Begin typing your search above and press return to search.
proflie-avatar
Login

സുതാര്യം, സമയസഞ്ചാരം

സുതാര്യം, സമയസഞ്ചാരം
cancel

സംഗീത് മോൻസിയുടെ ‘മാറ്റർ ഓഫ് ടൈം’ എന്ന ഇംഗ്ലീഷ് കവിതാസമാഹാരം വായിക്കുന്നു. ലളിതകാന്തപദാവലികളിൽ, ഇന്ത്യൻ ഇംഗ്ലീഷ് കവിതയുടെ ഒരു തരളമുഖമാണെന്നും എഴുതുന്നു. രൗദ്രപ്രവാഹഗതിയാർന്ന ജീവിതം ചിലപ്പോൾ ഒരിളം കാറ്റി​ന്റെ കുളിർസാന്ത്വനമായി വീശിയെത്താറുണ്ടെന്ന് സംഗീത് മോൻസി ‘ജീവിതം മറ്റെവിടെയോ’ എന്ന കവിതയിൽ ഓർക്കുന്നു. എത്രയോ വെല്ലുവിളി നിറഞ്ഞതാണ് ജീവിതം എന്ന ആലോചന, എന്നാൽ വ്യർഥതയുടെയോ മിഥ്യാടനങ്ങളുടെയോ വഴിയിലല്ല, സംഗീതിനെ എത്തിക്കുന്നത്. എല്ലാറ്റിനോടും അയാൾ കവിതയിൽ നന്ദിപറയുന്നു. ഈ ലോകത്തും ബാഹ്യലോകത്തുമുള്ള എല്ലാറ്റിനോടും. അപ്പോൾ, ഉള്ളിൽ ശാന്തിവിടരുന്നുവെന്ന് സംഗീത്. ജീവിതം...

Your Subscription Supports Independent Journalism

View Plans
സംഗീത് മോൻസിയുടെ ‘മാറ്റർ ഓഫ് ടൈം’ എന്ന ഇംഗ്ലീഷ് കവിതാസമാഹാരം വായിക്കുന്നു.  ലളിതകാന്തപദാവലികളിൽ, ഇന്ത്യൻ ഇംഗ്ലീഷ് കവിതയുടെ ഒരു തരളമുഖമാണെന്നും എഴുതുന്നു.

രൗദ്രപ്രവാഹഗതിയാർന്ന ജീവിതം ചിലപ്പോൾ ഒരിളം കാറ്റി​ന്റെ കുളിർസാന്ത്വനമായി വീശിയെത്താറുണ്ടെന്ന് സംഗീത് മോൻസി ‘ജീവിതം മറ്റെവിടെയോ’ എന്ന കവിതയിൽ ഓർക്കുന്നു. എത്രയോ വെല്ലുവിളി നിറഞ്ഞതാണ് ജീവിതം എന്ന ആലോചന, എന്നാൽ വ്യർഥതയുടെയോ മിഥ്യാടനങ്ങളുടെയോ വഴിയിലല്ല, സംഗീതിനെ എത്തിക്കുന്നത്. എല്ലാറ്റിനോടും അയാൾ കവിതയിൽ നന്ദിപറയുന്നു. ഈ ലോകത്തും ബാഹ്യലോകത്തുമുള്ള എല്ലാറ്റിനോടും. അപ്പോൾ, ഉള്ളിൽ ശാന്തിവിടരുന്നുവെന്ന് സംഗീത്. ജീവിതം ദൂരെയെവിടെയോ ആയിരിക്കാം. എന്നാൽ, അത് ഒരുപാട് അകലെയല്ല.

കവിത, പ്രശാന്തിയിലേക്കുള്ള അന്വേഷണമാണ്, ഈ കവിക്ക്. ‘പ്രശാന്തതയിൽ അനുസ്മരിക്കപ്പെടുന്ന വികാരങ്ങളായി’ കവിതയെ തനിക്കുള്ളിലേക്ക് സ്വീകരിക്കാൻ കഴിയുന്നു എന്നത്, ഇക്കാലത്തും പ്രസക്തമാണെന്ന് ഈ കവി ഓർക്കുന്നു. ‘ഇന്നർ ഇല്യൂമിനേഷൻ’ ആണ് കവിത എനിക്ക് നൽകുന്നതെന്ന് സംഗീത് കവിതകളുടെ ആമുഖത്തിൽ അനുസ്മരിക്കുന്നുമുണ്ട്. അതാവട്ടെ, ജീവിതം, അന്യഥാ കലുഷിതം എന്ന് നാമെപ്പോഴും പറയുന്ന ഈ കാലത്തു തന്നെ. പള്ളിയിലേക്ക് പൂച്ചെണ്ടുമായി ഇരുവശവും പൂക്കളുള്ള വഴിയിലൂടെ ഷേക്സ്പിയർ നടന്നുപോകുന്ന ഒരു ചിത്രം സംഗീതി​ന്റെ ഒരു കവിതയിലുണ്ട്. ആ നടപ്പിൽ പ്രശാന്തതയും വിഷാദവുമുണ്ട്. ഈ വഴി സംഗീത് മോൻസിയുടെ വഴി കൂടിയാണ്.

‘Matter of Time’ ഇംഗ്ലീഷിലെഴുതിയ 38 കവിതകളുടെ സമാഹാരമാണ്. കവിതയുടെ ഭാഷ ഇന്ന് വലിയ പരിണാമങ്ങൾക്ക് വിധേയമായിട്ടുണ്ട്; ഏത് ഭാഷയിലാണെങ്കിലും. കാവ്യഭാഷാ നിർമിതിയിൽ കവികൾ വലിയ സ്വാതന്ത്ര്യം പ്രകടിപ്പിക്കുന്ന കാലവുമാണിത്. എത്രയും സാധാരണമായ സംഭാഷണഭാഷയിൽ വരെ കവിത എഴുതപ്പെടുന്നുണ്ട്. എന്നാൽ നിശ്ചയമായും കവിത, സാധാരണ വ്യവഹാരമല്ല. കവിത മാത്രമല്ല, ഒരു കലയും അങ്ങനെയല്ല. അതിനാൽ ഉള്ളിലുദിച്ച പ്രകാശത്തെ, ഉൾവിനിമയങ്ങളെ, സംഗീത് പറയുന്ന ഇന്നർ ഇല്യൂമിനേഷനെ, കവിതയാക്കുമ്പോൾ ഭാഷയിൽ ചില തിരഞ്ഞെടുപ്പുകൾ ആവശ്യമായി വരും. അതാണ് കവിതയെ ഒരു ലാവണ്യരൂപമായി നിലനിർത്തുന്നത്. വാക്കുകളുടെ സവിശേഷമായ ക്രമീകരണം എന്ന നിലക്ക് അതിനെ കരുതിയാൽ മതി.

ഒരു തരത്തിലും അത് ഭാഷാരൂപത്തി​ന്റെ തടങ്കലല്ല. ഭാഷാരൂപം കാവ്യസംവേദനത്തി​ന്റെ ജാലകമായി മാറുന്ന പ്രക്രിയയാണത്. ത​ന്റെ മാതൃഭാഷയല്ലാത്ത മറ്റൊരു ഭാഷയെ, ത​ന്റെ ആത്മസംവേദനത്തിന്, അല്ലെങ്കിൽ പ്രപഞ്ചസംവേദനത്തിന്, ഉതകുന്ന രീതിയിൽ മാറ്റിയെടുത്ത് ആവിഷ്കരിക്കാൻ ത​ന്റെ ഈ ആദ്യസമാഹാരത്തിലൂടെ സംഗീതിന് കഴിയുന്നു. ലളിതമായ പദാവലികളുടെ കവിതാത്മകമായ വിതാനത്തിലൂടെ സംഗീത് അത് സാധിക്കുന്നു. അതിനാലാണ് ‘I feel that this poet with his simple vocabulary does not intend to Jargonise English language but simply longs to articulate and voice his Youthful experiences’ എന്ന് അവതാരികയിൽ ഡോ. ശ്യാം സുധാകർ എഴുതുന്നത്.

പ്രഭാതത്തിലെ പക്ഷിസ്വരങ്ങൾ, മീൻപിടിത്തക്കാരുടെ ആരവങ്ങൾ, അയൽവീട്ടിലെ കുഞ്ഞി​ന്റെ കരച്ചിൽ, കൊച്ചു സുന്ദരിപ്പൂച്ചയുടെ ദൂരെയെവിടെയോനിന്നുള്ള കരച്ചിൽ, നിരത്തിലൂടെയലയുന്ന ഭ്രാന്ത​ന്റെ പൊട്ടിച്ചിരി, സൂര്യ​ന്റെ ഉദയവർണങ്ങൾ, മേഘങ്ങളുടെ തെളിയലും മറയലും, കുയിൽ ഗീതം... ചുറ്റുമുള്ള എന്തിലേക്കും കവിതയിലൂടെ നോക്കുമ്പോഴുള്ള അനുഭവവും മനോഹാരിതയും സങ്കടങ്ങളുമൊക്കെ ഈ കവിതകൾ ഉൾക്കൊള്ളുന്നു. നോട്ടത്തി​ന്റെ അസാധാരണതയാലാണ്, കാഴ്ച കവിതയാകുന്നത്. അനുഭവ പരിണാമങ്ങൾ ആ കാഴ്ചകൾക്ക് കൂടുതൽ സത്യസന്ധത നൽകുന്നു.

ഇക്കാര്യം ‘മാറ്റർ ഓഫ് ടൈം’ എന്ന കവിതയിൽ സംഗീത് പറയുന്നുണ്ട്. വളർച്ചയുടെ ഓരോ ഘട്ടങ്ങളിലും, കഴിഞ്ഞുപോയതി​ന്റെ ബലങ്ങളും വരാനിരിക്കുന്നതി​ന്റെ സന്ദിഗ്ധതകളും സംഗീത് ഉൾക്കൊള്ളുന്നു. പെൻസിലിൽനിന്ന് പേനയിലേക്ക് വളർന്നപ്പോൾ, പെൻസിലി​ന്റെ ഗുണം മനസ്സിലായി. മായ്ക്കാൻ എളുപ്പമാണ്. മായ്ക്കൽ, പുതിയതൊന്നിന്റെ തെളിയൽകൂടിയാണല്ലോ. ഈ പുതിയ തെളിയലുകളിലൂടെ ഉള്ളിലെ യാഥാർഥ്യത്തിലേക്ക് കൂടുതൽ നിവരുന്നു. സമയത്തി​ന്റെ ബലരേഖകളിലൂടെയുള്ള സഞ്ചാരമാണ് ഈ കവിതകളെ കൂടുതൽ ശ്രദ്ധേയമാക്കുന്നത്. ഈ സമയം, ഉള്ളിലും പുറത്തുമുണ്ട്. അകംപുറം സമയങ്ങളുടെ ലയമാണ് സംഗീത് ആഗ്രഹിക്കുന്നത്. അതിനുവേണ്ടിയുള്ള, അർഥനകളാണ്, ഇതിലെ ഓരോ കവിതയും.

‘ഗ്രഹണം’ എന്നൊരു കവിത ഇതിലുണ്ട്. താനറിഞ്ഞുപോന്ന വെളിച്ചങ്ങൾക്കപ്പുറം, ചിലപ്പോൾ ഇരുളിലമർന്നു പോകുന്നതി​ന്റെ അശാന്തിയിൽനിന്നാണ് ഈ കവിത രൂപപ്പെടുന്നത്. മുന്നൂറ്റമ്പത് പൂർണചന്ദ്രന്മാരുടെ പ്രകാശം ഉള്ളിൽ നിറഞ്ഞിട്ടും (കഴിഞ്ഞുപോയ കാലങ്ങളിലെ, ജീവിതവർഷങ്ങളുടെ, ജീവിതാനുഭവങ്ങളുടെ, വെളിച്ചങ്ങൾ) പുറത്തെ ഇരുളിലേക്ക്, വിഷാദങ്ങളിലേക്ക്, ആണ് താൻ ഉണരുന്നതെന്ന് കണ്ട് കവി ദൈവത്തോട് വിലപിക്കുന്നു. ആ പ്രാർഥനാവിലാപത്തിലൂടെ പുതിയൊരു പ്രകാശം കടന്നുവരുന്നതായും അത് കാലം തന്നിൽ സൃഷ്ടിച്ച ഉൾവെളിച്ചത്തേക്കാൾ പ്രകാശമാനമാകുന്നതായും കവി അറിയുന്നുണ്ട്.

അത് എല്ലാറ്റിനെയും പുനർക്രമീകരിക്കുന്നതി​ന്റെ അനുഭവത്തിലാണ് ഈ കവിത അവസാനിക്കുന്നത്. ജീവിതത്തി​ന്റെ പുനർക്രമീകരണമാണത്. ഈ കവിതകൾ പലപ്പോഴും വെളിച്ചത്തെക്കുറിച്ച് സംസാരിക്കുന്നു. ഇരുളാവിഷ്‍കാരമാണ് പ്രധാനമെന്ന് കരുതപ്പെട്ടുപോയ കാലത്ത്, ഈ കവിതകൾ പ്രകാശപാതകൾ കണ്ടെത്തുന്നു എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. Everything is now covered a harmony എന്ന് ‘പൂർണം’ എന്ന കവിതയിൽ സംഗീത് പറയുന്നുണ്ട്. ഏതൊക്കെയോ പൂർണതാസങ്കൽപങ്ങൾ ഈ കവിയെ അലട്ടുന്നുണ്ട്.

വാക്കിലും കർമത്തിലും പുലർത്തേണ്ട ലയാത്മകത കവി മുന്നോട്ടുവെക്കുന്ന പൂർണതാദർശനത്തി​ന്റെ ഭാഗമാണ്. ‘Time Traveller’ എന്ന കവിതയിൽ ശാസ്ത്രത്തി​ന്റെ ദ്രുതഗതികളും ജീവിതത്തി​ന്റെ കലുഷമായ കൊടുങ്കാറ്റുകളും അതിനിടയിൽ ഏതൊക്കെയോ സമയകാലങ്ങളിൽ സഞ്ചരിക്കുന്ന മനുഷ്യനും ഒക്കെ അന്വേഷിക്കപ്പെടുന്നു. ഞാനിവിടെത്തന്നെയോ അതോ മറ്റെവിടെയോ ആണോ എന്ന ആപേക്ഷികതയുടെ ഉത്കണ്ഠയിൽ ആകുലനാകുന്ന കവിയും ഇതിലുണ്ട്. പ്രമേയപരമായ വികാസം ഉൾക്കൊള്ളുന്ന, യാഥാർഥ്യങ്ങളുടെ പിടച്ചിൽ അനുഭവിക്കുന്ന, കവിജീവിതത്തി​ന്റെ സമയസഞ്ചാരം ഈ കവിതയിലുണ്ട്. ‘No where’ എന്ന കവിതയിൽ, ത്രികാലങ്ങളിലൂടെയുള്ള സഞ്ചാരമുണ്ട്. ഓർമകൊണ്ട് ഭൂതകാലസഞ്ചാരം, സ്വപ്നങ്ങൾകൊണ്ട് ഭാവിസഞ്ചാരം. കഠിനമെങ്കിലും വർത്തമാനകാലത്തിൽ ജീവിച്ചുകൂടേ എന്ന ചോദ്യവും ഇവിടെ ഉയിർക്കുന്നുണ്ട്. പ്രകൃതിയി​േലക്ക് ഉന്മുഖനായി, കാറ്റിലേക്ക് വിടർന്ന് മനസ്സിനെ സ്വതന്ത്രമാക്കി, അങ്ങനെ സമകാലസമയത്തിൽ കവി സഞ്ചരിക്കുകയാണ്.

‘സ്വർഗത്തി​ന്റെ അന്വേഷണം’ എന്ന കവിതയിൽ, വർത്തമാനകാലവുമായി, പരിസരങ്ങളുമായി പുലർത്തുന്ന പാരസ്പര്യത്തിലൂടെ, സ്വർഗസന്തോഷങ്ങൾ അറിയാമെന്ന ഉൾക്കാഴ്ച അവതരിപ്പിക്കുന്നുണ്ട്. ഈ ഉൾക്കാഴ്ചയിൽനിന്ന് ജീവിതത്തി​ന്റെ സൂക്ഷ്മയാഥാർഥ്യങ്ങളിലേക്ക്, സംഘർഷ സംവേദനങ്ങളിലേക്ക് സംഗീതിന് പോകാൻ കഴിഞ്ഞേക്കും. വാക്കി​ന്റെ സുതാര്യതകളിൽ കവിതയെ പ്രകാശിപ്പിക്കാനുള്ള ശ്രമങ്ങളാണ് ഈ കവിതകളത്രയും. ലളിതകാന്തപദാവലികളിൽ, ഇന്ത്യൻ ഇംഗ്ലീഷ് കവിതയുടെ ഒരു തരളമുഖം. പ്രതീക്ഷാനിർഭരമായ ഒരു പ്രാർഥനപോലെ, ഭാഷയുടെ തെളിജലത്തിൽ കവിതയുടെ സമയസാന്ദ്രത.


News Summary - weekly literature book