ഗീതാഞ്ജലി ശ്രീ: അവസാനിക്കാത്ത കഥകൾ
ന്യുഡൽഹി: ഇന്റർനാഷനൽ ബുക്കർ പുരസ്കാരം ലഭിച്ച ഹിന്ദിയിലെ പ്രമുഖ സാഹിത്യകാരി ഗീതാഞ്ജലി ശ്രീയുടെ 'രേത് സമാധി' എന്ന നോവൽ വായന പൂർത്തിയായാലും വായനക്കാരുടെ മനസ്സിൽ ഒരിക്കലും അവസാനിക്കാത്ത കഥകളാണ് അവശേഷിപ്പിക്കുന്നത്. ഭർത്താവിന്റെ മരണശേഷം വിഷാദത്തിലേക്ക് വീണുപോകുന്ന 80കാരി അത് മറികടന്ന് പുതുജീവിതത്തിലേക്ക് കടന്നുവരുന്നതാണ് നോവലിൽ ആവിഷ്കരിക്കുന്നത്. എന്നാൽ, ആ സ്ത്രീയുടെ വേട്ടയാടുന്ന ഭൂതകാലം മാത്രമല്ല വർത്തമാനകാലത്തെ രാഷട്രീയ ആക്ഷേപഹാസ്യം കൂടിയാണ് അവർ തീവ്രമായി നോവലിൽ വരച്ചിട്ടത്. ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി ബ്രിട്ടനിൽ പ്രസിദ്ധീകരിക്കുന്ന നോവലുകളാണ് ഇന്റർനാഷനൽ ബുക്കർ പുരസ്കാരത്തിന് പരിഗണിക്കുന്നത്. ചുരുക്കപ്പട്ടികയിലുള്ള പ്രമുഖ എഴുത്തുകാരുടെ അഞ്ചു നോവലുകളെ പിന്തള്ളിയാണ് ഗീതാഞ്ജലി ശ്രീ പുരസ്കാരം നേടിയത്. ചുരുക്കപ്പട്ടികയിലുണ്ടായിരുന്ന മറ്റ് നോവലുകൾക്ക് 2500 പൗണ്ട് (2.45 ലക്ഷം രൂപ) ലഭിക്കും.
ഇന്ത്യ-പാക് വിഭജന കാലത്ത് കൗമാരപ്രായത്തിൽ ഇന്ത്യയിലേക്ക് കുടിയേറിയ സ്ത്രീ ദുരന്ത ഓർമകളുമായി 80ാം വയസ്സിൽ വീണ്ടും പാകിസ്താൻ സന്ദർശിക്കുന്നതാണ് നോവലിന്റെ പ്രമേയം. 64കാരിയായ ഗീതാഞ്ജലി ശ്രീ ഡൽഹിയിലാണ് താമസിക്കുന്നത്. ബുക്കർ പുരസ്കാരം ലഭിക്കുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിട്ടില്ലെന്നും ഇത് വലിയ അംഗീകാരമാണെന്നും അവർ പ്രതികരിച്ചു.
പുസ്തകം പരിഭാഷപ്പെടുത്തിയ ഡെയ്സി റോക് വെൽ ചിത്രകാരിയും വിവർത്തകയും എഴുത്തുകാരിയുമാണ്. അമേരിക്കയിലാണ് ഇവർ താമസിക്കുന്നത്. 2018ലാണ് 'രേത് സമാധി' പ്രസിദ്ധീകരിച്ചത്. 2021ൽ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി.
ചരിത്രത്തിൽ ഡോക്ടറേറ്റുള്ള ഗീതാഞ്ജലി ശ്രീയുടെ ആദ്യ കഥാസമാഹാരമായ 'അനുഗൂഞ്ച്' 1991ലാണ് പ്രസിദ്ധീകരിച്ചത്. ഇതുവരെ അഞ്ചു കഥാസമാഹാരങ്ങളും അഞ്ചു നോവലുകളും പ്രസിദ്ധീകരിച്ചു. ഇവരുടെ രചനകൾ ഫ്രഞ്ച്, ജർമൻ, സെർബിയൻ, കൊറിയൻ ഭാഷകളിലേക്കും മൊഴിമാറ്റിയിട്ടുണ്ട്.
2001ൽ 'മായ്' എന്ന നോവൽ ക്രോസ് വേഡ് പുരസ്കാരത്തിന്റെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടിരുന്നു. ഈ പുസ്തകം നിത കുമാറാണ് ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയത്. ഈ വിവർത്തനത്തിന് സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. ഉത്തരേന്ത്യയിലെ മൂന്നു തലമുറയിലെ സ്ത്രീകളുടെ കഥയാണ് ഈ നോവലിൽ പറയുന്നത്. രണ്ടാമത്തെ നോവലായ 'ഹമാര ഷഹർ അസ് ബറസ്' ബാബറി മസ്ജിദിന്റെ തകർച്ചയാണ് പരാമർശിക്കുന്നത്. 2006ൽ പ്രസിദ്ധീകരിച്ച 'കാലി ജഗ' നിവേദിത മേനോൻ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തിരുന്നു. അഞ്ചാമത്തെ നോവലാണ് ഇന്റർനാഷനൽ ബുക്കർ പുരസ്കാരം ലഭിച്ച 'രേത് സമാധി. ഹിന്ദിയിലെ വിഖ്യാത സാഹിത്യകാരൻ പ്രേംചന്ദിനെക്കുറിച്ചും ഇവർ പുസ്തകം എഴുതിയിട്ടുണ്ട്. ഉത്തർപ്രദേശിലെ മെയിൻപുരിയിലാണ് ഗീതാഞ്ജലി ശ്രീയുടെ ജനനം. ജവഹർലാൽ നെഹ്റു സർവകലാശാലയിലായിരുന്നു പഠനം. പിതാവ് സർക്കാർ ഉദ്യോഗസ്ഥനായിരുന്നു. യു.പിയിലെ വിവിധ നഗരങ്ങളിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. ഉന്നത വിദ്യാഭ്യാസത്തിനായാണ് ഡൽഹിയിലെത്തിയത്.