വാക്കും വരയും സംസാരിക്കുന്ന സങ്കടപ്പുഴ
മുഹമ്മദലി ശിഹാബ് ഐ.എ.എസിന്റെ ‘വിരലറ്റം’ എന്ന ആത്മകഥയിലെ ഉള്ളടക്കം, യതീംഖാനയിൽ പത്തുവർഷത്തോളം ജീവിച്ച് ഇന്ത്യയിലെ ഏറ്റവും ഉയർന്ന മത്സരപ്പരീക്ഷയിൽ വിജയിച്ചവന്റെ അനുഭവമാണ്. ഉപ്പ മരിച്ചതിനുശേഷം തന്നെയും രണ്ടു പെങ്ങന്മാരെയും മുക്കം യതീംഖാനയിൽ നാട്ടുകാർ കൊണ്ടുപോയി ചേർക്കുന്നതോടെ തുടങ്ങുന്ന ജീവിതം പല വൈകാരിക അനുഭവങ്ങളിലൂടെയും കടന്നുപോകുന്നു. മുഖ്താർ ഉദരംപൊയിലിന്റെ ‘പുഴക്കുട്ടി’ എന്ന നോവലിലൂടെ കടന്നുപോകുമ്പോഴും അനാഥാലയത്തിലെ അനുഭവങ്ങൾക്ക് ഒരേ തീക്ഷ്ണതയാണ് ഉള്ളതെന്ന് തോന്നിപ്പോകുന്നു. എഴുത്തുകാരൻ ശരിക്കും അനാഥശാല അനുഭവിച്ച ഒരാളാണ്. അത് ആ എഴുത്തിൽ പ്രകടമായി തെളിഞ്ഞുനിൽക്കുകയും ചെയ്യുന്നു. സൽമാൻ എന്ന മുഖ്യകഥാപാത്രത്തിലൂടെ ചെറുസന്ദർഭങ്ങളെ തിരക്കഥ പോലെ അടുക്കിവെച്ച് തീവ്രമായ അനുഭവമായി അവതരിപ്പിക്കുന്നു ഈ നോവൽ.
അനാഥാലയത്തിൽ പഠിച്ച സുഹൃത്തുക്കൾ ഒരുമിച്ചുകൂടി പഴയകാല അനുഭവങ്ങൾ ഓർത്തെടുക്കുന്നതിലൂടെയാണ് നോവൽ വികസിക്കുന്നത്. അവരെ സംബന്ധിച്ചിടത്തോളം ഓർമകളിൽ കുന്നുകൂടിക്കിടക്കുന്നത് അനാഥശാലയിലെ ജീവിതമാണ്. ചെറിയപ്രായത്തിന്റെ, മാനസികവളർച്ചയെത്താത്ത കുട്ടികളുടെ ജീവിത സങ്കീർണതകൾ തിരതല്ലുന്നു. പ്രതീക്ഷിക്കാൻ കാര്യമായി ഒന്നുമില്ലാത്ത ദൈനംദിനം.
അതിനിടയിൽ, ചില ദിവസങ്ങളിൽ കിട്ടുന്ന വിശിഷ്ട ഭക്ഷണത്തിന്റെ രസങ്ങൾ നൽകുന്ന സന്തോഷവും മറച്ചുവെക്കുന്നില്ല. വിശപ്പും ഭക്ഷണവും അനാഥരുടെ വലിയ പ്രശ്നമാണെങ്കിലും മാനസികമായ പിന്തുണയും സാന്ത്വനങ്ങളും സ്നേഹത്തലോടലുകളുംകൂടി അവർ ആഗ്രഹിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്നുണ്ട്. അവഗണനയും സ്നേഹനിഷേധവും അപരവത്കരണവും കുട്ടികളിലുണ്ടാക്കുന്ന മാനസിക സംഘർഷങ്ങളെയാണ് നോവൽ ഫോക്കസ് ചെയ്യുന്നത്. കുട്ടികളുടെ മാനസികമായ അരക്ഷിതാവസ്ഥ പക്ഷേ, പരിഗണിക്കപ്പെടുന്നില്ല.
പ്രതീക്ഷയുടെ ഒരു വാതിൽ എപ്പോഴും സ്വന്തം വീട്ടിലേക്ക് യതീംഖാനയിൽനിന്ന് തുറന്നുവെച്ചിട്ടുണ്ട് കുട്ടികൾ. നിലനിൽക്കുന്ന ഇടം സംതൃപ്തമല്ല എന്ന് തോന്നുന്നതോടെ, വീടും അവിടെയുള്ള ഉമ്മയും പിടിച്ചുനിൽക്കാനുള്ള പ്രതീക്ഷയായി മാറുന്നു. ചെറുപ്പത്തിൽതന്നെ വീടും നാടും ഗൃഹാതുരതയായി മാറുന്നു. അത് കുട്ടിക്കാലം വീട്ടിൽനിന്നും മുറിച്ചുമാറ്റിയവർക്ക് സംഭവിക്കുന്ന അനുഭവംകൂടിയാണ്.
ഉപ്പയും ഉമ്മയും വേർപിരിഞ്ഞു വേറെ വേറെ കല്യാണം കഴിച്ചതിന്റെ ഇരകളായ കുട്ടികൾ, ഉപ്പ മരിച്ചു ഉമ്മ വേറെ കല്യാണം കഴിച്ചതോടെ ഏകാകിയായ മകൻ, ഉപ്പയുടെ മരണശേഷം ഉമ്മാക്ക് നോക്കാൻ കഴിയാത്ത സ്ഥിതിയിൽ വീടുവിട്ട് പോരേണ്ടി വന്നവർ, ഉപ്പ നിത്യരോഗിയായതിനാൽ വീട്ടിൽ നിവൃത്തിയില്ലാത്ത കാരണം എത്തിയവർ, കുടുംബം ദാരിദ്ര്യത്തിലായതുകൊണ്ട് നാട്ടിലുള്ളവർ ചേർന്ന് കൊണ്ടാക്കിയവർ... അങ്ങനെയുള്ളവരുടെ ഒരു ലോകം നിരവധി അനുഭവങ്ങളിലൂടെ, പറഞ്ഞാൽ തീരാത്ത സന്ദർഭങ്ങളിലൂടെ കടന്നുപോകുന്നതായി നോവലിൽ ആവിഷ്‌കൃതമാകുന്നു.
അനാഥകൾ അനുഭവിക്കുന്ന സങ്കടങ്ങളും അപമാനങ്ങളും വൈകാരികമായി അവതരിപ്പിക്കുന്നതോടൊപ്പം അതിജീവന സാധ്യതകളെ ഉപയോഗപ്പെടുത്തി ജീവിതം തിരിച്ചുപിടിക്കുന്ന പ്രത്യാശയുടെ ചെറുവെളിച്ചങ്ങളും നോവലിൽ ഉൾച്ചേർന്നിരിക്കുന്നു. അനാഥശാലകളുടെ ക്രിയാത്മക സംഭാവനകൾ നോവലിന്റെ മറ്റൊരു ഭാഗമായി മാറുന്നു.
കാലത്തിനനുസരിച്ച് അവ നേടിയെടുത്ത ഭൗതിക പുരോഗതി നോവൽ പകർത്തിവെച്ചിട്ടുണ്ട്. അതേസമയം, ഒരു ഭൗതികമാറ്റവും ഭൂതകാല അനുഭവങ്ങളെ റദ്ദ് ചെയ്യുന്നുമില്ല. അനാഥനെ പരിഗണിക്കണമെന്ന ഖുർആൻ വചനത്തിൽ തുടങ്ങി മാനസിക വിഷമങ്ങൾ മാറ്റാൻ അനാഥയെ തലോടുക എന്ന നബിവചനത്തിലാണ് നോവൽ അവസാനിക്കുന്നത്. നന്മയുടെ അത്തർമണം പരക്കുന്ന വല്യുപ്പയും യതീമുകളുടെ ഉപ്പയും ചീഫ് വാർഡനുമെല്ലാം ആ സന്ദേശങ്ങളുടെ ജീവൽമാതൃകകൾകൂടിയാണ്. പിരാന്തൻ അബുവിന്റെ പ്രസംഗങ്ങളും പാട്ടുകളും വ്യവസ്ഥിതിക്ക് നേരെയുള്ള ചോദ്യങ്ങളാണ്.
നോവലിന്റെ തുടക്കം മുതൽ അവസാനം വരെ വിഷമതകളുടെ ഒരേ താളമാണ്. സൽമാൻ എന്ന മുഖ്യകഥാപാത്രത്തിലൂടെയാണ് അനാഥത്വത്തിന്റെ സങ്കടപ്പുഴ ഒഴുകുന്നത്. ഏറനാടിന്റെ തനത് ശൈലിയും ലാളിത്യവും ആഖ്യാനത്തെ വേറിട്ടതാക്കുന്നു. സങ്കടങ്ങളെ വൈകാരികതയോടെ എഴുതാൻ ശരിക്കും പറ്റുന്ന ഭാഷയും ആഖ്യാനവും തന്നെയാണ് മുഖ്താർ ഉപയോഗിച്ചിരിക്കുന്നത്. കുഞ്ഞുജീവിതങ്ങളുടെ വ്യസനങ്ങൾ വായനക്കാരന് കൃത്യമായി പകർന്നുകിട്ടുന്നു. അതിനെ ദൃശ്യവത്കരിക്കുന്ന എ.ഐ ചിത്രങ്ങൾ പുസ്തകത്തിൽ നിരവധിയുണ്ട്. അതും ചെയ്തിരിക്കുന്നത് നോവലിസ്റ്റാണ്. ഉള്ളുലക്കുന്ന പുസ്തകമാണിത്. വാക്കുകളും വരകളും കണ്ണീർ നനവോടെ സംസാരിക്കുന്ന നോവൽ.