Begin typing your search above and press return to search.
proflie-avatar
Login

അങ്ങനെയൊരു മോഹനകാലം

N. Mohanan
cancel
camera_alt

എൻ. മോഹന​ൻ

മലയാളത്തിലെ പ്രമുഖ കഥാകൃത്തും എഴുത്തുകാരനുമായിരുന്ന എൻ. മോഹന​ന്റെ ജന്മദിനമാണ്​ ഏപ്രിൽ 27. അദ്ദേഹത്തെയും ആ രചനാ അനു​ഭവത്തെയും ഒാർക്കുകയാണ്​ കഥാകൃത്ത്​ കൂടിയായ ലേഖകൻ.

എൻ. മോഹനൻ എഴുതിയ ഒരു ഓർമക്കുറിപ്പ് മാതൃഭൂമി ആഴ്ചപ്പതിപ്പിലാണ് വായിച്ചത്. അന്തരിച്ച ചലച്ചിത്രസംവിധായകനും കാർട്ടൂണിസ്റ്റുമായ ജി. അരവിന്ദനെക്കുറിച്ചായിരുന്നു അത്. അതുവരെയും എനിക്കു തീർത്തും അപരിചിതമായിരുന്നു എൻ. മോഹനൻ എന്ന പേര്. അതുവരെ ജീവിച്ച രണ്ടര ദശാബ്ദത്തിനിടയിൽ അങ്ങനെയൊരു എഴുത്തുകാരനെപ്പറ്റി ആരും എന്നോടു പറഞ്ഞിരുന്നില്ല. അദ്ദേഹത്തി​ന്റെ ഒരൊറ്റ പുസ്തകവും എ​ന്റെ മുന്നിൽ വന്നുപെട്ടിട്ടുമില്ല. അരവിന്ദനുമായി അടുത്ത ബന്ധമുള്ള ഏതോ ലേഖകൻ എഴുതിയതെന്ന ധാരണയോടെ വായിച്ചു തുടങ്ങിയ അൽപജ്ഞാനിയായ എന്നിലെ വായനക്കാരനെ സങ്കടപ്പെരുങ്കടലിലാഴ്ത്തുന്നതായിരുന്നു ആ ഓർമക്കുറിപ്പ്.

തീവ്രമായ ആത്മബന്ധത്തി​ന്റെ ഇഴകൾകൊണ്ടു തുന്നിയ വരികൾ. നഷ്ടബോധവും വേദനയും ഒരു അദൃശ്യനദിയായി ആ വാക്കുകൾക്കിടയിലൂടെ ഒഴുകുന്നതു ഞാനറിഞ്ഞു. ആത്മസ്നേഹിതന് അക്ഷരങ്ങൾകൊണ്ട് എൻ. മോഹനൻ ഉദകപിണ്ഡം സമർപ്പിക്കുകയായിരുന്നു അവിടെ. അരവിന്ദനോട് ഏറെ ആരാധനയോ താൽപര്യമോ തോന്നിയിട്ടില്ലാത്ത ഒരാളാണ് ഞാൻ. എങ്കിലും ആ സ്മരണാഞ്ജലി എന്നിൽ നോവു പടർത്തി. സ്വന്തം ഹൃദ്സ്പന്ദനം വാക്കുകളിൽ അനുഭവിപ്പിക്കുന്ന ആ എഴുത്തുകാരനെ ഞാൻ തിരഞ്ഞു.

അറിയില്ലേ? ലളിതാംബിക അന്തർജനത്തി​ന്റെ മകൻ! നമ്മുടെ കോട്ടയംകാരൻ. ഗംഭീര കഥകൾ എഴുതിയിട്ടുണ്ട്. അക്ഷരസ്നേഹികളായ പലരിൽനിന്നായി ഞാൻ എൻ. മോഹനനെപ്പറ്റി കൂടുതലറിഞ്ഞു. കാലടി ശ്രീശങ്കര കോളജിൽ ​െലക്ചററായിരുന്നു. കേരള ഗവൺ​മെന്റിന്റെ സാംസ്കാരിക കാര്യ ഡയറക്ടറായിരുന്നു. കേരള സ്റ്റേറ്റ് ഫിലിം ​െഡവലപ്മെന്റ് കോർപറേഷ​ന്റെ മാനേജിങ് ഡയറക്ടറായിരുന്നു. അദ്ദേഹം എഴുതിയവ പലതും തേടിപ്പിടിച്ചു ഞാൻ വായിച്ചു. ‘നി​ന്റെ കഥ (എ​ന്റെയും)’, ‘ദുഃഖത്തി​ന്റെ രാത്രികൾ’, ‘പൂജക്കെടുക്കാത്ത പൂക്കൾ’, ‘സ്നേഹത്തി​ന്റെ വ്യാകരണം’, ‘എൻ. മോഹന​ന്റെ കഥകൾ’... അങ്ങനെ പലതും.

ഉൽക്കടമായ സങ്കടങ്ങളെയും സംഗീതസാന്ദ്രമായ വിഷാദത്തെയും അനുഭവിപ്പിക്കുന്ന, ആത്മബന്ധങ്ങളുടെ ഗതിവിഗതികളെ അടുത്തുനിന്നു നിരീക്ഷിക്കുന്ന, ആ സൃഷ്ടികൾ ഒന്നൊന്നായി വായിച്ചുതീർത്തു. ഇതിനിടയിൽ അദ്ദേഹത്തി​ന്റെ വിലാസം കിട്ടി. ഒരു കത്തെഴുതി. അത്ഭുതപ്പെടുത്തിക്കൊണ്ട് മറുപടി വന്നു. പോസ്റ്റ് കാർഡിലോ ഇൻലൻഡിലോ ആയിരുന്നില്ല ആ കത്ത്. ​െലറ്റർപാഡി​ന്റെ ഇരുപുറവുമെഴുതി കവറിലാക്കി അയച്ച ആ കത്തിലെ അക്ഷരങ്ങൾ നോക്കി ഞാൻ ഏറെ നേരമിരുന്നു. അദ്ദേഹം എഴുതിയിരിക്കുന്നു:

റിപ്പബ്ലിക് ദിന ആഘോഷങ്ങള്‍ക്കിടയില്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിക്കും കേരളത്തിലെ കലാകാരന്മാര്‍ക്കും ഒപ്പം എന്‍. മോഹനന്‍

‘‘പ്രിയപ്പെട്ട ഉണ്ണികൃഷ്ണൻ, എത്ര മനോഹരമായ ഒരു സ്തുതിഗീതമാണ് നിങ്ങൾ ഈ അജ്ഞാതനു നൽകിയിരിക്കുന്നത്. ഇത്രയുമൊക്കെ ഞാനർഹിക്കുന്നുവോ? കപടവിനയത്തി​ന്റെ മുഖപടത്തോടെയല്ല സത്യബോധത്തി​ന്റെ സംശയത്തോടെ ചോദിച്ചുപോവുകയാണ്:

-ഉവ്വോ? ഇതു ശരിയാണോ?

-ശരിയാണെന്ന് വീണ്ടും കേൾക്കുവാൻ കൊതിച്ചുകൊണ്ടുതന്നെയാണ് എന്നിലെ സ്വാർഥിയായ സർഗാഹങ്കാരി ഈ ചോദ്യം ചോദിക്കുന്നതെന്നെനിക്കറിയാം. എങ്കിലും മനസ്സാക്ഷിയിലെ മറ്റൊരു മർമരത്തെ സാന്ത്വനപ്പെടുത്തുവാൻ എനിക്കീ ഉത്കണ്‌ഠ – യഥാർഥവും സത്യവുമായ ഉത്കണ്ഠ – അറിയിക്കാതെയും വയ്യ. എല്ലാ സർഗമുഹൂർത്തങ്ങളിലെയും സംഘർഷങ്ങൾപോലെതന്നെ ഇതും. എങ്കിലും നന്ദി പറയുന്നു. കഥകളെപ്പറ്റിയുള്ള നല്ല വാക്കുകൾ നൽകുന്ന ആഹ്ലാദവും ആത്മവിശ്വാസവും ഞാൻ എങ്ങനെ നിങ്ങളെ അറിയിക്കും?’’

അങ്ങനെ പിന്നെയും ആ കത്ത് നീണ്ടുപോയി. അദ്ദേഹത്തി​ന്റെ കഥകളിൽ പ്രത്യക്ഷമോ പരോക്ഷമോ ആയി ഞാൻ കണ്ടിട്ടുള്ള, അനുഭവിച്ചിട്ടുള്ള, സ്നേഹസമ്പൂർണനായ ഒരു മനുഷ്യ​ന്റെ സാന്നിധ്യം ആ കത്തിലുമുണ്ടായിരുന്നു. അഞ്ചു ദിവസം ഇന്റൻസിവ് കെയറി​ന്റെ തീവ്രസമ്മർദം അനുഭവിക്കുകയായിരുന്നുവെന്നും, ഇപ്പോഴും ചികിത്സയിലാണെന്നും, അനീമിയ എന്ന് അപ്പോത്തിക്കിരി പറയുന്നുവെന്നും അടുപ്പക്കാരനോടെന്നപോലെ അദ്ദേഹം എഴുതി. ഉണ്ണികൃഷ്ണൻ എന്തുചെയ്യുന്നു? എഴുത്തു കണ്ടിട്ട് എഴുതുന്നയാളുടെ തഴക്കം തോന്നി –എന്ന് എന്നെപ്പറ്റി തിരക്കുകയുംചെയ്തു.

വലിയ സന്തോഷം അനുഭവപ്പെട്ടു. എഴുതാൻ മോഹമുണ്ടെന്നോ, എഴുതാറുണ്ടെന്നോ ഞാൻ കത്തിൽ സൂചിപ്പിക്കുകപോലും ചെയ്തിരുന്നില്ല. എന്നിട്ടും അക്ഷരദംശനമേറ്റ ഒരുവനാണ് ഞാനെന്ന് അദ്ദേഹം തിരിച്ചറിഞ്ഞുവല്ലോ. പത്രാധിപന്മാരുടെ തിരസ്കാരവും ആത്മവിശ്വാസത്തി​ന്റെ അഭാവവും ഒരു എഴുത്തുകാരനെന്നു നടിക്കുവാൻപോലും എന്നെ ധൈര്യപ്പെടുത്തിയിരുന്നില്ല. എന്നാൽ, എ​ന്റെ അക്ഷരങ്ങളിൽ കരുവാളിച്ചു കിടന്ന ഉന്മാദത്തി​ന്റെ വിഷനീലിമ അദ്ദേഹം തിരിച്ചറിഞ്ഞപ്പോൾ വല്ലാത്തൊരു ധൈര്യം എനിക്കു കൈവന്നു. മറുപടിക്കൊപ്പം ഞാൻ ഒരു കഥയും അദ്ദേഹത്തിനയച്ചു.

ദിവസങ്ങൾക്കുള്ളിൽതന്നെ അദ്ദേഹത്തി​ന്റെ പ്രതികരണം എന്നെ തേടിയെത്തി: ‘‘ഞാൻ നിരൂപകനൊന്നുമല്ലെന്നറിയാമല്ലോ. വെറും വായനക്കാരൻ. എനിക്കീ കഥ ഇഷ്ടപ്പെട്ടില്ല. പ്രായപൂർത്തിയാകാത്ത കഥ. വികാരങ്ങളോടോ മനുഷ്യബന്ധങ്ങളോടോ നീതി കാണിക്കാത്ത പ്രമേയം. സന്മാർഗത്തി​ന്റെ അടിസ്ഥാനത്തിലോ സാമൂഹിക ഗതാഗത നിയമങ്ങളുടെ അടിസ്ഥാനത്തിലോ അല്ല ഈ അഭിപ്രായം. നിങ്ങളുടെ സ്വന്തം കഥയിലെ അന്തരീക്ഷത്തിൽനിന്നു നോക്കിത്തന്നെയാണെനിക്കിതു തോന്നിയത്.

അയ്യപ്പപ്പണിക്കരോ​െടാപ്പം എൻ. മോഹനൻ

പക്ഷേ, മറ്റൊന്നുണ്ട്. നിങ്ങൾക്ക് നന്നായി കഥ എഴുതുവാൻ കഴിയും. അതിന് ആദ്യം വേണ്ടത് സ്വന്തം അനുഭവങ്ങളോടുള്ള സത്യസന്ധതയാണ്. പരാനുഭവങ്ങളെ സ്വകീയമാക്കുമ്പോഴും ഇതുതന്നെ വേണം. പിന്നെ സ്വന്തം മനസ്സാക്ഷിയെ സ്പർശിക്കാത്തതൊന്നും എഴുതരുത്. സ്പർശിച്ച അതേ തീവ്രതയോടെ, ഉൽക്കട വികാരത്തോടെ ആവിഷ്‍കരിക്കുവാനും ശ്രമിക്കുക. നി​ന്റെ ശൈലി വളരെ കെൽപുള്ളതാണ്. അതു ​ൈകയിലുള്ളപ്പോൾ ഒരു പരാജയഭീതിയും വേണ്ട.’’

വിമർശനം എന്നെ തളർത്തിയില്ല. ആ വാക്കുകളിലെ സത്യസന്ധത എന്നെ വല്ലാതെ പ്രചോദിപ്പിക്കുകയാണുണ്ടായത്. പിന്നെയും അദ്ദേഹത്തോടു സംവദിക്കുവാനും ഒരിക്കലെങ്കിലും നേരിൽ കാണുവാനും ആഗ്രഹിച്ചു. വീണ്ടും ഞാൻ കത്തുകളെഴുതി. അദ്ദേഹം മറുപടിയും. അദ്ദേഹം എഴുതുന്ന കത്തുകളിലെ ‘ഉണ്ണികൃഷ്ണാ’ എന്ന സംബോധന ‘ഉണ്ണീ’യെന്നു രൂപാന്തരം പ്രാപിക്കുന്നതു ഞാൻ കണ്ടു. നിനക്കെന്നും, നി​ന്റെയെന്നും, നീയെന്നും വിളിച്ച് അദ്ദേഹം ഹൃദയത്തോട് കൂടുതൽ അടുക്കുന്നതു ഞാനറിഞ്ഞു. ഞാൻ അദ്ദേഹത്തെ മോഹനേട്ടാ എന്നു വിളിച്ചു. ഒരു സുഹൃത്തിനെപ്പോലെ, ജ്യേഷ്ഠനെപ്പോലെ, എ​ന്റെ അപക്വ രചനകളെ അദ്ദേഹം വാത്സല്യപൂർവം പരിഗണിച്ചു. ശ്രദ്ധയോടെ വായിച്ചു. അവയെപ്പറ്റി വിശദമായി എനിക്കെഴുതി.

ആയിടക്കാണെന്നു തോന്നുന്നു, അദ്ദേഹത്തി​ന്റെ ആത്മകഥാ സ്വഭാവമുള്ള ‘രാഗങ്ങൾക്ക് ഒരു കാലം’ വായിച്ചത്. ‘ഒരിക്കൽ’ എന്നു പിൽക്കാലത്തു ശീർഷകം മാറിയ ആ രചനയുടെ പ്രേരണ മലയാള മനോരമയിലെ ജോസ് പനച്ചിപ്പുറവും ജോണി ലൂക്കോസുമായിരുന്നുവെന്ന് അദ്ദേഹം പുസ്തകത്തി​ന്റെ ആമുഖത്തിൽ പറഞ്ഞിട്ടുണ്ട്. ജീവിതത്തിൽ ഏറ്റവും സ്വാധീനം ചെലുത്തിയ സ്ത്രീയെപ്പറ്റി എഴുതുവാനായിരുന്നു അവരുടെ അഭ്യർഥന. അമ്മയെപ്പറ്റിയെഴുതാം. അമ്മൂമ്മയെപ്പറ്റിയെഴുതാം. കുടുംബത്തി​ന്റെ സ്വസ്ഥതക്കു വേണമെങ്കിൽ ഭാര്യയെപ്പറ്റിയെഴുതാം. അതൊക്കെയാണല്ലോ സാധാരണ എഴുത്തുകാരുടെ സാമ്പ്രദായിക രീതി.

ബുദ്ധിപരവും സാംസ്കാരികപരവുമായ ജീവിതത്തിനു സ്വാധീനം ചെലുത്തിയ സ്വന്തം അമ്മയെപ്പറ്റിയെഴുതുവാൻ അദ്ദേഹത്തിനു ധാരാളമുണ്ടാവും. അമ്പത്തിനാലു വർഷം അടുക്കലുണ്ടായിരുന്ന അമ്മയുടെ അവശിഷ്ടസ്മൃതിയും, മുപ്പത്തിയെട്ടു വർഷമായി കൂടെയുള്ള കുലീനയായ ഭാര്യ പകർന്നു നൽകുന്ന ജീവിതോർജവും വിസ്മരിച്ചിട്ടല്ല, അദ്ദേഹം എഴുതിയതു മറ്റൊരുവളെപ്പറ്റിയാണ്. അവരെക്കാൾ തന്നെ സ്വാധീനിച്ച മറ്റൊരുവൾ ഉണ്ടായിരുന്നു എന്നദ്ദേഹം തുറന്നു പറയുന്നു.

യൗവനത്തി​ന്റെ ആദ്യ രോമാഞ്ചത്തിൽ തളിർത്തു പൂത്ത ഒരു പെൺകുട്ടി. ‘‘എ​ന്റെ ബുദ്ധിപരവും വികാരപരവുമായ ജീവിതമണ്ഡലങ്ങളെയും ഇവ രണ്ടും ചേർന്ന സർഗോന്മുഖ വാസനകളെയും ആഴത്തിൽ സ്വാധീനം ചെയ്ത്, എ​ന്റെ സ്വഭാവഘടനയിലും വീക്ഷണത്തിലും ജീവിതസമീപനത്തിലും അടിസ്ഥാനപരമായ മാറ്റം വരുത്തിയശേഷമാണ് അവൾ വിരമിച്ചത്’’ –അങ്ങനെയാണ് അദ്ദേഹം ആമുഖത്തിൽ അവളെപ്പറ്റി പറയുന്നത്.

ജീവിതത്തി​ന്റെ അന്തരാളഘട്ടത്തിലെ ആ സ്ത്രീസാന്നിധ്യം അദ്ദേഹം മനോഹരമായിട്ടെഴുതി. സ്വപ്നങ്ങളും പ്രതീക്ഷകളും വാഗ്ദാനങ്ങളും നട്ടു നനച്ചു വളർത്തി, സ്നേഹം നൽകി, സ്നേഹം കവർന്ന്, ഒടുവിൽ യാത്രപോലും പറയാതെ കടന്നുപോയ ഒരുവളെപ്പറ്റിയുള്ള ആ വിഷാദസങ്കീർത്തനം വായിച്ചപ്പോൾ, സ്വന്തം അനുഭവങ്ങളോട് സത്യസന്ധത പുലർത്തണമെന്ന് അദ്ദേഹം എനിക്കു നൽകിയ ഉപദേശം ഞാൻ ഓർമിച്ചു. ഇതാ, സ്വന്തം രചനയിലൂടെ അദ്ദേഹം എനിക്കതു കാണിച്ചുതന്നിരിക്കുന്നു. വാകയുടെ വാടി ഉണങ്ങിയ ഇലകളായി കാലം കൊഴിഞ്ഞു വീണുകൊണ്ടിരിക്കുന്ന വാർധക്യത്തി​ന്റെ വൈകിയ വേളയിലും മരിക്കാത്ത പ്രണയത്തി​ന്റെ അനശ്വരതയിലേക്കുള്ള തീർഥാടനം.

കോട്ടയത്ത് ഒരു വലിയ സാഹിത്യസമ്മേളനം നടക്കുന്നതായി ഞാനറിഞ്ഞു. പ്രണയത്തി​ന്റെ ഇളനീർക്കുടം മനസ്സിൽ സൂക്ഷിക്കുന്ന, വിഷാദത്തി​ന്റെ തീർഥംപുരണ്ട മനോഹരമായ കഥകൾ എഴുതിയിട്ടുള്ള മോഹനേട്ടനും എത്തുമെന്നു ഞാൻ ആശിച്ചു.

‘‘മോഹനേട്ടാ, കോട്ടയത്തെ പരിപാടിക്ക് ക്ഷണമുണ്ടോ? എത്തുമോ?’’ കത്തിലൂടെ ഞാൻ ചോദിച്ചു.

‘‘ഉണ്ണീ, എനിക്കു ക്ഷണമില്ല. ഉണ്ടെങ്കിൽത്തന്നെ ആരോഗ്യം അനുവദിക്കില്ല. ക്ഷണിക്കപ്പെടാൻ മാത്രം ഞാൻ വലിയ എഴുത്തുകാരനുമല്ലല്ലോ.’’

കഥകളിൽ മാത്രമല്ല, ആ കത്തിലും വിഷാദമുണ്ടെന്നു തോന്നി. പിന്നെ കുറച്ചു നാളത്തേക്ക് കത്തുകളൊന്നും വന്നില്ല.

1999 ഒക്ടോബർ മാസം. ഒരുദിവസം രാവിലെ പത്രത്തിൽ ആ വാർത്ത വായിച്ചു: കഥാകൃത്ത് എൻ. മോഹനൻ അന്തരിച്ചു. നേരിട്ടു കണ്ടിട്ടില്ല, ഫോണിൽപോലും സംസാരിച്ചിട്ടില്ല. പക്ഷേ, എനിക്കറിയാമായിരുന്നു, മരിച്ചുപോയത് എ​ന്റെ ആരോ ഒരാളാണെന്ന്. ഞാൻ വെറുതെ പത്രത്തിലേക്കു നോക്കിയിരുന്നു.

Show More expand_more
News Summary - weekly literature book