Begin typing your search above and press return to search.
proflie-avatar
Login

സ്വരരാഗസുധാരസസ്മൃതി

സ്വരരാഗസുധാരസസ്മൃതി
cancel

ഇ.പി. ശ്രീകുമാറി​ന്റെ ‘സ്വരം’ എന്ന നോവലി​ന്റെ വായന ഉണർത്തിയ ചിന്തകൾ അനുപമമായ ഭാഷയിൽ പകർത്തുകയാണ്​ നിരൂപകനും എഴുത്തുകാരനുമായ ലേഖകൻ. ജലജീവികളായ തിമിംഗലവും ഡോൾഫിനും സംഗീതത്തിനു വിധേയരാണെന്നെഴുതുന്നത് കാൾസാഗൻതന്നെയാണ്, ത​ന്റെ ‘കോസ്മോസ്’ എന്ന സർവാശ്ലേഷിയായ ഗ്രന്ഥത്തിൽ –ഓർമയുടെ നീണ്ടുനിൽപ് –persistence of memory. തിമിംഗലത്തെക്കാൾ മസ്തിഷ്ക വ്യാപാരങ്ങൾ, ഡോൾഫിന് സ്വായത്തമാണ്; മനുഷ്യനോട് താരതമ്യംചെയ്യാവുന്ന അത്രയും സമീപസ്ഥമല്ലെങ്കിലും. മനുഷ്യൻ ഉരുവാക്കിയ സംഗീതം എന്നു തന്നെയാണ് വിവക്ഷ, അല്ലാതെ സമുദ്രാന്തരങ്ങളിൽ സംഗീതവീചികളില്ലല്ലോ –നമ്മുടെ ഗ്രാഹ്യങ്ങൾക്ക് ഇപ്പുറം.The sea is murky എന്നാണ് നാം...

Your Subscription Supports Independent Journalism

View Plans
ഇ.പി. ശ്രീകുമാറി​ന്റെ ‘സ്വരം’ എന്ന നോവലി​ന്റെ വായന ഉണർത്തിയ ചിന്തകൾ അനുപമമായ ഭാഷയിൽ പകർത്തുകയാണ്​ നിരൂപകനും എഴുത്തുകാരനുമായ ലേഖകൻ.

ജലജീവികളായ തിമിംഗലവും ഡോൾഫിനും സംഗീതത്തിനു വിധേയരാണെന്നെഴുതുന്നത് കാൾസാഗൻതന്നെയാണ്, ത​ന്റെ ‘കോസ്മോസ്’ എന്ന സർവാശ്ലേഷിയായ ഗ്രന്ഥത്തിൽ –ഓർമയുടെ നീണ്ടുനിൽപ് –persistence of memory. തിമിംഗലത്തെക്കാൾ മസ്തിഷ്ക വ്യാപാരങ്ങൾ, ഡോൾഫിന് സ്വായത്തമാണ്; മനുഷ്യനോട് താരതമ്യംചെയ്യാവുന്ന അത്രയും സമീപസ്ഥമല്ലെങ്കിലും. മനുഷ്യൻ ഉരുവാക്കിയ സംഗീതം എന്നു തന്നെയാണ് വിവക്ഷ, അല്ലാതെ സമുദ്രാന്തരങ്ങളിൽ സംഗീതവീചികളില്ലല്ലോ –നമ്മുടെ ഗ്രാഹ്യങ്ങൾക്ക് ഇപ്പുറം.

The sea is murky എന്നാണ് നാം വായിക്കുക, ഇരുണ്ടുപോയിരിക്കുന്ന രസാതലംപോലുള്ള ഒരു അകത്തിൽ താളം അഭാവത്തിലാവും. തിമിംഗലങ്ങൾ തമ്മിൽ തമ്മിലുള്ള വിനിമയങ്ങളിൽ നേർത്ത ഒരു സംഗീതാത്മകത ഉണ്ടെന്ന് ധരിച്ചിട്ടുണ്ട്. അതെല്ലാം നമുക്കു കൗതുകമാണ്, കേൾക്കാവതല്ലെങ്കിലും, ചില സൂക്ഷ്മോപകരണങ്ങളാൽ മനസ്സിലാക്കാവുന്നത്. ഇവിടെയൊക്കെ നിയാമകമാവുക തലച്ചോറിലെ neuron എന്ന കോശങ്ങളാണ് –അതേ ശിരോകോശങ്ങളുടെ യാഥാർഥ്യത്തിലേക്കാണ് നാം വരിക.

തലച്ചോറിന്റെ മൂന്നാം അടരിൽ Cerebral cortex ആണ് മനുഷ്യ​ന്റെ തേജസ്സിയന്ന മോചനം എന്ന് കാൾസാഗൻ കുറിച്ചിടുമ്പോൾ neuro aesthetics ഇപ്പോഴത്തെ പോലെ പ്രചാരത്തിൽ ആയിട്ടില്ല. എങ്കിലും, അദ്ദേഹത്തി​ന്റെ സൗന്ദര്യാത്മക നിർണയത്തിലേക്കു തന്നെയാണ് aesthetics determinate നാം പോകേണ്ടത്. അത് വിഷയമായി ഭവിച്ച അസാധാരണ ദ്രവീകരണ ശേഷിയുള്ള ‘സ്വരം’ (ഇ.പി. ശ്രീകുമാറി​ന്റെ) എന്ന രചനയുടെ പരിചരണത്തിൽ. ഇത് രാഗസിദ്ധമാണ്, അതേ എഴുത്തുകാര​ന്റെ ‘മാംസപ്പോര്’ എന്നത് താളബദ്ധമാണെന്നതുപോലെ. അതിൽ സുമോ ഗുസ്തിയുടെ സ്കന്ദതാളമാണെങ്കിൽ ഇത് സിനസ്തേഷ്യയുടെ രാഗ സന്നിഭങ്ങളാണ്.

ലോകപ്രശസ്ത ന്യൂറോളജിസ്റ്റായ വി.എസ്. രാമചന്ദ്രൻതന്നെയാണ് ഇ.പി. ശ്രീകുമാറിന് ആസ്പദമായി വരുന്നത്. പത്താമധ്യായം ആരംഭിക്കുന്നത് സംഗീതം കാണുവാൻ കഴിയുന്നുണ്ടോ എന്ന ചോദ്യവുമായാണ്. അതിൽതന്നെ വേറൊരു സൂചകവുമുണ്ട്, ശങ്കരാഭരണം വായിക്കുമ്പോൾ തനിക്ക് ചെമ്പകപ്പൂവി​ന്റെ ഗന്ധം ഉളവാകുന്നുണ്ട്. ഇത്തരം സംയോജനങ്ങളെക്കുറിച്ച് ഓർക്കുന്നതിനേക്കാൾ പ്രസക്തം ഡോൾഫി​ന്റെ, തിമിംഗലത്തി​ന്റെ, സംഗീത പ്രതിപത്തി ആരായുന്നതാണ്.

മുരളികയുടെ മാധുരി കേട്ട് വശീകൃതരായി ജലപ്പരപ്പി​ന്റെ മുകളിലേക്ക് നൃത്തോദ്യുക്തരാകുന്ന ഒരു സന്ദർഭം ഈ രചനയുടെ ആദ്യ ഭാഗത്ത് –രണ്ടാം അധ്യായം – നാം നേരിടുന്നുണ്ട്. ഡോൾഫിനുകൾ ഈ മൃദുവിന്യാസങ്ങളിൽ ബദ്ധരായി അന്തരീക്ഷത്തിലേക്ക് കുതിക്കുന്നു, അവയുടേതായ നൃത്തച്ചുവടുകളിൽ. ഇവിടെ ആധാരശിലയായി ഭവിക്കുന്നത് മുരളികയാണ്, നാഗസ്വരമോ വീണാവാദ്യമോ അല്ല, ശ്രീകൃഷ്ണൻ ഏന്തിയത് പുല്ലാങ്കുഴലാണല്ലോ. ഓരോ മുളങ്കാടും സുപ്തമായ സംഗീതം അകമേ വഹിക്കുന്നുണ്ട്, ഒരു മനുഷ്യാധരം അതിനെ സ്പർശിച്ചുണർത്തുന്നതു വരെ. ഇനി തിമിംഗലത്തി​ന്റെ താളോന്മുഖതയെക്കുറിച്ച് പറയാം.

 

കാൾ സാഗൻ

നാൽപതു വർഷങ്ങൾക്കുമുമ്പ് 1984, സംഭവിച്ച ഒരു സംരക്ഷണഗീതി മൂവായിരത്തോളം വരുന്ന Beluga whalesനെ, ശാന്തസമുദ്രത്തി​ന്റേതാകണം, ഒരു അപകടമുനമ്പിൽനിന്ന് രക്ഷപ്പെടുത്തിയ വിവരം വാസ്തവത്തിൽ അവിശ്വാസജന്യമാണ്. അവക്ക് അവിടെ പുലരാൻ കഴിയുന്നില്ലെന്നു കണ്ടെത്തിയപ്പോൾ noblesse oblige അല്ലാതെന്ത്? ഒരു കപ്പൽ അവിടേക്ക് അവർ ആനയിച്ചു. ആ നീലത്തിമിംഗലങ്ങ​െള സുരക്ഷിതമായ സാഗരപഥത്തിലേക്ക് ആകർഷിക്കുകയായിരുന്നു. അവ എന്തുകൊണ്ടോ ആ അനുനയം സ്വീകരിച്ചില്ല. അങ്ങനെ വെറുതെ ഒരു കപ്പലിനെ അനുധാവനം ചെയ്യുന്നതിൽ വിശ്വാസമില്ലാത്തതാവണം, അവർ സ്വയം അകപ്പെട്ടു പോയേക്കാവുന്ന പ്രതിസന്ധിയെച്ചൊല്ലി ക്ലിപ്തമായ ബോധം ഇല്ലാതെയുമാവാം. ജീവ​ന്റെ ഭവിഷ്യത്തുകളെക്കുറിച്ച് ആശങ്കപ്പെടാൻ സസ്തനികൾതന്നെയായ തിമിംഗലത്തിന് ഈ മനുഷ്യരെപ്പോലെ പരുവമില്ലല്ലോ. ആസന്നമായ ജീവഭയം അവക്ക് തോന്നാൻ ഇടയാവുന്നില്ല,

മരണത്തിന് അങ്ങനെയൊരു alarm bell ഒന്നും നൽകാനില്ലല്ലോ, പ്രകൃതിയിലെ മറ്റു ചില താളഭംഗങ്ങൾക്കെന്നോണം; ആ നാവികരിൽ പ്രത്യുൽപന്നമതിയായ ഒരാൾ എങ്ങനെയോ സംഗീതപല്ലവികൾ ഉപയുക്തമാക്കാൻ തീരുമാനിച്ചു. ഏതു സംഗീതം? ബീഥോവ​ന്റെ appassionata, എല്ലാ തടസ്സങ്ങളെയും കൂസാതെ കുതിക്കാൻ പ്രേരകമായ സംഗീതം ഏതാവാം? Tchaikovskyയുടെ ഒരു zonata ഈ തിമിംഗലങ്ങൾക്കു കേൾക്കാവുന്ന ആവൃത്തിയിൽ play ചെയ്തു. Beluga തിമിംഗലങ്ങൾക്ക് Tchaikovskyയെ, ആ സംഗീത വ്യാപ്തിയെ ഉൾക്കൊള്ളാൻ കഴിഞ്ഞോ എന്ന് തിട്ടമില്ല. പക്ഷേ, അവർ അതിനോട് സക്രിയമായി പ്രതികരിച്ചു. ആ കപ്പലിനെ ഏതോ മാസ്മരികവിദ്യകൊണ്ടെന്നോണം ആ തിമിംഗലങ്ങൾ പിന്തുടർന്നു, നൂറോളം കിലോമീറ്റർ –നോട്ടിക്കൽ മൈലുകൾ– സുരക്ഷിതമായ സാഗരോർമികളിലേക്ക് എത്തിച്ചേരുകയുംചെയ്തു.

ഈ അപാരജലജീവികളെ സാന്ത്വനപ്പെടുത്തിയത്, ആകർഷിച്ചുകൊണ്ടുപോയത് പാശ്ചാത്യ സംഗീതത്തി​ന്റെ ഏതെല്ലാം note കളായിരിക്കണം. ഇത് ഔഷധമഹിമയാണ്, സംഗീതം ഒരു പരിഹാരമോ പ്രതിവിധിയോ ഒക്കെയായി രൂപാന്തരപ്പെടുകയാണ്. ‘രാഗചികിത്സാമൃതം’ എന്ന പ്രശസ്ത ഗ്രന്ഥം, ഡോ. സുവർണ നാലപ്പാട്ടി​ന്റെ, ഇപ്പോൾ ഓർമയിൽ വരുന്നു. ‘‘എ​ന്റെ പൊന്നോടക്കുഴലിൽ പ്രതീതി യാഥാർഥ്യമായി മായാമാളവഗൗളവും ശങ്കരാഭരണവും കല്യാണിയും ജീവൻ വെച്ചപ്പോൾ ഞാൻ ദേഹക്ഷീണമൊന്നും അറിഞ്ഞില്ല.’’ സ്വയം രഞ്ജിപ്പിക്കുന്നത് സ്വരമെന്ന സംക്ഷേപത്തിൽ ഒട്ടേറെ reaches, പ്രാപ്യസ്ഥാനങ്ങൾ ഉണ്ട്. ഇത് സംഗീതമൂർച്ഛയുടെ കഥയാണ്, സ്മൃതിയുടെ കഥയാണ്, സ്മൃതിക്ഷയത്തി​ന്റെ കഥയുമാണ്. ഈ കഥനം നേരിട്ടു ബന്ധിക്കുന്നത് ശിരോകോശങ്ങളിലേക്കാണ്; അതിനാലാണ് അവ്വിധമൊരു സൗന്ദര്യശാസ്ത്രം ഇവിടെ പ്രസക്തമാകുക. എല്ലാറ്റിനെയും തഴുകുന്ന ഒരു കേവലശ്രുതി, absolute pitch, ഈ എഴുത്തുകാരൻ ത​ന്റെ ആഖ്യാനത്തിലൂടെ കാംക്ഷിക്കുന്നു.

അപ്പോഴാണ് അത് അവർണ്യമായ ഒരു ഐന്ദ്രിയാനുഭവമായി മാറുക. തെന്നിപ്പോകുന്ന ഓർമകളുടെ സുപഥങ്ങളെ വീണ്ടെടുക്കുക, redeem എന്നത് സംഗീതത്തിലൂടെ മാത്രം സാധ്യമാകുന്ന ഒന്നാണ്. ഈ ഗ്രന്ഥകാരൻ നമുക്കു മുന്നിൽ പ്രജ്ഞാശീലനായി മരുവുന്നത്, ആ പരിണതിയാണെന്നുകൂടി ഞാൻ പറയും. ദേവനന്ദ​ന്റെയും പല്ലവിയുടെയും രാഗമൂർച്ഛകൾ എഴുത്തുകാര​ന്റെ സഞ്ജീവനികളായി മാറിവന്നിരിക്കുന്നു. പുല്ലാങ്കുഴലി​ന്റെ ഒരു നിസ്തുലതയെക്കുറിച്ചാണ് പറയാൻ ശ്രമിച്ചത്: ഷഹനായിക്കും നാഗസ്വരത്തിനും മാത്രമേ ഈ ശ്വാസം നാദമായി പരിണമിക്കുന്ന അവസ്ഥാന്തരമുള്ളൂ. സന്തൂറിലോ ഗിത്താറിലോ സാരംഗിയിലോ വീണയിലോ വയലിനിലോ ഒക്കെ നമ്മുടെ വിരലുകളാണ് ശ്രുതി പ്രസാദങ്ങളാകുന്നത്.

പക്ഷേ, പ്രാണഗതി സപ്തസ്വരങ്ങളായി പുറത്തുവരുന്നത് പുല്ലാങ്കുഴലിലൂടെയോ ഷഹനായിയിലൂടെയോ നാഗസ്വരത്തിലൂടെയോ മാത്രമാണ്. ബിസ്മില്ലാ ഖാ​ന്റെ ഷഹനായിയിൽ എന്നും ഗംഗ സന്നിഹിതമായിരുന്നു; മറ്റൊരു പൗരാണിക സന്ദർഭത്തിൽ ത്യാഗരാജ​ന്റെ യോഗവൈഭവത്തിൽ കാവേരി വ്യാപരിക്കുന്നപോലെ. നൃത്തവേദികളിൽ പുല്ലാങ്കുഴൽ സർവപ്രധാനമായ ഒരു വാദ്യമാകുന്നത് ഈ ശ്വാസപ്രവാഹങ്ങൾമൂലമാണ്. ഒരു രാഗത്തിലെ പോക്കുവരവുകൾ മറ്റേതൊരു വാദ്യത്തെക്കാൾ ഇവിടെ സാധകമാകുന്നുണ്ട്. നൃത്തത്തിന്റേതല്ലാത്ത ഒരു വേളയിൽ ദേവനന്ദനും പല്ലവിയും പങ്കിടുന്ന ഒരു സുദുർലഭ മുഹൂർത്തമുണ്ട്. പുല്ലാങ്കുഴലിൽ, ധന്യാസിരാഗം ത്യാഗരാജകീർത്തനം സാക്ഷാത്കരിക്കപ്പെടുകയാണ്. ആ രാഗത്തി​ന്റെ ഇഴുക്കമെന്തെന്നാൽ അത് ഇണകളെ തരളിതരാക്കുന്ന ഒന്നത്രേ.

സംഗീതപാഠങ്ങൾ പറയുന്ന പ്രണയഭേദങ്ങൾ എല്ലായിടത്തും ശരിയാവണമെന്നില്ല. ദേവനന്ദനും പല്ലവിയും വ്യത്യസ്ത സത്തകളാണല്ലോ. ഈ പേരുകളുടെ അനന്യതയും ഇവിടെ ശ്രദ്ധിച്ചു പോകുന്നു. ‘‘ദേവവർഷയേ നമഃ’’ എന്നത് ശിവസഹസ്രനാമത്തിൽ ഒന്നാണ്. പല്ലവി ഒരു മന്ത്രമല്ലാതെത്തന്നെ രാഗഭരമാണ്. അല്ലായിരുന്നെങ്കിൽ അവർക്ക് ബാഗേശ്രീയുടെ ആത്മാവ് തൊട്ടറിയാൻ കഴിയില്ലല്ലോ. കേവലശ്രുതിയാണല്ലോ ആ സാധക എന്നും ലക്ഷ്യമാക്കിയത്. ഈ ഇഴുക്കങ്ങൾക്കിടക്ക് ഇ.പി. ശ്രീകുമാർ കർണാടക സംഗീത ചരിത്രത്തിൽ ഇരമ്പിയിരുന്ന പുരുഷാധിപത്യ പ്രവണതയിലേക്ക് ചൂണ്ടുന്നുണ്ട്; അതൊരു വകതിരിവാണ് –discretion.

ലിംഗസമത്വം ഒരവകാശമാണെന്നു സ്ഥാപിക്കാൻ മുതിർന്നത് ഒരു കോമള സ്വരമാണ് –ബാംഗ്ലൂർ നാഗരത്നമ്മ. അവരുടെ കാലം 1878 ആണെന്നു നാം മറക്കരുത്. ലിംഗവിവേചനത്തെക്കുറിച്ച് സമൂഹത്തെ ബോധവത്കരിച്ച ആദ്യത്തെ സ്ത്രീപ്രജ. ഉൽക്കടമായ ത്യാഗരാജഭക്തിയിൽ അവർ, തിരുവയ്യാറിൽ സ്വാമികളുടെ സമാധിസ്ഥലത്ത് സ്മാരകം പണിയാൻ മുതിർന്നു. അതിനു മുമ്പൊരിക്കലും ഒരു സംഗീതാചാര്യനും അങ്ങനെ യശസ്കരിക്കപ്പെട്ടതില്ല. പിന്നീടാണ് anti-climax എന്നൊക്കെപ്പറയാവുന്ന സ്ഥിതിവിശേഷം –ദേവദാസിയായ നാഗരത്നമ്മക്ക് ത്യാഗരാജരുടെ ചരമവാർഷികത്തിൽ പാടാൻ അനുമതി നിഷേധിക്കപ്പെട്ടു. അവർ പക്ഷേ, തളരുകയായിരുന്നില്ല. ഭാവിയിലെപ്പോഴോ സംഭവിക്കേണ്ടുന്ന മഹത്തായ ഒരു അർച്ചനയുടെ ദീപ്തിവിശേഷമാണ്, അവരെ പൊമ്പിളൈ ഒരുമൈ, പെൺകൂട്ടായ്മക്കു പ്രേരിപ്പിച്ചത്. പുഷ്യരാഗ ബഹുളപഞ്ചമിയായി നാം ഇന്ന് തിരിച്ചറിയുന്ന ത്യാഗരാജ ഉത്സവം തിരുവയ്യാറിൽ കാവേരിയുടെ കാറ്റേറ്റ് നിറവേറപ്പെടുന്നത് ആ ദീപ്തി വിശേഷമാണ്.

 

ബാംഗ്ലൂർ നാഗരത്നമ്മ,ഷഡ്കാല ഗോവിന്ദ മാരാർ

ത്രിദോഷങ്ങൾക്കപ്പുറം പോകുന്ന...

ഇവിടെ, ത്യാഗരാജ​ന്റെ ജീവിതത്തിലെ ഒരസുലഭമുഹൂർത്തം എ​ന്റെ നിനവിൽ വരുകയാണ്. ഷഡ്കാല ഗോവിന്ദമാരാരുമായുള്ള താൽക്കാലിക നീരസവും, അതിനപ്പുറം സ്ഥായിയായ ആദരവും, വാതശല്യംകൊണ്ട് തടിച്ചു പിണഞ്ഞ ഞരമ്പുകൾക്കും കുറുകിയ വിരലുകൾക്കുമപ്പുറം ആ മനുഷ്യ​ന്റെ സംഗീതസത്ത ത്യാഗരാജൻ വിഭാവനം ചെയ്തില്ല. ത്രിദോഷങ്ങൾക്കപ്പുറം ചെല്ലുന്ന ഒരു സിദ്ധിയാണ് മനുഷ്യ​ന്റെ സ്വരാലാപനം എന്നത് ത്യാഗരാജന് മറ്റാരെക്കാൾ ഹൃദിസ്ഥമായിരിക്കെ –ത്യാഗരാജ​ന്റെ രാമോന്മീലനം ഒരു ഞൊടി, ആ ഊഞ്ചവൃത്തിക്കാരനെ അഹങ്കാരിയാക്കിയോ? ഏത് ഔന്നത്യത്തിലും നിങ്ങൾ ഗർവിലേക്ക് പതിച്ചു പോയേക്കാം.

രാമ, നീയെന്നെ ശിക്ഷിച്ചു, നീ തന്നെ എന്നെ ശിക്ഷാവിമുക്തനാക്കിയെന്ന് ത്യാഗരാജന് കേണു പാടാൻ ചരിത്ര നിർദിഷ്ടമായ ഒരു സന്ദർഭം ഒരുങ്ങിയതാണോ? ഷഡ്കാല ഗോവിന്ദമാരാരുടെ മനസ്സിലെ കരടില്ലായ്മ ആ സന്ധ്യക്ക് ത്യാഗരാജൻ ഒരു ഞൊടിയിൽ ഗ്രഹിച്ചിരിക്കണം. പല്ലവിയുടെ ആദ്യത്തെ ചുറ്റ് പതുക്കെ നീങ്ങുന്നു, തുടർന്ന് അതേ കാലത്തിൽ രണ്ടു തവണ ആവർത്തിക്കും; അങ്ങനെയാണ് ക്രമപ്രകാരം ആവൃത്തികൾ വരിക. മൂന്നാം കാലം, നാലാം കാലം, അനേക കാല പരിധിയിൽ ആറു കാലങ്ങൾ ആലപിച്ചു തീരുമ്പോൾ ഗായകനും ശ്രോതാക്കളും നാദസ്പന്ദങ്ങളുടെ തിരയടിയിൽ മകിഴ്ന്ന് പോവുകയാവും. ശ്രോതാക്കൾ അശ്രുമുഗ്ധരായി പരിണമിച്ചിരിക്കും. ത്യാഗരാജ​ന്റെ നീരസമത്രയും എവിടെയോ മാഞ്ഞുപോയി. ഉള്ളഴിഞ്ഞ് സ്വാമികൾ ഗോവിന്ദമാരാരെ വാഴ്ത്തുകയാണ്, സാക്ഷാൽ ഗോവിന്ദനെക്കാൾ വലിയ ഗോവിന്ദനാണ്. ഇത് സംഗീതത്തി​ന്റെ ഔഷധമൂല്യമല്ലെങ്കിൽ പിന്നെന്ത്?

പുറമെ കാണാത്ത മുറിവുകൾ

മാനസാക്ഷികളിൽ അഞ്ജനം തൂകുന്ന സ്നിഗ്ധതക്കു വിരുദ്ധമായ ഒരു അനുഭവതലത്തിലേക്കാണല്ലോ നാം പോവേണ്ടത്. ഈ രഞ്ജിപ്പിക്കലിനൊക്കെ നിയാമകമായ ചില സംഭവഗതികൾ, അത് ഇ.പി. ശ്രീകുമാറി​ന്റെ അഭംഗുരവേദനയാണ്. തീർത്തും പ്രകടനമായി പോകുമായിരുന്ന പരിതോവസ്ഥ ഇവ്വിധം സംഗീതാത്മകമായി വിടർത്തി എടുത്തു എന്നത് അപ്പഴേ സ്പഷ്ടമാകൂ. സംഗീതാത്മകമായി എന്നാണോ ഞാൻ എഴുതിയത്, പ്രജ്ഞാത്മകമായി എന്നുകൂടി ചേർക്കേണ്ടതുണ്ട്. സ്മൃതിക്ഷയത്തി​ന്റെ വിഹ്വലഹേതുവായിത്തീരുന്ന ശിരോകോശങ്ങൾ സംബന്ധിയായ സൗന്ദര്യാത്മക യാഥാർഥ്യങ്ങളിലേക്ക്, അവ്വിധം ചില ശൈഥില്യങ്ങളിലേക്ക് വഴിത്തിരിഞ്ഞ് പോയതാണ് ഞാൻ ഉദ്ദേശിച്ചത്.

ഭാവാന്തരത എന്നതിനപ്പുറം ഒരു അതിവർത്തിക്കൽ വ്യക്തിപരമായ വിഷാദമൂർച്ഛകൾ ഒരു സാർവത്രികതയിലേക്കു വെമ്പുന്നു. മറന്നവനും മറക്കപ്പെട്ടവാനും അനഭിമതരായി പെരുകിവരുന്ന ലോകക്രമത്തി​ന്റെ ഭഗ്നത – ഈ ഗ്രന്ഥത്തി​ന്റെ ആമുഖം അങ്ങനെയാണ് അവസാനിക്കുന്നത് – ഒട്ടേറെ മൂർച്ഛകളുള്ള ഈ പ്രമേയം ഗ്രന്ഥകാരൻ തിരഞ്ഞെടുത്തതല്ല; അതയാൾക്കു വേണ്ടി തിരഞ്ഞെടുക്കപ്പെട്ടതാണ്. അച്ഛനു ബാധിച്ച സ്മൃതിക്ഷയത്തിൽ, രാഷ്ട്രീയവുമായ ഹേതുത്വമുണ്ടെന്ന് ഒറ്റ വാചകത്തിലാണ് ഇ.പി. ശ്രീകുമാർ വിതുമ്പുന്നത്. അടിയന്തരാവസ്ഥയുടെ excesses നെക്കുറിച്ചുള്ള ഷാ കമീഷ​ന്റെ വിലയിരുത്തലുകൾ അതിനനുബന്ധമായി.

ഉയർന്ന ഉത്തരവാദിത്തം വഹിച്ചിരുന്ന ഒരു മനുഷ്യ​ന്റെ ഇരുനൂറു പേജോളം വരുന്ന സംക്ഷേപങ്ങൾ എല്ലാം തീക്ഷ്ണമായ ഒരു വ്യർഥതയിൽ കലാശിക്കുകയാണോ? ആ പേജുകളത്രയും നിർവികാരനായോ എന്നു തിട്ടമില്ല, അച്ഛൻ കത്തിച്ചു കളയുന്ന ചിത്രം ഇ.പി. ശ്രീകുമാറി​ന്റെ ചേതനയിൽ, ഇരുപതു വയസ്സു ചെന്ന ഒരു കുമാര​ന്റെ ചേതനയിൽ മാറാത്ത വടുക്കൾതന്നെ സൃഷ്ടിച്ചിരിക്കണം. ആ അന്തഃസ്തോഭത്തി​ന്റെ മാനങ്ങൾ അയാൾ പിന്നീടാവും ഉൾക്കൊണ്ടിരിക്കുക എന്നുമാത്രം. ഓരോ എഴുത്തുകാരെ സംബന്ധിച്ചിടത്തോളം അയാളുടെ കാതലായ രചന, അതി​ന്റെ സൂക്ഷ്മബീജങ്ങൾ, അയാളുടെ പുറമെ കാണാത്ത മുറിവുകളിൽ മുദ്രിതമായിരിക്കും എന്നു കാഫ്ക പറഞ്ഞത് എത്രയോ മുമ്പാണ്. ഇ.പി. ശ്രീകുമാറി​ന്റെ മറ്റു നോവലിൽനിന്നൊക്കെ ‘സ്വരം’ അഗാധമാകുന്നത് ഈ സാംഗത്യത്തിലാണ്.

ഈ ആഘാതത്തെ സ്വരാത്മകമായ ഒരു കലാവസ്തുവാക്കി തീർത്തതിലാണ് അതി​ന്റെ അഭിലഷണീയത. ഹതാശമായി പോകുമായിരുന്ന വൈകാരികതക്കപ്പുറം പ്രജ്ഞാഭരമായ ഒരാവിഷ്കാരത്തിനു മുതിർന്നു എന്നതിൽ – അതൊരുപക്ഷേ അനിവാര്യവുമായിരുന്നിരിക്കണം. ഏതു രചനയുടെയും വൈശിഷ്ട്യം ഈ അനിവാര്യതയാണ്. ഈ കഥ പറഞ്ഞു തീർക്കാതെ എനിക്ക് ഒരു വാഴ്വു സാധ്യമല്ല എന്ന ഉൾക്കൊള്ളൽ, അനുഭവത്തിനപ്പുറം അത് അനുഭൂത്യാത്മകമായി പരിണമിക്കുന്നു.

ഇത്രയും ജാഗരണങ്ങളിലൂടെ കടന്നുപോയ ഒരു ധീമാ​ന്റെ സ്മൃതികോശങ്ങൾ, എങ്ങനെ നശിച്ചുപോകുന്നു എന്നതിന് ഒരൊറ്റ approximation നെ, ഉത്തരമല്ല, ഉത്തരങ്ങളിലേക്കുള്ള ഒരു പ്രവേശികയേ നാളിതുവരെ കരഗതമായിട്ടുള്ളൂ, ഒരു അകർമകം. കർമസഹിതമായ ഒരു പ്രപഞ്ചം പൊടുന്നനവേ കർമരഹിതമാവുക; ഭഗ്നതകൾ ഉളവാക്കുന്ന ശൂന്യതയിൽ plateletകൾ ഇല്ലാതാവുകയാണ്, ഒരു പുനരുജ്ജീവനം അസാധ്യമാക്കിക്കൊണ്ട്. എ​ന്റെ കുടുംബത്തിൽ സംഭവിച്ച രണ്ടോ മൂന്നോ Alzheimer's രോഗികളുടെ ജീവിതം ഇവ്വിധം ശൂന്യത ചൂഴ്ന്നുവന്നതിനാലാണ് പ്രത്യേകിച്ച് ദൗർഭാഗ്യങ്ങളൊന്നും നേരിടാതെത്തന്നെ അതുവരെ പുലർന്നു വന്ന ജീവിതക്രമത്തിൽ എങ്ങനെയോ ഒരു വിഘാതം സംഭവിക്കുകയും, അവർക്ക് പ്രവർത്തിക്കേണ്ട ചുറ്റുപാടുകൾ തിരോഭവിക്കുകയും ചെയ്തിനെത്തുടർന്നുള്ള പ്രത്യാഘാതം –തികച്ചും വൈകാരികമോ ഗാർഹികമോ ഒക്കെയായ സാഹചര്യം.

ഒലിവർ സാക്സി​ന്റെ പരിക്ഷീണത

പ്രജ്ഞാനിഷ്ഠമായ ഈ ക്ഷയഹേതുക്കൾ അന്വേഷിച്ചു പോയപ്പോൾ ഗ്രന്ഥകർത്താവ് രണ്ടു നിവൃത്തികളിലാണ് ഏർപ്പെട്ടത്. വൈകാരികമായ നിശ്ചേതനത്വം മറികടക്കുക, ഒരുപാടു തേങ്ങലുകൾ ഉള്ളടങ്ങുന്നത് അപ്പോഴാണ്. ന്യൂറോണുകളുടെ അസംഖ്യതയിലേക്ക്, അമേയതയിലേക്ക് കടന്നുചെല്ലുക;

അത് സങ്കീർണഛായകളുള്ള ഒരു മണ്ഡലമാണ്. Temporal lobe, Hippocampus, Cerebral cortex എന്നീ പേരുകൾ സൂചകങ്ങളായി മാറുന്ന അർഥമണ്ഡലം. തലച്ചോറി​ന്റേതായ ഒരു esoteric അപ്പോൾ വഴി തുറക്കുന്നു – ഈ ഗൂഢശാസ്ത്രത്തി​ന്റെ ലിഖിതങ്ങൾ നമുക്കു വേർതിരിച്ചു കാണാൻ വയ്യ.

സ്മരണകളുടെ പഥങ്ങൾ ഉറവെടുക്കുന്ന Hippocampusന് കേടുപറ്റുമ്പോഴാണ് സ്മൃതിഭ്രംശം നേരിടുക. അതായത് ഓർമകളുടെ discordination; തലച്ചോറിൽനിന്നുള്ള പ്രേരണകൾ നടത്തിക്കാൻ അരുതായ്ക. ഇങ്ങനെ വ്യക്തിത്വഭാവം നശിക്കുന്ന ചിലർതന്നെ ചിത്രരചനയിലും മാറ്റും സാധാരണമല്ലാത്ത വൈഭവം പ്രദർശിപ്പിച്ചേക്കാം. Aberrant എന്നു പറയാവുന്ന ഒരു വഴിമാറിപ്പോവൽ. മറവിരോഗത്തിന് പ്രതിവിധി കണ്ടെത്തിയത് ചൈനയാണെന്ന് നമ്മെ ധരിപ്പിക്കുക പ്രസിദ്ധ ന്യൂറോ ശാസ്ത്രജ്ഞനായ വി.എസ്. രാമചന്ദ്രനാണ്. അഞ്ചു വർഷമായി അത് ചൈനീസ് വിപണികളിൽ എത്തിയിട്ടുണ്ടത്രേ. ലോകത്തിൽ ഏറ്റവുമധികം Alzheimer's രോഗികൾ ചൈനയിലാണ്.

ഇവിടെ രസകരമായ ഒരു വൈചിത്ര്യം, Alzheimer'sന് ആയുർവേദത്തിൽ പ്രത്യൗഷധങ്ങളുണ്ട് എന്നതാണ്. ഇവ ഏതെങ്കിലും ആർഷവൈദ്യ​ന്റെ കുറിപ്പടിയല്ല; Wikipediaയിൽ വായിച്ചതാണ്. കായകൽപത്തോളം പുനർനവം സാധ്യമാക്കുന്ന ഒരു ശുശ്രൂഷാരീതി ലോകത്ത് മറ്റേതൊരു ചികിത്സാ ക്രമത്തിലും വിഭാവനം ചെയ്യപ്പെട്ടിട്ടില്ല എന്നത് നിജമെങ്കിൽ, ഇതി​ന്റെ തീർച്ച വിയോജിപ്പുകൾക്കപ്പുറം ഒരു credibility അവകാശപ്പെടാവുന്നതാണ്. മനുഷ്യനിലെ ജീർണകോശങ്ങളെ നീക്കംചെയ്ത് തൽസ്ഥാനത്ത് നവകോശങ്ങളുടെ ആവിർഭാവം സാധ്യമാക്കാമെങ്കിൽ ഈ സ്മൃതിക്ഷയത്തിൽനിന്ന് സമഗ്രംതന്നെയായ ഒരു നിരോധനം സംഭവ്യമാണ്. Cell atrophy ചെറുത്തുകൊണ്ടാണ് ഈ പുനർനവം സാധ്യമാക്കുന്നത്.

ലോക പ്രസിദ്ധ ന്യൂറോളജിസ്റ്റായ Oliver Sacks നെ പോലെ രാമചന്ദ്രനും സംഗീതജ്ഞനായ ശാസ്ത്രകാരനാണ്. അദ്ദേഹത്തി​ന്റെ ഹംസധ്വനി ആലാപത്തിലാണ് ഈ അധ്യായം അവസാനിക്കുന്നത്. Oliver Sacksന്റെ ക്രിയാനിരതമായ ശിരോ കോശങ്ങൾ അദ്ദേഹത്തെ എങ്ങനെയൊക്കെ പരിക്ഷീണനാക്കി? Musical hallucination ഒരു വശത്ത്, കാഴ്ച ഒരു കണ്ണിലേക്കു ചുരുങ്ങിയത് മറുവശത്ത്. 82ാം വയസ്സിൽ കാലഗതി പ്രാപിക്കുമ്പോഴും Oliver Sacks കടന്നുപോയത് വലിയ ശൂന്യതയിലൂടെയാണ്. ആധ്യാത്മികമായ, യോഗാത്മകമായ പിന്തുണയുടെ അഭാവം? ഇത് അത്തരം ആലോചനകളിലേക്കു പോകേണ്ട ഘട്ടമല്ല, ‘സ്വര’ത്തി​ന്റെ പ്രസാദാത്മകമായ ഈണങ്ങളിലേക്ക് സംഗീതത്തി​ന്റെ സ്തന്യം എങ്ങനെ നിങ്ങളുടെ ജീവനെ ഉന്മിഷത്താക്കുന്നു എന്ന വശങ്ങളിലേക്കാണ് നാം സഞ്ചരിക്കുക. അവയെ ഉന്മീലനങ്ങൾ എന്നു ഞാൻ വെളിപ്പെടുത്തുന്നു.

 

ബാവുൽ, ജീവശ്രുതി

ഇവ്വിധം ഉന്മീലനങ്ങൾക്ക് പ്രാരംഭമായി ബാവുൾ സംഗീതത്തെ സമീപിക്കുന്ന റാഷിദ് ഖാൻ മറ്റൊന്നുകൂടി പറഞ്ഞുവെക്കുന്നുണ്ട്. സംഗീതം ഒരു വിപ്ലവായുധമാണ്, a revolutionary toolas well. ‘‘വൈഷ്ണവ ജനതോ...’’ എന്ന ഒറ്റ മന്ത്രം ഇന്ത്യയിലാകെയുള്ള അസംഘടിതരെ എവ്വിധം സംയോജിപ്പിച്ചു എന്നത് ചരിത്രമാണ്.

ഗാന്ധിജിക്കും കർണാടക സംഗീതത്തി​ന്റെ ബിംബങ്ങൾ അന്യമായിരുന്നില്ലല്ലോ. പക്ഷേ, അതിനുപരി സംഗീതം മറ്റെന്തോ നിർവഹിക്കുന്നില്ലേ?

ബാവുൾ ഇഴുക്കങ്ങൾക്കിടയിലും, മാത്രമല്ല ജീവൽശ്രുതിയുമാണ്. ഇമ്പമുള്ള നാദം നമ്മുടെ മനസ്സി​ന്റെ ആഴങ്ങളിലേക്ക് അറിയാതെ ഇറങ്ങിപ്പോകുന്നുന്നത് ബാവുൾ ഗീതങ്ങൾ ശ്രദ്ധിച്ചാലറിയാം. ഇവക്ക് ആധാരമായ മണ്ഡലം അതിന് തർപ്പണമേകേണ്ട ബലിസ്ഥാനംകൂടിയാണ്, ‘ഗീതഗോവിന്ദ’ത്തി​ന്റെ ഉറവിടം. ആദ്യമേ നാം വായിക്കുന്ന മുളങ്കൂട്ടങ്ങൾ തീയാളിപ്പോകുന്നതി​ന്റെ ദുർഭഗമായ ഓർമ അച്ഛനെ പശ്ചാത്താപ വിവശനാക്കുന്നത്.

ഖാണ്ഡവദാഹത്തി​ന്റെ അതീവ വിഹ്വലകരമായ പ്രാചീനസ്മൃതി –മഹാഭാരതത്തിലെ ഒരേയൊരു അപാരിസ്ഥിതികം; അത് അഗ്നിയുടെ ഇച്ഛാനുസാരിയാണെങ്കിലും ശാർങ്ഗക പക്ഷികളുടെ ശരണാർഥിത്വഗീതമായി പരിവർത്തിക്കുന്നുവെങ്കിലും ആ കാടി​ന്റെ തീയാളൽ ഒരപശ്രുതിയായി എ​ന്റെ മനസ്സിൽ ഇരമ്പുന്നു. ഇവിടെ മുളംതണ്ടുകളിൽ വെള്ളം തളിച്ച് പ്രാർഥിക്കുമ്പോൾ നമ്മുടെ ആത്മാവു കുളിരുമോ? ബാവുൾ ഗായകരും സദാഗതിയും തമ്മിലുള്ള ഇഴുക്കത്തിലേക്കു പോകാം.

ബാവുൽ എന്ന പദം ഉരുവാകുന്നത് ‘വാതുല’, ഏതു ഭാഷയിലോ പ്രാകൃതത്തിലോ ഉള്ള വാക്കാവണം, യിൽ നിന്നാണ്. അതി​ന്റെ അർഥം കാറ്റിന് വിധേയമായി സഞ്ചരിക്കുന്നവർ എന്നാണ്. സഞ്ചാരത്തെ പ്രതീകവത്കരിക്കുന്ന മറ്റൊരു ഭൂതസത്തയില്ല. ജലത്തേക്കാൾ സ്വതന്ത്രമായി ഒരുപക്ഷേ, കാറ്റിന് ഭൂമിയിലും ആകാശത്തിലും വിഹരിക്കാം, അതുകൊണ്ടുതന്നെ അതി​ന്റെ വ്യാപ്തി സീമാതീതമാണെന്നു ധരിക്കാം. ആകാശത്തിന് സീമയില്ലല്ലോ. ബാവുൽ ഗായകരുടെ സഞ്ചാരപഥം അരുണാചലിലേക്കും ഹിമാലയത്തിലേക്കും ഒക്കെ നീളുന്നുണ്ട്. മിംലു സെൻ രചിച്ച, ‘ബാവുൽ -ജീവിതവും സംഗീതവും’ (കെ.ബി. പ്രസന്നകുമാർ കാവ്യാത്മകമായി translate ചെയ്ത) എന്ന ഗ്രന്ഥമാണ് ഇ.പി. ശ്രീകുമാർ അവലംബിക്കുന്നത്. അല്ലാതെ മറ്റൊരു ഗ്രന്ഥമുണ്ടോ എന്ന് സംശയമാണ്. ഒരേസമയം കഅ്ബയെയും സാരനാഥിനെയും ഹൃദയത്തിൽ വഹിക്കുന്നവർ പ്രകൃത്യംബക്ക്, ആസ്തിക്യത്തിന് സദാ അർഘ്യം നേരുന്നവർ – സർവോപരി ജീവിതം വലിയൊരു സ്വാച്ഛന്ദ്യം ആക്കിത്തീർക്കുന്നവർ; സദാഗതി കാറ്റാണെന്നറിയുക. ആ ജീവിതത്തിലൂടെ അവർ നുകരുന്ന നേർമകൾ താരതമ്യം ഇല്ലാത്തതാണ്.

Honey Gatherers എന്നാണ് ഈ പുസ്തകത്തി​ന്റെ ഉപശീർഷകം. പൂക്കളിൽനിന്നും സംഗീതത്തിൽനിന്നും നുകർന്നുകൊണ്ടിരിക്കുന്ന തേനാണ് ഇവിടെ വിവക്ഷിതം. ജയദേവ കവി അനുഭവിച്ചത് ആ ചെറുതേൻ തന്നെയായിരുന്നു. പ്രണയതാപം കേറിയ ബാവൂലിനിയുടെ നാദപ്രവാഹം ദേവനന്ദനിലേക്കു പടരുമ്പോൾ അഗാധമായൊരു സാത്മീകരണം സംഭവിക്കുന്നു; ആ രാഗം ദേവനന്ദ​ന്റെ മുരളികക്ക് ഏറെ പരിചിതമാണ്. പക്ഷേ, ദേവനന്ദനെ അത്ഭുതപ്പെടുത്തിക്കൊണ്ട് വടക്കൻ ബംഗാളിലെ ഡ്യൂപ്ഗിരിയിൽനിന്നുള്ള ലല്ലുദാസ് ബാവുൾ തീക്ഷ്ണമായ മറ്റൊരു വാത്താരി ആലപിക്കുന്നു. സരളമല്ലാത്ത ചകിതമായൊരാലാപനം. ഡ്യൂപ്ഗിരിയിലെ താണ്ഡവം ആ ഭയാനക സംഗീതത്തിന് ഒരുപക്ഷേ ഏക് താരയെക്കാൾ പിന്തുണ ഏകിയിരിക്കണം. എല്ലാ ആധിപത്യങ്ങളെയും ധിക്കരിക്കുന്ന ഒരു രോഷശ്രുതി, ഒരു രീതിയിലുള്ള അപനിർമാണം, Deconstructing the softness of music. ശ്രീകുമാർ അതിനെ പ്രതിലോമസംഗീതമായി earmark ചെയ്യുമ്പോൾ, നാം വിയോജിക്കുന്നില്ല.

ഏക് താരയിൽ ശ്രുതിചേർത്ത് ഉത്തര നിർവഹിച്ച ബാവുൽ ഗീതത്തി​ന്റെ പ്രണയാത്മകത ദേവനന്ദനിൽ സാത്മ്യം തേടിയ സംഗീതത്തിൽനിന്നും തീർത്തും വിഭിന്നം. കീർത്തനയുടെ ആലാപനത്തിൽ അഗ്നിശോഭയാണ് ദേവനന്ദൻ തിരിച്ചറിഞ്ഞതെങ്കിൽ ഇവിടെ അത് സലിലശോഭയാണ്. അതയാളെ ഉന്മത്തനാക്കിയെന്നതും യാഥാർഥ്യമാണ്, ലല്ലുദാസി​ന്റെ തീക്ഷ്ണ സ്വരത്തെക്കാൾ ഉപരി. അത് മഹത്തായ ഒരു സ്വരാനുഭൂതിക്ക് വഴിയൊരുക്കുകയാണ്. ജയദേവ​ന്റെ ‘ഗീതഗോവിന്ദം’ ഉറവെടുത്ത മണ്ണിൽ മാത്രം ഉളവാകുന്ന ഒരു സ്ത്രീ-പുരുഷ ലയം. ദേവനന്ദ​ന്റെ ശിവരഞ്ജിനി ബാവൂലിനിയുടെ ഉടലിനെയും ഉയിരിനെയും ആവേശിക്കുകയാണ്. ശബ്ദം ബ്രഹ്മമായി ഭവിക്കുന്ന അനിതരസാധാരണ വേളകൾ. ദ്രുതം, അതിദ്രുതം, പരമദ്രുതം എന്നിങ്ങനെ ഊർജസ്ഥായികൾ മാറിവരുകയാണ്. ബാവുൽ ചുവടുകളുടെ ഷഡ്കാലം ഭേദിക്കപ്പെട്ട് പുതിയൊരു ശ്രുതിസാഗരം കാംക്ഷിക്കുകയാണ്.

ബാവുൽ സംഗീതത്തി​ന്റെ വന്യത, ദൈവികതയുടെ ഉന്മാദസ്ഥായിയാകുന്നു. ദേവനന്ദ​ന്റെ ഉത്തരയുടെ സാഷ്ടാംഗ കേളി സംഭവിക്കുകയാണ്. ഈ അനുരാഗത്തി​ന്റെ നേർത്ത ഒരു സൂചന ഈ അധ്യായം തുടങ്ങുന്നിടത്തുണ്ട്. ‘‘ഉത്തര മനോജ്ഞമായി ദേവനന്ദനനെ നോക്കി’’ ബാവൂലിനിയുടെ പ്രണയപൂർത്തി ചിത്രീകരിക്കുന്ന ഈ അധ്യായത്തിന് ഒരു നടനത്തി​ന്റെപോലും സ്വഭാവമുണ്ട്. രാഗമൂർച്ഛ രതിമൂർച്ഛയായി പരിണമിക്കുക ആ നടന ത്രസിപ്പുകളിലൂടെയാണ്, ശ്രുതിപൂർണമായ പരമദ്രുത കാലം.

 

ഒലീവർ സാക്സ്

എല്ലാ കലകളും സംഗീതത്തിലേക്കു വെമ്പുന്നു; എല്ലാ സംഗീതവും നൃത്തത്തിലേക്കും വെമ്പുന്നു. സ്വരാനുഭൂതിയിൽ ഉടൽ കൂടി ഭാഗഭാക്കാവുമ്പോഴാണ് അതി​ന്റെ സമ്പൂർണത. മറ്റു ഏതു ഉദാത്താവിഷ്കാരത്തിലും ചലനമില്ല, പുല്ലാങ്കുഴലിലായാലും ഷഹനായിയിലായാലും സന്തൂറിലായാലും. ആ വിടവാണ് ഇവിടെ ഉത്തര എന്ന ബാവൂലിനി ത​ന്റെ ചുവടുകളാൽ സംയോജിപ്പിച്ചത്. ഇവിടെ ബാവുലി​ന്റെ രസാത്മകതയുമായി ടാഗോർ ഇടകലർന്ന സന്ദർഭം, അതി​ന്റെ ഫലസിദ്ധി ഗ്രന്ഥകർത്താവ് എടുത്തോതുന്നുണ്ട്. ഖജുരാഹോവി​ന്റെ കാമശിൽപങ്ങളെ നേരിൽ കാണാതെത്തന്നെ ഉൾക്കൊള്ളാൻ കഴിഞ്ഞ ടാഗോർ ഒറ്റ ഞൊടിയിലാവണം ബാവുലി​ന്റെ വിസ്തൃതി ധരിക്കാനിടയായത്. പത്മാനദിയിലെ മുക്കുവ​ന്റെ പാട്ട്, ബാവുൽ ഗീതത്തോടു ചേർന്നുനിന്നു. ബാവുലി​ന്റെ ഉൾക്കാമ്പ് ടാഗോർ തൊട്ടറിഞ്ഞതിനാൽ അത് എളുപ്പം പാശ്ചാത്യർക്ക് സ്വാഗതാർഹമായി. ശാന്തിനികേതൻ, ബാവുൽ സംഗീതത്താൽ മുഖരിതമാണ്; ഒരുപക്ഷേ, അതും വിധിനിയുക്തമായിരിക്കാം.

ബാവുൽ സംഗീതത്തി​ന്റെ മൃദുലീഭാവങ്ങളെക്കുറിച്ചാണ് ഭാവന ആഹ്ലാദകരമായ ‘സ്വര’ത്തി​ന്റെ അന്തർഘടനയുമായി ബാവുൽ സത്ത എവിടെയെങ്കിലും ഭിന്നിക്കുന്നുണ്ടോ? അഥവാ ആ ഭിന്നിക്കൽ അഷ്ടപതി ഉറങ്ങുന്ന ഈ മണ്ണിനെ ശമാത്മകമായി പുനർനിർവചിക്കുന്നുണ്ടോ? ബാവുൽ ഗായകരിൽ Alzheimer's രോഗികൾ ഇല്ലാതിരുന്നെങ്കിൽ, അത് ഒരൊറ്റ അനുഭവസത്ത ഹേതുവാകണം.

സമ്മർദരഹിതമായ, stress-free ജീവിതശൈലി. കാറ്റിനു വിധേയമായി ജീവിതം പുലർത്തുന്ന ഈ നാടോടികൾക്ക് എന്തു മഹത്ത്വാകാംക്ഷയാണ്? എന്ത് പെരുപ്പിക്കലാണ് അവർ എതിർ പാർക്കുക? അതോടെ ആധുനിക മനുഷ്യർ അഭിമുഖീകരിക്കുന്ന വിറളികളേറെയും അവർക്ക് അന്യമായി ഭവിക്കുന്നു. അവർ താന്താങ്ങളുടെ ശീലങ്ങളിൽ ആമഗ്നരായി മാത്രം പുലർന്നുപോരുന്നു, അതാണവരുടെ നിരാമയത്വം. പ്രകൃതിയുടെ സ്പന്ദങ്ങളിൽനിന്നും ശ്രുതി കണ്ടെത്തിയ ബാവുൽ, അത് ജീവിതത്തിലേക്കു സംഗ്രഹിച്ചവർ ബാവുൽ.

(തുടരും)

News Summary - Swaram novel analysis