മണിമേഖല
16പാത്രവും കൊണ്ട് ഭിക്ഷക്കു പോയ കഥ ആപുത്രനെയേഴു നാൾ പോറ്റിയ ധേനുവും കരുണാർദ്രയായേവരും നമിച്ചിടുമ്പോൽ തങ്കപ്പകിട്ടേറും കൊമ്പും കുളമ്പുമായെത്തി– യതി ശൈത്യമേറും ജാവാനാട്ടിലാ മൺ മുഖ– മാമുനി മേവിടും പെരും ധവളമല തന്നിലായ്. പെറ്റിടും മുമ്പാ ധേനുവിൻ മുല ചുരന്നാ ജീവി– കളൊക്കെയുമിമ്പമാർന്നേറെ സ്തുതിച്ചാൻ. അതുപൊഴുതില യതീന്ദ്രനതിവിനയവാൻ മൂക്കാലവും മുന്നിൽ കണ്ടൊരാ മുനീന്ദ്രനും ഉയിർകളെ കാപ്പതിനുമതുപോൽ...
Your Subscription Supports Independent Journalism
View Plans16
പാത്രവും കൊണ്ട് ഭിക്ഷക്കു പോയ കഥ
ആപുത്രനെയേഴു നാൾ പോറ്റിയ ധേനുവും
കരുണാർദ്രയായേവരും നമിച്ചിടുമ്പോൽ
തങ്കപ്പകിട്ടേറും കൊമ്പും കുളമ്പുമായെത്തി–
യതി ശൈത്യമേറും ജാവാനാട്ടിലാ മൺ മുഖ–
മാമുനി മേവിടും പെരും ധവളമല തന്നിലായ്.
പെറ്റിടും മുമ്പാ ധേനുവിൻ മുല ചുരന്നാ ജീവി–
കളൊക്കെയുമിമ്പമാർന്നേറെ സ്തുതിച്ചാൻ.
അതുപൊഴുതില യതീന്ദ്രനതിവിനയവാൻ
മൂക്കാലവും മുന്നിൽ കണ്ടൊരാ മുനീന്ദ്രനും
ഉയിർകളെ കാപ്പതിനുമതുപോൽ മാരി വർഷി
പ്പതിന്നുമായവതരിച്ചിടുമൊരുവനെന്നായവൻ.
പുണ്യാത്മാവായൊരീ ഗോവിനുദരത്തിങ്കലായ്
പൗർണമി നാളിലൊരർഭകൻ പിറന്നിടുമന്നാ
മണിപല്ലവത്തിങ്കലുയിർ പോക്കിയോനവൻ.
അനാഥനവനെയേഴു നാളിലായ് കാത്ത ധേനു–
തുടരുന്നിതവനിലൊരു ബന്ധ പാശമായ്.
ദേവരൊക്കെയുമാനന്ദിച്ചിടുമ്പോലൊരിള
വേനലിലിടവരാശിയിലൊരു വിശാഖനാളിലാ
ഞാവൽ തിങ്ങിടും ദ്വീപിലവൻ പിറന്നാനിളയ്–
ക്കൊരുത്സവമായഖിലോക നാഥനായുമേ!
അല്ല കാലമതാ ബുദ്ധദേവനുടേതെങ്കിലുമില്ല–
മാരിയതൊട്ടുമേയിളയിലെവിടെയുമതെങ്കിലും
ചൊരിഞ്ഞു മേഘമതു തീർഥമതനൽപമായ്
പുഷ്പവൃഷ്ടിയൊടവനെയെതിരേൽപതിന്നുമായ്!
ശുഭസൂചനകളെന്തീവിധമാവതിനെന്നായ മുനി–
കളുമാ പാതിരാവിലെത്തിയതി കാംക്ഷയാൽ
സ്തംഭദേവത തന്നരികിലായ് ദേവനിർമിതം.
മണിപല്ലവത്തിങ്കലുയിർ പോക്കിയവൻ തൻ
പിറവിയറിയിച്ചിതുചിതമായ് പ്രകൃതി തന്നെയും
അറിഞ്ഞിടാമറവണ അടികളിൽ നിന്നേറെയാ–
യെന്നാ സ്തംഭദേവതയുമുരച്ചിതവർതന്നൊടും.
മക്കളില്ലാത്തോനാം ഭൂമിചന്ദ്രനൃപാലകൻ
പോറ്റിയാപ്പൈതലെ സ്വസുതനെന്നപോൽ
അരചനായി നാടു വാണു കോമളനാ പുത്രനും!
മേഘമതി വൃഷ്ടിയാർന്നു നീർപെരുകിയാറ്റിലും
തടം തല്ലി കാവേരിയുമൊഴുകിയേറെ ജീവനും
എങ്ങുപോയദ്ദേവദേവനെങ്ങുപോയിതിന്ദ്രനും?
യാഗമില്ലേ ഹവിസ്സുണ്ണാനിന്ദ്രനില്ലേ? രാജനില്ലേ?
അന്നമില്ലാതാർത്തരായാ പ്രജകളതിപ്പൊഴും.
പാൽക്കടലമൃതമതു ബാക്കിയായിടുമ്പോലീ–
വറുതിയിലോട്ടു പാത്രമതു വെച്ചിടായ്കതു
തുമ്പമകറ്റിടും പാത്രമതൈശ്വര്യദായകമെന്ന–
റവണ അടികളോതിടുമ്പോഴാ മണിമേഖല തന്ന–
മ്മമാരൊപ്പമായ്ത്തൊഴുതാ സ്വാമികൾ തന്നെയും.
തപസ്വിനീ രൂപമാണ്ടവളാ ദേവദത്തമാം പാത്രവു–
മേന്തിച്ചെന്നാനാവരൊപ്പമായപ്പുരി വീഥിയിൽ.
കലപില കൂട്ടിടും നിഷ്കളങ്കരാം ബാലരും കാമാ–
ർത്തരാം വിടരും പെരും ധൂർത്തരുമൊക്കെയായ്
കൗശാംബി വാണിടു മുദയനനാ പ്രദ്യോതനനുടെ
ചതിയായാൽ കാരാഗൃഹത്തിങ്കലായ്ക്കഴിയവേ
ഉദയനൻ തന്നെയും മോചിപ്പതിന്നായ സചിവൻ
വേഷപ്രച്ഛന്നനായുകിയാമന്തണനെപ്പോലുദയന–
മനം കവർന്നിതാ സുഭഗയാം തപസ്വിനി തന്നെ–
യുമോട്ടു പാത്രവുമേന്തിക്കണ്ടുദയനേറെയായ്
ആശ്ചര്യമാർന്നിതൊപ്പമായ് വ്യഥയുമാർന്നിതു.
പതിവ്രതകളാം മനസ്വിമാർ തിങ്ങിടും വീഥിയിൽ
തന്വിമാരവരേകിടും ഭിക്ഷയതി പുണ്യമാർന്നതാം
തപസ്വിനീ വചനമതു കേട്ടാ ഗന്ധർവ കന്യയാൾ–
മുനിശാപാൽ തെൻ ദിശയിലാ പൊതിയിൽ മലയി–
ലാറ്റിൻ കരയിലതി പശിയാർന്നു വാഴുമാ കായ–
ചണ്ഡിക തന്നെയും കാട്ടിയിതാ പതിവ്രതയാ–
മാതിര തൻ ഗൃഹമാ പുണ്യപുരാണ വീഥിയിൽ.
കുറിപ്പ് സ്തംഭദേവത: കാവിരിപ്പൂമ്പട്ടിനം, കാഞ്ചീപുരം തുടങ്ങിയ പ്രാചീന നഗരങ്ങളിൽ സ്തംഭങ്ങളിൽ സ്ഥിതിചെയ്യുന്ന പ്രതിമാരൂപത്തിലുള്ള ദൈവങ്ങൾ, ഉദയനൻ: വത്സരാജ്യാധിപൻ. ഉദയനനെ പ്രദ്യോതമഹാരാജാവ് ഗജതന്ത്രം ഉപയോഗിച്ച് ബന്ധനസ്ഥനാക്കിയതും സചിവനായ യൗന്ധരായണൻ വേഷപ്രച്ഛന്നനായിച്ചെന്ന് മോചിപ്പിച്ചതുമായ കഥ കഥാസരിത് സാഗരത്തിലും ഭാസന്റെ പ്രതിജ്ഞാ യൗഗന്ധരായണത്തിലുമുണ്ട്.
വിശദീകരണം: ആപുത്രനെ രക്ഷിച്ച പശു പൊൻകുളമ്പും കൊമ്പുമായി ജാവാ നാട്ടിലെ മൺമുഖമുനിയുടെ ആശ്രമത്തിൽചെന്ന് പ്രസവിക്കുന്നതിനു മുമ്പു തന്നെ ജീവികളെ മുഴുവൻ പാലൂട്ടി വന്നു. ത്രികാലജ്ഞനായ മുനി ആ പശുവിന്റെ ഉദരത്തിൽനിന്ന് തേജസ്വിയായ ഒരു പുത്രൻ ജനിക്കുമെന്ന് പ്രവചിച്ചു. അതുപ്രകാരം ഒരു വൈശാപൗർണമി ദിനത്തിൽ വിശിഷ്ട സന്തതിയുടെ ജനനത്തോടനുബന്ധിച്ച ലക്ഷണങ്ങൾ പ്രകടമാക്കിക്കൊണ്ട് അവൻ പിറന്നു. ശുഭലക്ഷണങ്ങൾ കണ്ട് ബുദ്ധന്റെ അവതാര സന്ദർഭമല്ലാതിരുന്നിട്ടും എന്തുകൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിച്ചതെന്ന് ചക്രവാളക്കോട്ടത്തിലെ മുനിമാർ അതിശയിച്ചു. സ്തംഭ ദേവതയോടു ചോദിച്ചപ്പോൾ മണിപല്ലവത്തിൽ ജീവൻ വെടിഞ്ഞ മഹാന്റെ ജന്മംകൊണ്ടുണ്ടായതാണെന്നും കൂടുതൽ കാര്യങ്ങൾ അറവണ അടികൾ പറഞ്ഞുതരുമെന്നും വ്യക്തമാക്കി. അനപത്യതാ ദുഃഖം അനുഭവിക്കുന്ന ഭൂമി ചന്ദ്രരാജാവ് മുനിയെക്കണ്ട് കുട്ടിയെ സ്വന്തമാക്കി. നന്നായി വളർത്തി. കാലക്രമത്തിൽ അവൻ രാജാവായി. ആ കാലത്ത് നാട്ടിൽ വെള്ളപ്പൊക്കമുണ്ടാവുകയും കുറെ ജീവികൾ ഒലിച്ചുപോവുകയും ചെയ്തു. നാട്ടിൽ ക്ഷാമം നേരിട്ടു. പാൽകടഞ്ഞ് അമൃതം ഉപയോഗിക്കാതെ വെച്ചിരിക്കുന്നതുപോലെ അമൃതസുരഭി വെറുതെവെക്കുന്നതു ശരിയല്ലെന്നും മുനി പറഞ്ഞു. അതുകേട്ട മണിമേഖല അദ്ദേഹത്തെ വണങ്ങി പ്രദ്യോതനിൽനിന്ന് തന്റെ സ്വാമിയായ ഉദയനനെ രക്ഷിക്കാൻ വേഷം മാറിച്ചെന്ന യൂകിയെപ്പോലെ വേഷം മാറി നഗരവീഥിയിലെത്തി. ആദ്യമായി സ്വീകരിക്കുന്ന ഭിക്ഷ ഒരു പതിവ്രതയിൽനിന്നാകുന്നതാണുത്തമം എന്ന് മണിമേഖല പറഞ്ഞപ്പോൾ പൊതിയിൽ മലയിൽ നദീതീരത്ത് മുനിശാപമേറ്റ് കഠിനമായ വിശപ്പോടെ കഴിയുന്ന കായ ചണ്ഡിക മനസ്സിനിയായ ആതിരയുടെ ഭവനം കാട്ടിക്കൊടുത്തു.
17
ആതിര ഭിക്ഷ നൽകിയ കഥ
അയി സുഭഗേ! കേൾക്ക നീയാതിര തൻ ചരിതം
സാധുവനുടെ ധർമപത്നിയവൾ ചൊല്ലെഴുമാതിര!
അപഥ ഗാമിയാമവനുപേക്ഷിച്ചാനാ സാധുശീലയേ
പരസ്ത്രീഗമനാർഥമായ് സമ്പാദ്യമതറ്റു പോയ്.
ഉണ്ടുറങ്ങിയവൻ വേശ്യാഗൃഹത്തിലും, വട്ടും ചൂതും–
പിന്നെ കള്ളുമായ്ത്തീർന്നു ദിനരാത്രങ്ങളൊക്കെയും!
ഒടുവിലാ വേശ്യയുമുപേക്ഷിച്ചാൻ നിസ്ത്രപമവനെയും
പോയവനന്യ ദേശങ്ങളിൽ വണിക്കുകൾക്കൊപ്പമായ്
കടൽക്കാറ്റിലുലഞ്ഞവൻ കപ്പലും ഗതിയറ്റതായ്!
തുടർന്നിതവൻ യാനം തിരയ്ക്കൊപ്പമായ് പിന്നെ!
നാഗർ ദ്വീപിലുമെത്തിയേകനായതിക്ഷണാൽ!
പായ്മരമേറിച്ചിലർ രക്ഷയും പ്രാപിച്ചിതു
പെട്ടിതലയ്ക്കുള്ളിൽ ചിലരുമതുപോലെ
സാധുവൻ മൃതിപ്പെട്ടാനെന്നായ വണികരും
ആർത്തിയുമേറിപ്പിന്നെയാതിരയ്ക്കമിതമായ്!
ഒരുക്കി ചിതയവൾ വരണ്ട കാഷ്ഠത്താലേ
ചേരണം ഞാനാ പതിതൻ പഥത്തിലായ്
വീണതഗ്നിയിൽപ്പിന്നെയാർത്തയാത്തരുണിയും!
ഏറ്റതില്ലവൾ മേലെയഗ്നിയുമല്പം പോലും
നിർത്താരിൻ നടുവിലായ് ലക്ഷ്മയൊപ്പമാ–
യാതിരയിരുന്നിതാ ചിതതൻ നടുവിലായ്.
തീയെടുത്തിടാത്തോൾ മാപാപിയെന്നേ വേണ്ടു
ഹതഭാഗ്യയീ ഞാനെന്തിനി ചെയ്തീടേണ്ടൂ.
''അല്ല നീ! ഭാഗ്യഹീനയല്ലാതിരേ! കേൾക്ക നീ!
എത്തിടും നിൻ കണവനൊരു നാളൊരു കപ്പലിൽ
ചന്ദ്രദത്തനാം വണികനൊത്തെന്നതുമറിക നീ!
നഗ്നചാരണർ നാഗർ പാർത്തിടും മലയതിൽ
പാർത്തിടില്ലവനേറെയേകനായവിടെയും.''
അശരീരിയതു കേട്ടതിതുഷ്ടയായാതിരയും
പൊയ്കയിൽ നീരാടിയതി കുതുകമോടെത്തിടു–
വോളെന്ന പോലാ ഭവനമതു പൂകിയാ തന്വിയും.
പൂജിതയായവളാ സ്ത്രീ കുലത്തിനാൽ നിത്യവും
മാരിപെയ്യിച്ചിടാൻ തക്ക മനക്കരുത്താർന്നോളവൾ
നാഗമലയിലാ കടൽക്കര തന്നിലായ്
ശാഖകളേറെയായ് പടർന്നു തണൽ–
വിരിച്ചിടുമൊരു മരത്തിൻ ചോട്ടിലായ്
സാധുവനുറങ്ങുന്നേറിയ സാദത്താലേ!
ക്രുദ്ധരായണഞ്ഞിതു നാഗരുമരികിലായ്
ഒത്തിതു നമുക്കെല്ലാം തീറ്റയുമെന്നായവർ.
സാധുവനവനപ്പോൾ നിദ്രവിട്ടുണർന്നിതു
കദനകഥയെല്ലാമുണർത്തിയവരുമായ്
കനിവാർന്നവരപ്പോൾ മറുവാക്കുരച്ചല്ലോ!
പോയവരൊപ്പമവൻ മൂപ്പനെ കാണാനായി.
കള്ളിൻ കലവും വെളുത്തോരെല്ലുമാസന–
മാക്കി തന്നിണയൊത്തിരിക്കുമാമൂപ്പനെ
വശത്താക്കിയവനുമാമധുരമൊഴിയാലേ!
പകർന്നൂ നേരം ചൂടുമേറെയായ് കുറഞ്ഞു
നാഗ നായകൻ കേട്ടു വന്ന കാരണം തന്നെ!
പൂർവ കഥയൊക്കെ ചൊല്ലി സാധുവൻ തന്നെ
കരുണാർദ്രനായ് മൂപ്പൻ കൽപിച്ചു ക്ഷണേനയും.
കൊടുക്ക കള്ളും പെണ്ണും യഥേഷ്ടമായ്ത്തന്നെ!
സാധുവനതു കേട്ടു പാരവശ്യവും പൂണ്ടാൻ
ഇച്ഛയില്ലതിലൊന്നും താഴ്മയായ് പറഞ്ഞല്ലോ!
പിന്നെയീ മനുജർക്കു കാമ്യമെന്തെന്നായ് മൂപ്പൻ
മധുവും മദിരയും വിലക്കിയറിവുള്ളോർ
ജനി പോൽ മൃതിയതും പൂർവ നിശ്ചിതം തന്നെ!
ഉണർവുമുറക്കവും സത്യമെന്നതേ വയ്ക്കൂ.
കർമത്തിൻ ഫലമിതു സന്തോഷ സന്താപങ്ങൾ
സ്വർഗവും നരകവുമായതിൻ ഫലമേത്ര!
അറിക ഭവാനിപ്പോൾ സാരമാം വചനങ്ങൾ!
ഉടൽ വിട്ടുയിർ പോയിടും വേറെയാമിടത്തി–
ലെന്നഭിജ്ഞരോതിടുവതിനടയാളമെന്തെ–
ന്നതു മോതുക നീയെന്നായ നാഗർ മൂപ്പനും.
അതു പൊഴുതിലതി സാധുവാം സാധുവൻ
ഉടലറിയും നടപ്പതെല്ലാമുയിരിരുന്നിടുമ്പോൾ
ഉയിർ പോയാലുടാലറിയില്ല നടപ്പതൊന്നുമേ!
തീയേറ്റാലുമറിയില്ലുടലുയിരറ്റിടിലുമറിക നാം
ഉടലുയിർ ബന്ധമത്രയവിഭാജ്യമെന്നുമറിയണം.
ഉടൽ വെടിഞ്ഞുയിർ പോയിടുമകലെയായ്
ചേർന്നിടും മറ്റൊരുടലിൽ കർമഫലാനുസാരിയായ്.
തത്ത്വോക്തികളേവം കേട്ടൊരാ നാഗ മൂപ്പനും
വണങ്ങി സാധുവൻതന്നെ ധർമതത്ത്വമറിഞ്ഞവൻ!
ധർമോക്തികളേവമേറെയായ് ചൊൽക നീ
ദുഷ്കർമ ഫലമറ്റുയിരിതു ധന്യമായിടാൻ
അനുഷ്ഠിച്ചീടുക നീ സദ്ധർമ്മമെപ്പൊഴും
ധർമചാരിയായ് വാഴ് വിതു വെൽക നീ
കൊലയതുപേക്ഷിക്ക നീ സതതമായ്
ഉയിരതു കാത്തുത്തമനായ് വാഴ്ക നീ
ഭുജിക്ക മൃതരാമുയിർകളൊക്കെയും
അരുതു കൊലയന്യജീവികളിലൊന്നുമേ!
കൊന്നതിനേകരെ പോയ കാലത്തിലൊക്കെയും
അധർമമിതേറെയായ് ചെയ്ത വാഴ് വിതു കെട്ടതാം
പ്രായശ്ചിത്തമതിനായി സമർപ്പിതമതൊക്കെയും.
എടുത്തീടുക നീയീയപൂർവമാം പൊരുളൊക്കെയും
ഏവമോതിയവനമ്രനായ് നാഗമൂപ്പനിതാദരാൽ!
സാധുവനെടുത്താ ദ്രവ്യങ്ങളുമൊപ്പമാ–
വണിക്കനാം ചന്ദ്രദത്തനൊത്തീ പുരിയി
ലെത്തി പാർത്തിതാരിയ്ക്കൊപ്പമായ്
ധർമങ്ങളേറെയായ് ചെയ്തിതനുദിനം.
അനന്യയാമവളാതിര തൻ കൈയാൽ
പൂങ്കൊടിയാളെ! നീ സ്വീകരിക്ക ഭിക്ഷ.
എന്നതു കേട്ടവളാതിരാലയം തന്നിൽ
അനലംകൃതപ്പാവ പോലിരുന്നതും
അതു നേരമവളാ തപസ്വിനി തന്നെയും
വലം വന്ന മൃതസുരഭിയെയും വണങ്ങി–
യാതിരയേകിയന്നമേറെയായീയുലകിൻ
പശിമാറുവതിന്നായാ നിത്യ സുമംഗലി!
വിശദീകരണം ആതിരയുടെ പാതിവ്രത്യ മാഹാത്മ്യം വിശദീകരിക്കുന്ന കഥാസന്ദർഭമാണിത്. മദ്യപാനിയും പരസ്ത്രീ സംസർഗമുള്ളവനുമായിരുന്നു ആതിരയുടെ ഭർത്താവായ സാധുവൻ. ധനമെല്ലാം തീർന്നപ്പോളയാൾ വണിക്കുകളോടൊപ്പം കപ്പലിൽ പലേടത്തും യാത്ര ചെയ്തു. വഴിമധ്യേ കപ്പൽ തിരക്കോളിൽപെട്ടു. കപ്പലിൽനിന്ന് ഒടിഞ്ഞു വീണ പായ്മരത്തണ്ടിനെപ്പിടിച്ച് തിരയ്ക്കനുസരിച്ച് യാത്രചെയ്ത് നഗ്നചാരികളായ നാഗർ വസിക്കുന്ന നാഗ നാട്ടിലെത്തി. കപ്പലിൽനിന്ന് രക്ഷപ്പെട്ട ചിലർ സാധുവൻ മരിച്ചതായി വാർത്ത പരത്തി. മനസ്വിനിയായ ആതിര ആ വാർത്ത വിശ്വസിച്ച് ചിതയൊരുക്കി ഭർത്താവിനൊപ്പം ഞാനും ചെല്ലുന്നുവെന്ന് പറഞ്ഞ് തീയിൽ ചാടിയെങ്കിലും ഉടുത്ത വസ്ത്രത്തിനുപോലും തീ പിടിച്ചില്ല. താമരപ്പൂവിൽ ലക്ഷ്മീ ദേവിയെന്നതുപോലെ അവൾ അഗ്നിമധ്യത്തിലിരുന്നു. തീ കൊണ്ടും കൊല്ലപ്പെടാത്ത തന്നെ പഴിക്കവേ ''അസുലഭനായ നിന്റെ ഭർത്താവ് നാഗ നാട്ടിലുണ്ടെന്നും ചന്ദ്രദത്തനെന്ന വണിക്കനൊപ്പം വൈകാതെയിവിടെയെത്തു ''മെന്നും അശരീരിയുണ്ടായി. അപ്പോളവൾ കുളത്തിൽനിന്നു നീരാടി വരുന്നവെളപ്പോലെ തേജസ്വിനിയായി സ്വഭവനത്തിൽ പ്രവേശിച്ചു. അപ്പോഴവളുടെ പാതിവ്രത്യനിഷ്ഠയെ സ്ത്രീകളെല്ലാം വാഴ്ത്തി. സാധുവനാകട്ടെ ദ്വീപിൽ ഒരു മരത്തണലിൽ കിടന്നുറങ്ങി. അപ്പോൾ ഭീകരരായ നാഗന്മാർ തങ്ങൾക്ക് നല്ല ഭക്ഷണം കിട്ടിയെന്ന സന്തോഷത്താൽ അവനെ സമീപിച്ചു. എന്നാൽ, അവരുടെ ഭാഷയറിയാവുന്നതുകൊണ്ട് അവൻ അവരെ നന്മ പഠിപ്പിച്ചു. അവർ അവനെയുംകൊണ്ട് മൂപ്പന്റെ അടുത്തെത്തി. മൂപ്പനവന് കള്ളും പെണ്ണും നൽകാൻ കൽപിച്ചുവെങ്കിലും അവൻ സ്വീകരിച്ചില്ല. അവ കൊണ്ട് എന്തു പ്രയോജനം എന്നായി അവൻ. അവയില്ലെങ്കിൽ എന്തു ജീവിതം എന്നായി നാഗ മൂപ്പൻ. അതു കേട്ട് സാധുവൻ പറഞ്ഞു, മദ്യവും മദിരയും അറിവുള്ളവർ നിരോധിച്ചതാണ്. ജനനത്തെപ്പോലെ മരണവും യാഥാർഥ്യമാണ്. ഉറക്കവും ഉണർച്ചയുംപോലെ. ധർമികൾ സ്വർഗവും അധർമികൾ നരകവും പൂകും. അതിനാലാണ് ജ്ഞാനികൾ അവയെ ത്യജിച്ചതെന്ന് നിങ്ങൾ അറിഞ്ഞാലും. നാഗ മൂപ്പനിതു കേട്ട് പുനർജന്മം ഉണ്ടെന്നതിനു തെളിവെന്താണെന്ന് ചോദിച്ചു. ഉടലിൽനിന്ന് ഉയിർ വേർപെട്ടാൽ വെട്ടി തീയിലിട്ടാലും അറിയില്ല. ഉടലിൽനിന്ന് എന്തോ പോയിട്ടുണ്ടെന്ന് അപ്പോൾ നിങ്ങളറിയും. അപ്രകാരം പോയ ഉയിരിന് മറ്റൊരു പ്രവേശനസ്ഥാനമുണ്ട്. കർമഫലത്തെ അനുഭവിക്കാൻ യോഗ്യമായ ഉടലിൽ ഉയിർ പ്രവേശിക്കുമെന്ന് ഗ്രഹിക്കുകയെന്ന് സാധുവൻ മറുപടി പറഞ്ഞു. വീണ്ടും ധാരാളം ധർമോപദേശങ്ങൾ സാധുവൻ നൽകി. താനിനി ഇവിടെയിരുന്ന് ധർമം ചെയ്യുന്നതാണെന്ന് പറഞ്ഞ മൂപ്പൻ സാധുവന് ധാരാളം സമ്പത്ത് ദാനംചെയ്ത് ചന്ദ്രദത്തനെന്ന വണിക്കനൊപ്പം യാത്രയാക്കി. നാട്ടിൽ തിരിച്ചെത്തിയ സാധുവൻ ആതിരയോടൊപ്പം ധർമാനുസാരിയായി ജീവിച്ചു. അത്തരം സ്വഭാവക്കാരിയായ ആതിരയിൽനിന്ന് ഭിക്ഷ സ്വീകരിച്ചാലുമെന്നു കായചണ്ഡിക പറഞ്ഞപ്പോൾ മണിമേഖല ആതിരയുടെ ഭവനത്തിൽ ഒരു ചിത്രപ്പാവയെപ്പോലെ പ്രവേശിച്ചു. ആതിര മണിമേഖലയെയും അമൃതസുരഭിയെയും വണങ്ങി ലോകത്തിന്റെ വിശപ്പുരോഗം മാറാനായി അന്നം ദാനംചെയ്തു.
18
ഉലക അറവിയിൽ പോയ കഥ
ചാരിത്യ്ര മൂർത്തിയാമാതിരയേകിയോ–
രന്നമശിച്ചൊരുയിരുകൾക്കതിക്ഷണേ–
നീങ്ങിയിതു പശിയും പെരുതാമാർത്തിയും.
തപസ്വിനിയവൾ തൻ ഹിതാനുസാരിയായ്
അമൃതസുരഭിയേകി ആർത്തർക്കഭയവും.
അതുപൊഴുതിലാ കായചണ്ഡിക തന്നെയും
യാനൈത്തീയാലതി പീഡയാർന്നിടുന്നോൾ
സേതുബന്ധനാർഥമായ് വാനരർ കടലിലെ
റിഞ്ഞൊരാക്കല്ലുകൾ പോലവേയശിച്ചിടുന്നോ–
രന്നമെല്ലാം ദഹിച്ചിടുമെൻ പശിയകറ്റുകെന്നായ്.
മുജ്ജന്മ പാപഫലമാമീ കൊടും പശിയകറ്റുകമ്മേ
യെന്നപേക്ഷയെ കേട്ടവളേകിയന്നവും നീങ്ങിയാ–
ഗന്ധർവ കന്യതൻ പശിയാമാർത്തി നിത്യമായ്.
ഉത്തരദിക്കിലന്യൂനമീ വിദ്യാധര ലോകത്താ–
കാവൽ ചേർന്നതാം കാഞ്ചനപുരിക്കാരി ഞാൻ
എത്തി ഞാനെൻ കണവനാം വിദ്യാധരനൊത്താ
തെൻ ദിശി പൊതിയിൽ മല കാതിനായേകദാ,
പ്രിയനൊത്തിനിരുന്നതി വിലാസിതയാം ഞാനാ–
യെക്കൽ ചേർന്നതാം കാട്ടാറിൻ കര തന്നിലായ്.
വന്നാനവിടെയപ്പൊഴേറെ നീണ്ട ജടയുമായൊരാ–
പൂണൂൽ ധാരിയാം വൃശ്ചിക മാമുനി തന്നെയും
ഭിക്ഷയ്ക്കുള്ളൊരാ കാട്ടു ഞാവൽ പഴം കരയി
ലൊരു തേക്കിലയിൽ വെച്ചിറങ്ങിയാറ്റിലായ്
മുറുക്കിച്ചുവന്ന വായും മരവുരിയുമായാ മുനി.
കൗമാരത്തികട്ടലിലതി ഗർവിതയാം ഞാനു–
ടച്ചാനപ്പഴത്തെ പാദതാരിണയാലചിന്ത്യമായ്.
കുളി കഴിഞ്ഞേറെ പൈദാഹത്തൊടാ മുനി–
ചതഞ്ഞൊരാപ്പഴവുമരികിലെന്നെയും കണ്ടതി–
ക്ഷുഭിതനായോതി ശാപവചസ്സുകളേറെയായ്.
പന്തീരാണ്ടിലൊരിക്കലായ് ലഭ്യമീ ദിവ്യമാം പഴം
തോന്നിടില്ലത്രയുമാണ്ടു പശിയൊരാൾക്കുമേ–
യതുണ്ടീടുവോർക്കെന്നതുമറിക നീയംഗനേ!
പന്തീരാണ്ടിലൊരിക്കലുണ്ണുവോനിവനെന്നു–
മറിക നീയദ്ദിനമിന്നാണതുമോർക്ക പാപിനീ!
വ്യോമമാർഗമായ് ചെന്നിടും മന്ത്രമതു മറന്നാ–
നത്തീയാം പൈയാർത്തയുമായി ഞാൻ!
തീർന്നിടും നിൻ പശിയിനിയൊരു പന്തീരാണ്ടി–
നപ്പുറമെന്നോതിമറഞ്ഞ മുനി തൻ വാക്കത–
ന്വർഥമായിതിന്നെന്നുമറികയമലെ നീ!
മുനിശാപാൽ വ്യോമയാന മന്ത്രം മറന്ന ഞാൻ
പൊതിയിൽ മലവിട്ടെങ്ങുമേ പോയിടാനരുതാ–
തതി വ്യഥിതയായ് കഴിയവേയെൻ കണവനേകി–
യേറെയായ് കായ് കിഴങ്ങുകളൊപ്പമായ് പഴങ്ങളും.
ഒത്തതില്ലയവയൊന്നുമേയെൻ പശിയാറ്റിടാനെ–
ന്നറിയുവോനാ കണവനോതി ദയാവായ്പൊടും!
ചെന്നീടുക നീയാ ഞാവലം ദ്വീപതിലവിടെയായ്
വിത്തേശരുണ്ടൂട്ടിടുന്നു പശിയാർന്നിടുവോരെയും!
കാൽനടയായ് ചെന്നിടാമീ പുരാ നഗരിയിൽ!
അന്നുതൊട്ടിവിടെയിേന്ദ്രാത്സവത്തിനെത്തിടു–
മെൻ പ്രിയനെണ്ണിടുമാണ്ടുകളതി ദീനനായ്!
ശമിച്ചതാനത്തീയുമിപ്പോൾ നമിച്ചിടുന്നു ഞാൻ!
പോകയാണീപ്പുരിവിട്ടെൻ ജന്മ ഭൂവതിങ്കലായ്!
ചെല്ലുക നീയാ ചക്രവാളകോഷ്ഠത്തിങ്കലായ്
ഉണ്ടവിടെയുലകവറവിയാമൊരു ഗ്രാമകോവിലും
ഉണ്ണാത്തോരേറെയുണ്ടവിടെയതുപോൽ നിത്യമാം
രോഗപീഡയാർന്നിടുവോർ തന്നെയുമറിക നീ!
പോക നീയവിടെയെന്നവൾമറഞ്ഞതിക്ഷണാൽ!
ഗന്ധർവ കന്യതൻ വാക്കുകേട്ടാ തപസ്വിനി
ചെന്നിതുലകവറവിയിൽ തനിയെയായ്.
വണങ്ങിയവളാ ചമ്പാപതി തന്നെയുമാ–
തൂണിലൊളിഞ്ഞാ പൂവർ ജന്മ കഥകളോ–
തിടും സ്തംഭദേവത തന്നെയുമനുക്ഷണം!
കൊടും ചൂടേറ്റു കരിഞ്ഞതാം മുൾക്കാട്ടിൽ
പുതു മേഘങ്ങളാവിർഭവിച്ചതു പോലവേ
പശിയാറ്റിടാനവളെത്തീ ദൈവദത്തമാ–
മമൃത സുരഭിയുമായത്യനുകമ്പയാൽ!
വരുവിനേവരും! ആപുത്രനുടെ പാത്ര–
മിതേകിടുമന്നമേന്നോതിടുമ്പോളുയർ–
ന്നിതുൺവതിൻ ഘോഷമക്കോവിലിൽ!
കുറിപ്പ്: ആനത്തീ – അത്യഗ്നിയെന്ന വിശപ്പുരോഗം.
സേതുബന്ധനം: വാനരപ്പടയുടെ സഹായത്തോടെ ശ്രീരാമൻ കടലിൽ സേതുബന്ധനം നടത്തിയപ്പോൾ കടൽ പാറക്കല്ലുകൾ യഥേഷ്ടം ഏറ്റുവാങ്ങിയ പൂർവകഥ അനുസ്മരിക്കുന്നു. അതുപോലെ എത്ര തിന്നാലും തീരാത്തതാണ് തന്റെ ആനത്തീയെന്ന വിശപ്പുരോഗമെന്നാണ് കായ ചണ്ഡിക വ്യക്തമാക്കുന്നത്.
വിശദീകരണം: പതിവ്രതയായ ആതിര നൽകിയ അന്നം അവിടെ കൂടിയിരുന്നവരുടെയെല്ലാം വിശപ്പു ശമിപ്പിച്ചു. അതു കണ്ട് ആനത്തീയെന്ന വിശപ്പുരോഗം പിടിപെട്ട കായചണ്ഡിക ''അമ്മേ...എന്റെ കൊടും വിശപ്പു ശമിപ്പിച്ചാലു''മെന്ന് അപേക്ഷിച്ചു. അപ്പോൾ മണിമേഖല അവൾക്കും അന്നം നൽകി. അതോടെ അവളുടെ വിശപ്പും ശമിച്ചു. വിശപ്പ് ശമിച്ച് സന്തുഷ്ടയായ കായചണ്ഡികയെന്ന ആ ഗന്ധർവ സ്ത്രീ മണിമേഖലയോട് തന്റെ പൂർവകഥ വിശദമായി പറഞ്ഞു. ''ഞാൻ കാഞ്ചനപുരക്കാരിയാണ്. ഭർത്താവായ വിദ്യാധരനുമൊത്ത് ഞാൻ ദക്ഷിണദിക്കിലുള്ള പൊതിയിൽ മല കാണാൻ ചെന്നു. ദുഷ്കർമഫലം കൊണ്ടോ എന്തോ; അവിടെ കാട്ടാറിന്റെ എക്കലടിഞ്ഞ തീരത്തിരിക്കവേ വൃശ്ചികമുനി സുഗന്ധവാഹിയായ കാട്ടാറിലിറങ്ങിക്കുളിച്ചു. കാട്ടാറിലേക്കിറങ്ങും മുമ്പ് അയാൾ ആറ്റിൻകരയിൽ ഒരു ഞാവൽപഴം തേക്കിലയിൽ വെച്ചിരുന്നു. അഹങ്കാരിയായ ഞാൻ ആ പഴം കാലുകൊണ്ട് ചതച്ചരച്ചു. മുനി കുളികഴിഞ്ഞ് തിരിച്ചെത്തി. ചതഞ്ഞരഞ്ഞ പഴവും എന്നെയും കണ്ട് അയാൾ ക്ഷുഭിതനായി. പന്ത്രണ്ടു വർഷത്തിലൊറ്റപ്പഴം മാത്രമേ വിശിഷ്ടമായ ആ ഞാവൽമരം നൽകാറുള്ളൂ. ആ പഴം കഴിച്ചാൽ പിന്നെ പന്ത്രണ്ടു വർഷം ഭക്ഷണം കഴിക്കേണ്ടതുമില്ല. ഇന്ന് മുനി ഭക്ഷണം കഴിക്കുന്ന ദിവസമാണ്. അതിനുള്ള വിഭവമാണ് ആ ഞാവൽപഴം. അരിശം മൂത്ത മുനി: നീ ആനത്തീയെന്ന വിശപ്പിന് അർഹയാകട്ടെയെന്നും ആകാശമാർഗത്തിൽ സഞ്ചരിക്കാനുള്ള മന്ത്രം മറന്നു പോകട്ടെയെന്നും ശപിച്ചു. പന്ത്രണ്ടു വർഷത്തിനു ശേഷം വീണ്ടും ഞാൻ ഞാവൽപഴം ഭക്ഷിക്കുമ്പോൾ കഠിനവിശപ്പു മാറുമെന്നും മുനി പറഞ്ഞു. എന്റെ ഭർത്താവ് പഴവും കിഴങ്ങും കായ്കളുമൊക്കെ നൽകിയെങ്കിലും വിശപ്പു ശമിച്ചില്ല. ഒടുവിൽ ഞാൻ നാവലം ദ്വീപിലെത്തി. പല നാളുകൾ കഴിഞ്ഞു. ഇേന്ദ്രാത്സവം നടക്കുന്ന ദിവസം എന്റെ കണവൻ ഇവിടെ വന്ന് വർഷങ്ങൾ എണ്ണാറുണ്ട്. ''ഇപ്പോൾ എന്റെ വിശപ്പ് തീർത്തു തന്ന അങ്ങയെ ഞാൻ വണങ്ങുന്നു'' എന്നു പറഞ്ഞ് കായ ചണ്ഡിക സ്വന്തം പട്ടണത്തിലേക്ക് തിരിച്ചു. അതിനു മുമ്പ് ചക്രവാള കോഷ്ഠത്തിൽ ഉലകവറവി എന്നൊരു ദേവാലയമുണ്ടെന്നും അവിടെ വിശപ്പുരോഗമുള്ളവർ ധാരാളമുണ്ടെന്നും അവിടെപ്പോയി അവരെ രക്ഷിക്കുക എന്നും പറഞ്ഞു. മണിമേഖല നഗരത്തിലുള്ളവരുടെ ആദരവു പിടിച്ചുപറ്റിക്കൊണ്ട് ഉലകവറവിയിലെത്തി നിരാശ്രയരായ ഏവരുടെയും വിശപ്പകറ്റി. അപ്പോൾ അമ്പലത്തിൽ ഊണു കഴിക്കുന്നവരുടെ ബഹളം പൊങ്ങി.
(തുടരും)