ഹിംസാത്മകതയുടെ വിശദാംശങ്ങൾ; അധിനിവേശത്തിന്റെയും
ഫലസ്തീനിയൻ എഴുത്തുകാരി അദാനിയ ശിബിലിയുടെ ‘Minor Detail’ എന്ന നോവെല്ലയുടെ വായന.
“മരീചികയല്ലാതെ മറ്റൊന്നും ഇളകിയില്ല. കാനലിന്റെ കനത്താൽ നിശ്ശബ്ദമായി വിറകൊണ്ട് വിശാലമായി പരന്നു കിടക്കുന്ന തരിശു കുന്നുകൾ അടരുകളായി ആകാശത്തേക്കുയർന്നു നിൽക്കുകയും കത്തുന്ന ഉച്ചവെയിൽ ആ മങ്ങിയ മഞ്ഞത്തിട്ടകളുടെ വക്കുകൾ അവ്യക്തമാക്കുകയും ചെയ്തു. കുന്നുകളിലൂടെ വളഞ്ഞുപുളഞ്ഞ് അലക്ഷ്യമായി നീണ്ടുകിടക്കുന്ന ഒരു അതിർത്തിയും, ഉണങ്ങിയ മുള്ളൻ ബേണറ്റ് ചെടികളുടെ നേർത്ത നിഴലുകളും, അവിടവിടെ പുള്ളികൾപോലെ കുറെ കല്ലുകളും മാത്രമായിരുന്നു ശ്രദ്ധയിൽപെട്ടേക്കാവുന്ന ചിലത്. അതല്ലാതെ മറ്റൊന്നുമില്ലതന്നെ. ആഗസ്റ്റിലെ കൊടും ചൂടിൽ ചുരുണ്ടിരിക്കുന്ന വരണ്ട നെഗേവ്* മരുഭൂമിയല്ലാതെ...”
ഫലസ്തീനിയൻ എഴുത്തുകാരി അദാനിയ ശിബിലിയുടെ ‘Minor Detail’ (നിസ്സാര വിശദാംശം) എന്ന നോെവല്ലയുടെ തുടക്കം തുടർന്നുവരുന്ന ഋജുവും തീക്ഷ്ണവുമായ ആഖ്യാനത്തിന് ഒരു മുഖവുരയെന്നോണമാണ്. 1948 മുതൽ ഇന്നുവരെ ഫലസ്തീൻ ജനത ദിനേന അനുഭവിക്കുന്ന ഭീതിദവും ഹിംസാത്മകവുമായ അന്തരീക്ഷത്തെ നിർവികാരമായ ഭാഷാ ശൈലിയിലൂടെ അവതരിപ്പിച്ചാണ് 2017ൽ അറബിയിലും 2020ൽ ഇംഗ്ലീഷിലും പ്രസിദ്ധീകൃതമായ ഈ ചെറുനോവൽ ശ്രദ്ധേയമായത്. 2022ൽ ജർമൻ ഭാഷയിൽ മൊഴിമാറ്റം ചെയ്യപ്പെട്ട നോവലിന് ‘ലിറ്റ് പ്രോം’ എന്ന ജർമൻ സാഹിത്യ സംഘടനയുടെ 2023ലെ അവാർഡ് ലഭിച്ചിരുന്നു.
ആഫ്രിക്കൻ, ഏഷ്യൻ, അറബ് രാജ്യങ്ങളിൽനിന്നും തിരഞ്ഞെടുക്കപ്പെടുന്ന എഴുത്തുകാർക്കുള്ള ഈ അവാർഡ് വിഖ്യാതമായ ഫ്രാങ്ക്ഫർട്ട് പുസ്തകമേളയിൽ െവച്ചാണ് നൽകുക പതിവ്. എന്നാൽ, 2023 ഒക്ടോബർ ഏഴിന് ഇസ്രായേലിൽ നടന്ന ആക്രമണത്തെത്തുടർന്ന് ഗസ്സയിലും മറ്റ് ഫലസ്തീൻ പ്രവിശ്യകളിലും ഇസ്രായേൽ നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ അവാർഡ് ദാനച്ചടങ്ങ് ഒഴിവാക്കുകയാണുണ്ടായത്. അവാർഡ് ജൂറിയിലെ അംഗമായ ഉൾറിഷ് നോളർ ഇസ്രായേൽ വിരുദ്ധത ആരോപിച്ച് അവാർഡ് നൽകുന്നതിനെ ആദ്യമേ എതിർത്തിരുന്നു. ഒരുപാട് പ്രശംസയേറ്റു വാങ്ങിയ ഈ നോവലിനെതിരെയുള്ള ആരോപണത്തിന്റെ സാധുത വിശകലനം ചെയ്യുകയാണിവിടെ.
ജർമനിയിലും ഫലസ്തീനിലുമായി താമസിക്കുന്ന, ആറു ഭാഷകൾ ഉപയോഗിക്കുന്ന ശിബിലി, പക്ഷേ, അറബി ഭാഷയിൽ മാത്രമാണ് എഴുതുന്നത്. അറബിയിലെ പ്രാമാണികവും പരമ്പരാഗതവുമായ എഴുത്തുഭാഷയെയും പരിണമിച്ച വാമൊഴിയെയും വെവ്വേറെ കാണുന്ന അവർ തന്റെ സംസാരഭാഷ കലരാതെയാണ് എഴുതാറുള്ളത് . ‘Minor Detail’ൽ രണ്ടുതരം ഭാഷ ഉപയോഗിച്ചിട്ടുണ്ട്. എന്നാൽ, അവ ഒഴുക്കുള്ള അധികാരഭാഷയും അടിച്ചമർത്തപ്പെട്ടവന്റെ അപൂർണമായ, മുറിഞ്ഞ ഭാഷയുമാണെന്നു മാത്രം.
എലിസബത്ത് ജക്വാറ്റ് ആണ് ഭാഷാശൈലികൊണ്ട് ഏറെ പ്രകീർത്തിക്കപ്പെട്ട ശിബിലിയുടെ ‘Minor Detail’ ഇംഗ്ലീഷിലേക്ക് മനോഹരമായി മൊഴിമാറ്റം ചെയ്തത്. 2021ലെ ബുക്കർ ലോങ് ലിസ്റ്റിൽ ഉൾപ്പെട്ട ഈ നോവലിന് മുമ്പ് ‘Touch’ (2010), ‘We Are All Equally Far from Love’ (2013) എന്നീ നോവലുകളാണ് ശിബിലിയുടേതായുള്ളത്. അവ രണ്ടിലും ഫലസ്തീൻ ജീവിതത്തെ ചൂഴ്ന്നുനിൽക്കുന്ന ദുരന്തത്തെ വൈകാരികത ഒട്ടുമില്ലാതെ സമീപിക്കുന്ന ശൈലിയാണ് അവർ സ്വീകരിച്ചിരിക്കുന്നത്. രണ്ടാം ഇൻതിഫാദക്കുശേഷം* അനുഭവപ്പെട്ട കടുത്ത നിരാശയും ശൂന്യതയുമാണ് തന്നെ ‘Minor Detail’ എഴുതാൻ പ്രേരിപ്പിച്ചതെന്നാണ് ശിബിലി പറയുന്നത്.
തുടർന്നുള്ള പന്ത്രണ്ടു വർഷങ്ങളിലായാണ് അവർ നോവൽ എഴുതി പൂർത്തിയാക്കിയത്. അന്തസ്സോടെ ജീവിക്കാനുള്ള മൗലികാവകാശം നഷ്ടപ്പെടുക എന്ന ഫലസ്തീനിയൻ അവസ്ഥയിൽ പ്രതികാരം മനുഷ്യത്വത്തെ മറികടക്കാൻ സാധ്യത ഏറെയാണെന്നതിനാൽ സാഹിത്യത്തിലൂടെ അതിനെ അതിജീവിക്കുകയാണ് ശിബിലി. ഫലസ്തീൻ കഥകൾ എല്ലായ്പോഴും ഫലസ്തീനെ‘ക്കുറിച്ച്’ പറയുമ്പോൾ ആ അനുഭവസ്ഥലിക്കകത്തുനിന്ന്, എന്നാൽ ഇടപെടലുകൾ നടത്താതെ, സാക്ഷ്യം വഹിക്കുന്ന ഒരു ആഖ്യാനശൈലിയാണ് ശിബിലി സ്വീകരിക്കുന്നത്. ഫലസ്തീനിയൻ അനുഭവങ്ങളുടെ വിശ്വാസ്യത നിത്യേന ചോദ്യംചെയ്യപ്പെടുമ്പോൾ സർഗാത്മകതകൊണ്ട് അതിനെ നേരിടുകയാണ് അവർ.
തികച്ചും വ്യത്യസ്തമായത് എന്നു തോന്നിയേക്കാവുന്ന രണ്ടു കഥകളാണ് നോവലിന്റെ ഉള്ളടക്കം. 1949ൽ അധിനിവേശത്തിന്റെ തുടക്കക്കാലത്ത് ഇസ്രായേൽ സൈന്യം നെഗേവ് മരുഭൂമിക്ക് സമീപം ഒരു ബദവി* സംഘത്തിൽ നടത്തിയ കൂട്ടക്കൊലയും തുടർന്ന് അവരിലെ ഒരു പെൺകുട്ടി അനുഭവിച്ച ബലാത്സംഗവും മറ്റ് ക്രൂരതകളുമാണ് ആദ്യ ഭാഗത്തിൽ ഉള്ളുലയ്ക്കുന്ന ഭാഷയിൽ വിവരിക്കുന്നത്. ചെക്ക് പോയന്റുകളിലും അതിർത്തികളിലും ദീർഘനേരം കാത്തുനിൽക്കുന്നത് തികച്ചും അപ്രധാനമായ ചിലതിലേക്ക് ശ്രദ്ധതിരിക്കുമെന്ന് ശിബിലി പറയുന്നു.
‘Minor Detail’ പേരു സൂചിപ്പിക്കുംപോലെ ഇത്തരം സൂക്ഷ്മവും എന്നാൽ നിസ്സാരവുമായ വിശദാംശങ്ങളിലൂടെയാണ് മുന്നോട്ട് പോകുന്നത്. നിശ്ശബ്ദതയും മന്ദഗതിയും സൃഷ്ടിക്കുന്ന അനിർവചനീയമായ ഉൾക്കിടിലം പലപ്പോഴും അദ്യശ്യയാ(നാ)യ ആഖ്യാതാവിന്റെ കൃത്യതയും അതിസൂക്ഷ്മതയുമുള്ള വിശദീകരണംകൊണ്ട് അധികരിക്കുന്നതായി അനുഭവപ്പെടും. 1948ലെ യുദ്ധാനന്തരം ഫലസ്തീനിലെ നെഗേവ് മരുപ്രദേശത്ത് അവശേഷിച്ച മനുഷ്യരെ ഒഴിപ്പിക്കാനെത്തിയ ഇസ്രായേലി പട്ടാളസംഘത്തിന്റെ (IDF Platoon) മേധാവിയാണ് ഒന്നാം ഭാഗത്തിലെ പ്രധാന കഥാപാത്രം.
നോവലിൽ ഒരു കഥാപാത്രത്തിനും പേരു നൽകിയിട്ടില്ല എന്നത് വായനക്കാർക്ക് പൂരിപ്പിക്കാനായി എഴുത്തുകാരി മനഃപൂർവം വിട്ടുകളഞ്ഞ നിരവധി വിശദാംശങ്ങളിലൊന്നാണ്. എന്നാൽ, നിസ്സാരമെന്ന് തോന്നുന്ന ചിലതിൽ ആഖ്യാനം ഉടക്കിനിൽക്കുന്നതായി കാണാം. ബദവി സംഘത്തെ കൊലചെയ്ത ശേഷം അയാൾ ആ പരിസരത്ത് ചുറ്റിനടക്കുന്നുണ്ട്.
‘‘പിന്നീട് അയാൾ ഉണക്കപ്പുല്ലു മൂടിയ കുന്നുകൾപോലെ വീണുകിടന്ന ഒട്ടകങ്ങൾക്ക് ചുറ്റും നടന്നു. അവ ആറെണ്ണമുണ്ടായിരുന്നു. അവയെല്ലാംതന്നെ ചത്തുകഴിഞ്ഞിരുന്നെങ്കിലും ചില കാലുകൾ അവിടവിടെ ചെറുതായി ഇളകുകയും മണൽ ആലസ്യത്തോടെ അവയുടെ ചോര വലിച്ചിറക്കുകയും ചെയ്തുകൊണ്ടിരുന്നു. അയാളുടെ നോട്ടം ഒട്ടകങ്ങളിലൊന്നിന്റെ വായ്ക്കരികിൽ കിടന്ന ഒരുപിടി പുല്ലിൽ പതിഞ്ഞു. പിഴുതുപോന്ന അതിന്റെ വേരുകളിൽ മണൽത്തരികൾ പറ്റിപ്പിടിച്ചു നിന്നിരുന്നു.’’ പിഴുതെറിയപ്പെട്ടവരുടെ വേദന പിഴുതെറിഞ്ഞവന്റെ കണ്ണിലൂടെ കാണിക്കുന്നു എഴുത്തുകാരി.
വൃത്തിയിൽ അതീവ ശ്രദ്ധ ചെലുത്തുന്ന ഓഫിസറുടെ പെരുമാറ്റം അധിനിവേശത്തിന്റെ പൊതുസ്വഭാവമായ അന്യവത്കരണമാണ് വെളിവാക്കുന്നത്. അതോടൊപ്പം തന്റെ കീഴിലുള്ള സൈനികരോടുപോലും കാണിക്കുന്ന അധീശത്വവും കൂടിച്ചേരുമ്പോൾ അയാളുടെ പ്രവൃത്തികൾക്കെല്ലാം ഒരു അനായാസതയും അമാനുഷികതയും കൈവരുന്നുണ്ട്. പരദേശിയായ അയാൾക്ക് മരുഭൂമിയിലെ കൊടുംചൂടും ഇരുട്ടിൽ തന്റെ ദേഹത്തിഴഞ്ഞുകയറിയ ഏതോ ജീവിയുടെ കുത്തേറ്റുണ്ടായ മുറിവിന്റെ വേദനയുമെല്ലാം ഉണ്ടായിരിക്കെത്തന്നെ ഭയരഹിതമായ ഒരു അഹംബോധമുണ്ട്. നോവലിന്റെ തുടക്കത്തിൽ തന്റെ സൈനികർക്ക് തങ്ങളുടെ ദൗത്യം വിശദീകരിച്ചു കൊടുക്കുമ്പോൾ ‘‘തെക്കുപടിഞ്ഞാറേ നെഗേവ് മരുഭൂമിയെ ശേഷിച്ച അറബികളെക്കൂടി ഒഴിവാക്കി ശുദ്ധീകരിക്കുക (cleanse)” എന്നാണയാൾ പറയുന്നത്. ബദവിസംഘത്തിൽനിന്നും പിടിച്ചുകൊണ്ടുവന്ന പെൺകുട്ടിയുടെ ദുർഗന്ധം വമിക്കുന്ന വസ്ത്രങ്ങൾ വലിച്ചുകീറിയ ശേഷം ഒരു ഹോസ് ഉപയോഗിച്ച് അവളെ കഴുകി വൃത്തിയാക്കുന്നുണ്ട്.
മറ്റു സൈനികരുടെ നടുവിൽ തണുത്തു വിറച്ച് നഗ്നയായി ഒരു പന്തുപോലെ ചുരുണ്ടുകൂടി കിടന്ന പെൺകുട്ടിയുടെ ശരീരത്തിലേക്ക് വെള്ളം ചീറ്റിക്കുന്ന അയാൾക്ക് അവളെ അവളോടൊപ്പമുള്ള നായയെക്കാൾ താൻ വരുതിയിലാക്കി എന്നത് വലിയ സംതൃപ്തി നൽകുന്നുണ്ട്. അധിനിവേശം തദ്ദേശീയരെ മൃഗങ്ങളെക്കാൾ താഴ്ന്നവരായി കാണുന്നതിനും തങ്ങളുടേത് ഒരു നാഗരിക ദൗത്യമായി ന്യായീകരിക്കുന്നതിനും ചരിത്രത്തിൽ ധാരാളം ഉദാഹരണങ്ങൾ കണ്ടെത്താൻ കഴിയും.
“പെട്ടെന്നയാൾ ടാപ്പ് അടക്കാൻ പുറപ്പെട്ട സൈനികനോട് നിൽക്കാൻ വിളിച്ചുപറഞ്ഞു. എന്നിട്ട് തന്റെ തള്ളവിരൽ ഹോസിൽനിന്നും മാറ്റിയശേഷം ജലധാര നായുടെ നേരെ തിരിച്ചു. വെള്ളം ദേഹത്ത് വീണയുടൻ സൈനികരെ ഉറക്കെ ചിരിപ്പിക്കുംവണ്ണം അത് ഓടിപ്പോയി. അയാൾ പുഞ്ചിരിച്ചുകൊണ്ട് വീണ്ടും ടാപ്പ് അടക്കാൻ ആവശ്യപ്പെട്ടു. വെള്ളം നിന്നപ്പോൾ അയാൾ ഹോസ് മണ്ണിലേക്കെറിഞ്ഞു.’’ നോവലിൽ ഒരേയൊരിടത്താണ് അയാൾ പുഞ്ചിരിക്കുന്നത്. തന്റെ ദൗത്യനിർവഹണത്തിൽ വിജയിച്ചതിന്റെ പുഞ്ചിരി.
പെൺകുട്ടിയുടെ മുടിയിൽ പെട്രോളൊഴിച്ചശേഷം മുടി മുറിച്ച്, സൈനികരുടെ ഷർട്ടും ഷോർട്ട്സും ധരിപ്പിച്ചുകൊണ്ടാണ് അയാളവളെ പൂർണമായി വൃത്തിയാക്കുന്നത്. കഥയിലുടനീളം പെട്രോളിന്റെ തുളച്ചുകയറുന്ന ഗന്ധം അധിനിവേശത്തിന്റെ ധാർഷ്ട്യംപോലെ തങ്ങിനിൽക്കുന്നതായി അനുഭവപ്പെടും. സൈനിക ഓഫിസറെ അന്യവത്കരിക്കുന്നതിനും അയാളുടെ അധിനിവേശസ്വത്വം തുറന്നുകാട്ടാൻ വെമ്പുന്നതിനും പകരം അയാളുടെ ശീലങ്ങളോടും എല്ലാം അടക്കിഭരിക്കാനുള്ള ത്വരയോടും അസ്വസ്ഥപ്പെടുത്തുന്ന ഒരു അടുപ്പം സൃഷ്ടിക്കുകയാണ് ശിബിലി ചെയ്യുന്നത്.
പഴുത്തു വിങ്ങുന്ന മുറിവ് ഒരു ഘട്ടത്തിൽ ഒരു സൈനികൻ എന്നതിനപ്പുറം അയാളുടെ വ്യക്തിത്വത്തെ തുറന്നുകാണിക്കുമെന്ന് തോന്നുമ്പോഴേക്കും മറ്റൊരു ചെറിയ വിശദാംശം കഥയുടെ ഗതി മാറ്റുന്നു. ബദവിപ്പെൺകുട്ടിയുടെ സംരക്ഷകനായും ഹിംസകനായും ഒരേസമയം പകർന്നാടുന്ന ഓഫിസർ ഒന്നാം ഭാഗം അവസാനിക്കേ നിസ്സംഗമായ കൃത്യനിർവഹണത്തിൽ മുഴുകുന്നതായി കാണാം.
അവളെ കുഴിച്ചുമൂടിയ ശേഷം നിർത്താതെയുള്ള ഓരിയിടലുകൊണ്ട് തന്നെ അസ്വസ്ഥനാക്കിയ നായെ തന്റെ കുടിലിലെ ഇരുട്ടിൽ െവച്ച് നിർദാക്ഷിണ്യം അയാൾ നിശ്ശബ്ദനാക്കുമ്പോഴാണ് ഒന്നാം കഥക്ക് പര്യവസാനമാകുന്നത്.
നോവലിന്റെ രണ്ടാം ഭാഗത്തിലെ കഥ വർഷങ്ങൾക്കിപ്പുറത്ത് വർത്തമാനകാലത്തെ വെസ്റ്റ് ബാങ്കിൽ റാമല്ലയിലാണ് നടക്കുന്നത്. ദൂരെ മലമുകളിൽനിന്നും കേൾക്കുന്ന നായുടെ ഓരിയിടലിൽ ഉറക്കം നഷ്ടപ്പെടുന്ന ഒരു യുവതിയുടെ ജീവിതത്തിലേക്കും സർവജ്ഞമായ ആഖ്യാനരീതിയിൽനിന്ന് അവളുടെ മാത്രം കാഴ്ചകളിലേക്കും അനുഭവങ്ങളിലേക്കും ശിബിലി വിദഗ്ധമായി വായനക്കാരന്റെ ശ്രദ്ധയെ മാറ്റുന്നു. സ്വന്തം ജീവിതത്തിന്റെ ഒരു പോരായ്മയായി രണ്ടാം കഥയിലെ നായിക കാണുന്നത് അതിർത്തികൾ ഭേദിച്ചു കടക്കാനുള്ള വഴക്കമില്ലായ്മയാണ്.
ഫലസ്തീൻ ജീവിതത്തിലെ ദൈനംദിന കാഴ്ചകൾ അവളിലുണ്ടാക്കുന്ന ഉത്കണ്ഠ പലപ്പോഴും അവളെ ഒരു വിഡ്ഢിയെപ്പോലെ അതിർത്തികൾ അശ്രദ്ധമായി ചാടിമറിഞ്ഞു കടക്കാൻ പ്രേരിപ്പിക്കാറുണ്ടെന്നാണ് അവളുടെ കുമ്പസാരം. താൻ ജീവിക്കുന്നത് അസ്ഥിരമായ ഒരിടത്താണ് എന്നത് വ്യക്തമായി അറിഞ്ഞിരിക്കെത്തന്നെ അതിനെക്കുറിച്ച് കൂടുതൽ ചിന്തിക്കാതെ തന്റെ ജോലി, വീട് തുടങ്ങിയ അപായസാധ്യത കുറഞ്ഞ കാര്യങ്ങളിൽ മുഴുകിയിരിക്കുകയാണവൾ.
ആത്മകഥാംശങ്ങൾ ചേർത്തുകൊണ്ടാണ് രണ്ടാം ഭാഗം ശിബിലി എഴുതിയിരിക്കുന്നത്. അതുകൊണ്ട് തന്നെ പ്രഥമവ്യക്തിവിവരണ (First Person Narrative) രീതിയാണ് സ്വീകരിച്ചിരിക്കുന്നത്. അപ്രതീക്ഷിതമായി കണ്ണിൽപെട്ട ഒരു വാർത്തയും അതിലെ അത്രകണ്ട് മറ്റാരും ശ്രദ്ധിക്കാത്ത ഒരു വിശദാംശവും ഒരു അതിർ ലംഘനത്തിന് കഥാനായികയെ പ്രേരിപ്പിക്കുന്നു. ആദ്യ ഭാഗത്തിൽ പരാമർശിച്ച ബദവിപ്പെൺകുട്ടിയുടെ കൊലപാതകം നടന്നത് താൻ ജനിക്കുന്നതിന് ഇരുപത്തഞ്ചു വർഷം മുമ്പ് അതേദിവസം ആണെന്നത് അവളെ വേട്ടയാടുന്നു. അതിനെക്കുറിച്ചവൾ ചിന്തിക്കുന്നത് ഇപ്രകാരമാണ്. “...ഈ രണ്ടു സംഭവങ്ങളും തമ്മിൽ സാധാരണ ചെടികളിലൊക്കെ കാണുന്ന ഒരുതരം ബന്ധം അല്ലെങ്കിൽ മറഞ്ഞിരിക്കുന്ന ഒരു കണ്ണി ഉണ്ടാവാനുള്ള സാധ്യത തള്ളിക്കളയാവതല്ല.
ഉദാഹരണത്തിന്, പൂർണമായി ഒഴിവാക്കിയെന്ന് കരുതി നാം ഒരു പിടി പുല്ല് വേരോടെ പിഴുതെടുത്തെന്നിരിക്കെ അതേ വർഗത്തിൽപെട്ട പുല്ല് അതേയിടത്ത് കാൽ നൂറ്റാണ്ടിനിപ്പുറം വളർന്നു വരുന്നപോലെ.”
വർഷങ്ങൾക്കപ്പുറം നടന്ന സംഭവത്തിലെ സത്യമന്വേഷിക്കാൻ ഇറങ്ങിത്തിരിക്കുന്ന യുവതി അതുവരെ ഭയപ്പെട്ടിരുന്ന എല്ലാ അതിരുകളെയും ലംഘിക്കുന്നതായി കാണാം. അതേസമയം ഓരോ നിമിഷത്തിലും അവളുടെ സാഹസങ്ങൾ വായനക്കാരിൽ ഉത്കണ്ഠ നിറക്കും. ആദ്യഭാഗത്തിലെ സൈനികോദ്യോഗസ്ഥനെ അപേക്ഷിച്ച് അവളുടെ യാത്ര പലപ്പോഴും ഒട്ടും ചലനാത്മകതയില്ലാത്ത ഒരാളുടേതെന്നപോലെ പ്രയാസകരമാണ്. ഭയവും അനിശ്ചിതത്വവും അവളെ ദുർബലയാക്കുന്നുണ്ട്.
വിഖ്യാത സമകാലിക ചിന്തകനായ സ്ലാവോയ് ഷിഷാക്ക് ഹിംസയെ ആത്മനിഷ്ഠം, വസ്തുനിഷ്ഠം എന്നിങ്ങനെ വേർതിരിക്കുന്നുണ്ട്. ആദ്യത്തേത് പ്രത്യക്ഷത്തിൽ കാണുന്നതും കുറ്റവാളിയെ മനസ്സിലാക്കാൻ എളുപ്പമുള്ളതുമാണെങ്കിൽ രണ്ടാമത്തേത് വ്യവസ്ഥിതിയിൽ അലിഞ്ഞുചേർന്നതാണ്. പ്രത്യക്ഷമായ ഹിംസയുടെ പിന്നണിയിൽ ആരാലും ശ്രദ്ധിക്കപ്പെടാതെ നിലനിൽക്കുന്ന, എന്നാൽ ചൂഷണത്തിനും അധിനിവേശത്തിനും ചുക്കാൻപിടിക്കുന്ന വസ്തുനിഷ്ഠമായ ഹിംസയിലൂടെ എപ്പോൾ വേണമെങ്കിലും വന്നു വീണേക്കാവുന്ന ഒരു ആപത്തിന്റെ ഭീഷണിയും അതിനോടുള്ള ഭയവും ഇരയിൽ സൃഷ്ടിച്ചെടുക്കാൻ കഴിയും.
‘Minor Detail’ ഇത്തരം ഒരു ഹിംസാത്മകത എങ്ങനെ ഫലസ്തീൻ ജീവിതാനുഭവങ്ങളെ നിർണയിക്കുന്നു എന്നാണ് കാണിച്ചുതരുന്നത്. തന്റെ എഴുത്തിലൂടെ ശിബിലി വായനക്കാരനിലുണർത്തുന്ന ഭയം സാവകാശം തീവ്രത കൈവരിച്ച്, ഒടുവിൽ ഏടുകൾക്ക് പുറത്തേക്ക് ജ്വലിക്കുമാറ് നീറിപ്പുകയുമെന്നാണ് പാക് എഴുത്തുകാരിയായ ഫാത്തിമ ഭൂട്ടോ പറയുന്നത്.
യാഥാർഥ്യവും ഭാവനയും തമ്മിലുള്ള നേരിയ അതിര് കടന്നുകൊണ്ട് ആ കൊലപാതകത്തിന്റെ വലുതും ചെറുതുമായ വിശദാംശങ്ങൾ തേടിയുള്ള അവളുടെ യാത്രയാണ് തുടർന്നുവരുന്ന ഭാഗങ്ങൾ. അതിസാഹസികമായി ആ പഴയ മരുപ്രദേശത്തെത്തുന്ന അവളെ കാത്തിരുന്നത് കാലത്തിന്റെ അതിരുകൾ മായ്ച്ചുകളയുന്ന പലതുമാണ്. അസാധ്യമായത് എന്ന് തോന്നിയേക്കാവുന്ന അവളുടെ യാത്രക്കിടയിൽ കണ്ടെത്തുന്ന സത്യങ്ങളുടെ മൂർച്ച അവളെ കൂടുതൽ കൂടുതൽ ധീരയാക്കുന്നതായി തോന്നും.
ചിലപ്പോൾ ഒരു സ്വപ്നത്തിലെന്നവണ്ണമാണ് അവൾ സഞ്ചരിക്കുന്നത്. ദശാബ്ദങ്ങൾക്കിപ്പുറം അവളെ കാത്തിരിക്കുന്ന ഭാഗധേയം തേടി. പണ്ടെങ്ങോ മറവിയിലാണ്ട ഒരു ക്രൂരതയുടെ കഥ തേടിപ്പുറപ്പെട്ട പേരില്ലാത്ത ആ യുവതിയോടൊപ്പം ചേരുമ്പോൾ വ്യവസ്ഥാപിതമായി തുടർന്നുകൊണ്ടിരിക്കുന്ന തുടച്ചുനീക്കലിനിടെ ജീവിതവും ചരിത്രവും വീണ്ടെടുക്കാനുള്ള ശ്രമം എത്രമാത്രം അപകടകരമാണെന്ന് നാം തിരിച്ചറിയുമെന്നാണ് മീന കന്ദസാമി നിരീക്ഷിക്കുന്നത്.
‘Minor Detail’ന്റെ രണ്ടു ഭാഗവും യാഥാർഥ്യത്തിൽനിന്നുരുത്തിരിഞ്ഞ ആഖ്യായികകളാണ്. നോവലിന്റെ ആദ്യഭാഗത്തിനാസ്പദമായ കുറ്റകൃത്യം ഇസ്രായേലി പത്രമായ ‘ഹാരെറ്റ്സ്’ 2003 ഒക്ടോബർ 29ന് പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ വിശദമായി വിവരിക്കുന്നുണ്ട്. അവീവ് ലാവിയും മോശെ ഗൊറാലിയും ചേർന്നെഴുതിയ ലേഖനത്തിൽ ക്രൂരമായ ആ സംഭവത്തിന്റെ എല്ലാ വിശദാംശങ്ങളുമുണ്ട്. “ഏലിയാഹു, ഷിമോൺ എന്നീ പട്ടാളക്കാർ കുഴിയെടുക്കാൻ ഒരുങ്ങി. അവർ ചെയ്യുന്നതെന്താണെന്നു മനസ്സിലാക്കിയ പെൺകുട്ടി അലറിക്കൊണ്ട് ഓടാൻ തുടങ്ങി. അവൾ ആറു മീറ്ററോളം ഓടിക്കാണണം. അപ്പോഴേക്കും സെർജന്റ് മിഖായേൽ അയാളുടെ തോക്കിൽനിന്നും ഒരു വെടിയുതിർത്തു.’’ ലേഖനം അവസാനിക്കുന്നത് മോശെ എന്ന ഓഫിസറുടെ റിപ്പോർട്ടോടെയാണ്.
“12.08.1949ന് റോന്തുചുറ്റുന്നതിനിടെ എന്റെ അധികാര പരിധിയിലുള്ള പ്രദേശത്ത് അറബികളെ കണ്ടു. അവരിലൊരാൾ ആയുധധാരിയായിരുന്നു. അയാളെ അവിടെ െവച്ച് തന്നെ കൊന്നശേഷം ആയുധം ഞാനെടുത്തു. അവരോടൊപ്പമുണ്ടായിരുന്ന അറബിപ്പെണ്ണിനെ ഞാൻ തടങ്കലിലാക്കി. ഒന്നാമത്തെ രാത്രി പട്ടാളക്കാർ അവളെ പീഡിപ്പിച്ചു. രണ്ടാം ദിവസം അവളെ ഈ ലോകത്തുനിന്ന് തന്നെ ഒഴിവാക്കുന്നതാണ് അനുയോജ്യമെന്ന് ഞാൻ മനസ്സിലാക്കി.”
നോവൽ എഴുതാനായി ഇസ്രായേലിലെ മ്യൂസിയം സന്ദർശിച്ച ശിബിലി അറസ്റ്റ് ചെയ്യപ്പെടുകയുണ്ടായി. രണ്ടാം ഭാഗത്തിലെ നായികക്ക് എഴുത്തുകാരിയുടെ അനുഭവം പകർന്നു നൽകിയതായി കാണാം. അദാനിയ ശിബിലി തന്റെ നോവലിൽ യാഥാർഥ്യങ്ങളെ ഭാവനയിൽ ഇഴപിരിച്ച് സൃഷ്ടിക്കുന്ന ഫലസ്തീൻ കാഴ്ച മറ്റു നോവലുകളിൽനിന്നും തികച്ചും വ്യത്യസ്തമാണ്. ചരിത്രമെന്നത് പേരുകളിലും വർഷങ്ങളിലും തളച്ചിടാൻ കഴിയാത്ത ഒരു ഉൾക്കാഴ്ചയാണ് എന്ന് ഭാഷയുടെ സൂക്ഷ്മഭേദങ്ങളിലൂടെ വരച്ചിടുന്നു അവർ.
ഫലസ്തീൻ-ഇസ്രായേൽ സംഘർഷ ചരിത്രത്തിന്റെ വിശദാംശങ്ങൾ ഒന്നുംതന്നെ ഇല്ലാത്ത ഒരു നോവലിൽ ഇസ്രായേൽ വിരുദ്ധത ആരോപിക്കപ്പെടുന്നത് നിസ്സാരമായ വിശദാംശങ്ങളിൽ ഒളിഞ്ഞുകിടക്കുന്ന ഫലസ്തീൻ അനുഭവങ്ങളുടെ ആവർത്തനപരത തന്റെ എഴുത്തിൽ കൊണ്ടുവരാനുള്ള ശിബിലിയുടെ അസാമാന്യ പാടവംകൊണ്ടുകൂടിയാണ്.