Begin typing your search above and press return to search.
proflie-avatar
Login

മറവിയെ ഓർത്തെടുക്കുന്ന ആഖ്യാനം

മറവിയെ ഓർത്തെടുക്കുന്ന ആഖ്യാനം
cancel

01 പൊതുസമൂഹത്തിലെ അരക്ഷിതാവസ്ഥ മനുഷ്യരുടെ ജീവിതത്തിൽ സൃഷ്ടിക്കുന്ന ആഘാതങ്ങൾ വലുതാണ്. യുദ്ധം, അരാജകത്വം, പലായനം എന്നീ വാക്കുകൾ പരസ്പരബന്ധിതമായ ചങ്ങലക്കണ്ണികൾപോലെ കെട്ടുപിണഞ്ഞു കിടക്കുന്നു. രാജ്യം ഉപേക്ഷിക്കുന്നതോടെ ഭാഷയും സംസ്കാരവും കൈമോശം വരാതെ സൂക്ഷിക്കേണ്ട ഉത്തരവാദിത്തം പലായനംചെയ്യുന്ന ജനവിഭാഗത്തിന് മാത്രമായി ചുരുങ്ങി. തീ ആളിക്കത്തുന്ന പട്ടണങ്ങളിൽനിന്നും ഗ്രാമങ്ങളിൽനിന്നും ഓടിപ്പോകുന്നവരും പ്രണയവും ആസക്തിയും രതിയും മറന്നുകൊണ്ട് പങ്കാളികളെ മറ്റു വഴികളൊന്നുമില്ലാതെ കൈവെടിയേണ്ടിവരുന്നവരും മരണം നീട്ടിവെക്കാനായി വെമ്പൽകൊള്ളുന്നവരും ശരീരത്തിന്റെ കാമശമനത്തിനായി...

Your Subscription Supports Independent Journalism

View Plans

01

പൊതുസമൂഹത്തിലെ അരക്ഷിതാവസ്ഥ മനുഷ്യരുടെ ജീവിതത്തിൽ സൃഷ്ടിക്കുന്ന ആഘാതങ്ങൾ വലുതാണ്. യുദ്ധം, അരാജകത്വം, പലായനം എന്നീ വാക്കുകൾ പരസ്പരബന്ധിതമായ ചങ്ങലക്കണ്ണികൾപോലെ കെട്ടുപിണഞ്ഞു കിടക്കുന്നു. രാജ്യം ഉപേക്ഷിക്കുന്നതോടെ ഭാഷയും സംസ്കാരവും കൈമോശം വരാതെ സൂക്ഷിക്കേണ്ട ഉത്തരവാദിത്തം പലായനംചെയ്യുന്ന ജനവിഭാഗത്തിന് മാത്രമായി ചുരുങ്ങി. തീ ആളിക്കത്തുന്ന പട്ടണങ്ങളിൽനിന്നും ഗ്രാമങ്ങളിൽനിന്നും ഓടിപ്പോകുന്നവരും പ്രണയവും ആസക്തിയും രതിയും മറന്നുകൊണ്ട് പങ്കാളികളെ മറ്റു വഴികളൊന്നുമില്ലാതെ കൈവെടിയേണ്ടിവരുന്നവരും മരണം നീട്ടിവെക്കാനായി വെമ്പൽകൊള്ളുന്നവരും ശരീരത്തിന്റെ കാമശമനത്തിനായി മതിഭ്രമം പിടിച്ചവരും അഭയാർഥികളായി അതിരുകളെ ഭേദിക്കുകയാണ്. പുതിയ ജീവിതമെന്ന പ്രത്യാശയാണ് അവരുടെ ഊർജം.

ഒരു ലക്ഷത്തിനുമേൽ ആളുകൾ കൊല്ലപ്പെട്ട സെർബിയ-ബോസ്നിയ യുദ്ധം കഴിഞ്ഞ നൂറ്റാണ്ടിലെ ദാരുണമായ ഒരു സംഭവമായിരുന്നു. 1980കളിൽ യുഗോസ്ലാവിയയെ രാഷ്ട്രീയവും സാമ്പത്തികവുമായ പ്രതിസന്ധികൾ അലട്ടി. വൈകാതെ സോഷ്യലിസ്റ്റ് ഫെഡറൽ റിപ്പബ്ലിക് ഓഫ് യുഗോസ്ലാവിയ ശിഥിലമാവുകയായിരുന്നു. യുഗോസ്ലാവിയൻ റിപ്പബ്ലിക്കിൽനിന്ന് 1992ൽ ബോസ്നിയ-ഹെർസഗോവിന സ്വയം മാറാൻ തീരുമാനിച്ചത് സെർബിയയെ ചൊടിപ്പിച്ചു. സെർബ് ആധിപത്യത്തിന് ശ്രമിച്ചുകൊണ്ടിരുന്ന സെർബിയ ബോസ്നിയയുമായി യുദ്ധംചെയ്തു തുടങ്ങി. സെർബിയൻ രാഷ്ട്രം എന്ന ഉന്നം മുന്നിൽക്കണ്ട് പ്രവർത്തിച്ച സൈന്യം വംശശുദ്ധീകരണത്തിനായി യത്നിച്ചു. 1992-1995 കാലത്ത് നടന്ന ബോസ്നിയയും സെർബിയയുമായുള്ള യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് പാജ്‌ടിം സ്റ്റാടോവ്സിയുടെ (Pajtim Statovci) മൂന്നാമത്തെ നോവലായ ‘ബൊല്ല’ (Bolla) വികസിക്കുന്നത്. കൊസോ​വോയിൽ ജനിച്ച ഈ നോവലിസ്റ്റ് ഫിൻലൻഡിലേക്ക് നന്നേ ചെറിയ പ്രായത്തിൽതന്നെ കുടിയേറുകയായിരുന്നു.


ഫിന്നിഷിൽ എഴുതിയ നോവൽ ഡേവിഡ് ഹാക്‌സ്‌ടനാണ് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത്. വേർപിരിയലിന്റെ പ്രതിസന്ധികൾ ഏകാകികളായ മനുഷ്യരെ ബാധിക്കുന്നതിന്റെ ചിത്രം ‘ബൊല്ല’യിലൂടെ നോവലിസ്റ്റ് അവതരിപ്പിക്കുന്നു. അരക്ഷിതമായ കാലത്തിന്റെ ആഖ്യാനങ്ങൾ തീർത്തും സാങ്കൽപികമായി കാണാനാവില്ല. രാഷ്ട്രമെന്നോ ഭാഷയെന്നോ മതമെന്നോ ഭേദമില്ലാതെ മനുഷ്യർ അഭിമുഖീകരിക്കുന്ന സമസ്യകൾ സമാനമാണ്. അതിനു യുദ്ധം ഒരു നിമിത്തമായി അനുഭവപ്പെടുകയാണ്. 1980കളിൽ, കൊസോവോയിൽ ജീവിച്ചിരുന്ന അൽബേനിയക്കാർ തങ്ങളുടെ പ്രവിശ്യക്ക് ഒരു റിപ്പബ്ലിക്കിന്റെ പദവി നൽകണമെന്ന് ശഠിക്കാൻ തുടങ്ങിയതാണ് പ്രശ്നങ്ങൾക്ക് വഴിയൊരുക്കിയത്‌. ഇതേത്തുടർന്ന് കൊസോവോയിലെ അൽബേനിയക്കാരും സെർബ് വംശജരും തമ്മിലുള്ള സംഘർഷങ്ങൾ ഇരുപതാം നൂറ്റാണ്ടിന്റെ ഒടുവിലായി പലപ്പോഴായി സംഭവിക്കുകയും ചെയ്തു.

കഥാപാത്രങ്ങളായ അർസിമിന്റെയും മിലോസിന്റെയും ജീവിതവും കാഴ്ചപ്പാടുകളും ഒന്നിടവിട്ട അധ്യായങ്ങളിലായി ഉൾപ്പെടുത്തിയിരിക്കുന്ന നോവൽ അടുപ്പത്തിന്റെയും അകൽച്ചയുടെയും അനിശ്ചിതത്വത്തിന്റെയും കഥ പറയുന്നു. ഇപ്പറഞ്ഞ ഘടകങ്ങൾ വാക്കുകളിലൂടെ ചിത്രീകരിക്കാനാവാതെ, സന്ദേഹങ്ങളും സന്ദിഗ്ധതകളും നിറഞ്ഞ ജീവിതത്തിന്റെ തീക്ഷ്ണഭൂമിയിലാണ് ആഖ്യാനം നിലയുറപ്പിച്ചിരിക്കുന്നത്. വ്യക്തിയുടെ സ്വാതന്ത്ര്യവും ഇച്ഛയും രാഷ്ട്രം നിർണയിക്കുന്നതോടെ വൈയക്തിക നിലപാടുകൾക്ക് പ്രസക്തി ഇല്ലാതാവുകയാണ്. വിണ്ടുകീറിയ ഭൂമിയും തെളിച്ചമില്ലാത്ത, മൂടിക്കെട്ടിയ ആകാശവും വിഷാദപൂർവമാക്കിയ സാഹചര്യത്തിൽ വെല്ലുവിളികളെ എങ്ങനെയാണ് മനുഷ്യർ നേരിടുന്നത് എന്നതിന്റെ വ്യാഖ്യാനമാണ് ഈ നോവൽ. വംശീയതയും വർഗവെറിയും മനുഷ്യരെ ചതുപ്പുകളിലേക്ക് മാറ്റിപ്പാർപ്പിക്കുമ്പോഴും പ്രതീക്ഷകൾ അസ്തമിക്കാതെ ഭാവിജീവിതത്തെ സ്വാഗതംചെയ്യാനായി അവർ തയാറെടുക്കുകയാണ്. ശുഭാപ്തിവിശ്വാസികളായ അത്തരക്കാരെ ‘വിശാലമായ’ അർഥത്തിൽ നാം അഭയാർഥികൾ എന്ന് വിളിക്കുന്നു. ആരാണ് അവർക്ക് അഭയം നൽകുക എന്ന ചോദ്യത്തിന് അപ്പോഴും കൃത്യമായ മറുപടി ആയിട്ടില്ല.

എഴുത്തുകാരനായിത്തീരണം എന്ന ആഗ്രഹത്തോടെ കൊസോവോയുടെ തലസ്ഥാനമായ പ്രിസ്റ്റീനയിൽ ജീവിക്കുന്ന അർസിം എന്ന അൽബേനിയക്കാരൻ അനുഭവിക്കുന്ന മാനസിക പിരിമുറുക്കങ്ങളിലൂടെയാണ് നോവൽ മുന്നോട്ടുപോകുന്നത്. അൽബേനിയൻ സമൂഹം ചരിത്രാതീതമായ കാലം തൊട്ടേ അനുഭവിച്ച അവഗണനകളും യുദ്ധവും മറ്റും വിഷയമാവുന്ന ഒരു പുസ്തകമെഴുതണമെന്ന ലക്ഷ്യം അയാൾക്കുണ്ടായിരുന്നു. ഭാര്യയായ അയിഷെയുമായി നല്ല ബന്ധത്തിലല്ലാത്ത അയാൾ മിലോസ് എന്ന സെർബ് വംശജനായ മെഡിക്കൽ വിദ്യാർഥിയുമായി പ്രണയത്തിലായി. വിള്ളലുകളുള്ള ദാമ്പത്യത്തിന്റെ അന്തഃസംഘർഷത്തിലൂടെ നീങ്ങുന്ന അർസിമിനു മിലോസിന്റെ സാന്നിധ്യം ആശ്വാസമേകി. സെർബ്-അൽബേനിയ വൈരുധ്യമൊന്നും അവരുടെ ബന്ധത്തിന് തടസ്സമായില്ല. എന്നാൽ, വ്യക്തമായ ആസൂത്രണത്തോടെ, അൽബേനിയക്കാരെ നിഷ്കാസനം ചെയ്യിക്കാനായിരുന്നു സെർബിയൻ അധികൃതരുടെ ഉദ്ദേശ്യം. കാട്ടുതീപോലെ പടരുന്ന സെർബിയൻ പട്ടാളത്തിന്റെ ആക്രമണം ജനങ്ങളെ ദുരിതത്തിലാക്കി. ബലാത്സംഗവും പീഡനവും കൊലപാതകവും കഥകളായി പരിണമിച്ചു. ‘‘ജീവിതം ക്രൂരമായി മാറുകയായിരുന്നു, ആളുകൾക്ക് അത് പരിചിതമായി തുടങ്ങുകയും ചെയ്തു. മൃതദേഹം വരെ മൃതദേഹത്തിന്റെ പ്രതിച്ഛായയായി’’ തീരുന്ന വിധത്തിൽ അന്തരീക്ഷം വിറങ്ങലിച്ചു. ‘‘ഏകാന്തത മനുഷ്യരെ അവരുടെ ചർമത്തിൽനിന്ന് പുറംതള്ളുകയാണ്. മനുഷ്യരുടെ നാവ് മുറിച്ചുമാറ്റി, പഴകിയതും പൂട്ടിയതുമായ ഒരു മുറിയിൽ ഉപേക്ഷിച്ചുകൊണ്ട് പതുക്കെ അവരെ ബാഷ്പീകരിക്കുകയും ചെയ്യുന്നു’’ എന്ന മിലോസിന്റെ ആത്മഗതം ആഖ്യാനത്തിൽ അന്തർലീനമായ പൊതുഭാവമാണ്.

ഒറ്റപ്പെടുന്നതിന്റെ നിസ്സഹായാവസ്ഥയെക്കാൾ വലിയ ദുരന്തം അപൂർവമാണ്. ഏകാന്തതയും ആസന്നമായ യുദ്ധം മൂലമുള്ള ഭയവും കാർന്നുതിന്നുന്ന മനുഷ്യരുടെ പ്രതിനിധിയായിരുന്നു അർസിം. ഭയത്തോടെ വളർന്ന ഒരാൾ ഒരിക്കലും അതില്ലാതെ ജീവിക്കാൻ പഠിക്കുന്നില്ല എന്ന് നോവലിൽ ഒരു സന്ദർഭത്തിൽ പറയുന്നുണ്ട്. ഭയം സംജാതമാവുന്ന കാരണം റദ്ദു ചെയ്യുമ്പോൾ, ഭയം പ്രകടമാവുകയും അതിന്റേതായ അനന്തരഫലങ്ങൾ ഉരുവം കൊള്ളുകയുമാണ്. നീണ്ടുനിൽക്കുന്ന സംശയവും ഭ്രമാത്മകതയും സ്വപ്നങ്ങളും അങ്ങനെ പൊട്ടിമുളക്കുന്നു. ഭീതി രൂപാന്തരപ്പെടുന്നതിന്റെ രീതികൾ രാഷ്ട്രത്തിലെയും വ്യക്തിജീവിതത്തിലെയും ആഭ്യന്തര പ്രശ്നങ്ങളുമായി ആഖ്യാനത്തിൽ ചേർത്തുവെക്കുന്നതായി കാണാം. ദൈവവുമായി മുൻനിർത്തിയുള്ള ചിന്ത ഈ അവസരത്തിലാണ് പ്രസക്തമാകുന്നത്. ദൈവം പുറംതിരിഞ്ഞു നടക്കുകയും പിശാച് തങ്ങളുടെ അടുത്തേക്ക് വരുകയുമാണെന്ന അർസിമിന്റെ വിചാരം അയാളുടെ ഭയത്തെ ഉറപ്പിക്കുന്നു. പിശാചുമായി ബന്ധപ്പെട്ട ഒരു കെട്ടുകഥയും നോവലിലുണ്ട്. പറുദീസയിൽ ഒരു സർപ്പത്തെ കണ്ട കാര്യം ദൈവം പിശാചിനെ അറിയിക്കുന്നു. ദൈവത്തിനു ജനിച്ച ഒരു കുട്ടിയെ സമ്മാനമായി നൽകണമെങ്കിൽ സർപ്പത്തെ പറുദീസയിൽനിന്നു പുറത്താക്കാമെന്നു പിശാച് വാക്ക് കൊടുത്തു. ദൈവമാകട്ടെ സ്വന്തം മകളിൽ തനിക്കു ജനിച്ച അന്ധയായ കുഞ്ഞിനെ പിശാചിന് സമ്മാനമായി നൽകുകയാണ്. വർഷങ്ങൾക്കുശേഷം, ആ പെൺകുട്ടി സർപ്പത്തിന്റെ തോൽ ധരിച്ച്, അതിന്റെ കൂടെ ഇരുട്ടുഗുഹയിൽ ജീവിക്കുന്ന കാഴ്ചയാണ് കാണുന്നത്.

പാജ്‌ടിം സ്റ്റാടോവ്സി

പാജ്‌ടിം സ്റ്റാടോവ്സി

ഗുഹാമുഖത്തിലൂടെ വെളിച്ചത്തെ അകത്തുകടക്കാൻ പിശാച് അനുവദിച്ചു; തന്റെ സൃഷ്ടിയെ പ്രകാശിപ്പിക്കാൻ വേണ്ടിയായിരുന്നു ആ പ്രവൃത്തി. അപ്പോൾ പെൺകുട്ടി ആദ്യമായി സൂര്യപ്രകാശം എന്താണെന്നു മനസ്സിലാക്കി. അവൾക്ക് അത് മനോഹരമായി തോന്നി.” ബൊല്ല എന്ന രാക്ഷസരൂപിയായ ജീവിയെ കുറിച്ചുള്ള കഥ അൽബേനിയയിലെ ഒരു പുരാവൃത്തമാണ്. ‘ബൊല്ല’ എന്ന വാക്കിനു ഭൂതം, അന്യഗ്രഹജീവി, അദൃശ്യം എന്നൊക്കെ അർഥങ്ങളുണ്ട്. പ്രചാരത്തിലുള്ള കഥയനുസരിച്ച് സെന്റ് ജോർജ് ദിനം വരെ ബൊല്ല കണ്ണടച്ചിരിക്കുമെന്നാണ് വിശ്വാസം. തന്റെ സമീപത്തേക്കെത്തുന്ന ഏതൊരു മനുഷ്യനെയും വിഴുങ്ങുന്ന ഈ ജീവിക്ക് കണ്ണ് കാണാനാവില്ല. ‘ബൊല്ല’ യുദ്ധത്തിന്റെയും വംശഹത്യയുടെയും രൂപത്തിൽ അവതരിക്കുകയാണ് എന്ന സൂചന ആഖ്യാനത്തിൽ വായിച്ചെടുക്കാം. കെട്ടുകഥയുടെ പരിവേഷം ആഖ്യാനത്തിൽ ചേർക്കുന്നതോടെ യഥാർഥ/അയഥാർഥ തലങ്ങൾക്കിടയിലെ ദൂരം കുറയുകയാണ്. യുദ്ധം ‘ഭീകര’മായ ആഘാതമായതും മിലോസിനെ കണ്ടുമുട്ടിയതും പ്രണയിച്ചതും പിരിഞ്ഞതും വീണ്ടും ഒരു പ്രത്യേക സ്ഥിതിയിൽ കണ്ടതുമെല്ലാം പ്രതീകാത്മകമായി വിവരിച്ചിരിക്കുന്നതുപോലെയാണിത്.

02

കൊസോവോ പൂർണമായും സെർബിയയുടെ ആധിപത്യത്തിലായതോടെ പതിനായിരക്കണക്കിന് മനുഷ്യർ അവിടെനിന്നു പലായനം ചെയ്തു. അർസിമിനും കുടുംബത്തിനും കൊസോവോ നിർബന്ധിതമായി ഉപേക്ഷിക്കേണ്ടിവരുന്നു. സന്തോഷം നിലവിലില്ല എന്നറിയുന്നതാണ് സന്തോഷവും അത് സഹിക്കാനുള്ള വിവേകമാണ് ദുഃഖമെന്നുമുള്ള ബോധ്യത്തോടെ അർസിമും മിലോസും പിരിയാനുള്ള തീരുമാനമെടുത്തു. കഴിഞ്ഞുപോയ ജീവിതത്തെ മനഃപൂർവം മറക്കുക എന്നത് ബോധപൂർവമായ ഒരു തീരുമാനമായി കൈക്കൊള്ളാൻ അവർക്കാവില്ല എന്ന് തീർച്ചയാണ്. കൊസോവോയിൽനിന്ന് അർസിമും കുടുംബവും എത്തിച്ചേരുന്ന സ്ഥലത്തിന്റെ വിശദാംശങ്ങള്‍ നോവലിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇങ്ങനെയുള്ളൊരു സ്ഥലത്തെ ഒരു പ്രതീകമായി വായിക്കാവുന്നതാണ്. വ്യത്യസ്തമായ സംസ്കാരത്തിന്റെയും പ്രാതിനിധ്യത്തിന്റെയും ഭാഗമായി രൂപപ്പെടുന്ന കൂടിയാലോചനയുടെ ഒരു പുതിയ മേഖലയായി ഈ ഇടം മാറുകയാണ്. പലായനം ചെയ്തെത്തുന്ന മനുഷ്യരുടെ സ്വത്വബോധത്തിൽ കാണപ്പെടുന്ന വിച്ഛേദത്തെയും ഈ സ്ഥലം സൂചിപ്പിക്കുന്നു. രണ്ടു ഭാഷകൾക്കും വിഭിന്നമായ സംസ്കാരങ്ങൾക്കുമിടയിലുള്ള ജീവിതം വൈഷമ്യങ്ങൾ തീർക്കുന്നതും വ്യക്തിത്വം നഷ്‌ടപ്പെടാനുള്ള സാധ്യതയിലേക്ക് നയിക്കുന്നതും അത്തരം ഇടത്തിൽ സംഭവ്യമാണ്. ഇങ്ങനെയുള്ള ഉരസലുകൾ ആകൃതിപ്പെടുന്നതോടെ ജീവിതം ദുസ്സഹമാവുന്നു. സ്വത്വവിചാരത്തിന് സങ്കരഭാവം ഉരുത്തിരിയുന്നതിന്റെ പ്രാഥമികമായ കാരണം മറ്റൊന്നല്ല. ഇടുങ്ങിയ ഇടനാഴികളിലൂടെ യാത്രചെയ്യുമ്പോൾ അനുഭവപ്പെടുന്ന പ്രയാസം ഇവിടെ അധിവസിക്കുന്ന മനുഷ്യർക്കുണ്ടാകുകയാണ്.

ചില മനുഷ്യർ ഭൂതകാലത്തെ ഓർക്കാൻ ഇഷ്ടപ്പെടാത്തത് എന്തുകൊണ്ടാവും എന്നാലോച്ചിട്ടുണ്ടോ? എപ്പോഴൊക്കെയോ അവർക്ക് ഭൂതകാലത്തെ സ്വയം മായ്ച്ചുകളയേണ്ടിവരുന്നു. അത്തരം ഘട്ടത്തിൽ യാഥാർഥ്യവും ഭാവനയും തിരിച്ചറിയാൻ കഴിയാത്ത വികാരങ്ങളാവുകയാണ്. ലോകത്തെ കുറിച്ചുള്ള കാഴ്ചപ്പാടിൽ പുനർചിന്തനം ഉണ്ടാകുന്ന ഒരവസ്ഥയാണത്. മിലോസ്‌ ആ സംഘത്തിൽപ്പെട്ട ഒരാളാണ്. മിലോസിനെ സംബന്ധിച്ചിടത്തോളം അർസിമാണ്‌ അയാളുടെ ഭൂതകാലം. അയാളിലെ സ്വത്വമുദ്രകൾക്ക് ബലം പകർന്നിരുന്നത് അർസിം പകർന്നു നൽകിയ ഭാവലയങ്ങളും ഗന്ധവും ശരീരവും ഇന്ദ്രിയാനുഭൂതിയുമാണ്. കാമുകനെ വേർപിരിഞ്ഞതിനുശേഷം സെർബിയക്കുവേണ്ടി യുദ്ധമുന്നണിയിലേക്ക് നിയോഗിക്കപ്പെട്ട മിലോസ്‌ ഭൂതകാലത്തെ മറക്കാൻ കഠിനപ്രയത്നം ചെയ്തിട്ടുണ്ടാകണം. അർസിമിന്റെ സ്ഥിതിയും വേറിട്ടതായിരുന്നില്ല. പുതിയ ഇടത്ത് ഭാര്യയും മക്കളുമായുള്ള ജീവിതത്തിൽ അർസിം തീർത്തും അസന്തുഷ്ടനായി കാണപ്പെട്ടു.

താൽക്കാലികമായ ജോലി കരസ്ഥമാക്കി അയിഷെയും കുടുംബത്തെ സാമ്പത്തികമായി സഹായിക്കാൻ ശ്രമിച്ചു. എങ്കിലും പൊതുവെ കുടിയേറ്റക്കാർക്ക് നേരിടേണ്ടിവരുന്ന ‘തീണ്ടലും’ ‘തൊട്ടുകൂടായ്മ’യും കണ്ടില്ലെന്നു നടിക്കാനേ അവർക്ക് കഴിഞ്ഞുള്ളൂ. കുട്ടികളുടെ പഠനകാര്യങ്ങളിലും ഈ അവഗണന അവർ അനുഭവിച്ചു. ഒരുതരത്തിലുള്ള പിന്തുണയും കുട്ടികൾക്ക് അധ്യാപകർ നൽകിയിരുന്നില്ല. മാത്രമല്ല, അവരുടെ പഠനനിലവാരത്തെയും മറ്റും കുറ്റപ്പെടുത്താനുള്ള ശ്രമവും അധ്യാപകരുടെ ഭാഗത്തുനിന്നുണ്ടായി. മറ്റൊരു സമൂഹത്തിന്റെ സാംസ്കാരിക പ്രതിസന്ധിയായി കുട്ടികളുടെ സ്വഭാവവിശേഷത്തെ കാണുകയും അവരുടെ ഉന്നമനത്തിനായി പ്രത്യേകിച്ചൊന്നും പ്രവർത്തിക്കാതിരിക്കുകയും ചെയ്യുക എന്നതാണ് വിദ്യാലയാധികൃതർ സാമാന്യേന സ്വീകരിച്ച നയം എന്ന് പറയാം. വ്യത്യസ്ത ഭാഷകളും മതങ്ങളും സംസ്കാരങ്ങളും അഭയാർഥികൾക്ക് പൊതുവെ സമ്മർദം ചെലുത്താറുള്ള മാനസിക ക്ലേശമാണ്. തദ്ദേശീയ-കുടിയേറ്റ (അഭയാർഥി) വിഭാഗങ്ങൾക്കിടയിലുള്ള സ്പർധയും വിവേചനവും വ്യക്തമാകുന്ന രംഗംകൂടിയാണിത്. നോവലിൽ ചൂണ്ടിക്കാണിച്ചതുപോലെ യഥാർഥ യുദ്ധം ആരംഭിക്കുന്നത് ശത്രുതയുടെ വിരാമത്തോടെയും അനുരഞ്ജന കരാറിന്റെ ഒപ്പുവെക്കലിലൂടെയുമാണെന്ന വാദം തള്ളിക്കളയാവുന്നതല്ല. യുദ്ധാനന്തരമുള്ള വ്യവഹാരങ്ങൾ രാജ്യത്തെ ഏതു ദിശയിലേക്കാണ് എത്തിക്കുകയെന്നത് പ്രവചിക്കാനാവില്ലല്ലോ.


രാഷ്ട്രത്തിന്റെ തകർച്ചക്കും പലായനത്തിന്റെ തീവ്രതക്കും സമാന്തരമായി അർസിമിന്റെ ജീവിതം ദുരന്തപർവമായി പരിണമിക്കുന്ന കാഴ്ചയാണ് നോവൽ അവതരിപ്പിക്കുന്നത്. പ്രായപൂർത്തിയായവനെന്ന് തെറ്റിദ്ധരിച്ച് പതിനാലു വയസ്സുള്ള ആൺകുട്ടിയുമായി നടത്തിയ ലൈംഗികബന്ധം അർസിമിനെ നിയമത്തിന് മുന്നിൽ കുറ്റവാളിയാക്കി. പതിമൂന്നു മാസം തടവിൽ കഴിയേണ്ടി വന്ന അയാളെ ശിക്ഷ പൂർത്തിയാക്കിയതിനുശേഷം അധികാരികൾ സ്വന്തം നാട്ടിലേക്ക് പറഞ്ഞുവിടുകയാണ്. ജയിലിൽവെച്ച് എഴുത്തിനും വായനക്കുമായി സമയം കണ്ടെത്തിയ അയാൾക്ക് ജീവിതം വലിയ ഒരു കള്ളമാണെന്ന തോന്നലുണ്ടാവുകയാണ്. ഒരു ദുരന്തത്തിൽനിന്നു മറ്റൊന്നിലേക്കുള്ള മാറ്റിവെക്കൽ എന്ന പ്രക്രിയയാണ് ജീവിതത്തിൽ വന്നുകൂടുന്നത്. സ്വദേശത്തേക്കുള്ള മടക്കയാത്രയിലും പിന്നീടുള്ള ജീവിതത്തിലും അയാൾ ഒറ്റക്കായി.

കുടുംബം അയാളെ എന്നേക്കുമായി കൈവിട്ടു. ആത്യന്തികമായി നഷ്ടങ്ങളുടെ പട്ടികയാണ് അയാളുടെ ജീവിതം. ഇവിടെ സ്വത്വനഷ്ടം പൂർണമായും സംഭവിച്ചുകൊണ്ട് അയാൾ അപരത്വത്തിന്റെ പ്രതിനിധിയാവുകയാണ്. നീതിയും സ്വാതന്ത്ര്യവും നിഷേധിക്കപ്പെട്ട അർസിമിന്റെ പിൽക്കാലത്തെ ജീവിതം ഒരു പ്രതിരോധ പ്രവർത്തനമാണ്. അധികാരവും അധിനിവേശ ശക്തികളും തകർത്ത രാജ്യത്തെയും ജീവിതത്തെയും ശ്രദ്ധാപൂർവം കെട്ടിയുയർത്താനുള്ള പരിശ്രമമാണ് അയാൾ നടത്തുന്നത്. എഴുത്തുകാരനാകുക എന്ന ലക്ഷ്യം അയാൾക്ക് ഉപേക്ഷിക്കാനായില്ല. ജീവിതത്തെ തിരിച്ചുപിടിക്കാനും ആർത്തിയോടെ ആശ്ലേഷിക്കാനും അയാൾക്ക് എന്തെങ്കിലും മാർഗം വേണമല്ലോ. കഥകളെ കാലാൾപ്പടയാക്കി ജീവിതമെന്ന ചക്രവ്യൂഹത്തിൽ അയാൾ പോരാടുമെന്ന് തീർച്ചയാണ്. അതിനിടയിൽ തീർത്തും നിർഭാഗ്യകരമായ സ്ഥിതിയിൽ, മിലോസിനെ അവിചാരിതമായി അർസിം കാണുന്ന രംഗം ആഖ്യാനത്തെ വൈകാരികമാക്കുന്നുണ്ട്.

രാഷ്ട്രങ്ങൾ തമ്മിലുള്ള പക അവിടങ്ങളിൽ വസിക്കുന്നവരെ ഭവനരഹിതരാക്കുന്ന സന്ദർഭം സാധാരണമായിക്കഴിഞ്ഞു. അധികാരത്തിനുവേണ്ടിയുള്ള യുദ്ധങ്ങൾ ജനതയുടെ ക്ഷേമം അടിസ്ഥാനപ്പെടുത്തി ഉദയംകൊള്ളുന്നതല്ല. യുദ്ധത്തിന്റെ അനന്തരഫലമായ അശാന്തിയുടെ ചുറ്റുവട്ടങ്ങൾ മനുഷ്യരെ വിഷാദത്തിന്റെ കരകളിലെത്തിക്കുകയാണ്. സ്വപ്‌നങ്ങൾ കാണാൻപോലും അവർ ഉത്കണ്ഠപ്പെടുന്നു. സ്വപ്‌നങ്ങൾ സാക്ഷാത്കൃതമായാൽ പിന്നെ എന്തുചെയ്യുമെന്ന നിസ്സംഗാവസ്ഥ അവരെ പിടികൂടി. അതിനാൽ, സ്വപ്നങ്ങളായി തന്നെ അവ നിലനിൽക്കുന്നതാണ് നല്ലതെന്നുള്ള ചിന്ത രൂപപ്പെടുന്നതായി കാണാം. ചുരുക്കത്തിൽ അവർക്ക് എന്നും കാത്തിരിപ്പിന്റെ നാളുകളാണ്.

വ്യക്തിത്വം നഷ്ടപ്പെടുന്ന വിധത്തിലുള്ള സന്ധികളിലൂടെ കടന്നുപോകുന്ന അവർക്ക് ജീവിതം വീണ്ടും രൂപകല്‍പന ചെയ്യേണ്ടി വരുന്നു. ഈ യാത്രക്കിടയിൽ ചിലർ അത്ഭുതകരമായി മറ്റൊരു ജീവിതം കെട്ടിയുയർത്തുകയും മറ്റു ചിലർ തിരിച്ചുവരാനാവാത്ത തരത്തിൽ ആഴങ്ങളിലേക്ക് വീഴുകയും ചെയ്യുന്നുണ്ട്. ഭൂതകാലം ഓർക്കാനും ഭാവിയെ കുറിച്ച് ആലോചിക്കാനും ആശങ്കപ്പെടുന്ന മനുഷ്യരിൽ പ്രതീക്ഷയുടെ നാളം തെളിയുന്ന കാലത്തെയാണ് ലോകം ഉറ്റുനോക്കുന്നത്. സ്വന്തം മണ്ണ് നഷ്ട​െപ്പട്ടവർക്ക് മുറുകെ പിടിക്കാൻ വിശ്വാസങ്ങൾ സഹായകമാകുന്നതിന്റെ ദൃഷ്ടാന്തമായി ഇതിനെ കാണാം. നിലനിൽപിനായി അഹിതമായ കർമങ്ങൾചെയ്ത് ജീവിക്കുന്നവരും നിർബന്ധിതമായി രാജ്യത്തിന്റെ സ്വാർഥതാൽപര്യത്തിനായി പോരാടുന്നവരും സ്നേഹം നടിച്ചുകൊണ്ട് വഞ്ചിക്കുന്നവരും സ്നേഹത്തിനായി വിലപിക്കുന്നവരും നിറഞ്ഞിരിക്കുന്ന ലോകത്തിൽ ദൈവവും പിശാചും പരസ്പരം വേഷംമാറ്റിക്കൊണ്ടുള്ള സാന്നിധ്യങ്ങളാവുന്നു.

News Summary - Bolla by Pajtim Statovci review