Begin typing your search above and press return to search.
proflie-avatar
Login

അപരിചിത സഞ്ചാരത്തിന്റെ സന്ദിഗ്ധതകള്‍

അപരിചിത സഞ്ചാരത്തിന്റെ   സന്ദിഗ്ധതകള്‍
cancel

നവയാന ​പ്രസിദ്ധീകരിച്ച, തൃശൂർ സ്വദേശി അനിലി​ന്റെ (എ/നിലിന്റെ) ‘The Absent Colour’ എന്ന കവിതാസമാഹാരം വായിക്കുന്നു.

അബോധം ദമിതമായ വികാരങ്ങളുടെയും താൽപര്യങ്ങളുടെയും ലോകമാണ്. സംസ്‌കാരം മറഞ്ഞിരിക്കുന്നിടം. എല്ലാം കൂടിക്കുഴഞ്ഞിരിക്കുന്നിടം. അത് ഭാഷകൊണ്ട് സംവിധാനം ചെയ്യപ്പെട്ടിരിക്കുന്നു. വാക്ക് അബോധത്തിലാണെന്ന് ലക്കാന്‍. വാക്കുകള്‍ അർഥത്തെ സ്പഷ്ടമാക്കുന്നില്ല. വാക്കില്‍ വിവക്ഷിതാർഥം ഭവിക്കുകയല്ല. ഇത് അനന്തമായ സാധ്യതകളെ തുറക്കുന്നു. വാക്കുകളുടെ കലയായ കവിത അബോധത്തില്‍നിന്നാണ് ഉണരുന്നത്. കവിതയിലെ വാക്കിനെ തുറക്കാന്‍ ശ്രമിക്കുന്നത് കവിതയെ രൂപവത്കരിച്ച അബോധത്തെ തുറക്കാന്‍ ശ്രമിക്കുന്നതിനു തുല്യമാണ്.

കവിയുടെ അനുഭവലോകങ്ങളെ, സംസ്‌കാരത്തെ പങ്കുവെക്കുന്നവര്‍ക്കും അറിയുന്നവര്‍ക്കും അയാളുടെ കവിതയിലേക്കുള്ള പ്രവേശനം സുസാധ്യമാണ്. എസ്രാ പൗണ്ടിനെയും പോള്‍ സെലാനേയും ലക്കാനേയും ദെല്യൂസിനെയും സിസെക്കിനെയും വായിച്ചവര്‍ക്ക്, കേരളത്തിലെ ദലിതജീവിതത്തിന്റെ വേദനകളിലൂടെയും യാതനകളിലൂടെയും നടന്നവര്‍ക്ക് അനിലിന്റെ (എ/നിലിന്റെ) കവിതകളിലേക്ക് എളുപ്പത്തില്‍ പ്രവേശിക്കാന്‍ കഴിഞ്ഞേക്കും. ഏറെ നാളുകളായി സുഹൃത്തുക്കളാണെങ്കിലും ഞങ്ങള്‍ക്കിടയില്‍ ഏറെ സംഭാഷണങ്ങളും കൊടുക്കല്‍-വാങ്ങലുകളും സംഭവിച്ചിട്ടുണ്ടെങ്കിലും എ/നിലിന്റെ കവിത ഇപ്പോഴും എനിക്ക് ഒരു അപരിചിതലോകമാണ്.

എന്റെ ഭാവുകത്വത്തിന്റെ പരീക്ഷണഘട്ടമാണിത്. എ/നിലിന്റെ കവിതാലോകത്തിലൂടെ ഒരു അപരിചിതന്‍ സഞ്ചരിക്കുന്നു. വലിയൊരു വിചാരലോകത്തിലൂടെയും വിജ്ഞാനലോകത്തിലൂടെയും നടത്തേണ്ടുന്ന വിഷമം പിടിച്ച സഞ്ചാരമാണിത്. അപരിചിതസഞ്ചാരത്തിന്റെ അത്ഭുതങ്ങളും സന്ദിഗ്ധതകളും ഈ വായനയിലുണ്ട്. ഇങ്ങനെയൊരു അപരിചിതസഞ്ചാരം ആവശ്യമാണെന്ന പ്രേരണയും ഇതിനു പിന്നിലുണ്ട്.

മലയാളത്തിലേക്ക് എത്തപ്പെട്ട അനിലന്‍ എന്ന വാക്കിന്റെ പുതുക്കിയ രൂപമാണ് ഈ കവിയുടെ നാമം. വായു എന്ന് വ്യവസ്ഥിതമായ അർഥം. പ്രകൃതിയില്‍ ജീവനെ നിലനിര്‍ത്തുന്നത് വായുവിന്റെ സാന്നിധ്യമാണ്. ഈ കവിയുടെ ഔദ്യോഗികരേഖകളിലുള്ള നാമം –അനില്‍കുമാര്‍–വായുകുമാരന്മാരെ, വായുപുത്രന്മാരെ ഓർമിപ്പിക്കുന്നു.

ഹിന്ദു ഐതിഹ്യങ്ങളിലെ ധീര, വീര, ശൂര പരാക്രമികളാണ് അവര്‍. ഈ നാമത്തെ ആംഗലഭാഷയിലേക്കെഴുതുമ്പോള്‍ a/nil എന്നാക്കുന്ന കവി എല്ലാ ധീര, വീര, ശൂരതകളെയും അനുഗ്രഹപ്രശംസകളെയും ഭാഷയിലെ അധികാര ശ്രേണീചിഹ്നങ്ങളെയും ഉപേക്ഷിച്ച് നഗ്നമായി അവകാശവാദങ്ങളില്ലാതെ ചെറിയ അക്ഷരങ്ങളില്‍ എ/നില്‍ ആയി, ഒരു/ ശൂന്യതയായി നമ്മുടെ മുന്നില്‍ പ്രത്യക്ഷപ്പെടുന്നു. ശൂന്യതയെ മാത്രം അവകാശപ്പെടുന്ന ഇയാള്‍ കവിതയില്‍ എന്താണ് എഴുതുന്നത്?

ഒരിക്കല്‍ യൂക്ലിഡിയനായിരുന്ന ലോകം, കൂട്ടിമുട്ടാത്ത സമാന്തര രേഖകളുടെ ലോകം, സമതല ജ്യാമിതിയുടെ ലോകം ഇപ്പോള്‍ വളഞ്ഞ പ്രതലങ്ങളുടെ റീമാനിയന്‍ ലോകമായിരിക്കുന്നു. എല്ലാം കൂട്ടിമുട്ടിയിരിക്കുന്നു. ന്യൂട്ടനില്‍നിന്നും ഐന്‍സ്റ്റൈനിലേക്കു വരുമ്പോള്‍ ഭൗതികശാസ്ത്രത്തില്‍ സംഭവിച്ചത് സാമൂഹികതലത്തിലും സംഭവിക്കുന്നുണ്ട്. അയിത്തമുള്ളത്, തൊട്ടുകൂടാത്തത് നമ്മളുടെ കണ്ണുകള്‍ക്കു മുന്നില്‍ ഒത്തുചേരുക എന്ന ആഗ്രഹം പ്രകടിപ്പിക്കപ്പെടുന്നു. എന്നിട്ടും, ഇപ്പോഴും ആ കണ്ണുകളില്‍ വിഷാദം മായുകില്ല. ഇപ്പോള്‍ വ്യത്യാസം അറിയിക്കുന്ന അതിരുകളൊന്നുമില്ല! കേവലനീതിയുടെ ലോകമാണ് ആഗതമായത്. സാമൂഹികനീതി നിഷേധത്തിലും സംവരണ വിരുദ്ധരാഷ്ട്രീയത്തിലും തെളിയുന്ന ദലിതജീവിതത്തിന്റെ സമകാലികത ഈ വാക്കുകളില്‍ തളംകെട്ടുന്നുണ്ട്.

എസ്രാ പൗണ്ടിന്റെ ഗീതം -45ലെ വരികളാണ് ഈ കവിത ശീര്‍ഷകമാക്കുന്നത്. No Clear Demarcation. ഉൽപാദനം പരിഗണിക്കാതെ പലിശ ഈടാക്കുന്ന സമ്പദ്‌വ്യവസ്ഥയുടെ നൃശംസതയെയും പ്രകൃതിവിരുദ്ധതയെയും സൂചിപ്പിക്കുന്ന പൗണ്ടിന്റെ കവിതയിലെ വരികളെ ഇന്ത്യന്‍ സമകാലികതയോടു ചേര്‍ത്തുവെക്കുകയും അധഃകൃതവർഗങ്ങളിലെ ഐക്യത്തെ കാണുകയും ചെയ്യുന്നു. എന്നാല്‍, മുതലാളിത്തത്തിന്റെ പ്രകൃതിനാശത്തിനെതിരെ നിന്നെങ്കിലും ഫാഷിസത്തെ പുല്‍കിയ പൗണ്ടിന്റെ ആശയലോകത്തിന്റെ വൈരുധ്യം തൊട്ടുകൂടായ്മ അകന്നിട്ടും വിഷാദത്തില്‍നിന്നും മുക്തരാകാത്ത ദലിതജീവിതത്തില്‍ എങ്ങനെയൊക്കെയോ പ്രതിധ്വനികളാകുന്നു.

ഐന്‍സ്റ്റൈന്റെ ആപേക്ഷികതാ സിദ്ധാന്തം ഭൗതികരാശികള്‍ ആപേക്ഷികമാകുന്നതിനെ കുറിച്ച് പേര്‍ത്തും പറയുമ്പോഴും പ്രകാശപ്രവേഗത്തിനു കേവലമൂല്യം നല്‍കി വ്യവസ്ഥിതമാകുന്നതിനെ കൂടി ഇതോടൊപ്പം കൂട്ടിവായിക്കണം. സൈദ്ധാന്തികതലത്തില്‍ വിപ്ലവകരമെന്നും വലിയ വിച്ഛേദങ്ങളെന്നും പ്രതീതി നിർമിക്കുന്നവപോലും പ്രയോഗതലത്തില്‍ ക്രമീകരണങ്ങളായി മാറുന്നു. ശാസ്ത്രസങ്കൽപനങ്ങള്‍ കവിതയിലെ രൂപകങ്ങളായി പരിവര്‍ത്തിക്കപ്പെടുന്ന നിരവധി സന്ദര്‍ഭങ്ങളെ എ/നിലിന്റെ കവിതയില്‍ കണ്ടെത്താന്‍ കഴിയും.

Manifolds, Red shift, Adiabatic, Refraction, Holography എന്നിങ്ങനെ നിരവധി ശാസ്ത്രപദങ്ങളെ ഒറ്റനോട്ടത്തില്‍തന്നെ തിരഞ്ഞെടുക്കാം. ‘സ്വാതന്ത്ര്യപ്രഖ്യാപനം’ എന്ന കവിതയില്‍ ശാസ്ത്രസിദ്ധാന്തങ്ങളുടെ യാഥാർഥ്യത്തില്‍നിന്നുകൊണ്ട് ദലിതന്റെ ജീവിതയാഥാർഥ്യത്തെ പരിശോധിക്കുന്നതു കാണാം. പ്രപഞ്ചം ഇപ്പോഴും വികസിച്ചുകൊണ്ടിരിക്കുകയാണോ? ഗാലക്‌സികള്‍ അകന്നുകൊണ്ടിരിക്കുകയാണോ? എന്നാല്‍, ദലിതജീവിതം നക്ഷത്ര തകര്‍ച്ചയിലെന്നപോലെ വീണ്ടും വീണ്ടും അകത്തേക്കു ചുരുങ്ങിക്കൊണ്ടിരിക്കുന്നു. സ്വത്വം സൂക്ഷിക്കേണ്ടതിനെ കുറിച്ചുള്ള ഉള്‍ക്കാഴ്ചകളില്‍നിന്നുകൊണ്ട്, അമ്ലങ്ങള്‍കൊണ്ട് അവരുടെ അടുപ്പുകളില്‍ െവച്ച് തങ്ങളെ അണുമുക്തമാക്കി നന്നാക്കാനുള്ള ശ്രമങ്ങളെ പ്രതിരോധിക്കാന്‍, സിംഗുലര്‍ ആകാന്‍, തനതായി നില്‍ക്കാനുള്ള പ്രഖ്യാപനമാണ് ദലിതരുടെ സ്വാതന്ത്ര്യപ്രഖ്യാപനം.

തലയോട്ടികളില്‍ വേരുകളാഴ്ത്തിയവ, ചോര കുടിച്ചു വളര്‍ന്നവ... ഓന്തുകള്‍ ഇപ്പോള്‍ കുപ്പകള്‍ക്കും പാഴ് കുപ്പികള്‍ക്കും ഇടയില്‍ വിധി കാത്തുകിടക്കുന്ന ജീവികള്‍. തലയോട്ടികള്‍, ഓന്തുകള്‍ എന്നീ രൂപകങ്ങളിലൂടെ കവി പറയുന്നതെല്ലാം ഐസന്‍സ്റ്റൈന്റെയും തര്‍ക്കോവ്‌സ്‌കിയുടെയും ചലച്ചിത്രദൃശ്യങ്ങളുടെ സൂചനകളിലൂടെ പൊലിപ്പിക്കപ്പെടുന്നു. ഒക്ടോബറിനെ കുറിച്ചുള്ള പരാമര്‍ശം ഒക്ടോബര്‍ വിപ്ലവത്തിന്റെയും സോവിയറ്റ് യൂനിയന്റെയും ഓർമകളിലേക്കു നമ്മെ നയിക്കുന്നുണ്ട്.

ഒക്ടോബര്‍ ആകാശം നമ്മുടെ തലക്കു മുകളില്‍ എ​െന്നന്നേക്കുമായി വിളറിനില്‍ക്കുന്നുവെന്ന കൽപന ഇനി ഒരിക്കലും തിരിച്ചെടുക്കേണ്ടതില്ലാത്ത, തിരിച്ചുവരേണ്ടതില്ലാത്തതായി സോവിയറ്റ് സംരംഭത്തെ കാണുന്നുണ്ട്. അല്‍ സ്റ്റെവാര്‍ട്ടിന്റെ ‘മോസ്‌കോയിലേക്കുള്ള റോഡുകള്‍’ എന്ന പാട്ടിലെ

‘‘And the pale sun of October whispers the snow will soon be coming

And I wonder when I'll be home again and the morning answers 'Never'

And the evening sighs, and the steely Russian skies go on forever’’ വരികളെ ഓര്‍ക്കാന്‍ ഇതു പ്രേരിപ്പിക്കുകയും ചെയ്യുന്നു.

കവിതയെ കുറിച്ചെഴുതുന്ന ഒരു കവിതക്ക് ‘ഒക്ടോബറിനെ സങ്കൽപിക്കുമ്പോള്‍’ എന്ന ശീര്‍ഷകം കവി നല്‍കുന്നുണ്ട്. കവിത കറുപ്പിനെ മാത്രം കൊണ്ടുവരുന്നു. അമ്മ –കവിയുടെ പാട്ടിന്റെ സൂക്ഷ്മരൂപം; കലയെ നിവര്‍ത്തിപ്പിക്കുന്നത്, പല ഗുരുത്വബലഭാരങ്ങള്‍ക്കടിയില്‍ തകര്‍ന്നിരിക്കുന്നു. യഥാർഥ പ്രവര്‍ത്തനത്തിന് സമ്മതിയോ സ്വീകാര്യതയോ ഇല്ല. എ/നിലിന്റെ കാവ്യപുസ്തകത്തിന്റെ ശീര്‍ഷകംതന്നെ സന്നിഹിതമാകാത്ത നിറത്തെയാണല്ലോ സൂചിപ്പിക്കുന്നത്. കാഴ്ചയും നിറങ്ങളും ഈ കവിയില്‍ എപ്പോഴും പ്രശ്‌നഭരിതമാണ്. ചെറുപ്പത്തിലേ തന്നെ താന്‍ ഭാഗികമായി അന്ധനായിരുന്നുവെന്നു കവി ആമുഖക്കുറിപ്പില്‍ (അതു കൂടിയും കവിതയായിട്ടാണ് എഴുതിയിരിക്കുന്നത്) പറയുന്നുണ്ട്.

പുറംകണ്ണിന്റെ ആന്ധ്യം അയാള്‍ക്ക് ചില ഉള്‍ക്കാഴ്ചകളെയും അകക്കാഴ്ചകളെയും നല്‍കിയെങ്കിലും പുറംകാഴ്ചക്ക് കാചങ്ങള്‍ വേണമായിരുന്നു. സമകാലത്തെ ലെന്‍സുകള്‍ നിറംപിടിപ്പിച്ചവയാണ്. ലെന്‍സുകള്‍ അവരുടെ നിറങ്ങളുമായി കരാറുകളിലേര്‍പ്പെട്ടിരിക്കുന്നു. യഥാർഥ നിറങ്ങളുടെ കാഴ്ചയെ ആഗ്രഹിക്കുന്നവനും അവനു ലഭ്യമായ നിറങ്ങളില്ലാത്ത/ നിറം പിടിപ്പിച്ച ലോകവും തമ്മിലെ വൈരുധ്യം ഈ കവിതകളുടെ മൊത്തം പ്രമേയമായിരിക്കുന്നു.

It's my turn, I realize, to be:

Authentic to the unfolding

And I am polishing the lens

Of the scratched glasses

To have clarity for I/ Eye

For clarity is never an accident

(‘Unplannable Supplement’)

എന്നിങ്ങനെ ധൈര്യവും അവബോധവും ആർജിക്കുന്നു. കാചങ്ങളെ ഉരച്ചു മിനുക്കിയെടുക്കുന്ന ശാസ്ത്രവൃത്തിയില്‍കൂടി മുഴുകിയിരുന്ന സ്പിനോസ എന്ന തത്ത്വചിന്തകനെയും സൂക്ഷ്മതയില്‍ വെളിച്ചം നല്‍കുന്ന അദ്ദേഹത്തിന്റെ ജ്ഞാനശാസ്ത്ര പദ്ധതികളെയുംകൂടി ഈ വരികള്‍ ഓർമിപ്പിക്കുന്നു. സ്പിനോസയെ കുറിച്ച് ബോര്‍ഹസ് എഴുതിയ He works a hard crystal: the Infinite എന്ന വാക്കുകളിലേക്കു നയിക്കപ്പെടുന്നു. ഈ കവി ദലിത്ജനതയുടെ പ്രതിനിധിയായിരിക്കെ, കവിതയിലെ നിറങ്ങളുടെ അസാന്നിധ്യത്തിന് സാമൂഹിക രാഷ്ട്രീയ മാനങ്ങള്‍ കൈവരുന്നുമുണ്ട്. ചിലപ്പോള്‍ ഇങ്ങനെയും തിരിച്ചറിയുന്നു,

‘‘I still write poetry

And nothing happens; customary glance.

Where is that leonine poise?’’

‘‘We move

Like habiru

Or do we?’’ എന്ന സന്ദേഹം കവിയില്‍ എപ്പോഴും നിറഞ്ഞിരിക്കുന്നു. നാടോടികളുടെയും പുറത്താക്കപ്പെടുന്നവരുടെയും വിലാപത്തില്‍നിന്നും ഉയരുന്ന ചോദ്യങ്ങള്‍ ഈ കവിതയില്‍നിന്നും കേള്‍ക്കുന്നു. സന്ദിഗ്ധതകള്‍ നിറഞ്ഞു നിറഞ്ഞു വളര്‍ന്നു വരുന്നത് വാക്കുകളില്‍ അനുഭവിക്കുന്നു. ‘The Unnamable’ എന്ന കവിതയില്‍, കവിയിലെ വിഷാദത്തിന് സവിശേഷമായ ചില മാനങ്ങള്‍ കൈവരുന്നുണ്ട്. എല്ലാ കവികളിലുമുള്ള വാക്കിനെ കുറിച്ചുള്ള ആകുലതക്കപ്പുറമാണത്. പേരിടാനാവാത്തതിന്റെ ദലിതത്വത്തോട് കവി സാത്മ്യം പ്രാപിക്കുന്നു.

ഹാബിരുവിന്റെ നാടോടിഭാവം നാമമില്ലാത്തതിനും കൽപിച്ചു നല്‍കുന്നു. പരസ്പരം അറിയാനുള്ള മാർഗം, അറിയപ്പെടാനുള്ള മാർഗം, സ്വത്വമാർജിക്കാനുള്ള മാർഗം പേരുണ്ടാകുകയെന്നതാണ്. കറുപ്പിന്റെ സാകല്യത്തിനുവേണ്ടി അലഞ്ഞുതിരിയുന്ന പേരില്ലാത്തവര്‍. നാമം നിഷേധിക്കപ്പെട്ട്, രൂപകങ്ങളുടെ മയക്കത്തില്‍, ഭവനരഹിതമായി, നാടോടിയായി... ഒടുവില്‍ കാവ്യവാക്യങ്ങള്‍ക്കപ്പുറം സ്വയം ഉന്മൂലനത്തിലേക്കു പിന്‍വാങ്ങുന്നു.

ഈ സന്ദിഗ്ധതകളിലാണ് ശാസ്ത്രവും തത്ത്വചിന്തയും ഉള്‍പ്പെടെയുള്ള ജ്ഞാനരൂപങ്ങളും ചരിത്രവും എ/നിലിന്റെ കവിതയിലേക്കു കടന്നുവരുന്നത്. ജ്ഞാനദര്‍ശനങ്ങളുടെ വെളിച്ചത്തില്‍ ഈ കവിത പ്രകാശമാനമാകുന്നു, പ്രഭയോടെ ജ്വലിക്കുന്നു. എന്നാല്‍, ഒന്നും അതേപടി സ്വീകരിക്കപ്പെടുന്നില്ല. ദലിതര്‍ നല്‍കുന്ന തിരുത്തുകളോടെയാണ് ഇവയെല്ലാം ഈ കവിതയില്‍ പ്രത്യക്ഷപ്പെടുന്നത്. അവന്റെ കഥ അവളുടെ കഥ കൂടിയാണെന്നു തിരുത്തപ്പെടുന്നു. തത്ത്വചിന്ത തത്ത്വസഹനങ്ങള്‍കൂടിയാണെന്ന് ഉറപ്പിക്കുന്നു. ലാഭത്തോടൊപ്പം കാല്‍ച്ചങ്ങലയെ കൂടി കാണുന്നു.

The mad demise of dirty boy

Retains its clarity, the glass

Mirroring the mirror which

Mirrors the clarity of history

(‘Unplannable Supplement’)

History is a nightmare from which I am trying to awaken: Joyce.

Herstory is my correction fluid, the white liquid I use to erase the nightmarish (‘Pre face’)

the philosuffer

the profetter (‘Eithor’)

Eithor എന്ന ശീര്‍ഷകം കവിയുടെ ശാസ്ത്രതാൽപര്യങ്ങളോടു ചേര്‍ന്നുനിന്ന് ഉപേക്ഷിക്കപ്പെട്ട ശാസ്ത്രസങ്കൽപനമായ ഈഥര്‍ എന്ന മാധ്യമത്തെയും ഏതു സുഷിരത്തിലൂടെയാണ് ഫോട്ടോണ്‍ കടന്നുവരുന്നതെന്ന സന്ദേഹത്തെ (Either or) പേറുന്ന തോമസ് യങ്ങിന്റെ ഇരട്ടസുഷിര പരീക്ഷണങ്ങളെയും ഓർമിപ്പിക്കാനും പര്യാപ്തമാണ്. ചിന്താലോകവും സമകാല യാഥാർഥ്യവും കൂടിക്കുഴഞ്ഞ് എ/നിലിനെ കൊണ്ട് ഇങ്ങനെ എഴുതിപ്പിക്കുന്നു.

The earth is supremely indifferent to the human race that lives a burden to earth

And the insubstantial plastics which will not leave her till she dies

Let the plastic eat us, sculpting our flesh and blood

We shall all be plastic and insubstantial; we will melt in the fire and be...

പോള്‍ സെലാനെയും ആ മഹാകവി ഹൈഡഗറുമായി നടത്തിയ സന്ദര്‍ശനത്തെയും ഓർമിപ്പിക്കുന്ന വരികള്‍ തന്റെ കവിതയിലെഴുതുന്ന എ/നില്‍ സെലാന്റെയും ഹൈഡഗറുടെയും ഭാഷയിലും കവിതയിലുമുള്ള താൽപര്യങ്ങളോടൊപ്പം പങ്കുചേരുക മാത്രമല്ല, ഇരുവരും കടന്നുപോയ ജീവിതത്തിലെ വൈരുധ്യങ്ങളെ കുറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ഹിറ്റ്‌ലറുടെ നാസി പാര്‍ട്ടിയില്‍ അംഗത്വം നേടിയിരുന്ന ഹൈഡഗറും നാസികളുടെ ലേബര്‍ ക്യാമ്പുകളില്‍ പണിയെടുക്കുകയും കൊലയില്‍നിന്നും രക്ഷപ്പെടുകയുംചെയ്ത ജൂതനായ സെലാനും (അദ്ദേഹത്തിന്റെ അച്ഛന്‍ രോഗം ബാധിച്ചും അമ്മ സൈനികരുടെ വെടിയേറ്റും നാസികളുടെ ക്യാമ്പില്‍ ​െവച്ച് മൃതരായി) തങ്ങളുടെ ഭാഷയെയും കാവ്യബിംബങ്ങളെയും കുറിച്ചുള്ള ചിന്തകളില്‍ പരസ്പരം താൽപര്യം കാണിച്ചിരുന്നു! ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയെ ഇരുപതാം നൂറ്റാണ്ടിന്റെ ബൗദ്ധികചരിത്രത്തിലെ നാഴികക്കല്ലായി കാണുന്നവരുണ്ട്.

അനിൽ

(പോള്‍ സെലാനും മാര്‍ട്ടിന്‍ ഹൈഡഗറും എന്ന പുസ്തകമെഴുതിയ ജെയിംസ് കെ ലൈയോണ്‍ ഇങ്ങനെയൊരു വാക്യത്തോടെയാണ് തന്റെ പുസ്തകം തുടങ്ങുന്നത്.) മഹാകവി മഹാനായ തത്ത്വചിന്തകനില്‍നിന്നും നാസികാലത്തെ കുറിച്ച് കുറ്റബോധം നിറഞ്ഞ വാക്കിനെ പ്രതീക്ഷിച്ചിരുന്നിരിക്കണം. കവിതക്കു മുന്നേ ‘‘Only one thing remained reachable, close and secure amid all losses: language. Yes, language. In spite of everything, it remained secure against loss’’ എന്ന സെലാന്റെ വാക്കുകള്‍ എ/നില്‍ ഉദ്ധരിച്ചുചേര്‍ക്കുന്നുണ്ട്. ഭാഷയെ കുറിച്ച് എല്ലാമറിയാമായിരുന്ന തത്ത്വചിന്തകന്‍ അവരുടെ സമാഗമത്തില്‍ നാസി കൂട്ടക്കൊലയെ കുറിച്ചു നിശ്ശബ്ദനായിരുന്നു! ആ സമാഗമത്തിനു ശേഷമുള്ള സെലാന്റെ മനസ്സിന്റെ ഭാരത്തെ ആവാഹിക്കുന്ന വാക്കുകളിലാണ് എ/നിലിന്റെ കവിത തുടങ്ങുന്നത്.

‘‘In search of a dialogue

I talked to you over and over

In desperation, in delirious fever

You gave me no answers

You did not even talk back

You were a shadow outside language

Homeless within language, nothing.’’ ഹൈഡഗറുടെ ബുദ്ധിജീവിതത്തില്‍ ആവര്‍ത്തിച്ചുവരുന്ന വിപരീതത്തെ കവി കാണുന്നു. ഏതൊരു പ്രകൃതിസ്‌നേഹിയും പ്രബലനായ നാസിയാണെന്ന ഒരു വാക്യം എ/നിലിന്റെ ഒരു ലേഖനത്തില്‍ ഞാന്‍ വായിച്ചിട്ടുണ്ട്. മുതലാളിത്തത്തിന്റെ നിഷ്ഠുരവാഴ്ചക്കെതിരെ പ്രാകൃതികസമൂഹത്തെ സ്വപ്നം കാണുന്നതാണ് നാസികളുടെ പ്രത്യയശാസ്ത്രമെന്ന് എ/നില്‍ എഴുതിയിരിക്കുന്നു.

ഈ വഴികളിലൂടെയാണ് ഹൈഡഗര്‍ ഫാഷിസത്തെ പിന്തുണക്കുന്നവനായി മാറുന്നതെന്നു സൂചിപ്പിക്കപ്പെടുന്നു. ശത്രുവിനെ എതിരിടാനുള്ള മാർഗം അയാളുടെ മാർഗങ്ങളെ തിരിച്ചു പ്രയോഗിക്കുകയാണെന്ന് കാസ്പറോവിന്റെ ‘How Life Imitates Chess’ എന്ന പുസ്തകത്തെ ചൂണ്ടി ഈ കവി എഴുതിയിട്ടുണ്ട്. ഇന്ത്യയിലെ ഇടതുപക്ഷത്തിന് തീവ്ര പുരോഗമന നിലപാടുകളില്ലെന്നും എ/നില്‍ പറയുന്നു. ആ ലേഖനത്തില്‍നിന്നുള്ള ചില വാക്യങ്ങള്‍ അതേപടി ഉദ്ധരിക്കാം. ‘‘As Hegel has taught us: radical conservative and radical revolutionary have something in common. The tragedy is that in India we neither have a radical believer nor a radical revolutionary. We have only liberal left and right. And they are the same lot. Like a bourgeoisie broker in the stock market, both Prakash Karat and Mar Andrews Thazhath engage in profitable calculations in the globalized market!’’ മറ്റൊരു ലേഖനത്തില്‍ ‘‘...it was impossible to criticize the Indian left because every radical questioning had already been incorporated into the leftist frame’’ എന്നെഴുതിയിരിക്കുന്നു.

ഉട്ടോപ്യകളെല്ലാം; പഴയതും പുതിയതും, അകലെയായ കാലം. പണം ദൈവമാകുന്ന കാലം. നിർണയിക്കാനാവാത്ത മൂല്യമുള്ളതിനെ കുറിച്ചുള്ള ആഗ്രഹങ്ങള്‍ ഇപ്പോള്‍ എന്താണ്? ബുദ്ധധർമത്തെ സ്വീകരിക്കാനുള്ള അംബേദ്കറുടെ നിശ്ചയത്തെ കെക്കുലേ സ്വപ്നം എന്ന രൂപകംകൊണ്ട് കവി നോക്കുന്നു. ബെന്‍സീന്‍ എന്ന രാസവസ്തുവിന്റെ വളയഘടനയെ കുറിച്ച് ആലോചിക്കാന്‍ കെക്കുലേ എന്ന ശാസ്ത്രജ്ഞനെ പ്രേരിപ്പിച്ചത് ഒരു രാത്രിസ്വപ്നമായിരുന്നു. സ്വന്തം വാലില്‍ കടിക്കുന്ന പാമ്പ്. കെക്കുലേയുടെ സ്വപ്നം ബന്ധങ്ങളിലെ വിശ്വാസ്യതയെ കുറിക്കുന്നതാണെന്നു പറഞ്ഞ സ്വപ്നനിരൂപകര്‍ ഉണ്ടത്രേ! ഈ സ്വപ്നം കാണുന്നവന്‍ സ്വയം തുറക്കുകയും പുതിയ അനുഭവങ്ങള്‍ക്കും ആശയങ്ങള്‍ക്കും പ്രേരിതനാകുകയും ചെയ്യുന്നുവത്രേ! അത് ഒരു നവീകരണത്തിന്റെ, പരിവര്‍ത്തനത്തിന്റെ, പുതിയ ജീവിതത്തിന്റെ ഉപബോധക്കാഴ്ചയാണത്രേ! ലക്ഷ്യപ്രാപ്തിക്കുള്ള ശേഷികള്‍ ഈ സ്വപ്നക്കാഴ്ചയിലുണ്ട്. അംബേദ്കറുടെ ബുദ്ധമതത്തിലേക്കുള്ള മാറ്റത്തില്‍ സവിശേഷമായ സ്വപ്നവും പ്രതീക്ഷയുമുണ്ടായിരുന്നു.

The Buddha and His Dharma

And Ambedkar is well in Kekul’s dream

ആ മനസ്സിനെ അറിയാന്‍ ശ്രമിക്കുകയും അതിനെ സ്വയം പേറാന്‍ ആഗ്രഹിക്കുകയും ചെയ്യുന്ന ഒരാളെ ഈ കവിതകളിലുടനീളം നാം പരിചയപ്പെടുന്നുണ്ടല്ലോ? അംബേദ്കറും അംബേദ്കറുടെ രാഷ്ട്രീയവും ഈ കവിതകളുടെ ആത്മാവാകുന്നുവെന്നു മാത്രമല്ല, ആ രാഷ്ട്രീയത്തെ കുറിച്ച് തീവ്രമായ ബോധ്യങ്ങളോടെ എ/നില്‍ എഴുതിയിട്ടുണ്ടെന്നതും ശ്രദ്ധിക്കണം. സിസെക്കിനോടു തനിക്കുള്ള അനുഭാവം വ്യക്തമാക്കിക്കൊണ്ട് എഴുതിയ കുറിപ്പില്‍ എ/നില്‍ ഇങ്ങനെ എഴുതുന്നുണ്ട്. ‘‘...he (Zizek) maintains that Ambedkar was far more radical than Gandhi and that Gandhi was more violent than Hitler; he says one could learn more about India not from its monuments that are displayed for the tourist gaze but from the Dalits who clean the shit that the tourists deposit in the toilet...’’

എ/നിലിന്റെ കവിതകളില്‍ ആവര്‍ത്തിച്ചു പ്രത്യക്ഷപ്പെടുന്ന പല വാക്കുകളുണ്ട്. അവയില്‍ മൂന്നു വാക്കുകളെ എടുത്തെഴുതാം. Crystal, Mensturation, Sacrifice -ഇവ കവിക്ക് പ്രിയപ്പെട്ടതും മിക്കപ്പോഴും ആവശ്യമുള്ളതുമായിത്തീരുന്നത് എങ്ങനെയാണ്? സുതാര്യമായിരിക്കുക -ക്രിസ്റ്റല്‍ ക്ലിയറായിരിക്കുകയെന്നത് ജനാധിപത്യത്തിന്റെയും എല്ലാ ബന്ധങ്ങളുടെയും അടിസ്ഥാനപ്രമാണമായിരിക്കണമെന്ന് ഇയാള്‍ കരുതുന്നുണ്ട്. പ്രാഥമികമായും ജനാധിപത്യ മൂല്യങ്ങളിലുള്ള വിശ്വാസമായിട്ടാണ് ഇതു പ്രകടമാകുന്നതെന്ന കാര്യം എടുത്തുപറയണം. ഋതുപ്പകര്‍ച്ചകളെ സൂചിപ്പിക്കുന്ന ആര്‍ത്തവം വരാനിരിക്കുന്ന പുഷ്പകാലത്തിന്റെ പ്രതീക്ഷയെ വഹിക്കുന്നു. അതിന്റെ വിപരീതത്തില്‍ ഉടലെടുക്കുന്ന വിഷാദത്തെയും നൈരാശ്യത്തെയും എഴുതാനും കവിക്ക് ഈ വാക്കു വേണം. ആദര്‍ശാത്മകതയെയും കേവലമൂല്യങ്ങളെയും വെടിഞ്ഞ് ലോകക്ഷേമത്തിനാകണമെന്നു കരുതുന്ന അവബോധത്തിലാണ് ഈ കവിതകളില്‍ ത്യാഗം എന്ന വാക്ക് പ്രത്യക്ഷപ്പെടുന്നത്.

ചെസ് കളിയിലെ മുന്നേറ്റത്തിന്നിടയിലെ ത്യാഗമാണ്, ത്യാഗത്തിന്റെ കേന്ദ്രപ്രശ്‌നമെന്നു കരുതുന്ന കവി ആ പരികൽപനയെ കുറിച്ചുള്ള പൊതുബോധത്തിന് വലിയ പ്രഹരമേൽപിക്കുന്നു. വാക്കുകളെ പുതുക്കുകയും പുതിയ അർഥങ്ങളിലേക്കും മൂല്യങ്ങളിലേക്കും നയിക്കുകയും ചെയ്യുന്ന വലിയ ഒരു പ്രവര്‍ത്തനം എ/നിലിന്റെ കവിതയില്‍ സംഭവിക്കുന്നു.

ഈ കവിതയിലെ ജീവനുള്ള വാക്കുകള്‍ കവിതകൊണ്ടു മാത്രം സംതൃപ്തമോ സഫലമോ ആകുന്നില്ല. അത് തത്ത്വചിന്തയിലേക്കും ശാസ്ത്രത്തിലേക്കും കലകളിലേക്കും മനുഷ്യന്റെ അനേകം വ്യവഹാരങ്ങളിലേക്കും തുറന്നിരിക്കുന്നു. ശാസ്ത്രത്തിനും തത്ത്വചിന്തക്കും സാഹിത്യത്തിനും പരസ്പരം പങ്കുവെക്കാനും പൂരിപ്പിക്കാനുമുള്ള നിരവധി ഇടങ്ങളുണ്ടെന്ന ദെല്യൂസിന്റെ നിദര്‍ശനങ്ങള്‍ എ/നിലിന്റെ കവിതകളില്‍ സാക്ഷാത്കരിക്കപ്പെടുന്നു. വായനക്കാരനെ വീണ്ടും വീണ്ടും കവിതയിലെ വാക്കില്‍ മുഴുകാന്‍ പ്രേരിപ്പിക്കുന്ന അർഥസാന്ദ്രതയും ധ്വനിവിശേഷവും ഈ കവിതകള്‍ക്കുണ്ട്.

എ/നില്‍ നിരൂപകന്റെയോ വ്യാഖ്യാതാവിന്റെയോ കവി അല്ലാതാകുകയും വാക്കുകള്‍ നിരന്തരം സ്വയം സംസാരിക്കുകയും കവിത സ്വയം പ്രഖ്യാപിക്കുകയും ചെയ്യുന്ന നിരവധി സന്ദര്‍ഭങ്ങളിലൂടെയുംകൂടി ഈ കവിതകളുടെ വായനക്കാര്‍ കടന്നുപോകും.

Show More expand_more
News Summary - weekly literature book