന് ഒരുപക്ഷേ ഇടത്തരം കേരളീയ ജീവിതത്തോട് വലിയ സാമ്യമുണ്ടെന്നു തോന്നി; ബന്ധങ്ങളിൽ, ജീവിതചര്യകളിൽ, സമീപനങ്ങളിൽ ഒക്കെ.
ഞങ്ങളൊന്നിച്ച് വെയ്ൽസിൽ പലയിടങ്ങളിലും യാത്രചെയ്തു, കവികളോടൊത്തുകൂടി. കവിത വായനകൾ നടത്തി. ബാലായിലെ ഒരു പബിലെ വായന കഴിഞ്ഞപ്പോൾ അതു കേട്ട് പിന്നിലെ വാതിൽക്കൽ നിന്നിരുന്ന ഉടമസ്ഥ എന്നോട് അവരുടെ ചുവരിൽ ഒരു കവിത മലയാളത്തിൽ എഴുതുമോ എന്ന് ചോദിച്ചു. ആ ചുവർ ഒരു കലാസൃഷ്ടി വെക്കാനായി അവർ പുതുതായി ചായമടിച്ചിട്ടിരിക്കുകയായിരുന്നു. ഇനി നിങ്ങൾ അതിന്മേൽ ഒരു കവിത എഴുതിയാൽ മതി എന്നവർ പറഞ്ഞു. ആ ഉൾനാട്ടു പബിൽ അതൊരിക്കലും മലയാളത്തിൽ വായിക്കപ്പെടുകയില്ല എന്നു പറഞ്ഞ് ‘മൊഹീതോ പാട്ട്’ എന്ന കവിത ഞാനെഴുതിയിട്ടു. മൂന്നു വർഷം തികഞ്ഞില്ല, അതുവഴി കടന്നുപോയ ഒരു മലയാളി ദന്തഡോക്ടർ ചുവരിലെ മലയാളകവിത കണ്ട് അതിശയിച്ച കഥ ഷാൻ വിളിച്ചു പറഞ്ഞു.
സ്വന്തം ശരീരത്തിലും ആരോഗ്യത്തിലും ഇത്രയധികം മുഴുകുന്ന മറ്റൊരാളെ ഞാൻ കണ്ടിട്ടില്ല. പാചകം ചെയ്യാത്ത ഭക്ഷണമാണ് മിക്കവാറും കഴിക്കുക. പഴങ്ങളും പച്ചക്കറികളും മാത്രം. പാൽ, മുട്ട, മീൻ, മാംസം തുടങ്ങി ഒന്നും തൊടുകയില്ല. കൊടിയ യോഗാഭ്യാസിയും യോഗാ പരിശീലകയും കൂടിയാണ് ആൾ. പ്രസവംപോലും വീട്ടിലാണ് നടത്തിയത്. ഏവൻ എന്ന മകന് ഇപ്പോൾ നാല് വയസ്സ്. ഗാന്ധിയെ കൊണ്ടുനടക്കാൻ കൂടെയുള്ള ആൾക്കാർ പ്രയാസപ്പെട്ടതുപോലെ ഷാനെ പരിപാലിക്കാൻ ഞാനും കഷ്ടപ്പെട്ടു. അടങ്ങാത്ത ദാഹത്തോടെയാണ് എഴുത്തിനെപ്പോലും സമീപിക്കുക. ജീവിതത്തിൽനിന്ന് ഒരു തരിമ്പും വിട്ടുപോകാതെ സകലതും എഴുത്തിലേക്ക് ശേഖരിക്കാനുള്ള വെമ്പൽ. ഒട്ടും നഷ്ടപ്പെട്ടുപോകരുത്, ഒന്നും വെറുതേയാകരുത് എന്ന ഒരു മട്ട്. തിരുവനന്തപുരത്ത് എന്റെ വീട്ടിൽ രണ്ടാഴ്ച ചെലവഴിക്കാൻ എത്തുമ്പോൾ ഷാൻ അഞ്ചു മാസം ഗർഭിണിയായിരുന്നു, എങ്കിലും കാലിൽ നീരും ക്ഷീണവുമായി നഗരത്തെരുവുകളിലും മീഞ്ചന്തകളിലും കടപ്പുറത്തും കൂട്ടുകവികൾക്കൊപ്പവും അലയാനിറങ്ങി.
പല കവിതകൾ ഞങ്ങൾ പരസ്പരം പരിഭാഷപ്പെടുത്തിയിട്ടുണ്ട്. എന്റെ ‘മുറ്റമടിക്കുമ്പോൾ’ എന്ന കവിതക്ക് തുടർക്കവിതയായി തന്റെ അച്ഛൻ തൊടി വൃത്തിയാക്കുന്നതിനെപ്പറ്റി ഷാൻ ഒരു കവിത എഴുതിയിട്ടുമുണ്ട്. ഷാന്റെ കവിതകൾ വ്യക്തിപരമായ അനുഭവങ്ങളിൽനിന്നാണ് പിറവിയെടുക്കുക, നിത്യജീവിതത്തിന്റെ സാധാരണതകളിൽനിന്ന്. അവക്കുമേൽ മറ്റ് ഭാരങ്ങൾ െവച്ചുകെട്ടാതെ അവയെ അവയായിത്തന്നെ ദൃശ്യങ്ങളിൽ, സ്പർശങ്ങളിൽ, മണങ്ങളിൽ, രുചികളിൽ, ഒച്ചകളിൽ ഊന്നിക്കൊണ്ട് അവതരിപ്പിക്കുന്ന രീതി. ഇവിടെ ചേർക്കുന്ന, മഞ്ഞുകാലത്തേക്കുള്ള കമ്പിളി വേനലിൽ കുടഞ്ഞു വലിച്ചു മടക്കുന്നതിനെപ്പറ്റിയുള്ള കവിത, പണ്ട് കഞ്ഞിമുക്കി പറമ്പിലെ പുല്ലിൽ വിരിച്ച് ഉണക്കിയെടുത്ത സാരികൾ അമ്മയും ഞാനും ചേർന്ന് വലിച്ചുനിവർത്തി മടക്കുന്ന ഓർമയാണ് എന്റെ മനസ്സിലേക്ക് കൊണ്ടുവന്നത്. ‘പെരുമ്പൂച്ചകൾ’ എന്ന കവിത രാത്രികാലങ്ങളിൽ പതുങ്ങിയെത്തി കോഴികളെ കൊണ്ടുപോകുന്ന ആരും കണ്ടിട്ടില്ലാത്ത, ആർക്കും പിടികൊടുത്തിട്ടില്ലാത്ത ഒരു സാങ്കൽപിക ജീവിയെപ്പറ്റിയാണ്. എന്റെ കുട്ടിക്കാലത്ത് വീട്ടിലെ കോഴിക്കൂട്ടിൽനിന്ന് ഒച്ചയോ അനക്കമോ കേൾപ്പിക്കാതെ, ഒരു പപ്പോ പൂടയോ ഒരു തുള്ളി ചോരയോ അടയാളം ശേഷിപ്പിക്കാതെ അമ്മയുടെ അരുമക്കോഴികൾ ഇടക്കിടെ അപ്രത്യക്ഷമായിരുന്നു, അയൽവീടുകളിലും അതുപോലെതന്നെ. ഉറക്കമൊഴിച്ച് വെളുക്കുവോളം കാവലിരുന്നിട്ടും കോഴികളെ കൊണ്ടുപോകുന്ന ജീവിയുടെ പൊടിപോലും ഞങ്ങൾക്ക് കിട്ടിയില്ല. കാൽപാടുകൾ കാണാൻ പാകത്തിൽ തൂത്തിട്ട മുറ്റമാകട്ടെ, ഒരു പാടുപോലുമില്ലാതെ അപ്പടി കിടക്കുകയും ചെയ്യും! ഞങ്ങളുടെ നാട്ടിൻപുറത്ത് ആ അദൃശ്യജീവിയെ അന്നൊക്കെ വിളിച്ചിരുന്നത് വള്ളിപ്പുലി എന്നാണ്. ലോകത്തെല്ലായിടത്തും ചില കാര്യങ്ങൾ ഒരുപോലെ തന്നെ. നമുക്കു കാണാൻ കിട്ടാതെയും പിടിതരാതെയും നമ്മുടെ വീട്ടുവളപ്പിൽനിന്ന് ജീവനുള്ളവയെ അപ്രത്യക്ഷമാക്കുന്ന, നമ്മെക്കാൾ നമ്മെയറിയുന്ന ആ ശക്തി എന്തായിരിക്കാം എന്ന് ഇക്കാലത്ത് ആലോചിക്കുമ്പോൾ അതിന് പണ്ടില്ലാതിരുന്ന ചില മാനങ്ങൾ തോന്നുന്നു.
വേനൽക്കാലത്ത് കമ്പിളി മടക്കുമ്പോൾ
എന്റെ കുടുംബത്തിലെ പെണ്ണുങ്ങൾക്കൊപ്പം അവരുടെ അടുക്കളമുറ്റങ്ങളിൽ ഞാൻ കമ്പിളി മടക്കാൻ കൂടിയിട്ടുണ്ട്. എല്ലായ്പോഴും രണ്ടാളുണ്ടാവും, പുല്ലിനു മേൽ ഒരു കൂന പിന്നെയും കിടപ്പുണ്ടാവും, പുല്ല് ആരെയും നോവിക്കുകില്ലല്ലോ. അതുകൊണ്ട് ഞങ്ങൾ ചിലന്തികളെ വലിച്ചുനിർത്തിയ കമ്പിളിക്കുള്ളിലേക്ക് ഓടിച്ചുവിട്ടു. പണിയെന്നു പറഞ്ഞ് അങ്ങനെയെല്ലാം ചെയ്യുന്നതിനിടയിൽ തുണികൾക്കിടയിൽ തിരഞ്ഞുകൊണ്ട് ഞങ്ങൾ തമ്മിൽ വാക്കുകളെറിഞ്ഞു, പഴകിയഴിഞ്ഞ തുന്നൽപാടിൽ ചാട്ടുളിനോട്ടങ്ങളാൽ അവ പിടിച്ചെടുത്തു, ഭദ്രമായി മടക്കിവെച്ചു, നല്ല ഉപദേശംപോലെ, ലാവൻഡർ മണമുള്ള തലയിണകൾപോലെ. പുല്ലിനുമേൽ ഞങ്ങൾ പരസ്പരം പലതും പഠിച്ചു, രണ്ട് അമച്വർ തായ് ചി അഭ്യാസികളെപ്പോലെ, കാറ്റിനൊപ്പം പഠിച്ച്, പരസ്പരം ചരടുകൾ വലിച്ചു. മടക്കുമ്പോൾ ഞങ്ങൾ തോന്നലുകൾ ഇടംകൈയിൽനിന്ന് വലംകൈയിലേക്ക് കുടഞ്ഞു, മടക്കുകൾ വീണ്ടും മടക്കി, തമ്മിൽ പായ്മരം നീക്കി, കോണോടുകോൺ വലിച്ചു പിടിച്ചുനിർത്തി. ഒന്നിച്ചങ്ങനെ ഞങ്ങൾ രണ്ട് മനസ്സുകളുള്ള, മഞ്ഞുകാലത്ത് കുപ്പായക്കൈകൾക്കു കീഴേ തിരുകാനുള്ള കൈലേസ് ചെറുചതുരങ്ങളായി മടക്കുന്ന ഒരൊറ്റ രാക്ഷസ സ്ത്രീയായി¹.
1. മഞ്ഞുകാലത്ത് ജലദോഷവും മൂക്കൊലിപ്പും പതിവുള്ളതിനാൽ ഗ്രാമീണർ ചെറുചതുരങ്ങളായി മടക്കിയ കൈലേസുകൾ കുപ്പായക്കൈകൾക്കിടയിൽ തിരുകിവെക്കാറുണ്ട്.
പെരുമ്പൂച്ചകൾ
പള്ളതുളഞ്ഞു കിടക്കും കോഴികൾ
ചോരയൊരിറ്റും കാണാനില്ല, ചിതറിയ തൂവലുമില്ല, കലമ്പലുമില്ല
കുറുനരിയല്ല എന്തു വെടിപ്പ്, എന്തൊരു ശ്രദ്ധ, എന്തൊരു കരുണ!
പണ്ടേപ്പോലെ തിരികെത്തരുമോ അവയെ, തുള വീഴാതെ,
മുട്ടൻ മുട്ടകളിട്ടു നടക്കുംപടി ഉല്ലാസത്തോടെ
ഈ വഴിയെന്തോ പോയി? വേലിച്ചുറ്റും പൂട്ടിയ ഗേറ്റും അതുപോലുണ്ട്,
പക്ഷേ നാടൻ, തുർക്കിക്കോഴികൾ ഒറ്റയൊരെണ്ണം കാണാനില്ല.
തൂവലുലഞ്ഞതിൽ ഇന്നലെ രാത്രിയിൽ
കൈനഖമാഴ്ത്തിയതാരോ എന്തോ?
കാട്ടിൽക്കയറിത്തിരയാം, കുന്നുകൾ കയറിപ്പോകാം,
മൈലുകൾ താണ്ടാം, വഴിതെറ്റിയലഞ്ഞു നടക്കാം.
ആളുകൾ അതിനെപ്പറ്റിപ്പറയും, പാറക്കല്ലുകൾ പോൽ കാൽപ്പാടുകളെന്ന്,
കറുത്ത മുതുകും മീശയുമെന്ന്.
ഈ മണ്ണറിയും പോലതുമറിയും നമ്മെ,
നമ്മുടെ ചുവടുകൾ, ഭാരം, ചൂരിൻ താരകൾ തോറും വീശും
മുടിയിഴയെണ്ണമെഴുക്ക്.
അറിയും നമ്മെ പത്തിരുപതു മരദൂരം വരെയും.
നാമറിയുന്നതിനപ്പുറവെളിയിൽ എങ്ങോ എന്തോ ഒന്ന്.
രാവിൽ ചുവരിൽ കാലുകളൂന്നി നടക്കുന്നതിനെ
അറിയാനാവാതിങ്ങനെ, ഉണ്ടോ എന്തോ മമതയെനിക്കതിനോട്?
അറിയാമിത്രയും: ഇല്ല നമുക്കിനിയൊന്നും ബാക്കി.
തണുത്തുകിടക്കും മുട്ടകളിന്മേൽ പറ്റിയിരിക്കും കച്ചിയും
അൽപം കാട്ടവുമല്ലാതൊന്നും തന്നെ.
രാവിലെ വീണ്ടും നോക്കുന്നേരം പൊടിയും മുട്ടത്തോടുകൾ വിരലിൽ,
മണ്ണിൽ കുത്തിച്ചികയൽവരകൾ,
പുല്ലിൽ കോഴിയിരുന്നു പതുങ്ങിയ പാട്,
വെള്ളത്തൊട്ടി നിറഞ്ഞും,
നീയോ, നീയുച്ചത്തിൽ, അത്യുച്ചത്തിൽ വിളിക്കുകയാണ്
പൊയ്പ്പോയവയെ
രാവിലെ തീറ്റ കൊടുക്കാനായി
ഹർകൈറ്റ്സ് കാനോ
കോഴിക്കോട്ട് കവിതാ ശിൽപശാലയിൽ വെച്ചാണ് ഹർകൈറ്റ്സിനെ കണ്ടത്. നാലുവർഷം മുമ്പ്, സ്വിസ്, കാറ്റലൻ, വെൽഷ്, മാൾട്ടീസ് ഭാഷകളിലെ കവികൾക്കൊപ്പം. പേരു വിളിക്കാനുള്ള പ്രയാസംകൊണ്ട് മലയാള കവികൾ ഹർകൈറ്റ്സിനെ ഹരിക്കുട്ടൻ എന്ന് വിളിച്ചു. ചില ദിവസങ്ങൾ കഴിയുമ്പോഴേക്കും തമാശ മാറി ആ വിളിപ്പേര് പതിഞ്ഞു. കവി, ചെറുകഥാകൃത്ത്, നോവലിസ്റ്റ്, ഗ്രാഫിക് നോവലിസ്റ്റ്, കോളമിസ്റ്റ്, ഉപന്യാസകാരൻ, കുട്ടികൾക്കുള്ള കഥാകൃത്ത്, പരിഭാഷകൻ എന്നുവേണ്ട ആൾ കൈ വെക്കാത്തതൊന്നുമില്ല. മെലിഞ്ഞ്, ദുർബലമെന്ന് തോന്നാവുന്ന രൂപം, കണ്ടുമറന്ന മുഖം. കണ്ണുകളിലും ചുണ്ടിൻകോണിലും ലേശം കുസൃതിയോ കുറുമ്പോ പുരണ്ട ഒരു ചിരിയുടെ ലാഞ്ഛന.
വടക്കൻ സ്പെയിനിൽ പിരണീസ് പർവതനിരകളോട് ചേർന്ന് കിടക്കുന്ന സ്വയംഭരണ പ്രദേശമാണ് ബാസ്ക്. സ്പാനിഷും ബാസ്ക്കും ഭാഷകൾ. ബാസ്കിന് ലാറ്റിൻ ബന്ധമില്ല, ഇൻഡോ യൂറോപ്യൻ ഭാഷാകുടുംബമല്ല, അതിനെക്കാൾ ഏറെ പഴക്കവുമുണ്ട്, ഒരുപക്ഷേ യൂറോപ്പിലെ ഏറ്റവും പഴക്കമുള്ള ഭാഷ എന്നും പറയുന്നു. ഭാഷയുടെ ആദികാലത്തെപ്പറ്റി വ്യക്തമായ വിവരമൊന്നുമില്ല, നിയോലിതിക് കാലത്തേക്കാൾ മുമ്പായിരിക്കണം ആദിമ ബാസ്ക് എന്ന് കരുതപ്പെടുന്നു. പക്ഷേ ഈ പൗരാണികത ഭാഷയുടെ ഇക്കാലജീവിതത്തെ മുന്നോട്ടുകൊണ്ടുപോകുന്നുണ്ട് എന്ന് തോന്നുന്നില്ല. എട്ടൊമ്പത് നൂറ്റാണ്ടുകളായി ക്ഷീണിച്ചുവരുകയാണ് ബാസ്ക്. അടുത്തകാലത്തായി അൽപം ഉണർവുണ്ടായി വരുന്നുവെന്നു മാത്രം. പ്രസാധകരും പുസ്തകങ്ങളും പരിഭാഷകളും എണ്ണത്തിൽ നന്നേ കുറവ്. അതുകൊണ്ടുതന്നെ ഈ കവിതയുടെ -ഇംഗ്ലീഷ് വഴി എങ്കിൽപോലും- മലയാളത്തിലേക്കുള്ള പരിഭാഷക്ക് പ്രാധാന്യമുണ്ട്. സ്വന്തം നാടോടി പാരമ്പര്യത്തിന്റെയും ഐതിഹ്യങ്ങളുടെയും അംശങ്ങൾ ഉണ്ടായിരിക്കെത്തന്നെ പൊതുവെ യൂറോപ്യൻ സാഹിത്യത്തിന്റെ ചുവടുപിടിച്ചാണ് ബാസ്ക് സാഹിത്യത്തിന്റെ നട. ക്ലാസിക്കിനും കളിക്കും ഇടയിലെ ചാഞ്ചാട്ടം എന്ന് വിശേഷിപ്പിക്കപ്പെടുന്ന തരം ഇനിയും കാലുറയ്ക്കാനിരിക്കുന്ന നടപ്പ്.
ഹർകൈറ്റ്സിന്റെ ഞാൻ വായിച്ച കവിതകളിൽ മുന്തിനിൽക്കുന്നത് ആധുനികതയുടെ വാങ്ങലുള്ള ഒരുതരം ആക്ഷേപഹാസ്യമാണ്. അൽപം പഴയത് എന്നു തോന്നാം. പക്ഷേ ആൾ അത് അസ്സലായി ആവിഷ്കരിക്കുന്നു. ‘ഉടനടി ഉപയോഗിക്കാനുള്ള പഴകിയ മത്തി’ എന്ന ഈ കവിത ഹർകൈറ്റ്സിന്റെ കാവ്യശൈലി മനസ്സിലാക്കിത്തരാൻ ഉതകുന്ന കവിതയാണ്. ‘കടുവയോടൊത്തുള്ള ജീവിതം’ എന്ന ദീർഘകവിത പി.പി. രാമചന്ദ്രൻ അസ്സലായി മലയാളത്തിൽ പരിഭാഷപ്പെടുത്തിയിട്ടുണ്ട്.
ഉടനടി ഉപയോഗിക്കാനുള്ള പഴകിയ മത്തി
നല്ലൊരു കവിതാ പുസ്തകം
ഒരു കുട്ട മീൻ പോലിരിക്കണം.
പുതുപുത്തൻ, പോഷകസമ്പന്നം, ഫോസ്ഫറസും കാൽസ്യവും അടങ്ങിയത്.
അല്ലെങ്കിൽ ചീഞ്ഞളിഞ്ഞ് ദുർഗന്ധത്താൽ
നമ്മളെ നമ്മുടെതന്നെ പരിഭ്രാന്തിയിൽ കുടുക്കി ഓടിച്ചുവിടുന്ന,
കൂർത്ത പല്ലുകളും കണ്ണുകളുമുള്ള
ഒരു കുട്ട ചീഞ്ഞ മീനും കത്തിച്ചാമ്പലായ തലകളും
രണ്ടിൽ ഏതെങ്കിലും ഒന്ന്.
അതാണ്,
നല്ലൊരു കവിതാ പുസ്തകംപോലെ തന്നെ
നമ്മുടെ ജീവിതവും പോകേണ്ടുന്ന വഴി.