തിരയെടുക്കുന്ന ഭവനങ്ങള്‍
ഫലസ്തീനിയന്‍-അമേരിക്കന്‍ നോവലിസ്റ്റ് ഹല അല്‍യാന്‍ രചിച്ച ‘Salt Houses’ എന്ന നോവലിന്‍റെ വായന. ഡയസ്‌പോറ രചനകളുടെ പതിവു ചേരുവകള്‍ക്കപ്പുറം പരിഗണിക്കപ്പെടേണ്ട അസ്തിത്വ പ്രതിസന്ധികള്‍ ആവിഷ്കരിക്കുന്നതാണീ രചനയെന്ന് ലേഖകൻ. പോസ്റ്റ് കൊളോണിയല്‍ സാഹിത്യത്തില്‍നിന്ന് പ്രതീക്ഷിക്കപ്പെടുന്ന കുറെയേറെ സ്ഥിരം ചേരുവകളുണ്ട്: യുദ്ധം, ദാരിദ്ര്യം, അധികാരസ്ഥാനങ്ങളിലെ അഴിമതി, അഭയാര്‍ഥിത്വം, പ്രാക്തനമായ ഒരു തനിമാ സങ്കൽപവും കൊളോണിയല്‍ ആധുനികതയും തമ്മിലുള്ള സംഘര്‍ഷം തുടങ്ങി അവ പട്ടികപ്പെടുത്തുക പ്രയാസകരമല്ല. ഡയസ്‌പോറ സാഹിത്യത്തിലെത്തുമ്പോള്‍ ഊന്നലുകള്‍ക്ക് മാറ്റം സംഭവിക്കും. ഭവന/ദേശ നഷ്ടത്തിന്‍റെ...
Your Subscription Supports Independent Journalism
View Plansഫലസ്തീനിയന്‍-അമേരിക്കന്‍ നോവലിസ്റ്റ് ഹല അല്‍യാന്‍ രചിച്ച ‘Salt Houses’ എന്ന നോവലിന്‍റെ വായന. ഡയസ്‌പോറ രചനകളുടെ പതിവു ചേരുവകള്‍ക്കപ്പുറം പരിഗണിക്കപ്പെടേണ്ട അസ്തിത്വ പ്രതിസന്ധികള്‍ ആവിഷ്കരിക്കുന്നതാണീ രചനയെന്ന് ലേഖകൻ.
പോസ്റ്റ് കൊളോണിയല്‍ സാഹിത്യത്തില്‍നിന്ന് പ്രതീക്ഷിക്കപ്പെടുന്ന കുറെയേറെ സ്ഥിരം ചേരുവകളുണ്ട്: യുദ്ധം, ദാരിദ്ര്യം, അധികാരസ്ഥാനങ്ങളിലെ അഴിമതി, അഭയാര്‍ഥിത്വം, പ്രാക്തനമായ ഒരു തനിമാ സങ്കൽപവും കൊളോണിയല്‍ ആധുനികതയും തമ്മിലുള്ള സംഘര്‍ഷം തുടങ്ങി അവ പട്ടികപ്പെടുത്തുക പ്രയാസകരമല്ല. ഡയസ്‌പോറ സാഹിത്യത്തിലെത്തുമ്പോള്‍ ഊന്നലുകള്‍ക്ക് മാറ്റം സംഭവിക്കും. ഭവന/ദേശ നഷ്ടത്തിന്‍റെ ഗൃഹാതുരത, തിരികെ പോകാനുള്ള അദമ്യമോഹം, ഓർമകളില്‍ നഷ്ടപ്പെടുന്ന മുന്‍തലമുറയും സ്വത്വപ്രതിസന്ധി നേരിടുന്ന പുതുതലമുറയും തമ്മിലുള്ള സംഘര്‍ഷം, സമന്വയ (assimilation) ശ്രമങ്ങളെ സങ്കീർണമാക്കുംവിധം പിറകിലുപേക്ഷിച്ച/ പലായനം ചെയ്യേണ്ടിവന്ന ഇടത്തിലെ സാംസ്കാരിക ശേഷിപ്പുകളും എത്തിച്ചേര്‍ന്ന ഇടത്തിലെ പുതിയ മൂല്യക്രമങ്ങളും തമ്മിലുള്ള ഏറ്റുമുട്ടല്‍, നേരിടേണ്ടി വരുന്ന വർണ/ വംശീയ മുന്‍വിധികള്‍ തുടങ്ങി അതൊരു വാര്‍പ്പുമാതൃകതന്നെ സൃഷ്ടിക്കുന്നുണ്ട്.
എങ്കിലും പ്രതീക്ഷിക്കപ്പെടുന്ന ഈ ടെംപ്ലേറ്റ് സധൈര്യം മുറിച്ചുകടക്കുന്ന എഴുത്തുകാര്‍ ഇപ്പോള്‍ ധാരാളമായി, വിശേഷിച്ചും ആഫ്രിക്കന്‍-മിഡിലീസ്റ്റ് ദേശങ്ങളില്‍നിന്ന് വന്നുകൊണ്ടിരിക്കുന്നു. ഈ പശ്ചാത്തലത്തില്‍ പരിഗണിക്കപ്പെടേണ്ട കൃതിയാണ് ഫലസ്തീന്-അമേരിക്കന്‍ നോവലിസ്റ്റ് ഹല അല്‍യാന്‍റെ പ്രഥമ നോവല്‍ ‘സാൾട്ട് ഹൗസസ്’. ന്യൂയോർക് യൂനിവേഴ്സിറ്റി അധ്യാപികയും ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുമാണ് ഹല. ഏതൊരു ഫലസ്തീനിയന്‍ ഡയസ്‌പോറ എഴുത്തുകാരന്‍/എഴുത്തുകാരിയെയുംപോലെ തന്റെ നാടിന്റെ നിതാന്തപ്രമേയത്തില്‍തന്നെയാണ് ഈ നോവലും നങ്കൂരമിടുന്നത്.
സമകാലിക ലോകം നേരിടുന്ന ഏറ്റവും സങ്കീർണവും നിതാന്തവുമായ പ്രശ്നങ്ങളില്‍ ഒന്ന്, തങ്ങളുടെ ദേശം അധിനിവേശംചെയ്ത ഇസ്രായേലിന് അടിയറവെക്കേണ്ടിവന്ന്, ചിതറിപ്പോകുന്ന ഫലസ്തീന് ജനത ഇതര ഇടങ്ങളില്‍ ജീവിതവും അസ്തിത്വവും കരുപ്പിടിപ്പിക്കാന്‍ ശ്രമിക്കുന്നതിന്‍റെ അങ്കലാപ്പുകള്‍ എന്നതുതന്നെയാണത്. ഫലസ്തീന് ദുരന്തത്തെ സംബന്ധിച്ച അത്തരം വലിയ ചിത്രത്തെ (big picture) കണ്ടില്ലെന്നു നടിച്ച് ഒരാള്‍ക്കും എഴുതാനാകില്ല എന്നത് തീര്‍ച്ചതന്നെയാണ്.
‘ഉപ്പുഭവനങ്ങള്‍...’
ഇരുപതാം നൂറ്റാണ്ടിന്‍റെ മധ്യം മുതല്‍ പുതിയ നൂറ്റാണ്ടിന്‍റെ ആദ്യ ദശകം വരെയുള്ള കാലയളവുകളിലായി നാല് തലമുറകള്‍ നീളുന്ന ഒരു ഫലസ്തീന് കുടുംബകഥയാണ് നോവല്‍ പറയുന്നത്. വ്യത്യസ്ത യുദ്ധങ്ങളും യുദ്ധസമാന സാഹചര്യങ്ങളും മൂലം പലവുരു നാടുവിടേണ്ടി വരുന്നവര്‍. എന്നാല്‍, പ്രസ്തുത സംഘര്‍ഷങ്ങള്‍ നോവലിന്‍റെ കേന്ദ്ര പരിഗണന എന്ന നിലയിലല്ല, മറിച്ചു തലമുറകളിലൂടെ നീളുന്ന സ്വത്വപ്രതിസന്ധികള്‍ സംബന്ധിച്ച അന്വേഷണങ്ങള്‍ക്കുള്ള തൊടുത്തുവിടല്‍ എന്നനിലയില്‍ മാത്രമാണ് പ്രസക്തമാകുന്നത് എന്നിടത്താണ് സാഹിത്യ പാരമ്പര്യത്തില്‍ നേരത്തേ സൂചിപ്പിച്ച വേറിട്ടുപോക്ക് സാധ്യമാകുന്നത്.
കുടുംബനാഥയായ സെല്‍മയുടെ വീക്ഷണത്തില്‍ ആരംഭിക്കുന്ന നോവലില്‍, നബ് ലൂസിലെ മധ്യവർഗത്തിൽപെട്ട യാക്കോബ് കുടുംബം – സെല്‍മയും ഹുസാമും മക്കളായ വിദാദ്, ആലിയ, മുസ്തഫ എന്നിവരോടൊപ്പം, നക്ബയുടെ ഘട്ടത്തില്‍ അന്നത്തോടെ പുതുരാഷ്ട്രത്തിന്‍റെ ഭാഗമായിത്തീര്‍ന്ന ജാഫയില്‍നിന്ന് ഓടിപ്പോന്നവരാണ്. അതായിരുന്നു ആദ്യ പലായനം. ആ പലായനം അന്നേറെ ഉലച്ചത് എല്ലാം നിശ്ശബ്ദം സഹിക്കാന്‍ മാത്രം കഴിഞ്ഞ മൂത്ത മകള്‍ വിദാദിനെ ആയിരുന്നു: “നബ് ലൂസിലെ പുതിയ വീട്ടില്‍ അവള്‍ ഉത്സാഹരഹിതയായി ചുറ്റിത്തിരിഞ്ഞു, ഒരു വാക്കും മിണ്ടാതെ ഭക്ഷണ മേശയിലിരുന്നു. ജാഫയെക്കുറിച്ച് അവളൊരിക്കലും മിണ്ടിയില്ല, രോഗിയായ പിതാവ് അവള്‍ക്ക് വിവാഹസമയമായെന്നു പറഞ്ഞപ്പോഴും അവള്‍ പ്രതിഷേധിച്ചില്ല. സെല്‍മയുടെ അരികില്‍ മാത്രം അവള്‍ കരഞ്ഞു, തോട്ടത്തിലിരിക്കെ, ചായക്കോപ്പയിലെ ആവിക്കു മുകളില്‍ വളഞ്ഞുകുത്തി ഇരുന്ന അവളുടെ കണ്ണീര്‍ ഒഴുകി.”
ജാഫയിലെ ഓറഞ്ചുതോട്ടങ്ങളെയോര്‍ത്തു വേദനിച്ചെങ്കിലും കുഞ്ഞുങ്ങളുടെ സംരക്ഷണം മുന്നില്‍ക്കണ്ട് സെല്‍മ എല്ലാം ഉള്ളിലൊതുക്കി. 1963ല്‍, ഇളയമകള്‍ ആലിയയും കാമുകനായ ആതിഫുമായുള്ള വിവാഹത്തലേന്ന് സംഭവിക്കുന്ന പ്രവചനസ്വഭാവമുള്ള ഒരു സംഭവത്തോടെയാണ് നോവലിന്‍റെ തുടക്കം. മകളുടെ ചായക്കോപ്പയിലെ അവശിഷ്ടത്തില്‍ അവളുടെ ഭാവി വായിക്കുന്ന സെല്‍മ, അത് തുറന്നുപറയുന്നില്ല: അനിശ്ചിതത്വവും ഭവനനഷ്ടങ്ങളും പലായനങ്ങളുമാണ് അവര്‍ വായിച്ചെടുക്കുന്നത്. തുടര്‍ന്ന്, ഓരോ അധ്യായവും ഓരോ തലമുറയുടെ പ്രതിനിധികളായ കഥാപാത്രങ്ങളുടെ വീക്ഷണകോണിലാണ് അവതരിപ്പിക്കപ്പെടുന്നത്. തലക്കെട്ടിന്‍റെ ഉറവിടത്തെ കുറിച്ച് നോവലില്‍ത്തന്നെ, ഏതാണ്ട് ഒടുവില്‍ ആതിഫിന്‍റെ വീക്ഷണത്തില്‍ നാം വായിക്കുന്നു:
“ആ വീട്. അതിനുശേഷം വന്നവ. അന്തര്‍പ്രേരണയാല്‍ ഭൂമിയില്‍ സ്പര്‍ശിച്ചുകൊണ്ട് അയാള്‍ അവയെ കുറിച്ചോര്‍ക്കുന്നു. അവര്‍ താമസിച്ച വീടുകളെല്ലാം; എത്ര ജാലകങ്ങള്‍ ഒരാള്‍ സ്വന്തമാക്കണം? അവര്‍ വാങ്ങിയ ഇബ്രിക്കുകള്‍, പരവതാനികള്‍, ജാലക വിരികളും എല്ലാം, ആ വീടുകള്‍ അയാളുടെ മനസ്സില്‍ ജിന്നുകളെപ്പോലെ, ഭൂതകാല പ്രണയികളെപ്പോലെ പൊങ്ങിവന്നു. അയാളുടെ ഉമ്മയുടെ വീടിന്‍റെ ചെരിഞ്ഞ മേല്‍പ്പുര, സെല്‍മയുടെ അടുക്കളയിലെ മാര്‍ബിള്‍ ടൈലുകള്‍, നബ് ലൂസില്‍ ആലിയക്കൊപ്പം കഴിഞ്ഞ ചെറിയ വീട്. കുവൈത്തിലെ വീട്. ഇവിടെ, അമ്മാനിലെ ഈ വീട്... അവ തിരകള്‍ കടന്നുവന്നു അവയെ തുടച്ചെടുത്തു കൊണ്ടുംപോകും മുമ്പുള്ള ഉപ്പില്‍ പണിത കെട്ടിടങ്ങള്‍പോലെ അയാളുടെ മനസ്സില്‍ തൂവെള്ളയായി തിളങ്ങി.”
ഉറക്കാത്ത വേരുകള്‍
സെല്‍മയുടെ മൂത്തമകളും കടുത്ത യാഥാസ്ഥിതിക നിലപാടുകാരിയുമായ വിദാദ് വിവാഹാനന്തരം കുടുംബസമേതം കുവൈത്തിലാണ് താമസം. ഏറ്റവും ഇളയവള്‍ ആലിയ സ്വതന്ത്രബുദ്ധിയാണ്. രണ്ടാമനെങ്കിലും ഉമ്മയുടെ ചെല്ലക്കുട്ടിയായ മുസ്തഫക്ക് തൊഴിലാളി സ്ത്രീയായ അയായോടുള്ള പ്രണയം കുടുംബ, സാമൂഹിക കാരണങ്ങളാല്‍ വിവാഹത്തിലേക്ക് പൂരിപ്പിക്കാന്‍ കഴിയാത്തത് അയാളുടെ ഊര്‍ജം പോരാട്ട വഴികളിലേക്ക് തിരിക്കുന്നതില്‍ മനോവിജ്ഞാനീയതലങ്ങള്‍ നിരീക്ഷിക്കാനായേക്കും. നവയുവാവ് 1967ലെ ആറുദിന യുദ്ധത്തില്‍ കൊല്ലപ്പെടുകയും ചെയ്യുന്നു.
നബ് ലൂസിന്‍റെ വീഴ്ചയെ തുടര്‍ന്ന് ഫലസ്തീന് വിടേണ്ടിവരുന്ന ആലിയയും ആതിഫും കുവൈത്തിലേക്ക് പോകുന്നു. ഇതാണ് മൂന്നാം പലായനം. എന്നാല്‍, ക്യാമ്പുകളില്‍ കഴിയാന്‍ നിര്‍ബന്ധിക്കപ്പെടുന്ന ദാരിദ്യ്രം പോലുള്ള പതിവു പ്രശ്നങ്ങെളാന്നും അവര്‍ക്ക് നേരിടേണ്ടിവരുന്നില്ല എന്നത് നോവലിസ്റ്റ് അടിവരയിടുന്നുണ്ട്. അതേസമയം, കടുത്ത ചൂടും തങ്ങള്‍ക്ക് എങ്ങും പോകാനാകില്ലല്ലോ എന്ന ചിന്തയും ആലിയയെ മഥിക്കുന്നു.
ഭവനനഷ്ടത്തിന്‍റെയും അന്യതാബോധത്തിന്‍റെയും കൂടെ, ഏറ്റവും അടുത്ത സുഹൃത്തുകൂടിയായിരുന്ന മുസ്തഫയുടെ അന്ത്യം നേരില്‍ കാണാന്‍ ഇടയായതിന്‍റെ നടുക്കം പി.ടി.എസ്.ഡി ( post-traumatic stress disorder) ആയും ‘അതിജീവിച്ചവന്‍റെ കുറ്റബോധം’ (survivor’s guilt) ആയും ആതിഫിനെ വേട്ടയാടുന്നു. കുറ്റബോധം മറികടക്കാനായി ആതിഫ് മുസ്തഫക്ക് എഴുതിത്തുടങ്ങുന്ന കത്തുകള്‍, നോവലിലെ പ്രധാന ചരിത്ര നിക്ഷേപമാണ്. നാലാം തലമുറയിലെത്തുമ്പോള്‍ ജാഫയിലേക്ക് പോകാന്‍ മനാറിനെ പ്രേരിപ്പിക്കുന്ന ഒരു പ്രധാന ഘടകം അതായിരിക്കും.
ഒരു മകനും രണ്ടു പെൺമക്കളും പിറക്കുന്ന ആലിയ-ആതിഫ് ദമ്പതികള്‍ക്ക് അവരെ എങ്ങനെ വളര്‍ത്തണം എന്നതില്‍, കുവൈത്ത് നഗരത്തിലെ പാശ്ചാത്യ സംസ്കാരസ്വാധീനത്തെ ഭയമുണ്ടെങ്കിലും അവരെ ഇന്റര്‍നാഷനല്‍ സ്കൂളില്‍ ചേര്‍ക്കാന്‍ ആതിഫ് തയാറാകുന്നു. ഈ സ്വച്ഛത തകർത്താണ് 1990ലെ സദ്ദാമിന്‍റെ കുവൈത്ത് ആക്രമണം സംഭവിക്കുന്നത്. കുടുംബത്തെ സംബന്ധിച്ച് അത് ഒരിക്കല്‍ക്കൂടി പലായനഘട്ടമാണ്. ഇത്തവണ അമ്മാനിലേക്ക്. മക്കളുടെ കാര്യത്തിലും ചരിത്രം ആവര്‍ത്തിക്കുന്നുണ്ട്: മുത്തശ്ശി സെല്‍മയോട് ഏറെ ഇഷ്ടമുള്ള മൂത്ത മകള്‍ റിഹാം, കടുത്ത മതവിശ്വാസിയാണ്. രണ്ടാമത്തവള്‍ സുവാദ് ഉമ്മയെപ്പോലെ സ്വതന്ത്രബുദ്ധിയാണ്. എന്നാല്‍, സ്വന്തം മുറിക്കകത്ത് ബാലെ നൃത്തത്തില്‍ മുഴുകുന്ന റിഹാമിനെ നാം കാണുന്നുമുണ്ട്. വാസ്തവത്തില്‍ നോവലില്‍ ഉടനീളം പാത്രസൃഷ്ടിയുടെ ഇത്തരം ത്രിമാനത പ്രകടമാണ്: ഒരൊറ്റ പ്രകൃതത്തില്‍ കുരുങ്ങിപ്പോയ കാര്‍ഡ്ബോര്‍ഡ് ജീവികളല്ല ഒരാളും.
പാവപ്പെട്ടവരുടെ ഡോക്ടറായ ജോർഡന്‍കാരന്‍ ലത്തീഫിനെ വിവാഹം കഴിച്ച റിഹാം അമ്മാനിലേക്ക് പോകുമ്പോള്‍, സുവാദ് സ്കൂള്‍ വിദ്യാഭ്യാസത്തിനു പാരിസിലേക്കും കറം ബോസ്റ്റണിലേക്കും അയക്കപ്പെടുന്നു. കളിക്കൂട്ടുകാരന്‍ ഏലിയെ വിവാഹം കഴിക്കുന്ന സുവാദ്, തുടര്‍ന്ന് ബോസ്റ്റണില്‍ കറമിനോട് ചേരും. നാലാം തലമുറയിലെത്തുമ്പോള്‍, സുവാദിന്‍റെ മകള്‍ മനാര്‍ തീര്‍ത്തും അമേരിക്കന്‍ രീതികളില്‍ വളര്‍ന്നവളായിട്ടും യൂനിവേഴ്സിറ്റി സഹപാഠികളില്‍നിന്ന് വംശവെറിയുടെ മുന്‍വിധികള്‍ നേരിടേണ്ടി വരുന്നു. 9/11 ചര്‍ച്ചചെയ്യുമ്പോള്‍ ഭീകരര്‍ എന്നതിന് പകരം അറബികള്‍ എന്ന് തെറ്റിപ്പറയുന്ന ചരിത്രാധ്യാപകന്‍ ഒരപൂർവതയല്ല. ഫലസ്തീനികള്‍ അക്രമവാസനയുള്ളവരാണ് എന്ന നിരന്തര അപരവത്കരണം ഇത്രയേറെ സമന്വയ ശ്രമങ്ങള്‍ക്കും സാംസ്കാരിക മിശ്രണത്തിനും (hybridity) ശേഷവും നേരിടേണ്ടിവരുന്നത്, വേരുകളോട് ബാന്ധവം പുനഃസ്ഥാപിക്കാനുള്ള മനാറിന്‍റെ തീരുമാനത്തെ ശക്തിപ്പെടുത്തും.
ചിതറിപ്പോകുന്ന കുടുംബത്തിന്‍റെ ഒരുമയുടെയും വൈകാരിക പങ്കുവെപ്പിന്‍റെയും തുടര്‍ച്ച ഉറപ്പുവരുത്തുന്നത് വേനലവധിക്കാലത്ത് ബൈറൂതില്‍ പതിവായി ഒരുമിച്ചുചേരുന്നതാണ്. അത്തരം സന്ദര്‍ഭങ്ങളില്‍ മുത്തച്ഛന്‍റെയും മുത്തശ്ശിയുടെയും മുതുമുത്തശ്ശി സെല്‍മയുടെയും ഫലസ്തീന് ഓർമകളില്‍ മുഴുകുന്നതാണ് മനാറിനെ കുടുംബത്തിന്‍റെ ജന്മദേശം സന്ദര്‍ശിക്കാന്‍ പ്രേരിപ്പിക്കുന്നത്. വിട്ടുപോന്ന ജന്മഗേഹം മറ്റൊന്നുകൊണ്ടും പകരം വെക്കാനാവില്ലെന്നതിന്‍റെ, ചിതറലിന്‍റെ, നഷ്ടബോധമാണ് തലമുറകളെ ചേര്‍ത്തുനിര്‍ത്തുന്നത്. അതവരുടെ സഞ്ചിതസ്മൃതിയുടെ ഭാഗമായിത്തീരുകയും പുതുതലമുറയെയും പിന്‍വിളിയായി പിന്തുടരുകയും ചെയ്യുന്നു എന്നതാണ് ഡയസ്‌പോറ സാഹിത്യത്തിന്‍റെ, വിശേഷിച്ചും ദേശംതന്നെയും ഓർമകളുടെയും വൈകാരിക സാന്നിധ്യത്തിന്‍റെയും മാത്രം ഉണ്മയായ ഫലസ്തീനിന്റെ കാര്യത്തില്‍, അടിത്തറ.
സാമ്പത്തികമായി വളരെ നല്ല നിലയിലുള്ള ഒരു കുടുംബത്തെ ആഖ്യാന കേന്ദ്രത്തില്‍ നിര്‍ത്തുന്നതിലൂടെ നോവലിസ്റ്റ് സൂചിപ്പിക്കുന്നത്, യുദ്ധം എല്ലാവരെയും ഒരുപോലെ തകര്‍ത്തെറിയുന്നു എന്നുകൂടിയാണ്. അസ്തിത്വത്തെതന്നെ കടപുഴക്കുകയും ഐഡന്റിറ്റി തകര്‍ത്ത് ആ സ്ഥാനത്ത് അവ്യക്തമായ, കൃത്യതയില്ലാത്ത ഒന്നുകൊണ്ട് (fluid identity) പീഡിപ്പിക്കുകയും ചെയ്യുന്ന അവസ്ഥയിലാണ് ഇനിയൊരിക്കലും തിരികെ ലഭിക്കില്ലെന്നറിയുമ്പോഴും ഓർമകളിലും ഹ്രസ്വ സന്ദര്‍ശനങ്ങളിലുമെങ്കിലും തായ് വേരുകള്‍ കൂട്ടിത്തുന്നിയെടുക്കാന്‍ പ്രേരണ വളരുന്നത്. പുതിയ കാലത്തെ ജാഫയിലെത്തി തന്‍റെ കുടുംബ ചരിത്രത്തോടും പാരമ്പര്യത്തോടും കണ്ണിചേരാന്‍ ശ്രമിക്കുന്ന മനാറിനെ നാം കാണുന്നു. നബ് ലൂസ് സന്ദര്‍ശിക്കുമെങ്കിലും അതവള്‍ക്ക് തീര്‍ത്തും അന്യമാണ്.
ഉമ്മയുടെ ചെല്ലക്കുട്ടിയും സുമുഖനുമായ മുസ്തഫയില്‍ സംഭവിക്കുന്ന മാറ്റങ്ങളും അയാളുടെ അന്ത്യവും, മാറ്റം ആഗ്രഹിക്കുന്ന യുവമനസ്സുകളെ യുദ്ധം എങ്ങനെയാണു റാഡിക്കല്‍ ചിന്താഗതിയിലെത്തിക്കുന്നത് എന്നതിന്‍റെ നിദര്‍ശനമാണ്. വിശ്വാസകാര്യങ്ങളില്‍ അത്രക്കൊന്നും ദൃഢചിത്തനല്ലായിരുന്ന മുസ്തഫ, അടിച്ചമര്‍ത്തലുകള്‍ക്കെതിരെ പള്ളിയിലെത്തുന്ന വിശ്വാസികളുടെ മുന്നില്‍ സ്വയം വക്താവായിത്തീരുന്നു. തനിക്കു നടത്താനുള്ള പ്രസംഗം ആസ്വദിച്ച് ആവര്‍ത്തിച്ചു പഠിക്കുകയും ആതിഫിനോടൊപ്പം ചൂടുള്ള രാഷ്ട്രീയ സംവാദങ്ങള്‍ പരിശീലിക്കുകയും ചെയ്യുന്ന മുസ്തഫ അതേസമയം, ജീവിതം ആസ്വദിക്കുന്നുമുണ്ട്. അയാളുടെ പ്രസംഗം രൂക്ഷമാണെങ്കിലും ജിഹാദി പോരാളികളെ കുറിച്ചുള്ള പാശ്ചാത്യ സങ്കൽപത്തിലെ കഠിനമുഖനല്ല; തരളമായ സമൂഹസ്നേഹമുള്ളവനാണ് അയാള്‍. “വിശ്വാസികളെ ഒരു മുറിയിലും മറ്റുള്ളവരെ മറ്റൊന്നിലുമായി ഒരുമിപ്പിക്കുന്ന പക്ഷം തെറ്റായ ഇടത്തിലാവാന്‍ അയാള്‍ ആഗ്രഹിച്ചില്ല” എന്നേയുള്ളൂ അയാളുടെ കാര്യം.
ഒന്നാം തലമുറയില്‍ വിദാദിനും മൂന്നാം തലമുറയില്‍ റിഹാമിനും നാലാം തലമുറയില്‍ അബ്ദുല്ലക്കും വിശ്വാസമാണ് അവരുടെ ദാര്‍ശനിക, നൈതിക, വൈകാരിക നങ്കൂരമെങ്കില്‍, മുസ്തഫക്ക് അതൊരു തന്ത്രപരമായ തിരഞ്ഞെടുപ്പാണ്. മുത്തശ്ശി സെല്‍മയാണ് റിഹാമിനെ സ്വാധീനിക്കുക. അതേസമയം, ഭര്‍ത്താവ് ചില്ലിക്കാശുപോലും വാങ്ങാതെ അഭയാര്‍ഥികളെയും മുറിവേറ്റവരെയും ചികിത്സിക്കുന്നതില്‍ ആദ്യമൊക്കെ അഭിമാനം കൊണ്ടിരുന്ന റിഹാം, പിന്നെപ്പിന്നെ ആ നഷ്ടക്കച്ചവടത്തില്‍ അസന്തുഷ്ടയാകുന്നതും മറ്റു ഡോക്ടര്‍മാരെേപ്പാലെ സമ്പാദിക്കാന്‍ കഴിയാത്തതില്‍ മുറുമുറുക്കുന്നതും അവരെ ഒരു വിശുദ്ധ വനിതയായൊന്നും കാണേണ്ടതില്ല എന്നും വിശ്വാസകാര്‍ക്കശ്യങ്ങളിലും മാനുഷിക അൽപത്തങ്ങള്‍ സ്വാഭാവികമാണ് എന്നും അടിവരയിടുന്നു. തലമുറകള്‍ മാറുമ്പോള്‍ കടുംപിടിത്തങ്ങള്‍ അയഞ്ഞു തുടങ്ങുന്നതും വ്യക്തമാണ്.
പുതുസാഹിത്യത്തിന്‍റെ വഴികള്‍
ഘാന, നൈജീരിയ, യു.എസ് എന്നിവിടങ്ങളിലായി ചിതറിപ്പോകുന്ന ഉപരി-മധ്യവർഗ കുടുംബത്തിന്‍റെ കഥപറയുന്ന നൈജീരിയന്‍-ഘാനിയന്‍-അമേരിക്കന്‍ നോവലിസ്റ്റ് തായേ സലാസിയുടെ വിഖ്യാതമായ ‘Ghana Must Go’ എന്ന നോവലുമായി ‘Salt Houses’ ചേര്‍ത്തു പരിശോധിക്കപ്പെട്ടിട്ടുണ്ട് (Ilana Masad, lareviewofbooks.org). ദാരിദ്ര്യം, യുദ്ധം, അഴിമതി തുടങ്ങിയ പതിവു ചേരുവകള്‍ അടയാളപ്പെടുത്തുന്ന ‘ആഫ്രിക്കന്‍’ വാര്‍പ്പുമാതൃകാ ആഖ്യാനങ്ങളെ ബോധപൂര്‍വം നിരസിക്കുന്നുണ്ട് സലാസിയുടെ നോവല്‍. ഏതാണ്ട് സമാനമാണ് പതിവു ഫലസ്തീന് ആഖ്യാനങ്ങളില്‍നിന്നുള്ള അല്‍യാന്‍റെ വേറിട്ടുപോക്ക്.
അഭയാര്‍ഥി പ്രതിസന്ധിപോലുള്ള സമകാലിക സാഹചര്യത്തില്‍ ടെന്റ് ജീവിതങ്ങളോ ചേരികളിലെ ദുരിതങ്ങളോ വിഷയമാകുന്നില്ലാത്ത നോവല്‍ എന്നത് മാത്രമല്ല, സമ്പന്ന സാഹചര്യത്തിലും നേരിടേണ്ടിവരുന്ന ദേശനഷ്ട വ്യഥകളും ഐഡന്റിറ്റി പ്രതിസന്ധികളും ആവിഷ്കരിക്കുന്ന കൃതി എന്നനിലയില്‍ ‘ഉപ്പു ഭവനങ്ങള്‍’ ഫലസ്തീന് ഡയസ്‌പോറ രചനകളില്‍ വേറിട്ടുനില്‍ക്കുന്നു. സലാസിയുടെ നോവലില്‍ എന്നപോലെ ഇവിടെയും ഫലസ്തീന്-ഇസ്രായേല്‍ സംഘര്‍ഷത്തിന്‍റെ വലിയ ചിത്രം വായനക്കാര്‍ക്ക് സാമാന്യ ധാരണയുണ്ട് എന്ന നിലയിലാണ് സൂചിതമാകുന്നത്. ഹല അല്‍യാന്‍ ഒരു കവിയാണ് എന്നതിന്‍റെ മുദ്രകള്‍ ഏറ്റവും തെളിഞ്ഞു കാണാനാകുക നോവലിന്‍റെ അവസാന ഭാഗങ്ങളിലാണ്, വിശേഷിച്ചും സമാപന അധ്യായത്തില്‍ (Epilogue). കടല്‍ക്കോളുകൊണ്ട ഒരു ജീവിതത്തിന്‍റെ സാരാംശം ഓര്‍ത്തെടുക്കുന്ന വയോധികയായ ആലിയയുടെ മനസ്സ് നോവലിസ്റ്റ് പകര്‍ത്തിവെക്കുന്നു:
“അവളുടെ കല്യാണത്തലേന്ന് ഉമ്മ എന്തോ അറിഞ്ഞിരുന്നു. ആലിയ അവരുടെ ചുണ്ടുകള്‍ വലിഞ്ഞു മുറുകിയിരുന്നതും, താഴോട്ടുള്ള നോട്ടവും ഓര്‍ത്തെടുക്കുന്നു. എന്നാല്‍, സന്തോഷംകൊണ്ടും തന്നില്‍ത്തന്നെ ലയിച്ചുപോയിരുന്നതുകൊണ്ടും അവളൊന്നും പറഞ്ഞിരുന്നില്ല; പിന്നീട് ചോദിക്കാമെന്നു മനസ്സില്‍ കുറിക്കുകയും ചെയ്തു. എന്നാല്‍, ആ പിന്നീട് എന്നും അകന്നുപോയി... ഭാര്യയാവുന്നതിന്‍റെ, യുദ്ധത്തിന്‍റെ, പിന്നെ കുവൈത്ത്, മുസ്തഫ– എല്ലാത്തിന്‍റെയും കൊടുങ്കാറ്റു പിടിച്ച വര്‍ഷങ്ങള്‍. അവനെക്കുറിച്ചുള്ള ചിന്ത അവളുടെ ശ്വാസകോശം കാലിയാക്കി... ജീവിതമാകട്ടെ, തീരത്തടിയുന്ന ചെറുചിപ്പി പോലെ അവളെ തൂത്തുനീക്കിക്കൊണ്ടിരുന്നു, വീണ്ടും വീണ്ടും അടിയിച്ചുകൊണ്ടിരുന്നു. എന്നിട്ടിപ്പോള്‍ ഇതാ അവള്‍ വൃദ്ധയായിക്കഴിഞ്ഞു. ഉമ്മ മരിച്ചുപോയി. ചോദിക്കാനിരുന്ന ചോദ്യം ചോദിക്കാന്‍ ഇനിയാരുമില്ല.”