Begin typing your search above and press return to search.
proflie-avatar
Login

പകലറുതിയിലെ നേർക്കാഴ്ചകൾ

പകലറുതിയിലെ നേർക്കാഴ്ചകൾ
cancel

ജാപ്പനീസ് സാഹിത്യകാരൻ യാസുനാരി കവാബത്തയുടെ ‘പർവതങ്ങളുടെ ശബ്ദം’എന്ന കൃതിയുടെ വേറിട്ട ഒരു വായന. ഇൗ കൃതി എങ്ങനെയൊക്കെയാണ്​ വർത്തമാനകാലത്തും പ്രസക്തമാകുന്നത്​?തന്നെത്തന്നെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന ഒരു വ്യക്തി മധ്യവയസ്സിൽ അനുഭവിക്കുന്ന സ്വത്വപ്രതിസന്ധി എഴുത്തുകാർക്കും ചലച്ചിത്ര ശിൽപികൾക്കും എല്ലാ കാലത്തും വിഹ്വലതയണിയിച്ചിട്ടുള്ള ഒരു പ്രമേയമാണ്. യൗവനം പടിയിറങ്ങിയ വേളയിൽ ഒരുതവണ തുറിച്ചുനോക്കുന്ന ചോദ്യങ്ങൾക്ക്, തൊഴിലിടത്തിലും കുടുംബജീവിതത്തിലും പെരുകിവരുന്ന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട ആത്മസന്ദേശങ്ങൾക്ക് ചെറുകഥയിലും നോവലിലും സിനിമയിലും പല ഭാഷ്യങ്ങളുമുണ്ടായിട്ടുണ്ട്....

Your Subscription Supports Independent Journalism

View Plans
ജാപ്പനീസ് സാഹിത്യകാരൻ യാസുനാരി കവാബത്തയുടെ ‘പർവതങ്ങളുടെ ശബ്ദം’എന്ന കൃതിയുടെ വേറിട്ട ഒരു വായന. ഇൗ കൃതി എങ്ങനെയൊക്കെയാണ്​ വർത്തമാനകാലത്തും പ്രസക്തമാകുന്നത്​?

തന്നെത്തന്നെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന ഒരു വ്യക്തി മധ്യവയസ്സിൽ അനുഭവിക്കുന്ന സ്വത്വപ്രതിസന്ധി എഴുത്തുകാർക്കും ചലച്ചിത്ര ശിൽപികൾക്കും എല്ലാ കാലത്തും വിഹ്വലതയണിയിച്ചിട്ടുള്ള ഒരു പ്രമേയമാണ്. യൗവനം പടിയിറങ്ങിയ വേളയിൽ ഒരുതവണ തുറിച്ചുനോക്കുന്ന ചോദ്യങ്ങൾക്ക്, തൊഴിലിടത്തിലും കുടുംബജീവിതത്തിലും പെരുകിവരുന്ന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട ആത്മസന്ദേശങ്ങൾക്ക് ചെറുകഥയിലും നോവലിലും സിനിമയിലും പല ഭാഷ്യങ്ങളുമുണ്ടായിട്ടുണ്ട്. ഒരുപക്ഷേ, ഇതുമായി തട്ടിച്ചുനോക്കുമ്പോൾ വാർധക്യവേളയിൽ ഒരാൾ കടന്നുപോകുന്ന അനുഭവപ്രതിസന്ധിയെ ആസ്പദമാക്കിയുള്ള രചനകൾ എണ്ണത്തിൽ കുറവാണെന്ന് കാണാൻ കഴിയും.

ഇതിന്റെ പ്രധാന കാരണം ഒരു കലാസൃഷ്ടിക്കുള്ള വിഭവം എന്ന നിലയിൽ വാർധക്യത്തിന് ആകർഷണീയത കുറവാണ് എന്നതാവാം. ഒരു വൃദ്ധൻ പ്രധാന കഥാപാത്രമായി വരുന്ന ഒരു നോവലിനോ സിനിമക്കോ ആസ്വാദകശ്രദ്ധ മുഴുവൻ നേരവും നിലനിർത്താൻ തെല്ല് പ്രയാസമുണ്ട്. ഒരു വൃദ്ധന്റെ അവസ്ഥ നോവൽ വായനക്കാരിലോ സിനിമാപ്രേമികളിലോ അനുകമ്പയുളവാക്കിയെന്നുവരാം. അതല്ലെങ്കിൽ രണ്ടാം ബാല്യം എന്ന് സാധാരണയായി വിശേഷിപ്പിക്കപ്പെടുന്ന വാർധക്യത്തിന് സഹജമായുള്ള ചെറിയ ചെറിയ ചാപല്യങ്ങളും അമളികളും നമ്മിൽ ചിരിയുണർത്തിയെന്നും വരാം. അപ്പോഴും ഒരു കാൽ കുഴിയിൽനീട്ടിയിരിക്കുന്ന ഒരു കിഴവന്റെ ആവലാതികൾക്ക് ഏറെനേരം ചെവികൊടുക്കാൻ അധികം പേർ തയാറായില്ലെന്നുവരും. വാർധക്യമെന്നത് നാമേവരും മറക്കാനാഗ്രഹിക്കുന്ന ഒരു യാഥാർഥ്യമാണ്. നീട്ടിവെക്കാൻ ശ്രമിക്കുന്ന ഒരു ദുഃസ്വപ്നമാണ്.

കഴിഞ്ഞ നൂറ്റാണ്ടിൽ ഒരു വൃദ്ധനെ കേന്ദ്ര കഥാപാത്രമായി സ്വീകരിച്ചുകൊണ്ട് എഴുതപ്പെട്ട നോവലുകളുടെ കൂട്ടത്തിൽ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ ഒന്നാണ് ജാപ്പനീസ് സാഹിത്യകാരനായ യാസുനാരി കവാബത്തയുടെ ‘പർവതങ്ങളുടെ ശബ്ദം’ (Yasunari Kawabata, ‘The Sound of the Mountain’). 1954ൽ വെളിച്ചം കണ്ട ഈ നോവലിന്റെ ഇംഗ്ലീഷ് പരിഭാഷ പുറത്തുവന്നത് 1970ലായിരുന്നു. സൗണ്ട് ഓഫ് മൗണ്ടൈൻ ഇതിന്റെ ചലച്ചിത്രാവിഷ്‍കാരമാണ് (1954). ജപ്പാന് പുറത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടതായി തോന്നുന്നില്ല.

ഈ നോവലിന്റെ ഉള്ളറകളിലേക്ക് കടന്നുചെല്ലുന്നതിന് മുമ്പായി ഇതിൽ കവാബത്ത അവലംബിച്ചിട്ടുള്ള ആഖ്യാനമാർഗത്തിലെ സവിശേഷതയിലൂടെ കണ്ണോടിക്കുന്നത് നല്ലതായിരിക്കും. ചിത്രകാരനാവാനാഗ്രഹിച്ച ഒരാളായിരുന്നു കവാബത്ത. ഈ അഭിലാഷം അദ്ദേഹത്തിന്റെ നോവലുകളിൽ പ്രതിഫലിക്കുന്നതായി പലരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. സൗമ്യവർണങ്ങളോടാണ് അദ്ദേഹത്തിന് പ്രിയം. തന്റെ ‘ബ്രഹ് സ്ട്രോ’ക്കുകളിലൂടെ അദ്ദേഹം ലക്ഷ്യമാക്കുന്നത് ചലനാത്മകതയല്ല, മറിച്ച് അവ്യക്ത ഭംഗി കലർന്ന ദൃശ്യപ്രതീതികളാണ്. ചിത്രകാരന്റെ മാത്രമല്ല ഒരു കവിയുടെയും സിദ്ധിവിശേഷം അദ്ദേഹത്തിന്റെ കലാവ്യക്തിത്വത്തിൽ ഉൾച്ചേർന്നിട്ടുള്ളതായി തോന്നുന്നു.

പർവതങ്ങളുടെ ശബ്ദത്തിലുടനീളം കുറുകിക്കൂടിയ കൊച്ചുവാക്യങ്ങളിലൂടെ കഥപറയുക എന്ന രീതിയാണ് കവാബത്ത കൈക്കൊണ്ടിട്ടുള്ളത്. ഹൈക്കു കവിതയുടെ ഛായ വഹിക്കുന്ന ഒന്നാണ് കവാബത്തയുടെ ആഖ്യാനശൈലിയെന്ന് ചില വിമർശകന്മാർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഓർമകൾ പയ്യെ മങ്ങിത്തുടങ്ങുകയും മുന്നിൽ ബാക്കിനിൽക്കുന്ന ഇത്തിരിവെട്ടത്തിൽ ഇരുട്ട് അരിച്ചിറങ്ങുകയും ചെയ്യുന്ന അവസ്ഥയിലൂടെ കടന്നുപോകുന്ന ഒരാളുടെ കഥയാണ് നോവലിസ്റ്റ് ഇവിടെ പറയുന്നത്.

 

അയാളുടെ മനസ്സിലെ അസ്പഷ്ടമായ ഭാവങ്ങൾ പകർത്താനും അയാളുടെ മനോരാജ്യങ്ങൾക്ക് വടിവ് പകരാനുമായി നോവലിസ്റ്റ് ബിംബഭാഷയെ ആശ്രയിക്കുന്ന ഈ നോവലിൽ ആദിമധ്യാന്തമൊത്ത ഒരു കഥയുണ്ട് എന്നത് നേരാണ്. കഥ പറച്ചിലിന്റെ സ്ഥിരംസ​ങ്കേതങ്ങൾ പലതും നോവലിസ്റ്റ് ഉപയോഗപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ഇവിടെ ഏതാണ്ട് എല്ലായ്പോഴും വിവരണാംശം ദൃശ്യ-ശ്രാവ്യ ബിംബങ്ങൾ തെഴുത്തുനിൽക്കുന്ന കാൽപനികഭംഗി കലർന്ന സൂചനകളുമായി മേളിക്കുന്നു. ഒരു പരലോക യാഥാർഥ്യത്തെ ആവാഹിക്കാനുള്ള ഗൂഢശ്രമമാണ് താനിവിടെ നടത്തുന്നതെന്ന് നോവലിസ്റ്റ് തിരിച്ചറിഞ്ഞ മട്ടുണ്ട്. അതിനാലാവാം അദ്ദേഹം ഗദ്യഭാഷയുടെ ചട്ടക്കൂട്ടിൽ സ്വപ്നാത്മകമായ ഘടകത്തെ സന്നിവേശിപ്പിച്ചിരിക്കുന്നത്.

ജപ്പാന്റെ തലസ്ഥാനമായ ടോക്യോയിൽനിന്ന് ഏറെ അകലെയല്ലാത്ത കമകുറ എന്ന സ്ഥലത്ത് ഭാര്യയും മക്കളുമൊത്ത് കഴിയുന്ന ഷിൻഗൊ ഒഗാറ്റ എന്ന 62കാരനായ ബിസിനസുകാരനാണ് ഈ നോവലിലെ മുഖ്യ കഥാപാത്രം. ഷിൻഗോ തീർത്തും സാധാരണക്കാരനായ ഒരാളാണ്. രണ്ടാം ലോകയുദ്ധത്തിന്റെ നടുക്കം കലർന്ന അനുഭവങ്ങളിലൂടെ കടന്നുപോയ ജപ്പാനിലെ മധ്യവർഗത്തിന്റെ പ്രതിനിധികളിലൊരാൾ.

16 അധ്യാപനങ്ങളായി പകുത്തിട്ടുള്ള മൂന്നു നോവലിലുടനീളം ഷിൻ​ഗൊയുടെ കാഴ്ചപ്പാടിലൂടെയാണ് നാം കാര്യങ്ങൾ കാണുന്നത്. കേന്ദ്ര കഥാപാത്രത്തോട് ചേർന്നുനിന്നുകൊണ്ട് കഥപറയുന്ന രീതിയാണ് നോവലിസ്റ്റ് ഇവിടെ പിന്തുടരുന്നത്. തന്റെ ജീവിതത്തിന്റെ പ്രശാന്തമായ ഉപരിതലത്തിനടിയിലുള്ള കോളിളക്കങ്ങൾ കഥാനായകന്റെ സ്വാസ്ഥ്യം കെടുത്തുന്നതെങ്ങനെയെന്ന് കാട്ടിത്തന്നുകൊണ്ട് അയാളുടെ മനസ്സിലെ അന്തിച്ചോപ്പ് നിഴലിക്കുന്ന തീരങ്ങളിലും ഇരുട്ടുപകരുന്ന മൂലകളിലും കയറിയിറങ്ങി നോവലിസ്റ്റ് ഏകാഗ്ര സുഭഗമായ ഒരാഖ്യായിക ഒരുക്കൂട്ടിയിരിക്കുന്നു.

ഷിൻഗൊയുടെ വീട്ടിൽ വിശാലമായ ഒരുദ്യാനമുള്ളതായി തുടക്കത്തിൽതന്നെ നാം മനസ്സിലാക്കുന്നു. ഈ ഉദ്യാനത്തിന് തൊട്ടടുത്തുള്ള പർവതത്തിന്റെ ഒരു കഷ്ണം തങ്ങിയിരിപ്പുണ്ട്. പാതി മുറിച്ച മുട്ടപോലുള്ള ഒരു കൂമ്പാരം. ഷിൻഗൊയുടെ വീടിന് പിന്നിലും ചുറ്റും വേറെയും പർവതങ്ങളുണ്ട്. എന്നാൽ, തന്റെ വീട്ടിനകത്തുള്ള പർവതശകലത്തിൽനിന്ന് ഒരു ശബ്ദം ഉയർന്നുവരുന്നതായി അയാൾക്ക് അനുഭവപ്പെടുന്നു. അകലെയുള്ള കാറ്റിന്റെ ഒച്ച പോലത്തെ ഒന്നാണിത്. പക്ഷേ, ഇതിന് ഭൂമിയുടെ മുരൾച്ച കണക്ക് ആഴമുണ്ട്. അജ്ഞാതമായ ഏതോ യാഥാർഥ്യത്തിന്റെ സൂചന വഹിക്കുന്ന നിമിത്തമാണ് ഇതെന്ന് ഷിൻഗൊ തിരിച്ചറിയുന്നു. ഒരുപക്ഷേ മൂന്ന് വിചിത്രമായ മർമരം തന്നെ കാത്തിരിക്കുന്ന മരണത്തിന്റെ മുന്നോടിയാണ്.

 

വാർധക്യബോധത്തിന്റെയും മൃത്യുവിചാരത്തിന്റെയും നിഴൽ കഥയിലുടനീളം തങ്ങിനിൽപുണ്ട്. തന്റെ പണ്ടത്തെ സഹപാഠികളും ചങ്ങാതിമാരും അടുപ്പിച്ചടുപ്പിച്ച് തന്നെ വിട്ടുപിരിയുന്ന അംഗങ്ങൾക്ക് ഷിൻഗൊ സാക്ഷ്യം വഹിക്കുന്നതായി നാം കാണുന്നു. സംതൃപ്തമായ ഒരു ജീവിതത്തിന്റെ ഓർമകൾ ബാക്കിനിർത്തിക്കൊണ്ടല്ല അവരിൽ പലരും അരങ്ങൊഴിയുന്നത്. ചില മരണങ്ങൾക്കൊപ്പം കാലുഷ്യംനിറഞ്ഞ അപ്രിയ സത്യങ്ങൾ ഇടം തേടുന്നു. ടോറിയാമ എന്ന പഴയ സുഹൃത്തിന്റെ ശവസംസ്കാര ചടങ്ങിൽ ഷിൻഗൊ പ​ങ്കെടുക്കുന്നതിന്റെ വിവരണമാണ് ആദ്യം നമ്മുടെ ശ്രദ്ധയിൽ പതിയുന്നത്. ടോറിയാമയുടെ ജീവിതസായാഹ്നം ദാരുണമായ ഒന്നായിരുന്നു.

തന്റെ ഭാര്യയുടെ ഭാഗത്തുനിന്നുള്ള അവഗണനയും ക്രൂരമായ പെരുമാറ്റവും സഹിക്കാനാവാതെ രാത്രിനേരത്ത് വീടുവിട്ടിറങ്ങി തെരുവീഥികളിൽ അലഞ്ഞുനടന്നും മറ്റുമാണ് അയാൾ തന്റെ അവസാന നാളുകൾ കഴിച്ചുകൂട്ടിയത്. എന്തിനുവേണ്ടി ഭാര്യ അയാളെ വേട്ടയാടി എന്ന ചോദ്യത്തിനും ഉത്തരമില്ല. നേരെമറിച്ച് മിസുറ്റ എന്ന സുഹൃത്തിന്റേത് ഒരുകണക്കിൽ സുഖാന്ത്യമായിരുന്നു. മരിക്കുമ്പോൾ അയാളുടെ അടുത്ത് ഒരു ചെറുപ്പക്കാരിയുണ്ടായിരുന്നു. അയാൾ അവളുമൊത്ത് ഒരു മുന്തിയ ഹോട്ടലിൽ മുറിയെടുത്ത് കഴിയുകയായിരുന്നു. കോളജുകാലത്തെ ഷിൻഗൊയുടെ ഒരു സഹപാഠി കുറെനാളായി കരളിന് അർബുദം ബാധിച്ച് ചികിത്സയിലായിരുന്നു.

അറുപതുകളിലെത്തിനിൽക്കുന്ന ചങ്ങാതിമാരുടെ ഒരു കൂട്ടായ്മക്കിടയിൽ ഈ വ്യക്തി ഷിൻഗൊയോട് തങ്ങളുടെ പൊതുസുഹൃത്തായ മിയാമറ്റൊയുടെ ഫാക്ടറിയിൽനിന്ന് തനിക്ക് ഇത്തിരി പൊട്ടാസ്യം സയനൈഡ് വാങ്ങിത്തരുമോ എന്നു ചോദിക്കുകയുണ്ടായി. താൻ ഒരിക്കലും ഇത് ഉപയോഗിക്കുകയില്ലെന്നും ഒരു മുൻകരുതൽ എന്ന നിലക്കാണ് താനീ ആവശ്യം ഉന്നയിക്കുന്നതെന്നുംകൂടി അയാൾ പറഞ്ഞു. ഷിൻഗൊ പിന്നീട് ഇതേപ്പറ്റി ചിന്തിച്ചില്ല. ഈ മനുഷ്യൻ ഹോസ്പിറ്റലിൽ മരിച്ചുകിടക്കുമ്പോൾ ഷിൻഗൊ അയാളെ കാണാൻ ചെല്ലുന്ന ഒരു രംഗമുണ്ട്.

ഇങ്ങനെ തന്റെ തലമുറയുടെ പടിപടിയായുള്ള കൊഴിഞ്ഞുപോക്കിന് സാക്ഷ്യംവഹിക്കുന്നതിനിടയിൽ ‘മണി മുഴങ്ങുന്നത് ആർക്കുവേണ്ടി?’ എന്ന ചോദ്യം ഷിൻഗൊയുടെ മനസ്സിൽ അറിയാതെ കടന്നുകൂടുന്നു. വാർധക്യം എന്നത് ഒരു ശാപമാണെന്ന ഭീഷണമായ കണ്ടെത്തൽ ഈ നോവലിന്റെ ഉള്ളിൽ കുടിയിരിപ്പുണ്ട്. ബോട്ടുകൾ നിർമിക്കുന്ന കമ്പനിയുടെ ഉടമയായ 68കാരനായ ഒരാൾ ഒരുദിവസം ഭാര്യയുമൊത്ത് എങ്ങോട്ടെന്നില്ലാതെ ഇറങ്ങിപ്പുറപ്പെട്ടത് സംബന്ധിച്ച ഒരു പത്രവാർത്ത ഷിൻഗൊയുടെ ശ്രദ്ധയാകർഷിക്കുന്നത് നോവലിസ്റ്റ് മാറിനിന്ന് കാട്ടിത്തരുന്നു. ഈ വൃദ്ധൻ മകൾക്കും മരുമകനുമായി എഴുതിവെച്ച കുറിപ്പ് ആരംഭിക്കുന്നത് ‘ലോകത്താൽ വിസ്മരിക്കപ്പെട്ട, ഭാഗ്യംകെട്ട കിഴട്ട് മനുഷ്യരെ’ക്കുറിച്ച് പറഞ്ഞുകൊണ്ടാണ്.

വിചിത്രമായ സ്വപ്നങ്ങൾ ഷിൻഗൊയെ തേടിയെത്തുന്നു. പതിയിരിക്കുന്ന മരണത്തിന്റെയും സാഫല്യമടയാത്ത രീതിയുടെയുമൊക്കെ ശകലങ്ങൾ തങ്ങിനിൽക്കുന്ന സ്വപ്നങ്ങളാണ് അയാൾ കൂടുതലും കാണുന്നത്. അസ്വാഭാവികമായ ചിലതരം ശബ്ദങ്ങൾ അയാളുടെ കാതുകളിലെത്തുന്നു. ഒരിക്കൽ അയാൾ ബുദ്ധമതവിശ്വാസികൾക്കിടയിൽ പ്രചാരത്തിലുള്ള ഒരു ചൊല്ല് അനുസ്മരിക്കുന്നത് കാണാം: ‘ഞാൻ കാണാൻ വിഷമമുള്ള പലതും കണ്ടു, കേൾക്കാൻ പ്രയാസമുള്ള പലതും കേട്ടു.

’ കേൾവിയുടെ തലത്തിൽ ചിലതരം ‘ഇഫക്ടുകൾ’ സൃഷ്ടിച്ചെടുത്തുകൊണ്ട് നോവലിസ്റ്റ് തന്റെ നായകന്റെ മാനസികാവസ്ഥയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന സ്വൈരക്കേടിന് തീവ്രത പകരുന്നു. വാർധക്യത്തിന്റേതായ ഇത്തരം ബലഹീനതകൾക്കും വിഭ്രാന്തികൾക്കുമിടയിലാണ് ഷിൻഗൊ തന്റെ നഷ്ടഭൂതകാലത്തിന്റെ ഓർമകളിലൂടെ സഞ്ചരിക്കുന്നതും സ്വന്തം ജീവിതത്തെ നിർദയമായ പുനഃപരിശോധനക്ക് വിധേയമാക്കുന്നതും.

ഒരു കുടുംബനാഥന്റെ ജീവിതവിജയത്തിന്റെ അളവുകോലെന്ത്? ഷിൻഗൊ ഒരിക്കൽ തന്നോടുതന്നെ ചോദിക്കുന്ന ചോദ്യമാണിത്. ഇതിനുള്ള ഉത്തരവും അയാൾതന്നെ കണ്ടെത്തുന്നു. തന്റെ മക്കളുടെ ദാമ്പത്യജീവിതത്തിന്റെ വിജയവുമായി ബന്ധപ്പെട്ടു കിടക്കുന്ന ഒന്നാണിത്. ജീവിതസായാഹ്നത്തിൽ നമ്മുടെ കഥാനായകന്റെ മനസ്സിൽ ഊറിക്കൂടുന്ന ഖേദവും നൈരാശ്യവുമെല്ലാം ഗാർഹിക ജീവിതത്തിൽ അയാൾ നേരിടുന്ന പ്രശ്നങ്ങളെ തൊട്ടുനിൽക്കുന്നു.

ഷിൻഗൊയുടെ ദാമ്പത്യ യാഥാർഥ്യത്തിന് പിന്നിൽ ഒരു നഷ്ടബോധത്തിന്റെ നിഴൽ ഒളിച്ചുകളിക്കുന്നുണ്ട്. ചെറുപ്പകാലത്ത് ഷിൻഗൊയുടെ ഹൃദയം കവർന്നത് യസുകൊയുടെ സുന്ദരിയായ സഹോദരിയായിരുന്നു. അവർ മറ്റൊരാളെ വിവാഹം കഴിച്ചു. നന്നെ ചെറുപ്പത്തിൽ അവൾ മരണമടഞ്ഞു. തന്റെ യൗവന സ്വപ്നങ്ങൾക്ക് നിറം പകർന്ന ഈ സ്ത്രീയുടെ ഓർമ കുടഞ്ഞുകളയാൻ വയസ്സുകാലത്തും ഷിൻഗൊക്ക് കഴിയുന്നില്ല. തന്റെ മകന്റെ ഭാര്യയിൽ അയാൾ അവളുടെ ഛായ തേടുന്നു. യസുകൊയിൽ തനിക്കുണ്ടായ മകൾ (ഫുസാകൊ) അവളുടെ അമ്മയെപ്പോലെ ചന്തം കുറഞ്ഞ ഒരുവളാണ് എന്ന ചിന്ത അയാൾക്ക് ഒഴിവാക്കാനാകുന്നില്ല. മകളോട് നീതി കാട്ടാൻ അയാൾ മറന്നുപോയി. ഫുസാകോയോട് കാട്ടിയതിനേക്കാൾ അടുപ്പവും സ്നേഹവും അയാൾ മകന്റെ ഭാര്യയായ കികുകൊയുടെ നേർക്ക് വെച്ചുനീട്ടി എന്നതാണ് സത്യം. ഷിൻഗൊ തന്റെ മനസ്സിന്റെ ഭാരമത്രയും ഇറക്കിവെക്കുന്നത് കികുകൊയുമൊത്ത് കൊച്ചുവർത്തമാനങ്ങൾ പറഞ്ഞിരിക്കുമ്പോഴാണ്.

ഫുസാകൊ തന്റെ അച്ഛനമ്മമാർക്ക് ഒരു ബാധ്യതയായി മാറിക്കൊണ്ടിരിക്കുകയാണ് എന്നതിന്റെ സൂചനയോടുകൂടിയാണ് നോവൽ ആരംഭിക്കുന്നത്. അവളുടെ ഭർത്താവായ ഐഹര മദ്യത്തിനും മയക്കുമരുന്നിനും അടിമയായിത്തീർന്നതായി വായനക്കാർ വൈകാതെ അറിയുന്നു. ഫുസാകൊ അയാളുമായി കലഹിച്ച് മക്കളുമൊത്ത് തന്റെ വീട്ടിലെത്തി താമസം തുടങ്ങുന്നു. അവർ വിവാഹമോചനത്തെക്കുറിച്ച് ചിന്തിച്ചുതുടങ്ങുന്നു. ഇതിനിടയിൽ ഐഹര ഒരു യുവതിയുമൊത്ത് ഒരു ഹോട്ടലിൽവെച്ച് ആത്മഹത്യചെയ്യാൻ ശ്രമിച്ചത് സംബന്ധിച്ച പത്രവാർത്ത ഷിൻഗൊയുടെ ശ്രദ്ധയിൽപെടുന്നു. ഐഹര മരണത്തിൽനിന്ന് രക്ഷപ്പെടുന്നു. എന്നാൽ, അയാളുമൊത്തുള്ള ഫുസാകൊയുടെ ദാമ്പത്യബന്ധം വീണ്ടെടുക്കാനാവാത്ത തരത്തിൽ ശിഥിലമായിത്തീർന്നതായി ഷിൻഗൊയു​ം ഭാര്യയും മനസ്സിലാക്കുന്നു.

ഒരുപക്ഷേ ഇതിനേക്കാൾ സങ്കീർണമായ ഒന്നാണ് ഷിൻഗൊയുടെ മകനായ ഷുയിചിയുടെ കുടുംബജീവിതം. ഷ​ുയിചിയുടെ ഭാര്യയായ കികുകൊ ശാലീനസുന്ദരിയായ ഒരുവളാണ്. എന്നാൽ, കുട്ടിത്തം വിടാത്ത കികുകൊയുമായി പൊരുത്തപ്പെടാൻ ഷുയിചിക്ക് കഴിയുന്നില്ല. താൻ ജോലിചെയ്യുന്ന ടോക്യോ നഗരത്തിൽ അയാൾക്ക് കിനു എന്ന പേരുള്ള ഒരു വെപ്പാട്ടിയുണ്ട്. ഷുയിചിയുടെ ഈ രഹസ്യവേഴ്ച വൈകാതെ അയാളുടെ കുടുംബത്തിനുള്ളിൽ ചർച്ചാവിഷയമായിത്തീരുന്നു. ഷുയിചി നട്ടപ്പാതിരക്ക് കികുവുമൊത്ത് മദ്യപിച്ച് മദോന്മത്തനായി വീട്ടിൽ മടങ്ങിയെത്തുമ്പോൾ അയാളുടെ അഴുക്കുപുരണ്ട ഷൂസ് അഴിച്ചുമാറ്റി അയാളെ കിടക്കയിൽ കൊണ്ടുപോയി കിടത്തുന്ന ജോലികൂടി കികുകൊക്കുണ്ട്.

തന്റെ മകന്റെ ജീർണതയും ആത്മീയമായ മരവിപ്പും കണ്ട് ഷിൻഗൊ ചിലപ്പോഴൊക്കെ അമ്പരന്നുനിൽക്കുന്നു. ഇതിനിടയിൽ കികുകൊ ഗർഭം ധരിക്കുന്നു. തന്റെ വെപ്പാട്ടിയിൽനിന്ന് പണം കടംവാങ്ങി ഈ ഗർഭം അലസിപ്പിക്കാൻ ഷുയിചി ഏർപ്പാട് ചെയ്യുന്നു. സ്നേഹം വറ്റിത്തീർന്ന ഒരു ദാമ്പത്യത്തിന്റെ ഓർമക്കുറിപ്പുപോലെത്തെ ഒരു സന്തതി തനിക്ക് വേണ്ട എന്ന് തീരുമാനിക്കുന്നത് കികുകൊയാണ്. തന്റെ മകന്റെ വഴിപിഴച്ച പോക്കിനെച്ചൊല്ലി ആശങ്കപ്പെടുന്ന ഷിൻഗൊ ടോക്യോ നഗരത്തിൽവെച്ച് കിനുവിനെ അഭിമുഖീകരിക്കുന്ന നാടകീയത മുറ്റിയ ഒരു ഭാഗമുണ്ട്.

താൻ ഗർഭിണിയാണെന്ന് കിനു പറയുന്നു. ഷിൻഗൊ എത്ര പറഞ്ഞിട്ടും ഗർഭം അലസിപ്പിക്കാൻ അവൾ തയാറാകുന്നില്ല. ഇരുവരും തമ്മിലുള്ള ചൂടേറിയ വാഗ്വാദത്തിനിടയിൽ തന്റെ ഗർഭത്തിനുത്തരവാദി ഷിയുചിയല്ല എന്നുകൂടി അവർ പറയുന്നു. കികുകൊക്ക് പിറക്കാതെ പോയ കുട്ടിയുടെയും കിനുവിന് ജനിക്കാൻ പോകുന്ന കുട്ടിയുടെയും ഓർമ ഷിൻഗൊയെ അടിക്കടി അലട്ടുന്നത് കാണാം. തന്റെ മകനെപ്പോലെ താനും ഒരഴുക്കുചാലിൽ അകപ്പെട്ടിരിക്കുകയാണെന്ന് അയാൾക്ക് തോന്നുന്നു. ഒരുതരം ധാർമികമായ സന്ദിഗ്ധത അയാളുടെ വാഴ്വിനെ ചൂഴ്ന്നുനിൽപുണ്ട്.

ഈ നോവലിലെ ഏറ്റവും ഹൃദയഹാരിയായ ഭാഗമാണ് ഷിൻഗൊക്ക് തന്റെ മകന്റെ ഭാര്യയുടെ നേർക്ക് അനുഭവപ്പെടുന്ന ലൈംഗികാസക്തി കലർന്ന വികാരത്തിന്റെ ചിത്രീകരണം. ഒരർഥത്തിൽ കികുകൊയുടെ ജീവിതത്തിൽ ഷിൻഗൊ ഒരു പിതൃരൂപം കണക്കാണ് നിലകൊള്ളുന്നത്. ഷിൻഗൊയിൽനിന്ന് ലഭിക്കുന്ന കരുതലും സ്നേഹവുമാണ് തന്റെ അസംതൃപ്തി നിറഞ്ഞ കുടുംബജീവിതത്തിൽ അവൾക്ക് താങ്ങായി മാറിയിട്ടുള്ളത്. അതേസമയം, ഉള്ളിൽ കൊടുങ്കാറ്റുകളെ അടക്കിപ്പിടിച്ചുകൊണ്ട് വശ്യമായി സംസാരിക്കുകയും ക്ഷമയോടെ പെരുമാറുകയും ചെയ്യുന്ന ഈ യുവതി വൃദ്ധന്റെ കെട്ടടങ്ങിക്കൊണ്ടിരിക്കുന്ന കാമനകളെ അറിയാതെ തൊട്ടുണർത്തുന്നു. യസുകൊയുടെ മരിച്ചുപോയ സഹോദരിയുടെ പുനരവതാരം എന്നനിലക്ക് കൂടിയാണ് ഷിൻഗൊ തന്റെ മരുമകളെ നോക്കിക്കാണുന്നത്.

ഒരു ജാപ്പനീസ് വാട്ടർകളർ പെയിന്റിങ്ങിനെ ഓർമിപ്പിക്കുന്ന രീതിയാണ് നോവലിസ്റ്റ് കികുകൊയുടെ രൂപം വരഞ്ഞിരിക്കുന്നത്. ഷിൻഗൊയുടെ കണ്ണുകളിലൂടെ അവളുടെ വടിവൊത്ത ഉടലിന്റെ സൗകുമാര്യം തെളിച്ചുകാട്ടുന്ന ചില മുഹൂർത്തങ്ങൾ നോവലിലുണ്ട്. കവാബത്തയുടെ മറ്റു കൃതികളിലെന്നപോലെ ഇതിലും സ്ത്രീശരീരം കൊതിപ്പിക്കുന്ന ഒരു വസ്തുവും അലൗകിക ഛായ കലർന്ന ഒരു ധ്വനിചിഹ്നവുമൊക്കെയായി മാറുന്നത് നാം കാണാതെ പോകുന്നില്ല. സൗന്ദര്യാസ്വാദനത്തിന്റെയും കാമത്തിന്റെയും അതിരുകൾ തേഞ്ഞില്ലാതായിരിക്കുകയാണിവിടെ.

താൻ പോയ വർഷങ്ങളിൽ സ്ത്രീകൾ കടന്നുവരുന്ന നിലതെറ്റിയ പല സ്വപ്നങ്ങളും കണ്ട കാര്യം ഷിൻഗൊ മറന്നിട്ടില്ല. എന്നാൽ, ‘മുറിവ്’ എന്ന തലക്കെട്ടുള്ള അധ്യായത്തിൽ അയാൾ കാണുന്ന സ്വപ്നം വേറിട്ട ഒന്നാണ്. മുഖവും ഉടലുമില്ലാത്ത, നിറഞ്ഞ മാറിടമുള്ള ഒരു സ്ത്രീ ഈ സ്വപ്നത്തിൽ വന്നണയുന്നു. ഷിൻഗൊ അവളുടെ മുലകൾ സ്പർശിക്കാൻ ശ്രമിക്കുന്നു. ഈ സ്ത്രീക്ക് ഷിയുചിയുടെ ഒരു സുഹൃത്തിന്റെ സഹോദരിയുടെ ഛായയുണ്ട്. ഈ കൂട്ടുകാരന്റെ സഹോദരിയെ ഷിയുചി വിവാഹം കഴിക്കുന്നതു സംബന്ധിച്ച് പണ്ടു ചില ആലോചനകൾ നടന്നിരുന്നു.

ഈ സ്വപ്നത്തിൽനിന്നുണരുന്ന വേളയിൽ ഷിൻഗൊയുടെ മനസ്സിലൂടെ ഒരു മിന്നൽ പായുന്നു: താൻ പാതി മയക്കത്തിൽ കണ്ട സ്ത്രീ കികുകൊയുടെ പകരക്കാരിയായിരുന്നില്ലേ? താൻ അടിച്ചമർത്തിയ ഉപബോധമനസ്സിലെ അഭിലാഷം സ്വപ്നത്തിൽ വികൃതമായ ഒരു രൂപം കൈക്കൊണ്ടു എന്നുവേണം കരുതാൻ. ഇതോടൊപ്പം അയാൾ സ്വയം ചോദിക്കുന്ന മർമത്തിൽ ചെന്നുകൊള്ളുന്ന ഒരു ചോദ്യമുണ്ട്: തന്റെ കൊതികളെ സ്വതന്ത്രമായി വിഹരിക്കാൻ താൻ വിട്ടിരുന്നെങ്കിൽ, തന്റെ ജീവിതത്തെ താനാഗ്രഹിച്ച തരത്തിൽ പുനഃസൃഷ്ടിക്കാൻ തനിക്ക് ഒരവസരം ലഭിച്ചിരുന്നുവെങ്കിൽ ഷുയിചിയെ വിവാഹം ചെയ്യുന്നതിന് മുമ്പുള്ള കന്യകയായ കികുകൊയെ താൻ സ്നേഹിക്കുമായിരുന്നില്ലേ?

കഥ കുറച്ചുകൂടി മുന്നോട്ടുപോകുമ്പോൾ ഷിൻഗൊ ടോക്യോ നഗരത്തിൽ ഒരു ഗെയിഷയുമൊത്ത് (നർത്തകി) ഒരു മുറിയിൽ അൽപസമയം ചെലവഴിക്കുന്നതിന്റെ വർണനയുണ്ട്. അവർക്കിടയിൽ സാധാരണമല്ലാത്ത ഒന്നും സംഭവിക്കുന്നില്ല. എന്നാൽ, ഒരു ചെറുപ്പക്കാരിയുമൊത്ത് കിടപ്പറ പങ്കിട്ട കാര്യം ആലോചിക്കുമ്പോൾ ഷിൻഗൊയു​െട മനസ്സിൽ സൗമ്യമായൊരു സൗഖ്യം ഇടംപിടിക്കുന്നു.

ജീവിതത്തിന്റെ പകലറുതിയിൽ നേട്ടങ്ങളുടെയും തോൽവിയുടെയും കണക്കെടുക്കുമ്പോൾ ഷിൻഗൊയെ ശല്യം ചെയ്യുന്ന വികാരങ്ങളിലൊന്നാണ് തന്റെ ലൈംഗികമായ കരുത്ത് ചോർന്നുപോയതിനെച്ചൊല്ലിയുള്ള ആശങ്ക. ഷിൻഗൊ ഒരു സുഹൃത്തിനോട് അയാൾ എന്നെങ്കിലും ഫ്യൂജി പർവതം കയറിയിട്ടുണ്ടോ എന്ന് ചോദിക്കുന്ന ഒരു രംഗമുണ്ട്. ഇല്ലെന്നാണ് മറുപടി. അപ്പോൾ ഷിൻഗൊ പറയുന്നു: ‘‘ഞാനുമില്ല. ഇപ്പോൾ എനിക്ക് വയസ്സായിരിക്കുന്നു. ഞാൻ ഇതുവരെ ഫ്യൂജി കയറിയിട്ടില്ല.’’ ഇത് അശ്ലീലച്ചുവയുള്ള ഒരു ഫലിതമല്ലേ എന്ന് കൂട്ടുകാരൻ തിരിച്ചുചോദിക്കുന്നു. പർവതാരോഹണമെന്നത് പ്രശസ്തമായൊരു രതിപ്രതീകമാണ്. ഷിൻഗൊയുടെ അബോധമനസ്സിലെ നഷ്ടഭീതിയാണ് കൂട്ടുകാർ തമ്മിലുള്ള ഈ സംഭാഷണത്തിലൂടെ നോവലിസ്റ്റ് ധ്വനിപ്പിച്ചിട്ടുള്ളത്.

യുദ്ധാനന്തര ദശകത്തിലാണ് കഥ നടക്കുന്നത് എന്നതിന്റെ പല സൂചനകളും നോവലിസ്റ്റ് നൽകുന്നുണ്ട്. രണ്ടാം ലോക യുദ്ധത്തിന്റെ പര്യവസാനം ജപ്പാന്റെ മനഃസാക്ഷിയിൽ ബാക്കിനിർത്തിയ ഉണങ്ങാത്ത മുറിവുകൾ നോവലിൽ അങ്ങിങ്ങ് തെളിഞ്ഞുകാണാം. ഇതിലെ മുഖ്യ കഥാപാത്രങ്ങളിൽ ഒരാളായ ഷിയുചി യുദ്ധത്തിൽ പങ്കെടുത്തിരുന്നു. അയാളുടെ സ്വഭാവം ഇപ്പോൾ കാണുന്ന തരത്തിൽ പരുക്കനായിത്തീർന്നത് യുദ്ധകാലാനുഭവം കാരണമാണെന്ന് കികുകൊ ഒരിക്കൽ അഭിപ്രായപ്പെടുന്നുണ്ട്. കിനു യുദ്ധത്തിൽ മരിച്ച ഒരു സൈനികന്റെ വിധവയാണ്. അവളും ഷിൻഗൊയും തമ്മിലുള്ള പ്രക്ഷുബ്ധമായ കൂടിക്കാഴ്ചക്കിടയിൽ ഭർത്താക്കന്മാർ യുദ്ധത്തിൽ മരിച്ചതിനെ തുടർന്ന് അനാഥരാക്കപ്പെട്ട സ്ത്രീകളെക്കുറിച്ച് അവൾ കയ്പുനിറഞ്ഞ ഒരു പരാമർശം നടത്തുന്നത് കാണാം.

രണ്ടാം ലോകയുദ്ധത്തിനു ശേഷം അമേരിക്കൻ പട്ടാളം ജപ്പാനിൽ സാന്നിധ്യമുറപ്പിച്ച കാര്യം നാം ശ്രദ്ധിക്കാനിടവരുന്നു. നോവലിന്റെ അവസാന ഭാഗത്ത് ഷിൻഗൊ ഒരു ട്രെയിൻ യാത്രയിൽ സ്വവർഗാനുരാഗിയായ ഒരു പയ്യനുമൊത്ത് സംസാരിക്കുന്ന ഏതാനും അമേരിക്കൻ പട്ടാളക്കാരെ കണ്ടുമുട്ടുന്നു. യുദ്ധാനന്തര വർഷങ്ങളിൽ ജാപ്പനീസ് ജനതയുടെ സദാചാരമൂല്യങ്ങളിലുണ്ടായ തകർച്ചയും കുടുംബം എന്ന സ്ഥാപനത്തിന്റെ നേർക്ക് ഉയർന്നുവന്ന പുതിയ വെല്ലുവിളികളും കഥാസന്ദർഭത്തിലൂടെ നമുക്ക് വായിച്ചെടുക്കാൻ കഴിയും. യുദ്ധത്തിൽ തോൽവിക്കും ഹിരോഷിമയിലുണ്ടായ ദുരന്തത്തിനും ശേഷം അനിശ്ചിതത്വം നിറഞ്ഞ ഒരു ചരിത്രസന്ധിയിലൂടെ കടന്നുപോയ ഒരു ഏഷ്യൻ രാജ്യത്തിന്റെ നഖചിത്രം ഈ നോവലിന്റെ അരികുകളിൽ പതിഞ്ഞുകിടപ്പുണ്ട്.

കുറോസാവയുടെ ‘റാഷമോൺ’ എന്ന സിനിമ ഒരു ബലാത്സംഗത്തിന്റെ കഥയിലൂടെ വിരൽചൂണ്ടിയത് യുദ്ധത്തെ തുടർന്നുള്ള കാലഘട്ടത്തിൽ ജപ്പാൻ ജനതയുടെ ധാർമികാവബോധത്തിൽ കടന്നുകൂടിയ ആപേക്ഷികതയിലേക്കാണ് എന്ന വ്യാഖ്യാനം പ്രസിദ്ധമാണ്. ഏതാണ്ട് അതേ രീതിയിലുള്ള സന്ദേഹവും സന്ദിഗ്ധതയും ഒരു കുടുംബത്തിന്റെ കഥയിൽനിന്നാരംഭിച്ച് ഒരു ജനസമൂഹത്തെ മൊത്തം ബാധിച്ചിട്ടുള്ള ചിന്താക്കുഴപ്പത്തിന്റെ ചിത്രീകരണത്തിലേക്ക് വളർന്നുമാറുന്ന ഈ നോവലിന്റെ അടിത്തട്ടിൽ നമ്മെ കാത്തിരിപ്പുണ്ട്.

ഒരു ശരത്കാലത്തിലാരംഭിച്ച് അടുത്ത ശരത്കാലത്തിൽ അവസാനിക്കുന്ന ഒന്നാണ് ഈ നോവലിലെ കഥാഗതി. ഋതുക്കളെ സംബന്ധിച്ച സൂചനകൾ നോവലിൽ പലയിടങ്ങളിലും കടന്നുവരുന്നുണ്ട്. കഥാനായകന്റെ മാനസികാവസ്ഥകളെ കാലാവസ്ഥയുമായും​ ഋതുചക്രവുമായും ബന്ധപ്പെടുത്താൻ കവാബത്ത ചെറിയൊരു ശ്രമം നടത്തുന്നുണ്ട്. നോവലിന്റെ ഭാവാന്തരീക്ഷത്തിൽ സസ്യപ്രകൃതി ചെറുതല്ലാത്ത ഒരു പങ്കുവഹിക്കുന്നുണ്ട്. ഉദാഹരണത്തിന് ഷിൻകൊയുടെ വീട്ടിലെ ഉദ്യാനത്തിൽ വളർന്നുവരുന്ന ഒരു ചെറിയമരത്തിലേക്ക് നോവലിസ്റ്റ് വായനക്കാരുടെ ശ്രദ്ധ ക്ഷണിക്കുന്നുണ്ട്. സ്വന്തംജീവിതത്തിൽ ഇലപൊഴിച്ചിൽ കാലത്തിലൂടെ കടന്നുപോകുന്ന ഷിൻഗൊ ഈ ചെറിയ മരം നോക്കിനിൽക്കുന്നു. ചെടികളെയും മരങ്ങളെയും സംബന്ധിച്ച ധ്വന്യാത്മകമായ വേറെയും പരാമർശങ്ങൾ നോവലിലുണ്ട്. ഷിൻഗൊയുടെ വീട്ടിൽ അതിഥിയായി വന്നെത്തുന്ന പട്ടി കൂടി (ടെറു) ഒരപ്രധാന കഥാപാത്രമായിട്ടല്ല നമുക്കനുഭവപ്പെടുന്നത്.

ഒരുദിവസം പത്രത്തിലൂടെ കണ്ണോടിക്കുന്നതിനിടയിൽ തെല്ല് വിസ്മയകരമായ ഒരു തലക്കെട്ട് ഷിൻഗൊയുടെ ശ്രദ്ധയിൽപെടുന്നു: ‘താമര വിരിഞ്ഞുനിൽക്കുന്നു. രണ്ടായിരം വർഷം പഴക്കമുള്ളത്’. സംഭവിച്ചതിതാണ്. ജപ്പാനിലെ ചിമ്പ ജില്ലയിൽ നടന്ന ഒരു പര്യവേക്ഷണത്തിനിടയിൽ കുഴിച്ചെടുത്ത ഒരു തോണിയിൽ മൂന്ന് താമരവിത്തുകൾ കാണപ്പെട്ടു. ഈ വിത്തുകൾക്ക് രണ്ടായിരം വർഷങ്ങളുടെ പഴക്കമുള്ളതായും വിലയിരുത്തപ്പെട്ടു. ഒരു സസ്യ​ശാസ്ത്രജ്ഞൻ ഈ വിത്തുകളെ തളിർപ്പിക്കാൻ ഒരു ശ്രമം നടത്തി.

അവ വളർച്ച പൂണ്ട് പൂക്കളായി വിരിഞ്ഞുനിന്നുള്ള പത്രവാർത്ത നമ്മുടെ കഥാനായകന്റെ മനസ്സിൽ മായാതെ തങ്ങിനിൽക്കുന്നു. അയാളുടെ ചിന്ത പോകുന്നത് ഇങ്ങനെയാണ്. മനുഷ്യനും ഇതുപോലെ ഭൂമിക്കടിയിൽ മരിക്കാതെ വിശ്രമിച്ചുകൊണ്ട് കിടക്കാൻ കഴിഞ്ഞിരു​ന്നുവെങ്കിൽ! അയാൾ അമ്പതിനായിരം വർഷങ്ങൾക്കുശേഷം ഉണർന്നെഴുന്നേൽക്കും. അപ്പോഴേക്കും അയാളുടെ പ്രശ്നങ്ങളും അവസാനിച്ചിരിക്കും. അയാൾ പറുദീസയിലെത്തും... ഈ ദീർഘനിദ്ര ഗർഭപാത്രത്തിന്റെ ശാന്തിയിലേക്ക് മടങ്ങിപ്പോകാനുള്ള ആഗ്രഹത്തെയാണോ സൂചിപ്പിക്കുന്നത്? ഉയിർത്തെഴുന്നേൽപിന്റെ വാഗ്ദാനം അന്തർഭാഗത്തുള്ള വിശ്രമത്തിന് പുതിയൊരർഥം സമ്മാനിക്കുന്നു.

ജീവിതം വീണ്ടും പൊടിക്കുകയും തളിർക്കുകയും ചെയ്യുന്നതിന്റെ നേരിയ പ്രതീക്ഷയുമായാണ് ഈ നോവൽ അവസാനിക്കുന്നത്. ഷിയുചി വെപ്പാട്ടിയുമായുള്ള ബന്ധം അവസാനിപ്പിക്കാൻ തീരുമാനിക്കുന്നു. ഭർത്താവിനെ വിട്ടുപോകാനുള്ള സ്വാതന്ത്ര്യമുണ്ടെങ്കിലും കികുകൊ താൻ അച്ഛൻ എന്നു വിളിക്കുന്ന ഷിൻഗൊയുടെ സംരക്ഷണം നൽകുന്ന അധിക സംതൃപ്തി അനുഭവിച്ചുകൊണ്ട് കുടുംബജീവിതം തുടരാൻ തീരുമാനിക്കുന്നു. ഫുസാകൊ ആണെങ്കിൽ സൗന്ദര്യവസ്തുക്കൾ വിൽക്കുന്ന ഒരു കട തുടങ്ങാൻ അച്ഛന്റെ സഹായം തേടുന്നു. കുടുംബാംഗങ്ങൾ ഒരുമിച്ചിരുന്ന് അത്താഴം കഴിക്കുന്ന ഒരു ഭാഗം കാട്ടിത്തന്നുകൊണ്ടാണ് നോവൽ അവസാനിക്കുന്നത്.

 

ഷിൻഗൊയുടെ അബോധാവസ്ഥകളിൽ പേടിപൂണ്ട അനുരണനങ്ങളുയർത്തിക്കൊണ്ട് അയാളുടെ കാതിൽ മുഴങ്ങുന്ന പർവതങ്ങളുടെ ശബ്ദത്തെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് നോവൽ ആരംഭിക്കുന്നതെന്ന് നാം കാണുകയുണ്ടായി. ശ്രവണസംബന്ധമായ ഈ വിഭ്രമം (auditory hallucination) നോവൽ മുന്നോട്ടുപോകുമ്പോൾ ഇല്ലാതായിത്തീരുന്നു. നശ്വരതയെയും മരണത്തെയും കുറിച്ചുള്ള പീഡാകരമായ അവബോധത്തോടൊപ്പം സെൻ ബുദ്ധിസത്തിന്റെ സ്വാധീനവും ഈ നോവലിൽ പതിഞ്ഞുകിടപ്പുണ്ട്. കഥാനായകൻ തന്റെ വാഴ്വിന്റെ അർഥം തിരയുന്നതിനിടയിൽ ജീവിതത്തിൽനിന്ന് മരണത്തിലേക്ക് പരിണാമമെന്നത് ഒരു സ്വപ്നം വിട്ട് വേറൊന്നിലേക്ക് ചേക്കേറുന്നതിന് തുല്യമാണ് എന്ന തിരിച്ചറിവ് വായനക്കാരന്റെ കണ്ണിൽ തറക്കുന്നു.

‘‘വാർധക്യം എന്ന ഈ അസംബന്ധ വസ്തുകൊണ്ട് ഞാനെന്താണ് ചെയ്യേണ്ടത്?’’ എന്ന് ഡബ്ല്യു.ബി യേറ്റ്സ് തന്റെ ഒരു കവിതയിൽ കുറിച്ചത് ഓർമയില്ലേ? ജീവിതം ദീർഘകാലം നീട്ടിക്കൊണ്ടുപോകാൻ വിധിക്കപ്പെട്ട പല കവികളും കാഥികരും ഒരു തവണയെങ്കിലും സ്വയം ചോദിച്ചിട്ടുള്ള ഒരു ചോദ്യമാണിത്. കവാബത്ത ഈ നോവലിലൂടെ ലോകത്തിലാദ്യമായി ആണവായുധം വരുത്തിവെക്കുന്ന നശീകരണത്തിന് സാക്ഷ്യംവഹിച്ച ഒരു തലമുറയുടെ ആത്മവിചാരണയിലൂടെ ആഴ്ന്നിറങ്ങി വാർധക്യത്തിന് കൈവരുന്ന പ്രത്യേകാവകാശങ്ങളും വാർധക്യത്തെ കരണ്ടുതിന്നുന്ന പരിഹാരമില്ലാത്ത ഉത്കണ്ഠകളും സംബന്ധിച്ച തന്റെ ചില ഉൾക്കാഴ്ചകൾ വായനക്കാരുമായി പങ്കിട്ടിരിക്കുന്നു.

News Summary - weekly literature book