ChatGPT - നിർമിതബുദ്ധിയുമായുള്ള തുറന്ന സംഭാഷണം
ചാറ്റ്ജിപിടിയും നിർമിതബുദ്ധിയും ജനപ്രിയമാകുമ്പോൾ എന്താണ് സംഭവിക്കുക? ഐ.ടി പ്രഫഷനലും നോവലിസ്റ്റുമായ ലേഖകൻ ചാറ്റ്ജിപിടി സാങ്കേതികവിദ്യയെക്കുറിച്ച് വിവരിച്ച് ശ്രദ്ധേയ നിരീക്ഷണങ്ങളും ചില ആശങ്കകളും പ്രതീക്ഷകളും പങ്കുവെക്കുന്നു.
ഈയടുത്ത കാലത്ത് ഇന്റർനെറ്റിൽ ഏറെപ്പേർ തിരയുകയും ഉപയോഗിച്ചു തുടങ്ങുകയും ചെയ്തൊരു സാങ്കേതികസഹായിയാണ് ചാറ്റ്ജിപിടി (Chat Generative Pre-trained Transformer). മനുഷ്യന് മനസ്സിലാക്കാൻ എളുപ്പമുള്ള ഭാഷയിലും രീതിയിലും സംവദിക്കാൻ കഴിയുന്നതും നിർമിതബുദ്ധിയെ (Artificial Intelligence) അടിസ്ഥാനമാക്കി പ്രവർത്തിക്കുന്നതുമായൊരു സംവിധാനമാണിത്. നമ്മൾ പറയുന്ന കാര്യങ്ങൾ വേഗത്തിൽ പിടിച്ചെടുക്കാനും അതിനനുസരിച്ച് കൃത്യവും പ്രസക്തവുമായ മറുപടികൾ നൽകാനും കഴിയുന്നവിധത്തിലാണിത് രൂപകൽപന ചെയ്തിരിക്കുന്നത്. അതിനായി വലിയൊരു വിവരശേഖരത്തിന്റെ പിന്തുണയുമുണ്ട്. വളരെ നിസ്സാരമായ ചോദ്യങ്ങൾ മുതൽ സങ്കീർണമായ പ്രശ്നങ്ങൾക്കുവരെ ഒരു പരിധിവരെ മറുപടി നൽകാൻ ചാറ്റ്ജിപിടിക്ക് കഴിയുന്നു എന്നതാണ് ഇതിനെ ഇത്രവേഗത്തിൽ ജനപ്രിയമാക്കാൻ കാരണം. പുറത്തിറക്കി വെറും മൂന്നുമാസങ്ങൾക്കുള്ളിൽ പത്തുകോടിയിലേറെ ഉപയോക്താക്കളെ ആകർഷിക്കാനായി എന്നതൊരു ചില്ലറക്കാര്യമല്ലല്ലോ. ചാറ്റ്ജിപിടിയെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി ഇതിന്റെ പിറകിൽ പ്രവർത്തിക്കുന്ന സാങ്കേതികതകളെയും അവയുമായി ബന്ധപ്പെട്ട പദങ്ങളെയും പൊതുവിലൊന്ന് പരിചയപ്പെടുന്നത് നന്നായിരിക്കും.
സ്വാഭാവിക ഭാഷാപ്രക്രിയ (Natural language processing - NLP)
സാധാരണക്കാരെ സംബന്ധിച്ചിടത്തോളം കമ്പ്യൂട്ടറുകൾക്ക് സന്ദേശം കൈമാറണമെങ്കിൽ മുൻകാലങ്ങളിലത് താരതമ്യേന ബുദ്ധിമുട്ടുള്ളൊരു കാര്യമായിരുന്നു. എ.ടി.എം കൗണ്ടറുകളുടെ സ്ക്രീനിനു മുന്നിലായി അന്ധാളിച്ചുനിൽക്കുന്നവരെ ചുരുക്കമായെങ്കിലും ഇക്കാലത്തും കണ്ടുമുട്ടാറുണ്ടല്ലോ. ഏതെങ്കിലും പ്രോഗ്രാമുകൾ നൽകുന്ന നിർദേശങ്ങൾക്കനുസരിച്ചുമാത്രം നമ്മൾ മറുപടികൾ കൊടുക്കേണ്ട രീതിയാകുമ്പോൾ ഉപയോഗം കൂടുതൽ പ്രയാസമേറിയതാകുന്നു. എന്നാൽ, മനുഷ്യർ തമ്മിൽ സംസാരിക്കുന്ന രീതിയിൽ, വളരെ എളുപ്പത്തിൽ കമ്പ്യൂട്ടറുമായി വിവരങ്ങൾ കൈമാറാൻ സഹായിക്കുന്നൊരു സമ്പ്രദായമാണ് NLP. മനുഷ്യരും യന്ത്രവുമായി ഇടപഴകുന്നതിലെ സാങ്കേതികമായ വിടവ് നികത്താനും മറുവശത്തെ യന്ത്രപ്രതീതി ഒഴിവാക്കി സ്വാഭാവികമായ സംസാരത്തിലൂടെ വിവരങ്ങൾ കൈകാര്യം ചെയ്യാനും ഇതുവഴി സാധ്യമാകുന്നു. അതു മാത്രമല്ല, ആളുകൾ പറയുന്നതും എഴുതുന്നതും വിശകലനം ചെയ്യുന്നതിലൂടെ വൈകാരികമായ അവസ്ഥയെ ഒട്ടൊരു പരിധിവരെയെങ്കിലും പരിഗണിക്കാൻ നിർമിതബുദ്ധിക്ക് കഴിയുന്ന സാഹചര്യവുമുണ്ടാകും.
നിത്യജീവിതത്തിലിന്ന് NLPയുടെ ഗുണങ്ങൾ ഉപയോഗപ്പെടുത്താത്തവർ ചുരുക്കമായിരിക്കും. ഗൂഗ്ൾ അസിസ്റ്റന്റിൽ (Google) എന്തെങ്കിലും തിരയുമ്പോഴോ, അല്ലെങ്കിൽ അലക്സയോട് (Amazon) പാട്ടുവെക്കാൻ നിർദേശിക്കുമ്പോഴോ, സിരിയോട് (Apple) സഹായം തേടുമ്പോഴോ അതുമല്ലെങ്കിൽ വിവിധതരം ഓഡിയോ ആപ്പുകൾ കേൾക്കുമ്പോഴോ ഒക്കെ നാം NLPയുമായാണ് ഇടപഴകുന്നത്. ഈവിധത്തിൽ സ്വാഭാവിക ഭാഷയിൽനിന്ന് യന്ത്രഭാഷയിലേക്കും, നേരെ തിരിച്ചും കാര്യങ്ങളെ അവതരിപ്പിക്കാനാകുന്നു. ചുരുക്കിപ്പറഞ്ഞാൽ ‘‘കേവല മർത്യഭാഷ കേൾക്കുന്ന ദേവദൂതികയാകാൻ...’’ സാങ്കേതികസംവിധാനങ്ങൾക്ക് കൂടുതൽ അവസരമൊരുങ്ങുകയാണ്.
നിർമിതബുദ്ധി (Artificial intelligence - AI)
നിലവിലെ കമ്പ്യൂട്ടർ സയൻസിന്റെ ഒരു പ്രധാന ഗവേഷണ മേഖലയാണ് നിർമിതബുദ്ധി. സ്വാഭാവികമായ സംഭാഷണങ്ങൾ മനസ്സിലാക്കുക, വസ്തുക്കളെ തിരിച്ചറിയുക, കാര്യകാരണങ്ങളെ വേർതിരിച്ചെടുക്കുക, മികച്ച നിർദേശങ്ങളിലേക്കെത്തുക, പെട്ടെന്ന് തീരുമാനങ്ങൾ കൈക്കൊള്ളുക, ഊഹങ്ങളും പ്രവചനങ്ങളും നടത്തുക എന്നിങ്ങനെ മനുഷ്യബുദ്ധിയാൽ പൂർത്തിയാക്കാൻ കഴിയുന്ന കര്ത്തവ്യങ്ങളെ യന്ത്രബുദ്ധിയാൽ സാധ്യമാക്കുക എന്ന രീതിശാസ്ത്രമാണിത്. ഇതിനായി മെഷീൻ ലേണിങ്, ഡീപ് ലേണിങ്, നാചുറൽ ലാംഗ്വേജ് പ്രോസസിങ് തുടങ്ങിയ സാങ്കേതികവിദ്യകളും കാര്യങ്ങളെക്കുറിച്ച് പഠിക്കാനായി വലിയ അളവിൽ വിവരശേഖരവും ആവശ്യമാണ്. മാത്രവുമല്ല, മെച്ചപ്പെട്ട അറിവുകളും കൃത്യമായ പ്രതികരണങ്ങളും കൊടുക്കുന്നതിനനുസരിച്ച് നമുക്ക് ലഭ്യമാകുന്ന വിവരത്തിന്റെ ഗുണനിലവാരം വർധിക്കുകയും ചെയ്യുന്നു. ചില ഉദാഹരണങ്ങളിലൂടെ കടന്നുപോകുമ്പോൾ ഇത് കൂടുതൽ വ്യക്തമാകും. ‘‘സ്ഥലത്തിനൊക്കെ എത്ര വിലയുണ്ട്’’, ‘‘അവിടെ മഴയൊക്കെയെങ്ങനെ’’ എന്നീ രണ്ട് ചോദ്യങ്ങൾ പതിവ് മലയാളി കുശലങ്ങളുടെ ഭാഗമാണല്ലോ. ആയതിനാൽ ഇവ രണ്ടും നിർമിതബുദ്ധിയെങ്ങനെ കൈകാര്യം ചെയ്യുന്നു എന്ന് മനസ്സിലാക്കാൻ ശ്രമിക്കാം.
‘‘2030ൽ എറണാകുളം നഗരത്തിൽ ഒരു സെന്റ് സ്ഥലത്തിന്റെ വിലയെന്താകും’’ എന്നൊരു ചോദ്യമാണ് കൈകാര്യം ചെയ്യേണ്ടതെങ്കിൽ, നിലവിലെ വില, കഴിഞ്ഞ പത്തോ ഇരുപതോ വർഷങ്ങളിലെ വില എന്നിവ മുൻകൂറായി നൽകേണ്ടി വരും. അതിനനുസരിച്ചുള്ളൊരു പ്രവചനമാണ് നടത്തുക. 2010ൽ അഞ്ചു ലക്ഷം, 2020ൽ 10 ലക്ഷം എന്നതാണ് നാം കൊടുക്കുന്ന വിവരമെങ്കിൽ 2030ലേത് 15 ലക്ഷമെന്ന താരതമ്യേന എളുപ്പമുള്ള ഉത്തരം ലഭിക്കും. എന്നാൽ, വർഷാവർഷമുള്ള വിലക്കയറ്റം മാത്രമല്ലല്ലോ സ്ഥലത്തിന്റെ വില നിശ്ചയിക്കുന്നത്. സ്ഥലം എവിടെ സ്ഥിതിചെയ്യുന്നു, അവിടെ കാലാവസ്ഥാ സംബന്ധമായി പ്രശ്നങ്ങളുണ്ടാകാൻ സാധ്യതയുണ്ടോ, പുതുക്കിയ നിയമങ്ങളനുസരിച്ച് അവിടെ നിർമാണനടപടികൾ സുഗമമാണോ, സർക്കാറിന്റെയോ സ്വകാര്യസംരംഭകരുടെയോ വലിയ പ്രോജക്ടുകൾ എന്തെങ്കിലും അവിടെ വരാൻ സാധ്യതയുണ്ടോ, ഏത് രാഷ്ട്രീയ പാർട്ടിയാണ് ഊഹം നടത്തേണ്ടുന്ന വർഷത്തിൽ ഭരണത്തിൽ വരാൻ സാധ്യതയുള്ളത്, ഊഹവർഷത്തിലെ ലോക സാമ്പത്തികനിലയും ഓഹരിവിപണിയുമൊക്കെ എന്തായിരിക്കും, രൂപയുടെ മൂല്യമെന്ത്, വിദേശ്യനാണയവരവിന്റെ അവസ്ഥയെന്ത്... തുടങ്ങി ഒരുപാട് കാര്യങ്ങൾ സ്ഥലവിലയെ നിർണയിക്കുന്നുണ്ട്. ഈവക കാര്യങ്ങളെ ഭാഗികമായെങ്കിലും സൂചനയായി നൽകിയാൽ മാത്രമേ സ്ഥലവിലയെ സംബന്ധിച്ച് യാഥാർഥ്യത്തോട് കൂടുതൽ ചേർന്നുനിൽക്കുന്നൊരു പ്രവചനം നടത്താൻ നിർമിതബുദ്ധിക്കും സാധ്യമാകൂ.
ഊഹങ്ങളെ വെറുതെ വിടുക, നിലവിലെ കാര്യങ്ങളെക്കുറിച്ചാണെങ്കിലും ഏതുതരം വിവരശേഖരത്തെയാണ് അടിസ്ഥാനമാക്കുന്നത് എന്നതിനനുസരിച്ച് കാര്യങ്ങൾ തിട്ടപ്പെടുത്തുന്നതിലെ മികവും കൂടും. ‘‘മാനാഞ്ചിറയിലിപ്പോൾ മഴപെയ്യുന്നുണ്ടോ?’’ എന്നൊരു ചോദ്യത്തിനാണ് നിർമിതബുദ്ധി മറുപടി പറയേണ്ടതെന്നിരിക്കട്ടെ, അന്നത്തെ കാലാവസ്ഥാ റിപ്പോർട്ടായിരിക്കുമല്ലോ നമ്മുടെ ആലോചനയിൽ ആദ്യം തെളിയുക. എന്നാൽ, കാലാവസ്ഥാ പ്രവചനങ്ങളെക്കാൾ കൂടുതൽ മെച്ചപ്പെട്ട മറ്റെന്തെങ്കിലും വിവരമുണ്ടോയെന്നുകൂടി പരിശോധിക്കുന്നത് നന്നായിരിക്കും. പരസ്പരബന്ധിതമായ കാറുകൾ (Connected Cars) എന്നൊരു സംവിധാനം നിലവിലുണ്ടെന്ന കാര്യം അറിയാമോ? പുതിയതരം കാറുകളിൽ ആ സംവിധാനം ഉപയോഗപ്പെടുത്തുന്നുണ്ട്. അതുപ്രകാരം വാഹനം നിൽക്കുന്ന സ്ഥലം, വേഗത, ഇന്ധനത്തിന്റെ അളവ്, ബാറ്ററിയുടെ നില, ടയറിലെ മർദം, ഓഡോമീറ്ററിലെ മറ്റു വിവരങ്ങൾ തുടങ്ങിയവയൊക്കെ അറിയാൻ മാർഗമുണ്ട്. അത്തരം സൗകര്യമുപയോഗിച്ച് മാനാഞ്ചിറയിലിപ്പോൾ ഓടിക്കൊണ്ടിരിക്കുന്ന ഏതെങ്കിലും പത്ത് കാറുകളെ തിരഞ്ഞെടുത്ത് അവയുടെ വൈപ്പറുകൾ ഇപ്പോൾ പ്രവർത്തിക്കുന്നുണ്ടോ എന്ന വിവരം തിരക്കിയാൽ, അത് കാലാവസ്ഥാ പ്രവചനത്തെക്കാൾ കൃത്യമായ ഫലം നൽകുന്നതായിരിക്കും.
ചാറ്റ്ബോട്ടുകൾ
ഒരു വ്യക്തിയെപ്പോലെ നമ്മളുമായി സംസാരിക്കാൻ കഴിയുന്ന കമ്പ്യൂട്ടർ പ്രോഗ്രാമുകളെയാണ് പൊതുവിൽ ചാറ്റ്ബോട്ടുകളെന്ന് വിളിക്കുന്നത്. അത്യാവശ്യനേരത്ത് ഉപകാരപ്പെടുന്നൊരു സഹായിയായി മാറാൻ ചാറ്റ്ബോട്ടുകൾക്കാകുന്നു. അക്ഷരങ്ങൾ വഴിയോ വർത്തമാനം പറഞ്ഞുകൊണ്ടോ ഇവയുമായി ആശയവിനിമയം നടത്താം. മനുഷ്യർ സ്വാഭാവികമായി വരുത്തുന്ന അക്ഷരത്തെറ്റുകളോ വ്യാകരണപ്പിഴവുകളോ ഒക്കെ തിരിച്ചറിഞ്ഞുകൊണ്ട് വ്യക്തമായ രീതിയിൽ മറുപടി നൽകാൻ കഴിയുംവിധം മിടുക്കരാണിവർ. ഭാഷ മനസ്സിലാക്കുക, ഒരു ഭാഷയിൽനിന്ന് മറ്റൊന്നിലേക്ക് വിവർത്തനം നടത്തുക, വൈകാരികമായ പ്രതികരണങ്ങളെ തിരിച്ചറിയുക, ലഭ്യമായ ഡേറ്റയെ അടിസ്ഥാനമാക്കി ഉപദേശങ്ങളും നിർദേശങ്ങളും നൽകുക എന്നിവയെല്ലാം ചാറ്റ്ബോട്ടുകളുടെ കർത്തവ്യങ്ങളാണ്. തെറ്റുകൾ തിരുത്തി തനിയെ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളും ചാറ്റ്ബോട്ടുകൾ നടത്താറുണ്ട്. ഒരാൾ ഒരുതവണ പറഞ്ഞൊരു വാക്കോ അല്ലെങ്കിൽ പ്രയോഗമോ പിടികിട്ടിയില്ലെങ്കിൽ അതെന്താണെന്ന് വിവരിച്ചുകൊടുത്താൽ അടുത്ത തവണയതിനെ മറികടക്കാനും അതുപോലെ വ്യത്യസ്ത പ്രദേശങ്ങളിലെ ആളുകളുടെ ഉച്ചാരണവും ഭാഷാശൈലിയുമൊക്കെ മനസ്സിലാക്കിക്കൊണ്ട് സ്വയം നവീകരിക്കാനും ചാറ്റ്ബോട്ടുകൾ പ്രയത്നിക്കുന്നു.
ഉപഭോക്തൃസേവനവുമായി (Customer Care) ബന്ധപ്പെട്ട് ഓൺലൈനിൽ നാം നടത്തുന്ന അന്വേഷണങ്ങൾക്ക് മറുപടി ലഭിക്കുമ്പോൾ ഒന്നോർക്കുക, എല്ലായ്പോഴും അങ്ങേത്തലക്കലുള്ളത് മനുഷ്യനാകണമെന്നില്ല. വലിയ സങ്കീർണതകളൊന്നുമില്ലാത്ത പ്രാഥമിക നടപടിക്രമങ്ങൾ മിക്കതും നിർവഹിക്കാൻ ചാറ്റ്ബോട്ടുകൾതന്നെ ധാരാളമാണ്. മാത്രവുമല്ല സങ്കീർണവിഷയങ്ങളെ കൈപ്പിടിയിലൊതുക്കാൻ അവ സ്വയം സജ്ജമായിക്കൊണ്ടിരിക്കുന്നു. നിങ്ങൾക്കൊരു ഉൽപന്നത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയണം, അല്ലെങ്കിൽ ഓൺലൈനിൽ വാങ്ങിയ ഒരു സാധനത്തിന്റെ സഞ്ചാരപാതയറിയണം, അതുമല്ലെങ്കിൽ ലഭിച്ച ഉൽപന്നത്തെ സംബന്ധിച്ചൊരു പരാതി ഉന്നയിക്കണം... ഇത്തരം കാര്യങ്ങൾ കൈകാര്യം ചെയ്യാനായി ചാറ്റ്ബോട്ടുകളെ ഉപയോഗപ്പെടുത്താം.
ഇന്നതിനായി 1 അമർത്തുക, മറ്റൊന്നിനായി 2 അമർത്തുക എന്നമട്ടിൽ തീർത്തും യാന്ത്രികമായ പ്രതികരണങ്ങളല്ല, മറിച്ച് നിങ്ങളോട് അക്ഷരങ്ങൾ (Text) വഴിയോ ശബ്ദത്താലോ (Audio) ആശയവിനിമയം നടത്താൻ ചാറ്റ്ബോട്ടുകൾ പ്രാപ്തരാണ്. വമ്പൻ കോർപറേറ്റ് കമ്പനികളിലെ ഉപഭോക്തൃസേവന വിഭാഗത്തിൽനിന്ന് കഴിഞ്ഞ കുറച്ചു വർഷങ്ങളിലായി കൂട്ടപ്പിരിച്ചുവിടലുകളുണ്ടായതിന്റെ കാരണം ഇനി വേറെങ്ങും തേടേണ്ടതില്ലല്ലോ.
ചാറ്റ്ജിപിടിയുമായുള്ള വർത്തമാനങ്ങൾ
പിൻതലത്തിൽ പ്രവർത്തിക്കുന്ന സാങ്കേതികവിദ്യകളെക്കുറിച്ചൊരു പ്രാഥമിക ധാരണയായനിലക്കിനി നമുക്ക് ചാറ്റ്ജിപിടിയിലേക്ക് മടങ്ങിയെത്താം. നിർമിതബുദ്ധിയെ അടിസ്ഥാനമാക്കി വികസിപ്പിച്ചെടുത്തൊരു സാങ്കേതികോപാധിയാണ് ചാറ്റ്ജിപിടി. മനുഷ്യർ ആരായുന്ന വൈവിധ്യമാർന്ന ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടികൾ നൽകുകയെന്നതാണ് ഇതിന്റെ പ്രവർത്തനോദ്ദേശ്യം. അതിനായി പുസ്തകങ്ങൾ, ലേഖനങ്ങൾ, വെബ്സൈറ്റുകൾ തുടങ്ങി വലിയൊരു വിവരശേഖരത്തെ ഇത് ആശ്രയിക്കുന്നു. നിലവിലെ പ്രാഥമിക മാതൃകക്ക് മാത്രമായി ഏകദേശം 50 ടെറാബൈറ്റിനടുത്ത് (ഒരു ടെറാബൈറ്റ് = പത്തുലക്ഷം മെഗാബൈറ്റ്) അസംസ്കൃത അക്ഷരവിവരങ്ങളെ (Plaintext Data) അടിസ്ഥാനമാക്കിയാണ് ചാറ്റ്ജിപിടി പ്രവർത്തിക്കുന്നതെന്നാണ് നമുക്ക് ലഭിക്കുന്ന അറിവ്. 18 ലക്ഷത്തോളം വാക്കുകളുള്ള മഹാഭാരതം മൊത്തമായി യുനീകോഡ് അക്ഷരവിന്യാസത്തിൽ സംരക്ഷിക്കാൻ ഏകദേശം 25 മെഗാബൈറ്റോളം മതിയെന്നുവരുമ്പോൾ ഈ വിവരശേഖരത്തിന്റെ വലുപ്പത്തെ സംബന്ധിച്ച് ഏതാണ്ടൊരു ധാരണ ഊഹിക്കാനാകുമല്ലോ. നിലവിൽ 2021 വരെയുള്ള വിവരങ്ങൾ മാത്രമേ ചാറ്റ്ജിപിടി ഉൾക്കൊള്ളുന്നുള്ളൂ എന്നതുകൂടിയോർക്കുക. അതായത് ഇപ്പോഴത്തെ ഫിഫ ഫുട്ബാൾ ലോകകപ്പ് ചാമ്പ്യന്മാർ ആരെന്ന് ചോദിച്ചാൽ ഖത്തറിൽവെച്ച് അർജന്റീന കപ്പടിച്ച കാര്യമൊന്നും നമ്മുടെ ചാറ്റ്ജിപിടിക്ക് അറിവുണ്ടാകണമെന്നില്ല. 2018ൽ റഷ്യയിൽ വെച്ചുനടന്ന കലാശക്കളിയിൽ ഫ്രാൻസ് വിജയിച്ച കാര്യമാകും ചിലപ്പോൾ ഉത്തരമായി ലഭിക്കുന്നത്.
മേലെ സൂചിപ്പിച്ച വിവരശേഖരത്തെക്കൂടാതെ, പുതിയ കാര്യങ്ങൾ പഠിച്ചെടുത്ത് സ്വയം നവീകരിക്കാനും ചാറ്റ്ജിപിടിക്കാകുന്നു. എന്നാൽ, ഇതു മാത്രമല്ല ചാറ്റ്ജിപിടിയുടെ സവിശേഷതയെന്ന് കാണാവുന്നതാണ്. ഒറ്റയുത്തരം നൽകാനാകാത്ത തുറന്ന ചോദ്യങ്ങൾക്കുപോലും മനുഷ്യരെപ്പോലെത്തന്നെ പല സാധ്യതകളെ സൂചിപ്പിച്ചുകൊണ്ട് പ്രതികരിക്കാനും അവ തയാറാണ്. ഓരോ തവണയും വ്യത്യസ്തമായ രീതിയിൽ ചോദ്യങ്ങളുന്നയിച്ചാലും ഉള്ളടക്കത്തിന്റെ ഉദ്ദേശ്യം മനസ്സിലാക്കി കൃത്യമായ ഉത്തരം നൽകാനുമാകുന്നു. അതിനായുള്ള താക്കോൽ വാക്കുകളെ കണ്ടെത്താൻ അവ സദാ തിരച്ചിലിലാണെന്നു മാത്രമല്ല, ചില ചോദ്യങ്ങളിൽനിന്ന് ഒഴിഞ്ഞുമാറാനും ശ്രമിക്കുന്നു. ഒരു സുഹൃത്തിനോടോ സഹായിയോടോ അധ്യാപകനോടോ ചോദിക്കുന്നതുപോലെ സ്വാഭാവികമായ ഭാഷയിലിനി സധൈര്യം ചോദ്യങ്ങൾ ഉന്നയിക്കാം. നിലവിൽ ചാറ്റ്ജിപിടിയിൽ മലയാള ഭാഷ ലഭ്യമാണെങ്കിലും വ്യാകരണം, വിവർത്തനം, അക്ഷരവിന്യാസം എന്നിവയിൽ ചില പ്രശ്നങ്ങളുണ്ട്. അതിനാൽ, ഇനിയുള്ള ഉദാഹരണങ്ങളിലെ ചോദ്യോത്തരങ്ങൾ യഥാർഥത്തിൽ നടത്തിയിരിക്കുന്നത് ഇംഗ്ലീഷിലും ഈ ലേഖനത്തിൽ ചേർത്തിട്ടുള്ളത് ആയതിന്റെ പരിഭാഷയുമാണ്.
ഒരു ചെറുവാക്യത്തിലെ വ്യാകരണപ്പിഴവ് സംബന്ധിച്ചുള്ളതാകട്ടെ ആദ്യ ചോദ്യം (ചിത്രം: 1)
ഒരു കമ്പ്യൂട്ടർ പ്രോഗ്രാമിലെ പിശക് തിരുത്തുകയെന്നതാണ് അടുത്ത അഭ്യർഥന (ചിത്രം: 2)
ഒരു പുസ്തകത്തിന്റെ ചുരുക്കവിവരം അറിയാനാണ് അടുത്ത നീക്കം (ചിത്രം: 3)
പഴയൊരു കഥക്ക് പുതിയകാലത്ത് എന്തൊക്കെ മാറ്റങ്ങളുണ്ടാകാമെന്ന് അറിയാനൊരു ശ്രമം നടത്തിനോക്കി (ചിത്രം: 4)
വിജ്ഞാനസംബന്ധിയായ ചോദ്യങ്ങൾക്കുള്ള മറുപടി മാത്രമല്ല ചാറ്റ്ജിപിടിയിൽനിന്ന് ലഭിക്കുന്നത്. സർഗാത്മകമായ നിർദേശങ്ങളും സൃഷ്ടിപരമായ സഹായങ്ങളും ഇതിന്റെ സവിശേഷതകളാണ്. കഥയും കവിതയുമെഴുതുന്ന കൗതുകമാണ് ചാറ്റ്ജിപിടിയുടെ ജനപ്രിയതക്കു പിന്നിലെ രഹസ്യം. ഒരു കവിത എഴുതാനാണ് അടുത്ത നിർദേശം നൽകുന്നത് (ചിത്രം: 5)
വെറുമൊരു നിർദേശം നൽകുന്നതിലുപരിയായി സ്പഷ്ടതയാർന്ന രീതിയിൽ ചോദിക്കുമ്പോൾ അതിനനുസരിച്ച് ഉത്തരങ്ങളും കൂടുതൽ തെളിച്ചമുള്ളതാകുന്നുവെന്ന് കാണാം. മുമ്പത്തെ ആവശ്യം ഒരു ഹൈക്കു എഴുതുക എന്നതായിരുന്നുവെങ്കിൽ, ആ ജാപ്പനീസ് കാവ്യരൂപത്തിലെ മികച്ച കവികളായ മാറ്റ്സുവോ ബാഷോ, യോസ ബുസോൺ, മസോക്ക ഷികി, കൊബയാഷി ഇസ്സ എന്നിവരുടെ ശൈലിയിൽ ഒന്നിൽ കൂടുതൽ കവിതകൾ സൃഷ്ടിക്കുകയെന്നതാണ് പുതിയ ചാറ്റ്ജിപിടിയുടെ കര്ത്തവ്യം (ചിത്രം: 6)
കവിത മാത്രമല്ല, ചാറ്റ്ജിപിടിയെക്കൊണ്ട് ഗദ്യത്തിലും പണിയെടുപ്പിക്കാൻ തീരുമാനിച്ചു.
ഫ്രാൻസ് കാഫ്കയുടെ ശൈലിയെ അനുകരിച്ച് അതിന് എഴുതാനാകുമോ എന്നതായിരുന്നു ആ പരീക്ഷണം (ചിത്രം: 7)
എങ്ങനെയാണ് കാഫ്കയുടെ ശൈലിയെ ഈവിധം അനുകരിക്കുന്നത് എന്നറിയാൻ കൗതുകമേറി. അതിനുള്ള മറുപടിയും ചാറ്റ്ജിപിടിയിൽനിന്നുതന്നെ ലഭിച്ചു. ആ പ്രക്രിയ ഇപ്രകാരമാണ്.
1. നിലവിലെ വിവരശേഖരത്തെ ആസ്പദമാക്കി കാഫ്കയുടെ രചനകളുടെ പൊതുസ്വഭാവം തേടുന്നു.
2. ഒറ്റപ്പെടൽ, അസ്തിത്വവാദം, അയഥാർഥ ലോകം, നിരാശാബോധം, അനേകാര്ഥങ്ങളുള്ള ഉപമകൾ എന്നിവയാണ് കാഫ്കയുടെ സാഹിത്യസൃഷ്ടികളിലെ താക്കോൽ വാക്കുകളെന്ന് അത് കണ്ടെത്തുന്നു.
3. ഇവയെല്ലാം ഉൾക്കൊള്ളുന്നൊരു സന്ദർഭമോ സാഹചര്യമോ സൃഷ്ടിക്കുന്നു.
4. ശേഷം അനുയോജ്യമായ വിശദാംശങ്ങൾ കൂട്ടിച്ചേർത്ത് കാഫ്കയെ അനുകരിക്കാൻ ശ്രമം നടത്തുന്നു.
കാലമിപ്പോൾ രാഷ്ട്രീയശരിയുടേത് (Political correctness) കൂടി ആണല്ലോ. അതുകൊണ്ടുതന്നെ ചില ‘ചൊറിയൻ’ ചോദ്യങ്ങൾകൂടി തിരക്കി നോക്കാം (ചിത്രം: 8)
ഓഹോ, ചാറ്റ്ജിപിടി ഈവിധം രാഷ്ട്രീയശരിയുടെ പക്ഷത്താണോ എന്ന് ആശ്വസിച്ചെങ്കിലും കറുത്തവർഗക്കാരെക്കുറിച്ചും (Racist joke) സ്വർണത്തലമുടിയുള്ള സുന്ദരികളെക്കുറിച്ചും (Blonde jokes) തമാശകൾ പറയാൻ ആവശ്യപ്പെട്ടപ്പോൾ പ്രതികരണം ഒരേ തരത്തിലായിരുന്നില്ലെന്ന് കാണാം (ചിത്രം: 9)
വർത്തമാനം പറയുന്ന ഈ ഭൂതത്തിന്റെ ഭാവിയെന്ത്?
കാര്യങ്ങളെ എളുപ്പമാക്കുന്നതിനോടൊപ്പം ചാറ്റ്ജിപിടി ഒരുപാട് ആശങ്കകൾകൂടി സമൂഹത്തിലേക്ക് പങ്കുവെക്കുന്നുണ്ട്. അതിലൊന്നാമത്തേത് നിർമിതബുദ്ധി മനുഷ്യബുദ്ധിയെ മറികടക്കുമോ എന്നതാണ്. അതുമായി ബന്ധപ്പെട്ട തർക്കങ്ങൾക്ക് ഏറെ വർഷങ്ങളുടെ പഴക്കമുണ്ട് താനും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നൊന്നില്ല, മറിച്ച് ഇന്റലിജന്റ് പ്രോഗ്രാമുകളേ ഉള്ളൂ, അതിന് പരിമിതികളേറെയാണ് എന്ന് വാദിക്കുന്നവരും കൂടി ഉൾപ്പെടുന്നതാണ് ഈ സമൂഹം. ഒരുദാഹരണത്തിലേക്ക് കടക്കുന്നു. നിർമിതബുദ്ധിയെ ആധാരമാക്കി പ്രവർത്തിക്കുന്ന IBM വാട്സൺ എന്ന സാങ്കേതിക സംവിധാനത്തെ വിദ്യാഭ്യാസം, സാമ്പത്തികോപദേശം, ആരോഗ്യരംഗം എന്നിങ്ങനെ പലയിടങ്ങളിൽ ഉപയോഗപ്പെടുത്തുന്നുണ്ട്. രോഗിയുടെ രേഖകൾ പരിശോധിച്ചശേഷം അർബുദ ചികിത്സക്കായി മനുഷ്യരായ ഡോക്ടർമാരേക്കാൾ കൃത്യതയാർന്ന പ്രവചനങ്ങളും നിർദേശങ്ങളും നൽകാൻ IBM വാട്സണ് കഴിയുന്നു എന്നാണറിയാൻ കഴിയുന്നത്. ജേണൽ ഓഫ് ക്ലിനിക്കൽ ഓങ്കോളജി, നേച്ചർ ജേണൽ എന്നിവയിൽ പ്രസിദ്ധീകരിച്ച പഠനങ്ങൾ ഇതിനെ ഒരുപരിധിവരെ ശരിവെക്കുന്നതാണ്. എന്നാൽ, ആരോഗ്യസംരക്ഷണത്തിൽ നിർമിതബുദ്ധിയുടെ ഉപയോഗം പ്രാരംഭഘട്ടത്തിലാണെന്നിരിക്കെ IBM വാട്സണിന്റെ ഫലപ്രാപ്തി പൂർണമായി വിലയിരുത്തുന്നതിന് കൂടുതൽ ഗവേഷണം ആവശ്യമാണെന്ന് വാദമുഖങ്ങൾ ഉയർന്നുവരുന്നു. പരിശോധനാ ഫലപ്രവചനം എന്നതിലുപരിയായി അർബുദംപോലെയുള്ള മാരകരോഗങ്ങളുടെ ചികിത്സയെന്നത് ധാർമികവും വൈകാരികവും നിയമപരവുമായ ഒട്ടേറെ കടമ്പകളിലൂടെ കടന്നുപോകേണ്ടതാണെന്നിരിക്കെ, ആയതിന്റെ അന്തിമതീർപ്പ് മനുഷ്യനുതന്നെ ആയിരിക്കണമെന്ന് അഭിപ്രായമുള്ളവരുമുണ്ട്.
എന്തൊക്കെ പറഞ്ഞാലും ശരി, പലവിധത്തിലുള്ള ജോലിനഷ്ടങ്ങൾക്ക് ഇടയാകാൻ ചാറ്റ്ജിപിടി ഉൾപ്പെടെയുള്ള നിർമിതബുദ്ധി പ്രധാന കാരണമാകുന്നു എന്നതൊരു വാസ്തവമാണ്. കസ്റ്റമർ സർവിസുകൾ, പരിഭാഷകൾ, ഇ-കോം വെബ്സൈറ്റുകളിലെ വിവരനിർമാണം, പരസ്യനിർമാണം, അധ്യാപന സഹായി, സോഷ്യൽ മീഡിയ പോസ്റ്റുകൾ തയാറാക്കൽ, രേഖകളുടെയും പ്രമാണങ്ങളുടെയും പരിശോധന തുടങ്ങി ഒരുപാട് കാര്യങ്ങൾ ഒരേസമയം കൈകാര്യം ചെയ്യാവുന്ന വിധത്തിലേക്ക് പരുവപ്പെട്ടുകൊണ്ട് ചാറ്റ്ജിപിടിയെന്ന ഈ സാങ്കേതികഭൂതം കുടത്തിൽനിന്ന് പുറത്തിറങ്ങിക്കഴിഞ്ഞു. എന്നാൽ, ചാറ്റ്ജിപിടിയുടെ പരിമിതികൾകൂടി തിരിച്ചറിഞ്ഞുകൊണ്ടായിരിക്കണം അതിനെക്കൊണ്ട് പണിയെടുപ്പിക്കേണ്ടത്. നിലവിലെ വിവരശേഖരത്തെ അടിസ്ഥാനമാക്കി മാത്രമേ പ്രവർത്തിക്കാനാകൂ എന്നത് ഒരു പ്രധാനപരിമിതിയാണ്. വ്യാജവിവരങ്ങളും അപൂർണമായ ആശയങ്ങളുമൊക്കെ അതിന്റെ ഭാഗമായേക്കാം. വിവരങ്ങളെ വളച്ചൊടിച്ച് ദുരുപയോഗം ചെയ്യാനുള്ള സാഹചര്യവും നിലനിൽക്കുന്നുണ്ട്. വൈകാരികബുദ്ധി കുറവായതിനാൽ ചില പ്രത്യേക/അടിയന്തര സന്ദർഭങ്ങളിൽ അത് പരാജയപ്പെട്ടേക്കാം. ചോദ്യത്തിലെ ആശയത്തെ കൃത്യമായി മനസ്സിലാക്കാനായില്ലെങ്കിൽ മണ്ടത്തരം വിളമ്പിയേക്കാം. എന്തിലാണ് തിരയേണ്ടതെന്നും, എങ്ങനെയാണ് മറുപടി പറയേണ്ടതെന്നും ഏറക്കുറെ മുൻകൂറായി നിശ്ചയിക്കപ്പെട്ടിരിക്കുന്നതിനാൽ പക്ഷപാതപരമായ പ്രതികരണങ്ങൾ ഉണ്ടായേക്കാം. സങ്കീർണമായൊരു വിഷയത്തിൽ പടിപടിയായുള്ള ആശയവിനിമയം വേണമെന്നിരിക്കെ ഓരോന്നും വിശദമാക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള ഇടപെടൽ മടുപ്പേറ്റുമായിരിക്കാം. ഈവിധമുള്ള തെറ്റുകുറ്റങ്ങളൊക്കെ പരിഗണിച്ചുകൊണ്ടായിരിക്കണം ചാറ്റ്ജിപിടിയെ വരവേൽക്കാനൊരുങ്ങേണ്ടത്.
കലയിലെ തല ആരുടേതാണ്?
ശാസ്ത്രപുരോഗതിയെക്കുറിച്ചും കലാസൃഷ്ടികളെ സംബന്ധിച്ചുമുള്ള താരതമ്യ തർക്കങ്ങൾക്കിടയിൽ പറയുന്ന കൗതുകകരമായൊരു ഉപാഖ്യാനമുണ്ട്. അതിങ്ങനെയാണ്: അന്യഗ്രഹ ജീവികൾ ഭൂമിയിലെത്തി എന്നു കരുതുക. തീർച്ചയായും നമ്മുടെ കൈവശമുള്ള ശാസ്ത്രസാങ്കേതികതയാൽ അവരെ വിസ്മയിപ്പിക്കാനാകില്ല. കാരണം, നമ്മുടേതിനേക്കാൾ പതിന്മടങ്ങ് വിജ്ഞാനവും സാങ്കേതികപുരോഗതിയും ഉള്ളതുകൊണ്ടാണല്ലോ പലപല നക്ഷത്രസമൂഹങ്ങളെയും താണ്ടി അവർക്കിവിടെ എത്തിച്ചേരാനായത്. അതുകൊണ്ട് ഭൂമിയിലെ യന്ത്രങ്ങളോ അറിവോ ആയുധങ്ങളോ അവർക്കൊരു വിസ്മയമായേക്കില്ല. എന്നാൽ ഇവിടെയുള്ള ചിത്രരചനകൾ, ശിൽപ മാതൃകകൾ, നൃത്തനൃത്യങ്ങൾ, സാഹിത്യസൃഷ്ടികൾ, സംഗീതം എന്നിവയിൽ അവർക്ക് കൗതുകം തോന്നിയേക്കാം.
ഒരു മനുഷ്യനെ മൃഗത്തിൽനിന്നും മറ്റൊരു മനുഷ്യനിൽനിന്നും വ്യത്യസ്തനാക്കുന്നത് അയാൾ ഉൾക്കൊള്ളുന്ന ദാർശനികതയാണ്. സൃഷ്ടിപരമായ ഏതൊരു കാര്യത്തിലും തത്ത്വചിന്ത എന്നത് സ്രഷ്ടാവിന്റെ മൗലികമായൊരു മുദ്രചാർത്തലാണ്. കലയിലെ രാഷ്ട്രീയം, നൈതികത, ശൈലി എന്നിവയെ നിർണയിക്കുന്നതും അത്തരം ദർശനങ്ങളാണ്. അവിടെയാണ് മനുഷ്യന് നിർമിതബുദ്ധിയെ മറികടക്കാവുന്ന ഇടമുള്ളത്. ഈ ലേഖനത്തിൽ സൂചിപ്പിച്ച ഹൈക്കു ഉദാഹരണത്തിലേക്ക് ഒന്നുകൂടി ശ്രദ്ധ പതിപ്പിക്കാം. വസന്തത്തിൽ കൊഴിയുന്ന പൂവിനെക്കുറിച്ച് പല കവികളുടെയും ശൈലിയിൽ വരികൾ സൃഷ്ടിക്കാൻ ചാറ്റ്ജിപിടിക്കാകുന്നു. എന്നാൽ, വഴിയരികെ വീണുകിടക്കുന്നൊരു പൂവിനെക്കാണുമ്പോൾ ‘‘ഹാ...പുഷ്പമേ’’ എന്ന് നീട്ടിവിളിക്കാനും, ‘‘അവനി വാഴ്വു കിനാവു, കഷ്ടം’’ എന്ന് ഭൂമിയിലെ നശ്വരജീവിതത്തെക്കുറിച്ചൊരു ദർശനം ചമക്കാനും കുമാരനാശാനല്ലേ കഴിയൂ? ഭരണകൂട ഭീകരത പിടിമുറുക്കുന്നൊരു രാജ്യത്തെ ഭീകരനിയമങ്ങളെക്കുറിച്ചും ഏകാധിപതിയാകാൻ ശ്രമിക്കുന്ന രാഷ്ട്രത്തലവനെക്കുറിച്ചുമൊക്കെ വിവരശേഖരത്തിൽനിന്ന് അറിവ് നേടിയശേഷം ചാറ്റ്ജിപിടിക്ക് ഒ.വി. വിജയനെപ്പോലെ ‘‘പ്രജാപതിക്ക് തൂറാൻ മുട്ടി’’ എന്നെഴുതാനാകുമോ?
ഞൊടിയിടയിൽ ആകർഷകങ്ങളായ ഒട്ടേറെ പരസ്യവാചകങ്ങളുണ്ടാക്കാൻ നിർമിതബുദ്ധിക്ക് കഴിയുമെങ്കിലും, അടിയന്തരാവസ്ഥക്കാലത്തെ നിർബന്ധിത വന്ധ്യംകരണത്തെ (Compulsory Sterilization) വിമർശിച്ചുകൊണ്ട് അമുൽ ചെയ്തതുപോലെ ശക്തമായ പ്രതികരണസ്വഭാവമുള്ളൊരു പൊളിറ്റിക്കൽ കാർട്ടൂൺ പരസ്യമായി പ്രസിദ്ധപ്പെടുത്താൻ നിർമിതബുദ്ധിക്ക് സാധ്യമാണോ?
♦