Begin typing your search above and press return to search.
കല്ലുമ്മക്കായകൾ -കവിത
Posted On date_range 4 Jan 2022 12:06 PM IST
Updated On date_range 4 Jan 2022 12:07 PM IST
എനിക്കിഷ്ടമല്ല
കടൽപ്പക്ഷികളെ
ജലപ്പരപ്പിനെ
ഉമ്മെവച്ച്
പറക്കുന്ന
തുമ്പികളെ
റാഞ്ചി തിന്നുമവർ.
ചെമ്പുനിറമുള്ള തുമ്പികൾ
അടിത്തട്ടിലാണ്ട
പെണ്ണിെൻറ കിനാവുകളാണ്.
കാമുകനോട് പിണങ്ങി,
ഒറ്റക്ക്
കടലാഴത്തിലേക്ക്
മുങ്ങാംകുഴിയിട്ട്
പാറക്കെട്ടിൽ
തലയിടിച്ച് മരിച്ച അവളുടെ
ചോരകക്കിയ ഹൃദയമാണ്
കല്ലുമ്മക്കായകൾ.
പുറന്തോടിൽ
പൊന്തിവന്ന
നീലപ്രണയമാണ്,
പച്ച കാമവും
കറുപ്പ് വിഷാദവുമാണ്.
നിരാശയുടെ ഉപ്പിൽ
അലിയാതെ,
ചവർപ്പിെൻറ പ്രതലത്തിൽ
ഉരഞ്ഞു തീരാതെ,
പ്രതീക്ഷയുടെ നേർത്ത
നൂലുവിരൽ ഊന്നി
അവൾ നിൽക്കുന്നു.
ഓരോ നിമിഷവും
ആരെയോ തിരയുന്ന
അവളിലെ വിഹ്വലതകളാണ്
പറവ മീനുകൾ.
എനിക്കിഷ്ടമല്ല
കടൽപ്പക്ഷികളെ
ഓർമകൾ
കുടഞ്ഞുകളഞ്ഞ
കാമുകരാണവർ.