Begin typing your search above and press return to search.
proflie-avatar
Login

നഷ്ടങ്ങളുടെ ഓർമപ്പുസ്തകം

നഷ്ടങ്ങളുടെ ഓർമപ്പുസ്തകം
cancel

2024ലെ അന്തർദേശീയ ബുക്കർ സമ്മാനം ലഭിച്ച, ജർമൻ എഴുത്തുകാരി ജെന്നി എർപെൻബെക്കിന്റെ ‘കയ്റോസ്’ എന്ന നോവൽ വായിക്കുന്നു. ഇൗ നോവൽ എങ്ങനെയൊക്കെയാണ്​ പ്രണയത്തെയും ജർമൻ ചരിത്രത്തെയും അടയാളപ്പെടുത്തുന്നത്​?ജർമൻ എഴുത്തുകാരി ജെന്നി എർപെൻബെക്കിന്റെ ‘കയ്റോസ്’ എന്ന നോവലിനാണ് 2024ലെ അന്തർദേശീയ ബുക്കർ സമ്മാനം ലഭിച്ചത്. ഏറെ പ്രതീക്ഷയോടെ തുടങ്ങിയ ഒരു രാഷ്ട്രസംവിധാനത്തിന്റെ തകർച്ചയുടെ പശ്ചാത്തലത്തിൽ അസാധാരണമായ പ്രണയകഥ പറയുന്ന കൃതിയാണ് ‘കയ്‌റോസ്’. ഒരേസമയം മനോഹരവും സംഘർഷഭരിതവുമെന്നാണ് ബുക്കർ സമ്മാനത്തിന്റെ വിധികർത്താക്കൾ ‘കയ്‌റോസി’നെപ്പറ്റി അഭിപ്രായപ്പെട്ടത്. നാസിഭരണകാലം മുതൽ വിഭജനവും...

Your Subscription Supports Independent Journalism

View Plans
2024ലെ അന്തർദേശീയ ബുക്കർ സമ്മാനം ലഭിച്ച, ജർമൻ എഴുത്തുകാരി ജെന്നി എർപെൻബെക്കിന്റെ ‘കയ്റോസ്’ എന്ന നോവൽ വായിക്കുന്നു. ഇൗ നോവൽ എങ്ങനെയൊക്കെയാണ്​ പ്രണയത്തെയും ജർമൻ ചരിത്രത്തെയും അടയാളപ്പെടുത്തുന്നത്​?

ജർമൻ എഴുത്തുകാരി ജെന്നി എർപെൻബെക്കിന്റെ ‘കയ്റോസ്’ എന്ന നോവലിനാണ് 2024ലെ അന്തർദേശീയ ബുക്കർ സമ്മാനം ലഭിച്ചത്. ഏറെ പ്രതീക്ഷയോടെ തുടങ്ങിയ ഒരു രാഷ്ട്രസംവിധാനത്തിന്റെ തകർച്ചയുടെ പശ്ചാത്തലത്തിൽ അസാധാരണമായ പ്രണയകഥ പറയുന്ന കൃതിയാണ് ‘കയ്‌റോസ്’. ഒരേസമയം മനോഹരവും സംഘർഷഭരിതവുമെന്നാണ് ബുക്കർ സമ്മാനത്തിന്റെ വിധികർത്താക്കൾ ‘കയ്‌റോസി’നെപ്പറ്റി അഭിപ്രായപ്പെട്ടത്. നാസിഭരണകാലം മുതൽ വിഭജനവും പുനരേകീകരണവും വരെയുള്ള ജർമനിയുടെ രാഷ്ട്രീയ സാമൂഹിക ചുറ്റുപാടുകളാണ് നോവലിന്റെ പശ്ചാത്തലം.

കാതറീന എന്ന പത്തൊമ്പതുകാരിയുടെയും അവളെക്കാൾ 34 വയസ്സു കൂടുതലുള്ള ഹാൻസ് എന്ന എഴുത്തുകാരന്റെയും പ്രണയത്തിന്റെ വളർച്ചയും തകർച്ചയുമാണ് ഇതിവൃത്തം. ‘‘ത​ന്റെ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കുമോ’’ എന്ന് ഹാൻസ് കാതറീനയോടു ചോദിക്കുന്നിടത്തുനിന്നാണ് നോവൽ ആരംഭിക്കുന്നത്. ആ ചോദ്യത്തിനു കാതറീന കൃത്യമായ ഉത്തരം നൽകുന്നില്ല. പിന്നീട്, അയാളുടെ മരണശേഷം അവൾക്ക് അയാളുടേതായി രണ്ടു കാർഡ്ബോർഡ് പെട്ടികൾ ലഭിച്ചു. അവർ രണ്ടു പേരുടെയും പ്രണയജീവിതത്തിന്റെ അവശേഷിപ്പുകളായിരുന്നു രണ്ടു പെട്ടികളിലും. കത്തുകളും മറ്റു പ്രണയസ്മാരകങ്ങളും നിറച്ച ഒരു സ്യൂട്ട്കേസ് കാതറീനയും സൂക്ഷിച്ചു​െവച്ചിട്ടുണ്ടായിരുന്നു. അവയെപ്പറ്റി നോവലിൽ പരാമർശിച്ചിരിക്കുന്നത് ഇപ്രകാരമാണ്: ‘‘വളരെക്കാലം മുമ്പ്, അയാളുടെ പെട്ടികളിലും അവളുടെ സ്യൂട്ട്കേസിലുമുള്ള കടലാസുകൾ പരസ്പരം സംസാരിക്കുമായിരുന്നു. ഇപ്പോൾ അവ കാലത്തോടാണു സംസാരിക്കുന്നത്.’’

ഭാഗ്യനിമിഷങ്ങളുടെ ദേവന്റെ പേരാണ് ‘കയ്‌റോസ്’. അങ്ങനെയൊരു നിമിഷത്തെ സ്വന്തമാക്കാനുള്ള ഏകമാർഗം ‘കയ്‌റോസി’ന്റെ നെറ്റിയിലേക്കു വീണുകിടക്കുന്ന ഒറ്റ ചുരുൾമുടിയെ കൈപ്പിടിയിലൊതുക്കുകയെന്നതാണ്. അത്തരത്തിലൊരു നിമിഷമാകുമോ കാതറീന ഹാൻസിനെ ആദ്യമായി കണ്ടതെന്ന് നോവലിസ്റ്റ് തുടക്കത്തിൽ ചോദിക്കുന്നുണ്ട്. തുടക്കം മുതൽ ഒടുക്കം വരെ ഉത്തരങ്ങളില്ലാത്ത ചോദ്യങ്ങൾകൊണ്ടു സമ്പുഷ്ടമാണ് ‘കയ്റോസ്’.

കിഴക്കൻ ജർമനിയിലെ ഒരു ബസിൽ യാത്രചെയ്യുമ്പോഴാണ് ഹാൻസും കാതറീനയും ആദ്യമായി കാണുന്നത്. 1986ലായിരുന്നു അത്. കാതറീന മുൻകൂട്ടി നിശ്ചയിച്ച കാര്യങ്ങളൊന്നും നടക്കാതെപോയ ആ വൈകുന്നേരം വിധിയുടെ തീരുമാനമെന്നപോലെ അവൾ അയാളെ പരിചയപ്പെടുകയും ഒന്നിച്ചു രാത്രി ചെലവഴിക്കുകയും ചെയ്യുന്നു. സംഗീതവും കലയും അവരുടെ പൊതുതാൽപര്യങ്ങളായിരുന്നു. കിഴക്കൻ ജർമനിയിൽ നിലനിന്നിരുന്ന സമ്പന്നമായ കലാ സാംസ്കാരിക രംഗങ്ങളെ ജെന്നി എർപെൻബെക്ക് ഹാൻസിന്റെ ചിന്തകളിലൂടെയും കാതറീനയുമായുള്ള സംഭാഷണങ്ങളിലൂടെയും വായനക്കാർക്കു പരിചയപ്പെടുത്തുന്നു. സോഷ്യലിസ്റ്റ് സിദ്ധാന്തങ്ങളെയും ആശയങ്ങളെയും ഇതേ രീതിയിൽ നോവലിൽ അവതരിപ്പിച്ചിരിക്കുന്നു.

ആ രാത്രിയിൽ കിടക്കയിൽ ചേർന്നുകിടക്കുമ്പോൾ ‘ഇത് ഇനിയൊരിക്കലും ഇങ്ങനെയാകില്ല’യെന്ന് ഹാൻസും ‘ഇനിയിത് എല്ലായ്പോഴും ഇങ്ങനെയായിരിക്കു’മെന്ന് കാതറീനയും ചിന്തിക്കുന്നു. രണ്ടാം ദിവസത്തെ കൂടിക്കാഴ്ചക്കുശേഷം ഇരുവരും വീട്ടിലേക്കു നടക്കുമ്പോൾ ഹാൻസ് സ്വയമറിയാതെ കിഴക്കൻ ജർമൻ കവിയായിരുന്ന ബിയർമന്റെ ‘പ്രഷ്യൻ ഇക്കറസി’ന്റെ വരികൾ മൂളുന്നു. പടിഞ്ഞാറൻ ജർമനിയിൽ നടത്തിയ സംഗീതാവിഷ്കരണത്തിന്റെ പേരിൽ കിഴക്കൻ ജർമനിയിൽനിന്ന് 1976ൽ, പത്തുവർഷങ്ങൾക്കു മുമ്പ്, ബിയർമനെ നാടുകടത്തിയിരിക്കുന്നു.

ആ സംഭവം നടക്കുമ്പോൾ കാതറീന കൊച്ചുകുട്ടിയായിരുന്നിരിക്കണം. ബിയർമനെപ്പറ്റി ഹാൻസ് ചിന്തിക്കുമ്പോൾ കാതറീന തന്റെ ആദ്യ ആൺസുഹൃത്തുമൊത്തെടുത്ത ചിത്രത്തെക്കുറിച്ചാണു ചിന്തിക്കുന്നത്. ശാരീരികമായി അടുത്തടുത്തായിരിക്കുമ്പോഴും ചിന്തകളിൽ വ്യത്യസ്തത പുലർത്തുന്ന ഹാൻസും കാതറീനയും വ്യത്യസ്ത രാഷ്ട്രീയ കാഴ്ചപ്പാടുകളുമായി അതിരുപങ്കിടുന്ന കിഴക്കൻ-പടിഞ്ഞാറൻ ജർമനികളെ ഓർമപ്പെടുത്തുന്നുണ്ട്.

കാതറീന അവധിയാഘോഷങ്ങൾക്കായി ഹംഗറിയിലായിരിക്കുമ്പോൾ, ‘ഓരോ കണ്ണുചിമ്മലിലും ഓരോ ചുവടിലും ഓരോ ചലനത്തിലും ഓരോ ചിരിയിലും താൻ അവളെ സ്നേഹിക്കുന്നു’വെന്ന് ഹാൻസ് എഴുതുന്നു. പിന്നീട് അവൾ മുത്തശ്ശിയുടെ പിറന്നാളാഘോഷിക്കാൻ പടിഞ്ഞാറൻ ജർമനിയിലേക്കു പോകുമ്പോഴും അവർ രണ്ടു പേരും കടുത്ത പ്രണയവും വിരഹവും അനുഭവിക്കുന്നുണ്ട്. കാതറീന പടിഞ്ഞാറൻ ജർമനിയുടെ തെരുവുകളിലെ ഭിക്ഷാടകരെ കണ്ടു വേദനിക്കുന്നു. പടിഞ്ഞാറു നിലനിന്നിരുന്ന വർഗവ്യത്യാസങ്ങൾ, ഉപഭോക്തൃ സംസ്കാരം, ഉപഭോഗ വസ്തുക്കളുടെ ലഭ്യത, അഭിപ്രായസ്വാതന്ത്ര്യം എന്നിവയെല്ലാം അവൾക്ക് അപരിചിതങ്ങളായിരുന്നു.

പ്രായം അമ്പതുകളുടെ മധ്യത്തിലുള്ള ഹാൻസിന്റെ ഓർമകളിലൂടെ ‘കയ്‌റോസ്’ രണ്ടാം ലോകയുദ്ധകാലത്തെ ജർമനിയുടെ ചരിത്രം പറയുന്നു. 1930കളിൽ ജനിച്ച ഹാൻസ് നാസി ജർമനിയിലെ ആൺകുട്ടികളുടെ സംഘടനായ ഹിറ്റ്ലർ യൂഗെൻഡിൽ (Hitler Jugend) അംഗമായിരുന്നു. ഹാൻസിന്റെ പന്ത്രണ്ടാം വയസ്സിൽ അയാളുടെ പിതാവ് HJ മുദ്രയുള്ള ബെൽറ്റും ബാഡ്‌ജുമടങ്ങിയ ബ്രൗൺ ഷർട്ട് വലിച്ചെറിയുന്നതുവരെ അതു തുടർന്നു. പതിമൂന്നാം വയസ്സിലാണ് കോൺസെൻട്രേഷൻ ക്യാമ്പുകളിലൊന്നിൽ ശവശരീരങ്ങൾ കൂനകൂട്ടിയിട്ടിരിക്കുന്ന ടെലിവിഷൻ ചിത്രം ഹാൻസ് ആദ്യമായി കാണുന്നത്. ബുൾഡോസർ ഉപയോഗിച്ചായിരുന്നു അവർ ശരീരങ്ങൾ കൂട്ടിയിട്ടതെന്ന് അയാൾ ഓർത്തെടുക്കുന്നുണ്ട്.

‘‘മനുഷ്യൻ, എത്ര സുന്ദരമായ വാക്ക്’’, മാക്സിം ഗോർക്കി ഒരിക്കൽ പറഞ്ഞു. ഗോർക്കിയുടെ വാക്കുകളും ബുഹാറിന്റെ (Bukharin) അവസാന വാക്കുകളുമാണ് സോവിയറ്റ് സിസ്റ്റത്തിന്റെ രണ്ടു ധ്രുവങ്ങളായി ഹാൻസ് കാണുന്നത്. അതേക്കുറിച്ചാണ് അയാൾ തന്റെ പുതിയ പുസ്തകത്തിൽ എഴുതുന്നത്.

ബുഹാറിൻ പറയുന്നു, ‘‘മരണം തൊട്ടടുത്തെത്തുമ്പോൾ നിങ്ങൾ ചിന്തിക്കും, എന്തിനു വേണ്ടിയാണു മരിക്കുന്നത്? അപ്പോൾ ഒരു കറുത്ത ശൂന്യത നിങ്ങൾക്കു മുന്നിൽ പ്രത്യക്ഷപ്പെടും. ഇവിടെ മരിക്കാനായി ഒന്നുമില്ല, വേദനകൾ മാത്രം.’’

ചെറുപ്പത്തിൽ ബാൾട്ടിക്‌ രാജ്യമായ ലാത്‌വിയയുടെ തലസ്ഥാനമായ റിഗയിൽനിന്ന് ജർമൻ പ്രദേശമായ പോസെനിലേക്കു (പോസ്നൻ) താമസം മാറാൻ നിർബന്ധിതരാകുമ്പോള്‍ കുഞ്ഞു ഹാൻസ് അമ്മയോടു ചോദിക്കുന്നു, ‘‘ഇനി നമ്മുടെ വീട്ടിൽ ആരാകും താമസിക്കാനെത്തുക?’’ റിഗ റഷ്യയുടെ കീഴിലായതിനെത്തുടർന്നാണ് അവർക്ക് അവിടം ഉപേക്ഷിച്ചുപോകേണ്ടിവരുന്നത്. ഹാൻസിന്റെ മാതാപിതാക്കൾ ജർമൻ വംശജരായിരുന്നു. റിഗയിൽനിന്ന് ജർമനിയുടെ ഭരണത്തിൻ കീഴിലുള്ള നാട്ടിലേക്ക് അവരെത്തുമ്പോൾ പെട്ടികളും ഭാണ്ഡങ്ങളുമായി നിശ്ശബ്ദരായ മനുഷ്യരുടെ ഒരു നീണ്ടനിര, തോക്കുധാരികളായ പട്ടാളക്കാരുടെ അകമ്പടിയോടെ മറുവശത്തേക്കു പോകാൻ കാത്തുനിൽക്കുന്നുണ്ടായിരുന്നു. പുതിയ വീട്ടിൽ അവിടത്തെ പഴയ താമസക്കാർ ഉപേക്ഷിച്ചുപോയ ഒരു ആടുംകുതിരയെ ആറുവയസ്സുകാരൻ ഹാൻസിനു കളിക്കാൻ കിട്ടുന്നു.

സോവിയറ്റ് യൂനിയനിലേക്കു മുന്നേറിയ വേമാക്ട് (Wehrmacht) കിഴക്കൻ പ്രദേശത്തെ തദ്ദേശവാസികളെ ജീവനോടെ മണ്ണിനടിയിൽ കുഴിച്ചുമൂടുന്നു. മണ്ണിന്റെ ചലനം നിലക്കാൻ, മണ്ണിനടിയിലുള്ളവരുടെ ശ്വാസംനിലക്കാൻ മൂന്നു ദിവസമെടുത്തു. ‘‘അവരെന്തിനാണ് നമ്മുടെ കണ്ണുകളിലേക്കു മണ്ണു വാരിയെറിയുന്നത്?’’ എന്ന് ഹാൻസ് അമ്മയോട് ചോദിക്കുന്നു.

പിന്നീട് റഷ്യൻപട പോസെനു സമീപമെത്തിയെന്നു കേൾക്കുമ്പോൾ മൂന്നാലുവർഷം തനിക്കു സ്വന്തമായിരുന്ന ആടുംകുതിരയെ ഉപേക്ഷിച്ച് വീണ്ടും ഹാൻസ് അടുത്ത യാത്ര തുടങ്ങുന്നു. കുതിര പുതിയ ഉടമയെ കാത്തുകിടന്നു. കിഴക്കൻ പ്രദേശങ്ങളിലേക്കുള്ള സോവിയറ്റ് മുന്നേറ്റത്തെത്തുടർന്ന്, പടിഞ്ഞാറൻ ജർമനിയിലുള്ള മാൻഹൈ നഗരത്തിൽ ഹാൻസും മാതാപിതാക്കളും താമസത്തിനെത്തുമ്പോഴേക്ക് ജർമൻപട തന്നെ അവിടെയുള്ള പാലങ്ങളെല്ലാം തകർത്തിരുന്നു. അമേരിക്കൻ സൈന്യത്തിന്റെ മുന്നേറ്റം തടയാനായിരുന്നു ഇത്. രക്ഷിക്കാനായി അവർ നഗരത്തെ നശിപ്പിച്ചു. ബ്രിട്ടീഷ് സൈന്യം ബോംബിട്ട് നഗരത്തിന്റെ ഉൾവശവും തകർത്തിരുന്നു. യുദ്ധം നശിപ്പിച്ച ആ നഗരത്തിൽ ആറുവർഷം ഇരുട്ടും നിശ്ശബ്ദതയുമാണ് ഹാൻസിനെ കാത്തിരുന്നത്.

തന്റേതായ എല്ലാത്തിൽനിന്നും ആവർത്തിച്ചു പുറത്താക്കപ്പെട്ടുകൊണ്ടിരുന്ന കുട്ടിക്കാലമാണ് ഹാൻസിന്റേത്. ചെറുപ്പത്തിൽ ബെൽറ്റുകൊണ്ട്‌ അടിച്ചാണ് ഹാൻസിനെ പിതാവ് ശിക്ഷിച്ചിരുന്നത്. കാതറീനയെ അവളുടെ സമ്മതത്തോടെയെങ്കിലും ബെൽറ്റുകൊണ്ടടിക്കുന്നതിൽ ഹാൻസ് സംതൃപ്തി അനുഭവിക്കുന്നുണ്ട്. ഓരോ ദ്വന്ദ്വത്തിലും അധികാരത്തിന്റെ അസന്തുലിതാവസ്ഥ നോവലിലുടനീളം പ്രകടമാണ്.

മരണപ്പെട്ടവർ നിങ്ങൾക്ക് ഒന്നുമല്ലാതാകുന്നത് എന്തുകൊണ്ടാണെന്നു ചെറുപ്പത്തിൽ ഹാൻസ് പിതാവിനോടു ചോദിക്കുന്നു. കൗമാരം കടന്ന ഹാൻസ് ജർമനിയുടെ വിഭജനകാലത്ത്‌ ചുവന്ന ബാനറിൽ ഫാഷിസത്തിനെതിരെ എഴുതിയ കിഴക്കൻ ഭാഗത്തേക്കു പോകാനാണു തീരുമാനിക്കുന്നത്. പുതിയ നാടി​ന്റെ തുടക്കം ആശാവഹമായിരുന്നു; അവർ ഉൽപാദന മാർഗങ്ങളുടെ സ്വകാര്യ ഉടമസ്ഥത ഉപേക്ഷിച്ചു, അവിടെ മനുഷ്യത്വം സ്വയം രൂപപ്പെട്ടു, കലാ സാംസ്കാരിക രംഗങ്ങൾക്ക് ഉണർവുവന്നു. എന്നാൽ ഇപ്പോൾ നാൽപതു വർഷങ്ങൾക്കുശേഷവും സാഹചര്യങ്ങൾക്കു വലിയ മാറ്റമൊന്നുമുണ്ടായിട്ടില്ലായെന്ന തിരിച്ചറിവ് അയാളെ നിരാശനാക്കുന്നു. മണ്ണിനടിയിൽ പോയി അവിടെയുള്ളവരോട് അവരുടെ ത്യാഗങ്ങളെല്ലാം വെറുതെയായിരുന്നുവെന്ന് ആരു പറയുമെന്ന ഒരു ചോദ്യവും ഇവിടെ അവശേഷിപ്പിച്ചിരിക്കുന്നു.

കാതറീന എഴുതിയ കത്തുകൾ ഹാൻസിന്റെ ഭാര്യ കണ്ടെടുക്കുന്നതിനെത്തുടർന്ന് അയാൾക്കു സ്വന്തം വീട്ടിൽ ഇടമില്ലാതെയാകുന്നു. വീട്ടിൽനിന്നു പുറത്താക്കപ്പെട്ടതിനുശേഷം ആറുമാസത്തോളം ഒരു സുഹൃത്തിന്റെ അപ്പാർട്മെന്റിൽ കാതറീനയോടൊപ്പമാണ് അയാൾ കഴിയുന്നത്. അക്കാലയളവിൽ തന്നാലാവും വിധം ഹാൻസിനെ സന്തോഷിപ്പിക്കാൻ കാതറീന ശ്രമിക്കുന്നുണ്ട്. പിന്നീട് ഭാര്യയുമായി ഒത്തുതീർപ്പിലെത്തുന്ന ഹാൻസ് അവരോടൊപ്പം സ്വന്തം വീട്ടിലേക്കു പോകുന്നു. കാതറീന പടിഞ്ഞാറൻ ജർമനിയിലുള്ള ഫ്രാങ്ക്ഫർട്ടിലെ ഒരു ഡിസൈൻ തിയറ്ററിൽ അപ്രെന്റിസായി ചേരുന്നു. ഒരിക്കൽ അവളെ കാണാനായി അവിടെയെത്തിയ ഹാൻസ് അവിടെയുള്ളവർക്കു മുന്നിൽ അവളുടെ അച്ഛനായി അഭിനയിക്കുന്നത് കാണാം.

ജെ​ന്നി എ​ർ​പെ​ൻ​ബെ​ക്ക്​

ജെ​ന്നി എ​ർ​പെ​ൻ​ബെ​ക്ക്​

ഒപ്പം ജോലിചെയ്യുന്ന, സമപ്രായക്കാരനായ റഷ്യൻ യുവാവായ വാദിമിനൊപ്പം സൈക്കിൾ സവാരിക്കുപോയ ഒരു ​െവെകുന്നേരം, കാതറീനക്ക് മുമ്പു നിശ്ചയിച്ചിരുന്ന സമയത്ത്‌ ഹാൻസിനെ ഫോൺചെയ്യാൻ കഴിയുന്നില്ല. അതേത്തുടർന്ന് അടുത്തദിവസം അവരുടെ കണ്ടുമുട്ടലിന്റെ പതിനാലാം മാസം ആഘോഷിക്കാനെത്തിയ ഹാൻസ് പിണങ്ങി തിരിച്ചുപോകുന്നു. തകർന്നുപോയ കാതറീന അവിടെയുള്ള ഒരു ശുചിമുറിയുടെ ദുർഗന്ധപൂരിതമായ തറയിൽ മുഖമമർത്തി ഭ്രാന്തിയെപ്പോലെ വിലപിക്കുന്നു. ആ രാത്രി അതേ ഭ്രാന്തമായ മാനസികാവസ്ഥയിൽ അവൾ ചെന്നുകയറുന്നത് അവൾക്ക് ആ നാട്ടിൽ ആകെയറിയാവുന്ന വാദിമിന്റെ താമസസ്ഥലത്തേക്കാണ്. അന്ന്, അവിടെ അവന്റെ കിടക്കയിൽനിന്നു മാറി നിലത്തു വിരിച്ച ഒരു കിടക്കയിൽ അവൾ ഉറങ്ങി.

ഫ്രാങ്ക്ഫർട്ടിൽനിന്ന് ‘എല്ലാം അവസാനിപ്പിച്ച്’ മടങ്ങിയ ഹാൻസ് അടുത്തദിവസം ഒന്നും സംഭവിക്കാത്തതുപോലെ കാതറീനയോടു ഫോണിൽ സംസാരിക്കുകയും അവർ വീണ്ടും പരസ്പരം കാണുകയും ചെയ്യുന്നു. എങ്കിലും അന്നുമുതൽ അവൾ നിഷ്കളങ്കയാണെന്നുള്ള ചിന്ത ഹാൻസ് ഉപേക്ഷിച്ചു. വാദിമിനോട് അവൾക്കുള്ള താൽപര്യത്തെക്കുറിച്ച് കാതറീന തന്റെ ഡയറിയിൽ എഴുതുന്നില്ല. ഇത്തരം കാര്യങ്ങൾ അവൾ ഹാൻസിനോട് പറയുന്നില്ല എന്നുമാത്രമല്ല, അവൾ ഇവയൊന്നും സ്വയം സമ്മതിക്കാൻകൂടി തയാറാകുന്നില്ല. വാദിമുമായി കാതറീന ശാരീരികബന്ധത്തിൽ ഏർപ്പെടുന്നു. കഥയിലുടനീളം താൻ പറയുന്നതിലധികം കാര്യങ്ങൾ ഹാൻസിനു തന്നെക്കുറിച്ചറിയാമെന്നു കാതറീന സംശയിക്കുന്നുണ്ട്.

കാതറീന തന്റെ മുഖത്തു ചുംബിക്കാൻ വാദിമിനെ അനുവദിക്കാത്തതുകൊണ്ട് ഒരിക്കൽ അവൻ അവളുടെ ശരീരത്തിൽ ചുംബിക്കുന്നു. ഉപയോഗശൂന്യമായ ഒരു കടലാസിന്റെ ഒരു പകുതിയിൽ ഈ സംഭവത്തെക്കുറിച്ചെഴുതി അവൾ തന്റെ മേശമേൽ ഉപേക്ഷിച്ചിരുന്നു. അതിനു മുകളിൽ മറ്റു പലതരം കടലാസുകളും ചിത്രങ്ങളും ഷോപ്പിങ് ബില്ലുകളും കുന്നുകൂടുന്നുണ്ടെങ്കിലും പിന്നീടൊരിക്കൽ പെട്ടെന്നു മനസ്സിൽ തോന്നിയ എന്തോ കാര്യം കുറിച്ചിടാനായി കടലാസ് അന്വേഷിക്കുമ്പോൾ ഇതേ കടലാസുതന്നെയാണ് ഹാൻസിന്റെ ​ൈകയിൽ കിട്ടുന്നത്.

തന്നോട് ഏറ്റവും സത്യസന്ധയായിരിക്കാൻ ഹാൻസ് കാതറീനയോട് ആവശ്യപ്പെടുന്നു, സംഭവിച്ചതിനെക്കുറിച്ച് അയാൾ അന്വേഷണം നടത്താൻ തീരുമാനിക്കുന്നു. അയാൾ ആവശ്യപ്പെട്ടതനുസരിച്ച് അവളുടെ ഡയറികൾ അവൾ അയാൾക്കു കൈമാറുന്നു. ഒരു ഔദ്യോഗിക അന്വേഷണത്തിന്റെ ഭാഗമെന്നപോലെയാണ് അയാൾ അവളെ ചോദ്യംചെയ്യുന്നത്. ചോദ്യങ്ങളും ആരോപണങ്ങളും അടങ്ങിയ കാസറ്റുകൾ അയാൾ അവൾക്കു കൊടുക്കുന്നു. യുട്ടോപ്യൻ ആശയങ്ങളുമായി തുടങ്ങിയ സോഷ്യലിസ്റ്റ് ഭരണം സ്വന്തം ജനങ്ങളെ അടിച്ചമർത്തുന്നതിലേക്കും നിയന്ത്രിക്കുന്നതിലേക്കും നിരീക്ഷിക്കുന്നതിലേക്കും കടന്നതിനു സമാനമാണ് ഹാൻസിന്റെ മാറ്റവും. ജെന്നി എർപെൻബെർക്കിന്റെ ഒരു അഭിമുഖത്തിൽ അവർ കിഴക്കൻ ജർമനിയുടെ രാഷ്ട്രീയ ചരിത്രവുമായി ഇതിനെ ഇപ്രകാരം കൂട്ടിവായിക്കുന്നു:

‘‘ഫാഷിസത്തിനു ശേഷമുള്ള പുതിയ തുടക്കമെന്ന നിലയിൽ, കിഴക്കൻ ജർമനിയുടെ രൂപവത്കരണവും ആശയങ്ങളും ആവേശത്തോടെയാണ് സ്വീകരിക്കപ്പെട്ടത്. പതിയെ മാറ്റങ്ങൾ വന്നു, ചില വാക്കുകൾ നിരോധിക്കപ്പെട്ടു, ചില അഭിപ്രായങ്ങൾക്കു വിലക്കുകൾ വന്നു. മുൻകൂട്ടി തീരുമാനിച്ച വാചകങ്ങളുപയോഗിച്ചു സംസാരിക്കേണ്ടി വന്നു...’’

വിഭജനത്തിനുശേഷം കിഴക്കൻ ജർമനിയിൽ ജനിച്ചുവളർന്ന കാതറീനയും അവളുടെ തലമുറയിലെ മറ്റു കുട്ടികളും സോഷ്യലിസ്റ്റു രീതിയിൽ വാർത്തെടുക്കപ്പെട്ടവരാണ്‌. കഴുത്തിൽ നീല കർച്ചീഫുകെട്ടി, റഷ്യൻ ഭാഷ പഠിച്ച്, ഉൽപാദനത്തിലും വിളവെടുപ്പിലുമുള്ള പരിശീലനം നേടിയ ഭാവി സോഷ്യലിസ്റ്റ് പൗരന്മാരാണവർ. കിഴക്കൻ ജർമനി രാജ്യത്തെ യുവത്വത്തെ വരുതിയിലാക്കാൻ ശ്രമിക്കുന്നതുപോലെതന്നെ ഹാൻസ് കാതറീനയുടെ മേൽ അധികാരപ്രയോഗം നടത്തുന്നു. തന്നെക്കാൾ പ്രായം കുറഞ്ഞ, തന്നോളം യുദ്ധത്തിന്റെ ദുരിതങ്ങളും കൂട്ടക്കൊലയുടെ ഓർമകളും പേറേണ്ടിവന്നിട്ടില്ലാത്ത കാതറീനയുടെ യുവത്വത്തെ സ്വന്തമാക്കാൻ ശ്രമിക്കുകയാണ് ഹാൻസ്. അയാൾ അവളുടെ ശരീരത്തെ തന്റെ ഇഷ്ടങ്ങൾക്കനുസരിച്ച് ഉപയോഗിക്കുന്നു.

 

ഹാൻസ് കാതറീനക്കു കത്തുകളെഴുതുന്നതു നിർത്തി. തന്റെ കാസറ്റുകളിലെ ചോദ്യങ്ങൾക്കും ആരോപണങ്ങൾക്കുമുള്ള മറുപടികൾ ടൈപ്പ് ചെയ്ത് അയക്കാൻ അയാൾ അവളോട് ആവശ്യപ്പെടുന്നു. കാരണം ഒരിക്കൽ വാദിമിന്, അതും അയാളുടെ നിർദേശപ്രകാരം, കത്തെഴുതിയ അവളുടെ കൈയക്ഷരം അയാൾക്ക് അസ്വസ്ഥതയുണ്ടാക്കിയേക്കും. വല്ലപ്പോഴുമെങ്കിലും ഹാൻസ് അവളോടൊപ്പം ഉല്ലാസവാനായിരിക്കുമ്പോൾ അയാൾ അഭിനയിക്കുകയാണോയെന്നുപോലും കാതറീനക്കു സംശയമുണ്ടാകുന്നു.

സത്യം പറഞ്ഞാലും ഹാൻസ് വിശ്വസിക്കുകയില്ല എന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിയതോടെ കാതറീനക്ക് നുണകൾ പറയാതെ മാർഗമില്ലെന്നായി. ചില സത്യങ്ങൾ ഏറ്റുപറയാൻ അവൾ തയാറായിരുന്നുമില്ല. പരസ്പരവിശ്വാസം നഷ്ടപ്പെട്ട ബന്ധം ശൈഥില്യത്തിലേക്കു നീങ്ങുന്നു. സർക്കാറും ജനങ്ങളും തമ്മിലുള്ള വിശ്വാസം നഷ്ടപ്പെട്ട് ബർലിൻ മതിലിന്റെ പതനത്തിലേക്ക് നീങ്ങിയ രാഷ്ട്രീയ സംഭവങ്ങൾ ഇതോടു ചേർത്തു വായിക്കേണ്ടതാണ്. ഈ പ്രശ്നങ്ങൾക്കിടയിലും താൻ ഹാൻസിനെ എത്രത്തോളം സ്‌നേഹിക്കുന്നുണ്ടെന്ന് കാതറീന തന്റെ പിതാവിനോട് പറയുന്നുണ്ട്, താനും ഹാൻസും രണ്ടുപേരല്ല, ഒരാളാണെന്ന് അവൾ പറയുന്നു. വിഭജിക്കപ്പെട്ട ജർമൻ പ്രദേശങ്ങളുടെ സാഹോദര്യത്തിന്റെ സൂചന ഇവിടെ കാണാം.

ഫ്രാങ്ക്ഫർട്ടിലെ ഇന്റേൺഷിപ് അവസാനിപ്പിച്ച് ബർലിനിലേക്ക് തിരികെയെത്തിയ കാതറീനയെ ആശ്വസിപ്പിക്കാൻ അവളുടെ മാതാവും ശ്രമിക്കുന്നുണ്ട്. കാതറീനയുടെ പിതാവുമായി വേർപെട്ടശേഷം അവരുടെ ജീവിതത്തിൽ വന്ന പുരുഷൻ അവരോടു മോശമായി പെരുമാറിയതിനെത്തുടർന്ന് അവർ അയാളെ ഒഴിവാക്കിയതിനെപ്പറ്റി അവർ പറയുന്നു. എന്നാൽ, തന്റെയും ഹാൻസിന്റെയും കാര്യത്തിൽ താനാണ് ഹാൻസിനോട് തെറ്റു ചെയ്തതെന്ന് കാതറീന വിശ്വസിക്കുന്നു. തെറ്റുകാരിയെന്നുള്ള കുറ്റബോധത്തിൽ തന്റെ മനസ്സിന്റെയും ശരീരത്തിന്റെയും അധികാരം പൂർണമായും കാതറീന ഹാൻസിനു കൈമാറുന്നു. അധികാരത്തിന്റെ അസന്തുലിതാവസ്ഥ വ്യക്തികളെയും രാഷ്ട്രത്തെയും ബാധിക്കുന്നതെങ്ങനെയെന്നുകൂടി ‘കയ്റോസ്’ പറഞ്ഞുവെക്കുന്നു.

അക്കാലത്തെ രാഷ്ട്രീയ കാലാവസ്ഥയിൽ ജനങ്ങളുടെ അരക്ഷിതാവസ്ഥ വിവരിക്കുന്ന ഒരു സംഭവം കാതറീന ഹാൻസിനോട് പറയുന്നുണ്ട്. നിയമവിധേയമല്ലാത്ത ഒരു സംഗീതപരിപാടിയിൽ പങ്കെടുക്കുമ്പോൾ നിയോനാസിസ്റ്റുകൾ അവരെ വളഞ്ഞ് ആക്രമിച്ചു. വംശീയ മേധാവിത്വം പ്രചരിപ്പിക്കുകയും ന്യൂനപക്ഷങ്ങളെ ആക്രമിക്കുകയും വീണ്ടുമൊരു ഫാഷിസ്റ്റ് രാഷ്ട്രം രൂപവത്കരിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നവരാണ് നിയോനാസിസ്റ്റുകാർ.

അന്ന്, അവിടെ നിയമവിരുദ്ധമായ സംഗീതപരിപാടിയിൽ പങ്കെടുക്കുന്നവരെ നിയമവിധേയമല്ലാതെ പ്രവർത്തിക്കുന്ന വർഗീയവാദികൾ ആക്രമിക്കുന്നത് പൊലീസ് കൈയുംകെട്ടി നോക്കിനിൽക്കുകയാണു ചെയ്തത്. ഹാൻസ് തന്റെ സുഹൃത്തിൽനിന്ന് ഒരിക്കൽ കാണാനിടയായ, ഗോയയുടെ ബ്ലാക്ക് പെയിന്റിങ് ചിത്രങ്ങളുടെ സീരീസിലെ ‘ഫൈറ്റ് വിത്ത് കഡ്‌ജെൽസ്’ (Fight with Cudgels) എന്ന ചിത്രത്തെപ്പറ്റി ഓർക്കുന്നു. മുട്ടറ്റം ചളിയിൽ അകപ്പെട്ടുപോയിട്ടും പരസ്പരം പോരടിക്കുന്ന രണ്ടു മനുഷ്യരുടെ ചിത്രമാണത്.

ഗോയയുടെ ചിത്രം പിന്നെയും നോവലിൽ പരാമർശിക്കപ്പെടുന്നുണ്ട്. കാതറീന തന്നോടു നുണ പറയുന്നുവെന്ന് മനസ്സിലാക്കിയ ഹാൻസ് ഒരേസമയം അവളെ ഇഷ്ടപ്പെടുകയും വെറുക്കുകയും ചെയ്യുന്നു. ചിത്രത്തിൽ പരസ്പരം പോരടിക്കുന്ന രണ്ടുപേരും ഹാൻസ് തന്നെയാകുന്നു, ഒരാൾ വിശ്വസിക്കുന്നവനും മറ്റെയാൾ അവിശ്വസിക്കുന്നവനും. ശക്തി നഷ്ടപ്പെടുന്നവർക്ക് നുണകൾ കവചം തീർക്കുമെന്ന് കാതറീന ചിന്തിക്കുന്നു. ഭരണകൂടം തെരഞ്ഞെടുപ്പിൽ കൃത്രിമത്വം കാണിച്ചുവെന്ന പരാമർശം ഇതോടൊപ്പം വായിക്കേണ്ടതുണ്ട്. 1990ാമാണ്ടിന്റെ തുടക്കം അനിശ്ചിതത്വത്തിലേക്കായിരുന്നു. വരും വർഷത്തിൽ താനും ഹാൻസും ഒരുമിച്ചുണ്ടാകുമെന്നോ താൻ ജനിച്ചുവളർന്ന രാജ്യം തന്നെ നിലനിൽക്കുമെന്നോ കാതറീനക്ക് ഉറപ്പാക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.

ബർലിൻ മതിലിന്റെ പതനത്തിനുശേഷം കിഴക്കൻ ജർമനിയെന്ന രാജ്യം തന്നെ ഇല്ലാതെയായി. അവിടത്തുകാർക്കു തൊഴിൽ നഷ്ടപ്പെട്ടു. കറൻസി മൂല്യം കുറഞ്ഞ ഈസ്റ്റ് ജർമൻ മാർക്ക് പടിഞ്ഞാറൻ ജർമനിയുടെ ഡോയിഷ് മാർക്കുമായി വിനിമയം ചെയ്യേണ്ടിവന്നതോടെ നല്ല സാമ്പത്തികസ്ഥിതിയിൽ കഴിഞ്ഞവരും ദരിദ്രരായി. വീടുകൾ രാജ്യത്തി​ന്റെ ഉടമസ്ഥാവകാശത്തിൽനിന്നു മാറി, വ്യക്തികൾ കൈവശംവെക്കാൻ തുടങ്ങി. മുമ്പ് കിഴക്കൻ ജർമനി ഉപേക്ഷിച്ചുപോയിരുന്നവർ പലരും പടിഞ്ഞാറുനിന്നു തങ്ങളുടെ പഴയ വീടുകൾ അന്വേഷിച്ചു വന്നുതുടങ്ങി. കിഴക്കുണ്ടായിരുന്ന പലർക്കും പാർപ്പിടങ്ങൾ നഷ്ടമായി.

കാതറീനക്കു ഹാൻസിനോടുള്ള മനോഭാവത്തിൽ മാറ്റം വന്നുതുടങ്ങുന്നു. എല്ലാ ഉത്തരവാദിത്തങ്ങളും ഏറ്റെടുത്തു ശിക്ഷ വാങ്ങാൻ തയാറായി നിന്നിരുന്നവൾ സ്വന്തം ഇഷ്ടങ്ങൾ പ്രകടിപ്പിച്ചുതുടങ്ങുന്നു. അവൾ ഒരു സ്ത്രീ സുഹൃത്തുമായി പ്രണയത്തിലാകുന്നു. ചെറുപ്പക്കാരായ മറ്റു സുഹൃത്തുക്കൾക്കൊപ്പം യാത്രകൾ ചെയ്യുന്നു. പുതിയ ബന്ധങ്ങളും പുതിയ സൗഹൃദങ്ങളും തേടിപ്പോകുന്ന കാതറീന പടിഞ്ഞാറുനിന്നെത്തിയ ഉപഭോഗസംസ്കാരത്തെ പ്രതിനിധാനംചെയ്യുന്നുവെന്നു പറയാം. ഹാൻസുമായി വേർപിരിഞ്ഞശേഷം കാതറീന പുതിയ ജീവിതം ആരംഭിച്ചു. ഹാൻസ് മരണപ്പെടുന്നു, കിഴക്കൻ ജർമനി ഇല്ലാതെയാകുന്നു. ഹാൻസ് ഭൂതകാലത്തെ പ്രതിനിധാനംചെയ്യുന്നു, കാതറീന ഭാവിയെയും.

‘കയ്‌റോസി’​ന്റെ അവസാന താളുകളിൽ കിഴക്കൻ ജർമനിയിലെ രഹസ്യ പൊലീസായിരുന്ന സ്റ്റാസി, അവരുടെ അനൗദ്യോഗിക സഹകാരിയായിരുന്ന ഹാൻസിന്റെ വിവരങ്ങൾ സൂക്ഷിച്ചിരുന്ന ഫയൽ കാതറീന വായിക്കുന്നു. ഹാൻസ് കിഴക്കൻ ജർമനിയിലെ രഹസ്യ പൊലീസായി പ്രവർത്തിച്ചിരുന്നതിനെപ്പറ്റി ജെന്നി എർപെൻബെക്ക് ഇങ്ങനെ പറയുന്നു:

“സ്വന്തം ജനങ്ങളെ നിരീക്ഷിക്കാൻ ആളുകളെ ഉപയോഗിക്കുന്നത് സ്വേച്ഛാധിപത്യ സംവിധാനങ്ങളുടെ പ്രത്യേകതയാണെന്ന് തോന്നുന്നു. വിഭജനത്തിനുശേഷം, ജനങ്ങൾ പല കാരണങ്ങളാൽ സ്റ്റാസിക്ക് വേണ്ടി രഹസ്യ പൊലീസുകാരായി. ജർമൻ ഡെമോക്രാറ്റിക്‌ റിപ്പബ്ലിക്കിന്റെ (കിഴക്കൻ ജർമനിയുടെ) ആദ്യ വർഷങ്ങളിൽ ചിലർ മറഞ്ഞിരിക്കുന്ന ഫാഷിസ്റ്റുകളെ കണ്ടെത്താനാണ് ഇത്തരത്തിൽ രഹസ്യ നിരീക്ഷകരായത്. നാസി കോൺസെൻട്രേഷൻ ക്യാമ്പുകളിൽനിന്നു രക്ഷപ്പെട്ടവർ തങ്ങൾക്കുനേരെ മോശമായി പെരുമാറിയവരെ കണ്ടെത്താനും ചാരവൃത്തിയിലൂടെ ശ്രമിച്ചു. ക്രമേണ മറ്റുള്ളവരുടെ മുകളിൽ അധികാരം പ്രയോഗിക്കാനുള്ള ഒരു മാർഗമായി ഇത്തരം രഹസ്യ നിരീക്ഷണങ്ങൾ മാറി.’’

1967ൽ കിഴക്കൻ ജർമനിയിൽ ജനിച്ച ജെന്നി എർപെൻബെക്കിന് ബർലിൻ മതിൽ തകരുമ്പോൾ ഇരുപത്തിരണ്ടായിരുന്നു പ്രായം. ഭാവനാസമ്പുഷ്ടമായ ആഖ്യാനത്തിൽ പ്രണയം, രാഷ്ട്രീയം, ചരിത്രം എന്നിവ ഇഴചേർത്തൊരുക്കിയ ‘കയ്‌റോസ്’ ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്തിയിരിക്കുന്നത് ജർമനിയിലെ പ്രശസ്ത കവിയും നിരൂപകനും വിവർത്തകനുമായ മൈക്കൽ ഹോഫ്‌മാനാണ്. എർപെൻബെക്കിനെപ്പോലെ തന്നെ കിഴക്കൻ ജർമനിയിലായിരുന്നു ഹോഫ്‌മാന്റെയും ജനനം.

‘ദി ഓൾഡ് ചൈൽഡ് ആൻഡ് അദർ സ്റ്റോറീസ്’, ‘ദി ബുക്ക് ഓഫ് വേഡ്‌സ്’, ‘വിസിറ്റേഷൻ’, ‘ദി എൻഡ് ഓഫ് ഡേയ്‌സ്’, ‘ഗോ, വന്റ്’, ‘ഗോൺ’ എന്നിവയാണ് ജെന്നി എർപെൻബെക്കിന്റെ മറ്റു കൃതികൾ. ‘നോട്ട് എ നോവൽ’ എന്ന പേരിൽ ഓർമക്കുറിപ്പുകളുടെ ഒരു സമാഹാരവും അവരുടേതായിട്ടുണ്ട്.

‘കയ്‌റോസ്’ നോവൽ അവസാനിക്കുമ്പോൾ കാതറീന പറയുന്നു, ‘‘നിങ്ങളുടെ പ്രതിബിംബമാണ് ഞാനെന്ന് അറിഞ്ഞിരുന്നെങ്കിൽ...’’ കണ്ണാടിയും പ്രതിബിംബവും നോവലിൽ ആവർത്തിച്ചുവരുന്ന രൂപകങ്ങളാണ്. കാതറീനയുടെയും ഹാൻസിന്റെയും വ്യക്തിജീവിതം കിഴക്കൻ ജർമനിയുടെ രാഷ്ട്രീയചരിത്രത്തെ പ്രതിനിധാനം ചെയ്യാനല്ല നോവലിസ്റ്റ് ഉപയോഗിച്ചിരിക്കുന്നത്. മറിച്ച്, പരസ്പരം സ്വാധീനിക്കുന്നതും കൂട്ടിവായിക്കാവുന്നതുമായ രണ്ടു കഥകളായാണ് ഇവ അവതരിപ്പിച്ചിരിക്കുന്നത്.

News Summary - weekly literature book