കൊറിയൻ കമ്യൂണിസത്തിന്റെ ചരിത്രം
കൊറിയൻ എഴുത്തുകാരനായ ഹ്വാങ് സോക് യോങ് രചിച്ച ‘മാറ്റെർ 2-10’ എന്ന നോവലിന്റെ വായന.ഇരുപതാം നൂറ്റാണ്ടിൽ കൊറിയയിൽ സംഭവിച്ച സാമ്രാജ്യത്വ അധിനിവേശം, തൊഴിലാളി പ്രസ്ഥാനങ്ങൾ, യുദ്ധം, വിഭജനം എന്നിവയുടെ ചരിത്രം ഒരു തൊഴിലാളിവർഗ കുടുംബത്തിന്റെ നാലു തലമുറകളുടെ കഥകളിലൂടെ അടയാളപ്പെടുത്തുന്ന നോവലാണ് ‘മാറ്റെർ 2-10’. കൊറിയൻ എഴുത്തുകാരനായ ഹ്വാങ് സോക് യോങ് ആണ് ‘മാറ്റെർ 2-10’ രചിച്ചിരിക്കുന്നത്. ചരിത്രത്തിൽ പേര് രേഖപ്പെടുത്തപ്പെടാതെ പോയ അനേകം തൊഴിലാളികൾക്കുവേണ്ടിയാണ് താൻ...
Your Subscription Supports Independent Journalism
View Plansകൊറിയൻ എഴുത്തുകാരനായ ഹ്വാങ് സോക് യോങ് രചിച്ച ‘മാറ്റെർ 2-10’ എന്ന നോവലിന്റെ വായന.
ഇരുപതാം നൂറ്റാണ്ടിൽ കൊറിയയിൽ സംഭവിച്ച സാമ്രാജ്യത്വ അധിനിവേശം, തൊഴിലാളി പ്രസ്ഥാനങ്ങൾ, യുദ്ധം, വിഭജനം എന്നിവയുടെ ചരിത്രം ഒരു തൊഴിലാളിവർഗ കുടുംബത്തിന്റെ നാലു തലമുറകളുടെ കഥകളിലൂടെ അടയാളപ്പെടുത്തുന്ന നോവലാണ് ‘മാറ്റെർ 2-10’. കൊറിയൻ എഴുത്തുകാരനായ ഹ്വാങ് സോക് യോങ് ആണ് ‘മാറ്റെർ 2-10’ രചിച്ചിരിക്കുന്നത്. ചരിത്രത്തിൽ പേര് രേഖപ്പെടുത്തപ്പെടാതെ പോയ അനേകം തൊഴിലാളികൾക്കുവേണ്ടിയാണ് താൻ ഈ പുസ്തകം രചിച്ചിരിക്കുന്നതെന്ന് ഹ്വാങ് സോക് യോങ് പറയുന്നു. 2024ലെ അന്തർദേശീയ ബുക്കർ പുരസ്കാരത്തിന്റെ ചുരുക്കപ്പട്ടികയിൽ സ്ഥാനം പിടിച്ച ഈ നോവൽ ഇംഗ്ലീഷിലേക്കു മൊഴിമാറ്റം ചെയ്തത് സോറ കിം റസ്സൽ, യുങ്സെയ് ജോസെഫിൻ ബേ എന്നിവർ ചേർന്നാണ്.
ഫാക്ടറി തൊഴിലാളിയും യൂനിയൻ ബ്രാഞ്ച് ചീഫുമായ ഈ ജിനോ (Yi Jino) ഒരു ഫാക്ടറിയുടെ ചിമ്മിനിയുടെ മുകളിൽ കുത്തിയിരിപ്പുസമരം നടത്തുന്നിടത്തുനിന്നാണ് ‘മാറ്റെർ 2-10’ ആരംഭിക്കുന്നത്. ഫാക്ടറി ഉടമകൾ വിറ്റതിനെത്തുടർന്ന് ജിനോ ഉൾപ്പെടെയുള്ള തൊഴിലാളികൾക്കു ജോലി നഷ്ടമായി. പിരിച്ചുവിട്ടവരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ജിനോയുടെ സമരം. ചിമ്മിനി മുകളിൽ ജിനോ ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പികളിൽ ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ തന്റെ പ്രിയപ്പെട്ടവരുടെ പേരുകൾ എഴുതുന്നു. രാത്രികളിൽ അവർ ഓരോരുത്തരും അയാളെ സന്ദർശിക്കുന്നുണ്ട്.
ജിനോയുടെ ഓർമകളായും ചിമ്മിനി മുകളിൽ ജിനോയെ സന്ദർശിക്കാനെത്തുന്ന ആത്മാക്കളുടെ സംഭാഷണങ്ങളായും ഇരുപതാം നൂറ്റാണ്ടിലെ കൊറിയയുടെ ചരിത്രം നോവലിൽ അനാവൃതമാകുന്നു. അനേകം കഥാപാത്രങ്ങളുള്ള ഒരു ബൃഹത് നോവലാണ് ഇത്. വർത്തമാനകാല വിവരണത്തിലൂടെയാണ് ആരംഭിക്കുന്നതെങ്കിലും ഭൂതകാലത്തെയും വർത്തമാനകാലത്തെയും സംഭവങ്ങൾ ഇടകലർത്തി വിവരിക്കുന്ന ആഖ്യാനരീതിയിലാണ് കഥ പുരോഗമിക്കുന്നത്. പല കാലഘട്ടങ്ങൾ, സംഭവങ്ങൾ, സ്ഥലങ്ങൾ എന്നിവയിലൂടെയെല്ലാം നോവൽ അനായാസം സഞ്ചരിക്കുന്നുണ്ട്.
റെയിൽവേ ബ്യൂറോയിൽ ഉദ്യോഗസ്ഥനായ, ജിനോയുടെ മുതുമുത്തച്ഛൻ ബെക്മൻ. അയാളുടെ മൂത്തമകൻ ഇൽച്ചോൾ ജാപ്പനീസ് ട്രെയിനിങ് സ്കൂളിൽ പരിശീലനം നേടി റെയിൽവേയിൽ എൻജിൻ ഡ്രൈവറായ ആളാണ്. ബെക്മന്റെ ഇളയമകൻ ഇച്ചോൾ ആകട്ടെ ഫാക്ടറി തൊഴിലാളിയും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സജീവാംഗവുമായിരുന്നു. ഇച്ചോളിലൂടെയാണ് കൊറിയൻ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രം ‘മാറ്റെർ 2-10’ പറയുന്നത്.
ബെക്മന്റെ ഭാര്യ ഹുവാൻ ഡെക്കിന് (Juan-deak) മകന്റെ ജനനത്തിനുശേഷം അസാധാരണമായ വിശപ്പുണ്ടായി. ഒരു രാത്രിയിൽ പാകംചെയ്ത മധുരക്കിഴങ്ങ് അമിതമായി കഴിച്ച് അവർ മരണപ്പെടുന്നു. അസാധാരണ ശക്തിയുള്ള സ്ത്രീയായാണ് ഇവരെ നോവലിൽ അവതരിപ്പിച്ചിരിക്കുന്നത്. ചരക്കുവണ്ടി ഉയർത്തി അതിനടിയിൽപെട്ട ചുമട്ടു തൊഴിലാളിയെ രക്ഷിച്ചതുൾപ്പെടെ അവരുടെ ശക്തിയെപ്പറ്റി പല കഥകളും പ്രചരിച്ചിരുന്നു. മാർച്ച് ഒന്ന് സ്വാതന്ത്ര്യസമരം രാജ്യവ്യാപകമായി പൊട്ടിപ്പുറപ്പെട്ടതിനുശേഷമുള്ള വർഷം നാട്ടിൽ പ്രളയമുണ്ടായി. പ്രളയത്തിൽപ്പെട്ട കുട്ടികളെ ഹുവാൻ ഡെക് തനിയെ സുരക്ഷിതസ്ഥലത്ത് എത്തിക്കുന്നു. പ്രളയജലത്തിൽ സാഹസികമായി നീന്തി, ഒഴുകിവന്ന മൃഗങ്ങളെ അവർ കരക്കെത്തിക്കുന്നുണ്ട്.
പ്രളയത്തിൽപെട്ടുപോയ ഭർത്താവിനെയും അവർ രക്ഷിക്കുന്നു. അവരുടെ മരണത്തിനുശേഷം ബെക്മാന്റെ സഹോദരി കുട്ടികളുടെ സംരക്ഷണം ഏറ്റെടുത്തു. ഹുവാൻ ഡെക്കിന്റെ ആത്മാവ് നോവലിൽ പലയിടത്തും പ്രത്യക്ഷമാകുന്നുണ്ട്. അവരുടെ മരണശേഷമുണ്ടായ ഒരു പ്രളയത്തിലും ഹുവാൻ ഡെക്കിന്റെ ആത്മാവ് വന്നു തന്നെയും കുട്ടികളെയും ചങ്ങാടത്തിൽ കയറ്റി രക്ഷപ്പെടുത്തിയെന്നു സഹോദരി ഓർക്കുന്നു. വ്യക്തിത്വവും തീരുമാനങ്ങളെടുക്കാൻ പ്രാപ്തിയുള്ളവരുമാണ് നോവലിലെ സ്ത്രീ കഥാപാത്രങ്ങൾ.
കൊറിയയിലെ ചോസോൺ രാജവംശത്തിന്റെ (Joseon Dynasty) കാലം മുതലുള്ള ചരിത്ര പശ്ചാത്തലത്തിലാണ് ‘മാറ്റെർ 2-10’ വികസിക്കുന്നത്. 1392 മുതൽ 1910 വരെ നീണ്ടുനിന്ന ദീർഘകാലത്തെ ഭരണത്തിനുശേഷമാണ് ചോസോൺ രാജവംശം ജപ്പാൻ സാമ്രാജ്യത്വത്തിനു മുന്നിൽ അടിയറവു പറഞ്ഞത്. 1904 ഫെബ്രുവരിയിൽ ജപ്പാൻ സൈന്യം കൊറിയൻ മണ്ണിൽ കാലുകുത്തി. തുടർന്ന് ചോസോൺ ഭരണകൂടം കൊറിയ-ജപ്പാൻ പ്രോട്ടോകോളിൽ ഒപ്പുവെക്കാൻ നിർബന്ധിതരാകുകയും അതുപ്രകാരം കൊറിയയിൽ ജപ്പാന്റെ പട്ടാളം നിലയുറപ്പിക്കുകയുംചെയ്തു.
1910ൽ ജപ്പാൻ-കൊറിയ കൂട്ടിച്ചേർക്കൽ ഉടമ്പടി നിലവിൽ വന്നതോടെ കൊറിയ പൂർണമായും ജപ്പാന്റെ നിയന്ത്രണത്തിലായി. റഷ്യയിൽ 1917ലെ ബോൾഷെവിക് വിപ്ലവത്തിലൂടെ സാർ ചക്രവർത്തി സിംഹാസനത്തിൽനിന്നു നിഷ്കാസിതനായി. 1919ൽ രൂപവത്കരിക്കപ്പെട്ട കമ്യൂണിസ്റ്റ് ഇന്റർനാഷനൽ (comintern) വഴി ആശയപരമായി സാമ്രാജ്യത്വത്തിനെതിരായിരുന്ന സോവിയറ്റ് യൂനിയൻ കൊറിയയിൽ ഉയർന്നുവന്ന കമ്യൂണിസ്റ്റ് ചിന്താഗതിയെ പിന്തുണച്ചു.
റെയിൽപാതകൾ നിർമിക്കാനായി കൊറിയയിലെ പാടങ്ങളും ഗ്രാമങ്ങളും വനങ്ങളും ജപ്പാന്റെ പട്ടാളസൈന്യം പിടിച്ചെടുത്തു. ദേശീയ പരമാധികാരം നഷ്ടപ്പെട്ട കൊറിയൻ ഗവൺമെന്റ് വെറും നോക്കുകുത്തിയായി. തുടക്കത്തിൽ പിടിച്ചെടുക്കുന്ന ഭൂമിക്കു പത്തിലൊന്നു വില നൽകുമെന്നു പറഞ്ഞിരുന്നെങ്കിലും ജപ്പാൻ-റഷ്യ യുദ്ധം തുടങ്ങിയതോടെ ആ വാഗ്ദാനം വാക്കുകളിൽ മാത്രമായി ഒതുങ്ങി, തങ്ങൾക്കാവശ്യമുള്ളത്രയും ഭൂമി പിടിച്ചെടുക്കുക എന്നതു മാത്രമായി ജപ്പാൻ പട്ടാളഭരണകൂടത്തിന്റെ നയം. കൊറിയയിലെ സാധാരണക്കാർക്ക് അവരുടെ വീടും ഭൂമിയും; എന്തിന്, പൂർവികരുടെ കുഴിമാടങ്ങൾ വരെ തിരികെ ഒന്നും കൈപ്പറ്റാതെ നഷ്ടപ്പെടുത്തേണ്ടി വന്നു.
രാജ്യത്തെ ആരോഗ്യമുള്ള പുരുഷന്മാർക്ക് നിർബന്ധിതമായി റെയിൽപാത നിർമാണത്തിലേർപ്പെടേണ്ടി വന്നതോടെ രാജ്യത്തു കൃഷിചെയ്യാൻ ആളുകളില്ലാതെയായി. യുദ്ധകാലത്ത് നിർമാണപ്രവൃത്തികൾ ദ്രുതഗതിയിൽ തീർക്കാനായി കൊറിയൻ തൊഴിലാളികളെ തോക്കിൻമുനയിൽ നിർത്തി പണിയെടുപ്പിക്കുകയും തളർന്നുവീഴുന്നവരെ കൊലപ്പെടുത്തുകയുംചെയ്തു. അങ്ങനെ മരണപ്പെട്ടവരുടെ ആത്മാക്കൾ നിർമാണസ്ഥലങ്ങളിൽ പ്രത്യക്ഷപ്പെടുമായിരുന്നത്രെ. ആത്മാക്കളുടെ പ്രത്യക്ഷപ്പെടലുകളും ഭാവിപ്രവചനങ്ങളും കഥയിലുടനീളം കാണാം. നാടോടിക്കഥകൾക്കും ദൈനംദിന സംസാരരീതികൾക്കും ഇടയിലുള്ള (Mindam Realism) കഥപറച്ചിലെന്നാണ് തന്റെ ശൈലിയെ നോവലിസ്റ്റ് വിശേഷിപ്പിച്ചിരിക്കുന്നത്.
ഒരിക്കൽ ഇച്ചോൾ ജോലിചെയ്തിരുന്ന ഫാക്ടറിയിൽ ഉൽപാദനത്തിൽ ഒരു പിഴവു പറ്റിയതിനെ തുടർന്ന് തൊഴിലാളികൾക്കിടയിൽ തർക്കമുണ്ടായി. ആ സമയം അവിടെയുണ്ടായിരുന്ന ഒരു മുതിർന്ന തൊഴിലാളി ആ പിഴവിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. പിന്നീട് ഇച്ചോൾ അയാളോട് എന്തുകൊണ്ടാണ് സ്വയം ആ ഉത്തരവാദിത്തം ഏറ്റെടുക്കാൻ തയാറായതെന്ന് അന്വേഷിക്കുന്നുണ്ട്. അതിന് അയാളുടെ മറുപടി, ‘‘ഇന്നലെയും ഇന്നും നാളെയും തമ്മിൽ വ്യത്യാസങ്ങളൊന്നുമില്ലാത്തതുകൊണ്ട് ഇന്ന് എന്നൊന്ന് സംഭവിച്ചിട്ടേയില്ലെന്ന് തനിക്കു കരുതാൻ കഴിയും’’ എന്നായിരുന്നു. തുടർന്ന് അയാൾ അതേപ്പറ്റി വിശദീകരിച്ചു. ആ തർക്കം പറഞ്ഞു തൊഴിലാളികൾ പരസ്പരം കുറ്റപ്പെടുത്തിയിരുന്നെങ്കിൽ അവരിലൊരാളെ മാനേജ്മെന്റ് പുറത്താക്കുമായിരുന്നു.
ജപ്പാൻ കൊറിയക്കാരെ പരസ്പരം പോരടിപ്പിച്ചു ചോസോൺ സാമ്രാജ്യത്തിന്റെ പതനത്തിലെത്തിച്ചതും അങ്ങനെയായിരുന്നുവെന്ന് അയാൾ അഭിപ്രായപ്പെടുന്നു. കൊറിയക്കാർ ഒരുമിച്ചു നിൽേക്കണ്ടതിന്റെ പ്രാധാന്യത്തെപ്പറ്റിയാണ് അയാൾ പറഞ്ഞത്. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തയാളായിരുന്നു വൂചാങ് എന്ന് പേരുള്ള ആ മനുഷ്യൻ എന്ന് ഇച്ചോൾ പിന്നീടു മനസ്സിലാക്കുന്നു. സോഷ്യലിസത്തിന്റെ അടിസ്ഥാന ആശയങ്ങൾ അയാളാണ് ഇച്ചോളിനു പകർന്നുനൽകുന്നത്. ‘‘റഷ്യയിൽ സാർ ചക്രവർത്തിയെ നിഷ്കാസനം ചെയ്ത് ജനങ്ങളുടെ സർക്കാർ രൂപവത്കരിച്ചു കഴിഞ്ഞു, മഞ്ചൂരിയയിൽ കൊറിയൻ ദേശസ്നേഹികൾ ജപ്പാനെതിരെ പോരാടുന്നു. ചോസോണിലും വിപ്ലവത്തിനു സമയമായി’’ എന്ന് വൂചാങ് ഇച്ചോളിനെ ഓർമപ്പെടുത്തുന്നു.
ആ സമയത്ത് സ്വാതന്ത്ര്യം, സമത്വം തുടങ്ങിയ സോഷ്യലിസ്റ്റ് ആശയങ്ങൾ ചോസോണിൽ എത്തിക്കഴിഞ്ഞിരുന്നു. 1925 ഏപ്രിലിൽ ചോസോൺ കമ്യൂണിസ്റ്റ് പാർട്ടി രൂപവത്കൃതമായി. തുടർന്നുവന്ന അഞ്ചുവർഷക്കാലത്ത് 12,000ത്തിനും 30,000ത്തിനും ഇടയിൽ കൊറിയക്കാർ രാജ്യത്ത് പലയിടങ്ങളിലായി നൂറുകണക്കിനു തൊഴിൽ സമരങ്ങളിലും കാർഷിക സമരങ്ങളിലും പങ്കെടുത്തു. പുസ്തക കൂട്ടായ്മകളിലൂടെയാണ് ആദ്യകാലങ്ങളിൽ ഇച്ചോളും കൂട്ടരും ഫാക്ടറി തൊഴിലാളികളെ സംഘടിപ്പിക്കുകയും കമ്യൂണിസ്റ്റ് ആശയങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തിരുന്നത്.
ഇച്ചോളിനെപ്പോലെ സ്വന്തമായുള്ളതെല്ലാം രാജ്യത്തിനുവേണ്ടി ഉപേക്ഷിച്ച് കൊറിയയുടെ സ്വാതന്ത്ര്യത്തിനായി പോരാടുന്ന ദേശസ്നേഹികൾക്കൊപ്പം പണത്തിനും അധികാരത്തിനും വേണ്ടി സ്വന്തം ജനതയെ സാമ്രാജ്യത്വശക്തിക്ക് ഒറ്റുകൊടുക്കുന്ന മറ്റൊരു വിഭാഗവും അക്കാലത്ത് സമൂഹത്തിൽ വളർന്നുവന്നു. ജപ്പാനുവേണ്ടി സമൂഹത്തിൽ ചാരപ്പണി ചെയ്യുന്നവരായിരുന്നു അക്കൂട്ടർ. അവർ സംശയം തോന്നുന്നവരെക്കുറിച്ചു പൊലീസിന് അറിവുകൊടുത്തു. ഇങ്ങനെ പിടിക്കപ്പെടുന്ന തദ്ദേശവാസികൾക്ക് കടുത്ത പീഡനങ്ങളാണ് നേരിടേണ്ടിവന്നത്. ചാട്ടവാറടി മുതൽ മരണംവരെയുള്ള എന്തു ശിക്ഷയും വിചാരണ കൂടാതെതന്നെ അവർ നേരിടേണ്ടിവന്നു.
ഒരു കമ്യൂണിസ്റ്റ് ഇല്ലാതെയായാൽ എന്ത്? (Who cares if a communist dies?) എന്നതായിരുന്നു അന്വേഷണത്തിന്റെ പൊതുസ്വഭാവം. തടവുകാരെ ജീവനോടെ നിലനിർത്തിയിരുന്നതുതന്നെ അവരിൽനിന്ന് ആവശ്യമായ വിവരങ്ങൾ ശേഖരിക്കാൻവേണ്ടി മാത്രമായിരുന്നു. ചോദ്യംചെയ്യലിനിടയിൽ അവർ മരിച്ചാലും അന്വേഷണങ്ങൾ ഉണ്ടാകാറില്ലായിരുന്നു. വലിയ ഇരകളെ പീഡിപ്പിക്കാൻ മാത്രമാണ് ജാപ്പനീസ് ഉദ്യോഗസ്ഥർ എത്തിയിരുന്നത്. ചെറിയ തെറ്റുകൾ ചെയ്തവരെ പീഡിപ്പിച്ചു വിവരങ്ങൾ ശേഖരിക്കേണ്ട ഉത്തരവാദിത്തം കൊറിയക്കാരായ ഉദ്യോഗസ്ഥർക്കായിരുന്നു. ഇച്ചോളിനെ പൊലീസ് അറസ്റ്റുചെയ്യുകയും ജയിലിൽ െവച്ച് അയാൾ മരണപ്പെടുകയുംചെയ്യുന്നു.
കൊറിയൻ ദേശീയത ഇല്ലാതാക്കിയാൽ തങ്ങൾക്കുകീഴിൽ കൊറിയക്കാരെ ഫലപ്രദമായി അണിനിരത്താനും സൈനികവത്കരിക്കാനും കഴിയുമെന്ന് സാമ്രാജ്യത്വശക്തിയായ ജപ്പാൻ കരുതി. അതിനായി അവർ പലമാർഗങ്ങൾ ഉപയോഗിച്ചു. മാധ്യമങ്ങളെ അവർ ചൊൽപടിയിൽനിർത്തി. 1931ൽ ചൈനീസ് കൊറിയൻ കർഷകർക്കിടയിൽ ചെറിയ ഒരു തർക്കമുണ്ടായി. ഈ സംഭവം കൊറിയക്കാർക്കിടയിൽ സംഭ്രമമുണ്ടാക്കാനായി ഗവൺമെന്റ് ഉപയോഗിച്ചു. കൊറിയൻ മാധ്യമങ്ങളിൽ ചൈനീസ് വിരുദ്ധവികാരം ഉണർത്തുന്ന തരത്തിലുള്ള വാർത്തകൾ വന്നു. കൊറിയക്കാർ മാധ്യമങ്ങളെ വിശ്വസിച്ചു ചൈനക്കാർക്കെതിരെ ആക്രമണം അഴിച്ചുവിടാൻ തുടങ്ങി. കൊറിയൻ പൗരസംഘടനകൾ ഇതിനെതിരെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിക്കൊണ്ടു രംഗത്തുവന്നു. ജപ്പാൻ ഭരണത്തിൻകീഴിൽ കൊറിയയുടെ ദേശീയഭാഷ ജാപ്പനീസ് ആയിമാറി.
വിദ്യാലയങ്ങളിൽ കുട്ടികൾക്ക് ജാപ്പനീസ് ഭാഷ പഠിക്കേണ്ടിവരുന്നു. ഇച്ചോളിനെ അറസ്റ്റ് ചെയ്യുന്ന രഹസ്യ പൊലീസ് ഉദ്യോഗസ്ഥൻ ഡാർയോങ് തന്റെ പേര് യാമാഷിത എന്നു മാറ്റുന്നുണ്ട്. ജനങ്ങൾ കൊറിയൻ പേരുകൾ മാറ്റി ജാപ്പനീസ് പേരുകളിലേക്ക് മാറാൻ നിർബന്ധിതരാകുന്നു. ഗവൺമെന്റ് ഓഫിസുകളിൽ കൊറിയക്കാർ കൊറിയൻ പേരുകളിൽ കൊടുക്കുന്ന അപേക്ഷകൾ നിരാകരിക്കപ്പെട്ടു, മാത്രമല്ല അച്ചടക്കമില്ലാത്തവർ എന്ന നിലയിൽ അവർ നിരീക്ഷണത്തിനു വിധേയരാകുകയും ചെയ്തു. കൊറിയൻ പേരുകളുള്ള കൊറിയക്കാർക്ക് ജപ്പാനിലേക്ക് യാത്ര നിഷേധിക്കപ്പെട്ടു. ജാപ്പനീസ് പേരില്ലാതെ കുട്ടികളുടെ ജനനം രജിസ്റ്റർ ചെയ്യാൻ കഴിയാതെ വന്നു. സാമ്രാജ്യത്വ അധിനിവേശം ഒരു ജനതയുടെ ദേശീയബോധത്തെ നിർവീര്യമാക്കാനായി സ്വീകരിക്കുന്ന നടപടികളിൽ പ്രധാനമായിരുന്നു അവരുടെ സ്വത്വബോധത്തെ ഇല്ലായ്മ ചെയ്യുന്നത്.
രണ്ടാം ലോകയുദ്ധത്തിൽ ജപ്പാന്റെ പതനത്തിനുശേഷം മുപ്പത്തിയെട്ടാമത് അക്ഷാംശരേഖക്ക് ദക്ഷിണഭാഗം അമേരിക്കൻ സൈന്യത്തിന്റെ നിയന്ത്രണത്തിലായി. അധിനിവേശകാലത്ത് കൊറിയയിലെ എൺപതു ശതമാനത്തോളം ഉൽപാദനം, മൂലധനം, സാേങ്കതികവിദ്യ, തൊഴിലാളികൾ എന്നിവയെല്ലാം ജപ്പാന്റെ വകയായിരുന്നു. ജപ്പാൻ പിന്മാറിയതോടെ രാജ്യത്തെ മിക്ക ഫാക്ടറികളും അടച്ചുപൂട്ടി. അവിഭക്ത കൊറിയയിൽ കൃഷിഭൂമി ദക്ഷിണഭാഗത്തും വ്യവസായങ്ങൾ ഉത്തരഭാഗത്തുമാണ് കേന്ദ്രീകരിച്ചിരുന്നത്. ഉൽപന്നങ്ങളുടെ മൊത്തവില മുപ്പതു ശതമാനത്തോളം ഉയർന്നു.
അക്കാലത്ത് ഇച്ചോൾ സഹോദരന്റെ പാത പിന്തുടർന്ന് ഇടതുപക്ഷ പ്രസ്ഥാനത്തിൽ സജീവമായി. മുപ്പത്തിയെട്ടാമത് അക്ഷാംശരേഖക്ക് അപ്പുറത്തു സോവിയറ്റ് യൂനിയന്റെ ആശീർവാദത്തോടെ കിം ഇൽ സങ്ങിന്റെയും കിം തു ബൊങ്ങിന്റെയും നേതൃത്വത്തിൽ ഉത്തര കൊറിയൻ തൊഴിലാളി വർഗ പാർട്ടി (Workers’ Party of North Korea) രൂപംകൊണ്ടു. USAMGIK (The United States Army Military Government in Korea) കമ്യൂണിസ്റ്റ് പ്രവർത്തകരെ അറസ്റ്റുചെയ്യാൻ ഉത്തരവിട്ടതോടെ ദക്ഷിണ കൊറിയയിലെ സോഷ്യലിസ്റ്റ് പ്രവർത്തകർക്ക് ഒളിവിൽ പോകേണ്ടി വന്നു. ഇച്ചോൾ ഉത്തര കൊറിയയിലേക്ക് പലായനംചെയ്യുന്നു.
ദക്ഷിണ കൊറിയയിൽ 1948 മേയിൽ തെരഞ്ഞെടുപ്പ് നടത്തുകയും റീ സിങ്മാൻ (Rhee Syngman) പ്രസിഡന്റായി റിപ്പബ്ലിക് ഓഫ് കൊറിയ സ്ഥാപിക്കപ്പെടുകയും ചെയ്തു. നാലു മാസങ്ങൾക്കുശേഷം ഉത്തര കൊറിയയിൽ സുപ്രീം പീപ്ൾസ് അസംബ്ലി (Supreme People’s Assembly) രൂപവത്കരിക്കപ്പെടുകയും കിം ഇൽ സങ് ഡെമോക്രാറ്റിക് പീപ്ൾസ് റിപ്പബ്ലിക് ഓഫ് കൊറിയ സ്ഥാപിക്കുകയുംചെയ്തു.
ഇച്ചോളിന്റെ മകൻ ജിസാൻ ഉത്തര കൊറിയയിൽ പിതാവിനൊപ്പം ചേർന്ന് അവിടെ ചരക്കു തീവണ്ടിയിൽ എൻജിനീയറുടെ അസിസ്റ്റന്റായി ഉദ്യോഗം ആരംഭിച്ചു. കൊറിയൻ ആഭ്യന്തരയുദ്ധം ആരംഭിച്ച ദിവസം ജിസാൻ ഓർത്തെടുക്കുന്നുണ്ട്. എല്ലാ തൊഴിലാളികൾക്കും ഡോർമിട്രിയുടെ മുറ്റത്തു സന്നിഹിതരാകാൻ ആജ്ഞ ലഭിച്ചു. ‘കൊറിയൻ ജനങ്ങളുടെ അജയ്യരായ സൈന്യം’ (The Invincible Korean People’s Army) മുപ്പത്തിയെട്ടാം അക്ഷാംശരേഖ കടന്നു തെക്കു സിയോളിലേക്കു മുന്നേറിക്കൊണ്ടിരിക്കുന്നുവെന്ന വാർത്ത അവർ കേൾക്കുന്നു.
തുടർന്ന്, എല്ലാ െറയിൽവേ ഉദ്യോഗസ്ഥർക്കും യുദ്ധമുന്നണിയിലേക്കു പുറപ്പെടേണ്ടിവരുന്നു. അങ്ങനെ പതിനെട്ടാമത്തെ വയസ്സിൽ ജിസാൻ ഇരു കൊറിയകളും തമ്മിലുണ്ടായ യുദ്ധത്തിൽ പങ്കെടുത്തു. ജിസാൻ മടങ്ങിയെത്തുമ്പോൾ അയാൾക്ക് ഒരു കാൽ നഷ്ടപ്പെട്ടിരുന്നു. ജിസാന്റെ മകനാണ് ചിമ്മിനിക്കു മുകളിൽ അവകാശങ്ങൾക്കായി സമരം ചെയ്യുന്ന ജിനോ. 410 ദിവസങ്ങൾക്കുശേഷം ജിനോ തന്റെ സമരം അവസാനിപ്പിക്കുന്നു, ഫാക്ടറി മാനേജ്മെന്റ് നൽകിയ വാഗ്ദാനങ്ങൾ പാലിക്കപ്പെടാതെ പോകുന്നു.
1943ൽ ജനിച്ച ഹ്വാങ് സോക് യോങ് കൊറിയയിലെ ഏറ്റവും പ്രശസ്തനായ എഴുത്തുകാരനാണ്. 1993ൽ ഉത്തര-ദക്ഷിണ കൊറിയകളിലെ കലാകാരന്മാർക്കിടയിലുള്ള പരസ്പര വിനിമയങ്ങൾ പ്രോത്സാഹിപ്പിക്കാനായി ഉത്തര കൊറിയയിലേക്ക് യാത്രചെയ്തതിനെ തുടർന്ന് അദ്ദേഹത്തിന് ജയിൽശിക്ഷ അനുഭവിക്കേണ്ടിവന്നു. അദ്ദേഹത്തിന്റെ നോവലുകളും ചെറുകഥകളും ഉത്തര-ദക്ഷിണ കൊറിയ, ജപ്പാൻ, ചൈന, ഫ്രാൻസ്, ജർമനി, അമേരിക്ക എന്നിവിടങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. കൊറിയയിലെ ഉന്നതങ്ങളായ മിക്ക സാഹിത്യ പുരസ്കാരങ്ങളും അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ മറ്റൊരു നോവലായ അറ്റ് ഡസ്ക് (At Dusk) 2019ലെ ബുക്കർ പുരസ്കാരത്തിനായി നാമനിർദേശം ചെയ്യപ്പെട്ടിരുന്നു.
‘ആധുനികതയെ മറികടക്കുക’ എന്ന ദൗത്യത്തിനായി സ്വയം സമർപ്പിച്ച ഒരു എഴുത്തുകാരനായി അംഗീകരിക്കപ്പെടാനാണ് തന്റെ ആഗ്രഹമെന്ന് ഹ്വാങ് സോക് യോങ് ഒരു അഭിമുഖത്തിൽ പറയുന്നുണ്ട്. തന്റെ പിൽക്കാല കൃതികളിൽ പലതും ഈ രീതിയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
‘മാറ്റെർ’ (Mater) എന്ന ജാപ്പനീസ് വാക്കിനു പർവതം എന്നാണ് അർഥം. കൊറിയയിൽ കൊളോണിയൽ കാലഘട്ടത്തിൽ പ്രവർത്തിച്ചിരുന്ന ഒരു തീവണ്ടി എൻജിന്റെ പേരാണ് ‘മാറ്റെർ 2-10’. കൊറിയൻ യുദ്ധകാലത്തു ദക്ഷിണ കൊറിയൻ സൈന്യം ‘മാറ്റെർ 2-10’ പിടിച്ചെടുത്തു. 2004ൽ കൊറിയയുടെ സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഇതിനെ പുനരുദ്ധാരണം ചെയ്തു. കൊറിയൻ യുദ്ധത്തിന്റെ ഇന്നും നിലനിൽക്കുന്ന പ്രതീകമാണ് ‘മാറ്റെർ 2-10’.