നിഷ്കളങ്ക സൗഹ്യദത്തിന്‍റെ ഉദ്ഘോഷണങ്ങൾ
യാദൃശ്ചികമായി ഉരുത്തിരിഞ്ഞ തെളിമയാർന്ന ഒരു സൗഹൃദത്തിന്റെ ഭംഗിയോലുന്ന പെൻസിൽ സ്കെച്ചുകൾ -വ്യൂ സോണിക്കിന്റെ ടെറിട്ടറി മാനേജരായ ഫസലു എന്ന ഫസലുറഹ്മാന്റെ ‘വിനീത വിസ്മയം’ എന്ന കുഞ്ഞു പുസ്തകം അതാണ്.
ഉയരങ്ങളിലേക്ക് പറക്കുമ്പോഴും നിഷ്കളങ്കമായ സൗഹൃദങ്ങളെ ചിറകോട് ചേർത്തുപിടിക്കുന്ന വിനീത് ശ്രീനിവാസൻ എന്ന സെലിബ്രിറ്റിയെ തന്റെ ചെറിയ ചെറിയ വാക്കുകളിൽ കോറിയിടുകയാണ് സാമൂഹിക പ്രവർത്തകൻ കൂടിയായ, സമ്പന്നമായ ഒരു ആർജിത സംസ്കാരത്തിന്റെ പാരമ്പര്യമുള്ള ഫസലു എന്ന ഈ ചെറുപ്പക്കാരൻ. വളർച്ചയുടെ ചവിട്ടുപടികൾ കയറിപ്പോകുമ്പോൾ ഒപ്പം നിന്നവരെയും തോൾ കാട്ടിക്കൊടുത്തവരെയുമൊക്കെ നിഷ്കരുണം ചവിട്ടിത്താഴ്ത്തുന്ന, വഴിയിലുപേക്ഷിക്കുന്ന സിനിമയുടെ കപടലോകത്ത് വിനീത് ശ്രീനിവാസൻ ഒരു വേറിട്ട വ്യക്തിത്വമാണെന്ന് ഫസലുറഹ്മാൻ സാക്ഷ്യപ്പെടുത്തുന്നു. ഒരു പൂ പോലെ വിരിയുന്ന ആ സൗഹൃദത്തിന്റെ സൗരഭ്യത്തെ ഹൃദയത്തിൽനിന്നും ഉറവയെടുക്കുന്ന വാക്കുകളാൽ വരച്ചുവെക്കുന്ന ഫസലുവിന്റെ രചനാവൈഭവം എടുത്തുപറയേണ്ടതാണ്.
ഐ.ടി-ബിസിനസ് രംഗത്തുള്ളവർക്ക് പറഞ്ഞിട്ടുള്ളതല്ല കല, വായന, എഴുത്ത് പോലെയുള്ള സർഗവ്യാപാരങ്ങളെന്ന പൊതുധാരണക്ക് ഒരു തിരുത്തുകൂടിയാണ് ഈ രചന. തിരക്കുകളുടെ വിരസമായ ലോകത്ത് വിരാജിക്കുമ്പോഴും, തന്റെയുള്ളിൽ സർഗവാസനയുടെയും സാമൂഹികബോധത്തിന്റെയും ഒരു തെളിനീരുറവ ഈ ഗ്രന്ഥകാരൻ സൂക്ഷിക്കുന്നുണ്ട്. അതിന്റെ തെളിവാണ് പ്രളയകാലത്തും കോവിഡ് മഹാമാരി വിത്തെറിഞ്ഞപ്പോഴുമുള്ള സാമൂഹിക പ്രവർത്തനങ്ങൾക്ക് അദ്ദേഹത്തെ തേടിയെത്തിയ പുരസ്കാരങ്ങളും കലാലോകത്തെ അമൂല്യ സൗഹൃദങ്ങളും, പിന്നെ ഈ പുസ്തകവും. വെള്ളിത്തിരയുടെ ലോകത്തോ കലയുടെ ഭൂമികയിലോ ആരുമല്ലാതിരുന്നിട്ടും, തന്നെ ഒരു മൂത്ത ചേട്ടന്റെ കരുതലോടെ ചേർത്തുനിർത്തുകയും കൂടെ കൂട്ടുകയും ഉപദേശിക്കുകയുമൊക്കെ ചെയ്യുന്ന വിനീത് എന്ന കലാകാരനെ കുറിച്ച് വികാരഭരിതനാകുന്നുണ്ട് ഫസലു തന്റെ വരികളിലൂടെ. ഒരു കലാകാരൻ എങ്ങനെ അവന്റെ കലയിലൂടെ ജീവിതങ്ങളെ സ്പർശിക്കുന്നു എന്നതിനും ക്രിയാന്മകമായ ഉണർവും ഉത്തേജനവും എങ്ങനെ സൂക്ഷ്മമായി നൽകുന്നു എന്നതിനും ഒരു ദൃഷ്ടാന്തമായി ഈ കൃതിയെ കാണാമെന്ന് മുരളി ഗോപി തന്റെ അവതാരികയിൽ പറഞ്ഞുവെക്കുന്നത് വെറുതെയല്ല.
തെളിമയാർന്ന ഒരു സൗഹൃദത്തിന്റെ കൈയൊപ്പ് എന്നതിലുപരി, എവിടെയും വെറുപ്പ് മാത്രം വേവിച്ചു വിളമ്പുന്ന ഈ കെട്ടകാലത്ത് ആശ്വാസത്തിന്റെ ഒരു കുളിർകാറ്റുകൂടിയാണ് ഈ കുഞ്ഞു പുസ്തകം. എല്ലാ വിധത്തിലുള്ള തരംതിരുവുകളെയും നിഷ്പ്രഭമാക്കുന്ന ഇത്തരം നിഷ്കളങ്ക സൗഹൃദങ്ങളുടെ ഉദ്ഘോഷണങ്ങൾക്ക് പ്രസക്തിയേറെയുണ്ട് ഇക്കാലത്ത് എന്നതിനാൽതന്നെ വായിക്കപ്പെടേണ്ട ഒരു രചനയാണിത്.