കൂടത്തായി കൊലപാതകം വിഷയമാക്കി ക്രൈംത്രില്ലറുമായി സൗരഭ് മുഖർജി; 'ഡെത്ത് സെർവ്ഡ് കോൾഡ്'
തിരുവനന്തപുരം: താമരശ്ശേരി കൂടത്തായിയിലെ ജോളി നടത്തിയ സയനൈഡ് കൊലപാതകങ്ങൾ വിഷയമാക്കി ക്രൈം ത്രില്ലർ പുസ്തകം പുറത്തിറങ്ങി. ബെസ്റ്റ് സെല്ലർ എഴുത്തുകാരൻ സൗരഭ് മുഖർജിയാണ് 'ഡെത്ത് സെർവ്ഡ് കോൾഡ്' എന്ന പേരിൽ പുസ്തകം രചിച്ചത്. ജോളി പ്രതിയായ, 14 വർഷത്തിനിടെ നടന്ന ആറ് ദുരൂഹ മരണങ്ങളും കഴിഞ്ഞ മൂന്ന് ദശകങ്ങളിൽ ഇന്ത്യ കണ്ട കുപ്രസിദ്ധരായ സ്ത്രീ കൊലയാളികൾ ചെയ്ത നടുക്കുന്ന കുറ്റകൃത്യങ്ങളും പുസ്തകം പ്രതിപാദിക്കുന്നു.
സൗരഭിന്‍റെ ജനപ്രിയ സൈക്കോളജിക്കൽ ത്രില്ലർ നോവലുകളായ 'ദ സിന്നേഴ്സ്', 'ദ കളേഴ്സ് ഓഫ് പാഷൻ': അൺറാവലിങ് ഡാർക്ക് സീക്രെട്സ് ബിഹൈൻഡ് ദ ലൈംലൈറ്റ്,' ഇൻ ദ ഷാഡോസ് ഓഫ് ഡെത്ത്: എ ഡിറ്റക്ടീവ് അഗ്നി മിത്ര ത്രില്ലർ ' എന്നിവയുടെ തുടർച്ചയാണ് പുതിയ പുസ്തകം. കേരളം, പശ്ചിമ ബംഗാൾ, മഹാരാഷ്ട്ര, ഹരിയാന, മധ്യപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള കുപ്രസിദ്ധ സ്ത്രീ കൊലയാളികളെക്കുറിച്ചാണ് കഥകൾ.
'ഇന്ത്യയിൽ അങ്ങോളമിങ്ങോളമുള്ള ആളുകളുടെ ഉറക്കം കെടുത്തിയ സംഭവമാണ് കൂടത്തായി കേസ്. എനിക്ക് ചുറ്റുമുള്ള ആളുകളിൽ ഈ കഥയെക്കുറിച്ചു കൂടുതൽ അറിയാനുള്ള വ്യഗ്രത ഞാൻ കണ്ടു. അത് കൂടുതൽ അന്വേഷിക്കേണ്ടതുണ്ടെന്ന് തോന്നി'- പുസ്തകമെഴുതാനുള്ള സാഹചര്യത്തെ കുറിച്ച് പ്രകാശന ചടങ്ങിൽ സൗരഭ് മുഖർജി പറഞ്ഞു.
കൊൽക്കത്തയിലെ ജാദവ്പൂർ സർവകലാശാലയിൽ നിന്ന് ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻസ് എഞ്ചിനീയറിങ് ബിരുദം നേടിയ സൗരഭ് നിലവിൽ ആഗോള ടെക്നോളജി കമ്പനിയിൽ സീനിയർ ഓഫിസറാണ്. സൃഷ്ടി പബ്ലിഷേഴ്സാണ് പുതിയ പുസ്തകത്തിന്റെ പ്രസാധകർ.