അടഞ്ഞുകിടക്കുന്ന സ്വർഗവാതിലിനു മുന്നിൽ
മലയാളി പലതരത്തിൽ വായിക്കുകയും കാണുകയുംചെയ്ത, പാറപ്പുറത്തിന്റെ ‘അരനാഴികനേരം’ എന്ന നോവൽ വീണ്ടും വായിക്കുകയാണ് വിമർശകനായ ലേഖകൻ. ഇൗ നോവൽ എങ്ങനെയൊക്കെയാണ് മലയാള സാഹിത്യത്തിൽ വേറിട്ടുനിൽക്കുന്നത്?ജനപ്രീതി നേടിയ നോവലുകളും ജനപ്രിയ സിനിമകൾക്ക് തിരക്കഥകളും രചിച്ച് പ്രശസ്തിയിലേക്കുയർന്ന ഒരെഴുത്തുകാരന്റെ മനസ്സിൽ പുതിയൊരു ആഗ്രഹം നാമ്പിടുന്നു. തന്റെ സർഗസംഭാവനകളുടെ കൂട്ടത്തിൽ വേറിട്ടുനിൽക്കുന്നതും ഉൾക്കനമുള്ളതുമായ ഒരു സാഹിത്യസൃഷ്ടി നടത്തണം. അത് തനിക്ക് ഗാഢബന്ധമുള്ള ഒരു ജീവിതപരിസരത്തെ വലംവെച്ചുകൊണ്ടുള്ളതും ഒപ്പം തന്റെ രക്തത്തിൽ അലിഞ്ഞുചേർന്നിട്ടുള്ള ഒരാധ്യാത്മിക...
Your Subscription Supports Independent Journalism
View Plansമലയാളി പലതരത്തിൽ വായിക്കുകയും കാണുകയുംചെയ്ത, പാറപ്പുറത്തിന്റെ ‘അരനാഴികനേരം’ എന്ന നോവൽ വീണ്ടും വായിക്കുകയാണ് വിമർശകനായ ലേഖകൻ. ഇൗ നോവൽ എങ്ങനെയൊക്കെയാണ് മലയാള സാഹിത്യത്തിൽ വേറിട്ടുനിൽക്കുന്നത്?
ജനപ്രീതി നേടിയ നോവലുകളും ജനപ്രിയ സിനിമകൾക്ക് തിരക്കഥകളും രചിച്ച് പ്രശസ്തിയിലേക്കുയർന്ന ഒരെഴുത്തുകാരന്റെ മനസ്സിൽ പുതിയൊരു ആഗ്രഹം നാമ്പിടുന്നു. തന്റെ സർഗസംഭാവനകളുടെ കൂട്ടത്തിൽ വേറിട്ടുനിൽക്കുന്നതും ഉൾക്കനമുള്ളതുമായ ഒരു സാഹിത്യസൃഷ്ടി നടത്തണം. അത് തനിക്ക് ഗാഢബന്ധമുള്ള ഒരു ജീവിതപരിസരത്തെ വലംവെച്ചുകൊണ്ടുള്ളതും ഒപ്പം തന്റെ രക്തത്തിൽ അലിഞ്ഞുചേർന്നിട്ടുള്ള ഒരാധ്യാത്മിക പാരമ്പര്യത്തിൽനിന്ന് ഓജസ്സുൾക്കൊള്ളുന്നതുമായ ഒന്നായിരിക്കണം. ഇതിനാവശ്യമായ കൈത്തഴക്കം താൻ ഇതിനകം ആർജിച്ചതായി അയാൾക്കറിയാം. എന്നാൽ, തന്റെ ഉറച്ചുപോയ ചില സാഹിത്യശീലങ്ങളിൽനിന്നുള്ള കുതറിമാറൽ ആവശ്യപ്പെടുന്ന ഒന്നുകൂടിയാണ് ഇത്തരമൊരു രചന. ഇത് എത്രത്തോളം സാധ്യമാണ് എന്നതാണ് പിന്നത്തെ ചോദ്യം...
‘അരനാഴികനേരം’ എന്ന നോവലിന്റെ ആശയം മനസ്സിൽ കൊണ്ടുനടന്ന കാലത്ത് പാറപ്പുറത്ത് സ്വയംവ്യക്തത വരുത്താൻ ശ്രമിച്ചത് ഏതാണ്ട് ഈ മട്ടിലായിരുന്നു എന്നനുമാനിക്കുകയാണ് ഞാൻ. പലരും ചൂണ്ടിക്കാണിച്ചിട്ടുള്ളതുപോലെ ഈ നോവൽ പാറപ്പുറത്തിന്റെ സാഹിത്യജീവിതത്തിൽ ഗതിമാറ്റം കുറിച്ച ഒന്നായിരുന്നു. ‘അരനാഴികനേരം’, അതിന്റെ ശിൽപഘടനയിലും അതിനുള്ളിലെ ഭാവവിന്യാസത്തിലും വന്നുപെട്ടിട്ടുള്ള പാളിച്ചകൾ മാറ്റിനിർത്തിക്കൊണ്ട് ചിന്തിക്കുകയാണെങ്കിൽ, മനുഷ്യന്റെ ആത്യന്തിക പ്രശ്നങ്ങളെ സ്പർശിക്കുന്ന ഒരു കൃതിയാണ്. മരണമെന്ന മഹാസമസ്യയുടെ പൊരുൾ തേടിച്ചെല്ലാനുള്ള ശ്രമം ഇതിലടങ്ങിയിട്ടുണ്ട്.
മെല്ലെ മാഞ്ഞുതുടങ്ങുന്ന ഇത്തിരിവെട്ടത്തിൽനിന്നുകൊണ്ട് അതിവേഗം പാഞ്ഞടുക്കുന്ന കൂരിരുട്ടിനെ ഏറ്റുവാങ്ങാൻ തയാറെടുക്കുന്ന ഒരു മനുഷ്യന്റെ ഉത്കണ്ഠയും ഭീതിയും ഈ നോവലിന്റെ ഉൾക്കാമ്പിൽ തങ്ങിനിൽപുണ്ട്. ഈ കൃതി വായിച്ചുതീരുമ്പോൾ നമ്മുടെ മനസ്സിൽ അവശേഷിക്കുന്ന ഒരു ചോദ്യം കുറെക്കൂടി ഏകാഗ്രമായ രചനാരീതി ആവശ്യപ്പെടുന്ന ഒന്നായിരുന്നില്ലേ പാറപ്പുറത്ത് ഇവിടെ കൈകാര്യം ചെയ്തിട്ടുള്ള കഥാമുഹൂർത്തം എന്നതാണ്. തനിക്ക് ചിരപരിചിതമായ ക്രിസ്ത്യൻ സാമൂഹിക പശ്ചാത്തലത്തിൽ വികാസം കൊള്ളുന്ന ഒരു കുടുംബ നോവലിനുള്ളിലാണ് പാറപ്പുറത്ത് തന്റെ കഥാനായകനായ കുഞ്ഞേനാച്ചനെ അടയാളപ്പെടുത്തിയിട്ടുള്ളത്.
ആദിമധ്യാന്തം മൊത്തം ഒരിതിവൃത്തം നോവലിൽ പടർന്നുകിടപ്പുണ്ട്. വിവരാംശം വെട്ടിച്ചുരുക്കി, കഥാനായകന്റെ കുഴഞ്ഞുമറിഞ്ഞുകിടക്കുന്ന നിനവുകളിലൂടെ തെളിയുന്ന സംഭവങ്ങളെയും വ്യക്തികളെയും കാട്ടിത്തന്നുകൊണ്ട് ഒതുക്കവും ഏകതാനതയുമുള്ള ഒരു മനഃശാസ്ത്രനോവൽ ഒരുക്കൂട്ടാൻ പാറപ്പുറത്തിന് കഴിയുമായിരുന്നില്ലേ? രസംപിടിച്ചുകൊണ്ടുള്ള കഥപറച്ചിലിന്റെ ചേരുവകൾ നോവലിൽ കയറിക്കൂടി വായനക്കാരന്റെ ശ്രദ്ധ തിരിച്ചുവിടുന്നതിൽ അടങ്ങിയിട്ടുള്ള അപകടത്തെക്കുറിച്ച് നോവലിസ്റ്റ് വേണ്ടരീതിയിൽ ബോധവാനാകാതെ പോയതെന്തേ?
ഈ സന്ദർഭത്തിൽ പാറപ്പുറത്തിന് മാതൃകയാകേണ്ടിയിരുന്ന ആധുനിക കാലഘട്ടത്തിലെ ഒരു ക്ലാസിക് മനസ്സിൽ കടന്നുവരുകയാണ്. മരണത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന മഹാകവി വിർജിലിന്റെ അവസാനനാളുകളെ ആസ്പദമാക്കി സ്വിസ്-ജർമൻ സാഹിത്യകാരനായ ഹെർമൻ ബ്രോഹ് ‘വിർജിലിന്റെ മരണം’ എന്നപേരിൽ ഒരു നോവലെഴുതിയിട്ടുണ്ട്. (Herman Broch, Death of Virgil). 1945ൽ വെളിച്ചം കണ്ട ഈ കൃതി തൊട്ടടുത്ത വർഷം ഇംഗ്ലീഷിൽ വിവർത്തനം ചെയ്യപ്പെട്ടു. ജന്മദേശത്തേക്കുള്ള വിർജിലിന്റെ കപ്പൽവഴിയുള്ള മടക്കയാത്രയുടെ വിവരണവുമായി ആരംഭിക്കുന്ന ഈ നോവൽ ആത്മനിന്ദയും അപരാധബോധവും കൊടുമ്പിരിക്കൊണ്ട മനസ്സുമായി തന്റെ ഭൂതകാലത്തെ വിചാരണ ചെയ്യുന്ന ഇറ്റാലിയൻ മഹാകവിയുടെ അനുധ്യാനങ്ങളിലേക്ക് ഊളിയിട്ടിറങ്ങുന്നു.
വർഷങ്ങൾ നീണ്ടുനിന്ന തന്റെ ആധ്യാത്മിക സാധനയുടെ ഫലമായ എയ്നീഡ് എന്ന മഹാകാവ്യത്തിന്റെ കൈയെഴുത്തു പ്രതി കത്തിച്ചുകളയാനുള്ള വിർജിലിന്റെ തീരുമാനത്തെ കേന്ദ്രീകരിച്ച് നീങ്ങുന്ന ഈ നോവൽ കലയുടെ ആത്യന്തികലക്ഷ്യത്തെ സംബന്ധിച്ചും കലാകാരനും അധികാരിവർഗവും തമ്മിലുള്ള ബന്ധത്തെ സംബന്ധിച്ചുമുള്ള സമസ്യകളുടെ കുരുക്കഴിക്കാൻ ശ്രമിക്കുന്നു. ഹെർമൻ ബ്രോഹ് ബോധധാരാ സങ്കേതമവലംബിച്ചുകൊണ്ടാണ് വിർജിലിന്റെ വിക്ഷുബ്ധമായ ആന്തരജീവിതത്തിന്റെ ഉയരങ്ങളും ആഴങ്ങളും പരതിച്ചെല്ലുന്നത്.
പരന്നൊഴുകുന്ന ശൈലീകൃതമായ ആന്തരഭാഷണത്തിന്റെ വിന്യാസത്തിലൂടെ മരണവുമായി മുഖാമുഖം നിലകൊള്ളുന്ന വിർജിലിന്റെ ആത്മസന്ദേഹങ്ങൾ നോവലിസ്റ്റ് പിടിച്ചെടുത്തിരിക്കുന്നു. തന്റെ ജീവിതം കാപട്യം നിറഞ്ഞ കള്ളമായിരുന്നുവെന്നും ആ പ്രവണതയെ സംഗ്രഹിക്കുന്ന ഒന്നാണ് തന്റെ ഉത്കൃഷ്ട രചനയായി വാഴ്ത്തപ്പെടുന്ന എയ്നീഡ് എന്നുമുള്ള വിർജിലിന്റെ തിരിച്ചറിവിൽനിന്നാണ് ഈ നോവലിലെ സംഘർഷതലങ്ങൾ രൂപംകൊള്ളുന്നത്. ഇതോടൊപ്പം രണ്ട് ചരിത്രകാലഘട്ടങ്ങൾക്കിടയിൽ ജീവിച്ച ഈ കവി യുഗചേതനയുടെ വൈരുധ്യങ്ങളെ തന്നിലേക്ക് ആവാഹിച്ചതിന്റെ സൂചനകളും നോവലിൽ തെളിയുന്നുണ്ട്. ഇടമുറിയാത്ത ബോധധാരയുടെ ഉപയോഗമടങ്ങുന്ന 12,500 വാക്കുകളുള്ള ഒരു ഖണ്ഡിക നോവലിലുണ്ട്. വിർജിൽ എന്ന കേവലമനുഷ്യന്റെ ആത്മാവ് ഒരു പ്രപഞ്ച മഹാസത്യത്തിൽ വിലയം കൊള്ളുന്ന കാഴ്ച ഇവിടെ കാണാം.
ഒരുപേക്ഷ, പാറപ്പുറത്ത് എന്ന എഴുത്തുകാരന്റെ സഹജമായ പരിമിതികൾക്ക് വേണ്ടത്ര ഇളവനുവദിച്ചുകൊണ്ടുവേണം നാം ‘അരനാഴികനേര’ത്തെ വിലയിരുത്താൻ. പരിചരണരീതി മറ്റൊന്നായിരുന്നെങ്കിൽ ഈ കൃതി കുറെക്കൂടി ആന്തരഗൗരവം കൈവരിക്കുമായിരുന്നു എന്ന ചിന്ത ഒഴിവാക്കാൻ ഒരു സഹൃദയന് പ്രയാസമായിരിക്കും. പരമ്പരാഗതമായ നോവൽ രചനയുടെ ചിട്ടവട്ടങ്ങൾ അറിഞ്ഞംഗീകരിച്ചുകൊണ്ടുതന്നെ ‘അരനാഴികനേര’ത്തിൽ പാറപ്പുറത്ത് സാക്ഷാത്കരിച്ചിട്ടുള്ള ചിലതരം ഉൾക്കാഴ്ചകളുെട മാറ്റുരച്ചു നോക്കാൻ ഇന്നത്തെ ഒരു വായനക്കാരന് കഴിയേണ്ടതാണ്.
ഈ നോവൽ വീണ്ടും വായിക്കാനെടുത്തപ്പോൾ എന്റെ മനസ്സിൽ പതിഞ്ഞ ഒരു കാര്യം, കഥ നടക്കുന്ന കാലത്തെക്കുറിച്ചുള്ള സൂചനകൾ ഒരിടത്തും കാര്യമായി കടന്നുവരുന്നില്ല എന്നതാണ്. രാജന്റെ പട്ടാളജീവിതത്തെക്കുറിച്ചുള്ള പരാമർശങ്ങളിൽനിന്ന് സ്വാതന്ത്ര്യാനന്തര ദശകത്തിലാണ് നോവലിൽ വിവരിച്ചിട്ടുള്ള സംഭവങ്ങൾ നടക്കുന്നത് എന്നുവേണമെങ്കിൽ ഊഹിക്കാം. ഒരു ഇടവകയിൽപെട്ട ഏതാനും ക്രിസ്ത്യൻ കുടുംബങ്ങൾ തമ്മിലുള്ള കെട്ടുപിണച്ചിലിലൂടെയാണ് കഥാഘടന വിടർച്ച പ്രാപിക്കുന്നത്. കഥാപാത്രങ്ങളിൽ ഏറിയപങ്കും ക്രിസ്ത്യാനികളാണ്. മതവിശ്വാസമാണ് അവരെ കൂട്ടിയിണക്കുന്ന കണ്ണി. പള്ളിയും, പള്ളിയുമായി ബന്ധപ്പെട്ട ആചാരാനുഷ്ഠാനങ്ങളും അവരുടെ ജീവിതത്തിന് ചട്ടക്കൂടൊരുക്കുന്നു. സംശയം വേണ്ട, അവർ പച്ചമനുഷ്യരാണ്. അതുകാരണം ദൈവത്തിന്റെ കൽപനകൾ അനുസരിക്കാൻ അവർക്ക് പലപ്പോഴും കഴിയാതെവരുന്നു. അരുതായ്മകളുടെ പടുകുഴിയിൽ ചെന്നുപെടുന്ന വേളയിലും ദൈവശിക്ഷയെച്ചൊല്ലിയുള്ള ഭയം അവരെ വിടാതെ പിന്തുടരുന്നുണ്ട്.
കേന്ദ്രകഥാപാത്രത്തിന്റെ കുടുംബയാഥാർഥ്യത്തിന്റെ ഇഴകൾ ഓരോന്നായി ചിതറിത്തെറിക്കുന്ന കാഴ്ചയുമായിട്ടാണ് നോവൽ അവസാനിക്കുന്നത്. അതേസമയം, അയാൾ അംഗമായുള്ള ഇടവകയിലെ ജീവിതം ഇടർച്ച കൂടാതെ മുന്നോട്ടുപോകുന്നതായി നാം മനസ്സിലാക്കുന്നു. നോവൽ ആരംഭിക്കുമ്പോൾ കുഞ്ഞേനാച്ചന് തൊണ്ണൂറാണ് പ്രായം. നോവലിലെ ക്രിയാകാലം ആറുമാസത്തിനും ഒരു വർഷത്തിനുമിടയിലാണെന്ന് തോന്നുന്നു. വെളിവോടുകൂടിയും പലപ്പോഴും അർധബോധാവസ്ഥയിലും തന്റെ രാപ്പകലുകൾ തള്ളിനീക്കുന്നതിനിടയിൽ ഘടികാരസമയത്തിനപ്പുറത്തായി ഒരനന്തകാലം കുഞ്ഞേനാച്ചനെ മാടിവിളിക്കുന്നുണ്ട്.
ഇൗ അനന്തകാലത്തിന് അധിപനായ യഹോവയുടെ ദൃഷ്ടിയിൽ ആയിരം സംവത്സരമെന്നത് ഇന്നലെ കഴിഞ്ഞുപോയ ദിവസംപോലെയും രാത്രിയിലെ ഒരു യാമംപോലെയും ഇരിക്കുന്നു. യഹോവ മനുഷ്യരെ ഒഴുക്കിക്കളയുന്നു. അവർ ഉറക്കംപോലെയത്രെ. അവർ രാവിലെ മുളച്ചുവരുന്ന പുല്ലുപോലെയാകുന്നു. അത് രാവിലെ തഴച്ചുവളരുന്നു. വൈകുന്നേരം കരിഞ്ഞുവാടിപ്പോകുന്നു... തനിക്ക് ഏറിയാൽ ഇനി അരനാഴികനേരം ബാക്കി എന്ന് പിറുപിറുക്കുമ്പോഴും കുഞ്ഞേനാച്ചന്റെ ഹൃദയാന്തർഭാഗത്ത് സമയത്തിന്റെ സീമാതീതമായ, അനന്തഗംഭീരമായ ഈ തലത്തെക്കുറിച്ചുള്ള പ്രതീക്ഷ തിരിനീട്ടി നിൽപുണ്ട്.
കാളക്കച്ചവടക്കാരനായിരുന്ന കുഞ്ഞേനാച്ചനുൾപ്പെടെയുള്ള നോവലിലെ മിക്ക കഥാപാത്രങ്ങളുടെയും സാംസ്കാരിക നിലവാരം നന്നേ പരിമിതമായ ഒന്നാണ്. തങ്ങളുടെ ഇടവകക്കപ്പുറമുള്ള ലോകത്തെപ്പറ്റി അവർക്ക് പറയത്തക്ക വിവരമില്ല. കിടമത്സരങ്ങൾ പലതിനും വേദിയായിത്തീർന്ന, പ്രാകൃതവികാരങ്ങൾ ആളിപ്പിടിച്ചുനിൽക്കുന്ന ഒരു സാമൂഹിക പരിസരമാണ് പാറപ്പുറത്ത് ഈ നോവലിൽ വരഞ്ഞിട്ടിട്ടുള്ളത്. ഒരിക്കൽ ക്രിസ്ത്യാനികളും കരയിലെ നായന്മാരും തമ്മിൽ നടന്ന ഉശിരൻ പോരിനെക്കുറിച്ച് നോവലിൽ പരാമർശങ്ങളുണ്ട്. ഈ ഏറ്റുമുട്ടലിനിടയിലാണ് കുഞ്ഞേനാച്ചന് തന്റെ ഏറ്റവും മൂത്തമകനായ കുഞ്ഞോമയെ നഷ്ടപ്പെട്ടത്. വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ തീർത്തും പിന്നാക്കമാണെങ്കിലും വേറൊരു തരത്തിലുള്ള അറിവിനാൽ അനുഗൃഹീതനാണ് നമ്മുടെ കഥാനായകൻ.
വേദപുസ്തകത്തിൽ അടങ്ങിയിട്ടുള്ള പാഠങ്ങളും അതിലെ ദൃഷ്ടാന്ത കഥകളും ഉപമകളുമെല്ലാം അയാളുടെ ആന്തരജീവിതതെത സമ്പന്നമാക്കുന്നു. ‘പഴയനിയമ’ത്തിൽ വിവരിച്ചിട്ടുള്ള സംഭവങ്ങൾ അയാളുടെ ബോധാബോധങ്ങളിൽ സദാ മിന്നൽപ്പിണരുകൾ പായിക്കുന്നുണ്ട്. ശുഷ്‍കവും പലപ്പോഴും വികൃതവുമായ ദൈനംദിന യാഥാർഥ്യത്തെ അയാൾ പലപ്പോഴും മറികടക്കുന്നത് ഇത്തരം ഓർമകളിലൂടെയാണ്. ഭൂമിയിലെ തന്റെ വാസം തീർന്നുകൊണ്ടിരിക്കുമ്പോൾ കുഞ്ഞേനാച്ചൻ വേദപുസ്തകം തെളിച്ചുകാട്ടുന്ന സമാന്തര ലോകത്തോട് കൂടുതൽ കൂടുതലടുക്കുന്നു. ചിലപ്പോൾ യാഥാർഥ്യമേത് മിഥ്യയേത് എന്ന് തിരിച്ചറിയാൻ വയ്യാത്ത വിധത്തിൽ അയാൾ താൻ കുഞ്ഞുന്നാൾതൊട്ട് കേട്ടുവളർന്ന ക്രൈസ്തവ പുരാവൃത്തങ്ങളുടെയും ഐതിഹ്യങ്ങളുടെയും മേഖലയിൽ അഭയം കണ്ടെത്തുന്നു.
വാർധക്യമെന്നത് രണ്ടാം ബാല്യമാണെന്ന് ആരോ പറഞ്ഞുവെച്ചിട്ടുണ്ട്. കുേഞ്ഞനാച്ചൻ വാശിക്കാരായ പിള്ളേരെപ്പോലെ ദേഷ്യപ്പെടുകയും കലഹിക്കുകയും തലയും വാലുമില്ലാതെ ഓരോന്ന് വിളിച്ചുപറയുകയും ചെയ്യുന്നത് നാം കാണുന്നുണ്ട്. അയാളുടെ ചാപല്യങ്ങൾ കൂടെയുള്ളവരിൽനിന്ന് ചിരിയും അനുകമ്പയും ക്ഷണിച്ചുവരുത്തുന്നതും നമ്മുടെ കണ്ണിൽപ്പെടാതെ പോകുന്നില്ല. തന്നെ വലയം ചെയ്തിരിക്കുന്ന മായയിൽനിന്ന് മുക്തിനേടാൻ ഒരുങ്ങിനിൽക്കുന്ന ഈ പടുവൃദ്ധൻ തന്റെ ‘മൂന്നാം കണ്ണ്’ തുറന്ന് ത്രികാലജ്ഞാനിയെപ്പോലെ സംസാരിക്കുന്ന മുഹൂർത്തങ്ങൾക്കും വായനക്കാരൻ സാക്ഷ്യംവഹിക്കുന്നുണ്ട്.
ഉദാഹരണത്തിന് നോവലിലെ അഞ്ചാം അധ്യായത്തിൽ കുഞ്ഞേനാച്ചൻ പള്ളിക്കൂടത്തിൽ പോകാൻ ഒരുങ്ങിനിൽക്കുന്ന തന്റെ പേരമകൾ സിസിലിയുമായി സംസാരിക്കുന്ന ഒരു രംഗമുണ്ട്. ചാടിത്തുള്ളി പോകുന്ന ഈ കൊച്ചുമിടുക്കിയെ നോക്കിയിരിക്കുമ്പോൾ അവളുടെ വരുംകാലജീവിതം മുഴുവൻ കുഞ്ഞേനാച്ചന്റെ അകതാരിൽ തെളിയുന്നു. സിസിലി ഒരു മുതിർന്ന പെണ്ണും, ലക്ഷണമൊത്ത യുവതിയും കാര്യങ്ങളുടെമേൽ നിയന്ത്രണമുള്ള ഭാര്യയും, അവസാനം ശാരീരികാവശതകളാൽ കഷ്ടപ്പെടുന്ന, മക്കളുടെയും മരുമക്കളുടെയും കുറ്റപ്പെടുത്തലും നിന്ദയും ഏറ്റുവാങ്ങേണ്ടിവരുന്ന വൃദ്ധയുമായി പരിണമിക്കുന്നത് അയാൾ ദീർഘദർശനം ചെയ്യുന്നു. കാടുകയറിയ ഭാവനാവിലാസം മാത്രമല്ല ഇവിടെയുള്ളത്. ഇഹപരങ്ങളുടെ അതിർത്തി രേഖയിലൂടെ തെന്നിനീങ്ങുമ്പോൾ കുഞ്ഞേനാച്ചന് ഭാവിയുടെ ഗർഭഗൃഹത്തിലുള്ള കാര്യങ്ങളെക്കുറിച്ച് അന്തർജ്ഞാനം കൈവന്നതുപോലുണ്ട്.
മരണം അടുത്തുവരുംതോറും ഓർമകളുടെ ലോകത്തിലേക്ക് പിൻവാങ്ങാനുള്ള വാസന പ്രകടിപ്പിക്കുന്ന കുഞ്ഞേനാച്ചൻ പണ്ട് തന്നെ വിട്ടുപിരിഞ്ഞ ഇഷ്ടജനങ്ങളുമായി സംഭാഷണത്തിലേർപ്പെടുന്നു. നോവലിലെ പന്ത്രണ്ടാമധ്യായത്തിൽ പണ്ട് കരയിലെ നായൻമാരുമായുള്ള യുദ്ധത്തിൽ മരിച്ച മൂത്തമകൻ കുഞ്ഞോമ അയാൾക്കു മുന്നിൽ പ്രത്യക്ഷപ്പെടുന്നു. കുറച്ചുനേരം മാത്രം നീണ്ടുനിൽക്കുന്ന അവരുടെ സംഭാഷണത്തിനിടയിൽ അപ്പൻ മൂക്കിനുതാഴെ നടക്കുന്ന കാര്യങ്ങൾപോലും മനസ്സിലാക്കിയിട്ടില്ലല്ലോ എന്ന് കുഞ്ഞോമ പരിഹാസപൂർവം പറയുന്നു. മാത്തുക്കുട്ടിയും ശിവരാമക്കുറുപ്പും തുടങ്ങിയിട്ടുള്ള പങ്കുകച്ചവടത്തെക്കുറിച്ചും, അതിൽ മാത്തുക്കുട്ടിക്കുള്ള നിയന്ത്രണത്തെക്കുറിച്ചും കുഞ്ഞേനാച്ചൻ ഊറ്റംകൊള്ളുമ്പോൾ കുഞ്ഞോമയുടെ വായിൽ തികട്ടിവരുന്നത് ഒരു നിന്ദാവചനമാണ്:
‘‘അവന്റെ കൈയിൽ കുന്തമിരിക്കുന്നു!
എമ്പോക്കി! ഏഭ്യൻ!’’
‘‘അതെന്താടാ നീ അങ്ങനെ പറെഞ്ഞ?’’
‘‘അപ്പനെന്തോ കണ്ടു! ആകെ ഇരുട്ട്. ഒരു മെഴുകുതിരി കൊളുത്തിവെച്ചിട്ട് എല്ലാം കണ്ടെന്നും പറഞ്ഞുനടക്കുന്നു. അപ്പനൊരു ചുക്കും കണ്ടില്ല. ഒന്നും അറിഞ്ഞില്ല...’’
നോക്കെത്താത്ത ദൂരത്തോളം പരന്നുകിടക്കുന്ന കൂരിരുട്ടിന്റെ വിളുമ്പിൽ കൈയിൽ ഒരു മെഴുകുതിരി കൊളുത്തിപ്പിടിച്ച് താൻ എല്ലാം കണ്ടു എന്ന മിഥ്യാഭിമാനത്തോടെ നിലകൊള്ളുന്ന മനുഷ്യന്റെ ചിത്രം അഗാധമായ അർഥധ്വനി ഉൾക്കൊള്ളുന്ന ഒന്നാണ്. ഇവിടത്തെ കഥാസന്ദർഭത്തിൽ കുഞ്ഞോമ സൂചിപ്പിക്കുന്നത് മാത്തുക്കുട്ടിയും കുഞ്ഞേനാച്ചനുമറിയാതെ ദീനാമ്മ ശിവരാമക്കുറുപ്പിനെപ്പോലുള്ള അന്തസ്സുെകട്ട ഒരാളുമൊത്ത് കിടപ്പറ പങ്കിട്ടുവരുന്ന കാര്യമാണ്. ‘ഖസാക്കിന്റെ ഇതിഹാസ’ത്തിൽ ഒ.വി. വിജയൻ തന്റെ ഒരു കഥാപാത്രത്തിന്റെ ജീവിതനൈരാശ്യത്തെ ചിമിഴിലൊതുക്കിക്കൊണ്ട് നടത്തുന്ന ഒരു നിരീക്ഷണം ഓർമയില്ലേ? ‘‘ഓരോ കാഴ്ചയും കാണലിന്റെ സാരാംശം ചോർത്തിക്കളഞ്ഞു.’’ കുഞ്ഞേനാച്ചനും ഇതേ അനുഭാവമാണുണ്ടാകുന്നത്.
ജീവിതത്തിന്റെ പകലറുതിയിൽ ഒന്നിനു പിന്നാലെ ഒന്നായി വരുന്ന തിരിച്ചടികൾക്കൊടുവിൽ നമ്മുടെ കഥാനായകൻ തന്റെ നേരുകളുടെ അടിത്തറ മാന്തുന്ന ഒരു കാഴ്ച കാണാനിടവരുന്നു. ദീനാമ്മയുടെ രഹസ്യവേഴ്ച കണ്ണിൽപ്പെട്ടതിനെ തുടർന്ന് ആകെ തകർന്ന കുഞ്ഞേനാച്ചൻ നീണ്ടുനിൽക്കുന്ന ബോധക്കേടിൽ കൂപ്പുകുത്തുന്നു. ശിവരാമക്കുറുപ്പ് കുഞ്ഞേനാച്ചന് പതിവായി കൈമാറുന്ന കറുപ്പിൽ വിഷം ചേർത്ത് കൊടുത്ത് അയാളുടെ അന്ത്യം ഉറപ്പാക്കുന്നു.
വയസ്സുകാലത്ത് തന്നെ ശ്രദ്ധാപൂർവം പരിചരിച്ച ദീനാമ്മയെപ്പറ്റി കുഞ്ഞേനാച്ചന് അത്രയേറെ മതിപ്പും വിശ്വാസവുമുണ്ടായിരുന്നു. സ്ത്രീയുടെ വിശ്വസ്തതയെ സംബന്ധിച്ച മിഥ്യാധാരണകൂടി ഉടയുന്നതോടെ അയാളുടെ ജീവിതം അതിന്റെ അനിവാര്യമായ അന്ത്യത്തിലേക്ക് കുതികൊള്ളുന്നു. ഇവിടെ ജീവിച്ചിരുന്ന കുഞ്ഞേനാച്ചൻ അറിയാതെപോയ പലതും അയാളുടെ മൃതാത്മാവായ മൂത്തമകൻ മനസ്സിലാക്കിയിരിക്കുന്നു! ഷേക്സ്പിയറുടെ ‘ഹാംലറ്റ്’ തൊട്ടിങ്ങോട്ട് വിശ്വസാഹിത്യത്തിലെ ദാർശനിക സ്വഭാവമുള്ള കൃതികളിൽ ആവർത്തിച്ചു കടന്നുവരുന്ന ഒരു നിത്യപ്രമേയത്തെ –അറിവിന്റെയും അറിവില്ലായ്മയുടെയും ദ്വന്ദ്വം– പാറപ്പുറത്ത് ഈ നോവലിൽ സ്പർശിച്ചതായി തോന്നുന്നു.
നന്നെ ചെറുപ്പത്തിൽ മരിച്ച മകൾ കുഞ്ഞമ്മ ഒരു നാൾ അപ്പന്റെ മുന്നിൽ ഉയിർകൊള്ളുന്നു. താൻ താമസിക്കുന്ന നിത്യരാജ്യത്തിലെ അഴിവില്ലാത്ത വീടിനെക്കുറിച്ച് കുഞ്ഞമ്മ വാചാലയാകുമ്പോൾ ‘‘നിന്റെ അമ്മയെന്തിനാ വെളിക്കു നിക്കുന്നേ? വിളി’’ എന്ന് കുഞ്ഞേനാച്ചൻ അവളോട് പറയുന്നു. അമ്മ അകത്തേക്കുവരില്ലെന്ന് പറഞ്ഞതായി അവൾ അപ്പനെ അറിയിക്കുന്നു. ശരിയാണ്, കുഞ്ഞേനാച്ചന്റെ ഭാര്യ മാറിനിൽക്കുകയാണ്. പെട്ടെന്ന് സിനിമയിലെ ‘ഡിസോൾവ് ഷോട്ടി’ലെന്നപോലെ ഭാര്യയുടെ സ്ഥാനത്ത് പണ്ട് പ്രേമവിലാസങ്ങൾകൊണ്ട് അയാളെ ലഹരിപിടിപ്പിച്ച പെണ്ണമ്മ കടന്നുവരുന്നു. താൻ നിൽക്കുന്നിടത്ത് എങ്ങനെ ഭാര്യ വരാനാണ് എന്നു പറഞ്ഞുകൊണ്ട് പെണ്ണമ്മ അയാളുമായി മധുരാർദ്രമായ ഒരു സല്ലാപത്തിലേർപ്പെടുന്നു. ഈ നോവലിലെ ഏറ്റവും സ്മൃതിതരളമായ മുഹൂർത്തമാണിത്. ശലോമോന്റെ ഗീതങ്ങളിൽനിന്നുള്ള ഇമ്പമാർന്ന മറ്റൊലികൾ ഈണം പകരുന്ന ഒന്നാണ് ഇരുവരും തമ്മിലുള്ള ഈ കൂടിക്കാഴ്ച:
‘‘പ്രിയാ, വരൂ. നമുക്ക് പോകാം. നാം വെളിംപ്രദേശത്തേക്കു പോക. നമുക്കു ഗ്രാമങ്ങളിൽ ചെന്നു രാപാർക്കാം. അതികാലത്തെഴുന്നേറ്റ് ഗ്രാമങ്ങളിൽപോയി മുന്തിരിവള്ളി തളിർത്ത് പൂ വിടരുകയും മാതളനാരങ്ങ പൂക്കുകയും ചെയ്തുവോ എന്നു നോക്കാം. അവിടെവെച്ച് ഞാൻ എന്റെ പ്രേമം തരാം...’’
‘‘പെണ്ണമ്മേ, ഞാൻ വൃദ്ധനായിരിക്കുന്നതു നീ കാണുന്നില്ലേ?’’
‘‘ആരു പറഞ്ഞു? നിത്യയൗവനം നമുക്കു മടക്കിക്കിട്ടിയല്ലോ! എന്നേ നോക്കൂ. എന്റെ കവിൾത്തടങ്ങളിൽ നോക്കൂ. കണ്ണിൽ നോക്കൂ. അറുപതു രാജ്ഞികളും എൺപതു വെപ്പാട്ടികളും അസംഖ്യം കന്യകമാരും എന്നെ ‘ഭാഗ്യവതി’ എന്നു വിളിക്കുന്നു! പ്രിയാ, എന്നെ ചുംബിക്കൂ..!’’
ചുംബിക്കാനായി ചേർത്തുനിർത്തി.
ഇല്ല, ഒന്നുമില്ലല്ലോ.
പുകപോലെ, മേഘശകലം പോലെ, അവൾ കൈയിൽനിന്നു വഴുതിപ്പോകുന്നു.
ശൂന്യത!