വി.ടിയെക്കുറിച്ച് മകൻ എഴുതുമ്പോൾ...
text_fieldsവി.ടി. ഭട്ടതിരിപ്പാടിനെക്കുറിച്ച് മകൻ വി.ടി. വാസുദേവൻ എഴുതുമ്പോൾ, ഇവിടെയുണ്ടായിരുന്ന വി.ടി ഇപ്പോഴും ഇവിടെയുണ്ടെന്ന ബോധ്യമാണ് നാം അനുഭവിക്കുന്നത്. ഇന്നലെയെന്നോണം തന്‍റെ ചുറ്റിലും അച്ഛൻ തീർത്ത ലോകത്തെ വീണ്ടെടുക്കുകയാണ്. മകന്‍റെ ഓർമകൾ ചേർന്നുകിടക്കുന്ന സമാഹാരം ‘വി.ടി. ഒരു തുറന്ന പുസ്തകം’ എന്ന പേരിൽ പുറത്തിറങ്ങി. ഈ വായന ഇന്നലെകളിലേക്കും ഇന്നിലേക്കും കണ്ണുതുറപ്പിക്കുന്നു.
ഈ പുസ്തകം സമർപ്പിച്ചിരിക്കുന്നത് കോവിലനാണ്. ഒപ്പം ഈ കുറിപ്പുകൾ എഴുതിവരുന്ന വേളയിൽ കോവിലൻ എഴുതിയ കത്ത് ആമുഖമായി ചേർത്തിരിക്കുന്നു. അതിലിങ്ങനെ: ‘‘പ്രിയപ്പെട്ട വാസുദേവൻ, ബുദ്ധനെ കേട്ടിട്ടുണ്ടല്ലോ. നരമേധമാണ് ബുദ്ധനെ പ്രകോപിപ്പിച്ചത് എന്നാണ് എന്‍റെ ഉൗഹം. തന്‍റെ അവസാനകാലത്ത് തെണ്ടിയാലും ഭിക്ഷകിട്ടാത്ത വിധത്തിൽ ബുദ്ധനെ ഒറ്റപ്പെടുത്തിയിരുന്നു എന്നും ബുദ്ധൻ പട്ടിണി കിടന്നാണ് മരിച്ചതെന്നും ഞാൻ മനസ്സിലാക്കുന്നു. ഇത്, എവിടെയോ ഞാൻ എഴുതിയിട്ടുണ്ട്.
ചിലേടത്തൊക്കെ പറഞ്ഞിട്ടുമുണ്ട്. ഏറ്റവും മര്യാദയോടുകൂടി പറയുകയാണെങ്കിൽ വി.ടിയെക്കുറിച്ച് താങ്കൾ എന്തെങ്കിലും എഴുതുേമ്പാൾ ഇവിടത്തെ ഹിപ്പോക്രാറ്റുകളുടെ മുഖത്തല്ല, മുഖംമൂടികളിലാണല്ലോ നാം തുപ്പുന്നത്...'' വി.ടിയെന്ന മനുഷ്യന്‍ കേരളീയ സമൂഹത്തിന് എന്തായിരുന്നുവെന്ന ചോദ്യത്തിന് കോവിലൻ നൽകുന്ന ഉത്തരം കൂടിയാണ് കത്തിലെ ഈ വരികൾ.
കേരളത്തിന്‍റെ നവോത്ഥാനചരിത്രത്തിലെ മുൻനിരപ്പോരാളികളിൽ ഒരാൾ. നാടാകെ പുതിയ വെളിച്ചം തേടുേമ്പാൾ ഇരുണ്ട ഇടനാഴിയിൽ തളച്ചിടപ്പെട്ട നമ്പൂതിരി സമുദായത്തിനു മുകളിൽ വെളിച്ചം വീശാൻ വി.ടി ഒറ്റയാൾ പട്ടാളമായി. അതാണ്, ആ ജീവിതത്തെ മാറ്റിമറിച്ചത്. നാലു പതിറ്റാണ്ടുകാലം ഒരു കൂട്ടിരിപ്പുകാരനെപ്പോലെ അച്ഛനോടൊപ്പം നിന്ന മകന്‍റെ ഓർമയാണ് ഈ പുസ്തകം. പക്ഷേ, അച്ഛനെ എനിക്ക് മനസ്സിലായോ എന്ന കുറിപ്പ് വി.ടിയുടെ ആന്തരിക സംഘർഷങ്ങൾ പിടിച്ചെടുക്കാൻ കഴിയുന്നതല്ലെന്ന് ബോധ്യപ്പെടുത്തുന്നു.
‘അമ്പലങ്ങൾക്ക് തീകൊളുത്തുക’
അനാചാരങ്ങൾക്കെതിരായ പോരാട്ടത്തിന്‍റെ ഒരു ഘട്ടത്തിൽ വി.ടി എഴുതി, ‘ഇനി നമുക്ക് അമ്പലങ്ങൾക്ക് തീകൊളുത്താം’ എന്ന്. ഈ പ്രസ്താവനക്കു പിന്നാലെ അന്നത്തെ കൊച്ചി രാജ്യത്തേക്ക് വി.ടിക്ക് പ്രവേശനം നിഷേധിച്ചിരുന്നു. ഇതേത്തുടർന്ന് അദ്ദേഹം അനുഭവിച്ച യാതനകൾ മകൻ എഴുതുന്നു. അക്കാലത്ത് വി.ടിയുടെ വീട് നിൽക്കുന്ന ഇടത്തെ മന എന്നാണ് വിളിച്ചിരുന്നത്മനയെന്ന പ്രയോഗത്തോട് വി.ടി യോജിച്ചില്ല. അതിനാൽ, വി.ടിയുടെ വീട് എന്ന് സ്വന്തം വാസസ്ഥലത്തിനു പേരിടുന്നതിലേക്കെത്തി.
കമ്യൂണിസ്റ്റുകാരനായ സുഹൃത്തിന് വി.ടി എഴുതി: ‘ഇ.എം.എസ് തന്ന അരിവാളും ചുറ്റികയും മറ്റുള്ളവരുടെ തലകൊയ്യാനല്ല, സ്വന്തം അന്ധതയുടെയും പൊങ്ങച്ചത്തിന്‍റെയും നേർക്കാണ് ഉപയോഗിക്കേണ്ടത്.’ വി.ടി എത്രമാത്രം വേറിട്ട വഴിയിലൂടെയാണ് സഞ്ചരിച്ചതെന്ന് വി.ടിയുടെ എഴുത്തും ജീവിതവും മലയാളിയെ ബോധ്യപ്പെടുത്തിയതാണ്. അതിന് അടിവരയിടുകയാണ് മകൻ ഈ ഓർമക്കുറിപ്പുകളിലൂടെ...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.