Begin typing your search above and press return to search.
proflie-avatar
Login

ഹൃദയത്തിൽ പിറന്നിട്ടും അധരങ്ങളിലേക്കെത്താതെ പോകുന്ന ചുംബനങ്ങൾ

ഫർസാനയുടെ ‘എൽമ’ നോവൽ എം.ഒ രഘുനാഥ് വായിക്കുന്നു

ഹൃദയത്തിൽ പിറന്നിട്ടും അധരങ്ങളിലേക്കെത്താതെ പോകുന്ന ചുംബനങ്ങൾ
cancel

ദൈവത്തിനും ചെകുത്താനുമിടയിൽ കഴിച്ചുതീർത്ത ജീവിതകഥയുമായി എൽമയെന്ന ഒരു ജർമൻ പെൺകുട്ടി നമ്മോട് സംവദിക്കുന്നതാണ് ഫർസാനയുടെ "എൽമ" എന്ന നോവലിന്റെ ഇതിവൃത്തം. എൽമ അനാഥയാണ്, എന്നാൽ അവൾക്ക് മാലാഖമാരുടെ പരിരക്ഷയും പരിലാളനയും ലഭിക്കുവാനുള്ള ഭാഗ്യം കൈവരികയും 'ദൈവത്തിന്റെ ഒരു കവചം' അവളിൽ തെളിഞ്ഞുകാണുകയും ചെയ്യുന്നു. ജീവിതാനുഭവങ്ങളുടെ വിവിധ വർണങ്ങളിലുള്ള വിതാനങ്ങളിലൂടെ എൽമയെ നോവലിൽ കൊണ്ടുപോകുന്നുണ്ട്. അതിൽ ചതുപ്പുകളും പുൽമേടുകളും നക്ഷത്രങ്ങളും താമോഗർത്തങ്ങളും ഒരുപോലെ നോവലിസ്റ്റ് വരച്ചിടുന്നു.

വിഭിന്നരും അപരിചിതരുമായ സർവ മനുഷ്യരേയും ഒരേ ആകാശത്തിന് കീഴിൽ നനക്കുവാനും ഒരേ താരാപഥത്തിലൂടെ സ്വപ്നം കാണിക്കാനും സാധിക്കുന്നതാണ് ജീവിതമെന്ന് എൽമ നമുക്ക് കാണിച്ചുതരുന്നു. വംശീയ വിദ്വേഷത്തിന്റെയും കൂട്ടക്കുരുതിയുടെയും കഥകൾ പകർന്ന ഒരു നാട്ടിൽനിന്ന് അത്യന്തം ഹൃദയാർദ്രമായ ജീവിതകഥയുമായാണ് എൽമ കടന്നുവരുന്നത് എന്ന് ആഖ്യാതാവ് തന്നെ നോവലിൽ പറഞ്ഞുവെക്കുന്നു.


അതീവ നാടകീയതയോ വളച്ചുകെട്ടലുകളോ ഇല്ലാതെയാണ് എൽമയുടെ കഥയൊഴുക്ക്. അവൾ പിന്തുടർന്ന നേരും, നുകർന്ന നോവും ചേർന്ന് സംഭവബഹുലമാണ് കഥ. ഹൃദയത്തിൽ പിറവിയെടുക്കുകയും അധരങ്ങളിലേക്ക് എത്തിപ്പെടാനാവാതെ മൃതിയടയുകയും ചെയ്യപ്പെട്ട പുറംലോകത്തെ ആശ്ലേഷിക്കാൻ വെമ്പുന്ന പുഞ്ചിരികളുടെ ആത്മകഥയായി ഈ നോവലിനെ വ്യാഖ്യാനിക്കാവുന്നതാണ്.

ജനനത്തോടെയല്ല, മറിച്ച് ഓർമകളുടെ പിറവിയോടുകൂടിയാണ് നമ്മുടെ ജീവിതകഥ തുടങ്ങുന്നതെന്ന് എൽമ ചൂണ്ടിക്കാണിക്കുമ്പോൾ നാം നമ്മുടെ ജീവിതയാത്രയിലൂടെ പുറകോട്ട് സഞ്ചരിച്ചേക്കാം. മൂന്നുവയസ്സ് പിന്നിട്ടപ്പോൾ അമ്മയാൽ ഉപേക്ഷിക്കപ്പെട്ട്, ബെർലിനിലെ ഷെയർഗാർട്ടൻ സ്ട്രീറ്റിലുള്ള ഒരു ഓർഫനേജിലെത്തവേയാണ് എൽമയുടെ ജീവിതം ആരംഭിക്കുന്നത്. എന്തുകൊണ്ട് എൽമ അനാഥയാക്കപ്പെട്ടുവെന്ന് നോവൽ വ്യക്തമാക്കുന്നില്ല. ദാരിദ്ര്യമോ, വിശ്വാസവഞ്ചന കാട്ടിയ പങ്കാളിയോടുള്ള അമർഷമോ കാരണമായിട്ടുണ്ടാകാം. അവ്യക്തമായ ഒന്നാം ഘട്ടം നോവലിൽ ഇടക്ക് ഓർമച്ചുഴിപോലെ പ്രതിപാദിക്കപ്പെടുന്നുണ്ടെങ്കിലും അത്‌ നോവലിന്റെ വളർച്ചയെ സഹായിക്കുന്നതരത്തിലോ എൽമയുടെ ഐഡന്റിറ്റി വ്യക്തമാക്കുന്ന രൂപത്തിലോ ആവുന്നില്ല. അതുകൊണ്ടുതന്നെ, ഓർമകളുടെ ജാലകം തുറന്നുവച്ച മൂന്നുവയസ്സിനുശേഷമുള്ള എൽമയാണ് നമ്മോട് സംവദിക്കുന്നത്.

കൂറ്റൻ മച്ചിൽ പൊതിഞ്ഞ ഓർഫനേജിലെ മദർ സുപ്പീരിയറിന്റെ (ഗ്രാനിയുടെ) കൈപിടിച്ചു തുടങ്ങിയ എൽമയുടെ യാത്രയാണ് നോവലിന്റെ അവസാനം വരെ തുടരുന്നത്. കാറ്റാടിമരങ്ങൾ നിറഞ്ഞ ഓർഫനേജിന്റെ ഭൂവിടങ്ങളിൽനിന്നും കൗമാരച്ചില്ലകൾ പടർന്ന കോളേജ് കാമ്പസിലേക്കും പിന്നീട് പ്രണയവും ദാമ്പത്യവും പകർന്ന വർണക്കാഴ്ചകളുടെ താഴ്വാരങ്ങളിലേക്കും എൽമ നമ്മെ കൊണ്ടുപോകുന്നു. അവിടെ ഷേറയും ഗിൽബർട്ടും ആർത്തുല്ലസിക്കുന്നുണ്ട്. എൽമയെന്ന സ്വർണ മുടിയുള്ള, സുന്ദരിയായ വെള്ളക്കാരി പെൺകുട്ടിയുടെ ഓർമകളും, ഓർമകളിലേക്ക് എത്തപ്പെടാനാവാതെപോകുന്ന ഓർമച്ചുഴികളും ചേർന്നതാണ് ഈ നോവൽ.

നെടുകെ പിളർന്ന ഭൂമിയുടെ ഇരുപാതികളിലായാൽപ്പോലും ഒരുമിച്ചുചേരാനായി പരസ്പരം പടർന്നുപിടിക്കുന്നവരായി എൽമയും ഗിൽബർട്ടും തിരിച്ചറിയപ്പെടുന്ന പ്രണയമുഹൂർത്തം നോവലിന്റെ അത്യന്തം സൗന്ദര്യാത്മകമായ ഭാഗമാണ്. എൽമയുടെയും ഗിൽബർട്ടിന്റെയും വ്യാഖ്യാനങ്ങള്‍ക്കതീതമായ കണ്ടുമുട്ടലിന്റെ രംഗം വളരെ ആകർഷകമായി ഫർസാന അവതരിപ്പിച്ചിട്ടുണ്ട്. നേരം പുലരുന്നതുതന്നെ പ്രണയം പകരുവാനും നുകരുവാനുമാണെന്ന് എൽമക്ക് അനുഭവപ്പെടുന്നതരത്തിലേക്കുള്ള ആ പറിച്ചുനടൽ എൽമയുടെ മാത്രമല്ല മനുഷ്യായുസ്സിന്റെ പൊതുവായ ചിത്രമാണ്. ഒരു പാതി, മറുപാതിയെത്തേടി ഭൂമിമുഴുവൻ ഉഴറിനടക്കുമെന്ന പ്രസ്താവനതന്നെ നോവൽ മുന്നോട്ടുവയ്ക്കുന്നു. മറുപാതിയാൽ കണ്ടെത്തപ്പെടുന്നവരാണ് ഭാഗ്യവാന്മാർ, അവർ ഇരു ദിശകളിലേക്ക് ഒഴുകപ്പെട്ട നദികളായിത്തീർന്നാലും എവിടെയെങ്കിലുംവച്ച് അപ്രതീക്ഷിതമായി ഒന്നായിത്തീരുമെന്ന് ഇതിലെ പ്രണയം കാട്ടിത്തരുന്നുണ്ട്.

"നക്ഷത്രങ്ങളേ... ഒന്നുകിൽ കണ്ണടയ്ക്കുക, അല്ലെങ്കിൽ അസൂയപ്പെടുക" എന്ന അതിശയിപ്പിക്കുന്ന പ്രസ്താവത്തിലൂടെ പ്രണയത്തിന്റെയും കാമത്തിന്റെയും അത്ഭുതപ്പെടുത്തുന്ന 'കൊടുമുടിത്തുമ്പിൽ അറോറ ആഘോഷിക്കുന്ന ഒരു പെൺ ചിത്രത്തിന്റെ' കാൻവാസ് എൽമയിലൂടെ വരച്ചുവയ്ക്കുന്നു. മാനത്തുനിന്നും പൊട്ടിയടർന്ന് നെഞ്ചിലേക്കുവീണ നക്ഷത്രത്തുടിപ്പുകളെ ചുണ്ടുകൾകൊണ്ട് ഒപ്പിയെടുക്കുന്ന സുന്ദര നിമിഷങ്ങളിൽ പ്രഭാനാളികളിൽ കത്തിജ്വലിച്ചു നിൽക്കുകയും വർണങ്ങളുടെ ഓളങ്ങളെയേറ്റിയൊഴുകുന്ന കടലായിമാറുകയും ചെയ്യുന്ന ആകാശത്തെ കണ്ടെത്താൻ സാധിക്കുന്ന തരത്തിൽ, ഈ ലോകത്തെ ഏറ്റവും സുന്ദരമായ കാഴ്ചയെന്തെന്നുകൂടി ഈ നോവൽ കാണിച്ചുതരുന്നു.

എൽമയിലൂടെ ലോകോത്തര ഫോട്ടോഗ്രാഫി മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്ന ഗിൽബർട്ട്, അത്‌ സ്വീകരിക്കാൻ അവൾക്കൊപ്പം ഡെറാഡൂണിലേക്ക് യാത്രതിരിക്കുന്നു. അവിടെ വെച്ചുള്ള അഘോരികൾക്കായുള്ള അന്വേഷണവും ഫോട്ടോഗ്രഫിയുടെ അപകടകരമായ സാധ്യതകളിലൂടെയുള്ള ഗിൽബർട്ടിന്റെ ചുവടുകളും വീഴ്ചയും കഥയെ മുംബൈയുടെ ഏതോ ഒരു സാങ്കല്പിക കടലോരത്ത് മറിച്ചൊരു യാത്രയില്ലാത്ത തരത്തിൽ ഇന്ത്യയിൽത്തന്നെ കെട്ടിയിടുന്നു. അവിടെ ഗ്ലാഡിയറ്റും ഏണസ്റ്റും ഹിരണ്യയും എല്ലാം എൽമയിൽ സ്വാധീനംചെലുത്തി കടന്നുവരുന്നുണ്ട്. ഗിൽബർട്ടിനായുള്ള കാത്തിരിപ്പും റീത്തയുടെ ബംഗ്ലാവിലെ ജീവിതത്തിൽ ശീലമാക്കുന്ന മൈതാനത്തേക്കുള്ള ബൈനോക്കുലർ കാഴ്ചയുമൊക്കെ (ഒളിഞ്ഞുനോട്ടം) വ്യത്യസ്ത ഇന്ത്യൻ ജീവിതചിത്രങ്ങളായി നോവലിലൂടെ കടന്നുപോകുന്നു. രതിയുടെ അതിമനോഹരമായ ചിത്രം പകർന്ന ജർമൻ പശ്ചാത്തലത്തിൽ നിന്നും കഥ ഇന്ത്യൻ പശ്ചാത്തലത്തിലേക്ക് എത്തുമ്പോൾ വളരെ കരുതലോടെ വരച്ചുവെക്കുന്ന സ്വവർഗ പ്രണയത്തിന്റെ തെളിഞ്ഞ മറ്റൊരു ചിത്രംകൂടി നോവൽ കാണിക്കുന്നു.


''ഇടവേളകളില്ലാത്ത കിതപ്പ്...' അതുതന്നെയാണ് എൽമയുടെ യാത്രയെ വർണിക്കാവുന്ന വാചകം. ജീവിതത്തിന്റെ നിറക്കൂട്ടുകളിലേക്ക് കൈപിടിച്ച് നടത്തിയവരൊക്കെ അവരവരുടെ ധർമം നിറവേറ്റുംമുന്നേ മറഞ്ഞുപോകുന്നതായുള്ള ഒരു പെൺകുട്ടിയുടെ അനുഭവമാണ് നോവലിൽ ആദ്യാവസാനം പറഞ്ഞുപോകുന്നത്. വംശീയ വിദ്വേഷത്തിന്റെയും ജൂതക്കൂട്ടക്കൊലയുടെയും മുറിവുകൾ ഭയപ്പെടുത്തുന്ന ചില അടയാളങ്ങളിലൂടെ നോവലിൽ കടന്നുവരുന്നുണ്ടെങ്കിലും അത്‌ കഥയെ നേരിട്ട് സ്പർശിക്കുന്നില്ല. എന്നാൽ സമകാലീന ഇന്ത്യയുടെ ചില ചിത്രങ്ങളിലേക്ക് പറിച്ചുനടപ്പെടുന്ന പല കാഴ്ചകളും നോവലിനെ നയിക്കുന്ന രീതിയിലേക്ക് അത്‌ മാറുന്നുണ്ട്.

ബാല്യത്തിലോ കൗമാരത്തിലോ കൂമ്പൊടിഞ്ഞുപോകുന്ന പെൺസ്വപ്നങ്ങളുടെ രൂപങ്ങളും അവയുടെ സഞ്ചാരങ്ങളുമാണ് ഈ നോവൽ എന്ന് അടിവരയിട്ട് പറയാം. ഗ്രാനി, ഗ്ലാഡിയറ്റ്, എൽമ- മൂന്നു കാലങ്ങളിലെ സ്ത്രീ പാത്രങ്ങൾ; എല്ലാംകൊണ്ടും അവർ ഒന്നാണെന്ന് വായിച്ചെടുക്കാവുന്നതരത്തിൽ നോവൽ ഫലപ്രദമായി കൈകാര്യം ചെയ്തിരിക്കുന്നു. അതായത്, എൽമയെന്നത് സ്ത്രീജീവിതങ്ങളുടെതന്നെ തുടർച്ചയാണ് എന്നതാണ് നോവൽ മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയം.

ലളിത ഭാഷയിലൂടെ മികച്ച പശ്ചാത്തലങ്ങൾ ഒരുക്കിയെടുത്ത് ശക്തമായ കഥാപാത്രങ്ങളിലൂടെ അവതരിപ്പിക്കുന്നതിൽ നോവലിസ്റ്റ് വിജയിച്ചിരിക്കുന്നു. വിദ്വേഷത്തിലൂടെ മനസ്സുകളെ തമ്മിലകറ്റാനും ചിന്തയെ മാറ്റവിപ്പിക്കുവാനും ഫാസിസ്റ്റു രൂപമെടുത്ത അധികാരശബ്ദങ്ങൾ നമ്മെ അലോസരപ്പെടുത്തുകയും ഭയപ്പെടുത്തുകയും ചെയ്യുന്ന ഇക്കാലത്ത് സഹാനുഭൂതിയുടെയും സ്നേഹത്തിന്റെയും ഒരു കവചം എൽമയിലൂടെ നോവലിസ്റ്റ് മുന്നോട്ടുവയ്ക്കുകകൂടിയാണ്.

​അതായത്, എൽമ വെറുമൊരു പ്രണയ കഥയോ, അതിജീവനത്തിന്റെ അല്ലെങ്കിൽ സഹനത്തിന്റെ ജീവിതയാത്രയോ മാത്രമല്ല പറഞ്ഞുവെക്കുത്. വംശവെറിയും കൂട്ടക്കൊലയും നടത്തിയ ഭരണാധികാരികൾക്ക് കാലം ദയനീയ അന്ത്യമാണ് നൽകിയിട്ടുള്ളതെന്ന ചരിത്രസത്യം വരികൾക്കിടയിലൂടെ നോവൽ കാണിച്ചുതരുന്നു. മികച്ച വായനാനുഭവം പകരുന്നതിനൊപ്പം കാലിക പ്രസക്തികൂടി അടയാളപ്പെടുത്തുന്ന ഈ നോവൽ കൂടുതൽപ്പേരിലേക്ക് വ്യാപിക്കേണ്ടതുണ്ട്.

Show More expand_more
News Summary - farsana novel elma review