ഫ്രഞ്ച് എഴുത്തുകാരി ആനി എർനോയുടെ A Man's Place നോവൽ വായിക്കുന്നു
2020ലെ മാൻബുക്കർ അന്തർദേശീയ പുരസ്കാരത്തിന്റെ ഹ്രസ്വപട്ടികയിൽ ഇടം കണ്ടെത്തിയ ഫ്രഞ്ച് എഴുത്തുകാരിയാണ് ആനി എർനോ (Annie Ernaux). വർഷങ്ങൾ (The years) എന്ന നോവലിനാണ് അംഗീകാരം ലഭിച്ചത്. 1940ൽ ജനിച്ച എർനോ നോർമൻഡിയിൽ വളർന്നു. റൂവൻ സർവകലാശാലയിലെ പഠനത്തിനുശേഷം അധ്യാപനരംഗത്തേക്ക് തിരിഞ്ഞു. 1977 മുതൽ 2000 വരെ പ്രഫസറായി ദേശീയ കേന്ദ്രത്തിൽ ജോലിചെയ്തു. ഇതിനിടയിൽ സാഹിത്യരംഗത്തേക്ക് കടന്നുവന്ന അവരുടെ രചനകൾ സമകാലിക ഫ്രഞ്ചു സാഹിത്യത്തിലെ...
Your Subscription Supports Independent Journalism
View Plans2020ലെ മാൻബുക്കർ അന്തർദേശീയ പുരസ്കാരത്തിന്റെ ഹ്രസ്വപട്ടികയിൽ ഇടം കണ്ടെത്തിയ ഫ്രഞ്ച് എഴുത്തുകാരിയാണ് ആനി എർനോ (Annie Ernaux). വർഷങ്ങൾ (The years) എന്ന നോവലിനാണ് അംഗീകാരം ലഭിച്ചത്. 1940ൽ ജനിച്ച എർനോ നോർമൻഡിയിൽ വളർന്നു. റൂവൻ സർവകലാശാലയിലെ പഠനത്തിനുശേഷം അധ്യാപനരംഗത്തേക്ക് തിരിഞ്ഞു. 1977 മുതൽ 2000 വരെ പ്രഫസറായി ദേശീയ കേന്ദ്രത്തിൽ ജോലിചെയ്തു. ഇതിനിടയിൽ സാഹിത്യരംഗത്തേക്ക് കടന്നുവന്ന അവരുടെ രചനകൾ സമകാലിക ഫ്രഞ്ചു സാഹിത്യത്തിലെ ക്ലാസിക്കുകളായി വിശേഷിപ്പിക്കപ്പെട്ടു. മാർഗരിറ്റ് യോർസനാർ പുരസ്കാരമടക്കം ഫ്രാൻസിലെ നിരവധി സാഹിത്യ പുരസ്കാരങ്ങൾ നേടിയതിലൂടെ ഫ്രാൻസിലും മറ്റു യൂറോപ്യൻ രാജ്യങ്ങളിലും പ്രതിഭാശാലിയായ എഴുത്തുകാരിയായി അവർ അംഗീകരിക്കപ്പെട്ടു.
ഒരു മനുഷ്യന്റെ ഇടം (A Man's Place) എന്ന അവരുടെ നോവലിന് ടാന്യ ലെസ്ലി (Tanya Leslie) ചെയ്ത ഇംഗ്ലീഷ് പരിഭാഷ അടുത്തകാലത്താണ് വായിക്കാൻ കഴിഞ്ഞത്. അതിനു മുമ്പ് ഒരു പെൺകുട്ടിയുടെ കഥ യും (A Girl's Story) വായിക്കാൻ കഴിഞ്ഞത് മഹാഭാഗ്യമായി ലേഖകൻ കരുതുന്നു: ലണ്ടനിലെ ഫിറ്റ്സ്കരാൾ ഡൊ എഡിഷൻസാണീ (Fitzcarraldo Editions London) നോവലിന്റെ ഇംഗ്ലീഷ് പരിഭാഷ പ്രസിദ്ധീകരിച്ചത്. സമകാലിക യൂറോപ്യൻ സാഹിത്യത്തിൽ വിസ്മയമായി മാറിക്കൊണ്ടിരിക്കുന്ന ആത്മകഥാസ്പർശമുള്ള ഫിക്ഷന്റെ (Auto Fiction) രൂപത്തിലും ശൈലിയിലുമാണീ നോവൽ രചിച്ചിരിക്കുന്നത്. വെറും 76 പേജുകളിൽ ഒതുങ്ങിനിൽക്കുന്ന ഈ നോവൽ വായിച്ചു കഴിയുമ്പോൾ എർനോ ഒരു അസാധാരണ ഓർമക്കുറിപ്പുകാരിയാണെന്ന് നമുക്ക് ബോധ്യപ്പെടും. അതേസമയം, അവർ തന്റെ ഓർമകളിൽ വിശ്വാസമർപ്പിക്കുന്നുമില്ല. പിതാവെന്നനിലയിൽ അവർ സ്നേഹിച്ച പുരുഷനെ കുറിച്ചുള്ള ഒട്ടും അതിഭാവുകത്വമില്ലാത്ത ഒരു ചിത്രീകരണമായിതിനെ കാണുകയും വേണം.
ഒരു സ്ത്രീയുടെ കഥ (A Woman's Story) എന്ന മുമ്പുവന്ന നോവലിൽ സ്വന്തം മാതാവിനെ കുറിച്ച വിലമതിക്കലായാണ് രചിക്കപ്പെട്ടത്. പക്ഷേ, ഒരു 'മനുഷ്യന്റെ ഇട'ത്തിലേക്ക് വരുമ്പോൾ സ്വന്തം പിതാവിന്റെ ജീവിതത്തെ അവർ സൂക്ഷ്മനിരീക്ഷണങ്ങൾക്ക് വിധേയമാക്കുന്നു.
എർനോയുടെ മാതാപിതാക്കൾ ശരിക്കും പാവപ്പെട്ടവരായിരുന്നു. ഫ്രഞ്ച് ഗ്രാമപ്രദേശത്ത് അവർ ഒരു പലചരക്ക് കടയും കഫെയും നടത്തിക്കൊണ്ടിരുന്നു. മകളുടെ ജീവിതം ഭദ്രമാക്കണമെന്ന ഒരൊറ്റ ആഗ്രഹം മാത്രമേ അവർക്കുണ്ടായിരുന്നുള്ളൂ. നോവലിന്റെ ആരംഭത്തിൽ പഠിപ്പിക്കാനുള്ള സർട്ടിഫിക്കറ്റ് നേടുന്ന പരീക്ഷ പാസാകുന്ന മകളെയാണ് നാം കാണുന്നത്. അതോടെ അവളുടെ മാതാപിതാക്കൾക്ക് അവകാശപ്പെടാനാവാത്ത ഒരു ബൗദ്ധിക ലോകത്തിലേക്കവൾ കടന്നു. ഈ നോവലിലൂടെ എർനോ തന്റെ ജീവിതത്തിലെ വ്യക്തിപരവും ചരിത്രപരവുമായ വിശദാംശങ്ങളിലേക്ക് കടക്കുന്നതായി നമുക്ക് തിരിച്ചറിയാനാകും. ഓർമകളുടെ അതിസാന്ദ്രവും വിശാലവുമായ ഒരു ലോകമാണവരുടെ ചിന്തകളിൽ വന്നുനിറയുന്നത്. നോവലിന്റെ വിഷയംതന്നെ സ്വന്തം പിതാവായി മാറുന്നതിന്റെ നിഗൂഢതകളും ഇതോടൊപ്പംതന്നെയുണ്ട്.
പന്ത്രണ്ടാം വയസ്സിൽ സ്കൂൾ വിദ്യാഭ്യാസം മതിയാക്കി ഒരു കൃഷിയിടത്തിൽ ജോലിചെയ്യേണ്ടിവന്ന ഭൂതകാലമാണ് പിതാവിനുണ്ടായിരുന്നത്. വായിക്കാനും എഴുതാനും കഴിയാത്ത ഒരു നിരക്ഷരനാണെന്ന് ചുറ്റുമുള്ളവർ വിശേഷിപ്പിക്കുമ്പോൾ തന്റെ മകൾ ഒരിക്കലും ഈ ലേബ്രിൻതിൽ കഴിയേണ്ടിവരരുതെന്നയാൾ പ്രത്യാശിച്ചു. താനനുഭവിച്ച സാമൂഹികമായ നിയന്ത്രണ പരിധികൾക്കപ്പുറം പീഡിപ്പിക്കപ്പെടാത്ത ഒരു നിലയിലേക്കവൾ എത്തിച്ചേരണമെന്നും ആഗ്രഹിച്ചു. തന്നെ കെണിയിൽപെടുത്തിയ സാമൂഹിക അന്തരീക്ഷത്തിന് ഇതിലൂടെ മറുപടി നൽകാൻ അയാൾ ആഗ്രഹിച്ചതിൽ തെറ്റുപറയാനാവില്ല.
യഥാർഥ ജീവിതത്തിൽ പിതാവുമൊത്തുള്ള എർനോയുടെ ജീവിതവും വളരെ സങ്കീർണമായിരുന്നു. ഈ നോവൽ പ്രതിനിധാനംചെയ്യുന്നതും അവർക്കറിയാവുന്ന രീതിയിലുള്ള ഒരു ജീവിതത്തിന്റെ രേഖപ്പെടുത്തലാണ്.
പിതാവിന്റെ മരണത്തെ കുറിച്ച് അറിയിച്ചുകൊണ്ടാണ് എർനോ ആഖ്യാനം ആരംഭിക്കുന്നത്. സ്വാഭാവികമായ അവളുടെ രീതിയും ഇതിന്റെ പിന്നിലുണ്ടായിരുന്നു. എന്റെ പിതാവ് ശരിക്കും മരിച്ചത് രണ്ടുമാസങ്ങൾക്കുശേഷമാണ്. അന്നൊരു ഞായറാഴ്ചയായിരുന്നു. അപരാഹ്നം ആരംഭിക്കുന്ന ഒരു സമയം. അതിനുമുമ്പ് റൂവനിലെ കോളജിൽ നടന്ന പരീക്ഷയിൽ അധ്യാപന പരിശീലന കോഴ്സ് ജയിച്ചതായും സൂചിപ്പിക്കുന്നു. അത് അവളുടെ ജീവിതത്തിലെ പ്രാധാന്യം അർഹിക്കുന്ന ഒരു കാര്യമായിരുന്നു. പക്ഷേ, അച്ഛന് അവളുടെ ഈ നേട്ടത്തിൽ അഭിമാനമാണുണ്ടായിരുന്നതെന്ന കാര്യം അവൾക്കറിഞ്ഞുകൂടായിരുന്നു. പിതാവിന്റെ മരണശേഷം അദ്ദേഹത്തിന്റെ ഒരു ബാഗ് നോക്കിയപ്പോഴാണ് അതിനുള്ളിൽ അവളുടെ പരീക്ഷാവിജയത്തെ കുറിച്ചുള്ള വാർത്ത വന്ന പത്രത്തിന്റെ ഭാഗം അവൾ കണ്ടത്. വിജയികളുടെ പേരുകൾ വിജയനിലവാരത്തിനനുസരിച്ചിട്ടാണ് പട്ടികയിൽ ഇടം പിടിച്ചിരുന്നത്. ആ പട്ടികയിൽ എർനോ രണ്ടാം സ്ഥാനത്തായിരുന്നു. തന്റെ വിജയത്തിന്റെ പാതയിലെ ഓരോന്ന് അച്ഛൻ നിശ്ശബ്ദനായി സൂക്ഷ്മമായ നിരീക്ഷണം നടത്തിയിരുന്നു എന്ന സത്യം അവൾ തിരിച്ചറിഞ്ഞു. ജീവിതത്തിൽ നഷ്ടപ്പെട്ട നിമിഷങ്ങളുടെയും വേദനിപ്പിക്കുന്ന നിശ്ശബ്ദതകളുടെയും ഒരു പ്രമേയമാണീ ചെറിയ നോവലിനെ ശ്രദ്ധേയമാക്കുന്നത്. എർനോ തന്നെ ഒരു നിഷ്പക്ഷ ശൈലിക്കുള്ളിലൊതുങ്ങിനിന്ന് ജീവിതത്തിലെ നിഗൂഢതകളെ ശക്തമായ രീതിയിൽ അവതരിപ്പിക്കാനും ശ്രമിക്കുന്നു. സർഗാത്മകമായ രചനാരീതിയിൽ, ജീവിതത്തിൽ പിതാവിന് അനുഭവിക്കേണ്ടിവന്ന യാതനകളെ സൂക്ഷ്മമായി ചിത്രീകരിക്കുന്നു. മകൾ എന്ന നിലയിൽ അവളും എത്രമാത്രം അദ്ദേഹത്തെ മനസ്സിലാക്കാൻ ശ്രമിച്ചിരുന്നുവെന്നവൾ സ്വയം ചോദിക്കുന്നു. അവരുടെ ഭവനാന്തരീക്ഷത്തിൽ വൈകാരികമായ അവസ്ഥകൾ വെറുതെ തുറന്നുകാണിക്കുന്ന ഒരു രീതിയുമുണ്ടായിരുന്നില്ല. ഈയൊരു യാഥാർഥ്യം എർനോയുടെ വേറിട്ടുനിൽക്കുന്ന എഴുത്തിന്റെ ശൈലിയെയും രൂപഭേദങ്ങൾക്ക് വിധേയമാക്കുന്നുണ്ട്. അവരെ വിട്ടുമാറി ജീവിക്കുമ്പോൾ അവൾ എഴുതുന്ന കത്തിൽ നിറയുന്ന ഭാവങ്ങൾ ഇതിനെ എടുത്തുകാണിക്കുന്നു. വർഷങ്ങൾക്കു ശേഷം ചെറുപ്പകാലത്തെ കുറിച്ചുള്ള ഓർമകളിലും ഇതിന്റെ ജാലകങ്ങൾ തുറന്നുവരുന്നു.
പിതാവിന്റെ നഗ്നരൂപം മുന്നിൽ കാണുമ്പോൾ അവളാകെ അത്ഭുതപ്പെടുന്ന ഒരു രംഗം നോവലിലുണ്ട്. വസ്ത്രങ്ങൾ അഴിച്ചുവെക്കുന്ന തിരക്കിലായിരുന്നു അയാൾ. തികച്ചും യാദൃച്ഛികമായാണ് അത്. അപ്പോൾ അവൾ പറയുന്നു: ''നിങ്ങളുടെ ദുരന്തത്തെ മറച്ചുവെക്കുക പാവം മനുഷ്യാ.'' ഈയൊരു മംഗലഭാഷിതം (Euphemism) ശരിക്കും യാതനയുടെയും ലജ്ജയോട് കെട്ടുപിണഞ്ഞുകിടക്കുന്ന പുരുഷത്വത്തിന്റെയും പ്രതീകമായിവരുന്നു. പ്രത്യേകിച്ച് ഒരു തൊഴിലാളിവർഗ സമൂഹത്തിൽ നിന്നുവരുന്ന പിതാവിന്റെ ജീവിതത്തെപ്പറ്റിയാകുേമ്പാൾ ലാപ്ലേസ് (Laplace) എന്ന ഫ്രഞ്ച് മൂലപദപ്രയോഗത്തിന് ഒരു മനുഷ്യന്റെയിടം (A Man's Place) എന്ന് കൊടുത്തിരിക്കുന്നത് ഒരു നല്ല ആശയമായും അംഗീകരിക്കേണ്ടിയിരിക്കുന്നു. അതേസമയം, ആഖ്യാതാവും അവളുടെ മാതാവും രണ്ടുപേരും സ്ത്രീകളായതിനാൽ കാലത്തിനൊപ്പം സഞ്ചരിക്കുന്നവരാണ്. സമൂഹത്തിലെ ചലനങ്ങൾക്കുള്ളിൽ വസ്ത്രധാരണത്തെ കുറിച്ചവർക്ക് വ്യക്തമായ ധാരണകളുമുണ്ട്. പക്ഷേ, പിതാവ് പ്രാദേശികമായ വൈചിത്ര്യങ്ങൾക്കുള്ളിലാണ് ജീവിക്കുന്നതെന്ന യാഥാർഥ്യവും നാം തിരിച്ചറിയണം. ചെറുപ്പത്തിന്റെ മോഹവലയത്തിനുള്ളിൽ ഇത് അയാൾക്ക് ഏറ്റെടുക്കേണ്ടതായും വന്നു.
സ്വന്തം എഴുത്തിനെ കുറിച്ച് എർനോ വിശേഷിപ്പിക്കുന്നത് തത്ത്വമീമാംസയുടെയും സാഹിത്യത്തിന്റെയും ഒരു സംയോജിത രൂപമെന്നാണ്. ഇവിടെ ഭാഷക്ക് അതെത്ര ഉദാത്തമായ ഒന്നാണെങ്കിലും അതിന് സൈദ്ധാന്തികമായ നിലക്കപ്പുറത്തേക്ക് കടക്കാനും കഴിയില്ല. പിതാവിന്റെ പ്രാദേശികവും ലളിതവും ഒട്ടും പ്രത്യേകതകളില്ലാത്ത ജീവിതത്തെ ഉൾക്കൊള്ളാൻ പൂർണമായും കഴിയാതെ പോകുന്നതും ഇതുകൊണ്ടാണ്. ജീവിതത്തിലെ യാഥാർഥ്യത്തിന്റെ സ്പർശമുള്ള മണ്ഡലങ്ങളെയും അനുഭവങ്ങളെയും എർനോ തന്റെ ആഖ്യാനത്തിൽ ഉൾപ്പെടുത്താനാവാതെ പോയതിന്റെ സമസ്യകളും മറ്റൊന്നും കൊണ്ടാവില്ല. നോവലിസ്റ്റായ എർനോ പാണ്ഡിത്യത്തോടെ ആഖ്യാനത്തെ രൂപപ്പെടുത്താൻ ആഗ്രഹിക്കുന്നതായി കാണാം. ഭാഷക്ക് ഒരിക്കലും മരിച്ചുപോയവരെ തിരിച്ചുകൊണ്ടുവരാനാവില്ല. അതുകൊണ്ടിതിനു വേണ്ടിയുള്ള ഏതു ശ്രമവും ബുദ്ധിപരമായിരിക്കില്ല എന്നവർ വിശ്വസിക്കുന്നു.
നോവലിന്റെ അവസാനഭാഗമാകുമ്പോൾ ആ മനുഷ്യന്റെ ജീവിതത്തെ കുറിച്ച് പൂർണമായും അറിഞ്ഞു എന്ന തോന്നലുമുണ്ടാകുന്നില്ല. അതുകൊണ്ടുതന്നെ ഈ നോവൽ സംതൃപ്തിക്ക് വഴങ്ങാതെ അതിന്റെ അസാന്നിധ്യത്തിൽ ഊന്നിനിന്നു സംവേദിക്കാൻ ശ്രമിക്കുന്ന അനുഭവമാണുണ്ടാകുന്നത്. എർനോയുടെ ജീവിതത്തെ കുറിച്ചും പുസ്തകം വലുതായിട്ടൊന്നും പറയുന്നില്ല. ആത്മകഥാംശപരമായ സൃഷ്ടിയാണെങ്കിൽകൂടി നോവലിസ്റ്റിവിടെ ഒതുങ്ങിനിൽക്കുന്ന കാഴ്ചയാണുള്ളത്. ഭാഷ എപ്പോഴും എർനോയുടെ പിതാവിന്റെ പാരവശ്യംതന്നെയായിരുന്നു. പക്ഷേ, അത് എർനോക്കും അവകാശപ്പെട്ട ഒന്നായിരുന്നുവെന്നത് ഓർക്കേണ്ടിയിരിക്കുന്നു.
എർനോയുടെ നോവൽ പിതാവിന്റെ കഥ പറയാനാണ് തയാറായിരിക്കുന്നത്. ജീവിതത്തിൽ അയാൾക്കുണ്ടായിരുന്ന ഇടത്തിന്റെ പ്രത്യേകതകളെ കുറിച്ചും അവർ പറയാൻ ശ്രമിക്കുന്നു. നോവലിലുടനീളം വിട്ടുവീഴ്ചയില്ലാത്ത നിരീക്ഷകയായാണ് ജീവിതത്തിന്റെ പരിചയമുള്ള തലങ്ങളിലൂടെ സഞ്ചരിക്കുന്നത്. പിതാവിന്റെ വാർധക്യത്തിലേക്കുള്ള പ്രയാണത്തിലെ സങ്കീർണതകളും ശരിക്കും തിരിച്ചറിയാനുള്ള ഒരാവേശവും ശ്രമവും അവർ ശ്രദ്ധാപൂർവം ഏറ്റെടുക്കുന്നതായും കാണാം. 'ഒരു മനുഷ്യന്റെ ഇടം' എന്ന ഈ നോവൽ എർനോയുടെ പിതാവിന്റെ ജീവിതത്തിലെ വളർച്ചയുടെ പരുക്കൻതലങ്ങളെ നിരീക്ഷിക്കുന്നുമുണ്ട്. ജീവിതത്തിലാകെ നേരിടേണ്ടിവരുകയും വേട്ടയാടപ്പെടുകയും ചെയ്തുകൊണ്ടിരുന്ന നാണക്കേടിനെയാണയാൾ ഭയപ്പെടുകയും വെറുക്കുകയും ചെയ്തുകൊണ്ടിരുന്നത്.
അടിച്ചമർത്താൻ ശ്രമിക്കുമ്പോഴൊക്കെയും ഓർമകൾ എർനോയുടെ പിതാവിനെ കുറിച്ചുള്ളതു തന്നെയാണെങ്കിലും അത് ശരിക്കുമൊരു ലേബ്രിൻതായി മാറുന്നു.