Begin typing your search above and press return to search.
proflie-avatar
Login

സൗഭാഗ്യവതിയുടെ കഥ

സൗഭാഗ്യവതിയുടെ കഥ
cancel

മലയാളത്തി​ന്റെ ശ്രദ്ധേയനായ കഥാകൃത്തും നോവലിസ്​റ്റുമായ ഇ.പി. ശ്രീകുമാർ ത​ന്റെ കഥകളിലേക്ക്​ പിൻനടക്കുകയാണ്​. കഥ വന്ന വഴികൾ, കഥാപാത്രങ്ങൾ ഉരുവെടുത്ത സാഹചര്യങ്ങൾ, പിന്നീടുള്ള കഥാമനുഷ്യരുടെ ജീവിതം എന്നിവ എഴുതുന്നു. ദുർമരണങ്ങൾ സൗഭാഗ്യവതിയെ കാത്തുകിടന്നു. അവളുടെ കാമറക്കണ്ണ് തുടിച്ചു, മനസ്സ് മരവിപ്പിക്കുന്ന ശവചിത്രങ്ങൾക്കായി... ‘ജഡ ആൽബം’ എന്ന കഥയുടെ പ്രാരംഭത്തിൽ പൊലീസുകാരൻ കിണറ്റിലേക്ക് വിരൽചൂണ്ടി ഫോട്ടോഗ്രാഫറെ ചിലതു കാണിക്കുന്നുണ്ട്. സൗഭാഗ്യവതിയുടെ ഛായാഗ്രഹി ഉൾക്കിണറിലേക്ക് കണ്ണുതുറന്നു. ചുവന്ന പൂക്കളുള്ള മഞ്ഞ േഫ്രാക്കിൽ മൂന്നു വയസ്സിന്‍റെ ഉടൽ കമിഴ്ന്നുകിടക്കുന്നു. ‘‘സ്വന്തം അമ്മ...

Your Subscription Supports Independent Journalism

View Plans
മലയാളത്തി​ന്റെ ശ്രദ്ധേയനായ കഥാകൃത്തും നോവലിസ്​റ്റുമായ ഇ.പി. ശ്രീകുമാർ ത​ന്റെ കഥകളിലേക്ക്​ പിൻനടക്കുകയാണ്​. കഥ വന്ന വഴികൾ, കഥാപാത്രങ്ങൾ ഉരുവെടുത്ത സാഹചര്യങ്ങൾ, പിന്നീടുള്ള കഥാമനുഷ്യരുടെ ജീവിതം എന്നിവ എഴുതുന്നു.

ദുർമരണങ്ങൾ സൗഭാഗ്യവതിയെ കാത്തുകിടന്നു. അവളുടെ കാമറക്കണ്ണ് തുടിച്ചു, മനസ്സ് മരവിപ്പിക്കുന്ന ശവചിത്രങ്ങൾക്കായി...

‘ജഡ ആൽബം’ എന്ന കഥയുടെ പ്രാരംഭത്തിൽ പൊലീസുകാരൻ കിണറ്റിലേക്ക് വിരൽചൂണ്ടി ഫോട്ടോഗ്രാഫറെ ചിലതു കാണിക്കുന്നുണ്ട്. സൗഭാഗ്യവതിയുടെ ഛായാഗ്രഹി ഉൾക്കിണറിലേക്ക് കണ്ണുതുറന്നു. ചുവന്ന പൂക്കളുള്ള മഞ്ഞ േഫ്രാക്കിൽ മൂന്നു വയസ്സിന്‍റെ ഉടൽ കമിഴ്ന്നുകിടക്കുന്നു.

‘‘സ്വന്തം അമ്മ കൊന്ന് വലിച്ചെറിഞ്ഞതാണ്.’’ പൊലീസുകാരൻ പറഞ്ഞു. ചരിഞ്ഞും മലർന്നും വിവിധ ആംഗിളുകളിൽ ഛായാപടങ്ങൾ കാമറപ്പെട്ടിയിൽ ശേഖരിക്കുമ്പോൾ സൗഭാഗ്യവതിയുടെ മനസ്സിൽ മകൾ ചിത്രയായിരുന്നു...

ഈ കഥ കൊടുങ്ങല്ലൂർക്കാരി ഇൻക്വസ്റ്റ് ഫോട്ടോഗ്രാഫർ ബിന്ദുവിന്‍റെ ജീവിതമാണ്. 24 വർഷമായി പൊലീസിനുവേണ്ടി ശവശരീരങ്ങളുടെ ഫോട്ടോ എടുത്തുവരുന്ന ബിന്ദു ആദ്യം എടുത്ത ചിത്രമായിരുന്നു അത്, സ്വന്തം മാതാവ് കിണറ്റിലിട്ടു കൊന്ന മൂന്നുവയസ്സുകാരിയുടെ ചിത്രം.

ഒരു ടെലിവിഷൻ അഭിമുഖ പരിപാടിയിലൂടെയാണ് ഞാൻ ബിന്ദുവിന്‍റെ പ്രക്ഷുബ്ധമായ ജീവിതത്തെ അറിയുന്നത്. പിന്നീട് പത്രവാർത്തകളിലൂടെയും യൂട്യൂബ് ചാനലുകളിലൂടെയും ഓൺലൈൻ വാർത്താ മാധ്യമങ്ങളിലൂടെയും ബിന്ദുവിന്‍റെ ജീവിത പോരാട്ടം േപ്രക്ഷകർ കണ്ടു. ദാരിദ്യ്രത്തിന്‍റെ കടുത്ത വിഷമാവസ്​ഥയറിഞ്ഞ ബാല്യകൗമാരങ്ങളായിരുന്നു ബിന്ദുവിന്റേത്.

സ്​കൂൾ യാത്രക്കുള്ള പത്തു പൈസ ബസുകൂലി ഇല്ലാതെ വന്നപ്പോൾ മറ്റു കുട്ടികളുടെ മുന്നിൽവെച്ച് ബസ്​ കണ്ടക്ടറുടെ അവഹേളനം സഹിക്കേണ്ടി വന്നിട്ടുണ്ട് അവൾക്ക്. പഠനം നിർത്തിയത് വരുമാനമുണ്ടാക്കാതെ മുന്നോട്ടു പോകാനാവില്ലെന്നു വന്നപ്പോഴാണ്. വൈകാതെ വീടിനടുത്തുള്ള ഷാഹുൽ സ്റ്റുഡിയോവിൽ റിസപ്ഷനിസ്റ്റായി. ഒരിക്കൽ കടയുടമ ഇല്ലാതിരുന്ന നേരത്ത് ഫോട്ടോയെടുക്കാൻ കിട്ടിയ അവസരം, കണ്ടു പഠിച്ച അറിവുവെച്ച് പരീക്ഷിച്ചു. പാഴായില്ല. അങ്ങനെ ഫോട്ടോഗ്രാഫറായി. പിന്നീട് ഉടമതന്നെ തനിക്കു പകരമായി ബിന്ദുവിനെ പൊലീസ്​ ഇൻക്വസ്റ്റ് നടപടികളുടെ ഫോട്ടോ എടുക്കാൻ അയച്ചു തുടങ്ങി.

പിന്നീട്, കൊലപാതകങ്ങളും ആത്മഹത്യകളും മറ്റു ദുർമരണങ്ങളും ഉണ്ടാവുമ്പോൾ ചിത്രമെടുക്കാൻ പൊലീസ്​ സ്റ്റേഷനിൽനിന്നും ബിന്ദുവിനെ വിളിക്കാൻ തുടങ്ങി. അങ്ങനെ ശവചിത്രങ്ങളുടെ പേടകവും പേറിയുള്ള ജീവിതയാത്രയാണ് ബിന്ദുവിനെ വ്യത്യസ്​തയാക്കിയത്. ആ ദുരിതയാത്ര കണ്ടും വായിച്ചും കേട്ടും അറിഞ്ഞ അനേകം പേർ സഹതപിച്ചും ദുഃഖിച്ചും കാണും. എന്നാൽ, ആ പച്ചയായ സങ്കീർണ ജീവിതം ഒരു കഥയായി പുറത്തുവന്നില്ല. അതുകൊണ്ടുതന്നെ അത് രേഖപ്പെടുത്തേണ്ടത് ഞാൻ ഒരു കടമയായിട്ടെടുത്തു. അങ്ങനെയാണ് ‘ജഡ ആൽബം’ എന്ന കഥ എഴുതുന്നതും മാതൃഭൂമി ആഴ്ചപ്പതിപ്പ് 2022 ഒക്ടോബർ ലക്കത്തിൽ പ്രസിദ്ധീകരിക്കുന്നതും. ഈ കഥയുടെ രചന താരതമ്യേന ക്ലേശരഹിതമായിരുന്നു. പറഞ്ഞുവെച്ച ബിന്ദുവിന്‍റെ ജീവിതകഥയിൽ പുതിയ അനുഭവങ്ങളും സംഭവങ്ങളും കൂട്ടിച്ചേർത്ത് പൊലിപ്പിച്ചെടുക്കേണ്ടതില്ലായിരുന്നു. അധിക കഥാപാത്രങ്ങളെക്കൊണ്ട് സംഘർഷ മുഹൂർത്തങ്ങൾ ചിത്രീകരിക്കേണ്ടതില്ലായിരുന്നു. ബിന്ദുവിന്‍റെ യഥാതഥമായ ജീവിതം അതേപടി പകർത്തുക മാത്രമേ വേണ്ടിയിരുന്നുള്ളൂ.

കീറി മുറിഞ്ഞ, കഷ്ണങ്ങളായി വെട്ടിയ, കത്തിക്കരിഞ്ഞ, ചതഞ്ഞരഞ്ഞ വെള്ളം കയറി വീർത്ത, വികൃതമാക്കപ്പെട്ട നഗ്ന ജഡങ്ങളുടെ ഫോട്ടോ എടുക്കേണ്ടുന്ന ജോലി എന്നും ചെയ്ത് ഫോട്ടോഗ്രാഫറിൽ നിസ്സംഗവും പരുഷവുമായ ഒരു വികാരം രൂപപ്പെട്ടു വന്നിട്ടുണ്ടാകാം. അതുകൊണ്ടുതന്നെ വളരെ ശ്രദ്ധിച്ചാണ് ഞാൻ അവരെ ഫോണിൽ ബന്ധപ്പെട്ടത്. ഒരു കുടുംബത്തിലെ കുട്ടികളടക്കം അഞ്ചുപേരുടെ കൂട്ട ആത്മഹത്യയുടെ ഫോട്ടോ എടുത്തശേഷം ദിവസങ്ങൾ കഴിഞ്ഞ് അവ വീണ്ടും പോസ്റ്റ്മോർട്ട ചിത്രണം നടത്തേണ്ടിവന്ന അനുഭവം ബിന്ദു വിശദീകരിച്ചു. ചുറ്റും മാംസം ചീഞ്ഞ വഴുവഴുപ്പുള്ള ദ്രാവകം തളംകെട്ടി കിടന്നിരുന്നു.

അതിൽ എണ്ണമറ്റ ശവംതീനി പുഴുക്കൾ നുരച്ചു. അതിരൂക്ഷമായിരുന്നു ദുർഗന്ധം... പതിനാറു ദിവസങ്ങൾക്കു ശേഷം അതേ ജഡങ്ങളിൽ കൊലപാതക തെളിവുകൾ ബിന്ദുവിന്‍റെ കാമറ തെളിച്ചുകാട്ടി. അതായിരുന്നു പൊലീസ്​ ബിന്ദുവിനെ നിലനിർത്തിയതിനു കാരണം. മറ്റാരും കാണാത്ത കാഴ്ചകൾ കാണാൻ കഴിയുന്ന ആ കാമറക്കണ്ണിന് ഇൻക്വസ്റ്റിൽ വഴിത്തിരിവുകളുണ്ടാക്കാൻ കഴിയുന്ന തെളിവുകളിലേക്ക് നയിക്കാൻ പ്രാപ്തിയുണ്ടായിരുന്നു!

ബുദ്ധി ഉറയ്ക്കാത്ത, ഓട്ടിസവും അപസ്​മാരവും കൂട്ടുചേർന്ന് കീഴ്പ്പെടുത്തിയ മകളെ തോളിലെടുത്തും, ഭാരം കൂടിയപ്പോൾ വീട്ടിൽ കെട്ടിയിട്ടും ജോലിക്കു പോയിരുന്ന ബിന്ദു എന്ന അമ്മയുടെ അശാന്ത ജീവിതം, പ്രതിസന്ധികളുടെ പോർമുഖത്ത് ഒറ്റക്കു നിന്ന് ഏറ്റുമുട്ടാൻ വിധിക്കപ്പെട്ട ഒരു പോരാളിയുടേതായിരുന്നു. ആ പോരിൽ മുറിവേറ്റ് ചോരയൊലിപ്പിച്ചതറിഞ്ഞവരുടെയൊക്കെ മനസ്സുകൾ വിതുമ്പിയിട്ടുണ്ട്. ശ്വാസം വിടാതെ ജോലി തീർത്ത് വീട്ടിലോടിയെത്താൻ അവർ തിടുക്കംകൂട്ടിയിരുന്നത് മകൾക്ക് ഭക്ഷണം വാരിക്കൊടുക്കാൻ വേണ്ടിയായിരുന്നു. വിസർജ്യം നിറഞ്ഞ അവളുടെ അരയിൽ കെട്ടിയ ഡയപ്പർ ഊരിമാറ്റുന്നതിനായിരുന്നു.

അതിവേഗം സ്​കൂട്ടറോടിച്ചു വരുമ്പോൾ ഹൈവേയിൽ വാഹനങ്ങൾ മുന്നോട്ടുപോകാതെ ബ്ലോക്കിൽ തിങ്ങിക്കിടക്കുന്നു. ചെറിയ ഒഴിവിടങ്ങളിലൂടെ വണ്ടിയെടുത്ത് മുന്നോട്ടു പോയപ്പോൾ ആൾക്കൂട്ടം. യാത്രക്കാരുടെ സംസാരത്തിൽ കേട്ടത്, റോഡിലൂടെ ഒരു പെൺകുട്ടി അസ്വാഭാവികമായി ഓടുകയും അന്യരെ ഉപദ്രവിക്കുകയുംചെയ്യുന്നുവെന്നാണ്. ‘‘ഭ്രാന്തുപിടിച്ചപോലെ ഞാൻ പാഞ്ഞുചെന്നു. നോക്കിയപ്പോൾ നടുറോഡിൽ ചോരയൊലിപ്പിച്ച് വീണുകിടന്ന് പിടക്കുന്ന, വായിലൂടെ നുരയും പതയും ഒഴുകുന്ന എന്‍റെ മകളെയാണു കണ്ടത്. അടുക്കാൻ ഭയന്ന് ആളുകൾ മാറിനിൽക്കുന്നു.’’ ബിന്ദു പറഞ്ഞു.

 

ആ അമ്മയുടെ തത്സമയത്തെ വ്യഥയും മനസ്സിന്‍റെ പിടച്ചിലുമൊന്നുംതന്നെ അതേ തീവ്രതയോടെ വാക്കുകളിൽ ഉൾക്കൊള്ളിച്ച് എഴുതിവെക്കാൻ എനിക്കു കഴിഞ്ഞില്ല. ബിന്ദു അനുഭവിച്ച അതിതീക്ഷ്ണമായ വൈകാരിക അവസ്​ഥയെയും കടുത്ത മാനസിക സംഘർഷങ്ങളെയും അതേപടി വായനക്കാർക്കു പകരുവാനുള്ള കരുത്ത് എന്‍റെ എഴുത്തിനില്ലാതെ വന്നു. എത്ര മികച്ച സർഗാക്ഷര സൃഷ്ടിക്കും വിശദീകരിക്കാനാവാത്ത വിധം ആഴത്തിലുള്ളതാണ് മനുഷ്യജീവിതത്തിലെ വൈകാരിക ആഘാതങ്ങളെന്ന് ബോധ്യപ്പെടുത്തുന്നതായിരുന്നു ആ സന്ദർഭം.

എങ്കിലും, കഥയെഴുത്തിൽ പ്രത്യാശയുടെ, പ്രതീക്ഷയുടെ ചെറുകിരണം ഞാൻ വിഭാവനംചെയ്തു. അവധാനപൂർവം തിരുകിക്കയറ്റി എന്നു പറയുന്നതാകും ശരി. മൂത്ത പെൺകുട്ടി ഉത്തരവാദിത്തബോധമുള്ളവളായിരുന്നു. ജീവിതസാഹചര്യങ്ങൾ മനസ്സിലാക്കി നേട്ടങ്ങളുണ്ടാക്കാൻ പരിശ്രമിക്കുന്നവളായിരുന്നു. അതുവെച്ച്, ശുഭകരമായ ഒരു കഥാന്ത്യത്തിന് മനസ്സുനൊന്ത് ആഗ്രഹിച്ച് ഞാൻ എഴുതി –ഫോട്ടോയെടുക്കാൻ ബുദ്ധിവേണ്ടെന്ന ന്യായയുക്തിയിൽ അമ്മ ചെറുമകളെ കാമറ പഠിപ്പിക്കുന്നു. അവൾക്ക് ജീവിതം പറഞ്ഞുകൊടുക്കുന്നു. പെൺകരുത്തിൽ മാറിപ്പോകാത്ത വൈകല്യങ്ങളില്ല എന്ന് ഉറപ്പ് കൊടുക്കുന്നു, മകളുടെ തലച്ചോറിനെ ഉത്തേജിപ്പിക്കാനാവുമെന്ന വിശ്വാസത്തിൽ. ഒടുവിൽ, അമ്മയുടെ എളിയിലിരുന്ന മകൾ കാമറയിൽ ക്ലിക്ക് ചെയ്ത് അത്ഭുതകരമായി ആ വിശ്വാസം ഉറപ്പിക്കുന്നു...

കഥക്കുശേഷമുള്ള ഈ എഴുത്തിൽ, ജഡ ആൽബം പേറിയുള്ള ഫോട്ടോഗ്രാഫറുടെ ജീവിതം പിന്നീട് എവിടെ എത്തിനിൽക്കുന്നു എന്നറിയാൻ വേണ്ടിയായിരുന്നു ബിന്ദുവിനെ വിളിച്ചത്. മൂത്തമകൾക്ക് പ്ലസ്​ ടുവിന് തൊണ്ണൂറു ശതമാനം മാർക്ക് കിട്ടിയെന്നും ബി.എസ് സി നഴ്സിങ് പഠനത്തിനായി വിദേശത്തു പോകാൻ തയാറെടുക്കുന്നു എന്നുമുള്ള സന്തോഷമാണ് ആദ്യം അവർ പങ്കുവെച്ചത്. ജഡ ആൽബം കഥ വായിച്ച ഒരാൾ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ആശ്വാസം പറഞ്ഞു.

ഈ കുറിപ്പ് തയാറാക്കുന്നതിനിടയിൽ ‘ജഡ ആൽബം’ എന്ന കഥ ഡോ. പ്രിയ കെ. നായർ ‘Album for Cadav​ers’ എന്ന പേരിൽ പരിഭാഷപ്പെടുത്തി ‘Indian Literature’ൽ പ്രസിദ്ധീകരിച്ചിരുന്നു. രാജ്യവ്യാപകമായി വായിക്കപ്പെടുന്നതാണ് ഈ ജേണൽ. മുൻ അനുഭവപ്രകാരമാണെങ്കിൽ മറ്റ് ഇന്ത്യൻ ഭാഷകളിലേക്കും ഈ കഥ മൊഴിമാറ്റം ചെയ്ത് പ്രസിദ്ധീകരിക്കപ്പെടാൻ സാധ്യതയുണ്ട്. ഈ കഥയിലൂടെ ബിന്ദുവിന്‍റെ ദുരിതജീവിതം വ്യാപകമായി അറിയപ്പെടുമെന്നും അതിൽനിന്നും നിർണായക സഹായഹസ്​തങ്ങൾ ഉയർന്നുവരുമെന്നും പ്രതീക്ഷിക്കുകയാണ്. മനസ്സലിവുള്ള വായനക്കാർ ദുരിതം പേറുന്നവർക്ക് ലഭ്യമാക്കുന്ന സഹായങ്ങളാണ് എഴുത്തുകാരന്‍റെ കൃതാർഥത. അതുതന്നെയാണ് എഴുത്തിന്‍റെ സാമൂഹിക ദൗത്യവും എന്നു ഞാൻ കരുതുന്നു.

ഞാൻ ബിന്ദുവിനോട് ഭർത്താവിനെപ്പറ്റി ചോദിച്ചു. കഥയിൽ, പുഴയിൽ ഒഴുകിവന്ന ശവശരീരം തിരിച്ചറിഞ്ഞ ഫോട്ടോഗ്രാഫർ ചിത്രമെടുക്കാൻ ഫോക്കസു കിട്ടാതെ നിസ്സഹായയായി പോകുന്നതും അവിടെ അത്ഭുതകരമായി കുട്ടി ക്ലിക്ക് ചെയ്യുന്നതും എഴുതിയത് യാഥാർഥ്യമല്ലായിരുന്നു. നിസ്സാര കാരണങ്ങളുണ്ടാക്കി ഭർത്താവ് കുടുംബം ഉപേക്ഷിച്ചുപോയത് മറ്റ് പെൺകൂട്ടുകൾക്കായിട്ടായിരുന്നു. ബിന്ദു വിശദീകരിച്ചു:

‘‘അയാൾക്ക് പെണ്ണ് ഒരു ദൗർബല്യവും ആവേശവുമായിരുന്നു. കള്ളം പറഞ്ഞു പറ്റിച്ച് മറ്റൊരു വിവാഹം നടത്തി അവരോടൊപ്പം ജീവിക്കുകയായിരുന്നു അയാൾ. ആ ഭാര്യയുടെ വീട്ടുകാർ അയാളെ അന്വേഷിച്ച് ഈയിടെ ഇവിടെ വന്നിരുന്നു. ഇതിനകത്ത് കാലു ചവിട്ടാൻ അയാളെ സമ്മതിക്കില്ലെന്ന് ഞാൻ പറഞ്ഞു. എനിക്കത്രമാത്രം വെറുപ്പാണയാളോട്. അപ്പോഴാണറിഞ്ഞത് അയാളുടെ ഭാര്യ മരിച്ചുപോയെന്ന്... ഞാൻ കൊടുത്ത കേസിൽ എനിക്കും മക്കൾക്കും ചെലവിനു നൽകണമെന്ന് കോടതി വിധിയുണ്ടായെങ്കിലും അയാൾ അതനുസരിച്ചില്ല. വിധിനടത്തിപ്പിനു നൽകിയ കേസിൽ ഹാജരാകാതെ വന്നപ്പോൾ കോടതി അറസ്റ്റു വാറന്റ് പുറപ്പെടുവിച്ചു. ഇപ്പോൾ അയാൾ ഒളിവിലാണ്.’’

‘‘എങ്ങനെയും വിധിനടത്തിപ്പിച്ചെടുത്താൽ എക്കാല​ത്തേക്കും ജീവനാംശം കിട്ടുമ​ല്ലോ. അതൊരാശ്വാസമല്ലേ?’’

ഞാൻ ചോദിച്ചു. പരാധീനത നിറഞ്ഞ മറുപടിയാണ് ബിന്ദു നൽകിയത്. ‘‘കേസ്​ മുന്നോട്ടു കൊണ്ടുപോകാൻ എനിക്കു പാങ്ങില്ല സാറേ. വക്കീൽ ഫീസും മറ്റു ചെലവുകളുമുണ്ട്. പണം വേണ്ടേ? പിന്നെ നടത്തിക്കിട്ടിയാലും ഒന്നുരണ്ടു മാസം കഴിഞ്ഞ് അയാൾ തരാതാകും. അപ്പോൾ വീണ്ടും കേസു കൊടുക്കണം. നടക്കില്ല സാറേ.’’

‘‘ടെലിവിഷനിലും യൂട്യൂബ് ചാനലുകളിലും പത്രങ്ങളിലുമൊക്കെ ബിന്ദുവിന്‍റെ ദുരിതങ്ങൾ നേരിട്ടറിഞ്ഞവരാരും സഹായിച്ചില്ലേ?’’ ഞാൻ വീണ്ടും ചോദിച്ചു.

‘‘ചിലരൊക്കെ വിളിച്ചു. അധികവും േഫ്രാഡുകളാണ്. മൊത്തമായിട്ടും ചില്ലറയായിട്ടും എടുത്തോളാമെന്ന്. മടുത്തു സാറേ. സ്വാർഥ താൽപര്യമില്ലാതെ സഹായം നൽകാൻ ആളുകൾ കുറയും.’’

കഥയിൽ പോസിറ്റീവ് സമീപനങ്ങൾ സമാഹരിച്ച്, വിശ്വാസവും പ്രതീക്ഷയും വാനോളം ഉയർത്തി ശുഭകരമായ പര്യവസാനം സൃഷ്ടിക്കുന്നതിനു ശ്രമിച്ചത് വായനയിലെ തൃപ്തിക്കുവേണ്ടിയായിരുന്നു. സ്​ത്രീ ശക്തിക്ക് പോരാടി വിജയിക്കാനും ദുർഘട ഘട്ടങ്ങളെ അറിവും ധൈര്യവും ആത്മവിശ്വാസവുംകൊണ്ട് മറികടക്കാനും സാധിക്കും എന്ന സന്ദേശം നൽകുക എളുപ്പമായിരുന്നു. എന്നാൽ, കഥക്കുശേഷമുള്ള ബിന്ദുവിന്‍റെ ജീവിതം, എഴുത്തുകാരൻ പറഞ്ഞതിനെയൊക്കെ തകിടം മറിക്കുന്നതായിരുന്നു. മനുഷ്യജീവിതത്തിന്‍റെ പ്രവചനാതീതമായ നാടകീയതകൾക്കും അനിശ്ചിതത്വങ്ങൾക്കും വിധേയമാവുകയേ ഗതിയുള്ളൂ എന്ന് ഉറപ്പിക്കുന്നതായിരുന്നു.

ബിന്ദുവുമായി ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കെ വലിയൊരു ശബ്ദവും ബിന്ദുവിന്‍റെ അലർച്ചയും കേട്ടു.

‘‘മോള് വീണു...’’

ഫോൺ കട്ടായി. ആ സന്ദർഭത്തിൽ വീണ്ടും വിളിക്കുക അനൗചിത്യമാണ്. എന്തോ ഒരു ദുരിതംകൂടി സംഭവിച്ചിട്ടുണ്ടെന്ന് ഞാൻ ഉറപ്പിച്ചു.

പിന്നീട് വിളിച്ചപ്പോൾ അറിഞ്ഞു, കുട്ടി നിന്നനിൽപിൽ വീഴുകയായിരുന്നുവെന്ന്. മുൻനിരയിലെ മൂന്നു പല്ലുകൾ തകർന്നു പോയി. വീഴ്ചയിലെ ആഘാതങ്ങൾ വേറെയുമുണ്ടായിരുന്നു. ചോരയിൽ കുളിച്ചു കിടന്നപ്പോഴും കുട്ടി കരഞ്ഞില്ല. തുടർച്ചയായ വീഴ്ചകളിൽ അവൾ വേദന അറിയാത്ത അവസ്​ഥയിൽ എത്തിച്ചേർന്നിരിക്കണം. ചോര കണ്ടുകണ്ട് അവളുടെ പേടി ഇല്ലാതായിക്കാണണം. അവളുടെ തലയിലും നെറ്റിയിലും താടിയിലും നിറയെ മുറിവുകളുടെയും സ്റ്റിച്ചുകളുടെയും ശേഷിപ്പുകളായിരുന്നു. തലക്കുള്ളിലേറ്റ ആഘാതങ്ങൾ വേറെയും.

‘‘കുട്ടി വീഴാതെ നോക്കണം.’’ ഡോക്ടർ കടുപ്പിച്ചു പറഞ്ഞു. ‘‘ഓട്ടിസത്തോടൊപ്പം അപസ്​മാരവുമുണ്ട​ല്ലോ.’’

രണ്ടിന്റെയും അവസ്​ഥകൾ കണ്ടുനിൽക്കുക പ്രയാസം.

സുന്ദരമായിരുന്ന അവളുടെ മുഖം ദന്തനഷ്ടങ്ങളുടെ വിടവുകൾ കാണിച്ചതോടെ വികൃതവും അപരിചിതവുമായി തോന്നിയെന്ന് ബിന്ദു പറഞ്ഞു. കൃത്രിമ പല്ലുകൾ വെക്കാൻ നല്ല ചെലവുണ്ട്. അതിനേക്കാൾ പ്രശ്നം, അസുഖക്കാരിക്ക് ​െഡന്റിസ്റ്റിനു മുന്നിൽ അടങ്ങിയിരിക്കാനാവില്ല എന്നതായിരുന്നു. പതിനാറുകാരിക്ക് ഇരുപത്തഞ്ചിന്‍റെ വളർച്ചയുണ്ട്. മകൾ വളരുന്തോറും ഭയവും ഉത്കണ്ഠയും കൂടുകയാണ് ബിന്ദുവിന്. ജോലിക്കു പോകുമ്പോൾ വീട്ടിൽ ഒറ്റക്കിരുത്താനാവില്ല. മറ്റൊരു വഴിയും കാണാതെ പതിനാറു കിലോമീറ്റർ അകലെയുള്ള സ്​പെഷൽ സ്​കൂളിൽ ചേർത്തു. സ്​കൂൾ ഫീസും വാഹനച്ചെലവും ചേർന്ന് നല്ലൊരു തുക വരും. മാറ്റിവെക്കാവുന്നവയും കുറക്കാവുന്നവയുമായ ചെലവുകൾ സ്വരൂപിച്ചു. സ്വന്തം ആവശ്യങ്ങൾ വർജിച്ചും മിച്ചംപിടിച്ചും സഹനത്തിന്‍റെ പരമാവധിയിൽ ഞെരുങ്ങി ആ മാതാവ്.

ജോലിക്കു പോകാനിറങ്ങുമ്പോൾത്തന്നെ ആധി പിടിക്കും. എത്രയും വേഗം വീട്ടിൽ തിരിച്ചെത്തണമെന്ന വിചാരമാണ്. മകളെക്കുറിച്ചുള്ള ഉത്കണ്ഠയാണ്. ഒരുദിവസം വായു പിടിച്ചുള്ള മടക്കത്തിൽ റോഡിലെ ഗതാഗതക്കുരുക്കിൽപ്പെട്ടപ്പോൾ അയൽക്കാരിയെ വിളിച്ചു, ‘‘മോള് സ്​കൂൾവണ്ടിയിൽ വന്നിറങ്ങുമ്പോൾ ഒരു പത്തു മിനിറ്റ് ഒന്നു നോക്കാമോ? ഞാൻ വന്നുകൊണ്ടിരിക്ക്യാ.’’ അയൽവാസി നീരസം പ്രകടമാക്കിയത് ബിന്ദുവിന്‍റെ മനസ്സിൽ തെളിഞ്ഞുകിടപ്പുണ്ട്. മനസ്സ് കൈയിലെടുത്തുകൊണ്ടുള്ള ഓട്ടത്തിൽ കണക്കുകൂട്ടൽ ചെറുതായൊന്നു തെറ്റിയാൽ... ബിന്ദുവിന്‍റെ ഉള്ളിൽ തീയാണ്. മകളുടെ എല്ലാ ആവശ്യങ്ങൾക്കും കൂടെ വേണം. കുളിപ്പിക്കണം. ഭക്ഷണം വാരിക്കൊടുക്കണം. ഋതുവാകുമ്പോൾ ശുചിയാക്കണം. ഒന്നും തിരിച്ചറിയാനാവാത്ത കുട്ടിയാണ്.

ഫോ​േട്ടാഗ്രാഫർ ബിന്ദു,‘ജ​ഡ ആ​ൽ​ബം’ എ​ന്ന ക​ഥ ‘Album for Cadav​ers’ എ​ന്ന പേ​രി​ൽ ‘Indian Literature’ൽ വന്നപ്പോൾ

 

 

കഥ എഴുതാൻ സമീപിച്ച കാലത്ത് ബിന്ദുവിന്‍റെ ശബ്ദത്തിന് കരുത്തുണ്ടായിരുന്നു. അതിൽ എന്തും നേരിടാനുള്ള ത്രാണി പ്രകടമായിരുന്നു. എന്നാൽ ഇപ്പോൾ അതിൽ കുറെ ചോർന്നുപോയിരിക്കുന്നു. പലപ്പോഴും തളർന്ന സ്വരമാണ് കേൾക്കാൻ കഴിഞ്ഞത്. വാക്കുകളിൽ ക്ഷീണം ബാധിച്ചിരുന്നു. വളർന്ന പെൺകുട്ടികൾ. ഒരാൾ ബോധത്തിലും മറ്റെയാൾ അബോധത്തിലും. രണ്ടും അപകടകരമായ പ്രായത്തിൽ. അമ്മക്ക് ജാഗരൂകയാവാതെ വയ്യ, ശരീരംകൊണ്ടും മനസ്സുകൊണ്ടും.

‘‘വഴിയിലൂടെ ഒരു മനുഷ്യന്‍റെ നിഴലനങ്ങിയാൽ ഞാൻ ഓടിയെത്തുമവിടെ. ജാഗ്രതയോടെ കാവൽ നിൽക്കുകയാണ് സാറേ ഞാൻ, എന്‍റെ മക്കൾക്ക്.’’

ഒരു അൽസേഷ്യൻ നായിന്‍റെ കൂർമശ്രദ്ധയോടെയുള്ള സംരക്ഷണമാണ് ബിന്ദുവിന്റേത്. കരുതലാണ് മനസ്സുനിറയെ. ‘‘എന്‍റെ മക്കൾക്കെന്തെങ്കിലും സംഭവിച്ചാൽ പിന്നെ ഞാനുണ്ടാവില്ല സാറേ...’’ ബിന്ദു തൊണ്ടയിടറിക്കൊണ്ട് പറഞ്ഞു.

‘‘പലപ്പോഴും രാത്രി ഉറങ്ങാൻ പറ്റാറില്ല. ജോലി കഴിഞ്ഞ് ക്ഷീണിച്ച് എത്തിയശേഷം വീട്ടിലെ പണികളും മോള്ടെ കാര്യങ്ങളും നോക്കി കഴിയുമ്പോഴേക്കും തളർന്നിട്ടുണ്ടാവും. ഉറക്കമാണ് ആകെയുള്ള ആശ്വാസവും ആരോഗ്യവും. അത് നഷ്ടപ്പെടും ചിലപ്പോൾ. അവൾ അക്രമാസക്തയാകുന്ന ദിവസങ്ങളിലാണ് ഉറങ്ങാനാവാതെ വരുന്നത്. ശാരീരികമായി ഉപദ്രവിക്കും. അതൊന്നുമെനിക്കു പ്രശ്നമല്ല. ഉറങ്ങാതിരുന്നാൽ പിറ്റേന്ന് ഭ്രാന്തുപിടിച്ച പോലെയാകും. ജോലിയിൽ ശ്രദ്ധ കിട്ടില്ല.’’

ബിന്ദുവിന്‍റെ മനസ്സുനിറയെ കുട്ടികളുടെ ഭാവിയെ ഓർത്തുള്ള പേടിയായിരുന്നു. തനിക്കെന്തെങ്കിലും സംഭവിച്ചാൽ അവരെ ആര് സംരക്ഷിക്കും? നഴ്സിങ് പഠിക്കാൻ വിദേശത്തു പോകാൻ തയാറാകുന്ന മൂത്തവളെക്കുറിച്ചുള്ള ഉത്കണ്ഠ. അവൾ പോയിക്കഴിഞ്ഞാൽ വീട് നിശ്ശബ്ദമാകും. തനിക്കൊരു കൈത്താങ്ങ് ഇല്ലാതാവും. താൻ ഒറ്റപ്പെട്ടുപോകുന്നെന്ന ചിന്ത അവരിൽ വളരുകയാണ്. ഒപ്പം സ്വന്തം ആരോഗ്യം ചോർന്നുപോയിക്കൊണ്ടിരിക്കുന്ന അവസ്​ഥയെക്കുറിച്ചുള്ള ഭീതിയും. രക്തസമ്മർദം അസാധാരണമായി താഴുന്നു. പലവിധ രോഗങ്ങൾ ആക്രമിച്ചു തുടങ്ങിയിരിക്കുന്നതിനെ പ്രതിരോധിക്കാനാവുന്നില്ല. പണത്തിന്‍റെ, സമയത്തിന്‍റെ കുറവുതന്നെ കാരണം. അതൊന്നും ശ്രദ്ധിക്കാൻ ബിന്ദുവിന് കഴിയാറില്ല. ‘വീഴ്ത്തരുതേ’ എന്ന പ്രാർഥനയാണവർക്ക് എപ്പോഴും.

മറ്റൊരു വീഴ്ചയിൽ കുട്ടിയേയുംകൊണ്ട് എത്തിയ ബിന്ദുവിനോട് ഡോക്ടർ പറഞ്ഞ​േത്ര: ‘‘ഇത്തരം അസുഖങ്ങളുള്ള കുട്ടികൾക്ക് ആയുസ്സ് കുറവായിട്ടാണ് കാണുന്നത്. ഇരുപത് കടക്കാൻ പ്രയാസമായിരിക്കും!’’ അതു പറയുമ്പോൾ ബിന്ദുവിന്‍റെ തൊണ്ട വല്ലാതെ ഇടറുന്നുണ്ടായിരുന്നു. പിന്നീട് അവരൊന്നും പറഞ്ഞില്ല. അപ്പോൾ, കഥയിൽ ‘സൗഭാഗ്യവതി’ എന്ന് പേരിട്ടവൾ മനം പൊട്ടി തേങ്ങുന്നത് കഥാകൃത്ത് കേട്ടു. പ്രതീക്ഷക്ക് സ്​ത്രീശക്തിയും ആഗ്രഹ സാക്ഷാത്കാരത്തിന് പോസിറ്റിവിറ്റിയും നിറച്ച് കെട്ടിപ്പൊക്കിയെടുത്ത കഥാഗോപുരം, ജീവിത പരമാർഥത്തിനു മുന്നിൽ വീണു ചിതറിപ്പോകുന്നത് എഴുത്തുകാരൻ നിസ്സഹായനായി നോക്കിക്കണ്ടു...

(തുടരും)

News Summary - E.P Sreekumar writings