ഏറനാട്ടിലെ അസാധാരണ ജീവിതങ്ങൾ
ടി.പി. രാമചന്ദ്രന്റെ രണ്ടാമത്തെ നോവലായ ‘അധികാരി’ പശ്ചിമഘട്ട മലനിരകളുടെ അടിവാരത്തിലുള്ള ചേറുമ്പ് എന്ന ഏറനാടൻ ഗ്രാമത്തിലെ സാധാരണക്കാരായ പച്ചമനുഷ്യരുടെ അസാധാരണമായ ജീവിതകഥയാണ്. മുസ്ലിം സ്ത്രീജീവിതത്തിന്റെ ജീവസ്സുറ്റ ആഖ്യാനമാണ് ഈ നോവലിന്റെ സവിശേഷത. ഏറെ ശ്രദ്ധേയമായ ‘ചേറുമ്പ് അംശം ദേശം’ എന്ന ആത്മാംശമേറെയുള്ള ആദ്യ നോവലിന്റെ കഥാപരിസരത്തുതന്നെയാണ് ‘അധികാരി’യും നിലയുറപ്പിച്ചിട്ടുള്ളത്. കരുവാരകുണ്ടിലെ ഈ മലയോര ഗ്രാമം ജീവിതഗന്ധിയായ അസാധാരണമായ കഥകളുടെ അക്ഷയഖനിയാണ്.
ഒരു അധികാരവുമില്ലെങ്കിലും നാട്ടുകാർക്കെല്ലാം അധികാരിയാണയാൾ. കുറെക്കാലം ബോംബെയിൽ താമസിച്ചതിനാൽ, മലയാളത്തിലെ ചില വാക്കുകളും ശൈലികളും അയാൾക്ക് വഴങ്ങിയില്ല. ‘അത് എന്റേതാണു’ എന്നതിനു പകരം, ‘അതിന്റെ അധികാരി ഞാനാണ്’ എന്ന് എപ്പോഴും തെറ്റിച്ചുപറയുന്ന അയാൾക്ക് കിട്ടിയ വിളിപ്പേരാണത്. അങ്ങനെ, സ്വന്തം പേരുപോലും വിസ്മൃതിയിലായിപ്പോയ ഒരു ബീഡിതെരപ്പുകാരന്റെയും അയാൾ ജീവിച്ച ദേശങ്ങളുടെയും കാലത്തിന്റെയും കഥയാണിത്. അമ്പതുകളിലെ ബോംബെയും സംഗീതവും ആദ്യാവസാനം കടന്നുവരുന്നുണ്ട്.
‘പാട്ടും സംഗീതവും കുറച്ച് ചേപ്രത്തരങ്ങളുമുള്ള ഒരു ബീഡിതെരപ്പുകാരൻ’ എന്ന് ആഖ്യാതാവുതന്നെ കഥാനായകനെ നിർവചിച്ചിട്ടുണ്ട്. കഴുത്തറ്റം നീണ്ട മുടി. നീണ്ട ജുബ്ബ. വെട്ടിയൊതുക്കിയ താടി. അങ്ങാടിയിലെ പ്രഭാകരൻ നായരുടെ കടയുടെ മുന്നിൽ, മുറം മടിയിൽവെച്ച്, ടു ഇൻ വൺ ഉറക്കെവെച്ച് പാട്ടുകേൾക്കുന്ന അധികാരി. സന്തതസഹചാരിയായി ചൊക്കൻ എന്ന നായ്. വെള്ളപ്പൊക്കത്തിൽ ഒഴുകിയെത്തിയ ‘നജീസാ’യ രണ്ട് ചെത്തലപ്പട്ടികളെ തോർത്തിൽ കോരിയെടുത്ത് കുടിലിൽ കൊണ്ടുവന്ന് അയാൾ വളർത്തുകയായിരുന്നു.
‘ഓരോ മനുഷ്യനും ഓരോ ഇതിഹാസമാണെന്ന് മനസ്സിലാവുന്നത് അവരുടെ ജീവിതത്തിലേക്ക് ഊളിയിട്ട് ചൂടും തണുപ്പും ഏൽക്കുമ്പോഴാണ്’ എന്ന് നോവലിസ്റ്റ് പറയുന്നത് സത്യം. പതിനഞ്ചാം വയസ്സിൽ ഓത്തുപഠിക്കാൻ പോയപ്പോൾ, വേണ്ടാതീനത്തിന് വന്നയാളുടെ മർമത്ത് താങ്ങി നാടുവിട്ട അലവി ബാപ്പു ബോംബെയിലെത്തി. പല പല പണികൾ ചെയ്ത്, ബാർവാലയും രാത്രി ഗായകനുമായി. കരിംഭായി എന്ന പ്രായമുള്ള പോർട്ടർ അവനെ കൂടെക്കൂട്ടി. അയാൾ പരിചയപ്പെടുത്തിയ ഉസ്താദിൽനിന്ന് സംഗീതം അഭ്യസിച്ച്, ഗായകനും തബല, ഹാർമോണിയം വാദകനുമായി. നർത്തകിയും ഗായികയുമായ ഉസ്താദിന്റെ കൗമാരക്കാരിയായ മകൾ കാജലിന്റെ ഹൃദയത്തിൽ അയാൾ കുടിയേറി. ഉപ്പ മരിച്ച് നാട്ടിൻ ഒറ്റക്കായ ഉമ്മ നബീസുവിന്റെ നിർബന്ധത്തിന് വഴങ്ങി നാട്ടിൽ തിരിച്ചെത്തിയ അയാൾ ഇമ്മുട്ടിയെ നിക്കാഹ് ചെയ്ത് ഒതുങ്ങിക്കൂടി.
ഉസ്താദിനയച്ച കത്തിന് വൈകി മറുപടിയയച്ചത് മകൾ കാജൽ. ‘ബച്പൻ കീ മുഹബത്...’ എന്ന അനശ്വരപ്രണയഗാനത്തിന്റെ വരികൾ കോരിയിട്ട കത്ത്. കുഞ്ഞാവുമ്പോൾ ഹൃദയത്തിൽ നിറച്ച പ്രണയം മരണം വരെയും കൂടെയുണ്ടാവും. വല്ലപ്പോഴും വരുന്ന കത്തുകളിലൂടെ കാജൽ അയാളുടെ മനസ്സിൽ നൊമ്പരക്കനലായി എരിഞ്ഞുകൊണ്ടിരുന്നു. ആദ്യം അന്തർമുഖനായി വീട്ടിൽതന്നെ ബീഡി തെരച്ചു കഴിഞ്ഞ അയാൾ, പിന്നെ അങ്ങാടിയിലേക്കും എസ്.എ. ജമീലിന്റെ ഗാനമേളകൾക്ക് തബലയും ഹാർമോണിയവും വായിച്ച് പൊതുവേദികളിലും എത്തുന്നുണ്ട്.
അയാളുടെയും ജീവിതത്തിലൂടെ, അയാൾ ഇടപെടുന്ന നാസർ മാനു, രവി, കുഞ്ഞിപ്പ ഹാജി, അയാളുടെ കിടപ്പിലായ ബീവി നിഗാർ തുടങ്ങിയവരുടെ ജീവിതങ്ങളിലൂടെ, കാലങ്ങളിലൂടെ സഞ്ചരിക്കുന്നുണ്ട് നോവൽ. അധികാരിയുടെ അന്തർതാപങ്ങളാണ് നോവലിന്റെ സഞ്ചാരപഥം. അയാളുടെ നന്മയുടെയും കാരുണ്യത്തിന്റെയും കൈപിടിച്ചാണ് റേഷൻ കടയിൽ പണിക്കു വന്ന നാസർ മാനുവും രവിയും ജീവിതത്തിൽ മുന്നേറുന്നത്. ‘ചേറുമ്പ് അംശം ദേശം’ മുഖ്യമായും രവിയുടെ ജീവിതകഥയാണ്.
അധികാരിയുടെ ഉമ്മയായ നബീസു അസാധാരണയായൊരു സ്ത്രീയാണ്. കെട്ട്യോൻ ഇബ്രാഹിം മുസ്ലിയാർ പാമ്പു കടിച്ചു മരിച്ചശേഷം അയാളുടെ പാറമ്മൽ തറവാട്ടിൽ അവൾ അന്യസ്ത്രീയായി. അവിടെ നിൽക്കണമെങ്കിൽ ഭർത്താവിന്റെ സഹോദരന്മാരിലൊരാളുടെ ബീവിയാകണമെന്ന് കാരണവർ കൽപ്പിച്ചു. ആങ്ങളമാരായി കണ്ട അവരുടെ കൂടെ കിടന്നുകൊടുക്കണമെന്ന് ഏതു നിയമത്തിലാണു പറയുന്നതെന്ന് കൈ ഉയർത്തി ചോദിച്ച്, മകനെയുമെടുത്ത് സ്വന്തം വീട്ടിൽ മടങ്ങിയെത്തി പുതുജീവിതം കെട്ടിപ്പടുത്തവളാണു നബീസു. ബീഡി തെരച്ചും ആടിനെയും കോഴിയെയും വളർത്തിയും കൃഷിപ്പണി ചെയ്തും മകനെ വളർത്തിയ അവർ സ്വന്തം ഇച്ഛകൾക്കനുസരിച്ച് ജീവിക്കുന്ന തന്റേടിയാണ്. പണിയെല്ലാം തീർത്ത്, അവർ രാത്രിയിൽ വിസ്തരിച്ചൊന്ന് മുറുക്കും. പിന്നെ കാസർട്ടും വിളക്കിനു മുന്നിൽ മൊഹിയുദ്ദീൻ മാലയും സെബീനപ്പാട്ടുകളുമായി ചാരിയൊരിരുത്തമാണ്. ജ്ഞാനപ്പാനയും രമണനുമൊക്കെ അറബി മലയാളത്തിലെഴുതിയെടുത്ത് ചൊല്ലും. കിടക്കാൻ നേരം വാസനബീഡി വലിക്കും. നായ്ക്കുരണപ്പൊടിയിട്ട് കാച്ചിയ പാൽ മകനും മരുമകൾക്കും നൽകും. അവളെ രണ്ടു തൊള്ള പുക വലിച്ചൂതിക്കും. അവർക്ക് ‘ഭൂമിയും ജീവിതവും യാഥാർഥ്യവും, ആഖിറം സങ്കൽപവുമാണ്’.
പതിനഞ്ചുവയസ്സിൽ കാലിയെ നോക്കാൻ സഹായിയായി വന്ന കണാരനാണു തൊട്ടടുത്ത കല്ലംകുന്നിൽ നബീസു പാട്ടത്തിനെടുത്ത കരഭൂമിയിൽ കൃഷിപ്പണി നടത്തുന്നത്.എല്ലാ വെള്ളിയാഴ്ചയും രാവിലെ, തേങ്ങാച്ചോറും പോത്ത് വരട്ടിയതുമായി നബീസു കുന്നുകേറും. പിന്നെ, അസർബാങ്ക് കഴിഞ്ഞാണ് തിരിച്ചെത്തുക. ഒപ്പം റോസി എന്ന നായുമുണ്ടാകും. ‘നബീസു ഒന്നു വിചാരിച്ചാൽ അത് നടത്തും... അതാണു പെണ്ണ്’.
ധനാഢ്യനായ കുഞ്ഞിപ്പഹാജിയുടെ ഭാര്യ നിഗാറാണ് മറ്റൊരു തെളിച്ചമുള്ള സ്ത്രീകഥാപാത്രം. വാഹനാപകടത്തെ തുടർന്ന് കിടപ്പിലായ അവർ സംഗീതപ്രേമിയാണ്. അവർ നിർദേശിച്ചിട്ടാണ് അധികാരിയെ ഹാജി കാര്യസ്ഥനാക്കുന്നത്.
ഏറനാട്ടിലെ ഗ്രാമജീവിതവും പ്രാദേശിക ഭാഷയും ആചാരാനുഷ്ഠാനങ്ങളും ഈ നോവലിലും ചാരുതയോടെ ഒപ്പിയെടുത്തിട്ടുണ്ട് ടി.പി. രാമചന്ദ്രൻ. പോത്തിറച്ചി വിഭവങ്ങളുടെ രുചിഗന്ധം നിറഞ്ഞുനിൽക്കുന്നുണ്ട് പല അധ്യായങ്ങളിലും. കടിച്ചാപ്പറിച്ചി മുട്ടായി, കുണ്ടം തള്ളിയ അടപ്പ്, അമ്മിത്തിണ്ട്, പൂവട, ശർക്കരക്കുലാവി... തനി ഏറനാടൻ പ്രയോഗങ്ങളുമുണ്ട്- മനരിക്കുക, കൊയക്ക് മാറ്റുക, കൊയക്കാറ്റുക, പുതരാൻ വയ്ക്കുക, മടം നോക്കുക, ചളിയും ചമ്മലും, പള്ളേപയിപ്പ്, ബർക്കത്ത്, നമീമത്തുകൾ, വടക്കിനി, തിണ്ട്, പുള്ളത്തിണ്ട്, വീതന, ബസി, സുപ്ര, ഉള്ളാക്ക്, പെങ്കുപ്പായം, ഏത്തക്കൊട്ട, സൂരിത്തുണി, വെള്ളക്കാച്ചി, മദ്ഹബ്, തക്കാരം എന്നിങ്ങനെ ധാരാളം നാട്ടുപദങ്ങളും പ്രയോഗങ്ങളുമുണ്ട്.
കാലത്തെ അടയാളപ്പെടുത്തുന്ന രാഷ്ട്രീയ ഭൂമികയിലൂടെയും നോവൽ സഞ്ചരിക്കുന്നുണ്ട്. അടിയന്തരാവസ്ഥക്കാലത്ത് ഭീകരമായ പീഡനത്തിന് ഇരയായ സുഗതൻ മാഷിനെക്കുറിച്ചുള്ള അധ്യായം, പൊലീസ് അറസ്റ്റ് ചെയ്തു കൊണ്ടുപോയി ലോക്കപ്പിലിട്ട് മർദിച്ചുകൊന്ന കാജലിന്റെ ഭർത്താവിനെക്കുറിച്ചുള്ള വിവരണം തുടങ്ങിയവ ഒരു ഇരുണ്ട കാലഘട്ടത്തിന്റെ ആഖ്യാനങ്ങളാണ്. കത്തുപാട്ടിലൂടെ പ്രസിദ്ധനായ എസ്.എ. ജമീലിനെക്കുറിച്ചുള്ള ആഖ്യാനവും ഒരു കാലഘട്ടത്തിന്റെ സ്പന്ദനങ്ങൾ ഉൾക്കൊള്ളുന്നതാണ്.
ഈ നോവൽ ഒരു ഗ്രാമത്തിലെ നിസ്സാരനായ ഒരു ബീഡി തെരപ്പുകാരന്റെ ജീവിതത്തിനു പുറത്തേക്ക് പല വഴികളിലൂടെ സഞ്ചരിക്കുകയും കാലത്തെയും ദേശത്തെയുമൊക്കെ സത്യസന്ധമായി അടയാളപ്പെടുത്തുകയും ചെയ്യുന്നുണ്ട്.
തെളിഞ്ഞ ഓർമകളുടെയും അനുഭവങ്ങളുടെയും നിലവറകളിൽനിന്നേ വ്യതിരിക്തമായ ജീവിതകഥകൾ ഉണ്ടാകൂ. ലളിതസുന്ദരമായ ഭാഷയിൽ ഹൃദയം ചാലിച്ചെഴുതിയതാണ് ഈ നോവൽ. ചേറുമ്പിൽനിന്ന് ഇനിയും ഉയർന്നുവരട്ടെ, പാർശ്വവത്കൃതരുടെ, തിരസ്കൃതരുടെ ആരും പറയാത്ത ജീവിതകഥകൾ; അനശ്വരമായ മനുഷ്യകഥാനുഗായികൾ. ആർട്ടിസ്റ്റ് സഗീർ വരച്ച ജീവൻ തുടിച്ചുനിൽക്കുന്ന രേഖാചിത്രങ്ങളുമുണ്ട്, ‘അധികാരി’യിൽ.