ബ്രസീലിയൻ അവബോധത്തിന്റെ കാൽപനികഛായ
ബ്രസീലിയൻ സാഹിത്യകാരൻ മാരിയൊ ഡി ആൻഡ്രേദിന്റെ Macunaima എന്ന ക്ലാസിക് നോവൽ വായിക്കുന്നു.കവിയും നോവലിസ്റ്റും സാംസ്കാരിക നിരൂപകനും സംഗീത താരതമ്യപഠനം ഗവേഷകനുമായിരുന്ന (1893-1945) മാരിയൊ ഡി ആൻഡ്രേദ് (Mario de Andrade) ലാറ്റിനമേരിക്കൻ സാഹിത്യത്തിൽ ആധുനികതയുടെ സ്പർശം ആദ്യമായി സമന്വയിപ്പിച്ച എഴുത്തുകാരനാണ്. 1922ലെ ആധുനിക കലാവാരം (Modern Art Week) പ്രസ്ഥാനത്തിന്റെ മുഖ്യ പ്രേരകനായും അദ്ദേഹം പ്രവർത്തിച്ചു. ആധുനികതയുടെ പുതുയുഗ കടന്നുവരവിന്റെ സൂചനയും ഇതോടെ യാഥാർഥ്യമായി. ...
Your Subscription Supports Independent Journalism
View Plansബ്രസീലിയൻ സാഹിത്യകാരൻ മാരിയൊ ഡി ആൻഡ്രേദിന്റെ Macunaima എന്ന ക്ലാസിക് നോവൽ വായിക്കുന്നു.
കവിയും നോവലിസ്റ്റും സാംസ്കാരിക നിരൂപകനും സംഗീത താരതമ്യപഠനം ഗവേഷകനുമായിരുന്ന (1893-1945) മാരിയൊ ഡി ആൻഡ്രേദ് (Mario de Andrade) ലാറ്റിനമേരിക്കൻ സാഹിത്യത്തിൽ ആധുനികതയുടെ സ്പർശം ആദ്യമായി സമന്വയിപ്പിച്ച എഴുത്തുകാരനാണ്. 1922ലെ ആധുനിക കലാവാരം (Modern Art Week) പ്രസ്ഥാനത്തിന്റെ മുഖ്യ പ്രേരകനായും അദ്ദേഹം പ്രവർത്തിച്ചു. ആധുനികതയുടെ പുതുയുഗ കടന്നുവരവിന്റെ സൂചനയും ഇതോടെ യാഥാർഥ്യമായി.
ജീവിതത്തിന്റെ കൂടുതൽ ഭാഗവും അദ്ദേഹം ബ്രസീലിയൻ ഫോക് പാരമ്പര്യത്തിന്റെ നിലനിൽപിനു വേണ്ടിയാണ് ചെലവഴിച്ചത്. സാവോപോേളാ സർവകലാശാലയിലെ സാംസ്കാരിക വിഭാഗം തലവനുമായും അതിന്റെ തുടക്കംതൊട്ടുള്ള ഡയറക്ടറായും പ്രവർത്തിച്ചു. ബ്രസീലിയൻ കവിതയുടെ ആത്മാവിനെ കണ്ടെത്തി അതിന്റെ വിപുലമായ പ്രചാരണത്തിനായി സ്വയം നിയോഗിച്ചു. പോർചുഗീസ് ഭാഷയുടെ സാർവലൗകികമായ വികസനം സ്വന്തം രചനകളിലൂടെ നേടിയെടുക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.
ആധുനിക ബ്രസീലിയൻ കവിതയുടെ പ്രധാന വക്താവായിരുന്ന അദ്ദേഹത്തിന്റെ കാവ്യരചനകളിൽ 1922ൽ പ്രസിദ്ധീകരിച്ച ‘ഭ്രമാത്മകമായ നഗരം’ ഇന്നും ലോക കവിതയിലെ അവിസ്മരണീയ സാന്നിധ്യമാണ്. ഇംഗ്ലീഷ് ഭാഷയിലേക്ക് നിരവധി കവിതകൾ മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. ഇന്ന് ലാറ്റിനമേരിക്കൻ ആധുനികതയെ കുറിച്ചും മാജിക്കൽ റിയലിസത്തെ കുറിച്ചുമൊക്കെ പറയുമ്പോൾ അത് ഗാർസ്യാ മാർകേസിൽ ഒതുക്കുകയാണ് പതിവ്. മാർകേസിനൊക്കെ എത്രയോ മുമ്പ് അവിടേക്ക് ആധുനികതയുടെ സ്പർശം കൊണ്ടുവരാൻ മാരിയൊക്ക് കഴിഞ്ഞു.
‘മാക്കുനെയ്മ’യുടെ രചനയുടെ ഏറ്റവും പുതിയ പരിഭാഷ പുറത്തിറക്കിയിരിക്കുന്നത് ലണ്ടനിലെ ഫിറ്റ്സ്കരാൾദൊ പ്രസാധകരാണ് (Fitzcarraldo Editions London 2023). പോർചുഗീസ് ഭാഷയിൽനിന്ന് ഇംഗ്ലീഷിലാക്കിയതിനെ പരിഭാഷപ്പെടുത്തിയിരിക്കുന്നത് ക്ലാരിസ് ലിഷ് പെക്തോറിന്റെ സമ്പൂർണ കഥകൾ പരിഭാഷപ്പെടുത്തിയ കത്രീന ഡോഡ്സണാണ്. വിഖ്യാത പരിഭാഷകൻ ജോൺ കീനിന്റെ ആമുഖവും ഇതിൽ ചേർത്തിട്ടുണ്ട്. ഇതിന്റെ അമേരിക്കൻ എഡിഷൻ അതിമനോഹരമായി പുറത്തിറക്കിയിരിക്കുന്നത് ന്യൂ ഡയറക്ഷൻസ് പ്രസാധകരാണ് (New Direction Publishers New York).
1984ൽ ഈ നോവലിന്റെ ആദ്യത്തെ പരിഭാഷ വന്നത് ഇ.എ. ഗുഡ്ലാൻഡിന്റെ (E.A. Goodland) പരിശ്രമത്തിലൂടെയാണ്. ഇതിന്റെ ഒരു കോപ്പി 1995 കാലത്ത് ഈ ലേഖകൻ ബോംബെയിലെ സ്ട്രാൻഡ് ബുക്ക്സ്റ്റാൾ സന്ദർശിച്ചപ്പോഴായിരുന്നു കണ്ടത്. ദുഃഖകരമെന്നു പറയട്ടെ, വായനക്കാരുടെ പ്രിയപ്പെട്ട ആ പുസ്തകശാലയുടെ ബോംബെയിലും ബംഗളൂരുവിലുമുണ്ടായിരുന്ന ശാലകൾ അടച്ചുപൂട്ടിയ ചരിത്രമാണ് ഓർമയിലുള്ളത്. അവിടെനിന്നും ലഭിച്ച ലോകസാഹിത്യത്തിൽനിന്നുള്ള ക്ലാസിക് രചനകൾ ഇന്നും ഓർമകൾക്കൊപ്പം ഭദ്രമായി സൂക്ഷിച്ചിരിക്കുന്നു. ഇന്ന് ഇന്റർനെറ്റിൽ ഇവയിൽ പലതും ലഭ്യമല്ല. ഉള്ളതിന് അമിതമായ വിലയും കൊടുക്കേണ്ടതായിവരുന്നു.
സ്ട്രാൻഡിൽനിന്നും ലഭിച്ച ‘മാക്കുനെയ്മ’യുടെ ഹാർഡ് ബൗണ്ടിനു കൊടുത്തത് ഇരുനൂറ് രൂപ മാത്രം. ഈ നോവലിന്റെ പ്രാധാന്യത്തെ കുറിച്ചന്ന് വലുതായിട്ടൊന്നും അറിഞ്ഞുകൂടായിരുന്നു. വായന ശരിക്കും അത്ഭുതപ്പെടുത്തി. മാരിയൊ ഡി ആൻഡ്രേദ് ഏറെ പ്രിയപ്പെട്ട എഴുത്തുകാരനായി മാറുകയും ചെയ്തു.
നോവൽ അന്ന് പ്രഫ. എം. കൃഷ്ണൻ നായർക്ക് കൊടുത്തു. അദ്ദേഹമിതിനെ കുറിച്ച് ‘കലാകൗമുദി’ വാരികയിൽ വിശദമായി എഴുതിയത് ഇന്നും ഓർമയിൽ നിറഞ്ഞുനിൽക്കുന്നു: ഏതായാലും ഇത്തരം കൃതികളുടെ പുതിയ പരിഭാഷകൾ വരുന്നത് എന്തുകൊണ്ടും നല്ലതാണ്. ഒന്നുകൂടി മികച്ച പരിഭാഷയാകും മിക്കപ്പോഴും പുറത്തുവരുന്നത് എന്ന ഗുണവുമുണ്ട്.
1962ൽ ഇൗ നോവൽ പശ്ചാത്തലമാക്കി ഒരു ക്ലാസിക് സിനിമ പുറത്തുവന്നിട്ടുണ്ട്. പക്ഷേ, അതിന്റെ പ്രമേയത്തിൽ ചില പ്രധാനപ്പെട്ട മാറ്റങ്ങൾ വരുത്തിയിരുന്നു. അത് സംവിധാനംചെയ്തത് ഷേയാക്വിം പെഡ്രൊ ഡി ആൻഡ്രേദാണ് (Joaquim Padro de Andrade). കഥാഗതിയിൽ ചില മാറ്റങ്ങൾ വരുത്തിയെങ്കിലും സിനിമ വീണ്ടെടുത്തത് യഥാർഥ ആഖ്യാന ഘടനയെ തന്നെയാണ്.
1920 കാലഘട്ടത്തിലാണ് മാരിയൊ ആൻഡ്രേദിന്റെ നോവൽ നിലയുറപ്പിച്ചിരിക്കുന്നത്. അന്ന് സാവോപോളോ എന്ന ബ്രസീലിയൻ നഗരം വളരെ വേഗത്തിൽ വികസിച്ചുകൊണ്ടിരിക്കുകയായിരുന്നു. കാപ്പിക്ക് ലഭിച്ച പ്രാധാന്യമാണ് സാവോപോളോയിലെ വ്യവസായ വികസനങ്ങൾക്കൊക്കെ പിന്തുണ കൊടുത്തിരുന്നത്. അന്നത്തെ ബ്രസീലിൽ ഏതാണ്ട് 17 ശതമാനം തൊഴിലാളികൾ പുറത്തുനിന്ന് തൊഴിൽതേടി വന്നവരായിരുന്നു. മാക്കുനെയ്മ പറയുന്ന നിരവധി കഥകളും ആമസോൺ പശ്ചാത്തലത്തിലുള്ളവയാണ്. അദ്ദേഹത്തിന്റെ നായകർ വിവിധ ഇന്ത്യൻ വർഗങ്ങൾക്കിടയിലെ ഒരു സമ്മിശ്ര രൂപമായിട്ടാണ് നിലനിൽക്കുന്നത്.
ശരിക്കും ബ്രസീലിയൻ ജനതയുടെ ഒരു പ്രതിനിധിയായി നായക കഥാപാത്രത്തെ രൂപപ്പെടുത്തിയെടുക്കണമെന്ന താൽപര്യമേ നോവലിസ്റ്റിനുണ്ടായിരുന്നുള്ളൂ. മാനവരാശിയുടെ ഇന്നുവരെയുള്ള ചരിത്രത്തിലെ ശക്തമായ ഒരു വർണസങ്കരമാണ് അദ്ദേഹം ആഗ്രഹിച്ചത്. അങ്ങനെ മാക്കുനെയ്മയെ ആമസോണിൽനിന്ന് സാവോപോളോയിലേക്ക് കൊണ്ടുവന്നു. നിയോലിത്തിക് അല്ലെങ്കിൽ ശിലാ കാലത്തിൽനിന്നും ഇരുപതാം നൂറ്റാണ്ടിലെ നഗരത്തിലേക്കുള്ള ഒരു മാറ്റം.
‘മാക്കുനെയ്മ’ എന്ന നോവൽ ആരംഭിക്കുന്നത് അധികാരമില്ലാതെ പദവി മാത്രമുള്ള നായക കഥാപാത്രത്തിന്റെ ജനനത്തോടെയാണ്. നോവലിന്റെ ഉപശീർഷകമായി വരുന്ന ഒരു പ്രധാന വാചകമുണ്ട് –പ്രത്യേകിച്ചൊരു സ്വഭാവ സവിശേഷവുമില്ലാത്ത ഒരു നായക കഥാപാത്രം (The hero with no character). സ്വഭാവ വിശേഷക്കുറവ് എന്നതുകൊണ്ടുദ്ദേശിക്കുന്നത് സദാചാര ബോധത്തിന്റെ മൂല്യക്കുറവുള്ള വ്യക്തിയുടെ സ്വഭാവത്തിലെ ഇരട്ട വീക്ഷണത്തെയാണ്. പ്രത്യേകിച്ച് എടുത്ത് കാണിക്കാൻ കഴിയുന്ന സ്വഭാവഗുണങ്ങളുണ്ടായിരിക്കില്ല. ഇത്തരം ഒരു സങ്കീർണമായ സ്വഭാവവൈചിത്ര്യം നോവലിലുടനീളം അയാളിൽനിന്നുമുണ്ടാവും. കന്യാവനത്തിന്റെ അഗാധതകൾക്കുള്ളിൽ നായകനായ മാക്കുനെയ്മയുടെ ജനനം സംഭവിക്കുന്നു. മാക്കുനെയ്മയെ ‘നായകൻ’ എന്ന നിലയിലാണ് കഥയുടെ ബാക്കി ഭാഗങ്ങളിൽ വിശേഷിപ്പിക്കപ്പെടുന്നത്. അയാളിങ്ങനെയൊരു സ്വത്വം നിലനിർത്തുന്നത് മിക്കവാറും സ്വന്തം ആഹ്ലാദത്തിനും വിനോദത്തിനും വേണ്ടിയാണ്.
മാക്കുനെയ്മ എന്ന കഥാപാത്രത്തെ ഒരു സാധാരണ മനുഷ്യന്റേതുമായി തുല്യപ്പെടുത്തിയിട്ടുള്ള വീക്ഷണത്തിലേക്ക് കൊണ്ടുവരാനും കഴിയില്ല. ഒരിക്കലും അയാളെ സാധാരണ മനുഷ്യന്റെ രൂപത്തിലേക്കും ഭാവത്തിലേക്കും കോർത്തിണക്കുവാനും കഴിയില്ല. നോവലിലാകെ രൂപംകൊള്ളുന്ന ഭ്രമാത്മകമായ സംഭവങ്ങൾക്കുള്ളിൽ അയാൾ ഏതൊക്കെ രീതിയിലാണ് പ്രതികരിക്കുന്നതെന്ന് പറയാനാവില്ല. അതിനാണ് ഇതിനും പ്രാധാന്യം കൽപിക്കേണ്ടത്. അങ്ങനെ മാജിക്കൽ റിയലിസത്തിന്റെ ആദ്യത്തെ ഏകോപനം ആദ്യമായി ലാറ്റിനമേരിക്കൻ നോവലിൽ കൊണ്ടുവരുന്നത് മാരിയൊ ഡി ആൻഡ്രേദാണ്.
1920കളിൽ മാക്കുനെയ്മയും സഹോദരരായ മൂന്നുപേരും ചേർന്ന് ജന്മനാട്ടിൽനിന്നും സാവോപോളോയിലേക്ക് അതിസാഹസികമായ ഒരു യാത്ര നടത്തുന്നു. കഥയുടെ മൊത്തത്തിലുള്ള ഒരാവിഷ്കാരം ഏകോപിപ്പിച്ചിരിക്കുന്നത് അവരുടെ യാത്രയുടെ ലക്ഷ്യം രാക്ഷസരൂപികളായി ചിലരിൽ തടവിലാക്കപ്പെട്ട ഒരു രക്ഷാമന്ത്ര സിദ്ധികളുള്ള രൂപത്തെ കുറിച്ചുള്ള അന്വേഷണത്തിലാണ്. ഒരു സുരക്ഷാ മാന്ത്രിക യന്ത്രത്തിന്റെ രൂപസാദൃശ്യമുള്ള അത് അതിസാഹസികമായി വീണ്ടെടുക്കുന്നു. ആ കഥ ഒരു മിത്തുപോലെ, നാടോടിക്കഥപോലെ ആവിഷ്കരിക്കാൻ നോവലിസ്റ്റിന് കഴിഞ്ഞു.
ബ്രസീലിയൻ മിത്തുകളിലൂടെയും ഇതിഹാസങ്ങളിലൂടെയുമുള്ള ഒരു തീർഥാടനമാണ് നോവൽ. മാക്കുനെയ്മയുടെ സാഹസികതകൾ ചെറിയ നാടോടി കഥകളുടെ സ്പർശം പങ്കുവെക്കുന്നു. ഒരു സമയത്ത് അയാൾ സൂര്യന്റെ ദേവീരൂപമായ വീയി (Vei)യുമായി വൈവാഹികബന്ധത്തിനുള്ള ഇഴകൾ മെനയുന്നു. സംസാരശേഷിയുള്ള ഒരുതരം അമേരിക്കൻ കുരങ്ങൻ (Spider Monkey) അവനെ സ്വന്തം വൃഷണത്തിൽ പാറകൊണ്ട് ആഘാതമേൽപിക്കുന്ന തരത്തിലുള്ള കെണിയിൽപെടുത്തുന്നു. ഇവയൊക്കെ ചെയ്തുതീർക്കുന്നത് മനുഷ്യരെ മരണത്തിൽനിന്ന് ഉയിർത്തെഴുന്നേൽപിക്കുന്ന രീതിയിലുള്ള ഒരു മന്ത്രവിദ്യയുടെ സഹായത്താലാണ്.
മാക്കുനെയ്മ സുന്ദരിയായ വനമാതാവ് നീയുമായി ബന്ധപ്പെടുന്ന ഒരു ചിത്രവും നോവലിലുണ്ട്. ഒരു പോരാളിയായ രാജ്ഞിയുടെ രൂപവും ഭാവവുമാണവർക്കുണ്ടായിരുന്നത്. അവർ വിട്ടുപിരിയുന്ന അവസരത്തിൽ വനരാജ്ഞി ആകാശസീമകളിലേക്കുയർന്നുപോകുന്നു. അവിടെയവർ ഒരു മനുഷ്യനും കുതിരയും ഒത്തുചേർന്നുണ്ടാകുന്ന സങ്കൽപജീവിയായി രൂപാന്തരപ്പെടുന്നു. അവൾ വിട്ടുപിരിയുന്നതിനു മുമ്പ് അയാൾക്ക് ഒരു മന്ത്രവള രക്ഷാകവചത്തിന്റെ പ്രതീകമായി സമ്മാനിക്കുന്നുണ്ട്. ഇത് മാക്കുനെയ്മക്ക് നഷ്ടമാവുന്നു. അത് വീണ്ടെടുക്കുവാനയാൾ പരിശ്രമിക്കുന്നു. ഇതെല്ലാം അയാളെ കൊണ്ടു ചെന്നെത്തിക്കുന്നത് സാവോപോളോ എന്ന വലിയ നഗരത്തിലാണ്. അയാൾ നടത്തുന്നത് അധിനിവേശ ബ്രസീലിന്റെ ഇരുണ്ട ഭൂമികയിലൂടെയുള്ള ഒരു അപഥസഞ്ചാരമാണ്. അങ്ങനെ വൈവിധ്യമാർന്ന ഒരു നോവൽ സങ്കൽപം നമുക്കു മുന്നിൽ അനാവരണം ചെയ്യപ്പെടുമ്പോൾ നാം അത്ഭുതപ്പെട്ടുപോകും. നാടകീയമായ ഒരു നാടോടിക്കഥയിലൂടെയുള്ള യാത്രകൾ വിശ്വസൗന്ദര്യം ആവാഹിക്കുന്ന നോവലായി രൂപാന്തരപ്പെടുന്നു.
ആത്യന്തികമായി ഇതൊരു ബ്രസീലിയൻ നാടോടിക്കഥകളുടെ സമാഹാരംതന്നെയാണ്. അതോടൊപ്പം അധിനിവേശ ചരിത്രവുമായൊരു തുടർച്ചയായ ഒത്തുചേരലും നോവൽ നേടിയെടുക്കുന്നുണ്ട്. ബ്രസീലിയൻ ചരിത്രത്തിന്റെ നിരവധി സുപ്രധാന ഏടുകളും പ്രമേയത്തിനൊപ്പം പ്രതീകാത്മകമായി സമന്വയിക്കുന്നുമുണ്ട്. ‘ഇക്കാമിയ ബാസിനുള്ള എഴുത്ത്’ എന്ന അധ്യായം ശരിക്കും ബ്രസീലിയൻ ചരിത്രത്തിന്റെ അടിസ്ഥാനങ്ങളുമായി ബന്ധപ്പെട്ട ഒരു ഹാസ്യാനുകരണ രചനതന്നെയാണ്.
പോർചുഗലിലെ രാജാവിന് ഗോത്രവർഗ തലവനായ പിരൊ വാസ്ഡിക്കുൻഹ എഴുതി അയക്കുന്ന ബ്രസീലിയൻ ചരിത്രത്തെ കുറിച്ചുള്ള ഡോക്യുമെന്റായിട്ടാണിതിനെ വ്യാഖ്യാനിക്കപ്പെട്ടിരിക്കുന്നത്. കഥാപാത്രമില്ലാത്ത ഒരു നോവലെന്ന് വിശേഷിപ്പിക്കപ്പെട്ടിരിക്കുന്ന ഈ നോവലിൽ ധാർമികതയുടെയും സന്മാർഗത്തിന്റെയും സ്പർശം നിലനിൽക്കുന്ന കഥാപാത്രമൊന്നും തന്നെയില്ല.
ഭാഷ അല്ലെങ്കിൽ ഭാഷകൾ ശരിക്കുമീ നോവലിന്റെ കേന്ദ്രീകൃതമായ സങ്കൽപത്തിന്റെ പ്രതീകമായി വരുന്നു. മാക്കുനെയ്മ അവിടെ നിലവിലുള്ള രണ്ടു ഭാഷകളുടെ വിഭാവനങ്ങൾക്കൊപ്പം നിൽക്കാൻ ശ്രമിക്കുന്ന മനുഷ്യനാണ്. അതിനുവേണ്ടിയുള്ള ഒരു കാത്തിരിപ്പാണ് അയാളുടേത്. അവിടെ സംസാരിക്കുന്ന ബ്രസീലിന്റെ തനതായ ഭാഷയുണ്ട്. ഒപ്പംതന്നെ എഴുത്തിനെ ഉൾക്കൊള്ളുന്ന അധിനിവേശ ഭാഷയായ പോർചുഗീസുമുണ്ട്. മാക്കുനെയ്മ ഇവ രണ്ടിലുമായി നിറഞ്ഞുനിൽക്കുന്ന ഒരു രൂപമാണ്. ഇതോടൊപ്പം ഗോത്രഭാഷയുടേതായ ഒരു വലിയ സാന്നിധ്യവും നോവലിലുണ്ട്.
‘മാക്കുനെയ്മ’ വായിച്ചു പോകുമ്പോൾ സർറിയൽ സങ്കൽപത്തിന്റെ മികച്ച സ്പർശവും അനുഭവപ്പെടുന്നു. മാജിക്കൽ റിയലിസമെന്ന പേരിൽ പിൽക്കാലത്ത് വിശേഷിപ്പിക്കപ്പെട്ടിരിക്കുന്ന നിരവധി രംഗങ്ങൾ നോവലിൽ കടന്നുവരുന്നുണ്ട്.
നോവൽ അവസാനിക്കുമ്പോൾ മരണം അതിന്റെ പ്രിയപ്പെട്ട കീർത്തിക്കായി കടന്നുവരുകയാണ്. അവിടെ ആരുംതന്നെ അവശേഷിക്കുന്നുണ്ടായിരുന്നില്ല. വനത്തിന്റെ ദുരൂഹമായ വന്യതകളും മരുഭൂമിയുടെ ഏകാന്തതയും എല്ലാം അവിടെ ബാക്കിയാവുന്നു. ഗോത്രവർഗത്തിന്റെ ഭാഷ സംസാരിക്കാൻ കഴിയുന്ന ആരുംതന്നെ ഈ ഭൂമിയിൽ അവശേഷിക്കുന്നുണ്ടായിരുന്നില്ല. അങ്ങനെയാവുമ്പോൾ ആർക്കാണ് നായകനെക്കുറിച്ച് പറയാൻ കഴിയുക. പ്രത്യേകിച്ചും ഒരു കഥാപാത്രം പോലുമാകാത്ത മാക്കുനെയ്മയുടെ കഥ പറയുവാനാവുക.
ജെയിംസ് ജോയ്സിന്റെ ‘യുളീസസി’നെപ്പോലെ ഈ നോവലും കാലത്തെ അതിജീവിക്കും. ഇതിന് പുതിയ പരിഭാഷകൾ വരും. അപ്പോഴും ഇൗ നോവൽ നിങ്ങളെ എന്നും മോഹിപ്പിക്കും.