Begin typing your search above and press return to search.
proflie-avatar
Login

അപരിചിത വഴികളിൽ സ്വയം നഷ് ടപ്പെട്ട വെള്ളത്തുള്ളികൾ

അപരിചിത വഴികളിൽ സ്വയം നഷ് ടപ്പെട്ട വെള്ളത്തുള്ളികൾ
cancel
camera_alt

ഡ്രോപ് ഓഫ് ദി

ലാസ്റ്റ് ക്ലൗഡ്‌

നോവൽ

സംഗീത ജി.

ഉകിയോട്ടോ ഇന്ത്യ

പേജ്: 255 വില: 300

സ്വന്തം ആവശ്യങ്ങളും ആഗ്രഹങ്ങളും അവഗണിച്ച് മറ്റുള്ളവരുടെ സാധൂകരണത്തിനും സ്വീകാര്യതക്കുംവേണ്ടി മാത്രം ജീവിച്ച എണ്ണമറ്റ സ്ത്രീകളെയാണ് ഗോമതിയുടെ കഥാപാത്രം പ്രതിനിധാനംചെയ്യുന്നത്. അത്തരമൊരു അസ്തിത്വത്തിന്റെ പാഴ്‌വേലയും നോവലിൽ ചോദ്യംചെയ്യപ്പെടുന്നുണ്ട്. നമ്മുടെ സ്വന്തം ജീവിതവും നമ്മുടെ യഥാർഥ വ്യക്തിത്വവും വീണ്ടെടുക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് വായനക്കാരനെ ചിന്തിപ്പിക്കുകയും ചെയ്യുന്നു

‘‘ജീവിതം ഒരു മികച്ച കഥാകാരനല്ല. എല്ലാ കഥയും പരിസമാപ്തിയിലെത്തിക്കാൻ ജീവിതത്തിന് താൽപര്യമില്ല’’- ഗോമതിയുടെ കാര്യത്തിലും അത് അങ്ങനെത്തന്നെയാണ്. ഗോമതിയുടെ കഥ ഒരിക്കലും പരിസമാപ്തിയിലെത്തുന്നില്ല. വ്യവസ്ഥിതികളും വെല്ലുവിളികളും മാറിമാറി വരുമ്പോഴും കാലാകാലങ്ങളായി ഗോമതിമാരുടെ ജീവിതം തുടർക്കഥയാകുകയാണ്. കേരളത്തിൽ മരുമക്കത്തായവും കൂട്ടുകുടുംബ വ്യവസ്ഥിതിയും അവസാനിക്കുന്ന 1900കളിലെ ആദ്യ ദശകങ്ങൾ പശ്ചാത്തലമാക്കി മാധ്യമപ്രവർത്തകയായ സംഗീത ജി എ​ഴുതിയ ‘​ഡ്രോപ് ഓഫ് ദി ലാസ്റ്റ് ക്ലൗഡ്’ എന്ന നോവലിലെ കേന്ദ്ര കഥാപാത്രമാണ് ഗോമതി.

ആ കാലഘട്ടത്തിൽ സമൂഹത്തിലും കുടുംബങ്ങളിലുംവന്ന മാറ്റങ്ങൾ വ്യക്തികളുടെ, പ്രത്യേകിച്ച് സ്ത്രീകളുടെ ജീവിതത്തെ എപ്രകാരം ബാധിച്ചു എന്നതിന്റെ നേർച്ചിത്രമാണ് നോവൽ വരച്ചുകാട്ടുന്നത്. 1924ലെ പ്രളയത്തിൽ ആരംഭിച്ച് 1960കളുടെ അന്ത്യത്തിൽ അവസാനിക്കുന്ന നോവൽ ഈ കാലഘട്ടത്തിലെ പ്രധാന ചരിത്രസംഭവങ്ങളിലൂടെയാണ് കടന്നുപോകുന്നത്. 1924ലെ വെള്ളപ്പൊക്കം, 1925ൽ മരുമക്കത്തായം നിർത്തലാക്കിയ സർക്കാർ ഉത്തരവ്, തുടർന്നുള്ള വർഷങ്ങളിൽ കൂട്ടുകുടുംബ വ്യവസ്ഥിതിയുടെ തകർച്ച, കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ച, നവോത്ഥാന പ്രസ്ഥാനം, രണ്ടാം ലോക യുദ്ധം, തുടർന്നുള്ള ഭക്ഷ്യവിഭവങ്ങളുടെ ദൗർലഭ്യം എന്നിവയെല്ലാം നോവലിന്റെ പ്രയാണത്തെ സ്വാധീനിക്കുന്നു.

വെറും പരാമർശത്തിൽ ഒതുക്കുകയല്ല, ആ സംഭവങ്ങൾ ആളുകളുടെ ജീവിതങ്ങളെ എങ്ങനെ വഴിതിരിച്ചുവിട്ടുവെന്നതിന്റെ അടയാളപ്പെടുത്തലുകളും നോവലിലുണ്ട്. മറ്റൊരർഥത്തിൽ പറഞ്ഞാൽ ചരിത്രത്തെ സാധാരണ ജനങ്ങളുടെ കാഴ്ചപ്പാടിലൂടെ കാണാനുള്ള ശ്രമം കൂടിയാണ് ഈ നോവൽ.

സാമൂഹിക വ്യവസ്ഥിതി മാറുമ്പോൾ മനുഷ്യരുടെ ജീവിതത്തിലും കാഴ്ചപ്പാടുകളിലും ഉണ്ടാകുന്ന ആശയക്കുഴപ്പങ്ങളിലൂടെയും മാനസിക സംഘർഷങ്ങളിലൂടെയുമാണ് ‘​ഡ്രോപ് ഓഫ് ദി ലാസ്റ്റ് ക്ലൗഡ്’ സഞ്ചരിക്കുന്നത്. ഒരു നായർ തറവാടിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന കഥയിലെ മുഖ്യ കഥാപാത്രമായ ഗോമതിക്ക്, മാറുന്ന സാമൂഹിക വ്യവസ്ഥിതിയുണ്ടാക്കിയ ആശയക്കുഴപ്പത്തിൽപ്പെട്ട് തെറ്റായ തീരുമാനങ്ങൾ എടുക്കുക്കേണ്ടിവരുകയാണ്.

പുരുഷാധിപത്യ വ്യവസ്ഥിതിയിലേക്ക് മാറിക്കൊണ്ടിരിക്കുന്ന സമൂഹത്തിന്റെ അംഗീകാരത്തിനായി സ്വന്തം ആഗ്രഹങ്ങൾ ബലികൊടുക്കുന്ന ഗോമതി എക്കാലത്തെയും സ്ത്രീകളുടെ പ്രതിനിധിയാണ്. വിവാഹമെന്ന കരാറിലേർപ്പെട്ടതുകൊണ്ട് തറവാട് ഉപേക്ഷിക്കേണ്ടിവരുന്ന ഗോമതി ജീവിതകാലം മുഴുവൻ സ്വന്തം വീട് നൽകുന്ന സുരക്ഷിതത്വവും ശാന്തിയും ആഗ്രഹിക്കുന്നു. സ്വത്വപ്രതിസന്ധി നേരിടുന്ന ഗോമതിയിൽനിന്ന് വ്യത്യസ്തമായി, പുതിയ മാറ്റങ്ങളെ അംഗീകരിക്കാൻ കൂട്ടാക്കാത്ത സ്ത്രീകളും ആശയക്കുഴപ്പത്തിലും ആത്മസംഘർഷത്തിലുമാണ്. പുരുഷന്മാരുടെ കാര്യവും വ്യത്യസ്തമല്ല. പുതിയ വ്യവസ്ഥിതിയുടെ മാറ്റങ്ങൾ അവരെയും കുഴപ്പിക്കുന്നുണ്ട്.

നോവൽ പ്രണയത്തെ കൈകാര്യംചെയ്യുന്ന വിധവും സങ്കീർണമാണ്. പുതിയ വ്യവസ്ഥിതിയിലും മാറിവരുന്ന ജീവിതമൂല്യങ്ങളിലുംപെട്ട് പ്രണയം ശ്വാസംമുട്ടുന്നു. പുരുഷാധിപത്യ വ്യവസ്ഥിതിയിൽ പ്രണയത്തിന്റെ മാനങ്ങളിൽവന്ന മാറ്റങ്ങൾ ജീവിതങ്ങളെ പലരീതിയിൽ ബാധിക്കുന്നുണ്ട്.

യുദ്ധം മൂലമുണ്ടാകുന്ന നാശനഷ്ടങ്ങളും ‘ബുദ്ധിശൂന്യമായ കൊലപാതക’ത്തെ ന്യായീകരിക്കാൻ സൈനികരുടെ മേൽ അടിച്ചേൽപിക്കപ്പെടുന്ന വീരം, ത്യാഗം, ദേശസ്‌നേഹം എന്നീ ‘അർഥരഹിത സങ്കൽപ’ങ്ങളും നോവലിന്റെ പ്രതിപാദ്യമാണ്. ‘യുദ്ധം മനസ്സിൽ ഉണ്ടാക്കിയ പാടുകൾ ചിലപ്പോൾ ഒരിക്കലും ഉണങ്ങുന്നില്ല. യുദ്ധത്തിൽ കൊല്ലപ്പെട്ടവർ ഭാഗ്യവാന്മാർ.

ദേഹം ഉപേക്ഷിച്ച് അവർ രക്ഷപ്പെട്ടു. എന്നാൽ കൊലയാളികൾ അവരുടെ ജീവിതകാലം മുഴുവൻ ആ മൃതദേഹങ്ങൾ ചുമക്കുന്നു’ തുടങ്ങിയ പരാമർശങ്ങൾ നോവലിൽ കാണാം. ജനപക്ഷത്തുനിന്നുകൊണ്ട് ചരിത്രത്തെ കാണാൻ ശ്രമിക്കുന്ന നോവൽ മുൻകാല രാജവാഴ്ചയും ഇന്നത്തെ ജനാധിപത്യ വ്യവസ്ഥയും തമ്മിൽ വളരെ സൂക്ഷ്മമായ രീതിയിൽ അപഗ്രഥിക്കുകയും കാര്യമായ മാറ്റമൊന്നും സംഭവിച്ചിട്ടില്ലെന്ന് സൂചിപ്പിക്കുകയും ചെയ്യുന്നുണ്ട്.

യുക്തിസഹമല്ലാത്ത ആചാരങ്ങളിൽനിന്നും ജാതിപരമായ ദുരിതങ്ങളിൽ നിന്നും മോചിപ്പിക്കുന്നതിൽ വിദ്യാഭ്യാസത്തിന്റെ പങ്ക് എടുത്തുപറയുന്നുമുണ്ട്. ജാതിവ്യവസ്ഥയെ ഘട്ടംഘട്ടമായി ഇല്ലാതാക്കുന്ന പ്രക്രിയയെക്കുറിച്ചും സൂചിപ്പിക്കുന്നുണ്ട്. ‘തൊഴിലാളികൾ നട്ടുവളർത്തുകയും വിളവെടുക്കുകയും ചെയ്ത നെല്ല് വീടിന്റെ ഹൃദയഭാഗത്ത് സംഭരിച്ച് സൂക്ഷിക്കുമ്പോൾ, അവരും അവരുടെ പാട്ടുകളും എപ്പോഴും മുറ്റത്തിന് പുറത്തായിരുന്നു’ എന്ന വാചകം തന്നെ ജാതിവ്യവസ്ഥയുടെ മുറിപ്പാടുകൾ കോറിയിടുന്നുണ്ട്.

യാഥാർഥ്യവുമായി അടുത്തുനിൽക്കുന്ന രീതിയിൽ കഥയെ അവതരിപ്പിക്കുന്നതിൽ എഴ​ുത്തുകാരി വിജയിച്ചെന്ന് നിസ്സംശയം പറയാം. ഗോമതിയുടെ എല്ലാ അരക്ഷിതാവസ്ഥകളും പരാധീനതകളും ആശയക്കുഴപ്പവും നിശ്ചയമില്ലായ്മയും നിത്യജീവിതത്തിൽ കണ്ടിട്ടുള്ള, അടുത്തറിഞ്ഞിട്ടുള്ള ആരെയൊക്കെയോ അനുസ്മരിപ്പിച്ചുകൊണ്ട് വായനക്കാരനിലേക്ക് സംവേദിപ്പിക്കാൻ കഴിഞ്ഞതുതന്നെയാണ് ആ വിജയത്തിനു കാരണം. ഗോമതിയുടെ അസ്തിത്വത്തിന്റെ അന്തഃസത്തയെ അപരിചിതമായ വഴികളിലൂടെ സ്വയം നഷ്ടപ്പെട്ട് അലഞ്ഞുതിരിയുന്ന ഒരു വെള്ളത്തുള്ളിയിലേക്ക് മനോഹരമായി പകർത്തപ്പെട്ടിട്ടുണ്ട്. സ്വന്തം ആവശ്യങ്ങളും ആഗ്രഹങ്ങളും അവഗണിച്ച് മറ്റുള്ളവരുടെ സാധൂകരണത്തിനും സ്വീകാര്യതക്കുംവേണ്ടി മാത്രം ജീവിച്ച എണ്ണമറ്റ സ്ത്രീകളെയാണ് ഗോമതിയുടെ കഥാപാത്രം പ്രതിനിധാനംചെയ്യുന്നത്.

അത്തരമൊരു അസ്തിത്വത്തിന്റെ പാഴ്‌വേലയും നോവലിൽ ചോദ്യംചെയ്യപ്പെടുന്നുണ്ട്. നമ്മുടെ സ്വന്തം ജീവിതവും നമ്മുടെ യഥാർഥ വ്യക്തിത്വവും വീണ്ടെടുക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് വായനക്കാരനെ ചിന്തിപ്പിക്കുകയും ചെയ്യുന്നു.

ശക്തമായ ആഖ്യാനം, അവിസ്മരണീയ കഥാപാത്രങ്ങൾ എന്നിവകൊണ്ട് കേരളത്തിന്റെ ഒരു പഴയകാല ചിത്രം വരച്ചുകാട്ടാൻ നോവലിന് സാധിച്ചിട്ടുണ്ട്. സംവേദനാത്മകമായ വിശദാംശങ്ങൾകൊണ്ട് സമ്പന്നമായ നോവലിന്റെ പേജുകളിൽ കേരള ഭൂപ്രകൃതിയുടെ സുഗന്ധം ആസ്വദിക്കാനാകും.

രണ്ടു പതിറ്റാണ്ടിലേറെയായി മാധ്യമരംഗത്ത് പ്രവർത്തിക്കുന്ന സംഗീതയുടെ ആദ്യ നോവലാണ് ‘​ഡ്രോപ് ഓഫ് ദി ലാസ്റ്റ് ക്ലൗഡ്’. സംഗീതയുടെ ചെറുകഥകൾ ഇതിനകം ശ്രദ്ധേയമായിട്ടുണ്ട്. കിതാബ് ഇന്റർനാഷനൽ, ഇന്ത്യൻ റിവ്യൂ, അക്കാദമി ഓഫ് ദ ഹാർട്ട് ആൻഡ് മൈൻഡ്, ഡൗൺ ഇൻ ദ ഡേർട്ട്, നെതർ ക്വാട്ടേർലി, സ്റ്റോറിസൺ, ദ സ്റ്റോറി കാബിനറ്റ്, ബോർഡർലസ് ജേണൽ എന്നിവയിൽ സംഗീതയുടെ രചനകൾ പ്രസിദ്ധീകരിക്കുകയും നിരൂപകപ്രശംസ നേടുകയും ചെയ്തിട്ടുണ്ട്. സംഗീതയുടെ ‘ബേണിങ് ഫ്ലഷ്’ എന്ന കഥ 2022ൽ ഹിമാലയൻ റൈറ്റിങ് റിട്രീറ്റ് ഫ്ലാഷ് ഫിക്ഷൻ കോണ്ടസ്റ്റിൽ ഒന്നാം സ്ഥാനം നേടിയിരുന്നു.

Show More expand_more
News Summary - book review; Drops of water that have lost themselves in strange ways