ആലങ്കാരികതയുടെ നാടോടി കാവ്യദർശനങ്ങൾ
ഹംഗേറിയൻ കവി സിലാർദ് ബോർബെലിയുടെ Final Matters: Selected Poems വായിക്കുന്നു.ലോക സാഹിത്യത്തിൽ ഇടം പിടിച്ച നിരവധി ഹംഗേറിയൻ കവികളുണ്ട്. സാൻദൊർ പെറ്റോഫി (Sandor Petofi), ആറ്റില യോസഫ് (Atila Josef), ഫെറൻസ് ജുഹാസ് (Ferenc Juhaz), ഡിസൊ കോസ്റ്റോ ലാൻയി (Deszo Koszto Lanyi), സാൻദൊർ മറായ് (Sandor Marai), ഡിസൊ ടാൻദോറി (Deszo Tandori), ജിയോർജി ഫലൂദി (Gyorgy Faludy) എന്നിവരാണ് അക്കൂട്ടത്തിൽ പ്രഗല്ഭർ. ഇവരോടൊപ്പം എടുത്തുപറയേണ്ട കവിയാണ് സിലാർദ് ബോർബെലി (Szilard Borbely). 1963 നവംബർ ഒന്നിന് ഹംഗറിയിലെ ഫെഹർ ഗിയാർമാറ്റിൽ (Feher gyamat) ജനിച്ച സിലാർദ് ബോർബെലി 2014 ഫെബ്രുവരി 19ന് 51ാമത്തെ വയസ്സിൽ ജീവിതം അവസാനിപ്പിച്ചു. ഹംഗേറിയൻ കവിതയുടെ ആധുനികതലങ്ങളുടെ പ്രതീകാത്മകമായ സാന്നിധ്യമായിരുന്നു അദ്ദേഹം. എഴുത്തുകാരൻ, അക്കാദമിഷ്യൻ,...
Your Subscription Supports Independent Journalism
View Plansഹംഗേറിയൻ കവി സിലാർദ് ബോർബെലിയുടെ Final Matters: Selected Poems വായിക്കുന്നു.
ലോക സാഹിത്യത്തിൽ ഇടം പിടിച്ച നിരവധി ഹംഗേറിയൻ കവികളുണ്ട്. സാൻദൊർ പെറ്റോഫി (Sandor Petofi), ആറ്റില യോസഫ് (Atila Josef), ഫെറൻസ് ജുഹാസ് (Ferenc Juhaz), ഡിസൊ കോസ്റ്റോ ലാൻയി (Deszo Koszto Lanyi), സാൻദൊർ മറായ് (Sandor Marai), ഡിസൊ ടാൻദോറി (Deszo Tandori), ജിയോർജി ഫലൂദി (Gyorgy Faludy) എന്നിവരാണ് അക്കൂട്ടത്തിൽ പ്രഗല്ഭർ. ഇവരോടൊപ്പം എടുത്തുപറയേണ്ട കവിയാണ് സിലാർദ് ബോർബെലി (Szilard Borbely).
1963 നവംബർ ഒന്നിന് ഹംഗറിയിലെ ഫെഹർ ഗിയാർമാറ്റിൽ (Feher gyamat) ജനിച്ച സിലാർദ് ബോർബെലി 2014 ഫെബ്രുവരി 19ന് 51ാമത്തെ വയസ്സിൽ ജീവിതം അവസാനിപ്പിച്ചു. ഹംഗേറിയൻ കവിതയുടെ ആധുനികതലങ്ങളുടെ പ്രതീകാത്മകമായ സാന്നിധ്യമായിരുന്നു അദ്ദേഹം. എഴുത്തുകാരൻ, അക്കാദമിഷ്യൻ, കവി എന്നീ നിലകളിലും പ്രശസ്തൻ. 1988ലെ ‘അദാടോക്’ (Adatok), 2003ലെ ‘ബെർലിൻ ഹാംലെറ്റ്’ (Berlin-Hamlet), 2010ലെ ‘എ ടെസ്ത്തെസ്’ (A testhez), 2022ലെ മരണശേഷം പുറത്തുവന്ന ‘ബൂക്കോളിക് ഭൂമിക’ (Bucolic Land) എന്നിവയാണ് സിലാർദ് ബോർബെലിന്റെ പ്രധാന രചനകൾ. ഇത്രയും ആമുഖമായി സൂചിപ്പിക്കേണ്ടിവന്നത് അദ്ദേഹത്തിന്റെ തിരഞ്ഞെടുത്ത കവിതകൾ (Final Matters: Selected poems 2004-2010) വായിക്കാൻ കഴിഞ്ഞതിന്റെ ആഹ്ലാദത്തിൽനിന്നാണ്. സാഹിത്യ നിരൂപകയും പരിഭാഷകയുമായ ഓറ്റിലി മുൾസെറ്റ് (Ottilie Mulzet) ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയ ഈ കവിതാ സമാഹാരം പ്രസിദ്ധപ്പെടുത്തിയത് അമേരിക്കയിലെ പ്രിൻസ്ടൺ യൂനിവേഴ്സിറ്റി പ്രസാധകരാണ് (Princeton University Press Princeton and Oxford).
കവിതയുടെ ഭാഷാപരവും സാമൂഹികപരവുമായ പ്രാധാന്യത്തെ ശരിക്കുമുൾക്കൊണ്ട പ്രതിഭയായിരുന്നു സിലാർദ് ബോർബെലി. നിരവധി സാഹിത്യ അംഗീകാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി. മധ്യ യൂറോപ്യൻ ചിന്തകരായ യാനോസ് പിലിൻസ്കിയുടെയും വ്ലാദിമിർ ഹൊലാന്റെയും പാരമ്പര്യ ചിന്തയുടെ സ്വാധീനം ബോർബെലിയുടെ കവിതകളിലാകെ നിറഞ്ഞുനിൽക്കുന്നുണ്ട്. ചുരുക്കത്തിൽ ഒരു കാലംകൊണ്ട് ഹംഗേറിയൻ കവിതയിൽ അദ്ദേഹമുണ്ടാക്കിയ മാറ്റം അദ്ദേഹത്തിന്റെ ആധ്യാത്മിക അന്വേഷണങ്ങളുടെ ഭാഗമായിട്ടാണ് വിലയിരുത്തപ്പെട്ടത്.
അന്നത്തെ സാമൂഹികതലങ്ങളിലെ അസ്തിത്വപരമായ ദർശനങ്ങളുടെ നിഗൂഢമായ തലങ്ങൾ അദ്ദേഹം കവിതകളിലേക്ക് ആവാഹിച്ചു. കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനതലങ്ങളിൽ ഹംഗേറിയൻ കവിതയിൽ അദ്ദേഹം വരുത്തിയ പ്രതീകാത്മകമായ മാറ്റം അന്നു നിലനിന്ന നിരവധി ചോദ്യങ്ങൾക്കുത്തരം കണ്ടെത്താനുള്ള അന്വേഷണങ്ങളുടെ ഭാഗമായിരുന്നു. അതേ പശ്ചാത്തലത്തിൽ ജീവിച്ചാണ് തന്റെ ഏഴാമത്തെ കവിതാ പുസ്തകം ‘മരണത്തിന്റെ ഭാസുരതകൾ’ (The splendours of Death) രചിക്കുന്നത്.
അതിലൂടെ ദൈവത്തിന്റെ സങ്കടങ്ങളെ കുറിച്ചും തിന്മയുടെ സ്വഭാവങ്ങളെ കുറിച്ചുമുള്ള ചോദ്യങ്ങളുടെ ഉത്തരം തേടുന്ന അന്വേഷണം നടത്തി. പതിനേഴും പതിനെട്ടും നൂറ്റാണ്ടുകളിെല സാഹിത്യത്തെ കുറിച്ച പണ്ഡിതനായിരുന്നു അദ്ദേഹം. അതുകൊണ്ടുതന്നെ ബാറോക് പ്രതീകാത്മകതയുടെ വശ്യതകൾ അദ്ദേഹത്തെ ആകർഷിച്ചിരുന്നു. ശാരീരികമായും ആധ്യാത്മികമായും ദുർബലരായ മനുഷ്യരുടെ വേദനകൾക്കായി ശബ്ദമുയർത്തുന്ന കവിതകളുടെ രചയിതാവായി അദ്ദേഹം സ്വയം മാറി.
ഈ കവിതകളുടെ രചനക്ക് പിന്നിൽ ദുഃഖകരമായ ഒരു പശ്ചാത്തലമുണ്ട്. രണ്ടായിരാമാണ്ടിലെ ക്രിസ്മസിന് തലേദിവസം ഭവനഭേദനം നടത്തുന്ന മോഷ്ടാക്കൾ ബോർബെലിയുടെ മാതാപിതാക്കൾ താമസിക്കുന്ന വീട്ടിലേക്കിരച്ചുകയറി. വടക്കുകിഴക്കൻ ഹംഗറിയിലെ യാങ്ക്മായ്റ്റിസ് ഗ്രാമത്തിലെ ഭവനത്തിലാണിത്. വീടിന്റെ മുൻവാതിലിൽ ശബ്ദങ്ങൾ കേട്ടപ്പോൾ പുലർച്ചെ രണ്ടുമണിക്ക് പിതാവ് പോയി വാതിൽ തുറന്നു. തലക്ക് ശക്തമായ അടിയേറ്റ് അേദ്ദഹം ബോധമറ്റ് വീണു. കവിയുടെ മാതാവിനെ മോഷ്ടാക്കൾ ഒരു ഇറച്ചിവെട്ട് ആയുധംകൊണ്ട് ഉറക്കത്തിൽ കൊലപ്പെടുത്തി.
‘അവസാന കാര്യങ്ങൾ’ (Final Matters) എന്ന കവിതയിലെ അനുക്രമങ്ങൾ സിലാർദ് ബോർബെലിയുടെ അന്നത്തെ ദുരന്തങ്ങളെ കുറിച്ച സാഹിത്യപരമായ പ്രതികരണങ്ങളായിട്ടാണ് നിരൂപകരും ആസ്വാദകരും ഉൾക്കൊള്ളുന്നത്. ഈ കൊലപാതകങ്ങളെ കവി കുറ്റകൃത്യത്തിന്റെ യാദൃച്ഛിക കണ്ണികളായിട്ടാണ് സങ്കൽപിക്കുന്നത്. ഇതിന്റെ പ്രതിധ്വനികൾ ആദ്യ ഭാഗത്തെ കവിതകളിലും പിന്നീടുള്ള ഭാഗത്തും നിറഞ്ഞുനിൽക്കുന്നു.
അന്ന് ‘ഈസ്റ്റേൺ ഹംഗറി’ എന്ന പത്രത്തിൽവന്ന വാർത്തകൾ കവിയുടെ മനസ്സിലുണ്ടാക്കിയ പ്രതികരണങ്ങളായിട്ടാണീ കവിതകളെ കാണേണ്ടത്. നൂറ്റാണ്ടിന്റെ പുതിയ ദശകത്തിൽ കാവ്യരചന ആത്മീയതലത്തിലേക്കുള്ള തിരിച്ചുപോക്കും കൂടിയായിരുന്നു. ബോർബെലിയുടെ പിന്നീടുള്ള കവിതകളെ ആ ദുരന്തത്തോടുള്ള പലതരം പ്രതികരണമായിട്ടുവേണം കാണാൻ. വ്യക്തിപരമായ ദുരന്താനുഭവങ്ങളെ മരണത്തോടുള്ള അന്തർധ്യാനമായി കാണാം.
ശരീരത്തിന്റെ തകർച്ചയെ ഒരു ആത്മാന്വേഷണത്തിന്റെ പിൻബലത്തോടെ പാശ്ചാത്യ സംസ്കാരത്തിന്റെ മൂന്ന് മഹത്തായ പാരമ്പര്യങ്ങളുമായി ഇണക്കിച്ചേർക്കുന്നു. ശരിക്കും കവിതയുടെ മാന്ത്രിക സ്പർശമാണിവിടെ അനുഭവപ്പെടുന്നത്. ഇതിനുവേണ്ടി ക്രിസ്തീൻ ഹെല്ലനിക് -റോമൻ, ജൂത ദൈവിക സ്പർശിയായ ദർശനങ്ങളെയാണദ്ദേഹം ഉപയോഗിക്കുന്നത്.
‘പെലിക്കന്റെ ആക്ഷേപഹാസ്യം’ (Allegory of the Pelican) എന്ന കവിതയിൽ മരണത്തെ കുറിച്ച പ്രതീകാത്മക സമീപനങ്ങൾ ഉപയോഗിക്കുന്നുണ്ട്. ‘‘എന്റെ തീർഥാടകനായ ആത്മാവെ, ഞാൻ ഒന്ന് ചോദിക്കട്ടെ. എന്റെ ശരീരത്തിന്റെ ഭാഗമായ നീ ഈ ലോകത്തോട് വിടപറഞ്ഞിരിക്കുന്നു. ഇതിൽ നീ നിന്റെ സമ്മതം എനിക്കുവേണ്ടി അനുവദിച്ചു തരുക.’’ പെലിക്കന്റെ ചിറകടികളുടെ ശബ്ദങ്ങൾ അകന്നുപോകുന്നത് കവി നമ്മെ കേൾപ്പിക്കുന്നു. ‘‘ക്രിസ്തു ഓരോ ആഘാതങ്ങളെയും എണ്ണിത്തിട്ടപ്പെടുത്തുന്നുണ്ട്.
തനിക്ക് ലഭിക്കുന്ന ഓരോ ആഘാതത്തിന്റെയും മാറ്റൊലികൾ അവിടെ ആവരണം ചെയ്ത് നിൽക്കുന്നുണ്ടായിരുന്നു. അവന്റെ മുൾക്കിരീടത്തിനുള്ളിൽ (എഴുപത്തിരണ്ട് ശാഖികളുള്ള കിരീടമാണത്) അദ്ദേഹത്തിനേൽക്കുന്ന പീഡനങ്ങൾക്കെത്രമാത്രം മാഹാത്മ്യമുണ്ടായിരിക്കും. മരിക്കപ്പെട്ടവൻ ഇവിടെ ഇനിയുയിർത്തെഴുന്നേൽക്കുമോ...’’ ബൈബിൾ ദർശനങ്ങളുടെ അന്തർധാരകൾ വളരെ ശക്തമായി കവി ഇവിടെ ഉപയോഗിക്കുന്നുണ്ട്.
‘അവസാനത്തെ കാര്യങ്ങൾ: മരണം’ (Final matters: Death) എന്ന കവിത വേറിട്ടൊരു അനുക്രമത്തെ തിരിച്ചറിയാൻ സഹായിക്കും. വസന്തകാലത്തിന്റെ സമ്പന്നതയിൽ ഒന്നൊന്നായി അനശ്വരതയിലേക്കാണ് സങ്കൽപങ്ങൾ കവി പടർത്തുന്നത്. ജാലകവിരികൾ ചേർത്തണച്ചിരിക്കുന്നു. ചിലത് ജാലകങ്ങൾ കുറച്ച് തുറന്ന് കിടക്കുന്നുമുണ്ട്. ഒരു മരണവീടിന്റെ നിശ്ശബ്ദതക്കുള്ളിൽനിന്നും ഒരു പ്രത്യേകതരം ഗന്ധം പുറത്തേക്കുവരുന്നു. താഴത്തെ നിലയിലെ വൃദ്ധരായ ദമ്പതികളുടെ മരണത്തിന്റെ നിഗൂഢതകൾ തേടി അവിടെ വന്നവർക്കാകെ വിഷമമായി. പക്ഷേ, അവരെ ഒന്നും ബാധിക്കുന്നില്ല. ഈസ്റ്ററായതുകൊണ്ട് ശവശരീരങ്ങൾ നേരത്തേതന്നെ അടക്കേണ്ടിയിരിക്കുന്നു. വേഗത്തിൽതന്നെ ശവപ്പെട്ടി ഒതുക്കിവെക്കണം. ആരുമവിടെ വിലാപഗാനം വായിക്കാനും തയാറായില്ല. തികച്ചും മരണത്തിന്റെ സാന്നിധ്യത്തിൽനിന്നും രക്ഷതേടാനുള്ള മാനുഷികമായ അങ്കലാപ്പിന്റെ അന്തരീക്ഷം ഈ കവിതയിലാകെ നിറഞ്ഞുനിൽക്കുന്നു.
‘സുന്ദരികളായ കന്യകകൾക്കു വേണ്ടിയുള്ള റോസാദല ശയ്യ’ (Rosary for the Nymphs) എന്ന കവിതയിൽ വേറിട്ടുനിൽക്കുന്ന അനുക്രമങ്ങളുടെ മറ്റൊരു പ്രവാഹമാണ്. അവിടെ ആത്മാവിനുള്ളിൽ എന്തൊക്കെയോ ഉണ്ട്. മഹത്ത്വത്തിന് വേണ്ടിയുള്ള അഭിവാഞ്ഛയായിരിക്കാം. അതൊരിക്കലും ആർക്കും സമാധാനം കൊടുക്കില്ല. ഓർമയിൽനിന്ന് കാത്തിരിപ്പിന്റെ കാലം ചിതറിപ്പോകുന്നു. സിലാർദ് ബോർബെലിയുടെ ദാർശനിക സ്വഭാവത്തിലുള്ള ഒരു കവിതയാണിത്.
‘അവസാനത്തെ കാര്യങ്ങൾ -നരകം’ എന്ന കവിതയിലെ നിഗൂഢതകൾ ജീവിതസമസ്യകളുടെ നിരവധി ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾതന്നെയാണ്. വീഴ്ച സംഭവിച്ച ഒരുവന് ഒരിക്കൽകൂടി ഉയിർത്തെഴുന്നേൽക്കാനുള്ള കാരണങ്ങൾ ഒന്നുമുണ്ടാവില്ല. ഒരുപക്ഷേ, മറ്റൊരു ജീവിതമുണ്ടാകുമോ? ഇടക്കിടെ അയാൾ സമാധാനിക്കുന്നുണ്ടായിരുന്നു. ഒരു ഫലവുമില്ലാതെയുള്ള ഒരു ചിന്തയുടെ ബാക്കിപത്രം. ‘‘ഞാനിവിടെ ജീവിക്കുന്നത് തന്നെ കൊലപാതകികൾക്കിടയിലാണ്. അതിലൂടെതന്നെയാണ് ഞാനവനെ വഞ്ചനക്കിരയാക്കുന്നത്’’ –കവി എഴുതുന്നു.
എയ്റ്റർ നിറ്റാസ് (Aeter nitas) എന്ന ശീർഷകത്തിൽ വരുന്ന ചില കവിതകളുടെ ധ്വനിപ്രമാണങ്ങൾ പഴയ വിശ്വാസത്തിന്റെ പാതയിലേക്കാണ് നയിക്കുന്നത്. പഴയകാലത്തെ റോമൻ മതവിശ്വാസത്തിൽ എയ്റ്റർ നിറ്റാസ് എന്ന പരികൽപന അനശ്വരതയുടെ ദിവ്യമായ മാനുഷിക സ്വഭാവ വൈവിധ്യങ്ങളെയാണ് കാണിക്കുന്നത്. അനശ്വരതയുടെ വിവിധ ഭാവങ്ങൾ ഇവിടെ ഇഴചേർന്നിരിക്കുന്നു.
‘‘ചിലപ്പോഴത് കൊലപാതകി ആരുടെയെങ്കിലും ശിരസ്സിലേൽപ്പിക്കുന്ന ആഘാതമാവാം, ചിലപ്പോൾ രക്തത്തിന്റെ ചൂട് പകർന്ന തുണിയുടെ ആവരണമാകാം, ചിലപ്പോൾ കൊള്ളക്കാർ വധിച്ച ആരുടെയെങ്കിലും മനുഷ്യന്റെ തുടിപ്പുകളാവാം, ചിലപ്പോളത് ഒരു പ്രതിമയുടെ രൂപത്തിൽ മരണത്തിന്റെ മുഖഭാവങ്ങൾ ഉൾക്കൊള്ളുന്ന ഒന്നാവാം, അനശ്വരത വിലപിക്കുന്ന നിമിഷങ്ങളുണ്ടാവാം, യേശുവിനെ സേവിച്ച ദൈവദൂതന്മാരുടെ തേങ്ങലുകളുമാകാം, ചിലപ്പോളിത് പ്രഭാതത്തെ പോലെയായിരിക്കും. അതിനുള്ളിൽ രക്ഷാദൂതൻ ഒരിക്കലും ഉണരാനും പോകുന്നില്ല.’’
ആദ്യഭാഗങ്ങളിൽ വരുന്ന ‘അവസാന കാര്യങ്ങൾ’ എന്ന കവിതകളെ ഈ സഹസ്രാബ്ദത്തിലെ ഒരിക്കലും മറക്കാനാവാത്ത രചനകളായാണ് വിലയിരുത്തപ്പെടുന്നത്. ശരീരത്തിലേക്ക് എന്ന ഭാഗത്തുവരുന്ന കവിതകൾ 2014ൽ അദ്ദേഹം സ്വന്തം ജീവിതം അവസാനിപ്പിക്കും മുമ്പുതന്നെ പുറത്തുവന്ന രചനകളാണ് കവിയുടെ വിടവാങ്ങലിന് മുമ്പ് യാദൃച്ഛികമായി വന്ന സന്ദേശങ്ങളായിതിനെ കാണണം. ശാരീരികമായി അനുഭവിക്കേണ്ടിവന്ന യാതനകൾ വരുത്തിയ വിഭ്രാന്തികൾ അതിനുമുമ്പ് അദ്ദേഹത്തെ ഒട്ടും ബാധിച്ചിരുന്നില്ല. പ്രാമാണ്യത്തിന്റെ ഒരുതരം സ്ത്രീശബ്ദമായിട്ടാണിതിനെ നിരൂപകർ വിലയിരുത്തിയത്.
ജനനത്തിന്റെ നേർസാക്ഷ്യവും അതിനിടയിൽ ഗർഭഛിദ്രവും നാസികൾ അഴിച്ചുവിട്ട ഹോളോേകാസ്റ്റിന്റെ ക്രൂരതകളുമൊക്കെ ചേർന്നുണ്ടാക്കിയ ഒരു ദുരന്തമായിതിനെ കാണണം. നിരവധി സംസാരിക്കുന്ന ഭാഷ്യങ്ങൾ ഇൗ കവിതക്കുള്ളിൽ ചേർത്തുവെച്ചിരിക്കുന്നു. മാനസിക താളം തെറ്റിക്കുന്ന അനുഭവങ്ങളിൽനിന്ന് ഒരു കവിക്കിതിലുമപ്പുറം പ്രതികരിക്കാനാവുമോയെന്നും ചില പ്രതികരണങ്ങൾ ഉണ്ടായി. സ്ത്രീസ്പർശിയായ ആകുലതകളെ എത്ര ശക്തമായാണ് ഒരു പുരുഷകവിക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞതെന്ന് നാമറിയാതെ ചോദിച്ചുപോകും. ആദ്യഭാഗത്തെ കാത്തറിക് പാരമ്പര്യത്തിനുള്ളിൽ നിറച്ച ദർശനങ്ങളെ മധ്യ യൂറോപ്യൻ ജീവിതസമസ്യകളുമായി ഇണക്കിച്ചേർത്തിരിക്കുന്നു.
കവിതയിൽ ക്ഷോഭത്തിന്റെയും അക്രമത്തിന്റെയും തലങ്ങളുടെ സ്പർശം അനുഭവവേദ്യമാകും. ഭാഷ സ്വയം അക്രമാസക്തമാകുന്നു. ഹോളോകോസ്റ്റിന്റെ ദുരന്തപൂർണമായ ഓർമകളിൽനിന്നും കവിക്ക് മോചനം ലഭിക്കുന്നില്ല. അന്നത്തെ ഹംഗേറിയൻ സമൂഹത്തിന്റെ ആരും കേൾക്കാനാഗ്രഹിക്കാത്ത ശബ്ദങ്ങളുടെ വിഭ്രാന്തികൾ ഈ കവിതകളിലുണ്ട്. അതോടൊപ്പം മധ്യ യൂറോപ്പിന്റെ അടക്കാനാവാത്ത തേങ്ങലുകളുടെ ലോകവുമുണ്ട്. ‘‘ഭയവും സ്വപ്നങ്ങളും എന്റെ മാതാവും പിതാവുമാണ്’’ എന്ന് കവി എഴുതുന്നു. ഇടനാഴിയും ഭൂദൃശ്യവും ഇതിനിടയിൽ മറനീക്കി പുറത്തുവരുന്നു. ‘‘ഞാൻ ജീവിച്ചതിങ്ങനെയൊക്കെയാണ്.
ഇനിയെങ്ങനെയാണ് എനിക്ക് മരിക്കാനാവുക. എന്റെ അന്ത്യം ഏതു രീതിയിലായിരിക്കും. ഈ ഭൂമി എന്നെ വഞ്ചിക്കുകയാണ്. എന്നെ പുൽകുകയാണ്. ബാക്കിവരുന്നത് ദൈവാനുഗ്രഹങ്ങൾ മാത്രം.’’ ആധുനിക ഹംഗേറിയൻ കവിതയുടെ സ്വപ്നസദൃശമായ സ്പർശം ബോർബെലിക്ക് അല്ലാതെ ആർക്കാണ് അനുഭവിപ്പിക്കാൻ കഴിയുക?