മറ്റൊരു ബംഗാൾ, മറ്റൊരു ലോകം; പരിമൾ ഭട്ടാചാര്യയുടെ Field Notes from a Waterborne Land വായിക്കുന്നു
പരിമൾ ഭട്ടാചാര്യയുടെ Field Notes from a Waterborne Land എന്ന കൃതി വായിക്കുന്നു. നാം പരിചയിച്ച വംഗനാടിനും മൂല്യങ്ങൾക്കും അപ്പുറത്ത് ജീവിക്കുന്ന ഒരു സമൂഹത്തിന്റെ മാന്ത്രികവിസ്മയങ്ങൾ കൃത്യമായി വരച്ചിടുന്ന ഒരു കൃതിയാണതെന്ന് ലേഖകൻ.
മനസ്സിൽ ഇടംപിടിച്ച ബംഗാളിന്റെ ഒരു ചിത്രമുണ്ട് – ഇന്ത്യയിലുണ്ടായ എല്ലാ സാമൂഹിക-രാഷ്ട്രീയ-സാംസ്കാരിക മുന്നേറ്റങ്ങളുടെയും ചുക്കാൻ പിടിച്ച സുവർണ ബംഗാളിന്റെ ചിത്രം. ഇന്ത്യയിലെ സാമൂഹിക നവോത്ഥാനത്തിന്റെ ഗതി നിർണയിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച രാജാറാം മോഹൻ േറായിയും ബംഗാളി ഭാഷയിലെ ഗദ്യസാഹിത്യത്തിന്റെ പിതാവായി ഗണിക്കപ്പെടുന്ന ഈശ്വർ ചന്ദ്ര വിദ്യാസാഗറും കൊളോണിയൽ വിപ്ലവത്തിന്റെ നിത്യപ്രതീകമായ സുഭാഷ് ചന്ദ്രബോസും ആത്മീയാന്വേഷണങ്ങളുടെ...
Your Subscription Supports Independent Journalism
View Plansമനസ്സിൽ ഇടംപിടിച്ച ബംഗാളിന്റെ ഒരു ചിത്രമുണ്ട് – ഇന്ത്യയിലുണ്ടായ എല്ലാ സാമൂഹിക-രാഷ്ട്രീയ-സാംസ്കാരിക മുന്നേറ്റങ്ങളുടെയും ചുക്കാൻ പിടിച്ച സുവർണ ബംഗാളിന്റെ ചിത്രം. ഇന്ത്യയിലെ സാമൂഹിക നവോത്ഥാനത്തിന്റെ ഗതി നിർണയിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച രാജാറാം മോഹൻ േറായിയും ബംഗാളി ഭാഷയിലെ ഗദ്യസാഹിത്യത്തിന്റെ പിതാവായി ഗണിക്കപ്പെടുന്ന ഈശ്വർ ചന്ദ്ര വിദ്യാസാഗറും കൊളോണിയൽ വിപ്ലവത്തിന്റെ നിത്യപ്രതീകമായ സുഭാഷ് ചന്ദ്രബോസും ആത്മീയാന്വേഷണങ്ങളുടെ വഴിയിൽ ഇന്ത്യയെ മുന്നോട്ടു നയിച്ച പരമഹംസരും വിവേകാനന്ദനും വിശ്വമഹാകവി ടാഗോറുമെല്ലാം ഈ ചിത്രത്തിൽ തിളക്കമാർന്നു നിൽക്കുന്നവരാണ്. ടാഗോർ മാത്രമല്ല നമുക്ക് ചിരപരിചിതൻ. ബിഭൂതിഭൂഷണും ബങ്കിം ചന്ദ്രനും താരാശങ്കർ ബാനർജിയും ശങ്കറും ജരാസന്ധനും ശരത് ചന്ദ്രനും ബിമൽ മിത്രയും തൊട്ട് ഇങ്ങേയറ്റത്ത് മഹാശ്വേതാ ദേവി വരെയുള്ളവർ പ്രസരിപ്പിച്ച ഉൗർജം നമ്മുടെ സാഹിത്യത്തിന്റെ വളർച്ചയിൽ വഹിച്ച പങ്ക് ചെറുതല്ല. സത്യജിത് റായിയുടെയും മൃണാൾ സെന്നിന്റെയും ഋത്വിക് ഘട്ടക്കിന്റെയും ഋതുപർണഘോഷിന്റെയും മണ്ണാണ് ബംഗാൾ. കൊൽക്കൊത്തയിലെ കളിക്കളങ്ങളിലെ തർക്കങ്ങളും അഡ്ഡകളിലെ ചൂട്ചായയും ജാൽമൂരിയും നമ്മുടെ ചർച്ചകളെയും ബംഗാളിൽനിന്നു കേട്ട വസന്തത്തിന്റെ ഇടിമുഴക്കങ്ങൾ നമ്മുടെ കലാലയങ്ങളെയും ചൂട് പിടിപ്പിച്ചു – ഇന്ന് ബംഗാൾ ചിന്തിക്കുന്നതെങ്ങനെയാണോ ആ വഴിയിലൂടെയാണ് നാളെ ഇന്ത്യ നടക്കുന്നത് എന്ന ചൊല്ലിനെ സത്യമാക്കാൻ ഏറ്റവുമധികം പാടുപെട്ടവരാണ് നാം. പൊതുലോകത്തിന്റെ മുമ്പാകെയുള്ള ഈ സവിശേഷമായ ഐഡന്റിറ്റി ബംഗാളിനു നൽകിയതാര് എന്ന ചോദ്യത്തിന് എളുപ്പത്തിൽ കിട്ടാവുന്ന ഒരു ഉത്തരമുണ്ട് – ഭദ്ര ലോക്, ഉയർന്ന ജാതിക്കാർ, ഉന്നത വിദ്യാഭ്യാസം നേടിയവർ, എഴുത്തും വായനയും കലയും കളിയുമൊക്കെ ജീവിതത്തോട് ചേർത്തു വെക്കുന്നവർ അഥവാ ബാബുമാർ...
എന്നാൽ, ഈ ഭദ്രലോകത്തിനു പുറത്തും നാം അറിയുന്ന ഒരു വംഗദേശമുണ്ട്. അടുത്തകാലത്താണ് നാം ഈ ദേശത്തെയും അവിടെയുള്ള മനുഷ്യരെയും തിരിച്ചറിഞ്ഞത്. ജീവിതമാർഗം തേടി കോൺട്രാക്ടർമാരാൽ ആട്ടിത്തെളിക്കപ്പെട്ട് ആലുവയിലും പെരുമ്പാവൂരിലുമെത്തി പിന്നീട് നാട് നീളെയുള്ള തൊഴിലിടങ്ങളിൽ പടർന്നവർ. ബംഗാളിലെ ഗോത്ര വർഗ/മുസ്ലിം പ്രദേശങ്ങളായ ബങ്കുറ, ബീർഭൂം, മിഡ്നാപൂർ, മുർഷിദാബാദ് തുടങ്ങിയ ഇടങ്ങളിൽനിന്നായിരുന്നു പ്രധാനമായും തൊഴിൽ തേടി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്കുള്ള പ്രയാണം. അവരോടൊപ്പവും പിന്നാലെയുമൊക്കെയായി ബിഹാർ, ഒഡിഷ, ഝാർഖണ്ഡ്, അസം തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നെല്ലാം തൊഴിലാളികൾ വന്നു. ഈ അന്യദേശ തൊഴിലാളികളെയും നാം ബംഗാളിയെന്നു തന്നെ വിളിച്ചു. അന്യദേശ തൊഴിലാളികൾക്ക് നാം ചാർത്തിക്കൊടുത്ത സംജ്ഞയാണ് ബംഗാളിയെന്നത്. നമ്മുടെ ചിന്തയിലും സങ്കൽപത്തിലുമുള്ള ബംഗാളിൽനിന്ന് ഏറെ അകലെയായി വർത്തിച്ചിരുന്ന മറ്റേതോ അദൃശ്യലോകങ്ങളിൽനിന്നാണ് ഈ ബംഗാളികൾ എത്തിയത്. നാം പരിചയിച്ച മുഖ്യധാരാ ബംഗാളി ജീവിതത്തിന്റെ അരികുകൾക്കപ്പുറത്താണ് അവരുടെ ജീവിതം. അതേസമയം, ബംഗാളിൽ ഒരു കാലത്ത് കോൺഗ്രസിന്റെയും പിന്നീട് പതിറ്റാണ്ടുകളോളം ഇടതുപക്ഷ രാഷ്ട്രീയത്തിന്റെയും വോട്ടുബാങ്കായിരുന്നു അവർ. അവർക്കുവേണ്ടി ചിന്തിച്ചത് പാർട്ടിയും പാർട്ടിയെ നിയന്ത്രിക്കുന്ന ഭദ്രലോക ബാബുമാരുമായിരുന്നു. മുസ്ലിംകളുടെയും ഗോത്രവർഗക്കാരുടെയും ഈ സമൂഹമാണ് പിൽക്കാലത്ത് ബംഗാൾ രാഷ്ട്രീയത്തിന്റെ മുഖഛായ മാറ്റുന്നതിനെ ത്വരിതപ്പെടുത്തിയത് എന്നത് ഒരു ഐറണിയാണ്. മനോ ബീണാ ഗുപ്തയുടെ Left Politics in Bengal: Time travels among Bhadralok Marxists എന്ന 2010 ൽ പുറത്തിറങ്ങിയ പുസ്തകത്തിൽ മാറ്റത്തിന്റെ ഈ കാറ്റ് എങ്ങനെ രൂപപ്പെട്ടുവരുന്നു എന്നതിനെപ്പറ്റി വിശദമായി അപഗ്രഥിക്കുന്നു.
പരിമൾ ഭട്ടാചാര്യയുടെ Field Notes from a Waterborne Land എന്ന കൃതി നാം പരിചയിച്ച വംഗനാടിനും മൂല്യങ്ങൾക്കും അപ്പുറത്ത് ജീവിക്കുന്ന ഒരു സമൂഹത്തിന്റെ മാന്ത്രിക വിസ്മയങ്ങൾ കൃത്യമായി വരച്ചിടുന്ന ഒരു കൃതിയാണ്. ഇതൊരു യാത്രാവിവരണമാണോ എന്നു ചോദിച്ചാൽ അതെ. എഴുത്തുകാരൻ തന്റെ ഭദ്രലോക ജീവിതത്തിന് പുറത്തേക്ക് കടക്കുകയും അതിന്റെ സുരക്ഷിത മണ്ഡലങ്ങളും മുൻവിധികളും ഉപേക്ഷിക്കുകയും ചെയ്യുന്നു. തീർച്ചയായും പരിമളിന്റേത് ഒരു യാത്രാവിവരണമാണ്. ലോകത്തിലെ ഏറ്റവും വലിയ ചതുപ്പുനിലക്കാടായ സുന്ദർബൻസിലേക്കുള്ള യാത്ര മാത്രമല്ല അത്. രവീന്ദ്രസംഗീതത്തിന്റെയും സത്യജിത്ത് റായ് സിനിമയുടെയും മറ്റനവധി സംസ്കൃതവത്കരിക്കപ്പെട്ട ജീവിതാവസ്ഥകളുെടയും മണ്ഡലമായ ബംഗാളിൽനിന്ന് പ്രാകൃതവും വന്യവുമായ മറ്റൊരു ബംഗാളിലേക്കുള്ള യാത്രയാണത്. ഈ പ്രാകൃത ബംഗാളിനെ വരേണ്യ ബംഗാൾ എങ്ങനെ കീഴടക്കുന്നു എന്നതിലേക്കാണ് ഈ സഞ്ചാരം വിരൽ ചൂണ്ടുന്നത്. കാലാവസ്ഥാ വ്യതിയാനം, കോർപറേറ്റ്താൽപര്യങ്ങൾ മൂലം സംഭവിക്കുന്ന പരിസ്ഥിതി നാശം, രാഷ്ട്രീയത്തിന്റെ പ്രതിലോമപരത തുടങ്ങിയ പല ഘടകങ്ങളും ചേർന്ന് ചരിത്രത്തിൽനിന്ന് ബംഗാളിന്റെ ഈ മറുമുഖത്തെ മായ്ച്ചുകളയുമോ എന്ന ആശങ്കയാണ് ഈ പുസ്തകത്തിന്റെ ആശയപരമായ അടിത്തറ. ഈ അർഥത്തിൽ ഇതൊരു യാത്രാ വിവരണമല്ല, ജീവിത ചിത്രമല്ല, കഥയോ റിപ്പോർേട്ടാ അല്ല. ഭൂമിയെയും അതിന്റെ പ്രാചീന വിശുദ്ധിയെയും വിനാശലേശമന്യേ നിലനിർത്തുക എന്ന കൃത്യമായ ലക്ഷ്യത്തോടെ നടത്തുന്ന ആക്ടിവിസ്റ്റ് എഴുത്താണ്. അതാകട്ടെ ആരെയും മോഹിപ്പിക്കുന്ന ഭാഷാസൗന്ദര്യത്തോടെ, രചനാചാതുര്യത്തോടെ.
ഇംഗ്ലീഷിലും ബംഗാളിയിലും –രണ്ടു ഭാഷകളിൽ എഴുതുന്ന ആളാണ് പരിമൾ ഭട്ടാചാര്യ. അദ്ദേഹത്തിന്റെ ഇംഗ്ലീഷിലുള്ള No Path in Darjeeling is Straight, Bells of Shangri-La എന്നീ കൃതികൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. ബംഗാളിയിലും അദ്ദേഹം അറിയപ്പെട്ട എഴുത്തുകാരനാണ്. നമ്മുടെ തൊട്ടപ്പുറത്തുള്ളതും ചിലപ്പോൾ നമുക്കു ചുറ്റുമുണ്ടായിട്ടും നാം തൊട്ടറിയാത്തതുമായ ലോകങ്ങളിലേക്കാണ് അദ്ദേഹം സഞ്ചരിക്കുന്നത്. ഈ ലോകം എങ്ങനെ ജീവിക്കുന്നു, ഭദ്ര ലോക ജീവിതത്തിൽനിന്ന് അതെത്രത്തോളം വ്യത്യസ്തമായി വർത്തിക്കുന്നു എന്ന കൃത്യമായ അന്വേഷണത്തിൽ അദ്ദേഹം ഭാവനയുടെ ചില ഘടകങ്ങൾ കൂട്ടിച്ചേർക്കുന്നു. അതിനെ കഥയെഴുത്തുകാരന്റെ പേനയുടെ മാന്ത്രികസ്പർശമെന്ന് വിളിക്കാം. ഈ സ്പർശമില്ലായിരുന്നുവെങ്കിൽ അദ്ദേഹത്തിന്റേത് വിരസമായ പത്രറിപ്പോർട്ടോ മറ്റോ ആയിത്തീർന്നേനെ. ഇപ്പോൾ അദ്ദേഹം വിചിത്രമായ കഥകൾ പറയുന്ന ഭാവനാശാലിയായ കഥാകാരനാണ്. യഥാർഥ മനുഷ്യർ ഏത് മികച്ച നോവലിലെയോ കഥയിലെയോ കഥാപാത്രങ്ങളെപ്പോലെ ജീവസ്സുറ്റവരാണ്. തന്റെ കഥാപാത്രങ്ങൾക്ക് യഥാർഥ സ്വഭാവം നൽകി അവരെ റിയലിസ്റ്റിക്കാക്കുന്ന കഥാരചനാതന്ത്രം പ്രയോഗിക്കുകയല്ല അദ്ദേഹം. മറിച്ച് യഥാർഥ മനുഷ്യെരയും യഥാർഥ ദേശങ്ങളെയും ഭാവനാ കൽപിതമാക്കുകയാണ് ചെയ്യുന്നത്. ഒരു കഥാകാരന്റെ റോൾ എഴുത്തുകാരൻ ഏറ്റെടുക്കുകയും മനുഷ്യർക്കും സ്ഥലങ്ങൾക്കും യഥാർഥ പേരുകൾക്ക് പകരം കൽപിത നാമങ്ങളിടുകയും ചെയ്യുന്നു. പരിമളിന്റെ കഥയിലെ പല മനുഷ്യരും യഥാർഥ മനുഷ്യരല്ല. ഒന്നോ അതിലേറെയോ ആളുകളെ കൂട്ടിച്ചേർത്ത് അദ്ദേഹം നിർമിച്ച കഥാപാത്രങ്ങളാണ്. അമിതാവ് രാധാ-റുക്കിയ, ഗൗരംഗാ-ദാ, ബി ഷു തുടങ്ങിയവർ ഒന്നല്ല, കുറേേപ്പരാണ്. അതേപോലെ ചില ദേശങ്ങളും പുസ്തകത്താളുകളിൽ മാത്രമേയുള്ളൂ. യാഥാർഥ്യത്തിന്റെയും ഭാവനയുടെയും അംശങ്ങൾ കൂട്ടിച്ചേർത്തു സൃഷ്ടിച്ച ഈ ലോകം പക്ഷേ യഥാർഥംതന്നെ ('നഗരമേ നന്ദി' എന്ന ചിത്രത്തിനുവേണ്ടിയെഴുതിയ ഒരു പാട്ടിൽ 'താന്നിയൂരമ്പലത്തിൽ കഴകക്കാരനെപ്പോലെ' എന്ന് പി. ഭാസ്കരൻ എഴുതുന്നുണ്ട്. വാസ്തവത്തിൽ താന്നിയൂർ എന്നൊരു സ്ഥലമോ അവിടെയൊരു കഴകക്കാരനോ ഇല്ല. പക്ഷേ, മഞ്ഞണിപ്പൂനിലാവ് മഞ്ഞളരച്ചുവെച്ച് നീരാടാനിറങ്ങുന്ന നിളാനദീ പരിസരങ്ങളിലെവിടെയും അങ്ങനെയൊരു ദേശമുണ്ടാവാം. അതുപോലെ).
ബംഗാളിലെ ൈപ്രമറി സ്കൂളുകളിൽ ഒന്നാം ക്ലാസിൽ ചേരുന്ന പത്തു കുട്ടികളിൽ എട്ടുപേരും സെക്കൻഡറി ക്ലാസുകളിലെത്തുന്നതിനു മുമ്പു തന്നെ കൊഴിഞ്ഞുപോകുന്നു എന്ന പത്ര റിപ്പോർട്ടാണ് പരിമൾ ഭട്ടാചാര്യയെ അതിനെക്കുറിച്ചുള്ള ഒരു പഠനത്തിലേക്ക് നയിച്ചത്. ഈ കുട്ടികൾ എങ്ങോട്ടു പോകുന്നു? ഈ ആകാംക്ഷ കൊഴിഞ്ഞുപോകുന്ന കുട്ടികളെക്കുറിച്ചുള്ള യു.ജി.സി ഗവേഷണത്തിലേക്കും അതുവഴി ഗ്രാമീണ ബംഗാളിലേക്കുള്ള യാത്രകളിലേക്കും അദ്ദേഹത്തെ എത്തിക്കുന്നു. ദക്ഷിണ ബംഗാളിലും ഒഡിഷയുടെ കിഴക്കുഭാഗത്തുള്ള ഗോത്രവർഗ മേഖലകളിലും അദ്ദേഹം കണ്ടത് കൂടുതൽ അറിയുന്തോറും കൂടുതൽ സങ്കീർണമായി വരുന്ന ഒരു ലോകമാണ്. ഒടുവിൽ അദ്ദേഹം റിസർച് ഉപേക്ഷിച്ചു. പക്ഷേ, ഒരു പതിറ്റാണ്ടുകാലം നീണ്ടുനിന്ന നിരന്തര യാത്രകളിലൂടെ കൂടുതൽ ഭൂതലസ്പർശിയായ അന്വേഷണങ്ങളിൽ അദ്ദേഹമെത്തി. അതിന്റെ ഫലമാണ് നാമറിയാത്ത ബംഗാളിനെക്കുറിച്ചുള്ള ഈ പുസ്തകം.
ബംഗാളിലെ ഡെൽറ്റകളിൽ ഫലപുഷ്ടമായ എക്കൽമണ്ണടിയുന്നത് വെള്ളപ്പൊക്കം വഴിയാണ്. പക്ഷേ, തുടർച്ചയായ ചുഴലിക്കാറ്റുകളും കാലാവസ്ഥാ വ്യതിയാനംമൂലമുണ്ടായ പ്രകൃതിയുടെ താളംതെറ്റലും അഭയാർഥി പ്രവാഹവും കോർപറേറ്റ് താൽപര്യങ്ങളുമൊക്കെ കൂടി ചേർന്നപ്പോൾ ഈ ഡെൽറ്റകൾ തകർന്നടിഞ്ഞു. കൃഷിയും മീൻപിടിത്തവും പേരിനു മാത്രമായി. തുടർച്ചയായ കമ്യൂണിസ്റ്റ് ഭരണം അവിടെ സുസ്ഥിര വികസനത്തിനു വേണ്ട ഉപാധികളൊരുക്കുന്നതിൽ പരാജയപ്പെടുകയായിരുന്നു. വോട്ടുബാങ്കു നിക്ഷേപമുറപ്പിക്കുന്നതിനുവേണ്ടി, സർക്കാർ ക്ഷേമപദ്ധതികളെ മാത്രം ആശ്രയിക്കുന്ന പാർട്ടി ഗ്രാമങ്ങൾ പടുത്തുയർത്തപ്പെട്ടു. നിരാശ്രയരായ ഈ ജനതക്ക് വേറെ അഭയമില്ലായിരുന്നു. ക്രമേണ അവർ അന്നംതേടി മറ്റിടങ്ങളിലേക്ക് കുടിയേറാൻ തുടങ്ങി. കമ്യൂണിസം മാത്രമല്ല അവിടെ തകർന്നു പോയത്, ബംഗാൾ ഒന്നടങ്കമാണ്. ബാഹ്യലോകത്ത് ബംഗാൾ പ്രതിഫലിപ്പിക്കുന്നത് മറ്റൊരു ബംഗാളിനെയാണ്. എഴുപതുകളിലെ സിനിമയിലും സാഹിത്യത്തിലും നിറഞ്ഞുനിന്ന തൊഴിലില്ലായ്മയിൽനിന്നും മോഹഭംഗങ്ങളിൽനിന്നുമൊക്കെ അടിസ്ഥാനപരമായി വ്യത്യസ്തമാണ് ഈ തകർച്ച. എജുക്കേറ്റഡ് അർബൻ ക്ലാസ് എന്ന് വ്യവഹരിക്കപ്പെടുന്ന ഭദ്രലോകിന്റെ ബംഗാൾ ഒന്ന്. പരിമൾ ഭട്ടാചാര്യ തേടിയെത്തുന്ന ബോട്ടോ ലോഗിന്റെ ബംഗാൾ വേറെയൊന്ന്.
കഥയെഴുത്തിന്റെ രചനാസങ്കേതങ്ങളെയാണ് പരിമൾ ഭട്ടാചാര്യ പിന്തുടരുന്നത്. പക്ഷേ ഇതു കഥയല്ല ജീവിതം തന്നെ. ഭദ്രലോക മൂല്യങ്ങളെ നെഞ്ചോട് ചേർത്തുപിടിക്കുന്ന സ്വന്തം മായെ പരിചരിക്കുന്ന നാമശൂദ്ര വിഭാഗത്തിൽപെട്ട ഭാരതിയുടെ ഓർമകളിൽനിന്നാരംഭിക്കുന്നു കഥ, അഥവാ ജീവിതം. ഭാരതി അഭയാർഥിനി ആയിരുന്നു. പേര് അൽപന: കിഴക്കൻ ബംഗാളിൽനിന്ന് ഇന്ത്യയിലേക്ക് കുടിയേറിയ ദശലക്ഷക്കണക്കിന് ആളുകളിലൊരാൾ. ഭാരതത്തിലെത്തിയപ്പോൾ അൽപന ഭാരതിയായി. ചരിത്രത്തിലില്ലാത്ത ഇത്തരക്കാരെത്തേടിയും ഇവരോടൊപ്പവുമാണ് പരിമളിന്റെ യാത്ര. നബദ്വീപിലെ ഹരിഷ് പൂർ ബാലികാ വിദ്യാലയം വെള്ളപ്പൊക്കം തകർത്തുകളഞ്ഞ ഒരു ദേശത്തിലെ അധഃസ്ഥിതരുടെ ജീവിതദൈന്യതകൾ വെളിപ്പെടുത്തുന്നു. േഡ്രാപ്ഔട്ടുകളെ തേടിയെത്തുന്ന ഒരു ഘട്ടത്തിലെപ്പോഴോ ഗ്രന്ഥകാരൻ ചെന്നെത്തുന്നത് കേജുർദഹാ ഉച്ചമാധ്യമിക് വിദ്യാപീഠത്തിൽ പത്താം ക്ലാസിൽ പഠിക്കുന്ന റഫീഖുൽ ഇസ്ലാമിന്റെ വീട്ടിൽ. ഒരു മാസമായി ക്ലാസിലെത്താത്ത അവന്റെ വീട്ടിലെത്തുമ്പോൾ പിതാവിനോടൊപ്പം പനഞ്ചക്കരയുണ്ടാക്കുകയാണ് കുട്ടി. സംക്രാന്തിയുത്സവം വരെ അവൻ സ്കൂളിൽ വരില്ലെന്ന് പിതാവ് ഉഷിയാർ അലി. അപ്പോഴാണ് അധ്യാപകനായ ആനന്ദ റോയ് പറയുന്നത്, ഈ കുട്ടികൾ സ്കൂളിൽ വരുന്നത് പഠിക്കാനല്ല ഒരു നേരത്തെ ആഹാരത്തിനാണെന്ന്. പഠനം പൂർത്തിയാക്കുകയോ പരീക്ഷയെഴുതുകയോ ചെയ്യാതെ അവർ തൊഴിൽ തേടി അന്യദേശങ്ങളിലലയുന്നു. ആഗോളതലത്തിലുണ്ടാവുന്ന ചലനങ്ങൾ ഗ്രാമ്യമേഖലകളെയും സ്വാധീനിക്കുന്നു. അവിടെ മസ്ജിദുകളും ക്ഷേത്രങ്ങളും സജീവമാകുന്നു. തിലകക്കുറിയും പർദയും വ്യാപകമാവുന്നു. ബാങ്കുവിളിയും ഹനുമാൻ ചാലിസയും ഹിംസാത്മകമാവുന്നു. അവയെ പ്രതിരോധിക്കാൻ കെൽപുള്ള ആധുനിക വിദ്യാഭ്യാസത്തിലധിഷ്ഠിതമായ മാനവികതയുടെ അഭാവത്തിലേക്കാണ് നേരിട്ടല്ലെങ്കിലും ഗ്രകാരന്റെ വിരൽ ചൂണ്ടൽ.
ഭദ്രലോക ബംഗാളിൽനിന്ന് ഏറെയൊന്നും അകലെയല്ല ബോട്ടോ ലോക ബംഗാൾ. ശാന്തിനികേതനിൽനിന്ന് നാൽപതു കിലോമീറ്റർ മാത്രമേയുള്ളൂ ജയദേവ കവിയുടെ ജന്മഗ്രാമത്തിലേക്ക്. അജയ നദീ തീരത്തുള്ള ജയദേവ കേന്ദു ലി. കൊല്ലംതോറും മകരസംക്രാന്തി ദിവസം ബംഗ്ലാദേശിൽനിന്നുള്ളവരടക്കം ബംഗാൾ ഡെൽറ്റയിൽനിന്നുള്ള സകല ബാവുൽ ഗായകരും അവിടെ എത്തിച്ചേരുന്നു. തൊട്ടടുത്താണ് ഗൗരംഗാ ബൗരിയുടെ ഗ്രാമം. ചതുപ്പിൽനിന്ന് ഗൗരംഗാ സ്വന്തം കൈകൊണ്ട് പടുത്തുയർത്തിയ ഗ്രാമമാണത്. തികച്ചുമൊരു പാർട്ടിഗ്രാമം. ഉടനീളം ചുവപ്പ്. പരിമളും സ്നേഹിതൻ അമിതാവും ഗ്രാമത്തിൽ എത്തിയപ്പോൾ അപരിചിതരാരാണെന്നറിയാൻ ലോക്കൽ കമ്മിറ്റിക്കാർ. ഗണശക്തിയല്ലാതെ മറ്റൊരു പത്രവും ഗ്രാമത്തിലേക്ക് കടത്തിക്കൂടാ. പാർട്ടിയാപ്പീസ് കേന്ദ്രമാക്കി എല്ലാ ദിശകളിലേക്കും പടർന്നു കിടക്കുന്ന ഒരു ചിലന്തിവലയുടെ സാന്നിധ്യം ഗ്രന്ഥകാരൻ തിരിച്ചറിയുന്നു. എന്നാൽ, ഇതേ ഗ്രാമത്തിൽ വെച്ചുതന്നെയാണ് അഞ്ചു കൊല്ലത്തിനുശേഷം ഗൗരംഗാദാ എന്ന ചോദ്യം ചെയ്യപ്പെടാത്ത പാർട്ടി നേതാവിന്ന് വെട്ടേൽക്കുന്നതും വീടു ചുട്ടെരിക്കപ്പെടുന്നതും. അതും നിറം മാറിയ സ്വന്തം പാർട്ടിക്കാരാൽ. ബംഗാൾ ഗ്രാമങ്ങളിൽ സംഭവിച്ച ഈ മാറ്റത്തെപ്പറ്റി ഗ്രന്ഥകാരൻ കൂടുതൽ വാചാലനാവുന്നില്ല. പക്ഷേ ഈ പുസ്തകത്തിന്റെ അന്തർധാരയായി അതുണ്ട്.
സുന്ദർബൻ ഒരു മാന്തികലോകമാണ്. എന്നു മാത്രമല്ല തകർന്നുകൊണ്ടിരിക്കുന്ന എല്ലാറ്റിന്റെയും മെറ്റഫർ കൂടിയാണത്. ലോകത്തിലെ ഏറ്റവും വലിയ കടുവയുടെ ആവാസസ്ഥാനമായ സുന്ദർബനിൽ ജീവിതം കരുപ്പിടിപ്പിച്ചത് വിഭജനാനന്തരം എത്തിച്ചേർന്ന അഭയാർഥികളാണ്. 1971ലെ ബംഗ്ലാദേശ് യുദ്ധവും അവിടത്തെ ജീവിതത്തെ പിടിച്ചുലച്ചു. ഒട്ടേറെ രാഷ്ട്രീയ വിക്ഷുത്മതകൾക്ക് ഈ മേഖല വിധേയമായി. വിഭജനം ബംഗാൾ ജനതയിൽ വലിയൊരുഭാഗത്തെ എത്തിച്ചത് മേധ്യന്ത്യയിലെ ദണ്ഡകാരണ്യത്തിലെ വനഭൂമികളിലാണ്. കേന്ദ്ര ഗവൺമെന്റ് അവിടെ പെർമനന്റ് ലയബിലിറ്റി ക്യാമ്പുകൾ സ്ഥാപിച്ചു. അഭയാർഥികൾ ഈ മേഖലകളിൽ കഠിനാധ്വാനത്തിലൂടെ ജീവിതം കരുപ്പിടിപ്പിച്ചു. ഈ പ്രക്രിയയിൽ നിരവധിപേർ ജീവിതം ബലിയർപ്പിച്ചു. 1971ലെ ബംഗ്ലാദേശ് രൂപവത്കരണം പുതുതായി ഒരു അഭയാർഥി സമൂഹത്തെ വീണ്ടും അവിടെയെത്തിച്ചു. പക്ഷേ അവിടം തങ്ങളുടെ വീടായി കരുതാൻ അവർക്ക് സാധിച്ചിരുന്നില്ല. ബംഗാളിന്റെ വിളി അവരുടെ സിരകളിലുണ്ടായിരുന്നു. ഈ സമയത്ത് അതായത് എഴുപതുകളുടെ രണ്ടാം പാതിയിലാണ് കമ്യൂണിസ്റ്റ് പാർട്ടി ബംഗാളിൽ ശക്തിയാർജിക്കുന്നത്. ഗൃഹാതുരത്വം പേറുന്ന അഭയാർഥികളെ അവർ സംഘടിപ്പിച്ചു. 1977ൽ ഇടതുമുന്നണി പശ്ചിമബംഗാളിൽ അധികാരത്തിലേറിയതിന്റെ പിറ്റേക്കൊല്ലം അഭയാർഥികൾ ആയിരക്കണക്കായി മധ്യേന്ത്യയിലെ കാടിറങ്ങി സുന്ദർബനിലെത്തുകയും ലോകത്തിലെ ഏറ്റവും വലിയ കണ്ടൽമേഖലയായ അവിടെയുള്ള മാരിച്ജാപി ദ്വീപിൽ ആവാസമുറപ്പിക്കുകയും ചെയ്തു. ഇടതുമുന്നണിയുടെ ശക്തികേന്ദ്രമായി അവിടം മാറി. പക്ഷേ അതിനിടയിൽ ഒരു കാര്യം സംഭവിച്ചു. കേന്ദ്രഗവൺമെന്റ് സുന്ദർബൻസിനെ ബംഗാൾ കടുവകളെ സംരക്ഷിക്കാനുള്ള സംരക്ഷിതപ്രദേശമായി പ്രഖ്യാപിച്ചു. അതോടെ അവിടം വിടാൻ ജനങ്ങൾ നിർബന്ധിതരായി. അതിനകം പാർട്ടി ഈ മേഖലയിൽ സ്വാധീനമുറപ്പിക്കുകയും പാർട്ടി തന്നെയാണ് ഗവൺമെന്റ് എന്ന അവസ്ഥയിലെത്തുകയും ചെയ്തിരുന്നു. പക്ഷേ കുടിയൊഴിഞ്ഞു പോകാനുള്ള ഗവൺമെന്റ് തീരുമാനം അംഗീകരിക്കാൻ ജനങ്ങൾക്കായില്ല. പാർട്ടിയും ഗവൺമെന്റും രണ്ട് തട്ടിലായി. ജനങ്ങൾ പാർട്ടിക്കെതിരാവുകയായിരുന്നു ഫലം. അതിഭീകരമായാണ് പശ്ചിമ ബംഗാളിലെ ഇടതു ഭരണകൂടം 1979ൽ മരിച്ജാപിയിലെ ജനങ്ങളെ കുടിയൊഴിപ്പിച്ചത്. വെടിവെപ്പിൽ നിരവധിപേർ മരിച്ചു. ശവങ്ങൾ വെള്ളക്കെട്ടിൽ ഒഴുകിനടന്നു. ബംഗാളിലെ ഇടതുമുന്നണിയുടെ തകർച്ചയുടെ തുടക്കം അവിടെ നിന്നാണെന്ന് ഈ കൃതി പറയാതെ പറയുന്നു.
ഗൗരിപൂരിൽ താൻ പഠിച്ച സ്കൂളിൽ ഒരു ചടങ്ങിൽ അതിഥിയായെത്തിയ അനുഭവത്തിന്റെ വിവരണത്തിലൂടെ ബംഗാളിനു സംഭവിച്ച മാറ്റത്തിന്റെ മറ്റൊരു ചിത്രം ഗ്രന്ഥകാരൻ വരച്ചുകാട്ടുന്നു. പഠനമികവിന് സമ്മാനം നേടിയ കുട്ടികളുടെ ജാതിപ്പേരുകളിൽനിന്ന് അദ്ദേഹം ഒരു കാര്യം മനസ്സിലാക്കി. എല്ലാവരും പിന്നാക്ക ജാതിക്കാർ, ന്യൂനപക്ഷങ്ങൾ. തന്റെ പഠനകാലത്ത് അതുണ്ടായിരുന്നില്ല. പക്ഷേ, സൂക്ഷ്മവിശകലനത്തിൽ അത് വെളിപ്പെടുത്തുന്നത് ഉയർന്ന ജാതിക്കാർ പ്രസ്തുത സ്കൂൾ ഉപേക്ഷിച്ച് നഗരത്തിലെ വരേണ്യ വിദ്യാലയങ്ങളിലേക്ക് ചേക്കേറിയിരിക്കുന്നു എന്നാണ്. പക്ഷേ സ്കൂളിന്റെ ഭരണം ഉയർന്ന ജാതിക്കാരിൽ തന്നെ. ഭദ്ര ലോക് തങ്ങളുടെ ജാതിയുടെ മൂല്യം രാഷ്ട്രീയാധികാരമാക്കി മാറ്റിയതായി പരിമൾ ഭട്ടാചാര്യ കണ്ടെത്തുന്നു. ഭദ്ര ലോകത്തിനു പുറത്തു വർത്തിക്കുന്ന ബംഗാളിനെ അതിന്റെ രാഷ്ട്രീയ സാമൂഹിക ബന്ധനങ്ങളിൽനിന്ന് വിമുക്തമാക്കാൻ രാജാറാം മോഹൻ േറായിക്കോ ഈശ്വർ ചന്ദ്ര വിദ്യാസാഗറിനോ ടാഗോറിനോ ഇടതുപക്ഷ പ്രത്യയശാസ്ത്രത്തിനോ പോലും സാധിച്ചിട്ടില്ല എന്നു ചുരുക്കം.
ബിഭൂതി ഭൂഷൺ നോവലും നോവലിനെ ആശ്രയിച്ചു സത്യജിത് റായി നിർമിച്ച സിനിമകളും ഈ പുസ്തകത്തിൽ ബംഗാളിലെ മറുലോകത്തിന്റെ സമാന്തരമായി നിറഞ്ഞു നിൽക്കുന്നുണ്ട്. അപുവിൽ തന്റെ തന്നെ പ്രതിഛായ കണ്ടെത്താൻ ഗ്രന്ഥകാരൻ ശ്രമിക്കുന്നു. പക്ഷേ ദുലാൽ കുമാർ മണ്ഡൽ എന്ന സഹപ്രവർത്തകനിലൂടെ അപുവിന്റെ എതിർ പ്രതിഛായയിലുള്ള ഒരാളെ പരിമൾ ഭട്ടാചാര്യ പരിചയപ്പെടുത്തുന്നു. സുന്ദർബൻ മേഖലയിൽനിന്ന് പഠിച്ചുയർന്ന ഒരാൾ. പക്ഷേ തന്റെ ബോട്ടോ ലോക പശ്ചാത്തലമുപേക്ഷിച്ചു ഭദ്രലോകത്തിന്റെ ഭാഗമാവാൻ കഴിയാത്ത ദുലാൽ ഈ കൃതിയുടെ രാഷ്ട്രീയം നിജപ്പെടുത്തുന്ന വ്യക്തിത്വമാണ്. അപു ഭദ്രലോകത്തിന്റെ പ്രതിനിധിയാണ്. പക്ഷേ ഒരിക്കലും അപുവാകാൻ കഴിയാത്ത ആളാണ് ദുലാൽ. ഈ സമാന്തരങ്ങൾക്കിടയിലുള്ള ദൂരം അതിമനോഹരമായ ആഖ്യാനത്തിലൂടെ അടയാളപ്പെടുത്തുന്നു എന്നതാണ് പരിമൾ ഭട്ടാചാര്യയുടെ ഈ കൃതിയുടെ സവിശേഷത. മികച്ചതും ഹൃദ്യവുമായ വായനാനുഭവം പ്രദാനം ചെയ്യുന്ന പുസ്തകമെന്ന് തീർച്ചയായും പറയാം