ഫലസ്തീന് നോവലിസ്റ്റ് സഹര്‍ ഖലീഫയുടെ 'പാസേജ് ടു ദി പ്ലാസ' നോവലിനൊരു വായന
ഇസ്രായേല്‍ അധിനിവേശത്തിനെതിരെ 1987 ഡിസംബറില്‍ ഫലസ്തീനിലെ ഗസ്സയിലും വെസ്റ്റ്് ബാങ്കിലും പൊട്ടിപ്പുറപ്പെട്ട ഒന്നാം ഇന്‍തിഫാദയില്‍ (ഉയിര്ത്തെഴുന്നേല്പ് സമരം) സ്ത്രീകളുടെ പങ്ക് എത്രത്തോളം വലുതായിരുന്നുവെന്നും അതിന് അവര്‍ കൊടുക്കേണ്ടിവന്ന വില എത്ര ഭീകരമായിരുന്നുവെന്നും വ്യക്തമാക്കുന്ന നോവലാണ് ഫലസ്തീനിലെ മുന്‍നിര നോവലിസ്റ്റ് സഹര്‍ ഖലീഫയുടെ 'പാസേജ് ടു ദി പ്ലാസ' (Passage to the Plaza). ഇന്‍തിഫാദയുടെ അവസാന നാളുകളിലാണ് (1990) അവര്‍ ഈ കൃതി രചിക്കുന്നത്. എന്നാല്‍ 30 വര്‍ഷങ്ങള്‍ക്ക് ശേഷം 2020ലാണ് സവാദ് ഹുസൈെൻറ പരിഭാഷയിലൂടെ ഈ നോവല്‍ ആദ്യമായി ഇംഗ്ലീഷിലെത്തുന്നത്. സഹര്‍ ഖലീഫയുടെ മാസ്റ്റര്‍ പീസ് എന്നാണ് ഈ നോവലിനെ നിരൂപകര്‍ വിശേഷിപ്പിക്കുന്നത്.
രാഷ്ട്രീയ സംഭവവികാസങ്ങള്‍ ചരിത്രമായിത്തീരും മുേമ്പ തന്നെ അവ തെൻറ കൃതികളിലൂടെ ആവിഷ്കരിക്കുക എന്നതാണ് സഹര്‍ ഖലീഫയുടെ രീതി. അധിനിവേശ പ്രദേശങ്ങളിലെ ഫലസ്തീന് ദിവസ തൊഴിലാളികള്‍ നടത്തിയ സമരം ചിത്രീകരിക്കുന്ന 'Wild Thorn' (1976), തെൻറ രാഷ്ട്രീയ ചിന്താഗതിയെ മാറ്റിമറിച്ച 1967ലെ ആറുദിന യുദ്ധത്തിെൻറ തിക്തഫലങ്ങള്‍ അന്തര്‍ധാരയായി വര്‍ത്തിക്കുന്നു. 'Sun Flower' (1976), ഓസ്േലാ കരാറിെൻറ നിരർഥകതയെക്കുറിച്ചും സ്വന്തം രാഷ്ട്രം എന്ന ഫലസ്തീന് സ്വപ്നത്തകര്ച്ചയെക്കുറിച്ചുമെഴുതിയ 'The Inheritance' എന്നീ നോവലുകള്‍ ഈ രചനാരീതിക്ക് ഉദാഹരണങ്ങളാണ്. ഫലസ്തീനിലെ ആദ്യ ഫെമിനിസ്റ്റ്് നോവല്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന 'We are No Longer Your Slaves' (1974) എന്ന ആദ്യ നോവലില്‍ നിന്ന് രാഷ്ട്രീയപരമായി അവരുടെ രചനാരീതി എങ്ങനെ വികാസം പ്രാപിച്ചു എന്ന് വ്യക്തമാക്കുന്നതാണ് ഈ നോവലുകള്‍. ഇടതുപക്ഷ ചിന്താഗതിയിലധിഷ്ഠിതമായ ഒരു ഫെമിനിസ്റ്റ്് രചനാരീതി വളര്‍ത്തിക്കൊണ്ടുവരാനാണ് ഈ നോവലുകളിലൂടെ അവര്‍ ശ്രമിച്ചത്. 'പാസേജ് ടു പ്ലാസ' എന്ന നോവലില്‍ ഈ ശ്രമം പൂര്‍ണത പ്രാപിക്കുന്നു.
ഇന്‍തിഫാദ സ്ത്രീകള്‍ക്ക് നല്‍കിയത് കൂടുതല്‍ വേദനയും ഒറ്റപ്പെടലുമായിരുന്നുവെന്നാണ് സഹര്‍ ഖലീഫയുടെ കണ്ടെത്തല്‍. ''വാഗ്ദാനം ചെയ്യപ്പെട്ടിരുന്നപോലുള്ള സാമൂഹിക മാറ്റം ഇന്തിഫാദയിലൂടെ സാധ്യമായോ? സ്ത്രീകള്‍ക്കായി ഇന്‍തിഫാദ എന്താണ് ചെയ്തത്? ലിംഗസമത്വം എന്ന സ്വപ്നം എവിടെയാണ് യാഥാർഥ്യമായത്? സമരത്തിെൻറ ആദ്യകാലത്ത് മുന്‍നിരയില്‍ നിന്ന സ്ത്രീകള്‍ പില്ക്കാലത്ത് പിന്നണിയിലേക്ക് തള്ളപ്പെട്ടതെങ്ങനെ? രാഷ്ട്രത്തിെൻറയും വ്യക്തിയുടെയും സ്വാതന്ത്ര്യമാണ് മുദ്രാവാക്യങ്ങളില്‍ മുഴങ്ങിക്കേട്ടത്. എന്നാല്‍ സ്ത്രീകളുടെ കാര്യത്തില്‍ ഈ വ്യക്തിസ്വാതന്ത്ര്യം എവിടെ പോയി? ഒരെഴുത്തുകാരി എന്ന നിലയില്‍ ഇത്തരം ചോദ്യങ്ങള്‍ ഉയര്‍ത്താതിരിക്കാന്‍ എനിക്കാവില്ല'' -ഒരു അഭിമുഖത്തില്‍ സഹര്‍ ഖലീഫ പറയുന്നു.
വെസ്റ്റ് ബാങ്ക് നഗരമായ നബ്ലസിലെ മിഡ്വൈഫായ സിത്സാക്കിയയും യൂനിവേഴ്സിറ്റി വിദ്യാർഥിനിയും ഗവേഷകയുമായ സമര് (ഇന്‍തിഫാദ സ്ത്രീകളിലുണ്ടാക്കിയ വൈകാരിക പ്രത്യാഘാതങ്ങള്‍ എന്നതാണ് അവളുടെ ഗവേഷണ വിഷയം), വേശ്യയെന്നും ഇസ്രയേലിനായി ചാരപ്രവര്‍ത്തനം നടത്തുന്നവളെന്നും മുദ്ര കുത്തപ്പെട്ട സക്കീനയുടെ മകള്‍ നഷ എന്നീ സ്ത്രീകഥാപാത്രങ്ങളാണ് 'പാസേജ് ടു പ്ലാസ'യിലെ കഥാഗതിയെ മുന്നോട്ട് കൊണ്ടുപോകുന്നത്. നഷയുടെ ഉമ്മയെ വിമോചന പോരാളികള്‍ നേരത്തേ കൊലപ്പെടുത്തിയിരുന്നു. സമ്പന്നയായ സക്കീനയെ നബ്ലസിലെ സ്ത്രീകള്‍ ഒറ്റപ്പെടുത്തുകയും അവരുടെ മനോഹരമായ വീടിനെ 'സക്കീനയുടെ വീട്' എന്ന് പരിഹാസ സ്വരത്തില്‍ വിളിക്കുകയും ചെയ്യുമായിരുന്നു.
വളരെ നേര്‍ത്തതാണ് പാസേജ് ടു പ്ലാസയിലെ കഥാതന്തു. കഥാസന്ദര്‍ഭങ്ങള്‍ സൃഷ്ടിക്കുന്നതിനേക്കാള്‍ തെൻറ കഥാപാത്രങ്ങളുടെ ചിന്താഗതികള്‍ പിന്തുടരുന്നതിനാണ് നോവലിസ്റ്റ്് ശ്രദ്ധിക്കുന്നത്. ഇസ്രായേല്‍ പട്ടാളം റോഡുകളില്‍ ചെക്ക്പോസ്റ്റുകള്‍ സ്ഥാപിച്ചും നഗര പ്രവേശനകവാടം ചുവരുകളുയര്ത്തി അടക്കുകയും ചെയ്തതോടെയാണ് നബ്ലസില് പ്രക്ഷോഭം ആരംഭിക്കുന്നത്. വീടുകളില്‍ സ്ത്രീകളും കുട്ടികളും മാത്രമായിരുന്നു ഉണ്ടായിരുന്നത്. അവര്‍ ബാരിക്കേഡുകള്‍ തകര്‍ക്കുകയും മതിലുകള്‍ പൊളിച്ചുമാറ്റുകയും ചെയ്തു. സമറായിരുന്നു നേതൃത്വം നല്‍കിയത്. കുപിതരായ ഇസ്രായേലി ഭടന്മാര് വീടുകള്‍ തല്ലിത്തകര്‍ക്കാനും വ്യാപകമായ ആക്രമണം അഴിച്ചുവിടാനും തുടങ്ങി. പ്രതിരോധത്തിന് സ്ത്രീകളായിരുന്നു നേതൃത്വം കൊടുത്തത്. മരക്കഷണങ്ങളും ഇരുമ്പുവടികളുമുപയോഗിച്ച് അവര്‍ ഭടന്മാരെ നേരിട്ടു. ചുറ്റുമുള്ള കുറ്റിക്കാടുകളില്‍ ഒളിച്ചിരുന്ന പുരുഷന്മാര് ഭടന്മാരെ രഹസ്യമായി ആക്രമിച്ചു. വെളിപ്പെട്ടാല്‍ ആ നിമിഷം അവര്‍ അറസ്റ്റ്് ചെയ്യപ്പെടുമായിരുന്നു. തുടര്‍ന്ന് പ്രഖ്യാപിക്കപ്പെട്ട കര്‍ഫ്യൂ മൂന്ന് കഥാപാത്രങ്ങളുടെയും ജീവിതത്തെ പാടെ മാറ്റിമറിച്ചു. മൂന്ന് സ്ത്രീകളുടെയും കഥനകഥകള്‍ ഈ കര്ഫ്യൂവിെൻറ നാളുകളിലാണ് നാം അറിയുന്നത്. ഇന്‍തിഫാദ സ്ത്രീകളുടെ ജീവിതത്തില്‍ എന്തെല്ലാം പ്രത്യാഘാതങ്ങളുണ്ടാക്കി എന്നും നാം മനസ്സിലാക്കുന്നു.
02
ഒരു മരണരംഗത്തോടെയാണ് 'പാസേജ് ടു പ്ലാസ' ആരംഭിക്കുന്നത്. രക്തസാക്ഷിത്വം ഫലസ്തീനി ജീവിതത്തിെൻറ ഭാഗമാണ്. മരണത്തെ അവര്‍ സന്തോഷത്തോടെ വരവേല്‍ക്കുന്നു. ജീവിച്ചിരിക്കുന്നു എന്നതിെൻറ അർഥം നഷ്ടപ്പെട്ടവരാണ് ഫലസ്തീനികള്‍. ചെക്ക്പോസ്റ്റുകളാലും കര്ഫ്യൂകളാലും ഐഡി കാര്ഡുകളാലും നിയന്ത്രിക്കപ്പെടുന്ന ഒരു ജനത. ഈ ജനതയുടെ ചുരുക്കം ചില ദിവസങ്ങളിലെ ജീവിതമാണ് 'പാസേജ് ടു പ്ലാസ'യില്‍ സഹര്‍ ഖലീഫ രേഖപ്പെടുത്തുന്നത്. ഇവിടെ മൊട്ടിടുന്ന പ്രണയങ്ങളുണ്ട്. പരിഭവങ്ങളും പ്രതികാരവാങ്ഛയും പോരാളിത്ത വീര്യവുമുണ്ട്. 200 പേജില്‍ താഴെയുള്ള ഈ കൃതി വിപുലമായ ഒരു ജീവിതാനുഭവമാണ് നമുക്കു മുന്നില്‍ തുറന്നിടുന്നത്.
നോവലിെൻറ ആദ്യഭാഗത്ത് സമര് എന്ന ഗവേഷക വിദ്യാർഥിനി സിത്സാക്കിയയോട് ചോദിക്കുന്നു. ''ഇന്‍തിഫാദ തുടങ്ങിയ ശേഷം സ്ത്രീകളുടെ ജീവിതത്തില്‍ എന്തെല്ലാം മാറ്റങ്ങളാണ് നിങ്ങള്‍ കാണുന്നത്?'' ഇതിന് സിത്സാക്കിയ നല്കിയ മറുപടി നോവലിെൻറ അന്തസ്സത്ത പൂര്‍ണമായും വ്യക്തമാക്കിത്തരുന്നു. ''സ്ത്രീകള്‍ ഇസ്രായേലി പട്ടാളക്കാര്‍ക്കുനേരെ കല്ലെറിയുന്നു. ചെറുപ്പക്കാരായ പോരാളികളെ രക്ഷപ്പെടുത്തുന്നു. അവര്‍ക്ക് അഭയം നല്കുന്നു. തെരുവുകളില്‍ പ്രകടനം നടത്തുന്നു. എന്നാല്‍ അവരുടെ പഴയ സങ്കടങ്ങളെല്ലാം നിലനില്ക്കുന്നു. പുതുതായി തലയിലേറ്റേണ്ടി വരുന്നവയുടെ എണ്ണം പറഞ്ഞാലും തീരില്ല.''
സമര് തെൻറ ചോദ്യാവലിയുമായി നഷയേയും സമീപിക്കുന്നുണ്ട്. അവളുടെ യഥാർഥ ചരിത്രം ഈ അവസരത്തിലാണ് നാം അറിയുന്നത്. സിത്സാക്കിയയുടെ അടുത്ത ബന്ധുവായ ഹുസാം ഇസ്രായേല്‍ ഭടന്മാരുമായുള്ള ഏറ്റുമുട്ടലില്‍ രക്ഷപ്പെട്ട് ഗുരുതര പരിക്കുകളോടെ നേരത്തേ അവിടെ എത്തിച്ചേര്‍ന്നിരുന്നു. ഹുസാമിനോട് താല്പര്യമുണ്ടായിരുന്ന നഷ അയാളെ ശുശ്രൂഷിക്കാനും അഭയം നല്‍കാനും തയാറായെങ്കിലും വളരെ പരുഷമായാണ് അയാള്‍ അവളോട് പെരുമാറുന്നത്. നഷ പക്ഷേ തെൻറ വ്യക്തിത്വം കാത്തുസൂക്ഷിക്കാനുള്ള വ്യഗ്രതയില്‍ അയാളോട് അവഗണനയോടെയാണ് സംവദിക്കുന്നത്. ഇതേ സമയത്തുതന്നെ സക്കീനയും അവിടെ എത്തിപ്പെടുന്നു. കര്ഫ്യൂവിെൻറ ഒമ്പത് നാളുകള്‍ ഇവര്‍ മൂന്നുപേരും കുപ്രസിദ്ധമായ സക്കീനയുടെ വീട്ടില്‍ കുടുങ്ങുന്നു. മൂന്ന് സ്ത്രീകളുടെയും ജീവിതവീക്ഷണം തുടര്‍ന്ന് നമ്മുടെ മുന്നില്‍ അനാവൃതമാവുകയാണ്.
വളരെ സങ്കീര്‍ണമായ വ്യക്തിത്വത്തിനുടമയായാണ് നഷയെ സഹര്‍ ഖലീഫ അവതരിപ്പിച്ചിരിക്കുന്നത്. ഉമ്മയുടെ വഴിവിട്ട ജീവിതം അവളെ ജനങ്ങളില്‍നിന്നകറ്റി. ഏകാന്തവും ദുഃഖഭരിതവുമായ ഒരു ജീവിതമാണ് അവളെ കാത്തിരുന്നത്. എങ്കിലും തെൻറ സ്വതന്ത്ര ചിന്താഗതിക്ക് അവള് മാറ്റമൊന്നും വരുത്തിയില്ല. അന്യരുടെ സഹായം വെറുത്തിരുന്നതുകൊണ്ട് മാത്രമാണ് അവളും ഉമ്മയുടെ പാതയിലേക്ക് തിരിഞ്ഞത്. ഇക്കാര്യം അവള് ഹുസാമിനോട് വെളിപ്പെടുത്തുന്നുമുണ്ട്. ''നീ പരപുരുഷന്മാരെ ഇവിടെ സ്വീകരിക്കാറില്ലേ?'' എന്ന ചോദ്യത്തിന് ''ഇന്‍തിഫാദക്ക് ശേഷം ഇല്ല'' എന്നായിരുന്നു അവളുടെ മറുപടി. ''അതിന് മുേമ്പാ?'' ''തീര്‍ച്ചയായും നിെൻറ പിതാവടക്കം.'' ഹുസാം രോഷാകുലനാകുകയും അവളെ മർദിക്കുന്നതിന് കൈയുയര്‍ത്തുകയും ചെയ്തപ്പോള്‍ നിര്‍ഭയയായി അയാളെ ചെറുത്തുനില്‍ക്കാനാണ് നഷ തുനിയുന്നത്.
സമറുമായുള്ള സംഭാഷണത്തിനിടെയാണ് അവള് തെൻറ സഹപാഠിയായിരുന്നു എന്ന് ഹുസാം മനസ്സിലാക്കുന്നത്. വിദ്യാർഥിനിയായിരിക്കെ തന്നെ കലാപകാരിയായിരുന്നു അവള് എന്നും അയാള്‍ ഓര്‍ക്കുന്നു. നഷയുടെ വീട്ടിലിരുന്നാണ് കര്‍ഫ്യൂ കാലത്ത് സ്ത്രീകള്‍ പൊളിച്ചുകളഞ്ഞ ബാരിക്കേഡിെൻറ സ്ഥാനത്ത് പട്ടാളക്കാര്‍ നിർമിച്ച കൂറ്റന്‍ മതില് പൊളിക്കാന്‍ മൂന്ന് സ്ത്രീകളും പദ്ധതിയിടുന്നതും അതില്‍ വിജയിക്കുന്നതും.
ഫലസ്തീന് സ്ത്രീകള്‍ നേരിടുന്ന ലിംഗവിവേചനം സിത്സാക്കിയ, നഷ എന്നീ കഥാപാത്രങ്ങളിലൂടെയാണ് സഹര്‍ ഖലീഫ വെളിപ്പെടുത്തുന്നത്. പതിനഞ്ച് വയസ്സിന് മുേമ്പ വിവാഹിതരാവാന്‍ നിര്‍ബന്ധിതരായവരാണ് ഈ രണ്ട് കഥാപാത്രങ്ങളും. പിന്നീട് അവര്‍ ആ ബന്ധനത്തില്‍നിന്ന് രക്ഷപ്പെടുന്നുണ്ടെങ്കിലും അതിെൻറ മുറിപ്പാടുകള്‍ ഇപ്പോഴും അവരുടെ മനസ്സിലുണ്ട്. ഈ കഥാപാത്രങ്ങളുടെ ജീവിതവുമായി നോവലിസ്റ്റിന് ബന്ധമുണ്ടെന്ന് ചൂണ്ടിക്കാട്ടപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഈ കൃതിയില്‍ തെൻറ ആത്മാംശം അടങ്ങിയിട്ടുണ്ടെന്ന് സഹര്‍ ഖലീഫ ഒരിടത്തും വെളിപ്പെടുത്തിയിട്ടില്ല. 15ാം വയസ്സില്‍ തന്നെയാണ് സഹര്‍ ഖലീഫയും വിവാഹിതയായത്. 13 വര്‍ഷത്തെ നിരാശജനകമായ ദാമ്പത്യജീവിതത്തിനു ശേഷം അവര്‍ വേര്‍പിരിയുകയായിരുന്നു. 1985ല്‍ ഇയോവ റിവ്യൂവിന് നല്കിയ ഒരു അഭിമുഖത്തില്‍ അവര്‍ പറഞ്ഞു. ''ഞാന്‍ എത്രയോ കരഞ്ഞു. പക്ഷേ ഒരു കാര്യവുമുണ്ടായില്ല. എനിക്കയാളെ വിവാഹം ചെയ്യേണ്ടിവന്നു. ഞാനെത്രത്തോളം അസന്തുഷ്ടയാണെന്ന് ഒരാളും ശ്രദ്ധിച്ചില്ല. അവര്‍ക്ക് കുടുംബാഭിമാനമായിരുന്നു വലുത്. ഈ വിവാഹം അവരുടെ സര്‍ഗാത്മക ജീവിതത്തെ കാര്യമായി ബാധിക്കുകയും ചെയ്തു. 1967ലെ ആറുദിന യുദ്ധാനന്തരമാണ് അവര്‍ വീണ്ടും സാഹിത്യരചന ആരംഭിച്ചത്.
സമറിനും സാക്കിയക്കും നഷക്കും പുരുഷാധിപത്യത്തിെൻറ ക്രൂരതകള്‍ വേണ്ടുവോളം സഹിക്കേണ്ടിവന്നിട്ടുണ്ട്. ഒമ്പതു ദിവസത്തെ കര്‍ഫ്യൂവിനു ശേഷം നഷയുടെ വീട്ടില്‍നിന്ന് തിരിച്ചെത്തിയ സമറിനെ അവളുടെ സഹോദരന് ക്രൂരമായി മർദിച്ചു. അവള് തകര്‍ന്നുവീണു. ഖലീഫ എഴുതുന്നു: ''അധിനിവേശമോ ഇസ്രായേലി ഭടന്മാരോ അവളെ ഇന്നോളം വേദനിപ്പിച്ചിട്ടില്ല. ലോകത്തിെൻറ അറ്റത്തേക്ക് ഓടിപ്പോകാന്‍ അവള് കൊതിച്ചു. വീട്ടില്‍നിന്നും... ഭയരഹിതമായ ഈ ലോകത്തില്‍നിന്നും... അകലേക്ക്...''
സിത്സാക്കിയയും വളരെ നേരത്തേ വിവാഹിതയാവുകയും പിന്നീട് വിവാഹമോചിതയാവുകയുമാണുണ്ടായത്. മൂന്ന് പെണ്‍മക്കളുണ്ടെങ്കിലും മൂന്ന് പേരും ഗള്‍ഫ് നാടുകളിലാണ്. തികച്ചും ഏകാകിയും ദുഃഖിതയുമാണ് അവര്‍.
ഫലസ്തീന് സ്ത്രീകള്‍ ഇസ്രായേലി ഭടന്മാരില്‍നിന്നു മാത്രമല്ല, തങ്ങളുടെ പിതാക്കന്മാരില്നിന്നും ഭര്‍ത്താവില്‍നിന്നും സഹോദരന്മാരില്‍നിന്നും രക്ഷപ്പെടേണ്ടതുണ്ടെന്നും സഹര്‍ ഖലീഫ സൂചിപ്പിക്കുന്നു.
സ്ത്രീ വിദ്യാഭ്യാസത്തിെൻറ പ്രാധാന്യത്തിന് ഏറെ പ്രാമുഖ്യം നല്കുന്നവയാണ് സഹര്‍ ഖലീഫയുടെ രചനകള്‍. സ്ത്രീകളുടെ പ്രതിരോധം ശക്തമാകണമെങ്കില്‍ അവര്‍ വിദ്യാസമ്പന്നരായിരിക്കണമെന്ന് സഹര്‍ ഖലീഫ ഊന്നിപ്പറയുന്നു. പാസേജ് ടു പ്ലാസയിലെ സമറും സണ്‍ ഫ്ലവറിലെ റസയും, ദ ഇന്ഹെറിറ്റന്സിലെ സൈനബും ഉദാഹരണങ്ങള്‍.
03
1967ലെ ആറുദിന യുദ്ധത്തില്‍ അറബ് ലോകത്തിനേറ്റ കനത്ത പരാജയം 'നഖ്ബ'യുടെ ദുരന്തങ്ങള്‍ മുഴുവന്‍ ഏറ്റുവാങ്ങിയ ആദ്യ തലമുറയേക്കാള്‍ അഭയാർഥി ക്യാമ്പുകളിലും മറ്റ് അറബ്, യൂറോപ്യന്‍ രാഷ്ട്രങ്ങളിലും ജനിച്ചുവളര്‍ന്ന രണ്ടും മൂന്നും തലമുറ ഫലസ്തീനികളിലാണ് വൈകാരികവും രാഷ്ട്രീയവുമായ നിരാശാബോധം ഏറെ സൃഷ്ടിച്ചത്. വലിയൊരു മുന്നറിയിപ്പായിരുന്നു അവര്‍ക്കത്. തങ്ങള്‍ ലോകത്തിെൻറ ഏത് കോണിലായാലും ഇസ്രായേലിെൻറ പിടിയില്‍നിന്ന് രക്ഷപ്പെടാനാകില്ലെന്നും അറബ് രാഷ്ട്ര നേതാക്കളില്‍ വലിയ പ്രതീക്ഷയൊന്നും വെച്ചുപുലര്‍ത്തേണ്ടതില്ലെന്നും അതവരെ പഠിപ്പിച്ചു. ഇസ്രായേല്‍ കൈയേറിയ പിതൃഭൂമി തിരിച്ചുപിടിച്ച്, സ്വന്തം മണ്ണിലേക്ക് മടങ്ങുക എന്ന അവരുടെ സ്വപ്നമായിരുന്നു തകര്‍ക്കപ്പെട്ടത്. ഒന്നാം ഇന്‍തിഫാദക്ക് ശക്തി പകരാന്‍ ഇത് വലിയൊരളവോളം ശക്തി പകരുകയുണ്ടായി.
'പാസേജ് ടു പ്ലാസ'യില്‍ സമറും നഷയുമാണ് ഈ തലമുറയുടെ പ്രതിനിധികളായെത്തുന്നത്. വിദേശപഠനത്തിനുള്ള സൗകര്യം ഉപേക്ഷിച്ച് ഒളിപ്പോരാളികളുടെ കൂടെ ചേര്‍ന്ന നഷയുടെ സഹോദരന് അഹമ്മദും ഹുസാമും ഈ കൂട്ടത്തില്പെടുന്നുണ്ട്. നഷ ജീവിക്കുന്നതുപോലും അഹമ്മദിനു വേണ്ടിയാണ്. അവന് ഉപരിപഠനത്തിന് പോകുന്നതിനു പകരം ഒളിപ്പോരാളികളോടൊപ്പം ചേര്‍ന്നത് അവള്‍ക്ക് സഹിക്കാനാകുമായിരുന്നില്ല. സമീറയുടെ ചോദ്യങ്ങള്‍ക്കുത്തരമായി നഷ പറയുന്ന മറുപടി ശ്രദ്ധേയമാണ്. ''എനിക്കീ ഇന്‍തിഫാദ മടുത്തുകഴിഞ്ഞു. എല്ലാവരെയും ഞാന്‍ വെറുക്കുന്നു. അവര്‍ക്കെന്താണ് സംഭവിക്കുന്നതെന്ന് എനിക്കറിയേണ്ട.''
നഷ എന്ന കഥാപാത്രമാണ് പാസേജ് ടു പ്ലാസയെ ശ്രദ്ധേയമായ കൃതിയാക്കി മാറ്റുന്നത്. അവളുടെ സ്വതന്ത്രബോധവും സ്നേഹത്തിനും കൂട്ടിനുമായുള്ള ദാഹവും നിരാകരിക്കപ്പെടുകയായിരുന്നു. സമര് ഹുസാമിനെ സ്നേഹിക്കുന്നു എന്ന് മനസ്സിലാക്കുമ്പോള്‍ അവള് വനാന്തരങ്ങളിലെ ഒലിവ് തോട്ടങ്ങളിലേക്ക് ഓടിപ്പോവുകയായിരുന്നു. സമൂഹം അവളില്‍നിന്ന് എല്ലാ മൃദുലവികാരങ്ങളും എടുത്തുകളഞ്ഞിരുന്നു.
നോവലിെൻറ അവസാനത്തില്‍ ഇസ്രായേല്‍ ഭടന്മാര് നിരത്തില്‍ പണിതുയര്‍ത്തിയ വന്മതില് തകര്‍ക്കുന്നതില്‍ അവളും പങ്കാളിയാകുന്നുണ്ട്. മതിലിനു മുകളില്‍ ഉയര്‍ത്തിയ ഇസ്രായേല്‍ പതാക വലിച്ചുകീറുന്നതിന് ശ്രമിക്കുന്ന യുവാക്കള്‍ വെടിയേറ്റു വീഴുമ്പോള്‍, തെൻറ വീടിനുള്ളിലെ രഹസ്യ തുരങ്കത്തിലൂടെ, ഒരുപറ്റം സ്ത്രീകളുമായി മതിലിനരികിലെത്തി, ഇസ്രായേല്‍ പതാകക്ക് തീ കൊളുത്തുന്നത് നഷയാണ്. ഇത് പക്ഷേ രാജ്യസ്നേഹം കൊണ്ടായിരുന്നില്ല. ഇസ്രായേലി ഭടന്മാരാല് കൊല്ലപ്പെട്ട സഹോദരന് അഹമ്മദിനോടുള്ള സ്നേഹംകൊണ്ട് മാത്രമായിരുന്നു. ''ഇത് അഹമ്മദിന് വേണ്ടിയാണ്'' -മതിലിനു നേരെ മൊളൊട്ടോവ് കോക്ക്ടേല് എറിയുന്നതിനിടെ അവള് പിറുപിറുക്കുന്നത് സമര് കേള്‍ക്കുന്നുണ്ട്. മതില് തകര്ന്നുവീഴുന്നതോടെയാണ് നോവല്‍ അവസാനിക്കുന്നത്.
നഷയുടെ സ്വഭാവവും സംഭാഷണശൈലിയും വിവര്‍ത്തനത്തില്‍ തനിക്കേറെ ബുദ്ധിമുട്ടുണ്ടാക്കിയെന്ന് മൊഴിമാറ്റം നടത്തിയ സവാദ് ഹുസൈന് 'മിഡില്‍ ഈസ്റ്റ് ഐ'ക്ക് നല്കിയ അഭിമുഖത്തില്‍ പറയുന്നു. ''അത്രയേറെ രോഷാകുലയാണ് അവള്. പക്ഷേ അവളുടെ ശബ്ദമാണ് നോവലിെൻറ സത്ത. അത് കൃത്യമായി മൊഴിമാറ്റം ചെയ്യാന്‍ കഴിയാതിരുന്നെങ്കില്‍ ഞാന്‍ പരാജയപ്പെടുമായിരുന്നു.'' പക്ഷേ സവാദ് ഹുസൈന് ഇക്കാര്യത്തില്‍ പൂര്‍ണമായും വിജയിച്ചിട്ടുണ്ടെന്ന് നോവല്‍ വായിച്ചുകഴിയുമ്പോള്‍ നമുക്ക് ബോധ്യപ്പെടും.
സ്ത്രീകള്‍ അനുഭവിക്കേണ്ടിവരുന്ന ഗാര്‍ഹിക പീഡനങ്ങള്‍ തെൻറ നോവലുകള്‍ക്ക് വിഷയമാക്കുന്നതിനെതിരെ ധാരാളം വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. എങ്കിലും എല്ലാ കൃതികളിലും സഹര്‍ ഖലീഫ ലിംഗവിവേചനത്തെ പരാമര്ശിക്കാതിരുന്നിട്ടില്ല.
നബ്ലസില് 1941ല്‍ ജനിച്ച സഹര്‍ ഖലീഫ വളരെ വൈകി മാത്രമാണ് സാഹിത്യരചന ആരംഭിച്ചത്. നജീബ് മഹ്ഫൂസ് മെഡല്‍ അടക്കമുള്ള നിരവധി പുരസ്കാരങ്ങള്‍ക്ക് അവരുടെ കൃതികള്‍ അര്‍ഹമായിട്ടുണ്ട്. 2020ലെ അറബിയില്‍നിന്ന് ഇംഗ്ലീഷിലേക്കുള്ള പരിഭാഷക്ക് സഇഫ് ഗോബാഷ് ബനിപാല്‍ പ്രൈസിെൻറ ലോങ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്ന കൃതിയാണ് 'പാസേജ് ടു പ്ലാസ'.