ഡ്രാക്കുളയെ ഇനിയും ഭയക്കണോ!
‘ഡ്രാക്കുള’ എന്ന കഥാപാത്രം മലയാളത്തിലെ വാമ്പയർ സാഹിത്യശാഖയിലെ പ്രധാന കഥാപാത്രമായി അവതരിക്കപ്പെട്ടിട്ടുണ്ട്. എന്തുകൊണ്ടാണ് ‘ഡ്രാക്കുള’ക്ക് ഇൗ സ്വീകാര്യത ലഭിച്ചത്? എന്താണ് യഥാർഥത്തിൽ ആ നോവലിന്റെ കാമ്പ്? ഡ്രാക്കുളയുടെ ലോകഭാഷകളിലൂടെയുള്ള സഞ്ചാരത്തിന്റെ 125ാം വർഷത്തിൽ മലയാള ഭാഷയിൽ ഒരിക്കൽക്കൂടി സന്ദർശനം നടത്തുകയാണ് ‘ഡ്രാക്കുള’. -കഴിഞ്ഞ ലക്കം തുടർച്ച.ജൂഡിത് നിരീക്ഷിക്കുന്നതനുസരിച്ച്, ഡ്രാക്കുളയെ/രക്തരക്ഷസ്സിനെ ഒരു വക്രീകരിക്കപ്പെട്ട ലൈംഗികതയുള്ള സത്വമായി വിലയിരുത്താനാവും. അങ്ങനെ ചെയ്യുന്നതിലൂടെ ഡ്രാക്കുളയിൽ നിലീനമായതായി മനസ്സിലാക്കപ്പെടുന്ന കുടിലതയുടെ...
Your Subscription Supports Independent Journalism
View Plans‘ഡ്രാക്കുള’ എന്ന കഥാപാത്രം മലയാളത്തിലെ വാമ്പയർ സാഹിത്യശാഖയിലെ പ്രധാന കഥാപാത്രമായി അവതരിക്കപ്പെട്ടിട്ടുണ്ട്. എന്തുകൊണ്ടാണ് ‘ഡ്രാക്കുള’ക്ക് ഇൗ സ്വീകാര്യത ലഭിച്ചത്? എന്താണ് യഥാർഥത്തിൽ ആ നോവലിന്റെ കാമ്പ്? ഡ്രാക്കുളയുടെ ലോകഭാഷകളിലൂടെയുള്ള സഞ്ചാരത്തിന്റെ 125ാം വർഷത്തിൽ മലയാള ഭാഷയിൽ ഒരിക്കൽക്കൂടി സന്ദർശനം നടത്തുകയാണ് ‘ഡ്രാക്കുള’. -കഴിഞ്ഞ ലക്കം തുടർച്ച.
ജൂഡിത് നിരീക്ഷിക്കുന്നതനുസരിച്ച്, ഡ്രാക്കുളയെ/രക്തരക്ഷസ്സിനെ ഒരു വക്രീകരിക്കപ്പെട്ട ലൈംഗികതയുള്ള സത്വമായി വിലയിരുത്താനാവും. അങ്ങനെ ചെയ്യുന്നതിലൂടെ ഡ്രാക്കുളയിൽ നിലീനമായതായി മനസ്സിലാക്കപ്പെടുന്ന കുടിലതയുടെ സ്വത്വത്തെ നിശ്ചിതമാക്കുകയെന്ന ഭാരം ഒഴിവാകുകയും ചില പ്രത്യേക സ്വഭാവവിശേഷങ്ങളുമായി അതിനുള്ള ബന്ധം സ്ഥാപിക്കാൻ എളുപ്പമാവുകയും ചെയ്യുന്നു. ജൂഡിത് ഊന്നുന്നത് യഹൂദരെ ഡ്രാക്കുളയുമായി തുലനപ്പെടുത്തിക്കൊണ്ട് ആവിർഭവിച്ച ചർച്ചകളിലേക്കാണ്. പക്ഷേ, അവർ പരമ്പരാഗത ചർച്ചകളിൽനിന്ന് വ്യതിചലിച്ചുകൊണ്ട് ഗോഥിക് നോവലുകളും ഗോഥിക് രക്തരക്ഷസ്സുകളും എങ്ങനെയാണ് അവയുടെ ബീഭത്സസ്വത്വത്തെ വിനിമയം ചെയ്യുന്നത് എന്ന് വിശകലനം ചെയ്യാനാണ് തുനിഞ്ഞത്. ജൂഡിത് നിരീക്ഷിക്കുന്നത് ആ ബീഭത്സസ്വത്വം ഒരിക്കലും ഏകാത്മകമല്ല എന്നും അത് വംശം, വർഗം, ലിംഗം എന്നിങ്ങനെയുള്ള ഗണങ്ങളുടെ സഞ്ചയമാണ് എന്നുമാണ്.
യഹൂദവിരുദ്ധതയുടെ പത്തൊമ്പതാം നൂറ്റാണ്ടിലെ ആഖ്യാനവും രക്തരക്ഷസ്സിനെക്കുറിച്ചുള്ള ഐതിഹ്യങ്ങളും പരസ്പരം കലർത്തിക്കൊണ്ട് രൂപപ്പെട്ട ഡ്രാക്കുള, ഒരു തരത്തിൽ ഏകശരീരത്തിലേക്ക് അനേകം ബീഭത്സ സ്വഭാവസവിശേഷതകളെ വിളക്കിച്ചേർത്തുകൊണ്ട് സമൂഹത്തിൽ സജീവമാകാൻ കഴിയുന്ന ഗോഥിക് സാമ്പത്തികതയുടെ രൂപങ്ങളെയാണ് വിനിമയംചെയ്യുന്നത്. ജൂഡിത് ഇപ്രകാരം നിരീക്ഷിക്കുന്നു: ‘‘ഈ നോവലിന്റെ പശ്ചാത്തലത്തിൽ, ഡ്രാക്കുള അതിൽതന്നെ ഒരപരത്വമാണ്.
കഥാപാഠങ്ങൾ, ലൈംഗിക ശാസ്ത്രങ്ങൾ, മനോരോഗ വിജ്ഞാനീയം തുടങ്ങിയവയിൽ നിലീനമായതും അവയാൽ സൃഷ്ടിക്കപ്പെട്ടതുമായ എല്ലാറ്റിൽനിന്നും വാറ്റിയെടുക്കപ്പെട്ടതാണ് ആ കഥാപാത്രം. അയാൾ ഏകകാലത്ത് ഒരു രക്തരക്ഷസ്സും ഒരു പുരുഷനുമാണ്; പരോപജീവിയും സമ്പന്നനുമാണ്; വികർഷമുണ്ടാക്കുന്നവനും പ്രചോദിപ്പിക്കുന്നവനുമാണ്; അയാൾ പരമമായ കാഴ്ചക്കായി അധ്വാനിക്കുന്നു. പക്ഷേ, അയാൾ എല്ലാ കാര്യത്തിലും പരിശോധനക്ക് വിധേയനാവുന്നു; അയാൾ നിത്യജീവിതമുള്ളവനാണ് പക്ഷേ, വധിക്കപ്പെടാവുന്നവനുമാണ്.’’
ജൂഡിത് ഡ്രാക്കുളയെ കേവലം ഒരു രക്തരക്ഷസ്സായി മാത്രമല്ല കാണുന്നത്. മറിച്ച്, ബീഭത്സതയുടെ ഒരു സാങ്കേതികതയായാണ് അവർ ഡ്രാക്കുളയെ കാണുന്നത്. ആ സാങ്കേതികതയുടെ രീതിശാസ്ത്രത്തെ ജൂഡിത് നിരീക്ഷിക്കുന്നത് ഇപ്രകാരമാണ്: ‘‘അവരുടെ ലൈംഗികഭയത്തെ ഒരു ശരീരത്തിലേക്ക് അദ്ദേഹം സാമ്പത്തികമായി സാന്ദ്രീകരിക്കുന്നു. ആ ശരീരം, ദർശനീയമായ വിധത്തിൽ സ്ത്രൈണവത്കരിക്കപ്പെട്ടതും, വന്യമായ രീതിയിൽ ഫലഭൂയിഷ്ഠവും പ്രലോഭനീയമാം വിധത്തിൽ കുടിലവുമാണ്. കാരണം, ഡ്രാക്കുള ലൈംഗികമായി വ്യതിരിക്തതയുള്ളവനോ കുറ്റവാളിയോ ആണ്.
സ്വാഭാവികതയും നിയമപരതയുമുള്ള; മനസ്സിലാക്കാനും അതുകൊണ്ടുതന്നെ നിർണയിക്കപ്പെടാവുന്നവനുമായ വൈവാഹികബന്ധത്തിൽ ഏർപ്പെടാവുന്നവനും എതിർലിംഗാഭിമുഖ്യമുള്ളവനുമായ ഒരാളുടെ അപരനാണയാൾ.’’ എന്നാൽ, ഡ്രാക്കുളയുടെ അപരത്വം എന്നത് കാലാതീതമോ സാർവലൗകികമോ അല്ല. ‘മനുഷ്യൻ’ എന്ന പദത്താൽ സംവേദനം ചെയ്യപ്പെടുന്ന സാമാന്യബോധത്തിന്റെ വിപരീതവുമല്ല അതെന്ന് ജൂഡിത് പറയുന്നുണ്ട്.
ജൂഡിത് നിരീക്ഷിക്കുന്നത് ഇപ്രകാരമാണ്: ‘‘ഡ്രാക്കുള തന്നിൽ ലയിപ്പിച്ചതും അതുമൂലം അയാളിൽ ജീവിക്കുന്നതുമായ അപരൻ വംശത്തിന്റെയും വർഗത്തിന്റെയും ലൈംഗികതയുടെയും ചരിത്രപരമായി നിശ്ചിതമായ അതിരുകൾ ആഴത്തിൽ രേഖപ്പെടുത്തുന്നു. അവൻ, 1890കളിൽ, വിക്ടോറിയൻ സാമൂഹികതയിൽ രൂപപ്പെട്ട ആധിപത്യപരമായ മധ്യവർഗ സ്ത്രൈണതയുമായി ഏകീഭവിച്ച ദേശീയസ്വത്വത്തിന്റെ മറുപുറമാണ്. ഡ്രാക്കുളയുടെ ലൈംഗികത പരദേശീയമാണ് എന്ന അവകാശവാദം, എന്തുതന്നെയായാലും നിശ്ചിത നിർമിതികളെന്നു ഭാവിക്കുന്ന ദേശീയമായ ലൈംഗികത്വത്തെ അതിസങ്കീർണമാക്കുകയാണ്.’’
ഈ നിശ്ചിത നിർമിതികളായ ദേശീയ ലൈംഗികത്വത്തിൽ ലീനമായ ധാർമിക-ലൈംഗികശുദ്ധി ബോധങ്ങളാണ് ലൂസി, മിന തുടങ്ങിയവരുടെ അനുഭവങ്ങളിലൂടെ വെളിപ്പെടുന്നത്. ഇത്തരം ധാർമിക-ലൈംഗികശുദ്ധി ബോധങ്ങളുടെ ദൃഷ്ടിയിൽനിന്ന് ലൂസി ഭീകരമായി ശിക്ഷിക്കപ്പെടുകയാണ്. അവൾ ദേശീയ ലൈംഗികത്വത്തെ മൂന്നു പുരുഷന്മാരോടുള്ള കാമനകളാൽ ഉല്ലംഘിച്ചവളാണ്. അതിനവൾക്കു ലഭിക്കുന്ന ശിക്ഷയാണ് അവളുടെ രക്തരക്ഷസ്സിന്റെ ശരീരവും മലിനമാക്കപ്പെട്ട ആത്മാവും പിഞ്ചുകുഞ്ഞുങ്ങളെ ഭക്ഷിച്ച് ജീവിക്കേണ്ടിവരുന്ന അവസ്ഥയും. ഒടുവിൽ അവളുടെ രക്ഷസ്സുശരീരം അവൾ ആഗ്രഹിച്ച പുരുഷന്മാർതന്നെ ഇല്ലായ്മ ചെയ്യുന്ന പരമമായ ശിക്ഷയും അവൾക്കു ലഭിക്കുന്നു.
ജൂഡിത്തിന്റെ അഭിപ്രായത്തിൽ മിന പ്രതിനിധാനം ചെയ്യുന്നത് മാതൃത്വ ലൈംഗികത്വമാണ്. കാരണം, ‘‘അവളുടെ മാനത്തിനും അവളുടെ ശരീരത്തിനുമായി പോരടിക്കുന്ന ധീരരായ ഇംഗ്ലീഷ് പുരുഷന്മാരെ അവൾ പരിപോഷിപ്പിക്കുകയും അവർക്കായി സേവനങ്ങൾ ചെയ്യുകയും ചെയ്യുന്നു.’’ അത്തരത്തിൽ, ‘‘ഈ സ്ത്രീകളെ അഭിമുഖീകരിക്കുന്ന പരദേശീയ ലൈംഗികത്വം, അതുകൊണ്ടുതന്നെ, സാധാരണ ലൈംഗിക ധർമങ്ങൾ, രോഗാതുര ലൈംഗിക ധർമങ്ങൾ’’ എന്ന രീതിയിൽ ദേശീയതാവ്യവഹാരങ്ങൾക്കകത്ത് ‘‘വികസിച്ചുവരുന്ന ദ്വന്ദ്വങ്ങളെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്.’’ ഈ രോഗാതുര ലൈംഗികത്വത്തെയാണ് ‘ഡ്രാക്കുള’യിലെ പരദേശീയ മാനങ്ങളോട് സ്റ്റോക്കർ ലയിപ്പിച്ചെടുത്തിട്ടുള്ളതെന്നും ജൂഡിത് നിരീക്ഷിക്കുന്നു.
ബ്രിട്ടീഷ് ദേശീയതക്കകത്ത് അക്രമകാരിയായെത്തുന്ന പരദേശീയ വ്യക്തിത്വമായ ഡ്രാക്കുള, വിക്ടോറിയൻ സമൂഹത്തിലെ മധ്യവർഗ സ്ത്രീകളെ വേട്ടയാടുകയും അവരിൽ അപരദേശീയ സ്വാധീനങ്ങൾ കലർത്തുകയും അവരിലൂടെ ഏറ്റവും ഇളം തലമുറകളെപ്പോലും പിടികൂടുകയും ചെയ്യുന്ന ഒരു സങ്കീർണ ശൃംഖലയാണ് രൂപപ്പെടുത്തിയെടുക്കാൻ ശ്രമിച്ചത്. ഡ്രാക്കുളയോടുള്ള ബ്രിട്ടീഷ് സമൂഹത്തിന്റെ ഭയത്തിന്റെ അടിപ്പടവുകളിൽ അയാൾ സജീവമാകുന്ന ഇരുട്ടിനോടും അയാളിൽ സജീവമാകുന്ന പരദേശീയത്വത്തിനോടും അയാളുടെ വശീകരണശേഷിയുള്ള ശരീരത്തോടുമുള്ള വികർഷത്തിനും സ്ഥാനമുണ്ട്.
ഡ്രാക്കുള ലൂസിയെയും മിനയെയും വശീകരിക്കുകയും അവരെ/ അവരുടെ രക്തത്തെയും ശരീരത്തെയും ആത്മാവിനെയും ‘മലിന’മാക്കുകയും അങ്ങനെ അവരുടെ ലൈംഗികത്വത്തിനു മേൽ നിയന്ത്രണങ്ങൾ കൊണ്ടുവരാൻ ശേഷി കാട്ടുകയും ചെയ്യുന്നുണ്ട്. അപരനായ ഡ്രാക്കുള വിക്ടോറിയൻ ബ്രിട്ടീഷ് സമൂഹത്തിലെ ആധിപത്യമുള്ള മധ്യവർഗ സ്ത്രീകൾക്കുമേൽ നടത്തുന്ന വിലോഭനങ്ങളും അവരിൽ അയാളെപ്രതി ഉണരുന്ന കാമനകളും അങ്ങനെ കുലീനരായ സ്ത്രീകൾ അയാൾക്ക് കീഴ്‌പ്പെടുന്നതും ഡ്രാക്കുളയോടുള്ള ഭയകാരണങ്ങളായി മാറുന്നു.
ഇത്തരം ദേശീയത്വ ഉത്കണ്ഠകൾ ഏറ്റവുമാഴത്തിൽ വ്യക്തമാവുന്നത് ലൂസിയുടെ കാര്യത്തിലാണ്. ഡ്രാക്കുളയുടെ സ്പർശനം/ചുംബനം ലൂസിയെ വംശവിഹീനയാക്കുകയാണ് ചെയ്തത്. അതിനെ മറികടക്കാനുള്ള വഴിയായി നോവലിലെ ലൂസിയുമായി ബന്ധപ്പെട്ടുനിൽക്കുന്ന പുരുഷകഥാപാത്രങ്ങൾ കണ്ടെത്തുന്നത് ‘യുക്തമായ’ രക്തം നൽകി അവളെ പുനർ-വംശവത്കരിക്കുകയെന്നതാണെന്നു സ്റ്റീഫൻ ഡി അരാറ്റ നിരീക്ഷിച്ചിരിക്കുന്നു. ഇത്തരത്തിൽ രക്തദാനം ചെയ്യുന്നതിന് കൃത്യമായ ക്രമം സ്റ്റോക്കർ പാലിച്ചതായും അദ്ദേഹം പറയുന്നു: ഹോംവുഡ്, സെവാർഡ്, ഹെൽസിങ്, മോറിസ്.
ഹോംവുഡ് ഏറ്റവും യുക്തമായ പരിഗണനയാകുന്നത് അയാൾ ലൂസിയുമായി വിവാഹവാഗ്ദാനം ചെയ്യപ്പെട്ട വ്യക്തി എന്നനിലയിൽ മാത്രമല്ല. മറിച്ച്, അഭിജാതരക്തത്തിനുടമ എന്ന നിലയിലുമാണ്. ഏറ്റവും അശാസ്ത്രീയമായ രീതിയിൽ അവതരിപ്പിച്ചിരിക്കുന്ന നോവലിലെ രക്തദാന രംഗങ്ങളുടെ സാംഗത്യം ഈ വംശശുദ്ധീകരണ-പുനരായന പ്രക്രിയകളാണ്. രക്തം ദേശീയതയുടെ അടയാളമാവുകയും രക്തശുദ്ധി ദേശീയതയിലെ അംഗത്വത്തിന്റെ മാനദണ്ഡമാകുകയും ചെയ്യുന്ന മനോഭാവം അനാവരണംചെയ്യുന്നുണ്ട് നോവൽ.
ഇത്തരമൊരു പരിപ്രേക്ഷ്യത്തിൽ നോവലിലെ ബ്രിട്ടീഷ്/ പാശ്ചാത്യ കഥാപാത്രങ്ങൾ പുലർത്തുന്ന അപരഭയം വിക്ടോറിയൻ കാലഘട്ടത്തിൽ ദേശീയതയിലേക്കു വിളക്കിച്ചേർക്കപ്പെട്ട ലൈംഗികത്വവുമായി ബന്ധപ്പെട്ട് സ്ത്രീഗുണങ്ങളായി നിർണയിക്കപ്പെട്ട സദാചാര-ശുദ്ധിബോധങ്ങളുടെയും അതിനാൽ പ്രചോദിപ്പിക്കപ്പെടുന്ന ദേശീയ ലൈംഗികത്വ പ്രബോധനങ്ങളുടെയും മണ്ഡലങ്ങളിൽനിന്നു രൂപപ്പെടുന്നതാണ്.
വെള്ളക്കാരന്റെ പ്രാരബ്ധബോധം
നോവലിലെ ബ്രിട്ടീഷ് കഥാപാത്രങ്ങൾ അപരദേശ അക്രമിയായ ഡ്രാക്കുള പ്രഭുവിൽനിന്നുള്ള ഭീഷണിയെ എതിരിടേണ്ടത് തങ്ങളുടെ കടമയായാണ് മനസ്സിലാക്കിയിരുന്നത്. ‘ലോകത്തെ സംസ്കാരസമ്പന്നമാക്കുക’യെന്ന പ്രഖ്യാപിത ദൗത്യത്തിന്റെ ഭാഗംതന്നെയായാണ് അവരതിനെ മനസ്സിലാക്കിയത്. വാൻ ഹെൽസിങ്ങിന്റെ മുൻകൈയിൽ ഡ്രാക്കുളയിൽനിന്ന് അവർക്കും അങ്ങനെ ലോകത്തിനുമുള്ള ഭീഷണിയെ ഇല്ലാതാക്കുകയാണ് ദൗത്യമായി അവർ കണക്കാക്കുന്നത്. പാശ്ചാത്യ സംസ്കാരത്തിന്റെ ഭാഗമായ വ്യക്തികൾ എന്നനിലയിലാണ് അവർ അക്കാര്യം തങ്ങളുടെ ദൗത്യമായി എടുക്കുന്നത്.
ഹെൽസിങ് ഇപ്രകാരം രേഖപ്പെടുത്തുന്നുണ്ട്: ‘‘ഒരു കശാപ്പുകാരന്റെ പണിയാണിത്. മരിച്ചുപോയ ഒരാളെയും ഈ ഒരു ഭീതിയിൽ വലയം ചെയ്യപ്പെട്ട ജീവിക്കുന്ന മറ്റൊരാളെയുമോർത്ത് ഞാൻ എന്റെ ഞരമ്പുകൾക്ക് ബലം കൊടുത്തിരുന്നില്ലെങ്കിൽ, ഇത് ചെയ്യാനേ സാധിക്കില്ലായിരുന്നു... ദൈവത്തിനു സ്തുതി. എന്റെ ഞരമ്പുകൾ തളരാതെ നിന്നു. എന്റെ കത്തി അവരോരുത്തരുടെയും ശിരസ്സിൽ തൊട്ട മാത്രയിൽത്തന്നെ, അവരുടെ ശരീരങ്ങൾ അലിഞ്ഞലിഞ്ഞു പോകാൻ തുടങ്ങി. അത് പൊടിഞ്ഞുപൊടിഞ്ഞു വെറും ധൂളിയായി മാറി. നൂറ്റാണ്ടുകൾക്കുമുമ്പ് മരണം വരേണ്ടതായിരുന്നു എന്ന മട്ടിൽ. ഒടുവിൽ മരണം വന്ന് ‘ഞാൻ അവളാണ്’ എന്ന് പ്രഖ്യാപിക്കുന്നതുപോലെ.’’
ഈ പ്രഖ്യാപനം ബ്രിട്ടീഷ്-പാശ്ചാത്യ സംസ്കാരത്തിന്റെ മത-കത്തി പ്രയോഗങ്ങളിൽ ഇല്ലാതായിപ്പോകുന്ന പ്രാകൃത-സംസ്കാരരഹിത ജനതകളെക്കുറിച്ചും അവ നൂറ്റാണ്ടുകളുടെ വിളംബത്തിനുശേഷമാണെങ്കിലും അവസാനിക്കുന്നതിൽ ആനന്ദിക്കുന്നതിനെക്കുറിച്ചും മാത്രമല്ല. മറിച്ച്, ബ്രിട്ടീഷ്-പാശ്ചാത്യ സംസ്കാരം ലോകത്തിന്റെ സാംസ്കാരിക ശുദ്ധീകരണത്തിൽ എത്രമാത്രം ശ്രദ്ധപുലർത്തുന്നുവെന്നും അതിനായി വെളുത്ത പാശ്ചാത്യ പുരുഷന്മാർ സഹിക്കുന്ന ത്യാഗങ്ങൾ എത്രയെന്നും പ്രഖ്യാപിക്കുകയാണ്.
പാശ്ചാത്യ വെള്ളക്കാരൻ പുരുഷന് അയാൾ സാംസ്കാരികമായി ആർജിച്ച ധാർമികവും വംശീയവുമായ ഔന്നത്യത്തിന്റെ; അയാളുടെ മഹനീയതയുടെ പ്രഖ്യാപനവുമാണ് അത്. ആത്യന്തികമായി ലോകത്തിലെ ഏതു സംസ്കാരത്തിനും ഏതു ജനതക്കും ജീവിതരീതിക്കും മേൽ പാശ്ചാത്യ പുരുഷന്റെ വംശീയമായ ഔന്നിത്യം സാംസ്കാരികമായി അടയാളപ്പെടുത്തുകയാണ് ഡ്രാക്കുള കോട്ട ആക്രമിച്ചുകൊണ്ടും മരണമില്ലാത്ത രക്തരക്ഷസ്സായ ഡ്രാക്കുളയെ വധിച്ചുകൊണ്ടും നോവലിലെ ബ്രിട്ടീഷ് പുരുഷന്മാർ. ‘‘ഒറ്റ നിമിഷം. ജോനാഥൻ കത്തിവീശി. അതിന്റെ വായ്ത്തല മിന്നുന്നു. അതവന്റെ കഴുത്ത് ഛേദിച്ചു. ഞാൻ അലറി വിളിച്ചുപോയി. അതേനിമിഷം തന്നെ മോറിസിന്റെ ബോവി അവന്റെ ഹൃദയത്തിലാഴ്ന്നിറങ്ങി. വല്ലാത്തൊരത്ഭുതമായിരുന്നു അത്. ഞങ്ങളുടെ കണ്മുന്നിൽ െവച്ച്, ശ്വാസമെടുക്കുന്ന നേരംകൊണ്ട്, അവന്റെ ശരീരം മുഴുവൻ പൊടിഞ്ഞുപൊടിയായി കാഴ്ചയിൽനിന്നു മറഞ്ഞുപോയി.’’
മരണമില്ലാത്ത ഡ്രാക്കുള, മറ്റൊരു സംസ്കാരത്തിന്റെ കാവലാൾ, മറ്റൊരു വ്യവസ്ഥയുടെ സാമ്പത്തികതയുടെ ജനസഞ്ചയത്തിന്റെ വിശ്വാസത്തിന്റെ കേന്ദ്രമായ ശക്തിയാണ് വെള്ളക്കാരൻ പുരുഷനാൽ ഇല്ലാതാക്കപ്പെടുന്നത്. ബ്രിട്ടീഷ്-പാശ്ചാത്യവും അപരദേശീയവുമായ സംസ്കാരങ്ങൾ തമ്മിലുള്ള അന്തരമാണ് ആവർത്തിച്ച് പ്രഖ്യാപിക്കപ്പെടുന്നത്. നോവലിലെ ബ്രിട്ടീഷ്-പാശ്ചാത്യ പുരുഷൻ എന്തിനീ സാഹസത്തിൽ ഏർപ്പെടുന്നു എന്നതിന്റെ ഉത്തരം, ഇങ്ങനെ വായിക്കാം: ‘‘നമ്മൾ ചെയ്തതൊന്നും പാഴായില്ല. ദൈവത്തിനു നന്ദി. നോക്ക്, അവളുടെ നെറ്റി ഇപ്പോൾ മഞ്ഞിനേക്കാൾ പരിശുദ്ധമാണ്! ആ ശാപം മറഞ്ഞുപോയി!’’
രക്തപ്രമേയങ്ങൾ
നോവലിലെ പ്രധാനപ്രമേയം രക്തവും അതുമായി ബന്ധപ്പെട്ട വിഷയങ്ങളുമാണ്. രക്തത്തെ ദേശീയ ശുദ്ധിയുടെ അഭിജ്ഞാനമായും രക്തത്തെ ഭക്ഷണമായും കാണുന്ന രണ്ടു വിഭാഗങ്ങളുണ്ട് നോവലിൽ. വിക്ടോറിയൻ ബ്രിട്ടീഷ് സമൂഹവും ഡ്രാക്കുളയുമാണ് ഇരുഭാഗങ്ങളായി നിലകൊള്ളുന്നത്.
ബ്രിട്ടനിൽ മലേറിയപോലുള്ള രോഗത്തെക്കുറിച്ചുള്ള ചർച്ചകൾ സജീവമായി വരുന്ന സാഹചര്യത്തിലും മലേറിയയെക്കുറിച്ചുള്ള ശാസ്ത്രീയ വിലയിരുത്തലുകൾ നടന്നുകൊണ്ടിരിക്കുമ്പോഴുമാണ് ഈ നോവൽ പ്രസിദ്ധീകരിക്കപ്പെടുന്നത് എന്നത് കൗതുകകരമാണ്. ആഫ്രിക്കയിലും ഏഷ്യയിലും സാമ്രാജ്യസ്ഥാപനത്തിന്റെ ഭാഗമായി എത്തിച്ചേർന്ന സൈനികർക്കും ഉദ്യോഗസ്ഥർക്കും മലേറിയ ബാധിച്ചിരുന്നതായും അതുമൂലമുള്ള മരണനിരക്ക് ഗണ്യമായ തോതിലല്ലെങ്കിലും വർധിക്കുന്നതായി 1890കളിൽ രേഖപ്പെടുത്തിക്കാണുന്നുണ്ട്. അത്തരത്തിൽ ബ്രിട്ടന്റെ രോഗഭൂപടത്തിൽ മലേറിയ പരദേശജന്യമായ രോഗമെന്ന നിലയിൽ അടയാളപ്പെടുത്തപ്പെടുകയും അതുമൂലമുണ്ടാകുന്ന മരണങ്ങൾ സാമൂഹിക-സാംസ്കാരിക ഭയമായി സജീവമാകുകയും ചെയ്തിട്ടുണ്ട്. റോമൻ പനിപോലെ സംഹാരരൂപികളായ പകർച്ചപ്പനികൾ യൂറോപ്പിനു പരിചിതമാണെങ്കിലും മലേറിയപോലുള്ള രോഗങ്ങളെ കിഴക്കിന്റെ രോഗങ്ങളായാണ് വിക്ടോറിയൻ ഇംഗ്ലണ്ടിൽ ചർച്ചചെയ്യപ്പെട്ടത്. കടൽ കടന്നു വരുന്ന രോഗം/ മരണം -ഡ്രാക്കുളയും കടൽ കടന്നാണ് ബ്രിട്ടനിൽ എത്തുന്നത്.
മലേറിയയുടെ പ്രരൂപത്തിലൂടെ ‘ഡ്രാക്കുള’ നോവലിനെ വായിക്കാൻ റോസ് ജി. ഫോർമാൻ ശ്രമിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ നിരീക്ഷണങ്ങൾ ശ്രദ്ധേയമാണ്: ‘‘സ്റ്റോക്കറുടെ നോവൽ മലേറിയയിലൂടെ നോക്കുമ്പോൾ, നോവലിന്റെ വർണനകൾ വ്യക്തമാക്കുന്ന കാര്യങ്ങളുണ്ട്: സാംസ്കാരികതലങ്ങൾ, രോഗകാരണമായ ജീവി-ആതിഥേയ ബന്ധങ്ങൾ, രക്താധിഷ്ഠിതമായി പകരുന്ന രോഗങ്ങൾ, പരമ്പരാഗത ജ്ഞാനങ്ങളെയും ശാസ്ത്ര-യുക്തികളുടെ ഉപകരണങ്ങളുടെ സംയോജനത്തിലൂടെയുള്ള രോഗനിവാരണ രീതികളുടെ ആവിഷ്കാരങ്ങൾ എന്നിവയാണത്.
രോഗാസുഷുപ്താ അവസ്ഥയുടെ കാലദൈർഘ്യം, സജീവതയുടെയും നിദ്രാവസ്ഥയുടെയും കാര്യത്തിൽ അതിന്റെ മാറിമാറിവരുന്നതും ദീർഘിച്ചതുമായ കാലയളവുകൾ, അതിന്റെ ഉഷ്ണ-ശീത ഘട്ടങ്ങൾ, എന്നിവയുടെ കാര്യങ്ങളിൽ മലേറിയ കൃത്യമായും നോവലിൽ വർണിച്ചിട്ടുള്ള രക്ഷസ്സുബാധയുടെ ലക്ഷണങ്ങളുമായി യോജിച്ചുപോകുന്നു. സ്റ്റോക്കറുടെ രക്തരക്ഷസ്സിനാൽ സ്ത്രീ കഥാപാത്രങ്ങൾ അനുഭവിക്കുന്ന വിളർച്ച, മലേറിയയുടെ മുഖ്യഫലമാണ്... അതിലുപരിയായി, സമകാലികമായ മറ്റു രോഗങ്ങളോടു സംയോജിപ്പിച്ചുകൊണ്ട്, മലേറിയയെക്കുറിച്ചുള്ള സമകാലിക വിവരണങ്ങൾ മറ്റൊരു കാര്യം ഉയർത്തിക്കാട്ടുന്നുണ്ട്.
ക്ഷയിക്കുക എന്ന വാക്ക് –വിക്ടോറിയൻ കാലഘട്ടത്തിന്റെ അവസാനഘട്ടത്തിൽ ആഴത്തിൽ സാംസ്കാരിക സാംഗത്യമുള്ള ഒരു പദം –ഉത്ഭവിച്ചിരിക്കുന്നത് വംശീയശാസ്ത്രങ്ങളിൽ മാത്രമല്ല. അതിന്റെ ഉൽപത്തി വൈദ്യമേഖലയിൽക്കൂടി തിരയേണ്ടതുണ്ട് –രോഗകാലയളവിൽ രോഗിയുടെ കോശങ്ങൾക്കുണ്ടാകുന്ന മാറ്റങ്ങളെയും രോഗിയുടെ അവസ്ഥയിലുണ്ടാകുന്ന വ്യതിയാനങ്ങളെയും വിശദീകരിക്കാൻ ക്ഷയിക്കുക എന്ന വാക്ക് ഉപയോഗിച്ചിരിക്കാം.’’ കൊതുകുകൾ പടർത്തുന്ന, രക്തത്തിലൂടെ പകരുന്ന മലേറിയയെക്കുറിച്ചുള്ള ചർച്ചകളിൽനിന്നുള്ള പ്രചോദനം ഡ്രാക്കുളയിലെ രക്തപ്രമേയങ്ങളുടെ ആഖ്യാനത്തെ സ്വാധീനിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കാവുന്നതാണ്.
താലിയ സ്ചാഫെർ പറയുന്നപോലെ ‘‘സ്ത്രീകൾക്കുമേൽ ലൈംഗിക ഉടമസ്ഥതക്കു വേണ്ടി പുരുഷന്മാർ നടത്തുന്ന പോരാട്ടം’’ മാത്രമല്ല ‘ഡ്രാക്കുള’ നോവലിൽ ഉള്ളത്. അതിനേക്കാൾ ആഴമുള്ള തലങ്ങൾ സ്ത്രീകളെ പ്രതലമാക്കിക്കൊണ്ട് നോവൽ പറയുന്നുണ്ട്. ഇതിനപ്പുറം, നോവലിലെ രക്താഖ്യാനങ്ങൾ രാഷ്ട്രീയ-സാംസ്കാരിക മാനങ്ങൾ കൈവരിക്കുന്നത് അവ വംശാവലിയെയും പിന്തുടർച്ചയെയും പ്രതിനിധാനംചെയ്യുന്നു എന്നതിനാലും അതുകൊണ്ടുതന്നെ രക്തത്തിൽ ഉണ്ടാകുന്ന ഏതു കലർപ്പും അശുദ്ധിയും വംശാവലിയുടെ തകർച്ചയും പിന്തുടർച്ചയിൽ ഉളവാകുന്ന തകിടംമറിയലും ആകുമെന്നതിനാലാണ്. നോവൽ പുലർത്തുന്ന രക്തഭീതി ആ തലത്തിലുള്ളത് തന്നെയാണ്.
ഡ്രാക്കുളയുടെ രക്തരക്ഷസ്സുബാധ രക്തത്തിലൂടെ സംക്രമിക്കുന്നതാണ്. അത് വിക്ടോറിയൻ സമൂഹത്തെ കായികമായും ധാർമികമായും മലിനമാക്കിയേക്കുമെന്നതാണ് നോവലിലെ ബ്രിട്ടീഷ് പുരുഷന്മാരുടെ ഭീതിയുടെ സത്ത. അതുകൊണ്ടുതന്നെ, രക്ത-വംശാവലിയെ അധികാരത്തിന്റെയും ആധിപത്യത്തിന്റെയും സ്രോതസ്സായാണ് നോവലിലെ ബ്രിട്ടീഷ്/ പാശ്ചാത്യ പുരുഷന്മാരും ഡ്രാക്കുളയും മനസ്സിലാക്കുന്നത്. ഈ രക്ത-വംശാവലി ശുദ്ധിയുടെ സൂക്ഷിപ്പുകാരും തുടർച്ചയുളവാക്കുന്നവരുമാണ് ഇരുഭാഗത്തിനും സ്ത്രീകൾ. അതുകൊണ്ടാണ് ഡ്രാക്കുള, ‘‘നിനക്കൊക്കെ വലിയ ഇഷ്ടമുള്ള ആ പെൺകൊച്ചുങ്ങളില്ലേ, അവർ ഇപ്പോൾ എന്റേതായിക്കഴിഞ്ഞു. അവർ വഴി നീയും നിന്റെ കൂടെയുള്ളവരും എന്റേതാകും’’ എന്നു വെല്ലുവിളിക്കുന്നതും അത് ബ്രിട്ടീഷ്/ പാശ്ചാത്യ പുരുഷന്മാരെ ചോദിപ്പിക്കുന്നതും സംഭീതരാക്കുന്നതും.
‘‘രക്തമാണ് ജീവിതം!’’ എന്ന് ഒരവസരത്തിൽ ഡ്രാക്കുള പ്രസ്താവിക്കുന്നുണ്ട്. അധികാരത്തിന്റെയും ആധിപത്യത്തിന്റെയും പതനത്തിന്റെയും അടിമത്തത്തിന്റെയും എല്ലാം സ്രോതസ്സായാണ് രക്തത്തെ നോവലിൽ തിരിച്ചറിയുന്നത്. രക്തത്തിന്റെ അവകാശികൾ ആരാണ് എന്നതുതന്നെയാണ് അധികാരവും തുടർച്ചയും അസ്തിത്വവുമായി ബന്ധപ്പെടുത്തിക്കൊണ്ടു നോവൽ ഉന്നയിക്കുന്ന പ്രധാന പ്രശ്നം. ഈ രക്തപ്രമേയത്തിൽ ഇരകളാക്കപ്പെടുന്നത് സ്ത്രീകൾതന്നെയാണ്. അതുകൊണ്ടുതന്നെ സ്ത്രീകളും അവരുടെ ശരീരങ്ങളും ലൈംഗികതയും സംഘർഷത്തിന്റെ ഇടങ്ങളായി മാറുന്നു.
വിക്ടോറിയൻ ധാർമികത/ സഭ്യതക്കെതിരെ
വിക്ടോറിയൻ ധാർമികത/ സഭ്യതക്കെതിരെയുള്ള പ്രകോപനപരമായ വെല്ലുവിളിയാണ് ബ്രാം സ്റ്റോക്കറുടെ ‘ഡ്രാക്കുള’ ഉയർത്തിയത്. അത് വായനക്കാരെ സഭ്യതാനിഷിദ്ധമെന്നു കരുതപ്പെട്ട വിഷയങ്ങളെ –ലൈംഗികത, അതിമാനുഷ– പ്രകൃത്യാതീത ശക്തികൾ, ബഹുപുരുഷ സംസർഗം, സ്വവർഗ ലൈംഗികത, ശവരതി, മരണാനന്തര ജീവിതം, ദൈവാതീത നിത്യത തുടങ്ങിയവ -വായനക്കാർക്കു മുന്നിൽ അവതരിപ്പിക്കുകയുണ്ടായി.
സ്ത്രീ കഥാപാത്രങ്ങൾ –പ്രത്യേകിച്ച് മിനയും ലൂസിയും– പരമ്പരാഗതവും വിക്ടോറിയൻ സാമൂഹിക ബോധ്യങ്ങൾ അനുശാസിക്കുന്നതുമായ ലിംഗമാതൃകകളെ അട്ടിമറിക്കുകയും പുരുഷാധിപ വ്യവഹാരങ്ങൾക്കും നിയന്ത്രണങ്ങൾക്കും സംരക്ഷണങ്ങൾക്കുമകത്ത് അവരുടെ കർതൃത്വത്തെ സ്ഥാപിക്കാനും ശ്രമിക്കുന്നുണ്ട്. വിക്ടോറിയൻ സമൂഹം അനുശാസിച്ചിരുന്ന കർക്കശമായ ധാർമിക/സഭ്യതാ അനുശാസനങ്ങളെ വെല്ലുവിളിച്ചുകൊണ്ടുതന്നെയാണ് അത് പ്രാവർത്തികമാക്കിയത്.
മിനയുടെ വഴക്കമില്ലായ്മ പ്രകടമാകുന്ന സന്ദർഭമാണ് അവരുടെ ഈ പ്രഖ്യാപനം: ‘‘മരിക്കാൻ എനിക്ക് ഭയമില്ല... രക്തരക്ഷസ്സ് മരിച്ചേക്കില്ല എന്നതു മാത്രമാണ് എന്റെ ഭയം.’’ സമൂഹം പ്രതീക്ഷിക്കുന്ന തരത്തിലുള്ള സ്ത്രൈണസഹിഷ്ണുതയും വിധേയത്വവും പ്രദർശിപ്പിക്കാത്ത ഈ പ്രഖ്യാപനം, മിനയുടെ കർതൃത്വത്തെയും ആത്മബോധത്തെയും വ്യക്തമാക്കുന്നുണ്ട്. ഏറ്റവും തീക്ഷ്ണമായ രീതിയിൽ മിന ഇടപെടുന്നത് ഡ്രാക്കുളക്കായി ദയ ആവശ്യപ്പെട്ടുകൊണ്ടാണ്. ഡ്രാക്കുളയെപ്പോലുള്ള ഒരു അക്രമകാരിയെ, സംസ്കാരബാഹ്യനെ, വംശത്തുടർച്ചയുടെയും രക്തശുദ്ധിയുടെയും പിന്തുടർച്ചയുടെയും വാതായനങ്ങളായ സ്ത്രീകളെ വേട്ടയാടുന്ന അപരനെ ഉൾക്കൊള്ളാനുള്ള ആഹ്വാനമാണ് മിന നടത്തുന്നത്.
മിനയുടെ കർതൃത്വത്തിന്റെയും പരമ്പരാഗത സ്ത്രീയിടങ്ങളുടെ ഉല്ലംഘനത്തിന്റെയും വഴക്കമില്ലായ്മയുടെയും ഏറ്റവും ശക്തമായ വെളിപ്പെടലുമാണ് ആ സന്ദർഭം: ‘‘എന്റെ ജോനാഥൻ! എനിക്ക് അങ്ങയോടും എന്റെയീ ഏറ്റവും നല്ല കൂട്ടുകാരോടും ഒരു കാര്യം പറയാനുണ്ട്... യഥാർഥ ലൂസിയുടെ അനശ്വര ജീവിതത്തിനുവേണ്ടി നിങ്ങൾ അന്ന് അയഥാർഥ ലൂസിയെ നശിപ്പിച്ചില്ലേ? അത് വെറുപ്പിൽനിന്നുണ്ടായ ഒരു പ്രവൃത്തിയല്ലല്ലോ. ഇതിനെല്ലാം കാരണമായ ആ പാവം ആത്മാവാണ് ഏറ്റവും ദുഃഖകരമായ സംഗതി. അവനിലെ ഏറ്റവും മോശമായവയെ സംബന്ധിച്ച്, അവനെ നശിപ്പിച്ചു കളയുമ്പോൾ നല്ല സംഗതികൾക്ക് ആത്മീയമായ അനശ്വരത്വം ലഭിക്കില്ല? അവന്റെ അപ്പോഴത്തെ ആഹ്ലാദത്തേക്കുറിച്ചോർത്തു നോക്കൂ. അവനോടും ദയ തോന്നണം. എന്നാൽ, അവനെ നശിപ്പിക്കുന്നതിൽനിന്ന് വ്യതിചലിക്കാനല്ല അത്.’’
ലൈംഗികതയുടെയും രതിയുടെയും കാര്യത്തിൽ അത്യസാധാരണമായി ലജ്ജാനാട്യങ്ങൾ ഉള്ളവരായിരുന്നു വിക്ടോറിയൻകാല ജനത എന്നതാണ് വ്യാപകമായി അക്കാലത്തെക്കുറിച്ചു മനസ്സിലാക്കിെവച്ചിരിക്കുന്നതെന്നാണ് ഡോണാൾഡ് യങ് അഭിപ്രായപ്പെടുന്നത്. സ്ത്രീകൾ ഒട്ടുംതന്നെ ലൈംഗികാഭിരുചിയുള്ളവരായിരുന്നില്ലെന്നും അവർ ലൈംഗികമായി പിൻവലിഞ്ഞവരായിരുന്നുവെന്നുമുള്ള വ്യവഹാരങ്ങളാണ് വിക്ടോറിയൻ സമൂഹത്തിലെ സ്ത്രീകളെയും അവരുടെ ലൈംഗികാഭിമുഖ്യങ്ങളെയും കുറിച്ച് നിലനിന്നിരുന്നത്. നാൻസി കോട്ട് ഈ വ്യവഹാരത്തെക്കുറിച്ചും അക്കാലത്തെ സ്ത്രീകളെയും അവരുടെ ലൈംഗികതയെയും കുറിച്ച് നിരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്. ദ്വിമുഖതയുള്ളതായിരുന്നു സ്ത്രീകളുടെ ലൈംഗികതയെക്കുറിച്ചുള്ള ആധിപത്യ കാഴ്ചപ്പാടുകൾ എന്ന് അവർ നിരീക്ഷിക്കുന്നു.
ആദ്യത്തേത്, സ്ത്രീകൾ സ്വഭാവേന ലൈംഗിക തൃഷ്ണകൾക്കതീതമായി, ആത്മീയഭാവമുള്ള സൃഷ്ടികളാണ്. അതേസമയം, ഇതിനു നേർവിപരീതഭാവം പുലർത്തിക്കൊണ്ട്, സഹജഭാവേന സംഭോഗാസക്തകളുമാണ്. ഏതെങ്കിലും തരത്തിലുള്ള വ്യതിയാനങ്ങൾ സംഭവിക്കുമ്പോൾ, സ്ത്രീകളെക്കുറിച്ചുള്ള സഹജഭാവേന സംഭോഗാസക്തകളെന്ന ധാരണ പ്രബലമാവുകയും അത് സ്ത്രീകൾക്കെതിരെ പ്രയോഗിക്കപ്പെടുകയും ചെയ്യുന്നു.
വിക്ടോറിയൻ സാമൂഹികതയിലെ ലൈംഗിക സദാചാര പ്രശ്നങ്ങൾ കൈകാര്യംചെയ്യാൻ സാമൂഹിക-സാഹിത്യ പഠിതാക്കൾ ദ്വിമുഖതയുള്ള ഈ പ്രരൂപം ഉപയോഗിക്കപ്പെടുന്നുണ്ടെങ്കിലും ഡ്രാക്കുള നോവലിലെ വിക്ടോറിയൻ ബ്രിട്ടീഷ് സ്ത്രീകളായ മിനയും ലൂസിയും ശാക്തീകരിക്കപ്പെട്ട സ്ത്രീകളായാണ് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. അതു വിനിമയംചെയ്യുന്ന സന്ദർഭമാണ് ലൂസിയുടെ ഈ വാക്കുകൾ: ‘‘ഒരു പെൺകുട്ടിക്കെന്താ മൂന്നുപേരെ ഒരുമിച്ച് വിവാഹം കഴിച്ചാൽ? മൂന്നോ എത്രയെങ്കിലുമോ, എന്താണതാരും സമ്മതിക്കാത്തത്? ഇത്തരം പ്രശ്നങ്ങളൊന്നും ഉണ്ടാവാതിരിക്കുമല്ലോ?’’
ലൂസിയും മിനയും, മുൻചൊന്നപോലെ, അവരുടെ സ്വാതന്ത്ര്യം അടിവരയിട്ടുറപ്പിക്കുകയും പുരുഷാധിപ നിയമങ്ങളെ പലപ്പോഴും വെല്ലുവിളിക്കുകയോ അതിനോടുള്ള അസ്വസ്ഥതകളും അതൃപ്തികളും പ്രകടിപ്പിക്കുകയും ചെയ്യുന്നു. അത്തരം ബ്രിട്ടീഷ്/ പാശ്ചാത്യ കഥാപാത്രങ്ങളിലൂടെ സ്ത്രൈണ ലൈംഗിക ശുദ്ധിയുടെയും സദാചാരത്തിന്റെയും വിക്ടോറിയൻ സംഹിതകളെ നിരാകരിക്കുകയും വെല്ലുവിളിക്കുകയും ചെയ്യുകയാണ് നോവൽ.
പ്രേതായനം
ബ്രാം സ്റ്റോക്കറുടെ ‘ഡ്രാക്കുള’ ലോകസാഹിത്യത്തിൽ അത്ഭുതകരമായ സ്വാധീനമാണ് ചെലുത്തിയിട്ടുള്ളത്. വിവർത്തനങ്ങളായും പ്രചോദിത രചനകളായും ലോകമെമ്പാടുമുള്ള ഭാഷകളിൽ ‘ഡ്രാക്കുള’ നിറഞ്ഞുനിൽക്കുന്നുണ്ട്. ‘മക്ത് മിർക്രന്ന’ (ഇരുളിന്റെ വീര്യങ്ങൾ) എന്ന പേരിൽ വ്ലാദിമിർ അസ്മുന്ദ്സ്സൻ ചെയ്ത പരിഭാഷ/ പ്രചോദിത രചനയാണ് ഇംഗ്ലീഷിനു പുറത്ത് ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടത്. 1901ലാണ് ആ രചന പുറത്തിറങ്ങിയത്.
125 വർഷങ്ങളായി ഡ്രാക്കുള ഇംഗ്ലീഷ് ഭാഷ വിട്ടിറങ്ങിയിട്ട്. ആ യാത്ര ചരിത്രമാണ്. അപരഭയത്തിന്റെയും ലൈംഗിക അരക്ഷിതത്വത്തിന്റെയും വന്യകാമനകളുടെയും അധികാര അഭിവാഞ്ഛകളുടെയും സന്ദർഭങ്ങൾ ലോകസാഹിത്യത്തിലും മനുഷ്യാനുഭവങ്ങളിലും വാരിവിതറിക്കൊണ്ടുള്ള പ്രേതായനം. അതിന്റെ യാത്രയിൽ പ്രാദേശികമായി നിലകൊണ്ടിരുന്ന പല രക്ഷസ്സുജനികളും അപ്രസക്തമാവുകയോ മറഞ്ഞുപോവുകയോ ചെയ്തു.
മലയാളത്തിലും ഡ്രാക്കുളയും ബ്രാം സ്റ്റോക്കറും പല ഭാവത്തിൽ പ്രത്യക്ഷപ്പെട്ടു –വിവർത്തനങ്ങളായി, പ്രചോദിത രചനകളായി, ചിത്രകഥകളായി. നീലകണ്ഠൻ പരമാര, കോട്ടയം പുഷ്പനാഥ്, കെ.വി. രാമകൃഷ്ണൻ തുടങ്ങി പലരും ഡ്രാക്കുളയെയും സ്റ്റോക്കറുടെ മറ്റു കൃതികളും ഭാഷയിലേക്ക് ആവാഹിച്ചുവരുത്തി വിധിനിർണായകമായ സന്ധ്യയിൽ സൂര്യൻ താഴ്ന്നുപോകും മുമ്പ് ധൂളിയാക്കിത്തീർത്തു. ‘ഡ്രാക്കുള’യുടെ ലോകഭാഷകളിലൂടെയുള്ള സഞ്ചാരത്തിന്റെ 125ാം വർഷത്തിൽ മലയാള ഭാഷയിൽ ഒരിക്കൽക്കൂടി സന്ദർശനം നടത്തുകയാണ് ഡ്രാക്കുള. ആശാലതചെയ്ത വിവർത്തനം നോവലിനെ മലയാളത്തിലേക്ക് മൊഴിമാറ്റുമ്പോൾ മലയാള മൊഴികളുടെ ബഹുത്വത്തിന്റെ ശക്തി അറിയിക്കുന്നുണ്ട്.
അതോടൊപ്പം നോവലിലെ ചില സന്ദർഭങ്ങൾക്കു കൊടുക്കുന്ന ഊന്നലിലൂടെ ഭയക്കേണ്ടതാരെ, എന്തിനെ എന്ന ചോദ്യങ്ങൾ ഉന്നയിക്കാൻ പ്രേരിപ്പിക്കുകതന്നെ ചെയ്യും. ഭയത്തിന്റെ ഉറവയായി ഡ്രാക്കുള മാറുമ്പോൾ, ചരിത്രബോധത്തിന്റെ ബലത്തിൽ ആ ഭയബോധത്തോടു തിരിച്ചു ചോദിക്കേണ്ടതുണ്ട്: ആരുടെ ഭയമാണ് ഡ്രാക്കുള? ആ ഭയം പങ്കിടുന്ന ലോകജനതയിൽ ഭൂരിഭാഗവും ഡ്രാക്കുളയുടെ വിധിഹിതങ്ങൾ പങ്കിടുന്നവരല്ലേ? അതിവേഗം ധൂളിയായി അപ്രത്യക്ഷമാകാൻ സാധ്യതയുള്ള സമൂഹങ്ങളിൽ ഇരുന്നുകൊണ്ട് ഡ്രാക്കുളയെ ഭയപ്പെടുന്നതിന്റെ അർഥമെന്ത്? എന്നെല്ലാം ചോദിക്കാൻ ഈ വിവർത്തനകൃതി മലയാളികളെ പ്രേരിപ്പിക്കുകതന്നെ ചെയ്യും. ആ അട്ടിമറിതന്നെയാണ് ആശാലതയുടെ വിവർത്തനത്തിന്റെ കരുത്ത്.
(അവസാനിച്ചു)
===========
സഹായക രചനകൾ:
1. Colin Fleming, "The Icelandic Dracula: Bram Stoker's Vampire takes a Second Bite" https://www.theguardian.com/books/2017/apr/19/icelandic-dracula-bram-stoker-translator-powers-of-darkness-valdimir-asmundsson-makt-myrkranna
2. Daniel Renshaw, "A fine fellow although rather Semitic Jews and antisemitism in Jules Verne s Le Ch Teau des Carpathes and Bram Stoker s Dracula" in Jewish Culture and History, 2022, VOL. 23, NO. 4, pp. 289–306.
3. Donald Young, “This Man Belongs to Me!”: Homosociality, Patriarchy, and Homosexual Panic in Dracula, University of Memphis, May 2022.
4. Franco Moretti, "The Dialectic of Fear" in New Left Review, 136 (Nov-Dec, 1982), pp. 67-85.
5. Hannah Ewence, "Blurring the Boundaries of Difference: Dracula, the Empire, and ‘the Jew’ " in Jewish Culture and History, 12:1-2, 2010, pp. 213-222
6. Judith Halberstam, Skin Shows: Gothic Horror and the Technology of Monsters, Durham and London: Duke University Press, 1995.
7. Jules Zanger, ‘‘A Sympathetic Vibration: Dracula and the Jews’’ in English Literature in Transition, 1880-1920, Volume 34, Number 1, 1991, pp. 33-44.
8. Kat Eschner, ‘‘The Islandic Translation of 'Dracula' is Actually a Different Book’’, https://www.smithsonianmag.com/smart-news/icelandic-translation-dracula-actually-different-book-180963346/
9. Nancy F Cott, “Passionlessness: An Interpretation of Victorian Sexual Ideology, 1790-1850.” Signs, vol. 4, no. 2, 1978, pp. 219–36.
10. Ross G Foreman, ‘‘A Parasite for Sore Eyes: Rereading Infection Metaphors in Bram Stoker's Dracula’’ in Victorian Literature and Culture, Vol.44, No. 4, 2016, pp. 925-947
11. Sara Libby Robinson, ‘‘Blood Will Tell: Anti-Semitism and Vampires in British Popular Culture, 1875-1914" in GOLEM: Journal of Religion and Monsters, 3:1, 2009, pp. 16-27
12. Saul Jay Singer, "The Antisemitism And Jewish Origins Of Dracula" in https://www.jewishpress.com
13. Stephen D Arata, "The Occidental Tourist: Dracula and the Anxiety of Reverse Colonization" in Victorian Studies, Indiana University Press, Summer 1990, pp.621- 645.
14. Stephanie Winkler, "The fear of the ‘Other’ and anti-semitism: Representations of the Jews in Punch and Bram Stoker’s Dracula in the light of rising English Nationalism" https://open.conted.ox.ac.uk
15. Susan Van Zanten Gallagher, “Torture and the Novel: Coetzee’s Waiting for the Barbarians”, Contemporary Literature XXIX, I (Spring 1988), 227- 85, Rogers A Sempasah, "Empire, Monsters and Barbarians: Uncanny Echoes and Reconfigurations of Stoker's Dracula in Coetzee's Waiting for the Barbarians" in Isabel Ermida (ed.), Dracula and the Gothic in Literature, Pop Culture and the Arts, Leiden: Brill, 2016, pp. 91-117.
16. Talia Schaffer, “‘A Wilde Desire Took Me’: The Homoerotic History of Dracula.” ELH, vol. 61, no. 2, Johns Hopkins University Press, 1994, pp. 381–425.