Begin typing your search above and press return to search.
proflie-avatar
Login

സമയത്തിൽ കൊരുത്തിട്ട ഭാവനകൾ

സമയത്തിൽ കൊരുത്തിട്ട   ഭാവനകൾ
cancel

ഈവോ ആൻഡ്രിച്ച് എഴുതിയ ‘ഡ്രീന നദിയിലെ പാലം’ എന്ന നോവൽ പുനർവായിക്കുന്നു. 1945ൽ ബോസ്​നിയൻ ഭാഷയിൽ ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ട ഇൗ നോവലിനെ മുൻനിർത്തിയാണ്​ 1961ൽ സാഹിത്യത്തിനുള്ള നൊബേൽ പുരസ്​കാരം ഈവോ ആൻഡ്രിച്ചിനു ലഭിക്കുന്നതുപോലും. എങ്ങനെയാണ്​ ഇൗ നോവൽ യൂറോപ്യന്റെ നാനൂറുവർഷ ചരിത്രത്തെ ആവിഷ്​കരിക്കുന്നത്​? ഇൗ നോവലി​ന്റെ ആഖ്യാനമണ്ഡലം സോഷ്യൽ റിയലിസത്തി​ന്റേതാണോ അതോ മാജിക്കൽ റിയലിസത്തിന്റേതോ?ഓട്ടോമൻ തുർക്കി സാമ്രാജ്യത്തി​ന്റെ പ്രതാപകാലത്ത് നിലനിന്നിരുന്ന ഒരാചാരമുണ്ട്. സുൽത്താ​ന്റെ അധീനതയിലുള്ള പ്രദേശങ്ങളിലെ വിവിധ വിഭാഗം ജനങ്ങളിൽനിന്നും പത്തിനും പതിനഞ്ചിനും ഇടക്ക്...

Your Subscription Supports Independent Journalism

View Plans

ഈവോ ആൻഡ്രിച്ച് എഴുതിയ ‘ഡ്രീന നദിയിലെ പാലം’ എന്ന നോവൽ പുനർവായിക്കുന്നു. 1945ൽ ബോസ്​നിയൻ ഭാഷയിൽ ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ട ഇൗ നോവലിനെ മുൻനിർത്തിയാണ്​ 1961ൽ സാഹിത്യത്തിനുള്ള നൊബേൽ പുരസ്​കാരം ഈവോ ആൻഡ്രിച്ചിനു ലഭിക്കുന്നതുപോലും. എങ്ങനെയാണ്​ ഇൗ നോവൽ യൂറോപ്യന്റെ നാനൂറുവർഷ ചരിത്രത്തെ ആവിഷ്​കരിക്കുന്നത്​? ഇൗ നോവലി​ന്റെ ആഖ്യാനമണ്ഡലം സോഷ്യൽ റിയലിസത്തി​ന്റേതാണോ അതോ മാജിക്കൽ റിയലിസത്തിന്റേതോ?

ഓട്ടോമൻ തുർക്കി സാമ്രാജ്യത്തി​ന്റെ പ്രതാപകാലത്ത് നിലനിന്നിരുന്ന ഒരാചാരമുണ്ട്. സുൽത്താ​ന്റെ അധീനതയിലുള്ള പ്രദേശങ്ങളിലെ വിവിധ വിഭാഗം ജനങ്ങളിൽനിന്നും പത്തിനും പതിനഞ്ചിനും ഇടക്ക് പ്രായമുള്ള ആൺകുട്ടികളെ അവരുടെ വീട്ടുകാരുടെ എതിർപ്പ് വകവെക്കാതെ തലസ്​ഥാന നഗരിയിലേക്ക് പിടിച്ചുകൊണ്ടുപോകുന്നതാണത്. ‘രക്തസമർപ്പണം’ എന്നാണ് ഈ ആചാരം അറിയപ്പെട്ടിരുന്നത്. ഇങ്ങനെ പിടിക്കപ്പെടുന്ന കുട്ടികളെ ചെറിയ ബോസ്​നിയൻ കുതിരകളുടെ ഇരുവശങ്ങളിലും തൂക്കിയിട്ടിരുന്ന കൊട്ടകളിലാണ് കൊണ്ടുപോവുക.

കുട്ടികളെ കടത്തിക്കൊണ്ടുപോകുമ്പോൾ അവരുടെ അമ്മമാരും മുത്തശ്ശിമാരും ബന്ധുക്കളും തുർക്കി ഭടന്മാരുടെ പുറകെ അലമുറയിട്ടു നിലവിളിച്ചുകൊണ്ട് ചെല്ലും. എന്നാൽ, അവർക്ക് വിഷ്ഗ്രാഡ് എന്ന ചെറുപട്ടണത്തി​ന്റെ അരികിലൂടെ ഒഴുകുന്ന ഡ്രീന നദിയുടെ കടവ് വരെ മാത്രമേ ചെല്ലാൻ കഴിയൂ. പട്ടാളക്കാർ കടവ് കടന്ന് കുട്ടികളുമായി പോയിക്കഴിഞ്ഞാലും ബന്ധുക്കൾ ഏറെനേരം നദിയുടെ കരയിലിരുന്ന് കരഞ്ഞിട്ട് തിരിച്ചുപോകും.

രക്തസമർപ്പണത്തി​ന്റെ ഭാഗമായി കൊണ്ടുപോകുന്ന കുട്ടികളെ ഇസ്​തംബൂളിലെത്തിച്ചതിനുശേഷം അവരെ സുന്നത്ത് നടത്തി ഇസ്‍ലാംമതത്തിലേക്ക് പരിവർത്തനം ചെയ്യുന്നു. അതിനുശേഷം അവരുടെ അഭിരുചിയും കഴിവിനുമനുസരിച്ച് ഉന്നതവിദ്യാഭ്യാസവും സൈനികശിക്ഷണവും നടത്തി ഭരണകൂടത്തി​ന്റെ വിവിധ സ്​ഥാനങ്ങളിൽ നിയമിക്കുകയാണ് പതിവ്.

1516 നവംബർ മാസത്തിലെ തണുത്തുറഞ്ഞ ഒരു പുലർകാലത്ത് സോക്കളാവി ഗ്രാമത്തിലെ ക്രിസ്​ത്യൻ വിഭാഗത്തിൽപ്പെട്ട ഒരു കറുത്ത കുട്ടിയെ തുർക്കി ഭരണകൂടം പിടിച്ചുകൊണ്ടുപോയി. ഇസ്​തംബൂളിലെത്തിച്ച് വളർച്ച പ്രാപിച്ചശേഷം ഉന്നതവിദ്യാഭ്യാസം നേടിയ അവൻ തുർക്കി സാമ്രാജ്യത്തി​ന്റെ വിവിധ ഉദ്യോഗസ്​ഥ മണ്ഡലങ്ങളിൽ നിയമിക്കപ്പെട്ടു. ഇപ്രകാരം ഭരണകൂടത്തി​ന്റെ ഭാഗമായി മാറിയ അദ്ദേഹം സുൽത്താ​ന്റെ ഏറ്റവും വിശ്വസ്​തനായ വസീർ എന്ന സ്​ഥാനം വരെയെത്തി. ത​ന്റെ ജീവിതകാലത്തിനിടയിൽ മൂന്ന് സുൽത്താന്മാർക്ക് കീഴിൽ സേവനമനുഷ്ഠിച്ച അദ്ദേഹമാണ് മഹാനായ വസീർ എന്നറിയപ്പെടുന്ന മുഹമ്മദ് പാഷ.

മഹാനായ വസീർ എന്ന സ്​ഥാനത്തേക്ക് ഉയരുകയും തുർക്കി സാമ്രാജ്യത്തിൽനിന്നും അതിവിശിഷ്ടമായ അംഗീകാരങ്ങൾ നേടുകയും ചെയ്തെങ്കിലും, അദ്ദേഹത്തി​ന്റെ മനസ്സിൽ ത​ന്റെ അമ്മയിൽനിന്നും ബന്ധുക്കളിൽനിന്നും പറിച്ചുമാറ്റപ്പെട്ട ആ ദിവസത്തി​ന്റെ ഓർമകൾ തറഞ്ഞുനിൽക്കുന്നുണ്ടായിരുന്നു. ആ ഓർമ ഉണ്ടാകുമ്പോഴെല്ലാം ഹൃദയത്തിലേക്ക് ഒരു കഠാര കുത്തിയിറക്കുന്നതിനു സമാനമായ വേദന അദ്ദേഹത്തിനു അനുഭവപ്പെടും. ഇടക്കിടക്ക് ഉണ്ടാകുന്ന ഈ വേദനക്ക് പരിഹാരമെന്ന നിലയിൽ അന്നു താൻ അമ്മയെയും ബന്ധുക്കളെയും നഷ്ടപ്പെട്ടു കടന്നുപോന്ന ഡ്രീന നദിയിൽ ഒരു പാലം നിർമിക്കാൻ അദ്ദേഹം തീരുമാനമെടുത്തു. ഈ പാലം പണിയുന്നതിലൂടെ പൂർത്തീകരിക്കാതെപോയ എന്തോ ഒരു കടമയാണ് താൻ ചെയ്യുന്നതെന്ന് അദ്ദേഹം കരുതി.

പാലത്തി​ന്റെ നിർമാണം

ഡ്രീന നദിയിലെ പാലം എന്നതൊരു സാങ്കൽപിക കഥയല്ല. 1571ൽ നിർമാണം പൂർത്തിയായ ഈ പാലം ഒന്നാം ലോകയുദ്ധകാലത്തുണ്ടായ ബോംബ് ആക്രമണത്തിൽ പറ്റിയ കേടുപാടുകൾ തീർത്തതിനുശേഷം ഇന്നും ബോസ്​നിയയിൽ ചരിത്രസ്​മാരകമെന്ന നിലയിൽ സംരക്ഷിക്കപ്പെടുന്നുണ്ട്.

ഇസ്​തംബൂളിലെ വിശിഷ്ടമായ നിരവധി സൗധങ്ങൾ രൂപപ്പെടുത്തിയ അതിപ്രഗല്ഭനായ കല്ലാശാരിയാണ് ഗ്രീക്കുകാരനായ ടോസൺ എഫെൻഡി. അദ്ദേഹത്തെയും സംഘത്തെയുമാണ് പാലം പണിയാനായി വസീർ നിയോഗിച്ചത്. പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കാൻ അബിഡാഗ എന്ന അനുചരനെയും നിയമിച്ചു.

അബിഡാഗയും അനുയായികളായ ‘പച്ചപ്പട’യും വിഷ്ഗ്രാഡിൽ എത്തിയ ഉടൻതന്നെ നഗരത്തിലെയും സമീപ പ്രദേശങ്ങളിലെയും തുർക്കികൾ, ക്രിസ്​ത്യാനികൾ, ജൂതർ, സെർബുകൾ, ഓസ്​ട്രിയക്കാർ, ജിപ്സികൾ, കറുത്തവംശജർ മുതലായ എല്ലാവിഭാഗം ജനങ്ങളിലെയും പ്രധാനികളെ വിളിച്ചുകൂട്ടി. അവരോട് വസീറി​ന്റെ ആഗ്രഹപ്രകാരം നിർമിക്കാൻ പോകുന്ന പാലത്തിനുവേണ്ട പൂർണ സഹകരണം ഉണ്ടാവണമെന്ന കൽപന പുറപ്പെടുവിച്ചു. ചെറിയൊരു വിസമ്മതമോ അനുസരണക്കേടോ കാണിക്കുന്നവരുടെ തലകൾ ഉരുളുമെന്ന അന്ത്യശാസനവും നൽകി.

പാലം പണിക്കുവേണ്ടി ഇസ്​തംബൂളിൽനിന്നും ഗ്രീസിൽനിന്നും വന്ന ശിൽപികൾക്കും വിദഗ്ധ ജോലിക്കാർക്കുമൊപ്പം പ്രാദേശികമായി ഏർപ്പാടാക്കിയ നൂറുകണക്കിന് പേരും അണിനിരന്നു. തുടക്കത്തിൽ സമീപത്തുള്ള വനത്തിൽനിന്നും മുറിച്ചുകൊണ്ടുവന്ന ആയിരക്കണക്കിന് മരങ്ങളാണ് നദിയുടെ ഇരുകരകളിലും കുന്നുകൂടിയത്. ഇത്രയും മരങ്ങൾ കണ്ട നാട്ടുകാർ കരുതിയത് ഒരു മരപ്പാലമാണ് ഉണ്ടാക്കാൻ പോകുന്നതെന്നാണ്. നദിയുടെ ഗതി തിരിച്ചുവിടാനും തൂണുകൾ ആഴത്തിൽ ഉറപ്പിക്കാനും വലിയ കല്ലുകൾ മുകളിലേക്ക് ഉയർത്താൻ െക്രയിനുകളായി ഉപയോഗിക്കാനുമാണ് ഇത്രയുമധികം മരങ്ങൾ വേണ്ടിവന്നത്.

ആൾക്കാരുടെ കാഴ്ചയിൽ ഇത്തരം പണികളാണ് നടക്കുന്നതെങ്കിലും അകലെയുള്ള പാറമടകളിലും ചുണ്ണാമ്പ് ഖനികളിലും കല്ലുകൾ വെട്ടിയെടുക്കുകയും കുമ്മായം നീറ്റുകയും ഈയം ഉരുക്കുകയും ചെയ്യുന്ന പണികളിൽ അനേകം പേർ ഏർപ്പെട്ടിരുന്നു. പിന്നീട് ഈ സാമഗ്രികൾ നൂറുകണക്കിന് കുതിരവണ്ടികളിലും കഴുതപ്പുറത്തും തലച്ചുമടായും പണിസ്​ഥലത്ത് എത്തിക്കാൻ തുടങ്ങി. അപ്പോഴാണ് പണിയാൻ പോകുന്നത് മരപ്പാലമല്ലെന്ന് ആൾക്കാർക്ക് മനസ്സിലായത്.

ശരത്കാലത്തെ കനത്ത മഞ്ഞുവീഴ്ചയുടെ സമയത്ത് അടുത്ത വസന്തംവരെ നിറുത്തിവെക്കും എന്നതൊഴിച്ചാൽ പാലം പണി തടസ്സമില്ലാതെ നടന്നുകൊണ്ടിരുന്നു. പണി മൂന്നുവർഷത്തിലധികം പിന്നിട്ടപ്പോൾ വിഷ്ഗ്രാഡിലെയും സമീപപ്രദേശങ്ങളിലെയും ജനജീവിതം ഏറെ ദുസ്സഹമായി മാറി. കൂടുതൽ പേർ മറ്റിടങ്ങളിൽനിന്നും വന്നവരായി നഗരത്തിൽ നിറഞ്ഞു. അനേകം കൂടാരങ്ങളിൽ ജീവിക്കാൻ തുടങ്ങിയ ഈ അപരിചിതർ നാട്ടുകാരുടെ സ്വാഭാവിക ജീവിതത്തിനു ശല്യമായി മാറിയെന്ന തരത്തിലുള്ള ജനവികാരം ശക്തമായി ഉയർന്നു.

അബിഡാഗയുടെ കർശനമായ നിയന്ത്രണം ഉണ്ടായിട്ടും നഗരത്തിലും സമീപപ്രദേശങ്ങളിലും നിത്യേന അടിപിടികളും മോഷണങ്ങളും സ്​ത്രീകളുടെ മേലുള്ള തുറിച്ചുനോട്ടങ്ങളും പെരുകുന്നതായിട്ടുള്ള പരാതികൾ വ്യാപകമായി. ഇത്തരത്തിലുള്ള അസംതൃപ്തി പൊതുവെ ഭരണകൂടത്തെ പിന്തുണക്കുന്നവരായ തുർക്കികളിലും പടർന്നുപിടിച്ചു. ഇതിനൊപ്പം പ്രകൃതി പ്രതിഭാസങ്ങൾക്കും ദൈവഹിതത്തിനും എതിരായതിനാൽ പാലം ഒരിക്കലും യാഥാർഥ്യമാവുകയില്ലെന്ന തരത്തിലുള്ള വാദപ്രതിവാദങ്ങളും ജനങ്ങൾക്കിടയിൽ പ്രചരിച്ചു.

ഏറ്റവുമധികം കഷ്ടപ്പാട് അനുഭവിച്ചത് റായകൾ എന്നറിയപ്പെട്ട അതിദരിദ്രരായ ക്രിസ്​ത്യൻ കുടിയാളരാണ്. മറച്ചുവെക്കപ്പെട്ടിരുന്നെങ്കിലും അവർക്കിടയിൽ പ്രതിഷേധം ശക്തിയായി പുകയുന്നുണ്ടായിരുന്നു. ഈ പ്രതിഷേധമാകട്ടെ ഒരുവശത്ത് തുർക്കി സാമ്രാജ്യത്തി​ന്റെ അധിനിവേശത്തോട് എന്നപോലെ മറുവശത്ത് നൂറ്റാണ്ടുകളായുള്ള ക്രിസ്​ത്യൻ-മുസ്‍ലിം മതവൈരുധ്യവുമായി കൂടിക്കലർന്നതായിരുന്നു.

ഇതി​ന്റെയൊക്കെ ഫലമായി സമീപപ്രദേശങ്ങളിലെ ൈക്രസ്​തവർക്കിടയിൽ പാലം പണിയെ തടസ്സപ്പെടുത്തുന്നതിനായി ഒരു ഗൂഢസംഘം രൂപപ്പെട്ടു. പ്ലവല്ല്യേക്കാരനായ റാഡസാവ് എന്നയാളാണ് അതിനു നേതൃത്വം കൊടുത്തത്. അദ്ദേഹം അതീവരഹസ്യമായി കൂടാരങ്ങളിൽ താമസിക്കുന്ന ൈക്രസ്​തവരായ വേലക്കാർക്കിടയിലും നാട്ടിൻപുറത്തും പാലം പണിക്ക് എതിരെ പ്രചാരണം നടത്തി. തുടർന്ന് പകൽ പൂർത്തീകരിച്ച നിർമാണത്തിൽ രാത്രിയിൽ കേടുപാടുകൾ വരുത്തുക, തൊഴിലാളികളുടെ പണിയായുധങ്ങൾ വെള്ളത്തിൽ കളയുക മുതലായ പ്രവർത്തനങ്ങളും തുടങ്ങി. ഇത്തരം തടസ്സങ്ങൾ ഉണ്ടാവാൻ കാരണം ഡ്രീന നദിയിലെ ജലദേവതകൾ കോപിച്ചതാണെന്ന കിംവദന്തികളും പ്രചരിക്കപ്പെട്ടു.

 

ഡ്രീനാ നദിയിലെ പാലം

ഡ്രീനാ നദിയിലെ പാലം

പാലം പണിക്ക് എതിരെയുള്ള ശക്തികൾ രൂപപ്പെടുന്നതി​ന്റെ മൂലകാരണം അറിയാവുന്ന അബിഡാഗ ശക്തമായ നിരീക്ഷണം ഏർപ്പെടുത്തി. അധികം വൈകാതെ റാഡസാവിനെ പിടികൂടി കഴുവിലേറ്റുകയും ചെയ്തു. അദ്ദേഹത്തി​ന്റെ മൃതശരീരം മതപരമായ ചടങ്ങുകൾ നടത്താതെ പട്ടികൾക്ക് എറിഞ്ഞുകൊടുക്കണമെന്ന അബിഡാഗയുടെ ഉത്തരവ്, കഴുവേറ്റൽ നടത്തിയ മെയ്സൺ എന്ന ജിപ്സിക്ക് കൈക്കൂലി കൊടുത്തു ക്രിസ്​ത്യാനികൾ മാറ്റിമറിച്ചു. ഇപ്രകാരം റാഡസാവി​ന്റെ കലാപം അവസാനിച്ചെങ്കിലും ൈക്രസ്​തവരുടെയും അവരുടെ സ്​ത്രീകളുടെയും ഓർമകളിൽ അദ്ദേഹത്തിനു ഒരു രക്തസാക്ഷിയുടെ പരിവേഷം കിട്ടുകയും അവർ അയാൾക്കുവേണ്ടി രഹസ്യമായി പ്രാർഥിക്കുകയും മെഴുകുതിരികൾ കത്തിക്കുകയും ചെയ്തു.

പാലംപണി കഠിനമായ സാമൂഹിക ആഘാതങ്ങൾ ഉണ്ടാക്കിക്കൊണ്ട് തുടരുകയും എന്നാൽ, അതൊരിക്കലും പൂർത്തിയാകാതെയിരിക്കുകയും ചെയ്തതോടെ അബിഡാഗയുടെ സകല നിയന്ത്രണവും വിട്ടു. അയാൾ കൂടുതൽ കഠിനമായ അടിമപ്പണിയും മർദനങ്ങളും അഴിച്ചുവിട്ടു.

ഒരു ശരത്കാലത്ത് പണികൾ നിർത്തിവെച്ച് ഇസ്​തംബൂളിലേക്ക് പോയ അബിഡാഗ പിന്നീട് മടങ്ങിവന്നില്ല. വസീർ നൽകിയ പണത്തി​ന്റെ വലിയൊരു ഭാഗം അപഹരിക്കുകയും ആൾക്കാരെക്കൊണ്ട് അടിമപ്പണി ചെയ്യിക്കുകയാണെന്ന് രഹസ്യവിവരം കിട്ടിയ വസീർ അയാളെ നാടുകടത്തി. പകരം ആരീഫ് ബെഗ് എന്നയാളെ നിയമിച്ചു.

ആരീഫ് ബെഗ് വന്നതോടെ കാര്യങ്ങൾ മറ്റൊരു വിധത്തിലായി മാറി. എല്ലാവരോടും സൗമ്യമായി പെരുമാറിയ അദ്ദേഹം അടിമപ്പണി നിറുത്തലാക്കുകയും ജോലിക്കാർക്ക് മെച്ചപ്പെട്ട കൂലിയും താമസസൗകര്യവും ഏർപ്പാടാക്കുകയും ചെയ്തു. ഇതേസമയം വസീറി​ന്റെ ആജ്ഞ കടുകിടെ തെറ്റിക്കാതെ നടത്താൻ പൂർണശ്രദ്ധയും ചെലുത്തി.

പാലം പണി പൂർത്തിയായപ്പോഴാണ് ആൾക്കാർക്ക് മനസ്സിലായത് വസീറി​ന്റെ ഉദ്ദേശ്യം ഒരു സഞ്ചാരമാർഗം തുറക്കുക മാത്രമല്ലെന്ന്. പാലത്തി​ന്റെ സമീപത്ത് തന്നെ അതിമനോഹരമായ ഒരു സത്രവും നിർമിക്കപ്പെട്ടു. രാത്രി സഞ്ചാരികൾക്ക് തങ്ങാനും അവരുടെ കുതിരകൾക്ക് വിശ്രമിക്കാനുമുള്ള ഇടവുമായി അതിനെ മാറ്റി. തദ്ദേശവാസികൾക്കും ആവശ്യമെങ്കിൽ തങ്ങാൻ കഴിയുന്ന ഈ സത്രത്തിലെ സേവനങ്ങൾ മുഴുവൻ സൗജന്യമായിരുന്നു. പാലത്തി​ന്റെ കാപ്പിയ എന്നുപേരുള്ള മധ്യഭാഗത്ത് വീതികൂട്ടി ആൾക്കാർക്ക് കൂടിച്ചേരാനും സംസാരിക്കാനും പറ്റുന്ന ഇരിപ്പിടങ്ങളും സജ്ജമാക്കി. ഒപ്പം സാമ്രാജ്യത്തി​ന്റെ സുപ്രധാന അറിയിപ്പുകൾ പതിക്കാനുള്ള ശിലാഫലകവും സ്​ഥാപിച്ചു.

പാലം തുറന്നുകൊടുത്തതിനൊപ്പം ദിവസങ്ങളോളം നീണ്ടുനിന്ന വിരുന്നുകളും ആഘോഷപരിപാടികളും നാട്ടുകാർക്കും പുറംനാടുകളിൽനിന്നും വന്ന സന്ദർശകർക്കുമായി ആരീഫ് ബെഗ് ഒരുക്കി. പാലത്തിലൂടെ നടന്നുനീങ്ങിയ ആൾക്കാർക്ക് ആകാശത്തിനും ഭൂമിക്കും മധ്യേ സഞ്ചരിക്കുന്നതുപോലുള്ള അനുഭവമാണുണ്ടായത്. ചിലർക്ക് നദിയുടെ ഒഴുക്കും കാഴ്ചയും മാറി മറിയുന്നതായി തോന്നി. മറ്റുചിലർക്ക് പാലത്തിൽനിന്നും നോക്കുമ്പോൾ സമീപസ്​ഥമായ മലനിരകളും ഭൂമിയുടെ കിടപ്പും വിഷ്ഗ്രാഡി​ന്റെ നഗരസാദൃശ്യവും അസുലഭമായ കാഴ്ചയായി അനുഭവപ്പെട്ടു.

പാലവുമായി ബന്ധപ്പെട്ടു പ്രധാനമായും രണ്ടു ഐതിഹ്യങ്ങളാണ് ജനങ്ങൾക്കിടയിലും പിൽക്കാല തലമുറകളിലും പ്രചരിച്ചത്. അതിലൊന്ന് പാലം ഉറപ്പിക്കാനായി ഇരട്ടകളായ രണ്ട് ക്രിസ്​ത്യൻ കുട്ടികളെ ബലികഴിപ്പിച്ചിട്ടുണ്ടെന്നതാണ്. സത്യത്തിൽ ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ല. ആ നാട്ടിലെ ഭ്രാന്തിയായ ഒരു അനാഥസ്​ത്രീ ഇരട്ടകളായ ചാപിള്ളകളെ പ്രസവിച്ചു. ഇടക്ക് ബോധം വരുമ്പോൾ അവൾ ത​ന്റെ കുഞ്ഞുങ്ങളെ അന്വേഷിച്ചു പാലം പണി നടക്കുന്ന സ്​ഥലത്ത് അലഞ്ഞുതിരിയാൻ തുടങ്ങി. ഈ സംഭവം പരിണമിച്ചുണ്ടായതാണ് ഈ ഐതിഹ്യം. മറ്റൊന്ന്, പാലത്തി​ന്റെ സുരക്ഷക്കായി കാപ്പിയയുടെ താഴെയുള്ള മുറിയിൽ കറുത്ത വംശജനായ ഒരു അറബിയെ അടച്ചിട്ടിട്ടുണ്ടെന്നതാണ്. ഇതും വസ്​തുതയല്ല. പാലം പണിക്കിടയിൽ കറുത്തവംശജനായ ഒരു ചെറുപ്പക്കാരൻ അപകടത്തിൽ മരിച്ചു. എല്ലാവർക്കും പ്രിയങ്കരനായിരുന്ന അവ​ന്റെ സ്​മരണക്ക് വേണ്ടി ടോസൺ എഫെൻഡിയുടെ മുഖ്യപണിക്കാരനായ ആ​ന്റോണിയോ ഒരു സ്​തൂപം നിർമിക്കുകയും അവനുവേണ്ടി ദുഃഖാചരണം നടത്തുകയുമാണുണ്ടായത്.

ഏറക്കുറെ അഞ്ചരക്കൊല്ലംകൊണ്ട് പണി പൂർത്തീകരിച്ചെങ്കിലും വസീറിന് പാലം കാണാനുള്ള അവസരമുണ്ടായില്ല. പൊതുജനങ്ങൾക്കായി പാലം തുറന്നുകൊടുത്തതിനുശേഷം അധികം വൈകാതെ, ഒരു വെള്ളിയാഴ്ച വസീർ ത​ന്റെ വസതിയിൽനിന്നും അടുത്തുള്ള പള്ളിയിലേക്ക് നിസ്​കാരത്തിനായി നടന്നുപോവുകയായിരുന്നു. വഴിയിൽ ഭിക്ഷക്കാരനാണെന്നു തോന്നിച്ച ഒരാൾ അദ്ദേഹത്തെ അഭിവാദ്യം ചെയ്തു. അയാൾക്ക് എന്തെങ്കിലും നൽകാൻ അനുയായികൾക്ക് നിർദേശം കൊടുക്കാനായി തിരിഞ്ഞ വസീറി​ന്റെ നെഞ്ചിൽ അയാൾ ത​ന്റെ കുപ്പായത്തിനുള്ളിൽ ഒളിപ്പിച്ചിരുന്ന കഠാര കുത്തിയിറക്കി. വസീറി​ന്റെ നീതി നിർവഹണത്തോട് അതൃപ്തിയുണ്ടായിരുന്ന സാമ്രാജ്യത്തിന് അകത്തെ ശത്രുക്കളാണ് ഈ കൊലപാതകം നടത്തിച്ചത്.

പാലം നൂറ്റാണ്ടുകളിലൂടെ – വെള്ളപ്പൊക്കവും മഹാവ്യാധികളും

ഡ്രീന നദിയിലെ പാലം തുറന്നതിനുശേഷം ജനജീവിതത്തിലുണ്ടായ മാറ്റങ്ങൾ അത്ഭുതകരമായിരുന്നു. വിഷ്ഗ്രാഡ് നഗരം പൂർവയൂറോപ്പിനെയും തുർക്കിയെയും ബന്ധിപ്പിക്കുന്ന തന്ത്രപ്രധാന കേന്ദ്രമായി മാറി. ഗ്രാമങ്ങളിലെ കർഷകർ വിളയിക്കുന്ന ഉൽപന്നങ്ങളും വളർത്തുമൃഗങ്ങളെയും അടുത്ത നാടുകളിലെ ചന്തകളിലേക്കും വ്യാപാരകേന്ദ്രങ്ങളിലേക്കും കൊണ്ടുപോകാൻ പാലം ഉപയോഗിക്കപ്പെട്ടു. പരദേശികളായ സഞ്ചാരികളും തീർഥാടക യാത്രികരും പാലത്തിലൂടെ തങ്ങളുടെ പോക്കുവരവുകൾ നടത്താൻ തുടങ്ങി.

വ്യവസായ വിപ്ലവത്തിന് മുമ്പത്തെ സാങ്കേതിക വൈദഗ്ധ്യവും തൊഴിൽശക്തിയും ഉപയോഗിച്ചാണ് പാലം പണിതുയർത്തിയതെങ്കിലും അതി​ന്റെ അസുലഭമായ നിർമിതി നൂറ്റാണ്ടുകളെ അതിജീവിക്കാൻ പര്യാപ്തമായ തരത്തിലുള്ളതായിരുന്നു. മഹാനായ വസീറും ആരീഫ് ബെഗും ടോസൺ എഫെൻസിയുമെല്ലാം പതുക്കെ ജനങ്ങളുടെ ഓർമകളിൽനിന്നും മാഞ്ഞുപോയി. ഒപ്പം, പാലത്തെപ്പറ്റി ആദ്യകാലത്ത് പ്രചരിച്ചിരുന്ന ഐതിഹ്യങ്ങളിൽ കുട്ടികൾക്കുപോലും കൗതുകമില്ലാതെയായി. എങ്കിലും നശ്വരമായ ലോകത്ത് അനശ്വരതയെ പ്രതിനിധാനം ചെയ്യുന്ന വിസ്​മയംപോലെ സമയത്തി​ന്റെ ഒഴുക്കിനൊപ്പം പാലം അപ്പോഴും പുതുമയോടെ നിലനിന്നു.

ഡ്രീനയിൽ ഇടക്കിടക്ക് വെള്ളപ്പൊക്കമുണ്ടാവുമെങ്കിലും അതൊന്നും പാലത്തെ ബാധിക്കുകയുണ്ടായില്ല. ആൾക്കാരുടെ ഓർമകളിലും ചരിത്രരേഖകളിലുമുള്ള ഏറ്റവും വലിയ വെള്ളപ്പൊക്കം പതിനെട്ടാം നൂറ്റാണ്ടി​ന്റെ തുടക്കകാലത്താണ്. വിഷ്ഗ്രാഡ് നഗരത്തെയും സമീപഗ്രാമങ്ങളെയും വെള്ളത്തിൽ മുക്കിയ ആ മഹാപ്രളയകാലത്ത് ജനങ്ങൾ അടുത്ത കുന്നിൻ ചെരുവുകളിലേക്കും വെള്ളം കയറാത്ത ഇടങ്ങളിൽ താമസിക്കുന്ന ബന്ധുക്കളുടെ വീടുകളിലേക്കും രക്ഷപ്പെട്ടു. മുപ്പതടി ഉയരത്തിൽ വെള്ളംപൊങ്ങിയ ആ പ്രളയത്തിൽ കമാനങ്ങളടക്കം മൂടിപ്പോയെങ്കിലും പ്രകൃതി പഴയ നിലയിലായപ്പോൾ ജനങ്ങൾ കണ്ടത് പാലം പഴയപോലെ തന്നെ നിൽക്കുന്നതാണ്. നൂറുകണക്കിന് മരങ്ങൾ കടപുഴകി വന്നിടിച്ചതി​ന്റെ ആഘാതമേറ്റിട്ടും നേരിയ കേടുപാടുകൾപോലും പാലത്തിന് സംഭവിക്കുകയുണ്ടായില്ല.

ഇത്തരത്തിലുള്ള പ്രകൃതി പ്രതിഭാസങ്ങളെ ചെറുത്തുനിന്നതിനൊപ്പം പൂർവയൂറോപ്പിൽ ഇടക്കിടക്ക് പൊട്ടിപ്പുറപ്പെട്ടിരുന്ന പ്ലേഗും വസൂരിയും പോലുള്ള പകർച്ചവ്യാധികൾ പടർന്നു പിടിക്കാതിരിക്കാൻ ഭരണകൂടം നടപടികളെടുക്കുന്ന ഇടമായും പാലം മാറി. മഹാവ്യാധികൾ ഉണ്ടാവുമ്പോൾ ആൾക്കാരെ ഒറ്റതിരിക്കുകയും അവർക്ക് സഞ്ചാരസ്വാതന്ത്ര്യം വിലക്കുകയുമാണല്ലോ പണ്ടുമുതലേയുള്ള മുൻകരുതലുകൾ. ഈ കാലത്ത് തപാൽ ഉരുപ്പടികൾപോലും പാലത്തിലൂടെ കൊണ്ടുപോകുന്നതിനു കടുത്ത നിയന്ത്രണമേർപ്പെടുത്തും.

വൈകുന്നേരങ്ങളിൽ യുവാക്കൾ സൗഹൃദവും രഹസ്യം പറച്ചിലുകളുമായി കാപ്പിയായിൽ വന്നുചേരുന്നത് പതിവായി. കുട്ടികൾ കളിക്കാനും പട്ടംപറത്താനുമായെത്തും. നാട്ടുപ്രമാണിമാരും മതപണ്ഡിതരും പരസ്​പരം സംഭാഷണത്തിലേർപ്പെടുന്നത് കാപ്പിയായിൽ വെച്ചായി മാറി. ഇതിനിടയിൽ ഒരു അത്യാഹിതമുണ്ടായത് ഫാറ എന്ന പെൺകുട്ടി അവളുടെ വിവാഹ ഘോഷയാത്ര പാലത്തിലൂടെ കടന്നുപോയപ്പോൾ പെട്ടെന്ന് ഡ്രീനയിലേക്ക് എടുത്തുചാടി ആത്മഹത്യചെയ്തതാണ്.

പതിനാറാം നൂറ്റാണ്ടിലും പതിനേഴാം നൂറ്റാണ്ടിലും തുർക്കി സാമ്രാജ്യത്തിന് ഈ പ്രദേശങ്ങളിൽനിന്നും വലിയ തോതിലുള്ള വെല്ലുവിളികൾ നേരിടേണ്ടി വന്നില്ല. അതിനാൽ വിഷ്ഗ്രാഡിലെ ജനജീവിതം ഏറക്കുറെ ശാന്തമായി ഈ കാലയളവിൽ കഴിഞ്ഞുപോയി.

ആദ്യത്തെ നൂറുവർഷക്കാലം വസീറി​ന്റെ സത്രം സർവപ്രതാപത്തോടെയും അതിവിശിഷ്ടമായും അതിഥികൾക്ക് സൗജന്യസേവനം ഒരുക്കിക്കൊടുത്തു. അതിനുള്ള പണം തുർക്കിയിലെ ഒരു ജമാഅത്തിൽനിന്നും മുടങ്ങാതെ എത്തിക്കൊണ്ടിരുന്നു. പതുക്കെ പണത്തി​ന്റെ വരവ് നിലച്ചെങ്കിലും സത്രം നടത്തിപ്പി​ന്റെ ചുമതലയേറ്റിരുന്നവർ സ്വന്തം ചെലവിൽ സേവനങ്ങൾ നൽകിക്കൊണ്ടിരുന്നു, അവരിലെ അവസാനത്തെയാളും മരിച്ചതോടെ സത്രം അനാഥമായി. പിൽക്കാലത്ത് വിഷ്ഗ്രാഡ് ഓസ്​ട്രിയൻ ഭരണത്തിന് കീഴിൽ വന്നപ്പോൾ ജീർണാവസ്​ഥയിലുള്ള സത്രം ഇടിച്ചുനിരത്തി അതേ സ്​ഥാനത്ത് അവർ പട്ടാള ബാരക്കുകൾ പണിതു.

പതിനെട്ടാം നൂറ്റാണ്ടി​ന്റെ തുടക്കത്തിൽ തുർക്കി സാമ്രാജ്യത്തിനെതിരെ സെർബുകളിൽ എന്നും കലാപശ്രമങ്ങളുണ്ടായി. കാരജോർജ് എന്ന ഒളിപ്പോരാളിയാണ് അതിന് നേതൃത്വം നൽകിയത്. കലാപത്തെ അടിച്ചമർത്തുന്നതി​ന്റെ ഭാഗമായി തുർക്കി ഭരണകൂടം കാപ്പിയയോട് ചേർന്നുള്ള ഭാഗത്ത് മരം കൊണ്ടുള്ള ഒരു സൈനിക നിരീക്ഷണകേന്ദ്രം നിർമിച്ചു. പാലത്തിൽവെച്ചുള്ള കൂടിച്ചേരലുകളും പോക്കുവരവുകളും നിഷേധിച്ചു.

 

ഇൗവോ ആൻഡ്രിച്ചി​ന്റെ പ്രതിമ

ഇൗവോ ആൻഡ്രിച്ചി​ന്റെ പ്രതിമ

കലാപത്തിൽ പിടിക്കപ്പെടുന്നവരുടെ തലകൾ വെട്ടിയെടുത്ത് പാലത്തിൽ സ്​ഥാപിച്ച മരക്കുറ്റികളിൽ പൊതുദർശനത്തിന് വെക്കാൻ തുടങ്ങി. ആദ്യമായി പ്രദർശിപ്പിച്ച തലകൾ ജലസീയ എന്ന വൃദ്ധനായ തീർഥാടക​ന്റെയും മില എന്നുപേരുള്ള ചെറുപ്പക്കാര​ന്റേതുമാണ്. സത്യത്തിൽ ഇവർ രണ്ടു പേരും നിരപരാധികളായിരുന്നു. കലാപകാരികൾക്കൊപ്പം വ്യക്തിശത്രുതമൂലവും തെറ്റിദ്ധാരണകൊണ്ടും ഒറ്റുകൊടുക്കപ്പെടുന്നവരുടെ തലകളും പാലത്തിൽ പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നു. വർഷങ്ങളോളം തുടർന്ന കാരാജോർജി​ന്റെ കലാപം പൂർണമായി കെട്ടടങ്ങിയിട്ടും പാലത്തിലുള്ള സൈനിക നിയന്ത്രണം കുറെ കഴിഞ്ഞാണ് നീക്കിയത്.

പുതിയ സാമ്രാജ്യത്വ വാഴ്ചയുടെ ചിഹ്നങ്ങൾ

എഴുപത് വർഷത്തിനുശേഷം സെർബിയൻ പ്രദേശങ്ങളിൽ വീണ്ടും കലാപമുണ്ടായി. അപ്പോഴും അറുത്തെടുത്ത തലകൾ പാലത്തിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങി. എന്നാൽ, അത് അധിക കാലം നീണ്ടുനിന്നില്ല. തുർക്കിയും സെർബിയയും തമ്മിൽ ഇടക്കിടക്ക് ഉണ്ടാകാറുള്ള യുദ്ധങ്ങൾ ഒരു സന്ധിയിലൂടെ അവസാനിപ്പിച്ചതോടെ സമാധാനം തിരിച്ചുവന്നു.

അധികം താമസിക്കാതെ ബോസ്​നിയയിലേക്ക് ഓസ്​ട്രിയൻ പട്ടാളം കടന്നുവന്നു. 1878ൽ ഈ പ്രദേശങ്ങളിൽനിന്നും തുർക്കി സൈന്യത്തെ പൂർണമായി പിൻവലിച്ചു. ഇതിനെ തുടർന്ന് ഹംഗറിയിലെ രാജാവി​ന്റെയും ഓസ്​ട്രിയൻ ചക്രവർത്തിയുടെയും സംയുക്ത ഉത്തരവിലൂടെ മുൻകാലത്ത് തുർക്കിയുടെ കീഴിലായിരുന്ന വിഷ്ഗ്രാഡ് നഗരവും സമീപപ്രദേശങ്ങളും ഓസ്​ട്രിയയുടെ അധീനതയിലായി.

ഓസ്​ട്രിയൻ ഭരണവാഴ്ച നിലവിൽവന്നതിനെ തുടർന്ന് കടുത്ത അരക്ഷിതാവസ്​ഥയിലായ ചില തുർക്കിക്കാർ പലായനം ചെയ്തെങ്കിലും സംഘടിതമായ ചെറുത്തുനിൽപ്പുകൾ ഉണ്ടായില്ല. തടുക്കാനാവാത്ത വിധിയായിട്ടാണ് വിഷ്ഗ്രാഡ് നഗരവാസികൾ ഭരണമാറ്റത്തെ കണ്ടത്. ഇതൊരു താൽക്കാലിക പ്രതിഭാസമെന്നനിലയിൽ മാറിപ്പോകുമെന്നും അവർ കരുതി. എന്നാൽ അതൊരു കാലഘട്ടം തന്നെയായിരുന്നുവെന്ന് പിൽക്കാലചരിത്രം രേഖപ്പെടുത്തി.

ആദ്യത്തെ ഇരുപത് വർഷംകൊണ്ട് ഭരണതലത്തിലും ജനങ്ങളുടെ ദൈനംദിനജീവിതത്തിലും വൻമാറ്റമാണ് ഓസ്​ട്രിയ വരുത്തിയത്. അവർ പ്രദേശങ്ങളുടെ ഭൂപരിധി അളന്നു അതിർത്തിക്കല്ലുകൾ നാട്ടി. ജനങ്ങളുടെ തലയെണ്ണി ജനസംഖ്യാരേഖകൾ ഉണ്ടാക്കി. മരണ-ജനന രജിസ്​റ്ററുകൾ നിർബന്ധിതമാക്കി. വലിയ വൃക്ഷങ്ങളുടെയും വളർത്തുമൃഗങ്ങളുടെയും കണക്കെടുത്തു. സർക്കാർ മന്ദിരങ്ങളും കോടതികളും പട്ടാളബാരക്കുകളും പണിതുയർത്തി. കച്ചവടത്തിന് സർക്കാർ മുദ്രയുള്ള തൂക്കക്കട്ടികൾ നടപ്പിലാക്കി. ചുരുക്കിപ്പറഞ്ഞാൽ പുതിയൊരു സാമ്രാജ്യത്വവാഴ്ചയുടെ ചിഹ്നങ്ങളെ ശാസ്​ത്രീയമായും സമഗ്രമായും പുനർവിന്യസിക്കുകയാണ് ഓസ്​ട്രിയൻ ഭരണകൂടം ചെയ്തത്. എന്നാൽ ഈ ചിഹ്നങ്ങളെ ഒറ്റയടിക്ക് നടപ്പാക്കുന്നതിനു പകരം ജനങ്ങളുടെ എതിർപ്പ് രൂപപ്പെടാത്ത വിധത്തിൽ അവരെ അതിനകത്ത് അകപ്പെടുത്തുകയാണുണ്ടായത്.

ചെറിയ അസ്വസ്​ഥതയുണ്ടായത്, സൈന്യത്തിലേക്ക് ആൾക്കാരെ ചേർക്കുമ്പോൾ അവർ ഏത് വിഭാഗത്തിൽ ഉൾപ്പെട്ടവരാണെങ്കിലും ഓസ്​ട്രിയൻ പട്ടാള യൂനിഫോമുകൾ ധരിക്കണമെന്ന ഉത്തരവിറങ്ങിയപ്പോഴാണ്. കുരിശി​ന്റെ മുദ്രയുള്ള സൈനിക യൂനിഫോം ധരിക്കുന്നത് തങ്ങളുടെ മതവിശ്വാസത്തിനു വിരുദ്ധമാകുമെന്നതിനാൽ തുർക്കിക്കാരിലാണ് അസ്വസ്​ഥത പടർന്നുപിടിച്ചത്. ഇതേസമയം സൈന്യം അവരുടെ തീരുമാനത്തിൽ ഉറച്ചുനിന്നു.

പുതിയ സാമ്രാജ്യത്വവാഴ്ചയുടെ പ്രതിഫലനങ്ങൾ പാലത്തിലും അടയാളപ്പെട്ടു. ആദ്യമായി കാപ്പിയായിൽ സ്​ത്രീകൾ കാലുകുത്തി എന്നതാണ് ഇതിൽ പ്രധാനം. ഓസ്​ട്രിയൻ ഭരണകൂടത്തിലെ ഉയർന്ന ഉദ്യോഗസ്​ഥരുടെയും പ്രമാണിമാരുടെയും ഭാര്യമാരും പെൺമക്കളും പരിചാരികമാരുമാണ് ആദ്യഘട്ടത്തിൽ വിശ്രമിക്കാനും വിനോദിക്കാനുമായി കാപ്പിയായിൽ എത്തിയത്.

പാലത്തോട് ചേർന്നു പുതിയ കച്ചവടസ്​ഥാപനങ്ങൾ ആരംഭിച്ചു. ഹോട്ടലുകളും മദ്യശാലകളുമുയർന്നുവന്നു. രാത്രി മുഴുവൻ തെളിഞ്ഞുകത്തുന്ന ഇന്ധനവിളക്കുകൾ സ്​ഥാപിച്ചതോടെ പുതിയൊരു രാത്രിജീവിതവും പാലത്തിനുണ്ടായി. പാലം പണിതതിനുശേഷം നൂറുവർഷം കഴിഞ്ഞ് അതി​ന്റെ അറ്റകുറ്റപ്പണികൾക്ക് വേണ്ടി തുർക്കി ഭരണകൂടം വിദഗ്ധരെ അയച്ചെങ്കിലും അവർക്ക് കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. എന്നാൽ മുന്നൂറ് വർഷത്തിനു​േശഷം ഓസ്​ട്രിയൻ ഭരണകൂടം ഡ്രീനയുടെ ഗതി തിരിച്ചുവിട്ടുകൊണ്ട് സമഗ്രമായ വിധത്തിലുള്ള അറ്റകുറ്റപ്പണികൾ പാലത്തിൽ നടത്തി.

പ​െത്താമ്പതാം നൂറ്റാണ്ടി​ന്റെ അന്ത്യപാദങ്ങളിലേക്ക് സമയം പ്രവഹിച്ചെത്തുമ്പോൾ ഡ്രീന നദിയിലെ പാലത്തി​ന്റെയും അതിനോട് ചേർന്നുള്ള നഗരത്തി​ന്റെയും സ്​ഥിതി ഇപ്രകാരമായിരുന്നു. അതിനുശേഷമുള്ള സമയം മറ്റൊരുവിധത്തിലാണ് പ്രതിപാദിക്കപ്പെടുന്നത്.

ദേശീയതയും വംശീയതയും

പത്തൊമ്പതാം നൂറ്റാണ്ടി​ന്റെ അവസാനവും ഇരുപതാം നൂറ്റാണ്ടി​ന്റെ തുടക്കവും ലോക ചരിത്രത്തിലെ അഭൂതപൂർവമായ മാറ്റങ്ങളുടേതാണല്ലോ. അത് ആശയസംഘർഷങ്ങളുടെ സന്ദർഭവും കൂടിയാണ്. യൂറോപ്പിൽ വ്യവസായ വിപ്ലവാനന്തരം ഉണ്ടായ മുതലാളിത്തവികാസവും പുതുസാമ്രാജ്യത്വശക്തികളുടെ ഉദയവും പഴയ പ്രാമാണിക ഭരണകൂടങ്ങളെ പുറന്തള്ളി പുതിയവക്കു കടന്നുവരവിനു അവസരം കുറിച്ചു. യൂറോപ്പി​ന്റെ ഭാഗമാണെങ്കിലും കിഴക്കി​ന്റെയും പടിഞ്ഞാറി​ന്റെയും സമ്മിശ്രമായ സാംസ്​കാരിക പശ്ചാത്തലമുള്ളവയാണ് ബാൾക്കൻ നാടുകൾ എന്നറിയപ്പെടുന്ന പ്രദേശങ്ങൾ. യൂറോപ്പിനെ അപേക്ഷിച്ച് പിന്നാക്കമാണ് ഈ നാടുകൾ. പ്രധാനമായും വിഷ്ഗ്രാഡ് നഗരം ഈ കാലത്ത് ഓസ്​ട്രിയയുടെ അധീനതയിൽ തന്നെയായിരുന്നു.

ഡ്രീന നദിയിലെ പാലം കിഴക്കിനെയും പടിഞ്ഞാറിനെയും ബന്ധിപ്പിച്ചിരുന്നെങ്കിൽ ഒാസ്​ട്രിയൻ ഭരണകൂടം പത്തൊമ്പതാം നൂറ്റാണ്ടി​ന്റെ മധ്യത്തിൽ നിർമിച്ച റെയിൽവേ രാഷ്ട്രത്തെ ആഭ്യന്തരമായി പരസ്​പരം ബന്ധിച്ചു. ഇതോടെ, പാലത്തിനുണ്ടായിരുന്ന വാണിജ്യപരമായ പ്രാധാന്യം കുറഞ്ഞു. ഇതേകാലത്ത് പാലത്തിനു കീഴിലൂടെ നഗരത്തിലേക്കുള്ള ജലവിതരണത്തിനുള്ള കുഴലുകൾ സ്​ഥാപിക്കപ്പെട്ടു. ഓസ്​ട്രിയൻ ഭരണകൂടം നടപ്പാക്കിയ ഇത്തരം പരിഷ്‍കാരങ്ങൾക്കൊപ്പം വിഷ്ഗ്രാഡ് നഗരവും മാറുകയും വളരുകയുമായിരുന്നു.

ജൂതരുടെ മുൻകൈയിൽ നടത്തിയിരുന്ന പണമിടപാട് സ്​ഥാപനങ്ങളുടെ സ്​ഥാനത്ത് പുതിയ ഓഹരി കമ്പോളങ്ങൾ വന്നു. അനേകം പേരുടെ ഭാഗ്യവും നിർഭാഗ്യവും അവിടെ പരീക്ഷണവിധേയമായി. പുതിയ വ്യവസായ സമൂഹത്തിനും തൊഴിൽശക്തിക്കുമൊപ്പം സ്വാഭാവികമായും നഗരത്തി​ന്റെ പുറമ്പോക്കുകളും പെരുകി. മുഴുമദ്യപാനികളും ചൂതാട്ടക്കാരും ലൈംഗികത വിൽക്കുന്നവരും വാങ്ങുന്നവരുമായ ഉപസമൂഹം നഗരത്തിൽ വേരുപിടിച്ചു. ഇവർക്കൊപ്പം നാട്ടുകാരിൽനിന്നും വീട്ടുകാരിൽനിന്നും അകന്ന് ഒറ്റപ്പെട്ട ജീവിതം നയിക്കുന്ന വ്യക്തികളുടെ എണ്ണവും കൂടി. ഇത്തരം ആൾക്കാർക്ക് പകലും രാത്രിയും വന്നിരിക്കാനും സ്വകാര്യനിമിഷങ്ങൾ ചെലവഴിക്കാനുമുള്ള ഇടത്താവളമായി പാലം മാറി.

മേൽപ്പറഞ്ഞ തരത്തിലുള്ള സാമൂഹിക വിഭാഗങ്ങൾക്കൊപ്പം പൂർവ യൂറോപ്പിലെ കാർഷിക സമുദായങ്ങളിൽനിന്നും നഗരങ്ങളിലെ സർവകലാശാലയിലും കലാലയങ്ങളിലും വിദ്യാഭ്യാസം നേടിയ പുതുതലമുറയും രംഗപ്രവേശംചെയ്തു. പത്തൊമ്പതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിലും യൂറോപ്പിലുണ്ടായ ആശയവിസ്​ഫോടനങ്ങൾ ജനങ്ങളിലേക്ക് എത്തിച്ചേർന്നത് ഈ വിദ്യാർഥി തലമുറയിലൂടെയാണ്. അക്കാലത്തുണ്ടായ വിഭിന്ന രാഷ്ട്രീയ ചിന്തകളും ആശയധാരകളും ഇവരിൽ സ്വാധീനം ചെലുത്തി.

അരാജകവാദികൾ, ദേശീയവാദികൾ, സോഷ്യലിസ്​റ്റുകൾ, കമ്യൂണിസ്​റ്റുകൾ, വംശീയവാദികൾ, സമാധാനവാദികൾ, വിധ്വംസകവാദികൾ, നിഹിലിസ്റ്റുകൾ ഇത്തരക്കാരെല്ലാം ഇവരിൽനിന്നും ഉണ്ടായി. പരമ്പരാഗത സമൂഹത്തിന് അന്യമായ വേഷവും ശരീരഭാഷയുമുള്ള ഈ യുവജനങ്ങൾ കാപ്പിയായിൽ ഒത്തുചേർന്ന് പരസ്​പരം തർക്കിക്കുകയും തങ്ങളുടെ ആശയങ്ങൾ മറ്റുള്ളവരിലേക്ക് പകരാനും ശ്രമിച്ചു. പുതിയ കാലത്തെ ആശയസംഘർഷത്തി​ന്റെ വക്താക്കളായ ഈ യുവജനങ്ങൾക്ക് തുടക്കത്തിൽ പ്രചോദനമായത് ജർമൻ ഭാഷയിൽ പ്രസിദ്ധീകരിക്കപ്പെട്ട പല പുസ്​തകങ്ങളും ലഘുലേഖകളുമാണ്.

 

ഇതിനിടയിൽ പാലത്തിൽ അസാധാരണമായ ഒരു അറിയിപ്പ് പ്രത്യക്ഷപ്പെട്ടു. ചക്രവർത്തിനിയായ എലിസബത്ത് രാഞ്ജിയെയും തിരുമനസ്സിനെയും ജനീവയിൽവെച്ച് ലൂച്ചിയെനി എന്ന ഇറ്റാലിയൻ അരാജകവാദി കൊലപ്പെടുത്തിയതിലുള്ള ദേശീയ ദുഃഖാചരണത്തെ സംബന്ധിച്ച അറിയിപ്പായിരുന്നു അത്. 1898 സെപ്റ്റംബർ 10ന് നടന്ന ഈ സംഭവം ഓസ്​ട്രിയയിൽ വലിയ കോളിളക്കത്തിന് കാരണമായി. വിഷ്ഗ്രാഡ് നഗരത്തിൽ ഇറ്റലിക്കാർ കുറവാണെങ്കിലും ഉള്ളവർക്ക് കടുത്ത അന്യഥാബോധത്തി​ന്റെ നാളുകളായിരുന്നു അവ. രാജ്ഞിയുടെ കൊലപാതകത്തെത്തുടർന്ന് കുറച്ചുനാൾ പാലം അടച്ചിടുകയും അതി​ന്റെ മധ്യത്തിലുള്ള തൂണ് തുരന്ന് അതിനകത്ത് വെടിക്കോപ്പുകൾ നിക്ഷേപിക്കുകയും ചെയ്തു. ഏതെങ്കിലും തരത്തിലുള്ള ആക്രമണ ഭീഷണിയുണ്ടായാൽ പാലം തകർത്തുകളയുക എന്ന ഉദ്ദേശ്യത്തോടെയാണ് സൈന്യം ഇത്തരമൊരു നീക്കം നടത്തിയത്.

ഈ കാലത്തിലുടനീളം ഓസ്​ട്രിയക്ക് എതിരെ സെർബുകളിൽനിന്നും കലാപങ്ങൾ നേരിടേണ്ടിവന്നു. യൂറോപ്പിൽ അലയടിച്ച മാർക്സിസ്റ്റ് സിദ്ധാന്തങ്ങൾക്കും സോഷ്യലിസ്​റ്റ് ധാരകൾക്കും ഉപരിയായി ഇത്തരം കലാപങ്ങളെ സ്വാധീനിച്ചത് ഭാഷ ദേശീയവാദമായിരുന്നു. എല്ലാവിഭാഗം ജനങ്ങളിലും വിവിധതരത്തിലുള്ള വംശീയധാരകളും ഇതേകാലത്ത് ശക്തിപ്പെടാനും തുടങ്ങി.

സമൂഹത്തിനകത്ത് ആഭ്യന്തര സംഘർഷങ്ങൾ കനത്തുനിൽക്കുകയാണെങ്കിലും പുറമേക്ക് അതീവശാന്തമായ അന്തരീക്ഷമാണുണ്ടായിരുന്നത്. മെച്ചപ്പെട്ട കാലാവസ്​ഥയിലും മികച്ച വിളവു ലഭിച്ചതിലും ജനങ്ങൾ ആശ്വാസമനുഭവിച്ചു. പെട്ടെന്നാണ് പാലത്തിൽ പുതിയ ഒരു ഔദ്യോഗിക അറിയിപ്പു പതിക്കപ്പെട്ടത്. 1914 ജൂൺ 28ന് ഓസ്​ട്രിയൻ ആർച്ച് ഡ്യൂക്കായിരുന്ന ഫ്രാൻസ്​ ഫെർഡിനാന്റിനെയും ഭാര്യയെയും സരയാവോയിൽ വെച്ച് ഗാവ്റിലോ പ്രിൻസിപ്പാൽ എന്ന ചെറുപ്പക്കാരൻ വധിച്ചു. ‘യങ് ബോസ്​നിയ’ എന്ന സംഘടനയിലെ അംഗമായിരുന്ന 19 വയസ്സുകാരനായിരുന്നു അയാൾ. ഇതിനെ തുടർന്ന് ഓസ്​ട്രിയയും സെർബിയയും തമ്മിലുള്ള യുദ്ധപ്രഖ്യാപനത്തെപ്പറ്റിയായിരുന്നു ആ അറിയിപ്പ്. ഈ ചെറുരാഷ്ട്രങ്ങൾ തമ്മിലുണ്ടായ യുദ്ധമാണ് ഒന്നാം ലോകയുദ്ധത്തിലേക്ക് നയിച്ച പ്രശ്നങ്ങളിൽ ഒന്ന്.

ഫെർഡിനാന്റിന്റെ വധത്തിനുശേഷം വിഷ്ഗ്രാം നഗരത്തിലും ഓസ്​ട്രിയൻ പ്രദേശങ്ങളിലുമുള്ള സെർബുകളെ കൂട്ടക്കശാപ്പ് ചെയ്യാൻ ഓസ്​ട്രിയൻ ഭരണകൂടം നേരിട്ടിറങ്ങി. ക്രിമിനൽ മനോഘടനയുള്ളവരും ഒരുവിധത്തിലുള്ള സാമൂഹിക ബോധവുമില്ലാത്തവരുമായ തെമ്മാടികളെ എല്ലാ വിഭാഗം ജനങ്ങളിൽനിന്നും കണ്ടെത്തി അവർക്ക് ആയുധം നൽകിയാണ് വംശഹത്യക്ക് നിയോഗിച്ചത്. സെർബ് വംശജരോട് മുൻകാലം മുതലേ വൈരാഗ്യമുണ്ടായിരുന്ന തുർക്കികളും യാഥാസ്​ഥിതിക ക്രിസ്​ത്യാനികളും ജൂതരും ജിപ്സികളും ഈ ഭരണകൂടവേട്ടക്ക് രഹസ്യമായും പരസ്യമായും പിന്തുണ നൽകി.

ഇതേകാലത്ത് തന്നെ ജൂതർക്ക് എതിരെയുള്ള വംശീയാക്രമണവും ആരംഭിച്ചു. അവരുടെ പൗരത്വത്തെ നിരോധിക്കാനും സാമ്പത്തിക വളർച്ചയെ തടയാനും ഉദ്ദേശിച്ചുള്ള നിയമങ്ങൾ വിവിധ ബാൾക്കൻ നാടുകളിൽ നടപ്പാക്കാൻ തുടങ്ങി.

1914ലെ ശരത്കാലത്ത് ഓസ്​ട്രിയയോട് എതിരിടുന്ന വിവിധ സെർബ് വിഭാഗങ്ങൾ സംഘടിച്ചുകൊണ്ട് പാലത്തിന് കിഴക്ക് വശത്തുനിന്നും പീരങ്കി ആക്രമണം ഉണ്ടായി. പാലം തകർക്കാൻ ലക്ഷ്യം വെച്ചുള്ളതായിരുന്നു പത്തുദിവസം നീണ്ടുനിന്ന ഈ ആക്രമണം. വെടിപ്പുകകൊണ്ട് പട്ടണത്തിലുള്ളവർക്ക് ഒന്നും കാണാൻ പറ്റുമായിരുന്നില്ല, പീരങ്കി ആക്രമണം അവസാനിച്ചുകഴിഞ്ഞ് ആൾക്കാർ കണ്ടത് ഒരു പരിക്കുമില്ലാതെ പാലം പഴയത് പോലെ അതേ പെരുമയിലും പ്രൗഢിയിലും നിൽക്കുന്നതാണ്.

ഇത്തരം ചെറുസംഘർഷങ്ങൾ ഒന്നാം ലോകയുദ്ധത്തി​ന്റെ സംഹാരതാണ്ഡവത്തിനുള്ള മുന്നൊരുക്കങ്ങൾ മാത്രമായിരുന്നു. അധികം താമസിക്കാതെ യുദ്ധമാരംഭിക്കുക തന്നെ ചെയ്തു. ഒട്ടേറെ ആൾക്കാർ യുദ്ധക്കെടുതികൾ മുൻകൂട്ടിക്കണ്ടുകൊണ്ട് ഉൾഗ്രാമങ്ങളിലേക്ക് പലായനം നടത്തി. നഗരത്തി​ന്റെ പൂർണനിയന്ത്രണം ഓസ്​ട്രിയൻ സൈന്യത്തിനായി.

വിഷ്ഗ്രാഡിൽ വർഷങ്ങളായി കച്ചവടംചെയ്യുന്ന തുർക്കി വംശജനാണ് ആലി ഹോജ. എല്ലാ കാര്യങ്ങളിലും സംശയാലുവായിരുന്ന അദ്ദേഹം പലർക്കും അനഭിമതനായിരുന്നു. സൈന്യത്തി​ന്റെ ഉത്തരവ് പ്രകാരം അദ്ദേഹം കട തുറന്നുവെച്ചിരിക്കുകയായിരുന്നു. ഉച്ചകഴിഞ്ഞപ്പോൾ പെട്ടെന്നുണ്ടായ അത്യുഗ്രമായ ശബ്ദവും ഭൂമിയുടെ പ്രകമ്പനവും മൂലം കട പൂർണമായി തകർന്നു. പ്രകമ്പനത്തി​ന്റെ ശക്തിയിൽ മുകളിലേക്ക് എറിയപ്പെട്ട് താഴേക്ക് പതിച്ച അദ്ദേഹത്തിന് ബോധം തിരിച്ചുകിട്ടിയപ്പോൾ ത​ന്റെ കടയുടെ അവശിഷ്​ടങ്ങൾക്കിടയിൽ ഒരു വെളുത്ത കല്ലു കിടക്കുന്നത് കണ്ടു. ആലിഹോജ പുറത്തേക്ക് നോക്കിയപ്പോൾ ഡ്രീനയിലെ പാലത്തി​ന്റെ ഏഴാമത്തെ തൂണു കഴിഞ്ഞ് എട്ടും ഒമ്പതും തൂണുകളുടെ സ്​ഥാനത്ത് ശൂന്യതയാണ് കണ്ടത്. ജർമൻ വ്യോമസേനയുടെ ബോംബാക്രമണം മൂലമാണ് പാലത്തിനു ഇപ്രകാരത്തിൽ തകർച്ചയുണ്ടായത്.

തനിക്ക് ഉണ്ടായ വലിയ പരിക്കുകളോടെ വീട്ടിലേക്ക് വേച്ചുവേച്ചു നടന്നുനീങ്ങിയ ആലിഹോജക്ക് വസീറി​ന്റെ സംഭാവന എന്നതിനപ്പുറം ദൈവത്തി​ന്റെ മഹത്ത്വത്തെ വിളിച്ചോതുന്ന ആ പാലം മനുഷ്യർക്ക് തകർക്കാൻ പറ്റിയതിനെ വിശ്വസിക്കാൻ കഴിഞ്ഞില്ല. എങ്കിലും അദ്ദേഹം ചിന്തിച്ചത്, മനുഷ്യർ എല്ലായിടങ്ങളിലും നാശം മാത്രമായിരിക്കില്ല വിതക്കുക എന്നതാണ്. ചിലയിടത്ത് നിർമാണങ്ങളും സമൃദ്ധിയും ഉണ്ടാക്കുന്നവരാണല്ലോ അവർ എന്നും അദ്ദേഹം ചിന്തിച്ചു. ഇപ്രകാരമുള്ള ആലോചനകളിലൂടെ ആശ്വാസം നേടാൻ ശ്രമിച്ചെങ്കിലും ഡ്രീന നദിയിലെ പാലം തകർന്നു എന്ന വസ്​തുതയെ എന്നിട്ടും അദ്ദേഹത്തി​ന്റെ മനസ്സിന് ഉൾക്കൊള്ളാനായില്ല. തനിക്ക് ഏറ്റ പരിക്കുകൾക്ക് ഉപരിയായുള്ള ഈ അന്തഃക്ഷോഭംമൂലം വഴിയിൽ വീണ് ആലിഹോജ അന്ത്യശ്വാസം വലിച്ചു.

നോവൽ ചരിത്രാഖ്യായികക്ക് അപ്പുറം

ഈവോ ആൻഡ്രിച്ച് എഴുതിയ ‘ഡ്രീന നദിയിലെ പാലം’ എന്ന നോവൽ 1945ലാണ് ബോസ്​നിയൻ ഭാഷയിൽ ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടത്. 1959ൽ അതി​ന്റെ ഇംഗ്ലീഷ് പരിഭാഷ പുറത്തുവന്നു. പ്രസിദ്ധീകരിച്ച ഉടനെതന്നെ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട നോവലുകളിലൊന്നായി അത് അംഗീകരിക്കപ്പെട്ടിരുന്നു. 1961ൽ സാഹിത്യത്തിനുള്ള നൊബേൽ പുരസ്​കാരം ഈവോ ആൻഡ്രിച്ചിനു ലഭിക്കുന്നത് മുഖ്യമായും ഈ നോവലിനെ മുൻനിർത്തിയാണ്.

മധ്യ ബോസ്​നിയയിലെ ഡോളിക് എന്ന ചെറുപട്ടണത്തിൽ വളരെ ദരിദ്രമായ ലോഹപ്പണിക്കാരുടെ കുടുംബത്തിലാണ് ഈവോ ആൻഡ്രിച്ച് ജനിച്ചത്. യുവത്വകാലത്ത് ബോസ്നിയയിൽ വികസിച്ചുവന്ന ഭാഷ ദേശീയവാദത്തിൽ ആകൃഷ്​ടനായ അദ്ദേഹം യങ് ബോസ്​നിയ എന്ന സംഘടനയിൽ പ്രവർത്തിച്ചിരുന്നു. ആർച്ച് ഡ്യൂക്ക് ഫെർഡിനന്റി​ന്റെ വധത്തോടെ ഈ സംഘടനക്ക് എതിരെ ദേശവ്യാപകമായി ഉണ്ടായ അടിച്ചമർത്തലി​ന്റെ ഭാഗമായി അദ്ദേഹം മൂന്നുവർഷത്തോളം ജയിൽവാസം അനുഭവിച്ചു. പിന്നീടദ്ദേഹം മാർക്സിസത്തോട് ആഭിമുഖ്യം പുലർത്തി.

വിയന സർവകലാശാലയിൽനിന്നും ബോസ്​നിയൻ ഭാഷാചരിത്രത്തെപ്പറ്റിയുള്ള ഗവേഷണത്തിന് ഡോക്ടറേറ്റ് ലഭിച്ചിട്ടുണ്ട്. യൂഗോസ്‍ലാവിയയിലെ സിവിൽ സർവിസിൽ ജോലി നേടിയ അദ്ദേഹം കുറച്ചുകാലം ജർമനിയിൽ അംബാസഡറായി പ്രവർത്തിച്ചിരുന്നു. രണ്ടാം ലോകയുദ്ധത്തിനുമുമ്പ് എല്ലാ രാഷ്ട്രീയ പ്രത്യയശാസ്​ത്രങ്ങളോടും വിടപറഞ്ഞ അദ്ദേഹം പൂർണമായി എഴുത്തിൽ കേന്ദ്രീകരിക്കുകയാണുണ്ടായത്. 1975ലാണ് ഈവോ ആൻഡ്രിച്ച് മരിക്കുന്നത്.

ലോകത്തിലെ ഏറ്റവും മഹത്തായ പത്തു നോവലുകളിൽ ഒന്നായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളതാണ് ഈ കൃതി. ഇത്തരം തിരഞ്ഞെടുപ്പുകളിൽ മിക്കവരും ഒന്നാം സ്​ഥാനം കൊടുക്കാറുള്ളത് ടോൾസ്റ്റോയിയുടെ ‘യുദ്ധവും സമാധാനവും’ എന്ന കൃതിക്കാണ്. എന്നാൽ, മലയാള നിരൂപകനായ കെ.പി. അപ്പൻ, ടോൾസ്റ്റോയിയുടെ ആ മഹാനോവലിനെ ഒട്ടും ചെറുതായി കാണാതെതന്നെ ഒന്നാം സ്​ഥാനം നൽകുക ‘ഡ്രീന നദിയിലെ പാല’ത്തിനാണെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. സമാനമായ വിധത്തിലുള്ള അഭിപ്രായം ലോകത്തിലെ പല പ്രധാനപ്പെട്ട നോവൽ പഠിതാക്കളും രേഖപ്പെടുത്തിയിട്ടുണ്ട്.

ആധുനിക സാമൂഹികത മനുഷ്യരിൽ ഏൽപിക്കുന്ന ആഘാതങ്ങൾ അവരുടെ അന്തർബോധമായി പരിവർത്തനപ്പെടുന്നതി​ന്റെ പശ്ചാത്തലത്തിലാണ് നോവൽ എന്ന സാഹിത്യശാഖ പിറവിയെടുത്തതെന്നാണ് സാമാന്യമായി വിവക്ഷിക്കപ്പെടുന്നത്. ഈ അന്തർബോധങ്ങൾ കേവല മനുഷ്യർ എന്ന സത്താവാദപരമായ കേന്ദ്രത്തിൽനിന്നും വിമോചനം നേടി വൈവിധ്യങ്ങളിലേക്കും വൈരുധ്യങ്ങളിലേക്കും വ്യാപിക്കുകയാണുണ്ടായത്. അതിനാൽതന്നെ ബഹുസ്വരതയാണ് നോവൽ എന്ന ആഖ്യാനത്തി​ന്റെ പ്രധാനവശമെന്ന് കാണാം.

 

ഇൗവോ ആൻഡ്രിച്ചി​ന്റെ ജന്മഗൃഹം

ഇൗവോ ആൻഡ്രിച്ചി​ന്റെ ജന്മഗൃഹം

ബഹുസ്വരത ഉള്ളടക്കമായുള്ള സവിശേഷ സാഹിത്യശാഖയായി നോവൽ മാറുകയും വികസിക്കുകയും ചെയ്യുന്നതിൽ ചരിത്രാഖ്യായികകൾക്ക് അതുല്യമായ പങ്കുണ്ട്. പതിനെട്ടാം നൂറ്റാണ്ടു മുതൽ ലോകത്തെ സ്വാധീനിച്ച ഒട്ടേറെ പ്രമുഖ നോവലുകൾ ചരിത്രാഖ്യായിക എന്ന ഗണത്തിൽ ഉൾപ്പെടുന്നവയാണ്. ഇവയുടെ സവിശേഷത മിക്കവാറും ഏതെങ്കിലും വീരസാഹസിക പരിവേഷമുള്ള വ്യക്തിയെയോ പ്രാമാണികമായ കുടുംബത്തെയോ വംശത്തെയോ കേന്ദ്രമാക്കുന്നു എന്നതാണ്. കേരളത്തിലുണ്ടായിട്ടുള്ള പ്രധാനപ്പെട്ട ചരിത്രാഖ്യായികകളിലും ഈ പൊതുസ്വഭാവം കാണാം.

ഇതേസമയം, ഈ നോവലിനെ സാമ്പ്രദായിക ചരിത്രാഖ്യായികകളുടെ പട്ടികയിൽ ഉൾപ്പെടുത്താൻ കഴിയുന്നതല്ല. ഇത് ഏതെങ്കിലും പ്രാമാണികമായ വ്യക്തിയെയോ വംശത്തെയോ രാഷ്ട്രത്തെയോ കേന്ദ്രമാക്കുന്നില്ലെന്ന് ആദ്യ വായനയിൽതന്നെ ബോധ്യപ്പെടും. ഇതിൽ പലമകൾ സന്നിഹിതമാവുകയും കൂടിക്കലരുകയും വേർതിരിഞ്ഞ് സ്വതന്ത്രമാകുകയും ചെയ്യുന്നു. ഓരങ്ങളിലും അരികുകളിലുമുള്ള അനേകംപേരുടെ ഓർമകളെയും ദൈനംദിന ജീവിതാനുഭവങ്ങളെയും വീണ്ടെടുത്ത് സൂക്ഷ്മ ചരിത്രനിർമിതിയുടെ ഉപദാനങ്ങളാക്കി മാറ്റുന്നതാണ് എഴുത്തുരീതി.

നോവലിൽ കേന്ദ്രകഥാപാത്രങ്ങളില്ല, രണ്ടോ മൂന്നോ അധ്യായം കടന്നുപോകുന്ന വ്യക്തികളോ സംഭവങ്ങളോ അത്യപൂർവമാണ്. ഡ്രീന നദിയെപ്പോലെ തന്നെ ഒഴുകുകയും പുതിയതായി രംഗപ്രവേശം നടത്തുകയും ചെയ്യുന്ന കഥാപാത്രങ്ങളും ചരിത്രസന്ദർഭങ്ങളുമാണുള്ളത്.

പാലത്തെ ഒരു പ്രതീകമായിട്ടോ മെറ്റഫറായിട്ടോ വ്യാഖ്യാനിക്കാനാവുമോ? സാധാരണ ഗതിയിൽ നോക്കുമ്പോൾ നശ്വരതയെയും അനശ്വരതയെയും വേർതിരിക്കുന്ന ഒരു പ്രതീകമായി പാലത്തെ കാണാവുന്നതാണ്. അല്ലെങ്കിൽ ചരിത്രസംഭവങ്ങൾക്കും മനുഷ്യജീവിതത്തിലും ഇടക്കുനിൽക്കുന്ന കാലാതിവർത്തിയായ ഒരു സാക്ഷിയായി പാലത്തെ വർണിക്കാനാവും.

 

ഇൗവോ ആൻഡ്രിച്ച്​

ഇൗവോ ആൻഡ്രിച്ച്​

എന്നാൽ, കേവലം ഒരു പ്രതീകമോ ചരിത്രസാക്ഷിയോ എന്ന നിലവിട്ട് ചരിത്രത്തിനൊപ്പം ചലിക്കുന്നതും സ്വതന്ത്ര കർത്തൃത്വമുള്ളതുമായ ഒരു വിഷയംതന്നെയായിട്ടാണ് പാലം സ്​ഥാനപ്പെടുന്നതെന്ന് കാണാം. മറ്റൊരുവിധത്തിൽ പറഞ്ഞാൽ, നിർജീവമായൊരു വസ്​തു എന്നതിനുപരി ജനനവും മരണവും ചലനവുമുള്ള ഒരു പുതുകാലയന്ത്രമാണ് പാലമെന്നു വിവക്ഷിക്കാനാവും. 450 വർഷങ്ങളായുള്ള അതി​ന്റെ ജീവിതകാലയളവിൽ മറ്റിതര ജീവജാലങ്ങളും വസ്​തുക്കളും അതിനോട് ഇടപെട്ടതുപോലെ പാലം തിരിച്ച് അവയോടും ഇടപെടുകയായിരുന്നു.

പാലത്തെ പ്രതീകാത്മകമൂല്യമുള്ള ആശയസാന്നിധ്യമായും ആത്മീയ പ്രതിഭാസമായും കാണുന്ന തരത്തിലുള്ള വിലയിരുത്തലുകൾ ഉണ്ടായിട്ടുണ്ട്. ഇത്തരത്തിലുള്ള മനസ്സിലാക്കലുകൾ പാലത്തി​ന്റെ വസ്​തുവായുള്ള ജീവിതത്തെ നിരസിക്കുന്നതാണെന്നാണ് തോന്നുന്നത്. അതേപോലെ, നോവലി​ന്റെ ആന്തരികതലം ആത്മീയമായൊരു പിടക്കത്തെയാണ് സൂചിപ്പിക്കുന്നതെന്ന തരത്തിലുള്ള വിശകലനവും ഉണ്ടായിട്ടുണ്ട്. ഇതിനോടും വിയോജിക്കുകയാണ്. വസ്​തുവിൽതന്നെ ചലനവും സജീവതയും ഉണ്ടെന്നു ഭാവനചെയ്യുന്ന പുതിയൊരു ഭൗതികവാദസങ്കൽപനം തന്നെയാണ് നോവലി​ന്റെ ആന്തരികതലത്തിലും നിലനിൽക്കുന്നതെന്നാണ് അഭിപ്രായം.

മുൻകാല നോവൽ പഠിതാക്കളിൽ പലരും ഈവോ ആൻഡ്രിച്ചിന് മാർക്സിസ്റ്റ് പ്രത്യയശാസ്​ത്രത്തോട് ആഭിമുഖ്യമുള്ള ഭൂതകാലമുള്ളതിനാൽ ഈ നോവലി​ന്റെ ആഖ്യാനമണ്ഡലം സോഷ്യൽ റിയലിസത്തി​ന്റേതാണെന്ന് വിലയിരുത്തുകയുണ്ടായി. സൂക്ഷ്മമായ വായനയിൽ ഇതി​ന്റെ ആഖ്യാനതലം സോഷ്യൽ റിയലിസത്തി​ന്റേതല്ലെന്നും മാജിക്കൽ റിയലിസത്തി​ന്റേതാണെന്നും മനസ്സിലാകും. ഗബ്രിയേൽ ഗാർസ്യാ മാർകേസി​ന്റെ പ്രസിദ്ധമായ ‘ഏകാന്തതയുടെ നൂറു വർഷങ്ങൾ’ എന്ന നോവലിന് ഇതുമായുള്ള സാദൃശ്യം പലരും സൂചിപ്പിച്ചിട്ടുണ്ട്. ഈ സാദൃശ്യം മാജിക്കൽ റിയലിസത്തി​ന്റേതാണെന്നുതന്നെ കണക്കാക്കാം.

ലോക സാഹിത്യത്തിലെ വിസ്​മയജനകമായ കഥാപാത്രങ്ങളോട് കിടപിടിക്കുന്ന നിരവധിപേർ ഈ നോവലിൽ ഇടംപിടിച്ചിട്ടുണ്ട്. സത്രം സൂക്ഷിപ്പുകാരനായ ദൗത്തോഡ്ഗ, ചെകുത്താനോട് ചൂതുകളിച്ച ഗ്ലാസിച്ചാനിൻ, പാലം കാവൽക്കാരനായ ഫെഡൻ, മുഴുക്കുടിയനായ കോർക്കൻ, ജൂതസ്​ത്രീയായ ലോട്ട, വിദ്യാർഥി നേതാവായ തോമ ഗലൂസ്​ ഇങ്ങനെ ഒട്ടേറെപ്പേർ. ഇവരെപ്പറ്റി എഴുതണമെങ്കിൽ ഒരു പുസ്​തകംതന്നെ വേണ്ടിവരും.

News Summary - weekly literature book