‘കാലം കാത്തുവെക്കുന്നത്’ നേരുകളും സ്വപ്നങ്ങളും
സി. രാധാകൃഷ്ണന്റെ ‘കാലംകാത്തുവെക്കുന്നത്’ എന്ന പുസ്തകം വായിച്ചതിന്റെ അനുഭവം പങ്കുവെക്കുകയാണ്, നോവലിലെ കഥാപാത്രംകൂടിയായ ലേഖിക.ചില സൃഷ്ടികൾ കണ്ണാടികളാണ്. അവ നേരുകളെ ഒരു മറയുമില്ലാതെ, മെഴുക്കിന്റെ മങ്ങലില്ലാതെ, നമുക്കു വ്യക്തമാക്കിത്തരുന്നു. നാം ആരെന്നും ഈ നേരുകളുമായി നമുക്കുള്ള ബന്ധമെന്തെന്നും അവ വെളിപ്പെടുത്തുന്നു. കണ്ണാടിയിലേക്ക് കൂടുതൽ നോക്കുംതോറും...
Your Subscription Supports Independent Journalism
View Plansസി. രാധാകൃഷ്ണന്റെ ‘കാലംകാത്തുവെക്കുന്നത്’ എന്ന പുസ്തകം വായിച്ചതിന്റെ അനുഭവം പങ്കുവെക്കുകയാണ്, നോവലിലെ കഥാപാത്രംകൂടിയായ ലേഖിക.
ചില സൃഷ്ടികൾ കണ്ണാടികളാണ്. അവ നേരുകളെ ഒരു മറയുമില്ലാതെ, മെഴുക്കിന്റെ മങ്ങലില്ലാതെ, നമുക്കു വ്യക്തമാക്കിത്തരുന്നു. നാം ആരെന്നും ഈ നേരുകളുമായി നമുക്കുള്ള ബന്ധമെന്തെന്നും അവ വെളിപ്പെടുത്തുന്നു. കണ്ണാടിയിലേക്ക് കൂടുതൽ നോക്കുംതോറും നാം പതിയെ മന്ദഹസിക്കുന്നു. എങ്ങനെയോ നമ്മിൽ പ്രതീക്ഷകളും മോഹങ്ങളും ഉണ്ടാകുന്നു. ഒരു കണ്ണാടിക്കു മുന്നിൽ നിന്ന് അൽപമെങ്കിലും സ്വപ്നം കാണാത്തവർ നമ്മിൽ ആരുണ്ട്?
പ്രസിദ്ധ എഴുത്തുകാരൻ സി. രാധാകൃഷ്ണന്റെ ‘കാലം കാത്തുവെക്കുന്നത്’ വായിച്ചു കഴിഞ്ഞപ്പോൾ ഈ നോവൽ എത്ര തെളിഞ്ഞ, വെളിച്ചമുള്ള കണ്ണാടിയാണെന്ന് ചിന്തിച്ചു. എത്രയെത്ര നേരുകൾ ഈ നോവലിലൂടെ തെളിഞ്ഞുവരുന്നു! മനുഷ്യരാശിയുടെ സ്വഭാവത്തിലേക്കും ചരിത്രത്തിലേക്കും ഇനി വരാനിരിക്കുന്ന ദുരന്തങ്ങളിലേക്കുമുള്ള കണ്ണാടിക്കാഴ്ചകളാണ് അവ. സയൻസ് എന്നും മനുഷ്യനിൽനിന്ന് അകന്നു സഞ്ചരിക്കുന്നതിലേക്ക്, ഒരിക്കൽ മനുഷ്യർക്കു പകരമാകുമെന്ന് തീർച്ചയുള്ള റോബോട്ടുകളിലേക്ക്, ക്വാണ്ടം കമ്പ്യൂട്ടിങ്ങിന്റെ അനന്തസാധ്യതകളിലേക്ക്, ജീനെഴുത്തിന്റെ വൈവിധ്യത്തിലേക്ക്, ശാന്തിയുടെ തുരുത്താകുന്ന അദ്വൈതദർശനത്തിലേക്ക്... അങ്ങനെ എത്രയെത്ര നേർക്കാഴ്ചകളിലേക്ക് ഈ കണ്ണാടി വെളിച്ചം പകരുന്നു! ഒപ്പം, ഈ എഴുത്തുകാരനിൽ എന്നും പ്രകടമായി കണ്ടിട്ടുള്ള, സംഭാഷണങ്ങളിലൂടെ, വാക്കുകളിലൂടെ അദ്ദേഹത്തിന്റെ കൈയൊപ്പായി നാം അറിഞ്ഞിട്ടുള്ള “ലോകാ സമസ്ത സുഖിനോ ഭവന്തു”വിന്റെ സ്വപ്നസഞ്ചാരങ്ങളും ‘കാലം കാത്തുവെക്കുന്നതാ’യി വായനക്കാർ അറിയുന്നു.
സി. രാധാകൃഷ്ണന്റെ രചനാപാടവവും ഗവേഷണ നൈപുണ്യവും ദാർശനിക ചിന്തകളും കുറച്ചെങ്കിലും അറിഞ്ഞിട്ടുള്ളതുകൊണ്ടും, സാറിലെ ഫിസിസിസ്റ്റ് ഇന്നും ബാക്കിയുണ്ട് എന്ന ധാരണയുള്ളതിനാലും ഈ നോവൽ എന്നിൽ അത്ഭുതം ഉളവാക്കിയില്ല. എന്നാലോ, അത്ഭുതപ്പെട്ടു പലപ്പോഴും എന്നുപറയാതെയും വയ്യ! ഈ നോവലിന്റെ പിന്നിൽ വേണ്ടിവന്നിട്ടുള്ള ഗവേഷണം. അതിലൂടെ ലഭ്യമായ അറിവുകളുടെ കൂട്ടിക്കിഴിക്കലുകൾ. അവ തിരഞ്ഞെടുക്കുന്നതിന്റെ, ചേർത്തുവെക്കുന്നതിന്റെ ഭാരങ്ങൾ. എല്ലാറ്റിനുമുപരി, എത്രയെത്ര കഥകളുടെ ഇഴകൾ – അതും എത്രയോ രാജ്യങ്ങളിൽ നടക്കുന്നത്. ചൈനയും പോളണ്ടും സ്വീഡനും അമേരിക്കയും സിംഗപ്പൂരും തുടങ്ങി എത്രയോ ദേശങ്ങളിലെ കഥാതന്തുക്കൾ – ബഹുവർണത്തിലും പല വലുപ്പത്തിലും നീളത്തിലുമുള്ളവ– ‘കാലംകാത്തുവെക്കുന്ന’ കമ്പളത്തിൽ ഭംഗിയായി നെയ്തുകൂട്ടിയിരിക്കുന്നു. ഇതെല്ലാം ആലോചിച്ചാണ് ഞാൻ അമ്പരന്നത്. അടുത്ത അതിശയം ഈ നോവലിൽ ഒരു നായകനോ നായികയോ ഇല്ല എന്നതായിരുന്നു. എന്നാൽ മനുവിനെ അറിയാത്തവർ, നോവയെ സ്നേഹിക്കാത്തവർ, കാർലോസിനെ മനസ്സിലാകാത്തവർ, സാറയെ നമിക്കാത്തവർ, അന്നയെ ഇഷ്ടപ്പെടാത്തവർ, സോനുവിൽ അഭിമാനിക്കാത്തവർ… നമ്മൾ വായനക്കാരിൽ കുറവായിരിക്കും. കാരണം, അവർ നാം തന്നെയാണ്. രചനയുടെ ഇന്ദ്രജാലത്തിലൂടെ, ദേശകാലഭേദങ്ങളില്ലാതെ, മാനവികത ഇവരിലൂടെ നായകനും നായികയും ആയിരിക്കുന്നു.
മനുഷ്യകുലത്തിന്റെ ഭാവി എന്ത് എന്ന ഒരൊറ്റ ചിന്തയാണ് ഈ നോവലിന്റെ കാതൽ. ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും മഹാമാരികളും ഇനിയെന്ത് എന്നു വിഷമിപ്പിക്കുന്ന അവസ്ഥയാണ് ഇപ്പോൾ. ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന വേടനായി ഇനിയെത്ര കാലം നമുക്കു തുടരാൻ ആവും?കൊറോണ വൈറസിന് ജനിതകമാറ്റം വന്നതിന് പ്രകൃതിയോ അതോ മനുഷ്യനോ ഉത്തരവാദി എന്ന തർക്കങ്ങൾ ഇനിയും തീർന്നിട്ടില്ലെന്നിരിക്കെ, മറ്റൊരു സുപ്രധാന കാര്യം എല്ലാവർക്കും ബോധ്യമായി – ഇതെല്ലാം ഇനി കൂടിക്കൂടി വരാനാണ് സാധ്യത എന്ന്! പ്രകൃതി ഒരുവഴിക്കും നാം മറ്റൊരു വഴിക്കും കളിക്കുന്നതുകൊണ്ടാണ്. ജനിതക കോഡുകൾ – അതും നമ്മുടെ ജീനോമിൽ ഒരു ശതമാനത്തിൽ മാത്രമാണ് കോഡിങ് ഉള്ളത് – അതുമാറ്റിയുള്ള കളികൾ നാം എന്നേ തുടങ്ങിക്കഴിഞ്ഞു. കാലക്കിളിവാതിലിലൂടെ (ഈ കിളിവാതിലിന്റെ ഐഡിയ എത്രയോ അനുയോജ്യം! മറ്റൊന്ന് ഗരുഡ മുത്തച്ഛനാണ്. അതിനെപ്പറ്റി പിന്നാലെ പറയാം), ഓരോ അരങ്ങും രംഗവും തുറന്നുകാണിക്കുന്ന ഈ നോവൽ തുടങ്ങുന്നതേ ജനിതകപരീക്ഷണങ്ങളുമായിട്ടാണ്. ആ ഒരൊറ്റ വസ്തുതയിൽനിന്നും ഈ വിഷയത്തിനു നോവലിസ്റ്റ് നൽകിയിരിക്കുന്ന പ്രാമുഖ്യം നമുക്ക് മനസ്സിലാക്കാം.
നോവലിലെ മറ്റൊരു പ്രമുഖ വിഷയം ക്വാണ്ടം എൻടാംഗ്ൾമെന്റും കമ്പ്യൂട്ടിങ്ങും ആണ്. ക്വാണ്ടം എന്നാൽ ഏതൊന്നിന്റെയും പരമാണു എന്നർഥം. ഉദാഹരണത്തിന്, വെളിച്ചത്തിന്റെ പരമാണു ഫോട്ടോൺ ആണ്. ഇതു വായിക്കുന്ന പലരും അടിസ്ഥാന പരമാണുക്കളായി ഇലക്ട്രോൺ, പ്രോട്ടോൺ, ന്യൂട്രോൺ എന്നൊക്കെ പഠിച്ചവർ ആയിരിക്കും. ഇന്നു പക്ഷേ നാം ക്വാർക്കുകളിൽ എത്തിനിൽക്കുന്നു. അവകൊണ്ടാണ് േപ്രാട്ടോണുകളും ന്യൂട്രോണുകളും ഉണ്ടായിരിക്കുന്നത്. ലെപ്റ്റോണുകളുമായി ചേർന്ന് അവ നിർമിച്ചതാണ് നമ്മുടെ ഈ പ്രപഞ്ചം മുഴുവനും. ഒരു പ്രോട്ടോണിനേക്കാളും ചെറുതായിരുന്ന ഒരു ബിന്ദുവിൽനിന്ന് തുടങ്ങിയതാണ് നാം എല്ലാമെന്ന് സയൻസ് പറയുന്നു. കാലവും ദേശവും ഒന്നിച്ച ഒരു ബിന്ദു. അപ്പോൾ നാം എല്ലാവരും എല്ലാ ജീവകണങ്ങളും എൻടാംഗ്ൾഡ് ആയില്ലെങ്കിലല്ലേ അത്ഭുതപ്പെടേണ്ടതുള്ളൂ?
ഇതൊക്കെ ആലോചിച്ചാൽ വംശീയത, ദേശീയത, ജാതി, മതം, അതിർത്തികൾ, ചർമത്തിന്റെ നിറം തുടങ്ങി നാം തമ്മിലടിക്കുന്ന കാര്യങ്ങൾ എത്ര നിരർഥകമാണ്, ഭോഷത്തമാണ് എന്നു നമുക്ക് ബോധ്യപ്പെടും. അതാണ് സയൻസും സയൻസിന്റെ വഴിയേ സഞ്ചരിക്കുന്ന ഈ നോവലും നമ്മെ ഓർമിപ്പിക്കുന്നത്. സൂത്രോട്ടയെപ്പറ്റി പറഞ്ഞുതുടങ്ങി കഥാകൃത്ത് പ്രാണസ്പന്ദത്തിന്റെ ക്വാണ്ടം നിലവരെ നമ്മെ കൊണ്ടുപോകുന്നു (സൂത്രക്കാരായ ഈ ഓട്ടകൾ ഞാൻ കണ്ടിട്ടില്ല. പണ്ടത്തെ ചില വീടുകളിൽ ഒരറ്റത്തുനിന്ന് ഒരു കണ്ണിന്റെ നോട്ടം മറ്റേ അറ്റത്തുള്ള ചുമരും കടന്നുപോകുമത്രെ! എല്ലാ ഭിത്തികളിലും ഒരു നേർവരയിലായി ഓട്ടകൾ ഉള്ളതുകൊണ്ട്!). സയൻസിന്റേതാകട്ടെ, അല്ലെങ്കിൽ ഉപനിഷത്തിലെ ചിന്താധാരകൾ ആകട്ടെ, ഈ പഠനങ്ങളിലൂടെ നമുക്കു കിട്ടുന്നത് വെറും അറിവല്ല എന്നു നോവലിൽ പറയുന്നു. അതു വിവേകമാണ്. ഇന്ദ്രിയങ്ങളെ ഒന്നു വിശ്രമിക്കാൻ അനുവദിച്ച്, മനസ്സ് നന്നായി തുറന്നുവെച്ചാൽ നമുക്ക് ഈ വിവേകം ലഭിക്കും. അങ്ങനെയായാൽ, ഇന്ന് കമ്പ്യൂട്ടർ സയൻസ് പഠിക്കുന്ന ഒരു കുട്ടിക്ക് നാളെ ക്വാണ്ടം കമ്പ്യൂട്ടിങ്ങിലൂടെ ഒരു ഹാക്സിനെ നിർമിക്കാൻ പറ്റിയാൽ ആ റോബോട്ടിനും വിശ്വമാനവികതയുടെ ‘സ്വഭാവം’ വന്നേക്കാം (ഇപ്പോൾ ഇവിടെ അമേരിക്കയിലെ സിലിക്കോൺ വാലിയിലെ സ്റ്റാർട്ട് അപ്പുകളിൽ (പുതിയ കമ്പ്യൂട്ടിങ് സംരംഭങ്ങളിൽ) നല്ലൊരു പങ്ക് ക്വാണ്ടം കമ്പ്യൂട്ടിങ്ങിലാണ് ശ്രദ്ധവെച്ചിരിക്കുന്നത് എന്നു കേൾക്കുന്നു).
നോവലിൽ ഓരോ കാലക്കിളിവാതിലും തുറന്നുതരുന്നത് ഗരുഡ മുത്തച്ഛൻ ആണ്. അത് താൽപര്യജനകമായി. മനുഷ്യകുലത്തിനു കൂടിവന്നാൽ ഏതാണ്ട് ഏഴു ദശലക്ഷം വർഷം പഴക്കമേ പറയുന്നുള്ളൂ. പക്ഷികൾക്കോ ഫോസിൽ കണ്ടെത്തിയതുപ്രകാരം ഏതാണ്ട് നൂറ്റമ്പത് ദശലക്ഷം വർഷങ്ങളുടെ ചരിത്രമാണ് ഈ ഭൂമിയിൽ. അവ കണ്ടതും, കേട്ടതും, അറിഞ്ഞതും എത്രമാത്രമായിരിക്കണം! അതാണോ കിളിചരിത്രം പറയുന്നതായി ഈ നോവൽ രേഖപ്പെടുത്താൻ രചയിതാവിനെ പ്രേരിപ്പിച്ചത് എന്നറിയില്ല. അതോ, ഭാഷാപിതാവിന്റെ കിളിപ്പാട്ടിന്റെ ശൈലി പിന്തുടർന്നതാണോ? ഏതായാലും, ഗരുഡമുത്തച്ഛന് നമ്മോട് ഒരുപാട് പറയാനുണ്ട്. കേൾക്കേണ്ടത് നമ്മുടെ അതിജീവനത്തിന് അത്യാവശ്യമായും വരുന്നു, ഉതകുന്നത് ആകുന്നു. നമുക്ക് മുന്നേയുണ്ടായ പക്ഷികൾ ഒരുപക്ഷേ, നമ്മൾ നശിച്ചാലും ഈ ഭൂമിയിൽ ബാക്കിനിൽക്കുമായിരിക്കും (അങ്ങനെ പ്രാർഥിക്കുന്നു). മറ്റൊരു കിളിപ്പാട്ട് അല്ലെങ്കിൽ കിളിചരിത്രം ആണ് ഈ നോവൽ. അംഗോള മുതൽ പീക്കിങ്ങും മുംബൈയും ആമസോണായും വരെ എല്ലാം കൂട്ടിയോജിപ്പിച്ചു കാണുന്ന, പഠിക്കുന്ന ഒരു കണ്ണ്, പക്ഷിരാജന്റെ സൂക്ഷ്മമായ കണ്ണ്, ആകാശത്തുനിന്നും ഭൂമിയിലേക്ക് എന്നും നോക്കിക്കൊണ്ടേ ഇരിക്കുന്നു! എല്ലാം അറിയുന്നു! ഒരേസമയം മാന്ത്രികവും മായികവും ശാസ്ത്രീയവും ആയിരിക്കുന്നു ഈ സങ്കൽപം.
ഐക്യരാഷ്ട്രസഭയും അതിന്റെ ഒരു ഡിവിഷനായ യുനൈറ്റഡ് നേഷൻസ് ഒാൺ ഡ്രഗ്സ് ആൻഡ് ക്രൈസിസും മാനവികതയുടെ കൂടെ നായകരായി ഈ നോവലിലുണ്ട്. ഈ സംഘടനകളിലൂടെയാണ് അതിർത്തികൾ ഇല്ലാത്ത, ഭാവിയിലെ പുതിയ ഒരു ലോകം, ‘ഗ്ലോബൽ യൂനിയൻ’ സൃഷ്ടിക്കപ്പെടുന്നത്. ഇതിൽ യുനൈറ്റഡ് നേഷൻസ് ഒാൺ ഡ്രഗ്സ് ആൻഡ് ക്രൈം 1997ലാണ് സ്ഥാപിതമായത്. ഞാൻ അമേരിക്കൻ ഗവൺമെന്റിനു വേണ്ടി ഡ്രഗ്ട്രാഫിക്കിങ്ങും അവയുടെ നിർമാണവും പഠിക്കുന്ന, അന്വേഷിക്കുന്ന, ജോലി തുടങ്ങിയതും1997ൽതന്നെ. അന്നു മുതൽ ഈ സംഘടനയുടെ കൂടെ പ്രവർത്തിക്കാനും, അവരുടെ ക്ഷണം സ്വീകരിച്ച് മീറ്റിങ്ങുകളിൽ പങ്കെടുക്കാനും സംസാരിക്കാനും എനിക്കു പലപ്പോഴും അവസരങ്ങൾ കിട്ടി. അങ്ങനെ ഒരിക്കൽ, വിയനയിൽ ഡാന്യൂബിന്റെ കരയിലെ ഹോട്ടലിൽ, പാകിസ്താനിൽനിന്നു വന്ന ജനറൽമാരോടും അഫ്ഗാനിസ്താനിൽനിന്നും വന്ന മന്ത്രിയോടും ജനറലിനോടും കൂടെ സന്തോഷമായി വർത്തമാനങ്ങൾ പറഞ്ഞിരുന്ന് ഭക്ഷണം കഴിച്ചതും അതുകണ്ട് ഇന്ത്യയും പാകിസ്താനും തമ്മിൽ ഇത്ര സ്നേഹമോ എന്നു കൂടെയുണ്ടായിരുന്ന അമേരിക്കക്കാർ കളിയാക്കിയതും ഓർമവരുന്നു. അന്ന് പരിചയപ്പെട്ട അഫ്ഗാനിസ്താനിലെ മന്ത്രി പിന്നീട് കാബൂളിലെ ഒരു നാടൻ ബോംബ് (Improvised Explosive Device, IED) ആക്രമണത്തിൽ മരിച്ചുപോയി. അധികം താമസിയാതെ ആ ജനറലും ഒരു വെടിവെപ്പിൽ കൊല്ലപ്പെട്ടു. മയക്കുമരുന്നു ശൃംഖലകളുടെ പ്രവർത്തനം പ്രതിപാദിക്കുന്ന രംഗങ്ങൾ വായിച്ചപ്പോൾ ഞാൻ ആ മരണങ്ങൾ ഓർമിച്ചു. നോവൽ കണ്ണാടി എന്നെ കാണിച്ച നേരുകളിൽ ഇങ്ങനെ നിരവധി ദുരന്തങ്ങളും പെടുന്നു.
സയൻസിലും സാങ്കേതികവിദ്യകളിലും അനുദിനമെന്നോണം പുരോഗതികളും പുതു കണ്ടുപിടിത്തങ്ങളും ഉണ്ടാകുന്നുണ്ട്. എന്നിട്ടും എത്രയോ ലക്ഷം ജനങ്ങൾ -ഈ ലോകത്തിന്റെ വികസിച്ചതും വികസ്വരവുമായ കോണുകളിൽ- ഇപ്പോഴും അജ്ഞാനത്തിന്റെ, അവിവേകത്തിന്റെ, അസഹിഷ്ണുതയുടെ പാതയാണ് തിരഞ്ഞെടുക്കുന്നത്. മനുഷ്യത്വമില്ലാത്ത സയൻസിനു മനുഷ്യനെ ചേർത്തുനിർത്താൻ ആവില്ല എന്നതാണ് ഈ നോവലിന്റെ സന്ദേശം. അങ്ങനെ വരുമ്പോൾ നേരുകൾ മൃതിയടയുന്നു. എട്ടു മിനിറ്റ് സഞ്ചരിച്ച് സൂര്യന്റെ വെളിച്ചം നമ്മെ തേടിയെത്തിയിട്ടും നമുക്ക് കൂട്ടിന് ഇരുട്ട് മാത്രമാകുന്നു.
എന്നിട്ടും പ്രതീക്ഷയാണ്, സ്വപ്നമാണ് ശേഷിക്കുന്നത്! അജ്ഞതയും അവിവേകവും ആർത്തിയും യുഗാന്ത്യത്തിലേക്കാണ് നമ്മെ നയിക്കുന്നതെങ്കിൽ പക്ഷേ, ഒരു പുതുയുഗപ്പിറവിക്കും അതു വഴിതെളിക്കുമല്ലോ! ‘സാർവലൗകികവും സംശയരഹിതവും അനുഭവ സഹിതവും ആയ അവബോധ’മുള്ള ഒരു പുതിയ ജനത ഇന്നിന്റെ ചാരത്തിൽനിന്ന് നാളെ പിറവിയെടുക്കും! ഏകലോകവും ഭൂമിയതയും ഇവിടെ പുലരും! കാരണം, എല്ലാവർക്കും എല്ലാക്കാലവും നല്ലതുവരട്ടെ എന്നൊരു പ്രാർഥനയാണല്ലോ നല്ല മനുഷ്യരുടെ മനസ്സിൽ എന്നുമുള്ളത്. അവർ ഈ ഭൂമിയിൽ ഉണ്ടായിരിക്കുന്നിടത്തോളം കാലം നല്ലതു തന്നെ സംഭവിക്കും. നമുക്കായി ‘കാലം കാത്തുവെക്കുന്നത്’ ഇതത്രേ!
⚫
കെമിസ്ട്രിയിലും ഫോറൻസിക് സയൻസിലും ഗവേഷണം നടത്തുന്ന ലേഖിക അമേരിക്കയിലെ ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റിസിൽ ജോലി ചെയ്യുന്നു. ‘Sita: Now You Know Me’, ‘യാനം സീതായനം’ എന്നീ നോവലുകളുടെ രചയിതാവാണ്.