പി.കെ. പാറക്കടവിെൻറ ഒമ്പത് മിന്നൽക്കഥകൾ
1. ചിറകുകൾ
ആകാശം കിളിയോട് പറഞ്ഞു:
''സ്വാതന്ത്ര്യത്തിലേക്ക് ചിറകുകൾ വിടർത്തുക.''
കിളിപ്പറ്റങ്ങളൊന്നായി ആകാശത്തിലേക്ക്.
ചിറകുകൾ ഉണ്ടായിട്ടും പറക്കാത്ത
കിളികളാണ് അഴികളുള്ള കൂടുകളിലാവുന്നത്.
2. കാലം
പറക്കുന്ന പന്തയക്കുതിരകളോട്
ഒച്ച് പറഞ്ഞു:
ഇത് എെൻറ കാലമാണ്.
3. മഴപ്പാറ്റയുടെ ചിറകുകൾ
തീജ്വാലയുടെ സൗന്ദര്യത്തിലേക്ക്
സ്വയം മറന്ന് പറന്നടുക്കുന്ന
മഴപ്പാറ്റയെ നോക്കി മരക്കൊമ്പിലിരുന്ന് കിളി പറഞ്ഞു:
''എല്ലാ ചിറകുകളും അനന്തതയിലേക്ക് പറക്കാനുള്ളതല്ല.''
4. കാറ്റിെൻറ ചെവിയിൽ
ധാന്യമണിയുടെ വിത്തിൽനിന്ന് ഒരു
നാമ്പ്, ഭൂമിക്കടിയിൽനിന്ന് ആകാശത്തേക്ക് തല നീട്ടി.
ഇളംകാറ്റ് അതിനെ തലോടിക്കൊണ്ട് പറഞ്ഞു:
''നിന്നെ നട്ടവനെ, നിനക്ക് വളവും വെള്ളവുമൊഴിച്ചിട്ട് പരിപാലിച്ചവനെ
വേട്ടയാടുന്ന ലോകത്തേക്കാണ് നീ
നാമ്പു നീട്ടുന്നത്.''
ഇളംകാറ്റിെൻറ ചെവിയിൽ പുതുനാമ്പ് പറഞ്ഞു: ''നീയൊരു കൊടുങ്കാറ്റാവുക.''
5. യാത്ര
''അക്കരെനിന്നും ഇക്കരെനിന്നും
കത്തുകൾ എഴുതിയെഴുതിയാണ്
നമ്മൾ അടുത്തത്.''
ഞാൻ പറഞ്ഞു:
''ഒരു പരീക്ഷാക്കാലമാണ് നിങ്ങൾ
മരുഭൂമിയിൽനിന്നും എന്നെ കാണാനെത്തുന്നത്.'' അവൾ മൊഴിഞ്ഞു.
''പടിഞ്ഞാറ് വസന്തം വന്നെന്നറിയിക്കുന്ന മാർച്ച് മാസത്തിൽ.''
''എമിലി ഡിക്കൻസ് പറഞ്ഞതുപോലെ ക്രൂര മാസം വരും മുമ്പേ
നമ്മൾ വാതിൽ പൂട്ടി.''
നമ്മൾ സഹയാത്രികരായി യാത്ര തുടരുന്നു.
മാർച്ചിന് മുന്നേറ്റമെന്നും അർഥമുണ്ട്.
6. കുഞ്ഞുങ്ങൾ സ്വർഗത്തെ താങ്ങിനിർത്തുന്നു
ഭൂതകാലത്തിൽ ചവിട്ടിനിന്ന്
ഭാവിയിലേക്ക് കൈകൾ നീട്ടുന്ന
നമുക്ക് വർത്തമാനമില്ല.
ഭൂതത്തെയും ഭാവിയെയും കാല്
കൊണ്ട് തട്ടിക്കളിച്ചാണ് കുഞ്ഞുങ്ങൾ
വർത്തമാനത്തിൽ മാത്രം
ജീവിക്കുന്നത്.
അങ്ങനെയാണവർ കുഞ്ഞു
കൈകൾകൊണ്ട് സ്വർഗത്തെ
താങ്ങിനിർത്തുന്നത്.
7. കാഴ്ച
സൂര്യൻ ഒന്നും മറച്ച് വെക്കുന്നില്ല.
പ്രഭാതം മുതൽ പ്രേദാഷം വരെ
പറയുന്നു:
''ഇതാ ലോകം കണ്ടോളൂ.''
നമ്മൾ കണ്ണ് തുറന്ന് നോക്കിയാലും
ഒന്നും കാണുന്നില്ല.''
ഉള്ളിൽ സൂര്യവെളിച്ചമുള്ളവർ
മാത്രം എല്ലാം കാണുന്നു.
8. മരിച്ചവർ വരക്കുന്ന ചിത്രം
ഭൂമിയിൽനിന്ന് പോയവർ
ആഹ്ലാദംകൊണ്ട് ആകാശത്ത്
വരക്കുന്ന ചിത്രമാണ്
മഴവില്ല്; നമുക്ക് കാണാൻ.
9. ആശുപത്രിക്കഥ
സർജറിക്ക് രണ്ട് ദിവസം മുമ്പേ
അയാളെ ആശുപത്രിയിൽ അഡ്മിറ്റ്
ചെയ്തതായിരുന്നു.
ജനലിലൂടെ പുറത്ത് കാണുന്ന
പച്ചപ്പുകളും പൂക്കളും ചിറകടിച്ച്
ആകാശത്തേക്ക് പറക്കുന്ന കിളികളും.
അയാൾ കൂടെ കൊണ്ടുവന്ന
നോട്ട് ബുക്കിൽ കഥ എഴുതുകയായിരുന്നു.
പെട്ടെന്ന് കടന്നുവന്ന സിസ്റ്റർ
ചോദിച്ചു:
''എത്ര ഗ്ലാസ് വെള്ളം കുടിച്ചു? എത്ര
ലിറ്റർ മൂത്രമൊഴിച്ചു? എല്ലാം
എഴുതിവെക്കുകയാണല്ലോ. വളരെ
നല്ലത്.''