ഹൃദയം തൊട്ടുണർത്തുന്ന കവിതകൾ
‘സ്ട്രേ ഡോഗ് കാബറെ’ (The Stray Dog Cabret) എന്ന റഷ്യൻ കവിതാ സമാഹാരം വായിക്കുന്നു.നിരവധി റഷ്യൻ കവിതാസമാഹാരങ്ങൾ വായിച്ചിട്ടുണ്ടെങ്കിലും ഈയടുത്തകാലത്ത് വായനയിലേക്ക് കടന്നുവന്ന ‘സ്ട്രേ ഡോഗ് കാബറെ’ (The Stray Dog Cabret) എന്തുകൊണ്ടും അമൂല്യമായ ഒന്നാണ്. 1917ലെ റഷ്യൻ വിപ്ലവത്തിനു മുമ്പുള്ള കാലങ്ങളിൽ സെന്റ് പീറ്റേഴ്സ്ബർഗ് നഗരത്തിലെ കവികളുടെ സങ്കേതമാണ് ഇൗ പുസ്തകത്തിന്റെ തട്ടകം. ‘സ്ട്രേ ഡോഗ് കാബറെ’ എന്ന തട്ടകം സൊസൈറ്റി ഫോർ ഇന്റിമേറ്റ് തിയറ്റർ എന്നപേരിലും അറിയപ്പെട്ടിരുന്നു. സേങ്കതത്തിൽ കവികളെ കൂടാതെ ചിത്രകാരന്മാരും സംഗീതജ്ഞരും ഒത്തുചേർന്നിരുന്നു. മദ്യാസക്തിയുടെ പ്രലോഭനങ്ങൾക്കുള്ളിൽ കവിതകൾ എഴുതാനും വായിക്കാനും...
Your Subscription Supports Independent Journalism
View Plans‘സ്ട്രേ ഡോഗ് കാബറെ’ (The Stray Dog Cabret) എന്ന റഷ്യൻ കവിതാ സമാഹാരം വായിക്കുന്നു.
നിരവധി റഷ്യൻ കവിതാസമാഹാരങ്ങൾ വായിച്ചിട്ടുണ്ടെങ്കിലും ഈയടുത്തകാലത്ത് വായനയിലേക്ക് കടന്നുവന്ന ‘സ്ട്രേ ഡോഗ് കാബറെ’ (The Stray Dog Cabret) എന്തുകൊണ്ടും അമൂല്യമായ ഒന്നാണ്. 1917ലെ റഷ്യൻ വിപ്ലവത്തിനു മുമ്പുള്ള കാലങ്ങളിൽ സെന്റ് പീറ്റേഴ്സ്ബർഗ് നഗരത്തിലെ കവികളുടെ സങ്കേതമാണ് ഇൗ പുസ്തകത്തിന്റെ തട്ടകം. ‘സ്ട്രേ ഡോഗ് കാബറെ’ എന്ന തട്ടകം സൊസൈറ്റി ഫോർ ഇന്റിമേറ്റ് തിയറ്റർ എന്നപേരിലും അറിയപ്പെട്ടിരുന്നു.
സേങ്കതത്തിൽ കവികളെ കൂടാതെ ചിത്രകാരന്മാരും സംഗീതജ്ഞരും ഒത്തുചേർന്നിരുന്നു. മദ്യാസക്തിയുടെ പ്രലോഭനങ്ങൾക്കുള്ളിൽ കവിതകൾ എഴുതാനും വായിക്കാനും അവർ സമയം ചെലവിട്ടു. അവിടെ വന്നണഞ്ഞ കവികളുടെ പട്ടിക ദർശിച്ചാൽ തന്നെ ഒത്തുചേരലിന്റെ ഭ്രാന്തമായ ആവേശം തിരിച്ചറിയാനാകും. റഷ്യയിലെ എക്കാലത്തെയും മികച്ച കാവ്യപ്രതിഭകളായിരുന്ന അലക്സാണ്ടർ ബ്ലോക് (Alexander Blok), അന്ന അഖ്മത്തോവ (Anna Akhmatova), ഒസിപ് മൻദ്യൽസ്തം (Osip Mandelstam), വെലിമിർ ക്ലെബ്നികോവ് (Velimir Khlebnikov), വ്ലാദിമിർ മായകോവ്സ്കി (Vladimir Mayakovsky), മാരിന സ്വെറ്റായേവ (Marina Tsvetaeva), ബോറിസ് പാസ്റ്റർനാക് (Boris Pasternak), സെർജി എസനിൻ (Sergei Esenin) എന്നിവരുടെ കവിതകൾകൊണ്ട് സമാഹാരം ശരിക്കും സമ്പന്നമായിരിക്കുന്നു.
കവിയും പരിഭാഷകനും നടനും പാശ്ചാത്യ സംഗീത നാടകകൃത്തും (Librettist) നാടകകൃത്തും ലേഖനകാരനുമൊക്കെയായ പോൾ ഷ്മിഡിറ്റാണ് (Paul Schmidt) ഈ കവിതകൾ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത്. അമേരിക്കയിലെ ‘ന്യൂയോർക് റിവ്യൂ’വാണ് (Newyork Review Books) പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
1912ലെ പുതുവത്സരപ്പിറവിയിലാണ് ‘സ്ട്രേ ഡോഗ് കാബറെ’ സെന്റ് പീറ്റേഴ്സ് ബർഗ് നഗരത്തിൽ ആരംഭിച്ചത്. വളരെ പെട്ടെന്നുതന്നെ നഗരത്തിലെ മുന്തിയ സർഗാത്മക സങ്കേതമായത് മാറി. പഴയ ദാഷ്കോവ് ജന്മിഭവനത്തിലെ വിത്ത് നിലവറയായി ഉപയോഗിച്ചിരുന്ന ഇടമായിരുന്നു ഇത്. മുറ്റത്തുനിന്നും നേരെ കയറാവുന്ന രീതിയിലുള്ള രണ്ട് മുറികൾ. വീണ്ടും താഴേക്കിറങ്ങിപ്പോകാനുള്ള കുറേ പടവുകൾ.
ഘടനാപരമായി ഇതിലൊതുങ്ങിനിൽക്കുന്നു ഈ സങ്കേതം. ഇതിന്റെ ഉടമസ്ഥനായ ബോറിസ് പ്രോണിൽ ഈ കെട്ടിടത്തിൽതന്നെ താമസിച്ചുകൊണ്ട് അവിടത്തെ കാര്യങ്ങൾ ഏറ്റവും നന്നായി നടത്തി. രാത്രി പതിനൊന്നാകുമ്പോൾ അതിഥികളെ സ്വീകരിക്കാൻ അയാൾ പ്രവേശന കവാടത്തിൽതന്നെയുണ്ടാകും. വിഖ്യാതമായ കോൺസ്റ്റൈന്റൻ സ്റ്റാൻസിലാവ്സ്കിയുടെ മോസ്കോ ആർട്ട് തിയറ്ററിലാണയാൾ പഠനം പൂർത്തിയാക്കിയത്. ഡയറക്ടർ വിസെവ്ലോദും ചേർന്നാണ് സ്ട്രേ ഡോഗ് സംസ്കാര രൂപത്തിന്റെ കാര്യങ്ങൾ ഉൾക്കൊണ്ടിരുന്നത്.
കലാകാരന്മാരുടെ മദിരോത്സവങ്ങൾക്കിടയിൽ മുൻകൂട്ടി തയാറാക്കാത്ത സ്ക്രിപ്റ്റുകൾ അവതരിപ്പിക്കും. മിഖാേയൽ കുസ്മിനിന്റെ പിയാനോ സംഗീതവും ഉണ്ടാകുന്നു. ‘സ്ട്രേ ഡോഗ് കാബറെ’യുടെ ചുമരുകൾ ബോദ് ലെയുടെ കവിതകളുടെ പ്രതീകങ്ങളായി വരുന്ന ചിത്രങ്ങളാൽ അലങ്കരിക്കപ്പെട്ടിരുന്നു. ‘ദി ഫാർമസിസ്റ്റ്’ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ബൂർഷ്വകളെ ആസ്വദിപ്പിക്കാനുള്ള ഒരിടമായിരുന്നില്ല ‘സ്ട്രേ ഡോഗ് കാബറെ’. മറിച്ച് ബൊഹിമയിൽ കലാസ്വാദനത്തിന്റെ ദീപ്തരൂപമായി ഇത് മാറിക്കഴിഞ്ഞിരുന്നു.
ചെറുപ്പക്കാരിയായ കവി അന്ന അഖ്മത്തോവയുടെ രാജകീയ സാന്നിധ്യവും കവി ഒസിപ് മൻദ്യൽസ്തമിന്റെ കാവ്യാലാപനത്തിന്റെ ലഹരിയും വ്ലാദിമിർ മായകോവ്സ്കിയുടെയും ബോറിസ് പാസ്റ്റർനാക്കിന്റെയും തിളക്കമാർന്ന സാന്നിധ്യവുംകൊണ്ട് ‘സ്ട്രേ ഡോഗ് കാബറെ’യിലെ രാവുകൾ ഏറെ സർഗാത്മകമായി രൂപാന്തരപ്പെട്ടു. അലക്സാണ്ടർ ബോകിന്റെയും മാരിന സ്വെറ്റായേവയുടെയും കവിതകൾ റഷ്യൻ കവിതാ മേഖലയിൽ നിറഞ്ഞുനിന്നിരുന്ന ഒരു കാലംകൂടിയായിരുന്നു അത്. റഷ്യയിലെ രാഷ്ട്രീയമായ സമകാലിക അവലോകനങ്ങളും അവിടെ സജീവമായി അരങ്ങേറി. പ്രത്യേകിച്ചും ജാപ്പനീസ് ചെറുത്തുനിൽപിനു മുന്നിൽ 1905ൽ റഷ്യൻ നേവി പരാജയം നേരിട്ട പ്രതിസന്ധിയിൽ സ്ട്രേ ഡോഗിൽ പ്രാധാന്യമർഹിക്കുന്ന ചർച്ചകൾ നടന്നു.
1912ൽ അങ്ങനെ സ്ട്രേ ഡോഗ് കാബറെയുെട ഒരു തിളക്കമാർന്ന തുടക്കം പുതിയ കവികളുടെ ഒത്തുചേരലുകൾക്കുള്ളിൽ ആരംഭിച്ചു എന്നുതന്നെ വേണം കരുതാൻ. 1915 മാർച്ചിൽ അധികാരികൾ അപകടം മണത്തറിഞ്ഞ ഈ സങ്കേതം അടച്ചുപൂട്ടുന്നതുവരെ ‘സ്ട്രേ ഡോഗ് കാബറെ’ നിലനിന്നു. അവിടെ വന്നിരുന്ന കവികൾ തങ്ങളുടെ കാവ്യജീവിതത്തിലെ ഏറ്റവും തിളക്കമാർന്ന ഒരു കാലമായതിനെ കണ്ടു.
ഒസിപ് മൻദ്യൽസ്തമിന്റെ കവിതയിലെ രണ്ടു വരികൾ തന്നെ പ്രത്യേകം എടുത്തു പറയേണ്ടിയിരിക്കുന്നു: ‘‘എനിക്കു ജീവനുണ്ട്. ഞാൻ നിവസിക്കുകയും ചെയ്യുന്നു. ഞാൻ കരുത്തനും പൊക്കംകൂടിയവനുമാണ് ഇതിെനല്ലാം വേണ്ടി ആരോടാണ് ഞാൻ നന്ദി സൂചിപ്പിക്കേണ്ടതെന്ന് ആരെങ്കിലുമൊന്ന് പറഞ്ഞുതരുമോ? അതെ, അത് സ്ട്രേ ഡോഗ് കാബറെയോട് മാത്രമാണ്.’’
അലക്സാണ്ടർ ബ്ലോക്കിന്റെ കവിതകളിലൂടെയാണ് ഈ സമാഹാരത്തിന്റെ ജാലകങ്ങൾ തുറക്കുന്നത്. 1880ൽ ജനിച്ച് 1921ൽ അന്തരിച്ച കവി മാതാപിതാക്കളാൽ അനാഥനാക്കപ്പെടുകയായിരുന്നു. സ്ട്രേ ഡോഗ് കാബറെ എന്ന ശീർഷകത്തിലുള്ള ഒരു കവിത ബ്ലോക്കിന്റേതായി ഇതിലുൾപ്പെടുത്തിയിട്ടുണ്ട്. അവിടെ സമ്മേളിച്ചിരുന്നവരെക്കുറിച്ചുള്ള ഓർമകൾ കവിതയിൽ സൂചിപ്പിക്കുന്നുണ്ട്.
ആകെ കൊട്ടിയടക്കപ്പെട്ട ചുമരുകൾക്കുള്ളിൽ സൂര്യവെളിച്ചമോ അന്തരീക്ഷ വായുവോ ഉണ്ടായിരുന്നില്ല. ‘‘ഇതിനുള്ളിലെ ജീവിതം ഞങ്ങളെ ഭ്രാന്താവേശത്തിനുള്ളിലാക്കാറുണ്ട്. മരണം ഇവിടെ ഒരു വലിയ ചെന്നായയെപ്പോലെയാണെന്ന് തോന്നാറുണ്ട്. ആരാണിവിടെ ആദ്യം മരിക്കുക, അയാളുടെ ചുണ്ടുകളിൽ വിറയലുണ്ടായിരിക്കും. മുടിയിഴകൾ മിഴികളിലേക്ക് വീണുകിടക്കുന്നുണ്ടായിരിക്കും. ബ്ലോക്ക്, ഇവിടെ തന്റെ കലാപരമായ രൂപാന്തരത്തിനുള്ളിൽ കഴിയുന്നതുപോലെയാണ് തോന്നുക.’’
‘ആരാലും അറിയപ്പെടാത്ത മഹതി’ (The lady no body knows) എന്ന കവിതയും ഇതിലുണ്ട്. ആദ്യകാലത്ത് രമിച്ച സുന്ദരിയായ മഹതി (Beautiful Lady)യാണ് ഇവിടെ ആരാലും അറിയപ്പെടാത്ത മഹതിയായി രൂപാന്തരപ്പെട്ടുവരുന്നത്. ഒരു മിസ്റ്റിക്കൽ ആശയാനുവാദിയായ ഗായകനായി തുടങ്ങിയ കവിയുെട വളർച്ച പിൽക്കാലത്ത് റഷ്യൻ സാഹിത്യത്തെ കീഴടക്കുകയായിരുന്നു. നഗരത്തിലെ തരംതാണ ഒരു മദ്യശാലയിൽ വെച്ചാണ് കവി ആദ്യമായിട്ടവളെ കാണുന്നത്. ബ്ലോക്ക് സങ്കേതത്തിലെ സന്ദർശകനായിരുന്നില്ലെങ്കിലും അദ്ദേഹത്തിന്റെ ഭാര്യ നടിയായ ലിയുബോമ്മെൻദലീവാണ് അവിടെ ബ്ലോക്കിന്റെ കവിതകൾ രംഗത്തവതരിപ്പിച്ചത്.
‘‘അവൾ ചലിക്കുമ്പോൾ അവളുടെ ഇരുണ്ട ശിരോവസ്ത്രത്തിന്റെ തലോടലുകൾ എന്റെ വിറകൊള്ളുന്ന ഹൃദയത്തെ സ്പർശിച്ചുകൊണ്ടിരിക്കും. അവളുടെ നീലമിഴികൾ ദീപസ്തംഭത്തിലെ വിളക്കുകൾപോലെ കത്തിയെരിഞ്ഞുകൊണ്ടിരിക്കും. തിളക്കമാർന്ന ആ സമുദ്രത്തിന്റെ തീരത്ത് ഞാൻ ഒറ്റക്കായിരിക്കും. ഇപ്പോളിതാ എന്റെ ആത്മാവ് ഒരു മുദ്രിതമായ അറപോലെയാണ്. അതിനുള്ളിലെ നിഗൂഢതകൾ എന്റേതു മാത്രമാണ്. ഭീകരമായിരിക്കുന്നു. <<< കാത്തിരിക്കുന്ന സത്യത്തെ ഞാൻ തിരിച്ചറിഞ്ഞിരിക്കുന്നു. നീയെന്റെ ഗാനമാണ്... എന്റെ പ്രാവുകളെക്കുറിച്ചുള്ള ഇരുണ്ട നീല സ്വപ്നവും.’’
നിശ്ശബ്ദമായ അവസ്ഥയെക്കുറിച്ച് ഒരു ചെറിയ കവിത ഇതിലുണ്ട്. ‘‘നിശ്ശബ്ദത എന്താെണന്നാർക്കുമറിഞ്ഞുകൂടാ. നിശ്ശബ്ദത വാക്കുകളും സംഗീതവുമാണ്. നിശ്ശബ്ദതയുടെ സംഗീതമാണ് ഏറ്റവും ഉദാത്തമായിട്ടുള്ളത്. ഒന്നും ചെയ്യാതിരിക്കുക, സ്നേഹമേ, ഒരിക്കലും മാറാതിരിക്കുക. വാക്കുകളെ മാത്രം സംഗീതമായി മാറ്റിയെടുക്കുക.’’ കാൽപനിക വിചാരങ്ങളുടെ അസാധാരണ വിന്യാസങ്ങളാണീ കവിതയിലുള്ളത്.
അന്ന അഖ്മത്തോവയുടെ കവിതകൾ റഷ്യൻ കവിതയുടെ സ്ത്രീപക്ഷ ആരാധനാ മൂർത്തരൂപങ്ങളായിട്ടാണ് കരുതപ്പെടുന്നത്. ധീരതയുടെയും ലൈംഗികതയുടെയും ദീപ്ത പ്രതീകമായിരുന്നു അവർ. ഫ്രഞ്ച് യുവചിത്രകാരനും സുന്ദരനുമായ മോദിഗ്‍ലാനിക്കുവേണ്ടി നഗ്നയായി അവൾ നിന്നുകൊടുത്തതിന്റെ ഓർമകളുമുണ്ട്. ‘അലക്സാണ്ടർ ബ്ലോക്കിനുവേണ്ടി’യെന്ന കവിതയിൽ അഖ്മത്തോവയുടെ രചനാസൗഭഗം നിറഞ്ഞിരിക്കുന്നു. കവിയെ ഒരുദിവസം നേരിൽ കാണാൻ പോയതിനെക്കുറിച്ചുള്ള അനുഭവമാണീ കവിത. ‘‘അയാളുടെ കണ്ണുകൾ എന്നെ വല്ലാതെ അത്ഭുതപ്പെടുത്തി. എന്റെ ഓർമകളിൽ ഇന്നുമത് തെളിമയോടെ നിൽക്കുന്നുണ്ട്. ഞാൻ കൂടുതൽ ശ്രദ്ധാലുവാകേണ്ടിയിരിക്കുന്നു. എനിക്കവയെ നഷ്ടപ്പെട്ടുകൂടാ.’’ വ്യക്തിബന്ധത്തിനപ്പുറം മനസ്സിനുള്ളിൽ അവർ കാത്തുസൂക്ഷിക്കുന്ന ഹൃദയവികാരത്തെക്കുറിച്ചെന്താണ് പറയുക.
വ്ലാദിമിർ മായകോവ്സ്കി റഷ്യൻ കവികളിൽ ഏറ്റവും പ്രതിഭാശാലികളിൽ ഒരുവനായിരുന്നു. 1893ൽ ജോർജിയയിൽ ജനിച്ച അദ്ദേഹം 14ാമത്തെ വയസ്സിൽ ബോൾഷെവിക് പ്രസ്ഥാനത്തിൽ അംഗമായി. കവിതകൾ കൂടാതെ നാടകരചനയിലും അദ്ദേഹം പ്രാവീണ്യം കാട്ടി. ആഖ്യാനസ്വഭാവമുള്ള കവിതകളാണ് അദ്ദേഹത്തെ ഏറ്റവും പ്രശസ്തനാക്കിയത്. 1930ൽ അദ്ദേഹം ആത്മഹത്യചെയ്യുകയായിരുന്നു. സ്റ്റാലിൻ ആദരവോടെയാണ് അദ്ദേഹത്തിന്റെ കവിതകളെ കണ്ടിരുന്നത്. മായകോവ്സ്കിയുടെ ആത്മഹത്യാ കവിത (Suicide Poem) ഈ സമാഹാരത്തിലുൾപ്പെടുത്തിയിട്ടുണ്ട്. ‘‘രാത്രി ഒരുമണി കഴിഞ്ഞിട്ട് നേരം കുറച്ചായി.
നിങ്ങൾ ഇതിനകം നല്ല ഉറക്കത്തിലായിക്കഴിഞ്ഞിരിക്കും.... നിനക്കേതായാലും ടെലിഗ്രാമുകൾ ലഭിക്കാനും പോകുന്നില്ല. നിെന്റയുറക്കം കെടുത്തി വേദനിപ്പിക്കാനും ഞാനാഗ്രഹിക്കുന്നില്ല. ലോകമാകെ നിർമലമാണ്. രാത്രിപോലും ആർക്കുവേണ്ടിയോ വിലപിക്കുന്നു... ഇങ്ങനെയുള്ള വേളകളിലാണ് നീ സംസാരിക്കാനിഷ്ടപ്പെടുന്നത്. കാലത്തോട്, ചരിത്രത്തോട്, ഈ വിശ്വത്തിനോട്.’’ ‘രാജ്യത്ത് മായകോവ്സ്കിക്ക് സംഭവിച്ച ഒരു തമാശയുള്ള കാര്യം’ (A funny thing thing that happened to Mayakovsky in the country) എന്ന മികച്ച നീണ്ട കവിതയും ഈ സമാഹാരത്തിലുണ്ട്.
ഒസിപ് മൻദ്യൽസ്തം (Osip Mandelstm 1891-1938) റഷ്യ കണ്ട ഏറ്റവും പ്രതിഭാശാലികളായ കവികളിൽ ഒരാളാണ്. സ്റ്റാലിനെക്കുറിച്ച് ഒരു ആക്ഷേപഹാസ്യ കവിതയെഴുതി രഹസ്യമായി സുഹൃത്തുക്കൾക്കു മുന്നിൽ വായിച്ചതിന്റെ പേരിൽ സ്റ്റാലിനിൽനിന്നും അദ്ദേഹത്തിനു നേരിടേണ്ടിവന്ന ദുരന്തങ്ങൾ അവസാനിച്ചത് തികച്ചും അറിയപ്പെടാതെ പോയ ദുരൂഹ മരണത്തിലാണ്. അദ്ദേഹത്തിന്റെ ഭാര്യ നദിഷ് മൻദ്യൽസ്തമിന്റെ രണ്ടു വാള്യങ്ങളിലുള്ള ഓർമക്കുറിപ്പുകൾ (Hope Against Hope & Hope Abandoned) ലോക സാഹിത്യത്തിലെ ഏറ്റവും മികച്ച ഓർമക്കുറിപ്പുകളിലൊന്നാണ്. ഈ ലേഖകൻ അത് വായിച്ചതിന്റെ ഓർമകൾ ഇന്നും മനസ്സിൽ കാത്തുസൂക്ഷിക്കുന്നുണ്ട്.
മാരിന സ്വെറ്റായേവ (Marina Tsvetaeva, 1892-1941) ശരിക്ക് റഷ്യയുടെ ആത്മാവ് കണ്ടെത്തിയ കവിയാണ്. അന്നയെപ്പോലെ ആ കാലഘട്ടത്തിന്റെ ദീപ്ത പ്രതീകം. അവർ ഓർമകളിൽ നിറഞ്ഞുനിൽക്കുന്നു. കവികളുടെ സിംബോളിക് വലയത്തിനുള്ളിലാണ് അവർ ജീവിച്ചത്. ഭർത്താവായ സെർജി എപ്രോത്തിനു നേരിടേണ്ടിവന്ന ദുരന്തപൂർണമായ പ്രവാസജീവിതം അവരെയാകെ തളർത്തി. മക്കളെയുംകൊണ്ട് ജീവിക്കാനാവാതെ പട്ടിണിയുടെ ദുരന്തങ്ങൾ മുഴുവനും അവർ ഏറ്റുവാങ്ങി. പക്ഷേ, അവരുടെ കവിതകൾ റഷ്യയിലും ലോകസാഹിത്യത്തിലും ആരാധകരുടെ മനസ്സുകളിൽ നിറഞ്ഞുനിന്നു. റിൽക്കെയും പാസ്റ്റർനാക്കുമായും അവർക്കടുത്ത ബന്ധമാണുണ്ടായിരുന്നത്. ‘ഒസിപ് മൻദ്യൽസ്തമിനോട്’ എന്ന അവരുടെ മികച്ച കവിത ഈ സമാഹാരത്തിലുണ്ട്.
‘‘നക്ഷത്രങ്ങൾ കത്തിജ്വലിക്കുകയും മരിക്കുകയും ചെയ്തു. (എവിടെനിന്നാണീ തോന്നലുകൾ കടന്നുവരുന്നത്) അതോടൊപ്പം മിഴികളും ജ്വലനത്തോടെ മരിക്കുകയും ചെയ്തിരിക്കുന്നു. എന്റെതന്നെ കണ്ണുകൾക്കു മുന്നിൽ. രാത്രിയുടെ നിറവിൽ ഞാൻ വളരെയധികം അത്ഭുതകരമായ ഗാനങ്ങൾ കേട്ട (എവിടെനിന്നാണിതെല്ലാം കടന്നുവരുന്നത്)’’ പാട്ടുകാരന്റെ കൈകളിൽ കിടന്ന് മയങ്ങുമ്പോൾ മൻദ്യൽസ്തമുമായുണ്ടായിരുന്ന തീവ്രബന്ധത്തിനുള്ളിൽനിന്നുകൊണ്ടാണവർ ഈ വരികൾ കുറിച്ചത്.
മറ്റൊരു കവിതയിൽ അവർ പറയുന്നു: ‘‘ഞാനിപ്പോഴും ജീവിച്ചിരിക്കുന്നു. അത് പെട്ടെന്നുതന്നെ ഒരു പാപമായി മാറിയേക്കാം. ഒരുപക്ഷേ, ഇങ്ങനെയൊരു നാളിൽ ജീവിക്കേണ്ടിവരുന്നത് മാനുഷികമായ ഒരു കഴിവുകൊണ്ട് മാത്രം സാധ്യമാവുമോ? നിങ്ങളുടെ തൂലികക്ക് കീഴിലെ ശൂന്യമായ ഒരു താളാണ് ഞാൻ. എല്ലാത്തിനെയും ഞാൻ നനച്ചുകുതിർത്തിട്ടുണ്ടാകും. ഞാനൊരു ശൂന്യമായ വെളുത്ത കടലാസാണ്. നിനക്ക് സ്വന്തമായിട്ടുള്ളതെന്തിന്റെയും സൂക്ഷിപ്പുകാരിയാണ് ഞാൻ. നിന്റെ മൂല്യങ്ങളെ എെന്നന്നേക്കുമായി ഞാൻ വലുതാക്കിക്കൊണ്ടിരിക്കും. ഞാൻ പ്രാദേശികമായ ഭൂമികയാണ്. നീയാണെന്റെ സൂര്യപ്രകാശം; മഴയും തണുപ്പുമാണ്. നീയെന്റെ പ്രഭുവും യജമാനനുമാണ്. ദൈവത്തിന്റെ വാക്കുകളാണ്. ധന്യമായ കറുത്ത ഭൂമികയാണ് ഞാൻ. ശൂന്യമായ വെളുത്ത കടലാസുമാണ്.’’
റഷ്യൻ കവിതയുടെ ദീപ്തമായ രൂപമാണ് സെർജി എസിനിന്റേത് (Sergei yesenin 1895-1925). ഒരേസമയം ഒരു സാങ്കൽപികനും ബൊഹീമിയനുമായിരുന്നു കവി. തെരുവുതെമ്മാടിയുടെ കുറ്റസമ്മതം (The Hooligans Confession) എന്ന സമാഹാരത്തോടെ റഷ്യൻ ആസ്വാദകരെ 1921 ൽ അദ്ദേഹംഅത്ഭുതപ്പെടുത്തി. 1925ൽ സെന്റ് പീറ്റേഴ്സ് ബർഗിലെ ഹോട്ടൽമുറിയിൽ ആത്മഹത്യ ചെയ്തു ‘മോസ്കോയിലെ പിൻതെരുവുകൾ’ എന്ന കവിത ഈ സമാഹാരത്തിലുണ്ട്. ‘‘പിൻതെരുവുകളിൽ കിടന്ന് മരിക്കുവാനാണ് ദൈവം എന്നെ അയച്ചിരിക്കുന്നത്. എനിക്കിനിയൊരിക്കലും വീട്ടിലേക്ക് മടങ്ങിപ്പോകാനുമാവില്ല.’’
സ്ട്രേ ഡോഗിലെ അംഗമായിരുന്ന മറ്റൊരു കവിയാണ് വെലിമിൻ ക്ലെബ്നിക്കോവ് (Velimir Khlebnikov, 1885-1922). 1907 മുതൽതന്നെ ഗൗരവമായ കവിതാരചനയിൽ മുഴുകി ഫ്യൂച്ചറിസ്റ്റുകളുടെ വിഭാഗത്തിൽപെടാനാണ് അദ്ദേഹം ആഗ്രഹിച്ചിരുന്നത്. ഒന്നാം ലോകയുദ്ധകാലത്ത് സൈന്യത്തിൽ ചേരുകയുണ്ടായി. 1917ലെ ബോൾഷെവിക് വിപ്ലവകാലവും നേരിൽ അനുഭവിച്ച വ്യക്തിയാണ്. ‘സ്ട്രേ ഡോഗ് കാബറെ’ എന്ന ഈ കവിതാസമാഹാരം ഇരുപതാം നൂറ്റാണ്ട് ദർശിച്ച കാവ്യരചനകളുടെ ഏറ്റവും ദീപ്തമായ ഒരു കാലത്തെയാണ് എടുത്തുകാണിക്കുന്നത്. ഇതിലൂടെ കടന്നുവരുന്ന കവികൾ അവരുടെ ആത്മാവിനെ തന്നെ റഷ്യൻ കവിതക്കും സാഹിത്യത്തിനും സമർപ്പിച്ചിരിക്കുന്നു.