Begin typing your search above and press return to search.
proflie-avatar
Login

ഫലസ്തീൻ യുദ്ധകാണ്ഡം

ഫലസ്തീൻ യുദ്ധകാണ്ഡം
cancel
camera_alt

ഫലസ്തീൻ യുദ്ധത്തിന്റെ നൂറുവർഷങ്ങൾ

റഷീദ് ഖാലിദി

വിവ. എ.പി. കുഞ്ഞാമു

പേജ്: 395, വില 430.00

ബുക്ക്് പ്ലസ്, ഹിദായത്ത് നഗർ

ചെമ്മാട്, തിരൂരങ്ങാടി

2013ലെ അറബ് റൈറ്റേഴ്സ് യൂനിയന്റെ ഖുദുസ് (ജറൂസലം) അവാർഡ് മൊറോക്കൻ നോവലിസ്റ്റും ആക്ടിവിസ്റ്റുമായ ഖനാത്ത ബനൂനക്കായിരുന്നു. ആ വർഷം നവംബർ 24-27ൽ മസ്കത്തിൽ ചേർന്ന യൂനിയന്റെ വാർഷിക സമ്മേളനത്തിന്റെ ഉദ്ഘാടന വേളയിൽ ഖനാത്ത അവാർഡ് ഏറ്റുവാങ്ങുമ്പോൾ, പ്രസ്തുത സമ്മേളനത്തോടനുബന്ധിച്ച് നടന്ന ഒമാൻ റൈറ്റേഴ്സ് ​അസോസിയേഷന്റെ സമ്മേളനത്തിൽ പ്രബന്ധമവതരിപ്പിക്കാൻ ക്ഷണിക്കപ്പെട്ട ഈ ലേഖകനും ആ സദസ്സിലുണ്ടായിരുന്നു. അവാർഡ് സ്വീകരിച്ചുകൊണ്ട് ഖനാത്ത ചെയ്ത പ്രസംഗത്തിൽ പൊരുതുന്ന ഫലസ്തീനുവേണ്ടി തന്റെ ജീവിതം ഉഴിഞ്ഞുവെക്കാനുണ്ടായ കാരണങ്ങൾ വിശദീകരിക്കുകയുണ്ടായി. അക്കൂട്ടത്തിൽ അവർ വെളിപ്പെടുത്തിയ ഒരു പ്രധാന കാര്യം ഇപ്പോൾ നടക്കുന്ന ഗസ്സ യുദ്ധപശ്ചാത്തലത്തിൽ പ്രസക്തമാണ്. വർഷങ്ങൾക്കുമുമ്പ് ജറൂസലം സന്ദർശിച്ച വേളയിൽ ഇസ്രായേലിയർ മനുഷ്യര​െല്ലന്ന് തനിക്ക് ബോധ്യം വന്നുവെന്നും അതോടെയാണ് ഇവരിൽ ഇനി ഒരു പ്രതീക്ഷയും പുലർത്തുന്നതിൽ അർഥമില്ലെന്ന് താൻ തീരുമാനിച്ചതെന്നും അവർ പറയുകയുണ്ടായി. ഗസ്സയിൽ ഇളംപൈതലുകളുടെ മേൽ അഗ്നികൊണ്ട് വംശഹത്യയുടെ പുതിയ ചരിതം രചിക്കുന്ന നെതന്യാഹുവിന്റെ ഇസ്രായേൽ ഖനാത്തയുടെ വാക്കുകൾക്ക് അടിവരയിടുകയാണ്.

വംശീയത എന്നത് പുള്ളിപ്പുലിയുടെ പുള്ളിപോലെ മായ്ച്ചുകളയാൻ കഴിയാത്ത, ഇസ്രായേലിന്റെ ജനിതക സവിശേഷതയാണെന്നതാണ് സത്യം. 1975 നവംബർ 10ന് യു.എൻ പൊതുസഭ 35നെതിരെ 72 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ പാസാക്കിയ 3379ാം പ്രമേയമനുസരിച്ച് സയണിസം വംശീയ പ്രത്യയശാസ്ത്രവും ഇസ്രായേൽ വംശീയ രാഷ്ട്രവുമാണ്. ഓസ്​ലോ കരാറിനുവേണ്ടി 1991ലാണ് പി.എൽ.ഒവിന്റെകൂടി സമ്മതത്തോടെ ഈ പ്രമേയം റദ്ദുചെയ്യപ്പെടുന്നത്. ​പ്രമേയം റദ്ദുചെയ്തതുകൊണ്ട് സ്വഭാവം മാറുകയില്ലല്ലോ.

അമേരിക്കയുടെ കാർമികത്വത്തിൽ യു.എൻ പൊതുസഭയുടെ കൈലേസ് ഉപയോഗിച്ച് ഇസ്രായേലിന്റെ ‘വംശീയ കളങ്കം’ മായ്ച്ചുകൊടുത്തെങ്കിലും 2018ൽ ‘ജ്യൂയിഷ് നേഷൻ സ്റ്റേറ്റ് ലോ’ ബില്ല് പാസാക്കി ഇസ്രായേലി നെസറ്റ് അഭിമാനപൂർവം ആ പതക്കം അണിയുന്നതാണ് ലോകം കണ്ടത്. തീർത്തും ‘അപാർ​​െതെറ്റ്’ സ്വഭാവത്തോടുകൂടിയ പ്രസ്തുത നിയമം മൂന്നു സവിശേഷതകൾ ഉൾക്കൊള്ളുന്നതായിരുന്നു. അതനുസരിച്ച് ഇസ്രായേലിൽ സ്വയം നിർണയാവകാശം യഹൂദജനതക്ക് മാത്രം സംവരണം ചെയ്യപ്പെട്ടതാണ്. രണ്ടാമതായി അറബ് ഇസ്രായേലികൾ വ്യാപകമായി സംസാരിച്ചിരുന്ന അറബിഭാഷയെ രണ്ടാംതരമായി തരംതാഴ്ത്തി. പ്രസ്തുത നിയമം ഹിബ്രുവിന് മാത്രം ഔദ്യോഗിക പദവി നൽകി. മൂന്നാമതായി ബില്ല് എവിടെയും സെറ്റിൽമെന്റുകളുണ്ടാക്കാനുള്ള അവകാശം യഹൂദവിഭാഗത്തിന് പതിച്ചുനൽകി. ഒമ്പത് ദശലക്ഷം വരുന്ന ഇസ്രായേൽ പൗരന്മാരിൽ അഞ്ചിലൊന്ന് വരുന്ന അറബ് പൗരന്മാരുടെ മുഖത്ത് ആഞ്ഞടിക്കുന്നതായിരുന്നു ബില്ല്. നെസറ്റിലെ അറബ് മെംബർമാർ അപാർ​െതെറ്റ്, അപാ​െതെറ്റ് എന്ന് അട്ടഹസിച്ച് ബില്ലിന്റെ കോപ്പികൾ പിച്ചിച്ചീന്തി നിലത്തിട്ട് ചവിട്ടിത്തേച്ചാണ്, തങ്ങളെ രണ്ടാംതരം പൗരന്മാരാക്കുന്ന ഈ ബില്ലിനോട് പ്രതികരിച്ചത്. ‘മധ്യ പൗരദേശത്തെ ഏക ജനാധിപത്യ രാജ്യം’ എന്ന് പടിഞ്ഞാറൻ മീഡിയയും നമ്മുടെ രാജ്യത്തെ മതേതര സുവിശേഷ സംഘവും വാഴ്ത്തുപാട്ട് പാടുന്ന ഇസ്രായേലിന്റെ യഥാർഥ ചിത്രമാണിത്.

ജറൂസലം ആസ്ഥാനമായുള്ള ഡെമോക്രസി ഇൻസ്റ്റിറ്റ്യൂട്ട് തലവൻ യോഹന്നാൻ പ്ലെസ്നർ അടക്കം ഇസ്രായേലി ഇടതുപക്ഷവും അമേരിക്കൻ ലിബറൽ ജൂതന്മാരും വംശവിവേചനപരവും ജനാധിപത്യ വിരുദ്ധവുമെന്ന് വിശേഷിപ്പിച്ച ഈ ബില്ലിനെക്കുറിച്ച് നെതന്യാഹു പറഞ്ഞത്, ഇസ്രായേലിന്റെ ചരിത്രത്തിലെ നിർണായക മുഹൂർത്തം എന്നാണ്.

ഇസ്രായേലിന്റെ വംശഹത്യാ ചരിത്രത്തിലെ നിരവധി കണ്ണികളിൽ ഒന്ന് മാത്രമാണ് ഇപ്പോൾ ഗസ്സയിൽ നടക്കുന്നത്. ജൂത മൂലധന ശക്തികൾ നിയന്ത്രിക്കുന്ന വൻകിട മാധ്യമങ്ങളുടെ പിന്തുണയാണ് ഇസ്രായേലിന്റെ മഹാഭാഗ്യങ്ങളിലൊന്ന്.

ഇസ്രായേൽ ഭീകരപ്രവർത്തനം നടത്തിയാൽ അതിഗംഭീര സാഹസിക പ്രവർത്തനമായി ഉദ്വേഗജനകമായ വർണങ്ങളിലാണ് ഈ മാധ്യമങ്ങൾ വാർത്താ വിന്യാസം നടത്തുക. അതേസമയം, ഫലസ്തീനികളുടെ ചെറുത്തുനിൽപാണെങ്കിൽ മനുഷ്യത്വ വിരുദ്ധമായ ഭീകരപ്രവർത്തനമായിട്ടായിരിക്കും ഇതേ മാധ്യമങ്ങളിൽ അവതരിക്കുക. 1974ൽ യാസിർ അറഫാത്ത് ​യു.എൻ പൊതുസഭയെ അഭിമുഖീകരിച്ചപ്പോൾ അമേരിക്കയിലെ ടൈം മാഗസിൻ ഒരു പ്രത്യേക പതിപ്പ് ഇറക്കിയിരുന്നു. ‘‘ഞാൻ ഒരു കൈയിൽ തോക്കും മറുകൈയിൽ സമാധാനത്തിന്റെ ഒലീവ് കമ്പുമായാണ് ഇവിടെ നിൽക്കുന്നതെന്ന്’’ അദ്ദേഹം പറഞ്ഞത് ഏറെ ശ്രദ്ധിക്കപ്പെടുകയുണ്ടായി. എന്നാൽ, ടൈം മാഗസിന്റെ കവർസ്റ്റോറിയുടെ ശീർഷകം ‘യു.എൻ അണ്ടർ ദി ഷാഡോ ഓഫ് പിസ്റ്റൾ’ എന്നായിരുന്നു. അതേ ലക്കത്തിൽത്തന്നെ ചില ഫലസ്തീൻ/ബുദ്ധിജീവികളുടെ പടങ്ങളും പ്രസിദ്ധീകരിച്ചിരുന്നു. ‘ഫലസ്തീനിലെ ജൂതർ’ എന്നായിരുന്നു അതിന്റെ അടിക്കുറിപ്പ് വാചകം. ‘യഹോവയാൽ തിരഞ്ഞെടുക്കപ്പെട്ട’ യഹൂദരുടെ കുത്തകയാണല്ലോ ബുദ്ധിശക്തി. പക്ഷപാതപരവും കുത്സിതവുമായ ഈ പത്രപ്രവർത്തനത്തെക്കുറിച്ച് ഇൗ ലേഖകൻ ഒരു കുറിപ്പെഴുതി ടൈമിനയച്ചുകൊടുത്തു. കുറ്റം പറയരുതല്ലോ. ആരോപണം നിഷേധിച്ചുകൊണ്ട് താമസിയാതെ അവർ മറുപടി നൽകി. എന്നാൽ, ആ കത്ത് പ്രസിദ്ധീകരിക്കാനുള്ള പത്രമര്യാദ മാത്രം കാണിച്ചില്ല.

ഈ പശ്ചാത്തലത്തിൽ ഫലസ്തീന്റെ യുദ്ധകാണ്ഡത്തെക്കുറിച്ച് വിസ്തരിച്ചറിയാൻ താൽപര്യമുള്ളവർക്കുള്ള ഒരു റഫറൻസ് ഗ്രന്ഥമാണ് അമേരിക്കൻ-ഫലസ്തീനി ചരിത്രകാരനായ റശീദ് ഖാലിദിയുടെ ‘ഫലസ്തീൻ യുദ്ധത്തിന്റെ നൂറുവർഷങ്ങൾ’. പുസ്തകത്തിന്റെ അക്കാദമികമൂല്യം സൂചിപ്പിക്കാൻവേണ്ടി മാത്രമാണ് റഫറൻസ് ഗ്രന്ഥമെന്ന് വിശേഷിപ്പിച്ചത്. 1917-1939, 1947-1948, 1967, 1982, 1987-1995, 2000-2014 എന്നീ കാലഘട്ടങ്ങളിൽ നടന്ന യുദ്ധങ്ങളുടെയും സംഘർഷങ്ങളുടെയും പ്രതിപാദ്യമാണ് പുസ്തകത്തിലെ ഉള്ളടക്കമെങ്കിലും അത്യന്തം രസനിഷ്യന്തിയാണ് 395 പുറങ്ങൾ വരുന്ന ഇതിലെ ആഖ്യാനം. 1991 മുതൽ 1993 വരെ അറബ്-ഇസ്രായേൽ സമാധാന ചർച്ചകളിൽ ഫലസ്തീന്റെ ഉപദേഷ്ടാവായി പ​ങ്കെടുത്ത ഖാലിദി, കൊളംബിയ യൂനിവേഴ്സിറ്റിയിലെ എഡ്വേഡ് സഈദിന്റെ പേരിലുള്ള ആധുനിക അറബ് സ്റ്റഡീസ് വകുപ്പിൽ​ പ്രഫസറും ജേണൽ ഓഫ് ഫലസ്തീൻ സ്റ്റഡീസ് എഡിറ്ററുമാണ്. പുസ്തകത്തിന്റെ പേജുകളിലൂടെ കടന്നുപോകുമ്പോൾ വിജ്ഞേയമായ നിരവധി അറിവുകൾ മാത്രമല്ല തീക്ഷ്ണമായ അനുഭവങ്ങളുടെ വേവുംവായനയെ ത്വരിപ്പിക്കുന്ന ഘടകമാണ്. ചില അറബി പേരുകളുടെ ലിപ്യന്തരത്തിലെ സൂക്ഷ്മതക്കുറവ് (ബൈാർസ്, ബൈബാർ (ബൈറസ് ശരി), റഗീബുൽ ഖാലിദി (റാഗിബുൽ ഖാലിദി ശരി) എന്നിവ ഉദാഹരണം) ഒഴിച്ചുനിർത്തിയാൽ വിവർത്തനമെന്ന് തോന്നാത്തതാണ് വിവർത്തകനായ എ.പി. കുഞ്ഞാമുവിന്റെ ഭാഷ.

l

Show More expand_more
News Summary - Malayalam Book Review