ജാതിയുടെ ശരീരവും മനസ്സും
കെ.ടി. ഗട്ടിയുടെ ‘അബ്രാഹ്മണന്’ എന്ന നോവലിനെ മുന്‍നിര്‍ത്തിയുള്ള വിശകലനം. ഇൗ കൃതിയെ പ്രതി ജനാധിപത്യ വിചാരത്തോടെയും ജാതിക്കെതിരെയും ചിന്തിക്കുന്ന ബ്രാഹ്മണന്റെ രാഷ്ട്രീയ മൂല്യബോധത്തില്നിന്നുമാണ് വിശകലനം ചെയ്യേണ്ടത് എന്ന് ലേഖകൻ.
ഏതൊന്നിന്റെയും അസ്തിത്വരൂപവത്കരണത്തില് ‘സ്ഥലം’ പ്രധാന ഘടകമായി മാറുന്നുണ്ട്. എന്നാല്‍, സ്ഥലത്തെ മാത്രം ആശ്രയിച്ചല്ല ഏതൊരവസ്ഥയുടെയും വികാസം. മനുഷ്യനെ സംബന്ധിച്ച് അവന്റെ ആകാരപ്രകൃതിയില് സ്ഥലം, കാലാവസ്ഥ, ഭൂപ്രകൃതി എന്നിവയുടെ സ്വാധീനം പ്രത്യക്ഷത്തില്‍തന്നെ പ്രകടമാണ്. എന്നാല്‍, ലോകത്ത് ഒരിടത്തും ശാരീരിക പ്രകൃതി മനുഷ്യന്റെ ജീവിക്കാനുള്ള അവകാശത്തെ നിഷേധിച്ചിട്ടില്ല. കറുത്ത നിറമുള്ള മനുഷ്യര്‍ക്ക് നേരെ ഉയരുന്ന വിവേചനം ഇത്തരം സാമാന്യവത്കരണത്തെ തിരുത്തുന്നുണ്ട്. യൂറോപ്പിലെ വർണവെറിയും ഇന്ത്യയിലെ ജാതിവ്യവസ്ഥയും അനുഭവതലത്തില്‍ കറുത്തവർഗ മനുഷ്യര്‍ നേരിടുന്ന സാമൂഹിക വിവേചനത്തിന്റെ സമകാലമുദ്രകളാണ്. ഇന്ത്യയിലെ ജാതി രൂപംകൊള്ളുന്നത് നിറത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമല്ല. അതായത്, ബ്രാഹ്മണനെ പോലെ വെളുത്ത നിറമുള്ള കീഴ്ജാതി മനുഷ്യന് അവന്റെ വെളുത്ത ശരീരംകൊണ്ട് ജാതി വിവേചനത്തെ മറികടക്കാന്‍ കഴിയില്ല.
കറുത്തതും ആകാരപ്രകൃതിയില് അപരിഷ്കൃത ഭാവരൂപത്തെ പ്രകടിപ്പിക്കുന്ന ബ്രാഹ്മണന്റെ ജാതിമേല്‍ക്കോയ്മ ഒരിടത്തും ചോദ്യംചെയ്യപ്പെടുന്നില്ല. അങ്ങനെ വരുമ്പോള്‍ ശരീരമല്ല മനസ്സാണ് ജാതിയുടെ ബോധഘടനയെ നിർണയി ക്കുന്നത് എന്നു കാണാം. ഇന്ത്യന്‍ അവസ്ഥയില്‍ ഇന്നും മനുഷ്യന് എന്ന സാമൂഹിക ഉൽപന്നത്തിന്റെ സംസ്കാരിക സ്ഥാനനിർണയം നിശ്ചയിക്കുന്നത് ജാതിബോധമാണ്. വിവിധ ദേശങ്ങളില്‍ ഇതിന് ഏറ്റക്കുറച്ചില്‍ ഉണ്ടാവാം. കീഴ്ജാതിക്കാരനായ ഡോ. അംബേദ്കറെ ബ്രാഹ്മണസ്ത്രീയായ സവിത വിവാഹം കഴിക്കുന്നത് മനസ്സില്‍ ജാതിബോധം ഇല്ലാത്തതുകൊണ്ടാണ്. ജാതിയുടെ ശരീരത്തെ മറികടക്കാന്‍ ജ്ഞാനസമ്പത്ത് പ്രധാന ഘടകമാണ്. അതായത്, മനുഷ്യന്റെ ശരീരം അതിനുള്ളിലെ കോശങ്ങള്‍ അതിന്റെ ജീവല്‍പ്രവര്‍ത്തനങ്ങള്‍ എല്ലാം അടിസ്ഥാനപരമായി ഒരു കെമിസ്ട്രിയിലാണ് പ്രവര്‍ത്തിക്കുന്നത്. ഈ തിരിച്ചറിവ് മനുഷ്യന് മനുഷ്യനോട് കാണിക്കുന്ന അസ്പൃശ്യത അവസാനിപ്പിക്കാന്‍ കാരണമാകേണ്ടതാണ്. എന്തുകൊണ്ട് സാധ്യമാകുന്നില്ല എന്നിടത്താണ് ജാതിയുടെ ശരീരമല്ല മനസ്സാണ് അപകടം എന്ന തിരിച്ചറിവ് സാധ്യമാകുന്നത്.
ജാതിയുടെ ശരീരം രൂപവത്കൃതമാകുന്നത് മനസ്സിന്റെ അറിവോടെയാണ്. ജാതിമനസ്സ് എന്നതിനെ ജ്ഞാനബോധംകൊണ്ട് തിരുത്താന്‍ പറ്റുന്നില്ല. അടുത്തകാലത്തായി മലയാളത്തിലെ ഒരു എഴുത്തുകാരന്റെ ശരീരത്തിലെ പൂണൂല് കാണാന്‍ ഇടയായി. അദ്ദേഹത്തിന്റെ സമ്പര്‍ക്കത്തില്‍ ഒരു ജാതീയമായ വിവേചനവും അനുഭവപ്പെടാറില്ല. എന്നാല്‍, അയാളുടെ ശരീരത്തില്‍ ജാതിസ്വത്വം പിറവി മുതല്‍ തൂങ്ങിക്കിടക്കുകയാണ്. അതിനെ ശരീരത്തില്‍നിന്ന് എടുത്തുമാറ്റാന്‍ കഴിയാത്തവിധം ജാതി തന്റെ ദൈവവിശ്വാസത്തിന്റെ ഭാഗമാണ് എന്ന് സ്വന്തം മനസ്സ് (ബോധം) അയാളെ നിരന്തരം ഓർമപ്പെടുത്തുകയാണ്. ശരീരംകൊണ്ട് ജാതിയെ മറികടക്കാന്‍ കഴിയുന്നതുകൊണ്ടാണ് താഴ്ന്ന ജാതിക്കാരനൊപ്പം അയാള്‍ക്ക് സാംസ്കാരിക പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയുന്നത്. ആ സാംസ്കാരിക ജ്ഞാനസമ്പത്തിനെ ഉള്‍ക്കൊള്ളാന്‍ മനസ്സ് തയാറല്ല. അതുകൊണ്ട് അയാള്‍ ജാതിചിന്തയില്‍നിന്നു മുക്തനാകുന്നില്ല. അത് സാധ്യമാകുമ്പോള്‍ ഒരു ബ്രാഹ്മണന് സംഭവിക്കുന്ന അടിമുടി മാറ്റത്തെയാണ് കെ.ടി. ഗട്ടിയുടെ ‘അബ്രാഹ്മണന്’ എന്ന നോവല്‍ അവതരിപ്പിക്കുന്നത്.
നോവലിലെ പ്രധാന നായകനായ ജഗദീഷ് ഭട്ട് തന്റെ പേരിന്റെ വാലു മുറിച്ച് മാറ്റുന്നത് ഏതെങ്കിലും ഉപരിപ്ലവമായ ചോദനകൊണ്ടല്ല. മറിച്ച് മനസ്സില്‍ ഉണ്ടാകുന്ന മാറ്റംകൊണ്ടാണ്. മനസ്സിലെ മാറ്റം സാമൂഹിക മാറ്റത്തിന്റെ ഭാഗമാക്കിയ ധീരനായ രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്നു ഇ.എം.എസ്. പാര്‍ട്ടിക്കുവേണ്ടി തന്റെ സ്വത്തും ജീവിതവും സമര്‍പ്പിച്ചു. പക്ഷേ, എന്തുകൊണ്ട് നമ്പൂതിരിപ്പാട് എന്ന പേര് ഉപേക്ഷിക്കാന്‍ കഴിഞ്ഞില്ല എന്ന ചോദ്യം എക്കാലത്തും പ്രസക്തമാണ്. അത് നിസ്സാരപ്പെട്ട കാര്യമാണ്. എങ്കിലും ആ നാമവിശേഷണത്തില്‍ അദ്ദേഹം എന്തെങ്കിലും ആനന്ദം അനുഭവിച്ചിരുന്നോ? ഉണ്ടെങ്കില്‍ അത് തികച്ചും മാനസികമായ ആനന്ദം മാത്രമാണ്. കാരണം, ആ രാഷ്ട്രീയജീവിതം അതാണ് സാക്ഷ്യപ്പെടുത്തിയത്. കെ.ടി. ഗട്ടിയുടെ നോവലില്‍ ഫിലോസഫി അധ്യാപകന് എന്നനിലയില്‍ ജഗദീഷില്‍ ഉണ്ടായ മാറ്റം ജ്ഞാനത്തില്‍നിന്നാണ്. അതായത് ധൈഷണികത മാനവികതയെ അഡ്രസ് ചെയ്യുകയും മനുഷ്യത്വവിരുദ്ധതയെ റദ്ദ് ചെയ്യുകയും ചെയ്യുന്നു. സര്ഗാത്മകതയില് ഇത് എങ്ങനെ സംഭവിക്കുന്നു എന്നത് ‘അബ്രാഹ്മണന്’ എന്ന നോവല്‍ മനോഹരമായി അവതരിപ്പിക്കുന്നുണ്ട്.
ഒരു കലാസൃഷ്ടി സ്വാഭാവിക ആസ്വാദനത്തിനു പുറത്ത് വായനക്കാരില്‍ എന്തെങ്കിലും ജ്ഞാനവിളംബരം സാധ്യമാക്കുന്നുണ്ടെങ്കില് ആ കൃതി കാലത്തെ തൊട്ടുനില്ക്കുന്നുണ്ട്. അത് കാലഘടനയില്‍ എവിടെയോ സാമൂഹികാവസ്ഥയെ പ്രതിനിധാനംചെയ്യുന്നുണ്ട്. ഒട്ടുമുക്കാല്‍ നോവലും ഈ തരത്തില്‍ വായനക്കാരനെ സ്വാധീനിക്കാറുണ്ട്. അത് പ്രമേയത്തിന്റെ വ്യതിരിക്തതകൊണ്ടോ, സാമൂഹികാവസ്ഥയെ അഡ്രസ്സ് ചെയ്തുള്ള ഭാവനാവൈവിധ്യങ്ങള്കൊണ്ടോ സംഭവിക്കുന്നതാണ്. അതേസമയം, മനുഷ്യന്റെ അസാധാരണ ജീവിതം എഴുത്തിലേക്ക് പ്രവേശിക്കുമ്പോള്‍ അത് മനസ്സിനെ കീഴടക്കുന്ന ആനന്ദവും പലപ്പോഴും ആശങ്കയും ഭീതിയുമായി മാറാറുണ്ട്. ഇത് ചിന്തയിലേക്ക് പ്രവേശിക്കുമ്പോള്‍ കലയിലെ മൂല്യവും ആസ്വാദകമൂല്യബോധവും ഒന്നാക്കുന്നു. അതായത്, വായനയിലെ വിഷയം വായിക്കുന്നവന്റെ സാമൂഹിക-രാഷ്ട്രീയ നിലപാടുമായി ഏതെങ്കിലും തരത്തില്‍ ഐക്യപ്പെടുന്നുണ്ടോ എന്നതാണ് പ്രധാനം.
അങ്ങനെയുള്ള ഐക്യപ്പെടലില്‍ വായന മനുഷ്യരെ നിരന്തരം നവീകരിക്കുന്നുണ്ട്. ഒന്നില്‍നിന്നുതന്നെ അനേകം ചിന്താവഴികള്‍ അതിന്റെ വ്യത്യസ്ത ആഭിമുഖ്യങ്ങളിലൂടെ വളരുന്നു. ആ വഴിയില്‍ കലാസൃഷ്ടിയെ അഭിസംബോധന ചെയ്യുമ്പോള്‍ ആ കൃതിയും വായനയെ മൂല്യമുള്ളതാക്കുന്നു. ‘അബ്രാഹ്മണന്’ എന്ന നോവലിലെ ഉള്ളടക്കം എന്നോ തുടങ്ങിയ ജാതിയുടെ ഇന്നത്തെ സാമൂഹികാവസ്ഥയെ തൊട്ടുനില്ക്കുന്നുണ്ട്. സാഹിത്യത്തില്‍ എപ്പോഴും ആ രീതിയിലുള്ള ഗ്രന്ഥങ്ങള്‍ സമൂഹത്തിലെ പൊതുവ്യവഹാരങ്ങളില്‍ വിസ്ഫോടനങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. അത് മനുഷ്യന്റെ ബോധപൂർവമായ മൗനങ്ങളെ മുറിപ്പെടുത്തിയിട്ടുണ്ട്. മലയാളത്തില്‍ ‘ഖസാക്കിന്റെ ഇതിഹാസം’ ഇപ്പോഴും വിജയിച്ചുനില്‍ക്കുന്ന നോവലാകുന്നത് അതിന്റെ ഉള്ളടക്കത്തിലെ തീക്കനല്കൊണ്ടാണ്. എന്നാല്‍, പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം രചിക്കപ്പെട്ട മലയാളത്തിലെ ആദ്യത്തെ നോവല്‍ എന്ന വിശേഷണമുള്ള ഒ. ചന്തുമേനോന്റെ ‘ഇന്ദുലേഖ’ മറ്റൊരർഥത്തില്‍ ആ കാലത്തിന്റെ സാമൂഹിക വ്യവസ്ഥിതിയാണ് വരച്ചിട്ടത്. ഇന്ന് ‘ഇന്ദുലേഖ’യുടെ പ്രമേയത്തെ മുന്‍നിര്‍ത്തിക്കൊണ്ട് ആ കാലഘടനയുമായി ബന്ധപ്പെട്ട രചന നിര്‍വഹിക്കുക എളുപ്പമായ കാര്യമല്ല. എന്നാല്‍, അത്തരം പരീക്ഷണങ്ങള്‍ മലയാള ഭാഷയില്‍ വിജയിച്ചു എന്നതിന്റെ തെളിവാണ് എസ്. ഹരീഷിന്റെ ‘മീശ’യും ‘ആഗസ്റ്റ് പതിനേഴും’. ഏറ്റവും ഒടുവില്‍ പുറത്തുവന്ന ഐ.ആര്. പ്രശാന്തിന്റെ ‘പൊനം’ എന്ന നോവലിലും ഭൂതകാലത്തിന്റെ സാമൂഹികത ശക്തമായി നിലനില്‍ക്കുന്നുണ്ട്. അശോകന് ചെരുവിലിന്റെ ‘കാട്ടൂര്‍ക്കടവ്’ എന്ന നോവലിലും കാലം ഏറെ പ്രധാനപ്പെട്ടതാണ്. അത്തരം ആഖ്യാനങ്ങളില്‍ എഴുത്തുകാര്‍ വിജയിച്ചിട്ടുമുണ്ട്. ഇത്തരമൊരു ചിന്താ പരിസരത്തുനിന്നാണ് നാം കന്നട എഴുത്തുകാരനായ കെ.ട്ടി. ഗട്ടിയുടെ ‘അബ്രാഹ്മണന്’ എന്ന നോവലിനെ വിശകലനം ചെയ്യേണ്ടത്.
അയ്യായിരം വര്‍ഷം പഴക്കമുള്ള ജാതിവ്യവസ്ഥ ഇന്നും ഇന്ത്യയില്‍ ശക്തമായി നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ‘അബ്രാഹ്മണന്റെ’ വായന കാലാതീതമായ സാമൂഹികാവസ്ഥയുടെ തീക്ഷ്ണമായ അനുഭവപരിസരത്ത് എത്തിനില്‍ക്കുന്നത്. അതിലെ രാഷ്ട്രീയയുക്തി വായനക്കപ്പുറം വായനക്കാരിലേക്ക് നിക്ഷേപിക്കുന്ന നിരവധി ചോദ്യങ്ങള്‍ സമകാലിക ഇന്ത്യന്‍ പരിസരത്ത് പരിശോധിക്കപ്പെടേണ്ടതുണ്ട്.
അബ്രാഹ്മണന് എന്നത് ബ്രാഹ്മണസ്വത്വത്തിന്റെ നിഷേധാർഥത്തെയാണ് സൂചിപ്പിക്കുന്നത്. നോവലില്‍ ബ്രാഹ്മണ്യം എന്നത് കേവലം ഒരുപറ്റം മനുഷ്യരുടെ സാമൂഹികജീവിത പദവികളെ അലങ്കരിക്കുന്ന വാക്കു മാത്രമല്ല. അതിനപ്പുറം ബ്രാഹ്മണ്യം എന്നത് ഇന്ത്യന്‍ അസമത്വത്തെ നിര്‍ണയിച്ച നീചവും ക്രൂരവുമായ മേല്‍ക്കോയ്മ ജാതിയുടെ അധികാരമുദ്ര കൂടിയാണ്. ലോകത്തില്‍ ഉണ്ടായിട്ടുള്ള ശാസ്ത്ര സാങ്കേതിക വൈജ്ഞാനിക ബോധങ്ങള്ക്കൊന്നും തകര്‍ക്കാന്‍ കഴിയാത്തവിധം ബ്രാഹ്മണ്യം ഇന്നും ശക്തമാണ്. അത് മുന്നോട്ടുവെക്കുന്ന മേല്‍ക്കോയ്മ വിചാരത്തെ ഇന്നും നെഞ്ചിലേറ്റുന്ന ബ്രാഹ്മണബോധത്തിന് നേരെയുള്ള അട്ടഹാസമാണ് കെ.ടി. ഗട്ടിയുടെ ‘അബ്രാഹ്മണന്’ എന്ന നോവല്‍. ഈ നോവലിനെ പ്രതി ജനാധിപത്യവിചാരത്തോടെയും ജാതിക്കെതിരെയും ചിന്തിക്കുന്ന ബ്രാഹ്മണന്റെ രാഷ്ട്രീയ മൂല്യബോധത്തില്നിന്നുമാണ് വിശകലനംചെയ്യേണ്ടത്.
കാരണം, ബ്രാഹ്മണനും മനുഷ്യരാണെന്നും ബ്രാഹ്മണരായ മനുഷ്യരോടല്ല തനിക്കുള്ള എതിര്‍പ്പെന്നും ഡോ. ബി.ആര്. അംബേദ്കര്‍ നിരവധിതവണ പറഞ്ഞിട്ടുണ്ട്. അതേസമയം സവർണ സംസ്കാരങ്ങളെ നിഷേധിക്കുകയും പകരം പുതിയൊരു സംസ്കാരത്തെ രൂപപ്പെടുത്തണമെങ്കില്‍ ബ്രാഹ്മണത്തെ തകര്‍ക്കണമെന്നും അഭ്യർഥിക്കുന്നുണ്ട്. അതുകൊണ്ടാണ് ബ്രാഹ്മണിസത്തിനെതിരെയുള്ള പോരാട്ടം കൃത്യമായ രാഷ്ട്രീയ ഇടപെടലിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞത്.
ബ്രാഹ്മണ ര്‍ സാധാരണ മനുഷ്യരില്‍നിന്നും സ്വയം വ്യത്യസ്തരായിരിക്കുന്നത് അവര്‍ക്കുള്ളില്‍ അറിഞ്ഞോ അറിയാതെയോ സ്ഥാപനവത്കരിക്കപ്പെട്ടുപോയ മേല്‍ജാതി വിചാരങ്ങള്‍ കൊണ്ടാണ്. ഈ പശ്ചാത്തലത്തില്‍നിന്നുകൊണ്ടാണ് ബ്രാഹ്മണന് എന്ന മനുഷ്യനെ ഇഷ്ടപ്പെട്ട അംബേദ്കര്‍ ബ്രാഹ്മണിസത്തെ മരണംവരെ എതിര്‍ത്തത്. ഇത്തരം നിരീക്ഷണത്തെ മുന്‍നിര്‍ത്തി വേണം ‘അബ്രാഹ്മണന്’ എന്ന നോവലിന്റെ ആശയപ്രപഞ്ചത്തെ വിലയിരുത്തേണ്ടത്.
അബ്രാഹ്മണനായി നോവലില്‍ നിറഞ്ഞുനില്ക്കുന്നത് ജഗദീഷ് ഭട്ട് എന്ന ചെറുപ്പക്കാരനാണ്. അദ്ദേഹം തന്റെ സവർണ ജാതി വെച്ചുകെട്ടലുകളെ സ്വന്തം ശരീരത്തില്‍നിന്നാണ് ആദ്യം അഴിച്ചുവെക്കുന്നത്. അതിനായി എടുക്കുന്ന തീരുമാനം ജഗദീഷ് എന്നതിന്റെ കൂടെയുള്ള ഭട്ട് എന്ന ജാതിപ്പേര് ഉപേക്ഷിക്കുകയാണ്. (അതേസമയം പുരോഗമന കേരളത്തില്‍ ഇപ്പോഴും മേല്ജാതികള് പേരിനൊപ്പം ചേര്‍ക്കുന്ന ജാതിപ്പേരുകള്‍ സാമൂഹിക അംഗീകാരത്തിന്റെ അടയാളമായി അംഗീകരിക്കപ്പെടുന്നുണ്ട്.) ഫിലോസഫി അധ്യാപകനായി കോളജില്‍ പ്രവേശിക്കുമ്പോള്‍ അയാളുടെ തീരുമാനം പേരുകൊണ്ട് ജാതി തിരിച്ചറിയാതിരിക്കുക എന്നുള്ളതാണ്. പക്ഷേ, പാരമ്പര്യബോധത്തില്‍ ജാതിയെ നെഞ്ചോട് ചേര്‍ക്കുന്ന അമ്മ മീനാക്ഷിക്കും അച്ഛനായ മാധവനും അതൊരിക്കലും അംഗീകരിക്കാന്‍ കഴിയുന്നില്ല. ഈ ഘട്ടത്തില്‍ അച്ഛന് ഉപയോഗിക്കുന്ന ഒരു വാക്ക് ഏറെ പ്രാധാന്യമുള്ളതാണ്. ‘‘ആളുകളെല്ലാം സ്കൂളിലും കോളജിലും ഒക്കെ പോകാന്‍ തുടങ്ങിയതിനുശേഷം ബ്രാഹ്മണനും ശൂദ്രനും ഒരു വ്യത്യാസവും കൽപിക്കാറില്ല. സ്കൂളും കോളജും എല്ലാംകൊണ്ട് ചുട്ടെരിക്ക്’’ എന്ന അച്ഛന്റെ പ്രഖ്യാപനം ജ്ഞാനംകൊണ്ട് ഒരു വ്യക്തിക്ക് ഉണ്ടാകുന്ന മാറ്റത്തെ ജാതിസമൂഹം എത്രമാത്രം ഭയക്കുന്നു എന്നതിന്റെ തെളിവാണ്. പിന്നീട് ജഗദീഷ് നടത്തുന്ന ഓരോ നീക്കവും നിശ്ശബ്ദമായ പോരാട്ടമായി മാറുകയാണ്. അയാള്‍ക്ക് സമൂഹത്തെക്കുറിച്ചുള്ള ബോധം അത്രമാത്രം വ്യക്തതയുള്ളതായിരുന്നു. ഈയൊരു ബോധ്യമെന്നുള്ളത് ഒരു ബ്രാഹ്മണനെ സംബന്ധിച്ച് അയാളില്‍ നിറഞ്ഞുനില്ക്കുന്ന അനേകം ജാതിവിചാര അടരുകളെ മനസ്സില്‍നിന്നും ശരീരത്തില്‍നിന്നും ഉപേക്ഷിക്കാനുള്ള ജ്ഞാനശക്തികൊണ്ട് സാധ്യമായതാണ്.
തനിക്കുവേണ്ടി അതേ ജാതിയിൽപെട്ട പെണ്‍കുട്ടിയെ കല്യാണം കഴിക്കാന്‍ വേണ്ടിയുള്ള ആലോചന ജഗദീഷ് നിരസിക്കുന്നുണ്ട്. ഇത് ജാതിചക്രത്തില്നിന്നുള്ള മോചനത്തിനുവേണ്ടിയാണ്. എന്നാല്‍, ജാതിസമൂഹം ഒരിക്കലും അയാളെ സ്വതന്ത്രജീവിതത്തിലേക്ക് നടന്നുപോകാന്‍ അനുവദിക്കുന്നില്ല. അത്രമാത്രം ജാതിയുടെ അദൃശ്യമായ വലയങ്ങള്‍ അയാള്‍ക്ക് ചുറ്റും സദാ നിരീക്ഷണം ചെയ്യപ്പെടുന്നുണ്ട്. ഇത് എങ്ങനെ സംഭവിക്കുന്നു എന്നതിനെക്കുറിച്ച് അംബേദ്കര്‍ കൃത്യമായ നിരീക്ഷണം നടത്തിയിട്ടുണ്ട്. അതായത് സവർണ പാരമ്പര്യത്തില്‍ ജീവിച്ച മനുഷ്യര്‍ക്ക് ആ ബോധം നല്കുന്ന സാമൂഹിക സുരക്ഷിതത്വം എന്നത് ഒരേസമയം വ്യക്തിപരവും സാമൂഹികവുമായ മേധാവിത്വത്തെ പ്രകടിപ്പിക്കാനും അതുവഴി സാമ്പത്തിക ശക്തിയായി മാറാനുമുള്ള അടയാളമാണ്. ഈ അംഗീകാരം പലതവണ ജഗദീഷിലേക്ക് വന്നുചേരുന്നുണ്ട്. അതൊക്കെ അയാള്‍ നിരസിക്കുന്നത് മനുഷ്യന് എന്ന വിചാരത്തില്നിന്നുകൊണ്ടാണ്. അയാള്‍ കാണുന്ന ഓരോ കാഴ്ചയും ജാതിയെ അരക്കിട്ട് ഉറപ്പിക്കുന്നതാണ്. തന്റെ ജ്യേഷ്ഠന് ജാതിയില്‍ താണ പെണ്‍കുട്ടിയെ പിഴപ്പിച്ചപ്പോഴും പെണ്‍കുട്ടിയുടെ അച്ഛനോട് ബ്രാഹ്മണനായ പിതാവ് ചോദിക്കുന്നത് ‘‘അവളെ അഴിഞ്ഞാടാന്‍ വിട്ടത് നിന്റെ തെറ്റാണെ’’ന്നാണ്. ജാതിയാല്‍ അസ്പൃശ്യത നിലനില്‍ക്കുമ്പോഴും തന്റെ ലൈംഗികതൃപ്തിക്ക് ബ്രാഹ്മണന് കീഴ്ജാതി സ്ത്രീകളെ പ്രാപിക്കുന്നതില്‍ ലജ്ജയോ മാനമോ ഇല്ല. അതൊരു അധികാരമായി ചരിത്രത്തില്‍ ഉടനീളം ബ്രാഹ്മണര്‍ ഉപയോഗിക്കുന്നുണ്ട്.
ജാതി നല്കിയ സാമൂഹിക അധികാരം എല്ലാ അർഥത്തിലും താഴ്ന്ന ജാതി മനുഷ്യരിലേക്ക് കടന്നുചെല്ലാനുള്ള അവകാശമായി മാറി. നോവലില്‍ പിഴപ്പിച്ച പെണ്‍കുട്ടിയുടെ കുടുംബത്തിന് പണം കൊടുത്ത് പ്രശ്നം പരിഹരിക്കുമ്പോഴും ലൈംഗികതക്ക് ജാതി തടസ്സമായി നില്ക്കുന്നില്ല. അതേസമയം, കൂട്ടമായി എത്തിയ കീഴ്ജാതി മനുഷ്യര്‍ വീടിന്റെ മുന്നില്‍നിന്നു തിരിച്ചുപോയപ്പോള്‍ അമ്മ മീനാക്ഷി ജോലിക്കാരിയെ വിളിച്ച് അവിടെെയാക്കെ തുടച്ച് വൃത്തിയാക്കുന്നുണ്ട്. അതായത്, സാംസ്കാരികവിരുദ്ധമായ ഇടപെടലിന് ജാതിശരീരം വിഘാതമാകാതിരിക്കുകയും കാഴ്ചയിലെ ജാതിശരീരം കുലീനത നിലനിര്‍ത്താന്‍ പാടുപെടുകയും ചെയ്യുന്നതാണ് നാം കാണുന്നത്.
നോവലിലെ കഥാപരിസരം ജഗദീഷുമായി ബന്ധപ്പെട്ടതാണ്. അദ്ദേഹത്തിന്റെ അനുജന്റെ അകാലമരണവും അവരെ ശുശ്രൂഷിച്ച കീഴ്ജാതിയില്‍ പിറന്ന നഴ്സ് കിഷോരി എന്ന പെണ്‍കുട്ടിയും ജീവിതത്തിലൂടെ കാണിക്കുന്ന വിപ്ലവാത്മകമായ ഇടപെടലുകള്‍ അതിശയിപ്പിക്കുന്നതാണ്. ആധുനിക കാലത്ത് ബ്രാഹ്മണന് തന്നെ ബ്രാഹ്മണ്യത്തെ നിഷേധിച്ചാല്‍ ഉണ്ടാകുന്ന വിധി തീര്‍പ്പുകളാണ് നോവല്‍ പ്രഖ്യാപിക്കുന്നത്. എല്ലാ അർഥത്തിലും താഴ്ന്നജാതിക്കാരിയായ, കോളനിയിലെ അനാഥത്വത്തിന്റെ വേദനയില്‍നിന്ന് ജീവിതത്തെ ആറ്റിയെടുത്ത കിഷോരി ബ്രാഹ്മണന്റെ ഭാര്യയാകുന്നതോടുകൂടി ബ്രാഹ്മണ്യത്തിന് ഏല്ക്കുന്ന മുറിവ് ആഴത്തിലുള്ളതാണ്. അത് ജഗദീഷിന്റെ മാതാപിതാക്കള്‍ക്ക് പുത്രവിരോധമായി മാറുന്നു. അതോടെ, യഥാർഥ ബ്രാഹ്മണ്യത്തിന്റെ കരുത്ത് എന്താണെന്ന് ജഗദീഷിന്റെ മാതാവായ മീനാക്ഷി കാണിക്കുന്നുണ്ട്. സ്വന്തം മകനോടുള്ള സ്നേഹം ഒമ്പതുമാസം വയറ്റില്‍ കിടന്നതിന്റെ നോവും സ്നേഹവും അല്ല, മറിച്ച്, അവനില്‍ അന്തര്‍ലീനമായി കിടക്കുന്ന ബ്രാഹ്മണ്യത്തിനാണ്. അതിന് സ്നേഹത്തെയും വേദനയെയും മറികടക്കാനുള്ള ശക്തിയുണ്ടെന്ന് നോവലിന്റെ അവസാനഭാഗം കാണിക്കുന്നുണ്ട്.
ഈ സമയത്തും അറിവുകൊണ്ട് ലോകത്തെ നോക്കുകയും തനിക്ക് ചുറ്റുമുള്ളവരെ മനുഷ്യര്‍ എന്ന പൊതുനാമത്തില്‍ മാത്രം നിരീക്ഷിക്കേണ്ടതാണെന്ന് ജഗദീഷ് നിരന്തരം വിളംബരം ചെയ്യുന്നുണ്ട്. താനൊരു ബ്രാഹ്മണനാണ് എന്ന് ഒരിടത്തും പ്രഖ്യാപിക്കുന്നില്ല. എങ്ങനെ ബ്രാഹ്മണനായി ജനിച്ച് ബ്രാഹ്മണിസത്തെ നിരാകരിക്കാന്‍ കഴിയുമെന്ന് അദ്ദേഹം കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്. അതിന് നോവല്‍ സ്വീകരിക്കുന്ന മാര്‍ഗം അറിവാണ്. അറിവിന്റെ വിശാലതയിലേക്ക് വികസിക്കുന്ന ഏതൊരു വ്യക്തിക്കും തന്റെ മുന്നിലെ എല്ലാ വിഭാഗീയതയും മറികടക്കാന്‍ കഴിയും.
അതാണ് ബ്രാഹ്മണനായി പിറന്നിട്ട് മനുഷ്യനായി മാറാന്‍ കഴിഞ്ഞ ജഗദീഷ് കാണിക്കുന്നത്. ഇതിനായി സാമൂഹിക അംഗീകാരമോ സാമ്പത്തിക പിന്‍ബലമോ കുടുംബത്തിന്റെ പ്രിവിലേജോ ഉപയോഗിക്കാന്‍ തയാറല്ല. അറിവ് നല്കിയ വിശാലചിന്താലോകം മാത്രമാണ് അയാളിലെ ജാതിവേരിനെ മുറിച്ചുമാറ്റിയത്. അയ്യൻകാളി പത്ത് ബി.എക്കാരെ സ്വപ്നം കണ്ടതിന്റെ പൊരുളും ഇതുതന്നെ.
താന്‍ കീഴ്ജാതിയിൽപെട്ട സ്ത്രീയാണെന്ന് കിഷോരി പറഞ്ഞപ്പോള്‍ ജഗദീഷ് നല്കുന്ന മറുപടി പ്രസക്തമാണ്. ‘‘ഞാനൊരു ഹരിജന്‍ പെണ്ണാണ്’’ എന്ന് പറഞ്ഞപ്പോള്‍ ‘‘അങ്ങനെ ഒരു ജാതിയുണ്ടോ’’ എന്ന് ജഗദീഷ് ചോദിക്കുന്നുണ്ട്. ‘‘നിങ്ങള്‍ എന്നെ കളിയാക്കുകയാണോ’’ എന്ന കിഷോരിയുടെ ചോദ്യത്തിന് ‘‘ഇല്ല ഞാന്‍ കളിയാക്കുന്നില്ല. ജാതി എന്നുപറയുന്നതിന്റെ അർഥം എനിക്ക് മനസ്സിലാകുന്നില്ല. ഞാന്‍ ഏതെങ്കിലും ജാതിയില്‍പ്പെട്ടവനാണെന്ന ബോധം എനിക്കില്ല. വ്യക്തിത്വത്തില്‍ സ്വയം പ്രകടമായി കാണണം. അത് പറഞ്ഞറിയിക്കേണ്ട ഒന്നാണെങ്കില് എനിക്ക് അതില്‍ വിശ്വാസമില്ല’’...
അതിന്റെ മറുപടിയായി കിഷോരി പറയുന്നത്,
‘‘നിങ്ങള്‍ എന്തു വേണമെങ്കിലും പറഞ്ഞോളൂ. മേല്‍ജാതിക്കാരാണ് നിങ്ങള്‍. ഞാന്‍ താണ ജാതിക്കാരിയും.’’
ഈ പറയുന്നതിന്റെ അർഥം ഒന്നും തനിക്ക് മനസ്സിലാകുന്നില്ല എന്ന് ജഗദീഷ് പറയുന്നുണ്ട്. അപ്പോഴും കിഷോരിക്ക് അതിന്റെ അപകടത്തെക്കുറിച്ച് നല്ല ബോധ്യമുണ്ടായിരുന്നു. അതാണ് മറുപടിയില്‍ വ്യക്തമാകുന്നത്.
‘‘നിങ്ങളുടെ സമുദായം നിങ്ങളുടെ നേര്‍ക്ക് കത്തിക്കാളിയേക്കും.’’ ഇതിന് ജഗദീഷിന്റെ മറുപടി.
‘‘ആളിക്കത്തിക്കോട്ടെ. കിടന്നുറങ്ങുന്നതിനേക്കാളും മനുസ്മൃതിയില്‍ തല ഒളിച്ചതിനേക്കാളും അതാണ് നല്ലത്’’ എന്ന് പറഞ്ഞുകൊണ്ടാണ് ആ സംഭാഷണം അവസാനിക്കുന്നത്.
മറുഭാഗത്ത് അയാളുടെ കുടുംബം ജാതിബോധത്താല്‍ തിളച്ചുമറിയുകയാണ്.
മകന്റെ വിവാഹം അറിയുകയും അതിനോടുള്ള പ്രതികരണം തര്‍ക്കത്തിലേക്ക് കടക്കുകയും ചെയ്യുമ്പോള്‍ ജഗദീഷ് അച്ഛനോട് ചോദിക്കുന്നുണ്ട്, ‘‘ദരിദ്ര സ്ത്രീകള്‍ക്ക് വിവാഹം വേേണ്ട’’ എന്ന്.
അച്ഛന്റെ ഉത്തരം അവരെപ്പോലുള്ളവര്‍ ആയിക്കോട്ടെ എന്നാണ്. തുടര്‍ന്ന് അദ്ദേഹം പറയുന്നുണ്ട്. ‘‘ബ്രാഹ്മണരെല്ലാം ശൂദ്രരെ വിവാഹം കഴിക്കുന്നു എന്നാണോ നിന്റെ വിചാരം.’’ അതിന് ജഗദീഷ് നല്കുന്ന മറുപടിയാണ് നോവലില്‍ ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനമായി മാറുന്നത്.
‘‘ബ്രാഹ്മണ-ശൂദ്ര വ്യത്യാസം ചത്തു മണ്ണടിഞ്ഞിട്ട് കാലമെത്രയായി. ഇപ്പോഴുള്ളത് മനുഷ്യര്‍ മാത്രം.’’ ഇതിന് അച്ഛന് നല്കുന്ന മറുപടി.
‘‘നീ ലോകം എങ്ങനെ കാണുന്നുവോ അങ്ങനെ ഞാന്‍ കാണണമെന്നില്ല. നമ്മുടെ വീക്ഷണങ്ങള്‍ക്ക് വ്യത്യാസമുണ്ട്.’’
ഇങ്ങനെ ബ്രാഹ്മണിസത്തിന്റെ ജീർണതയില്‍നിന്ന് ഒരു ബ്രാഹ്മണന് മനുഷ്യനായി മാറാനുള്ള സംവാദ മണ്ഡലങ്ങളാണ് ഈ നോവലിനെ കരുത്തുറ്റതാക്കുന്നത്. ജാതി കാഠിന്യം അച്ഛനില്‍ മാത്രം ഒതുങ്ങുന്നില്ല. അമ്മയും പ്രഖ്യാപിക്കുന്നുണ്ട്. ‘‘നീ എന്റെ മകനല്ല’’ എന്ന്. പിന്നീട് ജോലിചെയ്യുന്ന കോളജിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന് പറയുമ്പോഴും ജഗദീഷ് പറയുന്നത് ബ്രാഹ്മണന്, ശൂദ്രന്, ഹരിജന്‍ എല്ലാം ജാതി ഒന്നുതന്നെ എന്നാണ്. അതിന് മറുപടിയായി അദ്ദേഹം നല്‍കുന്നത് ‘‘നിങ്ങളുടെ സ്ഥാനമാനം ഇതൊക്കെ നോക്കണം’’ എന്നാണ്. തന്റെ കുലം നിർമിച്ച അഹം ബോധത്തെ അറിവുകൊണ്ട് തച്ചുടക്കാന്വേണ്ടിയാണ് ജഗദീഷ് എന്ന ബ്രാഹ്മണന് മനുഷ്യനായി മാറുന്നത്.
നോവലിന്റെ ലളിതമായ ശിൽപഘടനയില് കിഷോരിയും ജഗദീഷും ജാതി നിർമിച്ച മിഥ്യാബോധത്തിന്റെ അടിയാഴങ്ങള് വരെ വായനക്കാരെ കൊണ്ടുപോകുന്നുണ്ട്. കിഷോരിയുടെ രക്തബന്ധത്തെ കാണാന്‍ പോകുന്നുണ്ട് ജഗദീഷും കൂട്ടുകാരനും. അവിടെ രാമനാഥപുരത്തെ കോളനിയില്‍ കാണുന്ന കാഴ്ചകള്‍ ജഗദീഷിനെയും സുഹൃത്തിനെയും ഞെട്ടിക്കുന്നുണ്ട്. ഇത്രമാത്രം നരകതുല്യമായ ജീവിതം ജാതികൊണ്ട് സൃഷ്ടിക്കപ്പെട്ടതാണെന്ന് ജഗദീഷ് തിരിച്ചറിയുന്നത് അപ്പോഴാണ്. എന്നാല്‍, ഈ ഒരു അവസ്ഥയെ മൊത്തത്തില്‍ കിഷോരിയും ജഗദീഷും മാറ്റിയെടുക്കുന്നത് ജാതിക്ക് പുറത്ത് ശക്തമായ ജീവിതത്തിലൂടെയാണ്. ലോകം അറിയുന്ന പാട്ടുകാരിയായി പിന്നീട് കിഷോരി മാറുന്നുണ്ട്. അപ്പോഴൊന്നും ജാതിയുടെ വിവേചനം അവരെ അലട്ടുന്നില്ല. എന്നാല്‍, മകനെ ബ്രാഹ്മണ്യ ത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള അമ്മയുടെ ഗൂഢതന്ത്രങ്ങള്‍ ഒടുവില്‍ ജഗദീഷിനെ ജാതിയുടെ ഇരയായി പ്രഖ്യാപിച്ചു. അപ്പോഴും ജഗദീഷ് പൂര്‍ണമായി വിശ്വസിച്ചത് യുക്തിബോധത്തിലാണ്. അദ്ദേഹം വിൽപത്രത്തില് എഴുതുന്നു. ‘‘എന്റെ ശവസംസ്കാരം ആരും നടത്തരുത്. അതായത് അമ്മ, ജ്യേഷ്ഠന് ആരും എന്റെ മൃതദേഹം കൊണ്ടുപോകാന്‍ പാടില്ല. എന്റെ കണ്ണുകള്‍പോലും ദാനം ചെയ്യുന്നു. ഞാന്‍ മരിച്ച ഉടനെ നേത്രബാങ്കിലെ ഡോക്ടറെ അറിയിക്കണം. എന്റെ ശരീരം ആശുപത്രിക്ക് കൊടുക്കണം. ആരോഗ്യമുണ്ടായിരുന്ന എന്റെ ശരീരത്തെ നശിപ്പിച്ച ആ അത്ഭുതമരുന്നിന്റെ ശക്തി എന്താണെന്ന് അവര്‍ കണ്ടുപിടിക്കട്ടെ.’’
‘അബ്രാഹ്മണന്’ എന്ന നോവല്‍ ചെറിയ അനക്കത്തോടെ തുടങ്ങി വലിയ ഭൂകമ്പങ്ങളും പിന്നീട് ചില ശാന്തതകളും നല്‍കിയാണ് അവസാനിക്കുന്നത്. ഭീകരമായ അവസ്ഥയിൽ, ജാതിയുടെ അടിവേരുകള്‍ മനുഷ്യമനസ്സുകളില്‍ എത്രമാത്രം കാഠിന്യത്തോടെയാണ് നിലനില്‍ക്കുന്നത് എന്ന് കൃത്യമായി പറയുന്നുണ്ട്. സമകാലത്തില്‍ ജാതി രാഷ്ട്രീയം അധികാരമായും ഭരണകൂടത്തിന്റെ ആവശ്യമായ സാമൂഹിക ഉൽപന്നമായി നില്ക്കുമ്പോള് ബ്രാഹ്മണ്യത്തിന്റെ അടിവേരറുക്കാന്‍ എന്തിനേക്കാളും ആവശ്യം അറിവുകൊണ്ട് നവീകരിക്കപ്പെടുന്ന മനുഷ്യരാണെന്ന് ജഗദീഷ് പ്രഖ്യാപിക്കുന്നു. അവിടെ സ്വന്തം ജീവന് നല്‍കിക്കൊണ്ട് തന്നെയാണ് ബ്രാഹ്മണത്തിനെതിരെയുള്ള ഒരു അബ്രാഹ്മണന്റെ പോരാട്ടം വിജയം വരിക്കുന്നത്. അംബേദ്കര്‍ സൂചിപ്പിച്ചതുപോലെ ബ്രാഹ്മണര്‍ക്ക് ഇടയില്‍ അഭ്യസ്തവിദ്യരായ നിരവധി ആളുകള്‍ ഉണ്ടാവാം. എങ്കില്‍കൂടി സത്യസന്ധനായ ഒരു ബുദ്ധിജീവിയെപോലും അവര്‍ക്ക് ഇതുവരെ സമര്‍പ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇത് ഈ സമൂഹത്തിന് ഒരു മാനക്കേട് തന്നെയല്ലേ?