Begin typing your search above and press return to search.
proflie-avatar
Login

ലക്ഷദ്വീപിന്‍റെ പൈതൃകങ്ങളെ രേഖപ്പെടുത്തുമ്പോൾ

ലക്ഷദ്വീപിലെ കിൽത്താനിലെ സാംസ്​കാരിക പ്രവർത്തകൻ കെ. ബാഹിറിന്‍റെ 'തായിനേരിയിൽ ഒരു ലക്ഷദ്വീപ്' എന്ന പുസ്​തകത്തെ കുറിച്ച്​

Thanneeril oru lakshadweep
cancel

മലയാളത്തെയും മലയാള സാഹിത്യത്തെയും മലയാളിയെക്കാൾ ചേർത്തണച്ച ഭൂവിഭാഗമാണ് ലക്ഷദ്വീപ്. മിനിക്കോയിയിൽ ഒഴികെ ജസരിയാണ് വാമൊഴിയെങ്കിലും സ്കൂൾതലം മുതൽ മലയാള സാഹിത്യം പരിചയിച്ചു വരുന്ന ദ്വീപുകാർക്ക് മലയാളിയെക്കാൾ സുപരിചിതരാണ് ബഷീറും തകഴിയും പൊ​െറ്റക്കാട്ടും കെ.ആർ. മീരയും ഇന്ദുഗോപനുമൊക്കെ. നൂറ്റാണ്ടുകൾക്കുമുമ്പുള്ള അറബി-മലയാളത്തി​െല സബീനപ്പാട്ടുകളും കപ്പൽപ്പാട്ടുകളും മുതൽ കവിതയും കഥയും ജീവിതാനുഭവങ്ങളുമായുള്ള എഴുത്തിനാൽ സമ്പന്നമാണ് ലക്ഷദ്വീപ് സാഹിത്യം. മലയാളത്തിലും മലയാള ലിപിയിലെ ജസരിയിലും വരെ നോവലുകൾ പുറത്തുവന്നു കഴിഞ്ഞു.

മിനിക്കോയിയുടെ പശ്ചാത്തലത്തിലാണ് 1970 കളിൽ പുറത്തുവന്ന 'തുളസിയുടെ ദ്വീപ്' എന്ന നോവലെങ്കിലും ലക്ഷദ്വീപിൽനിന്നുള്ള ആദ്യ നോവൽ പുറത്തിറങ്ങാൻ തുടർന്ന് മൂന്നു പതിറ്റാണ്ട് വേണ്ടിവന്നു. 2009ൽ തുടക്കമായെങ്കിലും ദ്വീപിൽനിന്നുള്ള അദ്യ നോവലായ ഇസ്മത്ത് ഹുസൈ​െൻറ 'കോലോടം', യു.സി.കെ. തങ്ങളുടെ 'കടൽകഥകൾ' എന്നിവ പ്രസിദ്ധീകരിച്ചായിരുന്നു ലക്ഷദ്വീപ് സാഹിത്യ പ്രവർത്തക സംഘം മുഖ്യധാരയിലേക്ക് കടന്നുവരുന്നത്. ദ്വീപി​െൻറ അക്ഷരനഗരിയായ കിൽത്താനിലെ സാംസ്കാരിക പ്രവർത്തകരായ കെ. ബാഹിർ, ചമയം ഹാജാ ഹുസൈൻ തുടങ്ങിയവരായിരുന്നു ഇതിന് ചുക്കാൻപിടിച്ചത്​. തുടർന്ന്, വിവിധ ദ്വീപുകളിൽനിന്ന്​ ശൈലേന്ദ്ര സമാഹരിച്ച 'ലക്ഷദ്വീപ് കഥകൾ', കെ. ബാഹിറി​െൻറ 'കിളുത്തനിലെ കാവ്യപ്രപഞ്ചം' എന്നീ കനപ്പെട്ട കൃതികളുൾപ്പെടെ പന്ത്രണ്ടിലധികം കൃതികളാണ് ഇതുവരെയായി സംഘം പ്രസിദ്ധീകരിച്ചത്.

കിൽത്താനിലെ ഖിസ്സപ്പാട്ടുകളുടെയും കെസ്സുപാട്ടുകളുടെയും മാലപ്പാട്ടുകളുടെയും കപ്പൽപ്പാട്ടുകളുടെയും ചരിത്രത്തിലൂടെയുള്ള സഞ്ചാരമായ കെ. ബാഹിറി​െൻറ കിളുത്തനിലെ കാവ്യപ്രപഞ്ചം, ചെത്​ലത്തിലെ ചളർകാട് ബിത്രയുടെ 'ഓടംകഥകൾ', ജസരിഭാഷയിലെ നോവലായ തഖിയുദ്ദീൻ അലിയുടെ 'ഫടപ്പുറപ്പാട്', കാസ്മിക്കോയുടെ 'ലക്ഷദ്വീപ് ഒരു വ്യവഹാര ചരിത്രത്തിലൂടെ ഒരു യാത്ര', ലക്ഷദ്വീപിലെ ആദ്യ വനിത ഡോക്ടറും പത്മശ്രീ ജേത്രിയുമായ ഡോ. എസ്. റഹ്​മത് ബീഗത്തി​െൻറ 'അവിസ്മരണീയം', അമിനിയിലെ പി. സബ് ജാ​െൻറ 'ലക്ഷദ്വീപ് ഇന്നലെ ഇന്ന്', ഡോ. എം. മുല്ലക്കോയയുടെ 'ലക്ഷദ്വീപിലെ നാടോടിക്കഥകൾ' തുടങ്ങി നിരവധി കൃതികളാണ് കഴിഞ്ഞ ഒരു ദശാബ്​ദത്തിന​ുള്ളിൽ പുറത്തിറങ്ങിയത്.

സംഘം സെക്രട്ടറി കെ. ബാഹിറി​െൻറ 'തായിനേരിയിൽ ഒരു ലക്ഷദ്വീപ്​' ആണ് സമീപകാലത്ത്​ ഇറങ്ങിയവയിൽ ഏറെ ശ്രദ്ധേയം. ലക്ഷദ്വീപി​െൻറ ചരിത്രത്തിലെയും പൈതൃകത്തിലെയും അധികമൊന്നുമറിയാതെപോയ ഏടുകളെയും വ്യക്തികളെയും ചരിത്ര സന്ദർഭങ്ങളെയും തെളിഞ്ഞ, സുന്ദരമായ ഭാഷയിൽ കോറിയിട്ടിരിക്കുന്ന 12 കനപ്പെട്ട ലേഖനങ്ങളുടെ സമാഹാരമാണത്​. കണ്ണൂർ ജില്ലയിലെ പയ്യന്നൂരിനടുത്തുള്ള തായിനേരി ഗ്രാമത്തിലെ സയ്യിദ് അബ്​ദുറഹ്മാൻ ബാഫഖി തങ്ങൾ മെമ്മോറിയൽ ഹൈസ്​കൂളിൽ നടന്ന 'ലക്ഷദ്വീപിനെ അറിയാൻ' എന്ന പ്രദർശനത്തിൽ അതിഥിയായെത്തിയതി​െൻറ അനുഭവത്തിൽനിന്നാണ് പുസ്തകത്തി​െൻറ ശീർഷകത്തി​െൻറ പിറവി. കരയും ദ്വീപും തമ്മിലെ സഹവർത്തിത്വത്തി​െൻറ പാലംകൂടിയായി മാറുന്നു പുസ്തകം.

പി. ഭാസ്കര​െൻറ 'നാളികേരത്തി​െൻറ നാട്ടിലെനിക്കൊരു നാഴിയിടങ്ങഴി മണ്ണുണ്ട്...' എന്ന ഗാനശകലത്തിലാരംഭിക്കുന്ന ആദ്യ ലേഖനത്തിൽ നാളികേരത്തി​െൻറ നാട് ശരിക്കും ദ്വീപാണെന്ന കൗതുകകരമായ നിരീക്ഷണങ്ങൾ കാണാം. ദ്വീപിനെ ചരിത്രത്തിൽ അടയാളപ്പെടുത്തിയ നാമങ്ങളായ കേരദ്വീപ്, കയർ ദ്വീപ് എന്നീ സംജ്ഞകളിലൂടെ തെങ്ങ് എങ്ങനെയാണ് ദ്വീപി​െൻറ ജാതിഘടനയുൾപ്പെടെ ജീവിതത്തി​െൻറ സമസ്ത മേഖലകളുടെയും ഭാഗഭാക്കാവുന്നതെന്ന് വിശദീകരിക്കുന്നുമുണ്ട്.

തെങ്ങി​െൻറ ഉടമസ്ഥൻ കോയ, തെങ്ങിൽ കയറി തേങ്ങ പറിക്കുന്നവൻ മേലാച്ചേരി, തേങ്ങ വെട്ടിയുണക്കിയുണ്ടാക്കിയ കൊപ്രയുമായി വൻകരയിലേക്ക് വിൽപന നടത്താനായി ഓടിപ്പോകുന്ന ഓടത്തെ നയിക്കുന്നവൻ മാല്മി... എന്ന വാചകങ്ങളിൽ നിരീക്ഷണത്തിലെ സൂക്ഷ്മവും ആഴവും പ്രകടമാണ്. ഇതിനോടനുബന്ധമായി ചേർത്തിരിക്കുന്ന ദ്വീപ് ഭാഷയിലെ തെങ്ങും തേങ്ങയുമായി ബന്ധപ്പെട്ട 129 പദങ്ങൾ നാട്ടറിവുകളുടെ അമൂല്യമായ പദസഞ്ചയമായി മാറുന്നു.

കുഞ്ഞൻ ദ്വീപായ ബിത്രയിലെ പി.പി. മുഹമ്മദി​െൻറ വ്യക്തിത്വത്തി​െൻറ വൈവിധ്യങ്ങളോടുള്ള ആദരമാണ് 'ബിത്രയിലെ മുത്ത്' എന്ന ലേഖനം. മീൻപിടിത്തക്കാരൻ, കൊല്ലൻ, ആശാരി, ഗായകൻ, ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ എന്നീ മേഖലകളിലൊക്കെ തിളങ്ങിനിന്ന, പി.പി. മുഹമ്മദ്​ വാർത്തകളിൽപോലും ഇടംനേടാതെ മൺമറഞ്ഞുപോകുകയാണുണ്ടായത്. ചെത്​​ലത്ത് ദീപി​െൻറ അറിയപ്പെടാത്ത ചരിത്രത്തിലേക്കുള്ള പുതുവാതായനങ്ങൾ തുറക്കുന്ന ലേഖനത്തിലാണ് ഐറിഷ് സഞ്ചാരിയായ ടിം സെവറിന് ലോകം ചുറ്റാനായി പത്മശ്രീ അവാർഡ്​ ജേതാവ്​ അലി മണിക്ഫാൻ പണിതുനൽകിയ സോഹർ കപ്പൽ കടന്നുവരുന്നത്.

കപ്പൽ ആദ്യമെത്തിയ ചെത്​ലത്താണ് ഓടം നിർമാണത്തിലും കയർ പിരിക്കലിലും വിഖ്യാതമായിരുന്ന ദ്വീപ്. ചെത്​ലത്തിലെ കപ്പൽ അപകടങ്ങളിലൊന്നിൽ മരണമടഞ്ഞ ബ്രിട്ടീഷുകാരനായ കാർപെൻറർ പ്രിം റോസി​െൻറ ശവകുടീരമാണ് ലക്ഷദ്വീപിലെ ഏക മുസ്​ലിമിതര ശവകുടീരമെന്നതും പ്രത്യേകം സൂചിപ്പിക്കുന്നുണ്ട്. പോർചുഗീസുകാരനെ ചാട്ടുളിയെറിഞ്ഞ് കൊന്ന ചെത്​ലത്തുകാരനും പറങ്കികളുമായി ഏറ്റുമുട്ടി മരിച്ച സൂഫിവര്യൻ ആശി അലിയുടെ മഖ്ബറയും ചെത്​ലത്തി​െൻറ പോരാട്ടചരിത്രങ്ങളിലെ മുദ്രകളാണ്.

ലക്ഷദ്വീപ് സ്​റ്റുഡൻറ് അസോസിയേഷ​െൻറ സ്ഥാപകനായ ബി. അമാനുല്ലയുടെ പ്രവർത്തന നാൾവഴികൾ ലക്ഷദ്വീപിലെ ചരിത്രം കുറിച്ച മുദ്രാവാക്യങ്ങൾ, ദ്വീപിലെ വിവാഹമോചന ചരിത്രം, ഹജ്ജ്​ അനുഭവങ്ങൾ, കേരളത്തിലെ പ്രകൃതിചികിത്സ അനുഭവങ്ങൾ തുടങ്ങി വൈവിധ്യമേറിയ മറ്റു ലേഖനങ്ങളും കൂടുതൽ പഠിക്കപ്പെടേണ്ടതാണ്.

Show More expand_more
News Summary - Thanneeril oru lakshadweep book review