രാജ്യം എഴുതിയത്, ഇനി എഴുതുന്നത്
സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങളിൽ ഇവിടെ എന്തുതരം സാഹിത്യമാണ് എഴുതപ്പെട്ടത്? ഇനി എന്താവും സാഹിത്യത്തിന്റെ ഗതി? മലയാളത്തിലടക്കം എഴുതപ്പെട്ട രചനകളുടെ പൊതുധാരയെ വിലയിരുത്തുകയാണ് നിരൂപകൻകൂടിയായ ലേഖകൻ.
രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യത്തിലേക്കുള്ള ദുർഘടമായ പാതയെ വിവരിക്കലും സ്വാതന്ത്ര്യം നേടിയതിനു ശേഷമുള്ള അനുഭവമണ്ഡലത്തെ രേഖപ്പെടുത്തലും അധിനിവേശചരിത്രത്തിൽനിന്നും അധിനിവേശാനന്തര ചരിത്രത്തിലേക്കുള്ള പരിണാമം അടയാളപ്പെടുത്തലും ഇന്ത്യൻ സാഹിത്യത്തിന്റെ ബൃഹത്തായ ഇച്ഛാ പദ്ധതികളിൽപെടുന്നു. 1947ന് ശേഷം ഇന്ത്യൻ സാഹിത്യം, പോസ്റ്റ്കൊളോണിയൽ...
Your Subscription Supports Independent Journalism
View Plansരാഷ്ട്രത്തിന്റെ സ്വാതന്ത്ര്യത്തിലേക്കുള്ള ദുർഘടമായ പാതയെ വിവരിക്കലും സ്വാതന്ത്ര്യം നേടിയതിനു ശേഷമുള്ള അനുഭവമണ്ഡലത്തെ രേഖപ്പെടുത്തലും അധിനിവേശചരിത്രത്തിൽനിന്നും അധിനിവേശാനന്തര ചരിത്രത്തിലേക്കുള്ള പരിണാമം അടയാളപ്പെടുത്തലും ഇന്ത്യൻ സാഹിത്യത്തിന്റെ ബൃഹത്തായ ഇച്ഛാ പദ്ധതികളിൽപെടുന്നു. 1947ന് ശേഷം ഇന്ത്യൻ സാഹിത്യം, പോസ്റ്റ്കൊളോണിയൽ സന്ദർഭങ്ങളുടെ ആവിഷ്കരണമായും സാംസ്കാരിക സ്വരൂപം എന്നതിലുപരി രാഷ്ട്രീയധാരയിൽ മുഴുകുന്ന പ്രതിനിധാനരൂപമായും ലിംഗനീതിയുടെയും ജാതിബിംബങ്ങളുടെയും പ്രതിധ്വനിയായും വെളിപ്പെട്ടു. കഥകളും നോവലുകളും ഉൾപ്പെടുന്ന സാഹിത്യകൃതികളെക്കുറിച്ച് ആലോചിക്കുമ്പോൾ ഒന്നാമതായി പരിഗണിക്കേണ്ടത് അവയുടെ ഫിക്ഷനാലിറ്റിയാണ് എന്ന് വരുമ്പോഴും രാഷ്ട്രമെന്ന ഭൂമികയുടെ അനന്തമായ താൽപര്യങ്ങൾ കാണാതിരിക്കാൻ പറ്റില്ല. ചരിത്രവും സാംസ്കാരികബന്ധങ്ങളും ഭൂമിശാസ്ത്രപരമായ പ്രസക്തിയുമൊക്കെ അവയുടെ പഠനത്തിന്റെ സ്രോതസ്സുകളിൽപെടുത്താം. ഒരു പ്രത്യേക കാലയളവിൽ ഉരുത്തിരിയുന്ന സാഹിത്യകൃതികളുടെ രൂപവും ഭാവവും അക്കാലത്ത് മാറിമറിയുന്ന സാമൂഹിക-രാഷ്ട്രീയ സാഹചര്യത്തിന്റെ പ്രതിഫലനമായി പരിഗണിക്കാവുന്നതാണ്. സമൂഹത്തിന്റെ അടരുകളുടെ വിവിധതരം (ബദൽ) പതിപ്പുകൾ സർഗാത്മകമായി വികസിപ്പിക്കുക എന്ന വിശാലമായ ലക്ഷ്യത്തോട് സാഹിത്യം എത്രകണ്ട് നീതി പുലർത്തി എന്ന അന്വേഷണത്തിന് സാംഗത്യമുണ്ട്. ഭാഷ, സംസ്കാരം, ആചാരാനുഷ്ഠാനങ്ങൾ, ജാതി-മത-ലിംഗ സമവാക്യങ്ങൾ എന്നിങ്ങനെയുള്ള അതിരുകൾ നിലവിലുണ്ടെങ്കിലും അവയെ മറികടന്നുകൊണ്ടുള്ള ആശയവിനിമയത്തിന്റെ സാധ്യത ആരായുമ്പോഴാണ് സാഹിത്യം വേറിട്ട സഹൃദയത്വം പ്രദാനം ചെയ്യുന്നത്. നാനാപ്രകാരമായ സംസ്കാരവും ജീവിതശൈലിയും പുലർത്തുന്ന ഇന്ത്യ എന്ന രാജ്യത്ത് ഇപ്പറഞ്ഞതിനു സവിശേഷമായ പ്രാമുഖ്യമുണ്ട്. ഭാഷയുടെയും സംസ്കാരത്തിന്റെയും മിത്തുകളുടെയും അനുഭവചിത്രീകരണത്തിന്റെയും കരുത്താണ് സാഹിത്യത്തെ രസാനുഭവമാക്കി ത്തീർക്കുന്നത്. ഇന്ത്യയുടെ സ്ഥിതിയെടുക്കുകയാണെങ്കിൽ അധിനിവേശത്വത്തിന്റെ അടയാളങ്ങളെ മായ്ച്ചുകളയാൻ പ്രാദേശികഭാഷയിലൂടെ നടത്തിയ സൃഷ്ടിപരമായ വിപ്ലവം പരമപ്രധാനമാണ്. അധിനിവേശത്തിന്റെ അനന്തരഫലമെന്നോണം, അധികാരത്തിന്റെ പ്രത്യക്ഷവും പരോക്ഷവുമായ നയങ്ങളെ ചെറുത്തുനിൽക്കാൻ ഇന്ത്യൻ ചുറ്റുപാടിൽ സാഹിത്യം പ്രധാനമായും രൂപംകൊടുത്തത് നോവലുകൾക്കാണ്. കൊളോണിയലിസത്തിന്റെ സ്വാധീനത്തിൽ, പത്തൊമ്പതാം നൂറ്റാണ്ടിൽ നമ്മുടെ എഴുത്തുകാർ ഇംഗ്ലീഷിൽ എഴുതിയിരുന്നു. എന്നാൽ, പാശ്ചാത്യമായ എഴുത്തുരീതികളെ സ്വാംശീകരിച്ച യൂറോപ്യൻ സാഹിത്യത്തിന്റെ ചുവടുപിടിച്ചു പ്രാദേശിക ഭാഷകളിലും എഴുത്തുകളുണ്ടായി. ദേശീയത, വ്യവസായികവത്കരണം, മതേതരത്വം എന്നിവ വികസിപ്പിക്കുക എന്ന ലക്ഷ്യം വെച്ചുകൊണ്ട് ആധുനികത മുന്നേറിയപ്പോൾ സാഹിത്യവും ആസ്വാദനശൈലിയിൽ വിച്ഛേദമൊരുക്കുകയായിരുന്നു. അനവധി ജനസഞ്ചയങ്ങളും ഭാഷകളും നിലവിലുള്ള രാജ്യത്ത് പ്രാദേശികഭാഷകൾ സംവേദനത്വത്തിന് പരിധികൾ ഉരുവപ്പെടുത്തുന്നുണ്ട്. അത്തരമൊരു പരിതഃസ്ഥിതിയിൽ ഇംഗ്ലീഷ് ഭാഷയുടെ സൗകര്യവും ആനുകൂല്യവുമാണ് ഇന്ത്യൻ ഇംഗ്ലീഷ് കൃതികളുടെ പ്രചാരത്തിനു സഹായകമായിത്തീർന്നത്. സ്വാതന്ത്ര്യസമരത്തിന് ഊർജമേകുന്ന അടിപ്പടവായി പരിണമിച്ച സാഹിത്യകൃതികൾ നവോത്ഥാനമൂല്യങ്ങൾക്ക് പ്രേരകശക്തിയാവുന്ന ഉപകരണമെന്ന നിലയിൽ ഇന്ത്യയിൽ സ്ഥാനം പിടിച്ചു. സ്വാതന്ത്ര്യാനന്തരം ഇന്ത്യൻ സാഹിത്യം സഞ്ചരിച്ച വഴി രേഖപ്പെടുത്തുക എന്നത് അത്യന്തം ഗഹനവും ദുഷ്കരവുമായ കർമമാണ്. ആ സാഹസത്തിനല്ല ഇവിടെ മുതിരുന്നത്. ഇന്ത്യൻ പശ്ചാത്തലത്തിൽ, കഴിഞ്ഞ എഴുപത്തിയഞ്ച് വർഷത്തിലെ ചില സാഹിത്യകൃതികളെ പരാമർശിക്കുക വഴി ചരിത്രവും രാഷ്ട്രീയവും കാലവും സർഗാത്മകയിടങ്ങളിൽ എങ്ങനെ പ്രതിബിംബങ്ങളെ സൃഷ്ടിക്കുന്നു എന്ന അന്വേഷണം മാത്രമാണ് ഈ ലേഖനത്തിന്റെ ഉദ്ദേശ്യം.
രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി ബലികഴിക്കപ്പെട്ട എണ്ണമറ്റ മനുഷ്യരെയും ഇന്ത്യ-പാകിസ്താൻ വിഭജനത്തിന്റെ ബാക്കിപത്രമായി ജീവനും വീടും കിടപ്പാടവും നഷ്ടപ്പെട്ടവരെയും ഓർക്കാതെ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ച് വർഷങ്ങളെ പരാമർശിക്കാൻ പറ്റില്ല. തുടർന്നുള്ള ദശാബ്ദങ്ങളിൽ നടന്ന ചൈനയുമായും പാകിസ്താനുമായുമുള്ള യുദ്ധങ്ങളും തൊഴിലില്ലായ്മയും പട്ടിണിയും ക്ഷാമവും പൊതുസമൂഹത്തിന്റെ തൃപ്തിക്കുറവും സ്വാതന്ത്ര്യലബ്ധി തുറന്നത് സ്വപ്നസൗധത്തിന്റെ വാതിലുകളാണ് എന്ന പ്രതീതി തെറ്റാണെന്ന വികാരമാണ് ജനിപ്പിച്ചത്. അധികം വൈകാതെ, നൈരാശ്യവും അസ്വാസ്ഥ്യവും ജനമുന്നേറ്റങ്ങൾക്കും കർഷകർ, വിദ്യാർഥികൾ, തൊഴിലാളിവർഗങ്ങൾ എന്നിവരിൽനിന്നുള്ള പ്രക്ഷോഭങ്ങൾക്കും വഴിതെളിച്ചു. സ്വന്തം അഭിരുചികൾ സംരക്ഷിക്കാനും രാഷ്ട്രീയലക്ഷ്യങ്ങൾക്കും വേണ്ടി 1970കളിൽ ആഭ്യന്തര അടിയന്തരാവസ്ഥ നടപ്പാക്കിയ ഇന്ദിര ഗാന്ധി രാഷ്ട്രത്തിന്റെ പ്രതീക്ഷകൾക്കുമേൽ കരിനിഴൽ വീശുകയായിരുന്നു. ആഗോളീകരണവും ഉദാരവത്കരണവും 1990കൾക്കു ശേഷം വിപണിയുടെ പരശ്ശതം സാധ്യതകളെ അനാവരണം ചെയ്യുകയും രാജ്യം മറ്റൊരു ദിശയിലേക്ക് നീങ്ങുകയും ചെയ്തു. എങ്കിലും വർഗീയതയുടെയും ഫാഷിസത്തിന്റെയും ശക്തികൾ കൂടുതൽ കരുത്തോടെ പൊതുസമൂഹത്തിൽ പിടിമുറുക്കി. വിഭാഗീയത, സ്ത്രീ-പുരുഷ-ട്രാൻസ്ജെൻഡർ സമവാക്യങ്ങൾ, ദലിത് കാഴ്ചപ്പാടുകൾ, മധ്യവർഗത്തിന്റെ പ്രസക്തി, സങ്കുചിതവും നിക്ഷിപ്തവുമായ രാഷ്ട്രീയ വീക്ഷണങ്ങൾ എന്നിവ പിന്നീടുള്ള കാലത്തിന്റെ അടയാളപ്പെടുത്തലാവുന്നു. ഈ സവിശേഷവും വ്യതിരിക്തവുമായ ഘട്ടങ്ങളെ സാഹിത്യത്തിന് അഭിമുഖീകരിക്കാതിരിക്കാനായില്ല. ആവിഷ്കാരസ്വാതന്ത്ര്യം ഡമോക്ലിസിന്റെ വാൾപോലെ തൂങ്ങിയാടുന്ന സന്ദർഭങ്ങൾ സാധാരണമായ ഒരു സ്ഥല-കാലത്തെ സാഹിത്യം സംബോധന ചെയ്യുന്നവിധം ഗൗരവതരമാണ്. രാഷ്ട്രം ഭ്രമാത്മകമെന്നു തോന്നുന്ന യാഥാർഥ്യത്തെ നേരിടുന്ന ദൃശ്യം ഫിക്ഷനെ വെല്ലുമെന്ന് ഉറപ്പായിക്കഴിഞ്ഞു.
സ്വാതന്ത്ര്യം, വിമോചനം എന്നീ ആശയങ്ങളിൽ അടിയുറച്ച ജനവിഭാഗത്തിന്റെ പ്രതീക്ഷകൾക്ക് വിരുദ്ധമായി വിഭജനവും അതേത്തുടർന്നുള്ള അനിയന്ത്രിതമായ ഹിംസയും പലായനവും സംഭവിച്ചു. 'രാഷ്ട്രം' എന്ന സങ്കൽപത്തിന്റെ അർഥവും വ്യാപ്തിയും മറ്റൊരു ദിശയിലേക്ക് ചലിക്കാൻ തുടങ്ങുകയായിരുന്നു. വ്യവസ്ഥാപിതമായ നിർവചനത്തിനു പുറത്തായി 'രാഷ്ട്രം' വിഭാവനം ചെയ്യുന്ന സാങ്കൽപികവും സർഗാത്മകവുമായ അധ്യായങ്ങളെ സാഹിത്യകൃതികൾ നോക്കിക്കാണാൻ ആരംഭിച്ചു. ടാഗോറും ബങ്കിംചന്ദ്ര ചാറ്റർജിയും പ്രേംചന്ദും സാവിത്രി റോയിയും രാജാറാമും സുബ്രമണ്യഭാരതിയും വള്ളത്തോളുമടടങ്ങിയ എഴുത്തുകാർ ദേശീയതയെ വീക്ഷിച്ച വിധത്തിലായിരുന്നില്ല പിൽക്കാല രാഷ്ട്രീയ ഇന്ത്യ രൂപപ്പെട്ടത്. ഭൂമിശാസ്ത്രപരമായ സങ്കൽപങ്ങൾ, ചരിത്രത്തിന്റെ മറുവായനകൾ, രാഷ്ട്രീയ മുന്നേറ്റങ്ങളുടെ ഭാവനാത്മകമായ ആഖ്യാനങ്ങൾ തുടങ്ങിയ അംശങ്ങൾക്ക് ഊന്നൽ നൽകുന്ന ഉത്പ്രേരകമായി സാഹിത്യം മാറി.
സ്വാതന്ത്ര്യലബ്ധിക്കു ശേഷം നടന്ന ദാരുണമായ സംഭവവികാസങ്ങൾ നേരിട്ടും അനുഭവിച്ചും പറഞ്ഞുകേട്ടും മനുഷ്യരുടെ ഓർമയെ പലതരത്തിൽ ജ്വലിപ്പിച്ചു. യഥാതഥമായ അനുഭവങ്ങൾ, വ്യക്തിയധിഷ്ഠിതമായ പരിസരങ്ങൾ എന്നീ സംഘർഷമണ്ഡലങ്ങൾ എഴുത്തുകളായി ഉരുവംകൊണ്ടു. അധിനിവേശത്തിന്റെ ഭൂതങ്ങളെ ഉച്ചാടനം ചെയ്യാമെന്ന വിശ്വാസം എന്നാൽ വിഭജനം എന്ന ദുരന്തത്തിന് കാരണമാകുമെന്ന ചിന്ത എത്രത്തോളം പേരിൽ ഉണ്ടായിരുന്നു എന്നറിയില്ല. ഇന്ത്യൻ ഭാഷകളിൽ വിഭജനത്തെ ആസ്പദമാക്കി എഴുതപ്പെട്ടിട്ടുള്ള അനവധി നോവലുകളിൽ ഖുർറത്തുൽ ഐൻ-ഹൈദറിന്റെ 'ആഗ് കാ ദര്യ' (അഗ്നിയുടെ നദി), സാദത്ത് ഹസൻ മാന്റോയുടെ ചെറുകഥകൾ, ഉർദു ഭാഷയിലെ മറ്റ് നിരവധി രചനകൾ എന്നിവ ശ്രദ്ധേയമാണ്. പഞ്ചാബിയിലെയും ഹിന്ദിയിലെയും എഴുത്തുകാരാവും വിഭജനമെന്ന പ്രമേയം മുൻനിർത്തി ധാരാളം എഴുതിയിട്ടുള്ളത്. അമൃത പ്രീതം, യശ്പാൽ, ഭീഷ്മ സാഹ്നി, സോഹൻ സിങ് സിതാൽ, റാഹി മസൂം റാസ, കമലേശ്വർ, ശംശേർ സിങ് നരുല തുടങ്ങിയവരൊക്കെ വിഭജനമെന്ന പ്രമേയം പ്രാധാന്യത്തോടെ കൈകാര്യം ചെയ്തവരായിരുന്നു. മലയാളത്തിൽ ഐ.കെ.കെ.എം എഴുതിയ 'പലായനം' ഈ വിഷയത്തെ അടിസ്ഥാനപ്പെടുത്തിയ ശക്തമായ നോവലാണ്. അഭയാർഥികളുടെയും കുടിയേറ്റക്കാരുടെയും സങ്കീർണമായ സമസ്യകളെ സത്യസന്ധമായി പുനഃസൃഷ്ടിക്കുക എന്ന ലക്ഷ്യം സാഹിത്യത്തിനുണ്ടാകുന്നതു വഴി കരുത്തുറ്റ സംവാദയിടങ്ങളും ആഖ്യാനപരിസരങ്ങളും രൂപപ്പെടുത്താൻ സാഹിത്യത്തിന് സാധിക്കുമെന്ന് വ്യക്തമാണ്. പരമ്പരാഗത ഭൂപ്രകൃതിയെയും നിയതമായ ചുറ്റളവുകളുള്ള സ്ഥലങ്ങളെയും തള്ളിപ്പറഞ്ഞുകൊണ്ട് അപരിചിതമായ ഭൂവിടങ്ങളും വിസ്തൃതമായ അതിരുകളും രംഗത്തെത്തുകയാണ്. മനുഷ്യവ്യവഹാരങ്ങളുടെ കണക്കെടുപ്പും അസ്തിത്വവും അതിർത്തികളിലെ കാത്തിരിപ്പും അടയാളപ്പെടുത്തേണ്ട അനുഭവങ്ങളായിത്തീരുന്നു എന്ന തിരിച്ചറിവിൽ അഭയാർഥി/കുടിയേറ്റ സമൂഹം എത്തിച്ചേരുന്നുണ്ട്. സ്വരാജ്യത്തുനിന്ന്, വ്യക്തമായി നീതീകരിക്കാനാവാത്ത കാര്യകാരണങ്ങളില്ലാതെ സ്വത്വനിരാസം സംഭവിച്ച് പുറത്തുപോകേണ്ടിവരുന്ന ജനതയുടെ നിരാശയും വിങ്ങലുകളും പങ്കുവെക്കപ്പെടാനുള്ള ഇടമായി മേൽപറഞ്ഞ പുസ്തകങ്ങൾ പരിണമിക്കുന്നു. പഞ്ചാബിൽനിന്നുള്ള ഇരുപതോളം നോവലിസ്റ്റുകൾ വിഭജനത്തിന്റെ തിക്തതകളെ വായനക്കാർക്ക് മുന്നിലെത്തിച്ചു. സ്വദേശം തിരിച്ചുപിടിക്കാനുള്ള പോരാട്ടങ്ങളും സ്വദേശം നഷ്ടപ്പെടാതിരിക്കാനുള്ള പ്രതിരോധശ്രമങ്ങളും ഇതിനിടയിൽ മണ്ണ് നഷ്ടപ്പെട്ട, അതിർത്തികൾ ഭേദിക്കേണ്ടിവരുന്ന സാധാരണക്കാരുടെ വ്യഥകളും ഇടകലർന്ന ബൃഹദാഖ്യാനങ്ങളാണ് അഭയാർഥികൾക്ക് പറയാനുള്ളത്. സ്ഥലത്തിന്റെ ഉടമസ്ഥാവകാശവും മതത്തിന്റെ പ്രമാണിത്തവും സംസ്കാരത്തിന്റെ ഈടുവെപ്പും ഒക്കെ താക്കോൽവാക്കുകളാവുന്ന സമകാലത്തെ രാഷ്ട്രീയവ്യവസ്ഥകളിലേക്ക് സാഹിത്യപ്രമേയങ്ങൾ ഉറ്റുനോക്കുകയാണ്. ഹിന്ദി നോവലുകളായ 'ജൂഠാ സച്ചും', 'തമസ്സും' ഏറെ കേൾവികേട്ടതാണ്. ജൂഠാ സച്ചിന്റെ ആദ്യഭാഗം 1958ലും അതിന്റെ രണ്ടാം ഭാഗം 1960ലും പുസ്തകരൂപത്തിൽ പുറത്തിറങ്ങി. 1942 മുതൽ 1957 വരെയുള്ള 15 വർഷത്തെ കാലമാണ് നോവലിൽ പ്രതിപാദിക്കുന്നത്. തമസ്സ് 1973ലാണ് പ്രസിദ്ധീകരിച്ചത്. ഇതിന് 1975ൽ സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. വിഭജനത്തിന്റെ പശ്ചാത്തലത്തിൽ റാവൽപിണ്ടിയിലും പരിസരങ്ങളിലും 1947 മാർച്ച് ആദ്യവാരത്തിൽ നടന്ന വർഗീയ കലാപങ്ങളെയാണ് തമസ്സ് ചിത്രീകരിച്ചിരിക്കുന്നത്. ഭൂമിശാസ്ത്രപരമായ അതിരുകളെ സൃഷ്ടിച്ചുകൊണ്ട് രാജ്യത്തെ വിഭജിച്ചതോടെ ദേശീയസ്വത്വത്തിന് വ്യതിയാനമുണ്ടായി. പഞ്ചാബിലെയും കിഴക്കൻ പടിഞ്ഞാറെ ബംഗാളുകളിലെയും ജനങ്ങൾ കടന്നുപോയ ശാരീരികവും മാനസികവുമായ അല്ലലുകൾ പൊറുക്കത്തക്കതല്ല. ദേശം എന്നതിനെ തങ്ങൾ കാണുന്ന ചുറ്റുപാടുകളായി ഗണിച്ചുകൊണ്ട് സ്നേഹത്തോടെ കഴിഞ്ഞിരുന്ന ഹിന്ദു-മുസ്ലിം സമുദായത്തിലുള്ളവരുടെ മാറ്റം അവിശ്വസനീയമാണ്. വിഭജനത്തെ തുടർന്ന് അകപ്പെട്ടുപോകുന്ന മതസ്പർധയുടെ ഗർത്തത്തിൽ നിപതിക്കുന്നവരുടെ ചരിത്രമാണ് റാഹി മാസും രാസായുടെ 'ആധാഗാവും'.
ദേശം, ദേശീയത, പൗരത്വം മുതലായ സംവർഗങ്ങളിൽ സ്വാഭാവികമായും രാഷ്ട്രത്തിന്റെ യാഥാസ്ഥിതികമായ അതിർത്തികൾക്ക് പകരം ജാതിയുടെയും മതത്തിന്റെയും അധികാരത്തിന്റെയും വേലിക്കെട്ടുകൾ പുതിയ രേഖകൾ വരച്ചു. ബഹുസ്വരമായ ആശയങ്ങൾ ആഖ്യാനത്തിലേക്ക് സന്നിവേശിപ്പിക്കാനും ബഹുമാനങ്ങളുള്ള പ്രതിപാദ്യവിഷയങ്ങൾ സംബോധന ചെയ്യാനുമായി നോവലിന്റെ തുറസ്സുകളെ ആശ്രയിക്കുന്ന രീതിക്ക് പ്രചാരം വരുകയായിരുന്നു. ലാവണ്യാത്മകമായ ചേരുവകളെ ഇതിലേക്ക് സന്നിവേശിപ്പിക്കാനും എഴുത്തുകാർ ശ്രദ്ധിച്ചു. സ്വാതന്ത്ര്യപ്രസ്ഥാനം, മാപ്പിളലഹള, ജന്മിത്തത്തിന്റെ വ്യവഹാരങ്ങൾ, ജന്മിത്തവ്യവസ്ഥ, രണ്ടാം ലോകയുദ്ധം എന്നീ അംശങ്ങളെ ആധാരമാക്കിയാണ് ഉറൂബ് 'സുന്ദരികളും സുന്ദരന്മാരും' എന്ന നോവൽ വാർത്തെടുത്തിരിക്കുന്നത്. സ്വാതന്ത്ര്യാനന്തര ഇന്ത്യൻ സാഹിത്യം പോസ്റ്റ്കൊളോണിയൽ ചേരുവകളെ ചേർത്തുപിടിച്ചുകൊണ്ട്, മാറുന്ന ലോകത്തിന്റെ അന്തർധാരകളെയും അന്തഃസംഘർഷങ്ങളെയും അടയാളപ്പെടുത്തി. ഇന്ത്യ എന്ന 'ആശയം' നോവലിന്റെ മൂലധാതുവും കേന്ദ്രവുമാവുന്നതിന്റെ ദൃഷ്ടാന്തമായി ആഖ്യാനങ്ങൾ രൂപപ്പെടുകയായിരുന്നു. ഇന്ത്യ സ്വതന്ത്രമായ അതേ നിമിഷത്തിൽ ജനിച്ച സലീം സിനായിയാണ് സൽമാൻ റുഷ്ദിയുടെ 'Midnight's Children'ലെ ആഖ്യാതാവ് എന്ന് വരുമ്പോൾ ഇന്ത്യ എന്ന ആശയത്തിന്റെ പ്രാധാന്യം വ്യക്തമാണ്. വ്യത്യസ്തമായ രാഷ്ട്രീയ-സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങളെ കൃതികളിലേക്ക് അവതരിപ്പിക്കുമ്പോൾ പാലിക്കേണ്ടതായ ചിട്ടവട്ടങ്ങളെ കുറിച്ചുള്ള അവബോധം എഴുത്തുകാരിൽ വികസിച്ചു. 1938ൽ പ്രസിദ്ധീകരിച്ച 'കാന്തപുര' എന്ന രാജാറാവുവിന്റെ പ്രശസ്തമായ നോവലിൽ സ്വാതന്ത്ര്യവും ഗാന്ധിജിയുടെ ആശയങ്ങളും സാമൂഹിക തിന്മകളും ജാതി-വർഗ അന്തരവും വിഷയങ്ങളായി. അതിൽനിന്ന് വിഭിന്നമായി ഇരുപത്തിരണ്ടു വർഷത്തിനുശേഷം അദ്ദേഹം എഴുതിയ നോവലാണ് 'The Serpent and the Rope'. ഭാരതീയമായ ദർശനവിചാരവും തത്ത്വചിന്തയും മനഃശാസ്ത്രവും ഇടകലർന്നുള്ള ആഖ്യാനരീതിയാണ് ഈ നോവലിൽ അദ്ദേഹം പരീക്ഷിച്ചത്. ആത്മകഥാരൂപത്തിൽ മുന്നോട്ടുപോകുന്ന നോവലിൽ, വിദ്യാഭ്യാസത്തിനായി പാരിസിൽ എത്തുന്ന രാമസ്വാമി എന്ന കഥാപാത്രത്തിന്റെ ജീവിതമാണ് വിവരിക്കുന്നത്. ഒരു ഫ്രഞ്ച് വനിതയെ വിവാഹംചെയ്ത അയാളുടെ ദാമ്പത്യ ജീവിതത്തിലെ അസ്വാരസ്യങ്ങളും സാവിത്രിഎന്ന സ്ത്രീ അയാളുടെ മനസ്സിൽ ഇടംപിടിക്കുന്നതും ബന്ധങ്ങൾ ശിഥിലമാവുന്നതും ഒക്കെയാണ് ആഖ്യാനത്തിന്റെ പ്രമേയപരിസരം. ഒടുവിൽ എല്ലാം വിധിക്ക് വിട്ടുകൊടുത്തുകൊണ്ട് സംഭവിച്ചതിനെ ഉൾക്കൊള്ളാൻ അയാൾ സ്വയം പാകപ്പെടുകയാണ്. ആഖ്യാനകത്തിൽ സ്വീകരിച്ചിട്ടുള്ള വിവിധ പ്രമേയങ്ങളുടെ പ്രാധാന്യമാണ് The Serpent and The Ropeനെ പ്രസക്തമാക്കുന്നത്. കുടിയേറ്റത്തിന്റെ പ്രശ്നങ്ങൾ വ്യക്തിപരമായ ജീവിതത്തെ തകർക്കുന്നത് എങ്ങനെയെന്ന ചോദ്യത്തെ ഗൗരവമായി സംബോധനചെയ്ത ഇന്ത്യയിലെ ആദ്യകാല നോവലുകളിലൊന്നുകൂടിയാണ് ഇത്.
ഉന്നതവിദ്യാഭ്യാസം, മെച്ചപ്പെട്ട ജീവിതസാധ്യതകൾ, തൊഴിലന്വേഷണം, വിവാഹം എന്നിങ്ങനെയുള്ള രാഷ്ട്രീയവും സാമ്പത്തികവുമായ പല കാരണങ്ങൾകൊണ്ട് കുടിയേറ്റം നടന്നിട്ടുണ്ട്. യാഥാസ്ഥിതികമായ ആവാസയിടങ്ങളെയും നിയതമായ ചുറ്റളവുകളുള്ള ദിക്കുകളെയും തള്ളിപ്പറയേണ്ട സ്ഥിതി ഉരുണ്ടുകൂടുകയായിരുന്നു. മനുഷ്യവ്യവഹാരങ്ങളുടെ കണക്കെടുപ്പും അസ്തിത്വവും അതിർത്തികളിലെ കാത്തിരിപ്പും അടയാളപ്പെടുത്തേണ്ട അനുഭവങ്ങളായിത്തീരുന്നു എന്ന തിരിച്ചറിവിൽ അഭയാർഥി/കുടിയേറ്റ സമൂഹം എത്തിച്ചേരുകയാണ്. കുടിയേറിപ്പാർത്ത ഇന്ത്യൻ സമൂഹം പ്രകടമാക്കിയ പൊരുത്തപ്പെടലാണ് ഇവിടെ ചർച്ചാവിഷയമാവുന്നത്. വൈയക്തിക വ്യഥകൾ, സന്ദേഹങ്ങൾ, അസ്തിത്വദുഃഖങ്ങൾ എന്നിവയും അലോസരപ്പെടുത്തുന്ന ഘടകങ്ങളായി ആഖ്യാനത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. അന്യവത്കരണത്തിന്റെ അസ്വാസ്ഥ്യങ്ങൾ ഇന്ത്യൻ ജനതയെ ബാധിക്കുന്നതിന്റെ ദൃഷ്ടാന്തം ആനന്ദിന്റെ 'ആൾക്കൂട്ട'ത്തിൽ നാം കണ്ടു. 'അകത്തു ശൂന്യവും പുറത്തു ശബ്ദായമാനവുമായ ഒരു ലോക'ത്തെയാണ് 'ആൾക്കൂട്ട'ത്തിൽ ആനന്ദ് രൂപകൽപന ചെയ്തിരിക്കുന്നത്.
രാഷ്ട്രീയലക്ഷ്യങ്ങളെ ആധാരമാക്കിയുള്ള ഉപകരണങ്ങളായി ജാതിയും മതവും പരിണമിക്കുന്നത് അസാധാരണമോ അപൂർവമോ ആയി സമകാലത്ത് കാണാനാവില്ല. എന്നാൽ ജാതി, മതം, ഭാഷ എന്നിങ്ങനെയുള്ള വർഗീകരണങ്ങൾ മൂലം മനുഷ്യർക്ക് സ്ഥാനചലനം സംഭവിക്കുകയാണ്. ഇങ്ങനെയുള്ള മനുഷ്യരുടെ സ്ഥാനാന്തരത്തിന്റെ ബൃഹദ്കഥയാണ് പ്രശസ്ത ബംഗാളി എഴുത്തുകാരൻ സുനിൽ ഗംഗോപാധ്യായയുടെ 'പൂർബൊ-പശ്ചിം' എന്ന നോവൽ (East West). ഒരു ദേശത്തെ വിഭജിച്ചു രണ്ടു രാജ്യങ്ങളുടെ അതിരുകളിലേക്ക് പങ്കുവെക്കുന്നത് ജനതയോട് സമ്മതം ചോദിച്ചിട്ടായിരുന്നില്ല. ദുരിതങ്ങളും അലച്ചിലുകളും കൊടുത്തുകൊണ്ട് സ്വാതന്ത്ര്യത്തെ ദൗർഭാഗ്യകരമാക്കിത്തീർക്കുക എന്നതാണ് ഇതുകൊണ്ട് സംഭവിച്ചത്. മറ്റാരുടെയോ തീരുമാനങ്ങൾക്കനുസൃതമായി ഒരു സമൂഹം പ്രയാസപ്പെടുന്നതിന്റെ കാഴ്ചയാണ് വിഭജനാനന്തര ബംഗാൾ പകർന്നുതരുന്നത്. 2020ൽ പ്രസിദ്ധീകരിച്ച ഭാസ്വതി ഘോഷിന്റെ 'Victor Colony:1950' എന്ന നോവലിലെ സ്ഥിതിയും വിഭിന്നമല്ല.
മടങ്ങിവരവിനുള്ള സാധ്യതകൾ തീരെ കുറവാണെന്നു തീർച്ചപ്പെടുത്തിയിട്ടുള്ള യാത്രയിൽ ജന്മനാടിനോടുള്ള ഗാഢബന്ധം കാന്തികശക്തിയാൽ പിടിച്ചുവലിക്കപ്പെടുന്നതു പോലെ അനുഭവപ്പെടും. പുറംകാഴ്ചകൾ അപ്രസക്തമാവുകയും അകമേനിന്നുള്ള ദൃശ്യങ്ങൾ കൊരുത്തിവലിക്കുകയും ചെയ്യുകയാണ് ഇവിടെ സംഭവിക്കുന്നത്. ഓർമകളായി ഭാവിയിലേക്ക് പെയ്തിറങ്ങുന്നതിനും കൊടുംവേനലായി തളർത്തുന്നതിനും മാത്രമേ ഭൂതകാലം ഉരുവപ്പെടുകയുള്ളൂ എന്ന വ്യവസ്ഥിതി സംജാതമാവുകയാണ്. സംഘർഷങ്ങളും ഭീതിദ സന്ദർഭങ്ങളുംെകാണ്ട് തീ പിടിപ്പിച്ച നാളുകളെ ഓർമയിൽനിന്ന് കെടുത്തിക്കളയാൻ അഭയാർഥികൾക്ക് സാധിക്കില്ലല്ലോ. ഭൂമിശാസ്ത്രപരവും സാംസ്കാരികവുമായുള്ള അന്തരങ്ങളെക്കാൾ തങ്ങൾ അഭിമുഖീകരിക്കുന്ന സാഹചര്യങ്ങൾ സമാനമാവുന്ന അവസ്ഥാവിശേഷമാണ് അവർക്ക് പറയാനുള്ളത്. കാതങ്ങളോളം നടന്നിട്ടും ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാത്ത ദൃശ്യങ്ങൾ ദുഃസ്വപ്നങ്ങളുടെ രൂപത്തിൽ അവർ കാണുന്നുണ്ടാകും. മുന്നേ നീങ്ങിയവരെ പിന്തുടർന്നുകൊണ്ട് നടക്കുക എന്നതാണ് അവർക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും എളുപ്പമുള്ള സംഗതിയെന്നു പറയുന്നതിൽ തെറ്റില്ല. ഒടുവിലത്തെ ആകാശത്തിനു ശേഷം പക്ഷികൾ എങ്ങോട്ടു പറക്കുമെന്നു ചോദിച്ച കവി മഹ്മൂദ് ദർവീശിനെ ഇവിടെ ഓർക്കണം. നാടുപേക്ഷിച്ച് പോകേണ്ടിവരുന്നവരുടെ തിക്തതകളാണ് കന്നടയിലെ 'സ്വപ്ന സാരസ്വത' എന്ന നോവലിൽ ആവിഷ്കരിക്കുന്നത്. പോർചുഗീസ് ഭരണത്തിന്റെ ക്രൂരതകളിൽ സഹികെട്ട് ഗോവ ഉപേക്ഷിച്ച്, ഇന്ത്യയുടെ തെക്കുഭാഗത്തേക്ക് പലായനം ചെയ്യുന്ന ഗൗഡസാരസ്വത ബ്രാഹ്മണരുടെ അങ്കലാപ്പും വേദനയുമാണ് ഗോപാലകൃഷ്ണ പൈ എഴുതിയ നോവലായ 'സ്വപ്ന സാരസ്വത'യുടെ ഇതിവൃത്തം. തെലുഗു ഭാഷ സംസാരിക്കുന്ന നായ്ക്കന്മാരുടെ തമിഴ്നാട്ടിലേക്കുള്ള പലായനമാണ് കി. രാജനാരായണന്റെ തമിഴ് നോവലായ 'ഗോപല്ലപുര'ത്തിൽ പ്രതിപാദിക്കുന്നത്. രാജസ്ഥാനിൽനിന്ന് ബംഗാളിലേക്കുള്ള മാർവാടികളുടെ കുടിയേറ്റത്തിന് കാലങ്ങളുടെ പഴക്കമുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തോടെ വിപുലമായ തലത്തിലുള്ള മാർവാടിസമൂഹം െകാൽക്കത്തയിൽ വേരുകളുറപ്പിച്ചു. അൽക്ക സരോഗിയുടെ 'Kali-Katha: Via Bypass' എന്ന നോവലിൽ കൊൽക്കത്തയിലേക്ക് കുടിയേറിയ മാർവാടികളുടെ ചരിത്രം വിവരിക്കുന്നു. കുടിയേറ്റക്കാരായതു കാരണം കൊൽക്കത്തയിൽ മാർവാടി സമൂഹത്തിന് അനുഭവിക്കേണ്ടിവന്ന കഷ്ടതകളും അസമത്വങ്ങളും സരോഗി ചിത്രീകരിക്കുന്നുണ്ട്. നോവലിലെ കഥാപാത്രമായ കിഷോർ ബാബു ബൈപാസ് സർജറിക്കു ശേഷം കൊൽക്കത്തയിലെ ഇടവഴികളിലൂടെ അലഞ്ഞുതിരിഞ്ഞു തുടങ്ങുന്നതാണ് നോവലിലെ നിർണായകമായ ഒരു മുഹൂർത്തം. ഒരുകാലത്ത് മിടുക്കനായ വ്യവസായിയായ അയാൾ തന്റെ ഭൂതകാലവും മാർവാടി വംശപരമ്പരയും ഈ നടത്തത്തിനിടയിൽ ഓർത്തെടുക്കുകയാണ്. കൊളോണിയൽ ഭൂതകാലവും ദേശീയതയും ഉദാരവത്കരണ സമകാലവുമായി അയാൾ താരതമ്യംചെയ്യുന്നു. പഴയ കാലവുമായി 1990കളെ കമ്പോടുകമ്പ് പരിശോധിക്കാനാണ് അയാൾ ഉദ്യമിക്കുന്നത്. അങ്ങനെ കുടിയേറ്റം, വിപണി, വർഗം എന്നിങ്ങനെയുള്ള സംവർഗങ്ങളെ ആഖ്യാനത്തിൽ സജീവമാക്കുന്നു. ഇതേ വിഷയത്തിൽ എഴുതിയ ഇംഗ്ലീഷ് നോവലാണ് 'Harilal & Sons'. രാജസ്ഥാനിൽനിന്ന് കൊൽക്കത്തയിലേക്കും കിഴക്കൻ ബംഗാളിലേക്കുമുള്ള മാർവാടികളുടെ പലായനചരിത്രമാണ് സുജിത് സറഫിന്റെ ഈ നോവലിൽ അടങ്ങിയിട്ടുള്ളത്.
സ്വാതന്ത്ര്യാനന്തര സാഹിത്യപ്രസ്ഥാനത്തിൽ ഏറെ പ്രാധാന്യമുള്ള ചുവടുവെപ്പാണ് ദലിത് പരിസരങ്ങളിലെ നോവലുകളുടെ വികാസം. അടിച്ചമർത്തപ്പെട്ട സമൂഹത്തിന്റെ വ്യഥകളും ശബ്ദവും ഉച്ചത്തിൽ കേൾപ്പിക്കുന്ന നോവലുകൾ പല ഭാഷകളിൽ പ്രസിദ്ധീകരിക്കപ്പെട്ടു. മുൽക് രാജ് ആനന്ദ്, മഹാശ്വേതാ ദേവി, പ്രേംചന്ദ് എന്നീ വിഖ്യാതരായ (ദലിതരല്ലാത്ത) എഴുത്തുകാർ ദലിതരുടെ പ്രശ്നഭൂമികയെ കുറിച്ച് വലിയരീതിയിൽ എഴുതിയിരുന്നു. ദലിത് സാഹിത്യം വ്യാപകമായി പ്രചരിക്കപ്പെട്ടത് മറാത്തി ഭാഷയിലാണ്. 1960കളുടെ അവസാനമായപ്പോഴേക്കും മഹാരാഷ്ട്രയിൽ ദലിത് പശ്ചാത്തലത്തിലുള്ള എഴുത്തുകൾക്കും ചർച്ചകൾക്കും വേദിയൊരുങ്ങിയിരുന്നു. ബാബുറാവു ബാഗുലിന്റെ ആദ്യ കഥാസമാഹാരമായ 'ജഹ്വാ മി ജാത് ചോർലി ഹോതി' (ഞാൻ എന്റെ ജാതി മറച്ചുവെച്ചപ്പോൾ) 1963ൽ പ്രസിദ്ധീകരിച്ചതോടെ ദലിത് സാഹിത്യത്തിന് ഒരു പുതിയ ചലനമുണ്ടായി. ദലിത് വിഭാഗത്തിന്റെ ഇടയിൽനിന്നുതന്നെ വികസിച്ചുവന്ന ഇത്തരം എഴുത്തുകൾ പുറത്തുനിന്നുള്ള കാഴ്ചപ്പാടോടെ ജാതി-മത വ്യത്യാസങ്ങളെ സമീപിക്കുന്നവരുടെ രചനകൾക്കുള്ള ന്യൂനതകളെ മറികടക്കാൻ സഹായകമായി. യു.ആർ. അനന്തമൂർത്തിയുടെ 'ഭാരതീപുര'യിൽ ദലിതരെ അവരുടെ സ്വതസ്സിദ്ധമായ നോട്ടത്തിലൂടെ അവതരിപ്പിക്കാൻ സാധിച്ചില്ലെന്ന വിമർശനം ഇവിടെ ഓർമിക്കണം. ഗ്രാമീണപരിസരത്തിലുള്ള ദലിത് ജീവിതത്തിന്റെ കടുത്ത ചിത്രങ്ങളാണ് ശരൺകുമാർ ലിംബാളെ വരച്ചെടുക്കുന്നത്. ആത്മകഥാപരമായ 'അക്കർമാശി' എന്ന കൃതിയിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനാവുന്നത്. ഈ കൃതിയുടെ പരിഭാഷ ഹിന്ദിയിലും ഇംഗ്ലീഷിലും വന്നതോടെ ശരൺകുമാർ ലിംബാളെക്ക് ദേശീയശ്രദ്ധ ലഭിച്ചു. മറാത്തിയിലാണ് ഈ പുസ്തകം എഴുതപ്പെട്ടതെങ്കിലും അദ്ദേഹം ഉന്നയിച്ച വിഷയങ്ങളും പ്രശ്നങ്ങളും ഇന്ത്യയിലാകമാനം പ്രസക്തമാണ്. കീഴാളവർഗക്കാർക്കും ഉച്ചത്തിൽ സംസാരിക്കാനാവും എന്ന് സ്ഥാപിക്കുന്ന കൃതികൾ ഇന്ത്യൻ ഭാഷകളിൽ പ്രസിദ്ധീകരിക്കപ്പെട്ടു. പെരുമാൾ മുരുകനുമായി ബന്ധപ്പെട്ട വിവാദം ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ വ്യാപകമായ ചർച്ചക്ക് അവസരമൊരുക്കി. ലക്ഷ്മൺ ഗെയ്ക്വാദ് (മറാത്തി), ഓംപ്രകാശ് വാല്മീകി (ഹിന്ദി), മനോരഞ്ജൻ വ്യാപാരി (ബംഗാളി), പാമ (തമിഴ്), ദേവന്നൂർ മഹാദേവ (കന്നട), അഖില നായക് (ഒഡിയ) എന്നിങ്ങനെ നീളുന്ന എഴുത്തുകാരുടെ നിര ദലിത് സാഹിത്യത്തിന് ഉണർവും കരുത്തുമേകി. മുഖ്യമായും സാന്താൾ ഗോത്രത്തിന്റെ പ്രതിസന്ധികളെ കുറിച്ച് ഇംഗ്ലീഷിൽ കഥകളും നോവലുകളും എഴുതുന്ന ഹൻസ്ദ സൗവേന്ദ്ര ശേഖർ, സാന്താളുകൾ അനുഭവിക്കുന്ന വിവേചനത്തിന്റെ തീവ്രത 'The Adivasi will not Dance' എന്ന കഥാസമാഹാരത്തിൽ കൃത്യതയോടെ അവതരിപ്പിക്കുന്നു.
പാകിസ്താന്റെ അധീനതയിലായ കിഴക്കൻ ബംഗാളിൽനിന്ന് ഇന്ത്യയിലെത്തിപ്പെട്ട ദലിത്കുടുംബത്തിന്റെ അവസ്ഥകളെയാണ് അധിർ ബിശ്വാസ് 'Memories of Arrival' എന്ന പുസ്തകത്തിൽ വിവരിക്കുന്നത്. വീടും സ്ഥലവും മറ്റും വളരെ കുറഞ്ഞ വിലയ്ക്ക് വിറ്റുകൊണ്ട് പലായനംചെയ്ത കുടുംബം 'സ്വരാജ്യ'ത്ത് മടങ്ങിയെത്തിയെങ്കിലും ഞെരുങ്ങിക്കഴിയുന്നതിന്റെ ചിത്രമാണ് ഈ പുസ്തകത്തിലെ അധ്യായങ്ങൾ അവതരിപ്പിക്കുന്നത്. കിഴക്കൻ ബംഗാളിൽനിന്ന് വാങ്ങിച്ച വസ്ത്രങ്ങൾ ചുറ്റിക്കൊണ്ട് ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിന്റെ അന്ന് സമ്മാനങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിൽ കാത്തുനിൽക്കുന്നവരുടെ ദൃശ്യം അധിർ ബിശ്വാസ് പങ്കുവെക്കുന്നു. രാജ്യത്തിന്റെ സ്വാതന്ത്ര്യലബ്ധിയുടെ പ്രത്യാഘാതമായ വിഭജനം മുറിവേൽപിച്ച ലക്ഷക്കണക്കിന് മനുഷ്യരുടെ പ്രതിനിധിയായി മാറി, സ്വാതന്ത്ര്യദിനത്തിന്റെ അന്ന് മധുരമോ വസ്ത്രമോ ലഭിക്കുമെന്ന പ്രതീക്ഷയിൽ നീണ്ട വരിയിൽ ക്ഷമയോടെ അണിചേരുന്ന മനുഷ്യരുടെകൂടി ചരിത്രം രേഖപ്പെടുത്തേണ്ടതാണ്.
(തുടരും)