പരീക്കുട്ടിയുടെ പരിഷ്കൃത വേഷങ്ങള്‍ -കഥ വായിക്കാം
ഗ്രാമത്തിലെ പട്ടണമാണ് മാമാബസാര്‍. ഓടുമേഞ്ഞ പഴയ കുറച്ചു കെട്ടിടങ്ങളിലായി താരുവിെൻറ മുറുക്കാന്‍ ബീഡി സിഗരറ്റ് കട. ഗോപിനായരുടെ ഹോട്ടല്‍ ആൻഡ് ടീഷാപ്പ്. പൊറിഞ്ചുവേട്ടെൻറ പലചരക്ക് കട. മയില്‍ വാഹനന് ചെട്ടിയാരുടെ തുണിമില്ല്. പരമേശ്വരന് നായരുടെ സ്റ്റേഷനറിക്കട. മുരുകേശന് ചെട്ടിയാരുടെ ജവുളിക്കട. അവര്സുട്ടിക്കയുടെ പലവക സാധനക്കട. വാറുണ്ണിയുടെ കയറുകട. ശിവരാമെൻറ പഴം പച്ചക്കറിക്കട. അപ്പോത്തിക്കിരി ലത്തീഫിെൻറ ഇംഗ്ലീഷ് മരുന്നു ഷാപ്പ്. ലക്ഷ്മണെൻറ ബാര്‍ബര്‍ ഷാപ്പും ഒസ്സാന് മോമുവിെൻറ ക്ഷൗരക്കടയും. കുട്ടന് വൈദ്യരുടെ വൈദ്യശാല. ഗ്രാമീണ വായനശാല. കമ്യൂണിസ്റ്റ് പാർട്ടിയുടെ ആപ്പീസ്. അന്നാമുവിെൻറ അലക്ക് കട. സീതാരാമെൻറ അലൂമിനിയപ്പാത്രക്കട. കൊച്ചപ്പെൻറ അപ്പക്കൂട്. അങ്ങനെ എല്ലാം ചേര്‍ത്ത് പത്തിരുപത് കടകളുടെ സിരാകേന്ദ്രമായി നിലകൊള്ളുന്ന പല്ലവി ടാക്കീസും. മാമാബസാറിലും പരിസരത്തുമുള്ള ചെറുപ്പക്കാരെ ത്രസിപ്പിക്കുകയും അമ്മമാരെ ഭക്തിയില്‍ കെട്ടിത്താഴ്ത്തുകയും കുട്ടികളെ കുട്ടിച്ചാത്തന് കളിപ്പിക്കുകയും ചെയ്ത് അഞ്ചു പതിറ്റാണ്ടിലേറെ കാലം ഗ്രാമത്തിെൻറ രസികശിരോമണിയായി നിലകൊണ്ട പല്ലവി ടാക്കീസ് അടച്ചുപൂട്ടാന്‍ നാട്ടിലെ ഏക തുണിമില്‍ മുതലാളി മയില്വാഹനന് ചെട്ടിയാരുടെ മൂത്ത സന്തതിയും ടാക്കീസിെൻറ ഇപ്പോഴത്തെ ഉടമയുമായ മുരുകേശന് ചെട്ടിയാര്‍ തീരുമാനിച്ചതായി അറിഞ്ഞതിെൻറ പിറ്റേന്ന് രാത്രിയാണ് ദാമോദരേട്ടന് അപ്രത്യക്ഷനാവുന്നത്. ഇരിപ്പിലും നടപ്പിലും മുഖച്ഛായയിലും സിനിമാനടന് മധുവിനെപ്പോലെയാണെന്ന് അയാളെ കാണുന്നവരൊക്കെ പറയുന്നത് അഭിമാനത്തോടെ സ്വീകരിച്ച് അതുപോലെ നടന്നിരുന്ന അയാള്‍ക്ക് പല്ലവിയോടുള്ള ആത്മബന്ധം ആരും തിരിച്ചറിഞ്ഞിരുന്നില്ല. നാടു ചുറ്റി ഓടുന്ന പല്ലവിയുടെ പരസ്യവണ്ടിയില്‍ എല്ലാ വെള്ളിയാഴ്ചകളിലും ചിലപ്പോള്‍ ചൊവ്വാഴ്ചകളിലും (അപ്രതീക്ഷിതമായി ഒരാഴ്ച തികച്ചും ഓടാത്ത പടങ്ങള്‍ വെള്ളിയാഴ്ച തുടങ്ങി തിങ്കളാഴ്ച അവസാനിപ്പിക്കും. പകരം ചൊവ്വ മുതല്‍ വ്യാഴം വരെ മറ്റൊരു പടം കളിക്കും.) ഒരു ഫിയറ്റ് കാറിെൻറ ഉച്ചിയില്‍ കെട്ടിെവച്ച ഉച്ചഭാഷിണിയിലൂടെ പടത്തിെൻറ പേരും മറ്റു വിശേഷപ്പെട്ട വിവരങ്ങളും വിളിച്ചുപറഞ്ഞുകൊണ്ട് നോട്ടീസ് വിതരണവും പ്രചാരണവുമായി ടാക്കീസിലേക്ക് ആളെ ക്ഷണിക്കുന്ന അനൗണ്‍സറായിരുന്നു ദാമോദരന്‍. അയാള്‍ ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് അച്ഛന് കുടലില്‍ പുണ്ണ് വന്ന് മരിക്കുന്നത്. മൂന്നു മക്കളെ പോറ്റാന്‍ അമ്മ ഒട്ടുവളരെ കഷ്ടപ്പെട്ടു. അങ്ങനെയാണ് ആറാം ക്ലാസില്‍ െവച്ച് പുസ്തകക്കെട്ട് സ്കൂളിനരികിലുള്ള കുളത്തിലേക്ക് വലിച്ചെറിഞ്ഞ് അയല്ക്കാരന് കുമാരെൻറ കൂടെ റബര്‍ വെട്ടാനിറങ്ങിയത്. അന്നു പുസ്തകക്കെട്ട് വലിച്ചെറിയുമ്പോള്‍ എണ്ണമറ്റ തവണ അവന് വായിച്ച ഏറ്റവും പ്രിയപ്പെട്ട മലയാളം ഉപപാഠപുസ്തകം മുട്ടത്തു വര്‍ക്കിയുടെ ഒരു കുടയും കുഞ്ഞുപ്പെങ്ങളും മാത്രം കളയാതെ സൂക്ഷിച്ചു. കുട്ടിക്കാലം മുതല്‍ കാനം ഇ.ജെ, മുട്ടത്തുവര്‍ക്കി, പമ്മന് തുടങ്ങിയവരുടെ ജനപ്രിയ നോവലുകളും ചില പൈങ്കിളി പ്രസിദ്ധീകരണങ്ങളില്‍ ഖണ്ഡശഃ പ്രസിദ്ധീകരിച്ചുവന്നിരുന്ന നോവലുകളും നിരന്തരം വായിച്ച് ഇത്തരം അനൗണ്‍സ്മെൻറിന് പാകത്തിലുള്ള ഒരു ഭാഷാശൈലി ദാമോദരേട്ടന് സ്വായത്തമാക്കിയിരുന്നു. താന്‍ ഒട്ടേറെ തവണ വായിച്ചിട്ടുള്ള നോവല്‍ പമ്മെൻറ വഷളനും വല്ലച്ചിറ മാധവെൻറ പൂവമ്പഴവുമാണെന്ന് അദ്ദേഹം പല്ലവിയുടെ മുന്നിലെ ഗോപി നായരുടെ ചായപ്പീടികയിലെ സ്ഥിരം പണ്ഡിതസദസ്സുകളില്‍ വലിയ അഭിമാനത്തോടെ പ്രഖ്യാപിക്കുമായിരുന്നു. അവിവാഹിതനായ ദാമോദരേട്ടനെ സ്വാധീനിച്ച ആ കൃതികള്‍ വായിക്കാന്‍ മോഹിച്ച് മാമാബസാറിലെ ഗ്രാമീണ വായനശാലയില്‍ ജീവിതത്തിലാദ്യമായി കയറിയ ചെറുപ്പക്കാരുടെ കൈയും കണക്കും വായനശാലയില്‍ പാര്‍ട്ട് ടൈം ലൈബ്രേറിയനായി ജോലിചെയ്യുന്ന സുഷമയുടെ കൈവശമുണ്ട്. ദാമോദരേട്ടെൻറ സാധാരണ സംഭാഷണ ശൈലിയില്പോലും ഒരു പൈങ്കിളി തലനീട്ടി ഇടക്കിടെ പാട്ടുപാടിയിരുന്നു. അദ്ദേഹത്തിെൻറ അനൗണ്‍സ്മെൻറിലെ പുതുമയും ജനപ്രിയതയും മനസ്സിലാക്കി പത്തു പതിനഞ്ച് കിലോമീറ്റര്‍ അകലെയുള്ള ചില ടാക്കീസുടമകള്പോലും ദാമോദരേട്ടനെ തഞ്ചത്തില്‍ ചാക്കിലാക്കാന്‍ നോക്കിയിരുന്നെങ്കിലും അദ്ദേഹം പല്ലവി വിട്ട് മറ്റെവിടെയും പോയില്ല. അതിന് അവ്യക്തമായ കാരണങ്ങള്‍ കൂടാതെ വ്യക്തമായ രണ്ട് കാരണങ്ങളുണ്ടായിരുന്നു. അതിലൊന്ന് പല്ലവിയുടെ നിലവിലെ ഉടമ മുരുകേശന് ചെട്ടിയാരോ മുന്‍ ഉടമ മേരിക്കുട്ടിയോ ദാമോദരേട്ടെൻറ സ്വയംകൃതിയായ അനൗണ്‍സ്മെൻറിലെ വാചകങ്ങളില്‍ കത്തിെവക്കാറില്ല എന്നതാണ്. നാലാം ക്ലാസ് വരെ മാത്രം പഠിച്ചിട്ടുള്ള മേരിക്കുട്ടിക്ക് സാഹിത്യ പരിജ്ഞാനമില്ലാത്തതുകൊണ്ടും ചെട്ടിയാര്‍ തമിഴനാകയാല് മലയാളം കൃത്യമായി അറിയാത്തതുകൊണ്ടുമാണ് ദാമോദരേട്ടെൻറ വൈതാളികസാഹിത്യം സെന്‍സര്‍ ചെയ്യപ്പെടാത്തതെന്ന് ആധുനിക സാഹിത്യ തൽപരരായ ചില ചെറുപ്പക്കാര്‍ വായനശാലയിലും ഇടക്ക് ഗോപിനായരുടെ ചായക്കടയിലുമിരുന്ന് മുറുമുറുക്കാറുണ്ടെങ്കിലും ദാമോദരേട്ടനത് കാര്യമാക്കാറില്ല. കാരണം അവര്‍ക്ക് സാര്‍ത്ര്, കാമ്യു, കാഫ്ക, ജോയിസ് എന്നിങ്ങനെ വായിലൊതുങ്ങാത്ത പേരുള്ളവരുമായാണ് ചങ്ങാത്തം. വര്‍ക്കിയും കാനവുമൊന്നും അവരറിയുന്ന ഗണത്തിലല്ല. രണ്ടാമത്തെ കാര്യം സ്വന്തമായി മാമാബസാറില്‍ വീടോ കുടിയോ കുടുംബക്കാരോ ഇല്ലാത്ത അയാള്‍ക്ക് പല്ലവി സ്വന്തം വീടുമാണ്. എല്ലാ ദിവസവും സെക്കൻഡ് ഷോ കഴിഞ്ഞ് എല്ലാവരും പോയതിനു ശേഷം ഗെയിറ്റടച്ചു കഴിഞ്ഞാണ് അയാള്‍ പ്രൊജക്ടര്‍ റൂമിലെ തെൻറ കിടപ്പിടം ഒരുക്കുക. ഒരു പുല്‍പ്പായയും മുഷിഞ്ഞ ഉറയിട്ട ഒരു തലയിണയുമാണ് കിടക്കാനുള്ള അനുസാരികള്‍. ഏത് കൊടും തണുപ്പിലും ചുട്ടവേനലിലും അയാള്‍ ഉടുമുണ്ടഴിച്ച് തലവഴി മൂടിപ്പുതച്ചാണ് കിടക്കാറ്. നാടുവിട്ടുപോന്നതിനുശേഷം അയാള്‍ മറ്റൊരിടത്തും അന്തിയുറങ്ങിയിട്ടില്ല. ഈ രണ്ട് സംഗതികള്‍ കൂടാതെ വേറെയും ചില കാര്യങ്ങള്‍ അയാളെ അവിടെ തളച്ചിടുന്നതിനുണ്ടെന്നാണ് പ്രൊജക്ടർ ഓപറേറ്റര്‍ ലോകനാഥനും ഒന്നാം ക്ലാസിന് ടിക്കറ്റ് ചീന്തുന്ന കുന്നമ്പത്ത് ഷാജഹാനും പറയുന്നതെങ്കിലും അതൊന്നും കാര്യകാരണസഹിതം തെളിയിക്കപ്പെട്ടിട്ടില്ല. അതിലൊന്ന് എല്ലാ ആഴ്ചയിലും മുടങ്ങാതെ സിനിമക്ക് വരാറുള്ള ബീഡിത്തൊഴിലാഴി ശാന്തക്ക് ദാമോദരേട്ടനോടുള്ള പ്രേമമാണത്രെ. കാലങ്ങളായി പല്ലവിയുടെ മുന്നിലുള്ള സ്വന്തം വീട്ടില്‍ ചായക്കട നടത്തുന്ന ഗോപി നായരുടെ മകള്‍ ഗംഗയോട് ദാമോദരേട്ടനുള്ള മൗനാനുരാഗമാണ് മറ്റൊരു കാര്യമെന്നാണ് കിംവദന്തി. ദാമോദരേട്ടന് സ്ഥിരമായി ഭക്ഷണം കഴിക്കാറുള്ളത് അവിടെനിന്നാണ്. ഫസ്റ്റ് ഷോക്ക് ടിക്കറ്റ് കൊടുത്തുകഴിഞ്ഞാല്‍ ചായക്കട അടക്കുമെങ്കിലും ദാമോദരേട്ടനുള്ള അത്താഴം അവിടെ കരുതിെവക്കും. അത് പലപ്പോഴും വിളമ്പികൊടുക്കാറുള്ള ഗംഗയെ അയാള്‍ മനസ്സില്‍ വേലികെട്ടി കാത്തുെവച്ചു. മാറുന്ന മാറുന്ന സിനിമയുടെ പാട്ടുപുസ്തകവും നായികാ നായകന്മാരുടെ ഡിസ്േപ്ലക്കുള്ള ഫോട്ടോകളില്‍ ചിലതും രഹസ്യമായി കളി തുടങ്ങുന്ന ദിവസംതന്നെ അത്താഴത്തിനെത്തുമ്പോള് അയാള്‍ അവള്‍ക്ക് സമ്മാനിക്കും. അവളാ ഫോട്ടോകള്‍ ചായക്കടയുടെ ചുമരില്‍ വറ്റ്തേച്ച് ഒട്ടിച്ചു െവക്കും. ഇത് കണ്ട് പല ഫിലിം െറപ്രസേൻററ്റീവുകളും അയാളെ കളിയാക്കാറുണ്ടെങ്കിലും അയാള്‍ പക്ഷേ പതിവ് തെറ്റിച്ചില്ല.
അതേസമയം, ലോകനാഥനും ഷാജഹാനും മറ്റു പലരും അത്ര ശ്രദ്ധിക്കാത്ത വേറൊരു കാര്യമുണ്ട്. പല്ലവിയില്‍നിന്ന് അര കിലോമീറ്റര്‍ പടിഞ്ഞാറുള്ള ചക്കംകണ്ടം കായലിലാണ് ദാമോദരേട്ടന് കുളിക്കാന്‍ പോകാറുള്ളത്. ടാക്കീസിെൻറ അടുത്ത് കുളങ്ങളൊക്കെയുണ്ടെങ്കിലും കായലാണ് അദ്ദേഹത്തിനിഷ്ടം. കായലിെൻറ കരയില്‍ താമസിക്കുന്ന സാവിത്രി നേത്യാരമ്മയെ ഒളിച്ചും പതുങ്ങിയും ഒരു നോക്ക് കാണാനുള്ള വലിയ കൗതുകം ദാമോദരേട്ടനെ പിടികൂടിയിട്ടുണ്ടെന്നത് സത്യത്തില്‍ ആര്‍ക്കും മനസ്സിലായിട്ടില്ല. കായലിെൻറ കരക്ക് സമാന്തരമായി പോകുന്ന റോഡിലൂടെ പരസ്യവണ്ടി കടന്നുപോകുമ്പോള്‍ അയാള്‍ തെൻറ സ്വതവേ കനത്തതും മൈക്ക് കൂടുതല്‍ കനപ്പിക്കുന്നതുമായ ശബ്ദത്തില്‍ പരമാവധി ഉറക്കെ അനൗണ്‍സ് ചെയ്യും. ''മധുരപ്പതിനേഴിെൻറ മണിമുറ്റത്ത് മാദകനൃത്തം ചവിട്ടുന്ന ലോകൈക സുന്ദരി മാമാബസാര്‍ പല്ലവിയുടെ നയനമനോഹരവും ആനന്ദതുന്ദിലവുമായ വെള്ളിത്തിരയില്‍... ഇന്നു മുതല്‍ സഹര്‍ഷം പ്രദര്‍ശിപ്പിച്ച് തുടങ്ങുന്നു... തെന്നിന്ത്യയില്‍ വെന്നിക്കൊടി പാറിച്ച മഞ്ഞിലാസിെൻറ അനുഭവങ്ങള്‍ പാളിച്ചകള്‍... ദുഃഖസാന്ദ്രമായ നിരവധി വൈകാരിക മുഹൂര്‍ത്തങ്ങളും സംഭ്രമം കൊള്ളിക്കുന്ന മാദക സംഘട്ടനങ്ങളും ചിരിയുടെ മാലപ്പടക്കങ്ങള്‍ പൊട്ടിച്ച് നിങ്ങളെ ചിരിപ്പിച്ച് മണ്ണ് കപ്പിച്ച് തുപ്പിക്കുന്ന അസുലഭ സന്ദര്‍ഭങ്ങളും ഇമ്പമാര്‍ന്ന ഗാനങ്ങളും കോരിത്തരിപ്പിക്കുന്ന പ്രണയരംഗങ്ങളും ഹര്‍ഷപുളകിതമായി കോര്‍ത്തിണക്കിക്കൊണ്ട് മഞ്ഞിലാസ് അണിയിച്ചൊരുക്കിയ ഒരത്യുജ്ജ്വല കലാസൃഷ്ടിയുടെ ഉദ്ഘാടനമഹാമഹം... ഭാവാഭിനയ സമ്രാട്ട് സത്യന്, നിത്യഹരിതനായകന് പ്രേം നസീര്‍, പ്രണയനായിക ഷീല, ഹാസ്യചക്രവര്‍ത്തി അടൂര്‍ഭാസി തുടങ്ങിയവര്‍ വേഷമിട്ട ഈ വര്‍ഷത്തെ മികച്ച കുടുംബ ചിത്രം കണ്ടാസ്വദിക്കാന്‍ സകുടുംബം മഞ്ഞിലാസ് നിങ്ങളെ സ്വാഗതം ചെയ്യുന്നു...'' ഇതിനിടയില്‍ കൈയിലിരുന്ന നോട്ടീസ് കുറേ വാരി പുറത്ത് വിതറും. അനൗണ്സ്മെൻറിെൻറ ശബ്ദം അകലെനിന്ന് കേള്‍ക്കുമ്പോള്‍ തന്നെ നേത്യാരമ്മ ഉമ്മറവാതില്‍ മറഞ്ഞ് നിന്ന് ദാമോദരേട്ടെൻറ പരസ്യവണ്ടി പോകുന്നത് കണ്ടുനില്ക്കും. അവരുടെ കണ്ണുകളില്‍നിന്ന് പ്രണയത്തിെൻറ ചാട്ടുളികള്‍ പാഞ്ഞ് വന്ന് അയാളെ എയ്യും. അയാളുടെ സ്വരം സംഗീതംപോലെ ആസ്വദിക്കും. വണ്ടി മുന്നോട്ടു പോയിക്കഴിഞ്ഞാല്‍ പുറത്തിറങ്ങി തനിക്കായി ദാമോദരേട്ടന് വാരിത്തൂവിയ പല വർണങ്ങളിലുള്ള നോട്ടീസുകളും ഒപ്പം അവര്‍ക്കായി മാത്രം അയാള്‍ കരുതാറുള്ള മധുരമൂറുന്ന പ്യാരീസ് മിഠായികളും പെറുക്കിയെടുത്ത് നോട്ടീസ് വീട്ടിലെ മുണ്ടും പെട്ടിക്കടിയില്‍ സൂക്ഷിച്ചുെവക്കുകയും മിഠായി ഭര്‍ത്താവറിയാതെ ഇടക്കിടെ ദാമോദരേട്ടനെക്കുറിച്ചുള്ള മധുരസ്മരണകള്‍ക്കൊപ്പം നുണഞ്ഞ് രസിക്കുകയും ചെയ്യും.
പതിനേഴാം തീയതി വ്യാഴാഴ്ചയിലെ സെക്കൻഡ് ഷോയായിരുന്നു പല്ലവിയിലെ അവസാന കളി. അവസാന ഷോ കാണാന്‍ പ്രത്യേക നിരക്കിളവ് നല്കാന് ചെട്ടിയാര്‍ സന്മനസ്സ് കാണിച്ചു. പത്തുവയസ്സില്‍ താഴെയുള്ളവര്‍ക്ക് സാധാരണ നല്‍കേണ്ട അര ടിക്കറ്റിെൻറ നിരക്കില്‍ മുതിര്‍ന്നവര്‍ക്കും പ്രവേശനം അനുവദിച്ചുകൊണ്ട് ഉത്തരവായി. ഒപ്പം പത്തുവയസ്സുവരെയുള്ള കുട്ടികള്‍ക്ക് സൗജന്യ പ്രദര്‍ശനവും. ഈ തീരുമാനത്തോട് ആദ്യം വിയോജിച്ച തിരുമേനി പിക്ചേഴ്സിെൻറ ഫിലിം െറപ്രസേൻററ്റീവ് പിന്നീട് പൊതുജന താൽപര്യാർഥം അതിനു സമ്മതിച്ചു. (അതല്ല പൊതുജനമർദനഭയമാർഥം സമ്മതിച്ചതാണെന്നും ചില അഭ്യൂഹങ്ങളുണ്ട്.) ഈ തീരുമാനത്തോടൊപ്പം ആ കളിക്ക് ശേഷം പല്ലവി ടാക്കീസ് ചരിത്രത്തിലേക്ക് മടങ്ങുന്നതിനാല്‍ നീണ്ട അമ്പതോളം വര്‍ഷങ്ങള്‍ പല്ലവിയെ നെഞ്ചേറ്റി താലോലിച്ച മാമാബസാറിലെ പ്രേക്ഷക ലക്ഷങ്ങള്‍ക്ക് നന്ദി അറിയിക്കുന്നതിന് പതിനാറാം തീയതിതന്നെ ഒരു അനൗണ്‍സ്മെൻറ് നടത്താന്‍ ചെട്ടിയാര്‍ ദാമോദരേട്ടനെ ചട്ടംകെട്ടുകയും അന്ന് അനൗണ്‍സ് ചെയ്യേണ്ട വികാരസാന്ദ്രമായ പ്രത്യേക വരികളുടെ ഒരു പ്രൂഫ് ഉണ്ടാക്കി ചരിത്രത്തിലാദ്യമായി അയാളെ കാണിക്കണമെന്ന് നിർദേശിക്കുകയും ചെയ്തു. തെൻറ അൗണ്സ്മെൻറിന് നാള്‍ക്കുനാള്‍ ആരാധകര്‍ കൂടിവരികയാണെന്ന് അറിയാവുന്ന ദാമോദരേട്ടന് ചെട്ടിയാരുടെ കല്പന അത്ര ബോധിച്ചില്ലെങ്കിലും അരമണിക്കൂറിനകം അനൗണ്‍സ് ചെയ്യാനുള്ള മാറ്റര്‍ അയാള്‍ ചെട്ടിയാര്‍ക്കു വായിച്ചു കേള്‍പ്പിച്ചു. ''മാമാബസാറുകാരുടെ അനവധി തലമുറകളെ കോരിത്തരിപ്പിക്കുകയും കുളിരണിയിക്കുകയും ചെയ്ത് നിങ്ങളുടെ ആത്മാവിഷ്കാരമായി നിലകൊണ്ട പല്ലവി ടാക്കീസ് ചരിത്രപരമായ അതിെൻറ ദൗത്യം നിറവേറ്റി ഇനി ചരിത്രത്തിലേക്ക് മടങ്ങുകയാണ്. നാളെ വിങ്ങുന്ന ഒരോര്‍മയായി മാറുന്ന പല്ലവിയെ അവസാനമായൊന്ന് കാണാന്‍ ഞങ്ങള്‍ അവസരമൊരുക്കുന്നു. പതിനേഴാം തീയതിയിലെ സെക്കൻഡ് ഷോക്ക് പ്രായപൂര്‍ത്തിയായവര്‍ക്കും അല്ലാത്തവര്‍ക്ക് പകുതി നിരക്കിലും പടം കാണാനുള്ള അവസരം. അത് പാഴാക്കാതിരിക്കാന് എല്ലാവരേയും പല്ലവിയിലേക്ക് സഹര്‍ഷം സ്വാഗതം ചെയ്യുന്നു...'' പൂര്‍ണമായും മനസ്സിലായില്ലെങ്കിലും ചെട്ടിയാര്‍ക്കത് ഇഷ്ടപ്പെട്ടു. അത് വായിക്കുേമ്പാഴും എഴുതുമ്പോഴും പക്ഷേ ദാമോദരേട്ടന് അനുഭവിച്ചിരുന്ന വേദനയും അനാഥത്വ ബോധവും ആരും അറിഞ്ഞില്ല. ചെട്ടിയാരുടെ ഉത്തരവ് അയാള്‍ ഏറ്റെടുത്തെങ്കിലും പതിനാറാം തീയതി കാലത്തുതന്നെ ജീവിതത്തിലാദ്യമായി അയാള്‍ മദ്യപിച്ച് ലക്ക് കെട്ട് ടാക്കീസിെൻറ ഗെയിറ്റില്‍ വീണ് അബോധത്തിലേക്ക് തുഴഞ്ഞുപോയതുകൊണ്ട് ദാമോദരേട്ടനു പകരം ഒന്നാം ക്ലാസില്‍ ടിക്കറ്റ് ചീന്തുന്ന ഷാജഹാനാണ് അനൗണ്‍സറുടെ വേഷം കെട്ടിയത്. നാളത് വരെ ജനപ്രിയമായ ഭാഷയില്‍ ദാമോദരേട്ടെൻറ അനൗണ്‍സ്മെൻറ് കേട്ട് ശീലിച്ച ജനത്തിന് ഷാജഹാെൻറ അവിഞ്ഞ സാഹിത്യം ഇഷ്ടപ്പെട്ടില്ലെങ്കിലും തന്നെ ഏല്‍പ്പിച്ച പണി അയാള്‍ കൃത്യമായി ചെയ്തു തീര്‍ത്തു. ചെട്ടിയാര്‍ ടാക്കീസ് പൂട്ടാന്‍ തീരുമാനിച്ചതറിഞ്ഞ് പതിനാറാം തീയതി പുലര്‍ച്ചെ ദാമോദരേട്ടന് തെൻറ ജീവിതത്തിലെ ഏക സമ്പാദ്യമായ വഷളനും പൂവമ്പഴവും ചെമ്മീനുമെടുത്ത് നേത്യാരമ്മയെ കാണാന്‍ പോയത് മറ്റാരും അറിഞ്ഞിരുന്നില്ല. നേത്യാരമ്മയുടെ വീട്ടുമുറ്റത്തു ചെന്ന്, സന്യാസിനി നിന് പുണ്യാശ്രമത്തില്‍ ഞാന്‍... എന്ന പാട്ടിെൻറ പല്ലവി പാടാന്‍ തുടങ്ങിയതു കേട്ടതും നേത്യാരമ്മ നെഞ്ചിടിപ്പോടെ പുറത്തു വന്നു. തന്നെത്തേടി വന്ന് മുറ്റത്തു നില്ക്കുന്ന ദാമോദരേട്ടനെ കണ്ടപ്പോള്‍ പഴനിയില്ലാത്ത നേരത്ത് കറുത്തമ്മയെ കാണാന്‍വന്ന ചെമ്മീനിലെ പരീക്കുട്ടിയെ അവര്‍ക്ക് ഓര്മ വന്നു. ടാക്കീസ് പൂട്ടുകയാണെന്നും ഇനി അനൗണ്സുമെൻറുമായി താനിതുവഴി വരില്ലെന്നും വഷളനും പൂവമ്പഴവും ചെമ്മീനും തെൻറ സമ്മാനമാണെന്നും പറഞ്ഞ് അവ നേത്യാരമ്മയെ വിറകൈകളോടെ നിറകണ്ണുകളോടെ ഏല്‍പ്പിച്ച് അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കാന്‍പോലും നില്‍ക്കാതെ അയാള്‍ തിരിച്ചുപോയി. പോകുംവഴി മൂക്കറ്റം ചാരായം കുടിച്ചു ടാക്കീസിെൻറ വാതുക്കല് വന്ന് കുഴഞ്ഞ് വീണു. സിനിമ കാണാന്‍ വന്നവരും അല്ലാത്തവരുമെല്ലാം ടാക്കീസിെൻറ പടിക്കലെ അയാളുടെ കിടപ്പു കണ്ട് ചുറ്റും കൂടിയെങ്കിലും ആരും അയാളെ ഉണര്‍ത്താന്‍ ശ്രമിച്ചില്ല.
അന്ന് സെക്കൻഡ് ഷോ കഴിഞ്ഞ് മാനേജരും ജോലിക്കാരും വീട്ടിലേക്ക് പോകുമ്പോഴും ദാമോദരേട്ടന് അബോധാവസ്ഥയില്‍ അവിടെത്തന്നെ കിടന്നിരുന്നു. പിറ്റേന്ന് മാറ്റിനിക്ക് പാട്ടു വെക്കാന്‍ മാനേജര്‍ വന്നപ്പോള്‍ ദാമോദരേട്ടനെ പടിയില്‍ കണ്ടില്ല. അവിടെ അയാള്‍ സ്ഥിരമായി വലിക്കാറുള്ള കുമാര്‍ ബീഡിയുടെ അഴിഞ്ഞു ചിതറിയ ഒരു കെട്ടും ഒരു ചതഞ്ഞ മാന്മാര്ക്ക് തീപ്പെട്ടിയും തലയും പുലിയും അച്ചുകുത്തിയ അമ്പത് പൈസയുടെ മൂന്ന് നാണയങ്ങളും കിടന്നിരുന്നത് പെറുക്കിയെടുത്ത് പരിസരത്തെവിടെയെങ്കിലും ദാമോദരേട്ടന് ഉണ്ടാവുമെന്നൂഹിച്ച് മാനേജര്‍ പ്രൊജക്ടര്‍ മുറിയിലെ അരച്ചുമരില്‍ സൂക്ഷിച്ചു. അതിനുശേഷം പതിവുപോലെ മാറ്റിനിക്കുള്ള പാട്ടു െവച്ചു. ദേവീ ശ്രീദേവീ...തേടിവരുന്നൂ ഞാന്‍... നിന് ദേവാലയവാതില്‍ തേടി വരുന്നൂ... ഞാന്‍... വിളിച്ചിട്ടും...വിളിച്ചിട്ടും വന്നില്ല... മാനേജര്‍ സ്ഥിരമായി െവക്കാറുള്ള ആദ്യപാട്ടിെൻറ അലയൊലികള്‍ ടാക്കീസിെൻറ പറമ്പിലുള്ള തെങ്ങുകളിലും മരച്ചില്ലകളിലും ഊയലാടി ഒരു വാനരനെപ്പോലെ വിദൂരതയിലേക്ക് പകര്‍ന്നു പോയി. അന്നത്തെ മാറ്റിനിക്കും ഫസ്റ്റ് ഷോക്കും ഒരു വിധം തിരക്കുണ്ടായിരുന്നു. തങ്ങളുടെ എത്രയോ ദിനരാത്രങ്ങളെ കുളിരും താരുമണിയിച്ച പല്ലവിയുടെ വെള്ളിത്തിര ഇനിയുമൊരിക്കല്‍ കാണാനാവാത്തതിനാല്‍ അവസാനമായി ഒന്നു കാണാന്‍ ആഗ്രഹിച്ചു വന്നവരായിരുന്നു അവരെല്ലാം. അല്ലാതെ തിരുമേനി പിക്ചേഴ്സിെൻറ ഫിലിം െറപ്രസേൻററ്റീവ് പറയുന്നത് പോലെ തങ്ങളുടെ പടം കാണാനുള്ള ആകാംക്ഷയായിരുന്നില്ല. അതേസമയം അന്നത്തെ സൗജന്യക്കളിക്ക് മാമാബസാറുകാര് ആരുംതന്നെ എത്തിയിരുന്നില്ല. അവസാനത്തെ കളി കാണാന്‍ ടിക്കറ്റെടുത്തത് മരുതയൂരില്നിന്ന് വന്ന മൂന്ന് മധ്യവയസ്കരായിരുന്നു. ആ മൂന്നു പേര്‍ക്കായി രണ്ടരമണിക്കൂര്‍ നീണ്ട പടം ഓടിത്തീര്‍ന്നപ്പോള്‍ ഓപറേറ്റര്‍ ലോകനാഥന് മുഖംപൊത്തി പൊട്ടിക്കരഞ്ഞു. ലോകനാഥെൻറ അച്ഛാച്ഛനായിരുന്നു അമ്പത് വര്‍ഷം മുമ്പ് ടാക്കീസ് തുടങ്ങുമ്പോള്‍ ഓപറേറ്റര്‍. അയാള്‍ ബോംബെയില്‍ പ്രൊജക്ടര്‍ ഓപറേറ്ററായി ജോലിചെയ്തുകൊണ്ടിരിക്കെ ചെറുപ്പംമുതല്‍ സിനിമാക്കമ്പം മൂത്ത അയല്‍ക്കാരനായ മത്തായി മാപ്ലയാണ് പല്ലവി ആരംഭിക്കുന്നത്. മത്തായിയുടെ വാക്കിലെ സ്നേഹവും കരുതലും കണ്ടാണ് ലോകനാഥെൻറ അച്ഛാച്ഛന് ബോംബെ വിട്ട് ഭാര്യയും രണ്ട് കുഞ്ഞുമക്കളുമായി നാട്ടിലെത്തി പല്ലവിയില്‍ ചാര്‍ജെടുക്കുന്നത്. അദ്ദേഹത്തിെൻറ മകന് ഭാസ്കരന് ഓപറേറ്ററാകാന് താല്പര്യമില്ലാത്തതുകൊണ്ട് സര്‍ക്കാറാപ്പീസില്‍ പ്യൂണായി. ഭാസ്കരെൻറ മകന് ലോകനാഥന് സിനിമ ജീവനായതുകൊണ്ട് അച്ഛാച്ഛെൻറ തൊഴിലിലേക്ക് തിരിഞ്ഞു. ലോകനാഥന് ഇരുപത്തിയൊന്ന് വയസ്സാകുമ്പോഴാണ് അച്ഛാച്ഛനില്നിന്ന് ചെറുമകന് തൊഴില്‍ ഏറ്റെടുക്കുന്നത്. പിന്നെ ഇത്രയും കാലം മുടക്കമില്ലാതെ അത് തുടര്‍ന്നു. മത്തായി മാപ്ല മരിച്ചപ്പോള്‍ മകള്‍ മേരിക്കുട്ടി കുറച്ചുകാലം നടത്തിയതിനുശേഷം ടാക്കീസ് ചെട്ടിത്തെരുവിലെ മയില്വാഹനന് ചെട്ടിയാര്‍ക്ക് വിറ്റു. അയാള്‍ ടാക്കീസ് കൊണ്ടുനടക്കാന്‍ തുടങ്ങിയിട്ട് പതിനെട്ട് കൊല്ലമായി. ഇപ്പോള്‍ തുടര്‍ന്നു നടത്താന്‍ മക്കള്‍ സമ്മതിക്കുന്നില്ല. അത് പൊളിച്ച് ഒരു ഷോപ്പിങ്മാള്‍ പണിയാം. നല്ല വരുമാനവും കിട്ടും, ടാക്കീസിനോളം ബുദ്ധിമുട്ടുമില്ല. വലിയ വായില്‍ നിലവിളിക്കുന്ന ലോകനാഥനെ മറ്റെല്ലാവരും ചേര്‍ന്ന് സാന്ത്വനിപ്പിക്കാന്‍ ശ്രമിച്ചു. അന്നവര്‍ ഒരുക്കിയ അവസാനത്തെ അത്താഴത്തില്‍ പങ്കുകൊള്ളേണ്ട ദാമോദരേട്ടനെ ഇനിയും കാണാത്തതിലുള്ള വേവലാതി കാരണം ഏറെ നേരം വേണ്ടി വന്നു അയാള്‍ക്ക് പഴയ മനോനില വീണ്ടെടുക്കാന്‍. അപ്പോഴാണ് അവരെല്ലാം ദാമോദരേട്ടെൻറ കിടപ്പിടം പരിശോധിക്കാന്‍ തീരുമാനിച്ചത്. അവിടെ അയാള്‍ കിടക്കാനുപയോഗിക്കുന്ന കട്ടികുറഞ്ഞ ഒരു പുല്ലുപായും എണ്ണമെഴുക്ക് അമൂര്‍ത്ത ചിത്രമെഴുതിയ ശിലാതളിമംപോലുള്ള തലയിണയും തമിഴില്‍ അച്ചടിച്ച ഒരു പെരുങ്കായ സഞ്ചിയില്‍ തിരുകിെവച്ചിരുന്ന രണ്ട് പഴയ മുണ്ടുകളും ഒരു വലുതല്ലാത്ത കാര്‍ഡ്ബോര്‍ഡ് പെട്ടിയില്‍ നൂറുകണക്കിന് സിനിമകളുടെ പാട്ടു പുസ്തകങ്ങളും പമ്മെൻറ വഷളനുമുണ്ടായിരുന്നു. അതിലപ്പുറമെന്തെങ്കിലും ജംഗമസ്വത്തുക്കള്‍ അയാള്‍ക്കുണ്ടായിരുന്നോ എന്ന് ആര്‍ക്കും അറിയില്ലായിരുന്നു.
അവസാന ദിവസമായ അന്ന് മാനേജരേക്കാൾ മുമ്പ് ടാക്കീസിലെത്തിയ ലോകനാഥനടക്കമുള്ളവര് ആ പരിസരത്തെങ്ങും ദാമോദരേട്ടെൻറ മണംപോലും ഉണ്ടായിരുന്നില്ലെന്ന് പറഞ്ഞെങ്കിലും അയാള്‍ ലോകത്തോടുമുഴുവന് പുച്ഛം പ്രസരിപ്പിക്കുന്ന ആ വല്ലാത്ത ചിരിയുമായി പൊടുന്നനെ പ്രത്യക്ഷമാകുമെന്ന പ്രതീക്ഷയുടെ അവസാന നിമിഷങ്ങളിലായിരുന്നു അവരെല്ലാം. ഒരു മരണവീട്ടിലെന്നതുപോലെ കടുത്ത നിശ്ശബ്ദത അവിടമാകെ തളംകെട്ടിക്കിടന്നിരുന്നെങ്കിലും അവസാനം അവരെല്ലാം കൂടാന്‍ തീരുമാനിച്ചു. വിദേശമദ്യവും പോത്തിറച്ചി വരട്ടിയതും പൊറോട്ടയും മീന്‍കറിയുമായിരുന്നു വിഭവങ്ങള്‍. കഴിച്ചുകൊണ്ടിരിക്കുമ്പോഴും ഷാജഹാനും ശിവരാമേട്ടനും ഗുരുവും ജോര്‍ജും മാനേജരും ദാമോദരേട്ടന് ചെയ്തത് ശരിയായില്ലെന്ന് പറഞ്ഞ് അയാളെ കുറ്റപ്പെടുത്തിക്കൊണ്ടിരുന്നു. ഇടവേളകളില്‍ 'കടല കപ്പലണ്ടി സോഡ പാട്ടുപുസ്തകം...' വില്‍ക്കുകയും സിനിമാപോസ്റ്ററുകള്‍ ചുമരില്‍ ഒട്ടിക്കുകയും ചെയ്യുന്ന ചിന്നന് മാത്രം അയാള്‍ വരാത്തതില്‍ വലിയ സന്തോഷം തോന്നിയെങ്കിലും അതയാള്‍ പുറത്തു കാണിച്ചില്ല. ഭക്ഷണം ബാക്കിവന്നത് ആവശ്യക്കാര്‍ക്ക് വീട്ടില്‍ കൊണ്ടുപോകാന്‍ മാനേജര്‍ അനുവാദം കൊടുത്തിരുന്നതുകൊണ്ട് എല്ലാവരും കുറേശ്ശ പൊതികെട്ടി കൂടെയെടുത്താണ് പിരിഞ്ഞത്. അവസാനം ഗെയിറ്റ് പൂട്ടുന്ന നേരത്ത് മാനേജര്‍ ഒരിക്കല്‍കൂടി ദാമോദരേട്ടനെ വെറുതെ ഓര്‍ത്തു.
മേരിക്കുട്ടി ടാക്കീസ് ചെട്ടിയാര്‍ക്ക് വില്‍ക്കുന്നതിന് തൊട്ടുമുമ്പാണ് ദാമോദരേട്ടന് ടാക്കീസില്‍ വന്നുചേരുന്നത്. മേരിക്കുട്ടിയുടെ ഭര്‍ത്താവ് സക്കറിയ കമ്പിളികണ്ടത്ത് നിന്ന് കണ്ണൂര്‍ കാക്കണ്ണംപാറയിലേക്ക് കുടിയേറിയ കര്‍ഷക കുടുബത്തില്നിന്നാണ്. അവരുടെ അയല്ക്കാരനായിരുന്നു നല്ല ചുറുചുറുക്കും ആരോഗ്യവും അഞ്ചരയടിക്കുമേല് പൊക്കവുമുള്ള പതിനെട്ടുകാരന് ദാമോദരന്‍. ഒരിക്കല്‍ മേരിക്കുട്ടി കാക്കണ്ണംപാറയില്‍ ഭര്‍തൃഗൃഹത്തില്‍ ചെന്നപ്പോള്‍ സക്കറിയയുടെ ചേട്ടന് പരിചയപ്പെടുത്തിയതാണ് അയാളെ. ടാക്കീസ് നോക്കാന്‍ കൊള്ളാവുന്ന ഒരുത്തനെ അന്വേഷിച്ച് നടക്കുകയായിരുന്ന മേരിക്കുട്ടിക്ക് ദാമോദരനെ ശരിക്കും ബോധിച്ചു. അങ്ങനെയാണ് അയാള്‍ പല്ലവിയുടെ അനൗണ്‍സറും ഉടമക്കും തൊഴിലാളികള്‍ക്കുമിടയിലെ പാലവുമായത്. സിനിമയോട് ചെറുപ്പം മുതല്‍ കമ്പമുണ്ടായിരുന്ന ദാമോദരന്‍ കണ്ടാല്‍ മധുവിനെപ്പോലെയാണെന്ന് സിനിമക്ക് വരുന്ന പെണ്ണുങ്ങളൊക്കെ പറയും. അയാള്‍ മധു സ്ൈറ്റല്‍ മീശയും മുറ്റുള്ള കോലന്‍ മുടി മേലോട്ട് ചീകുമ്പോള്‍ സ്വാഭാവികമായി നെറ്റിയിലേക്ക് ഉതിര്‍ന്ന് വീണുണ്ടാകുന്ന കുരുവിക്കൂടും കട്ടി കുറഞ്ഞ കൃതാവും െവച്ച് അലക്കിത്തേച്ച വസ്ത്രങ്ങളുമണിഞ്ഞ് നല്ല വൃത്തിയിലും വെടിപ്പിലുമേ നടക്കൂ. അയാളുടെ ഒരു ആരാധികയും അന്ന് ദോബിപ്പടിയില് അലക്കു കട നടത്തുകയും ചെയ്യുന്ന അന്നാമുവാണ് ദിവസവും അയാളുടെ മുണ്ടും കുപ്പായവും അലക്കി ഇസ്തിരിയിട്ട് കൊടുക്കുക. മധു അഭിനയിച്ച സിനിമകള്‍ എത്രകണ്ടാലും തൃപ്തനാകാത്ത അയാള്‍ മധു അഭിനയിച്ചു തകര്‍ത്ത ചെമ്മീന്‍ ഒരുപാട് തവണ കണ്ടിട്ടുണ്ട്. ചെമ്മീന്‍ പല്ലവിയില്‍ കളിച്ചപ്പോള്‍ പ്രൊജക്ട് റൂമിലിരുന്ന് സര്‍വ കളികളും ഒന്നൊഴിയാതെ കണ്ട് അയാള്‍ കണ്ണീര് വാര്‍ത്തു. അയാളെ മധുവെന്ന് തമാശക്ക് പലരും വിളിച്ചിരുന്നത് വലിയ അഭിമാനത്തോടെയാണ് അയാള്‍ കേട്ടുകൊണ്ടിരുന്നത്. പല്ലവിയുടെ തൊട്ടു തെക്കേപറമ്പില്‍ ഭൂപരിഷ്കരണ നിയമം വന്നപ്പോള്‍ കുടികിടപ്പുകാരനെന്ന നിലയില്‍ ആറു സെൻറ് ഭൂമി കിട്ടിയതില്‍ കുടിലുകെട്ടി താമസിച്ചിരുന്ന രാമെൻറ ഭാര്യ നാരായണി തന്നെക്കാള്‍ പ്രായമുണ്ടായിട്ടും രഹസ്യമായി അയാളെ മധു കമ്മള് എന്ന് വിളിച്ച് കളിയാക്കിയിട്ടും താന്‍ മധുവിനെപോലെയാണെന്ന് നേത്യാരമ്മ മാത്രം പറയുന്നത് കേള്‍ക്കാനുള്ള യോഗമില്ലാതെയാണ് ദാമോദരേട്ടന് അപ്രത്യക്ഷനായത്.
കാലം പിന്നെയുമുരുണ്ടു. വിഷുപ്പക്ഷിയുടെ വംശമറ്റെങ്കിലും പതിനേഴ് വിഷുവര്ഷങ്ങള് മാമാബസാറില്‍ വന്നു പോയി. പഴയ മാമാബസാര്‍ പുതിയ പരിവേഷങ്ങളോടെ പരിഷ്കൃതയായി മാറി. പാടങ്ങളെല്ലാം തരിശിട്ടതിനാല്‍ ഓണക്കൊയ്ത്ത് നാട്ടില്‍നിന്ന് പോയപ്പോഴും തമിഴെൻറ പൂവഴകുകളുമായി ഓണം വന്നു. സഭയും പട്ടക്കാരും കിണഞ്ഞ് ശ്രമിച്ചിട്ടും ക്രിസ്തുവിെൻറ കണ്ണീരിന് അടക്കമായില്ലെങ്കിലും ഈസ്റ്ററും തണുപ്പുവറ്റിയ ഡിസംബറില്‍ ക്രിസ്മസും ആണ്ടുതോറുമെത്തി. നോമ്പ് മുറിഞ്ഞിട്ടും സക്കാത്ത് വറ്റിയിട്ടും റംസാനും ബക്രീദും സംക്രാന്തിയും ഞാറ്റുവേലകളും വന്നു മുടക്കമേതുമില്ലാതെ. പഴയ പല്ലവിയും പൊന്നുംവില കൊടുത്ത് ചെട്ടിയാര്‍ വാങ്ങിയ ഇടത്തും വലത്തുമായി നിന്നിരുന്ന വീടുകളും ഇടിച്ചു നിരത്തി കൂറ്റന്‍ ഷോപ്പിങ് മാള്‍ വന്നു. ഓപറേറ്റര്‍ ലോകനാഥന് പല്ലവി വിട്ടതിനു ശേഷം പത്തിരുപത് കിലോമീറ്ററകലെയുള്ള ഒരു ടാക്കീസില്‍ ജോലിക്ക് ചേര്‍ന്നു. ഒന്നാം ക്ലാസില്‍ ടിക്കറ്റ് ചീന്തിയിരുന്ന ഷാജഹാന് കുന്നമ്പത്ത് സകുടുംബം ഭാര്യയുടെ നാടായ അങ്ങാടിപ്പുറത്തേക്ക് താമസം മാറ്റി. മറ്റു ജോലിക്കാരും പല വഴിതേടിപ്പോയി. അപ്പോഴാണ് മാമാബസാറുകാരുടെ ആത്മീയകാര്യങ്ങളെ സംശയത്തോടെ കാണുന്ന ഒരു ദിവ്യന് അങ്ങാടിയില്‍ പ്രത്യക്ഷപ്പെട്ടത്. എത്ര വയസ്സു പ്രായമുണ്ടെന്ന് കാഴ്ചയില്‍ തിരിച്ചറിയാന്‍ പറ്റാത്തവിധം ശരീരപ്രകൃതിയുള്ള അയാള്‍ മുട്ടിറങ്ങാത്ത ഒരു മുണ്ടല്ലാതെ മറ്റൊന്നും ധരിച്ചിരുന്നില്ല. സോള്‍ട്ട് ആൻഡ് പെപ്പര്‍ രീതിയിലുള്ള മുടി ജടപൂത്ത് പുകയില ചുറ്റ്പോലെ നാലുഭാഗത്തേക്കും തൂങ്ങിക്കിടന്നു. ഏതാണ്ട് നരച്ച താടി നെഞ്ചുവരെ നീണ്ടിറങ്ങിക്കിടന്നു. രണ്ട് കണ്‍പുരികങ്ങളും ഒന്നൊഴിയാതെ തൂവെള്ളയായിട്ടുണ്ട്. പുറത്ത് ചെറിയ ഒരു കെട്ടുമാറാപ്പില്‍ എന്താണുള്ളതെന്നു ആര്‍ക്കും മനസ്സിലായതുമില്ല. അയാള്‍ പ്രത്യക്ഷപ്പെട്ട ആദ്യദിവസം പല്ലവി സ്ഥിതിചെയ്തിരുന്ന സ്ഥലത്ത് പകരം നിലകൊള്ളുന്ന ഏഴുനിലയുള്ള വലിയ ഷോപ്പിങ് മാളിനു മുന്നില്‍ വന്ന് അന്തിച്ചു നിന്നു. ഷോപ്പിങ് മാളിെൻറ കൂറ്റന്‍ ഗെയിറ്റിനു മുന്നില്‍ പാറാവ് നില്ക്കുന്ന ആളെ കണ്ടപ്പോള്‍ അയാള്‍ക്കരികില്‍ചെന്ന് ആ ഷോപ്പിങ് മാളിെൻറ ഉടമസ്ഥനാരെന്ന് ചോദിച്ചു. മുമ്പ് അവിടെ ഉണ്ടായിരുന്ന ടാക്കീസിെൻറ ഉടമയായിരുന്ന മയില്‍വാഹനം ചെട്ടിയാരുടെ മക്കളുടേതാണെന്നും അതിെൻറ പണി തുടങ്ങി അധികം വൈകാതെ മയില്‍വാഹനം ചെട്ടിയാര്‍ ഹൃദയസ്തംഭനം വന്ന് അപ്രതീക്ഷിതമായി മരണത്തിന് കീഴടങ്ങിയെന്നും സെക്യൂരിറ്റിക്കാരന് വിശദീകരിച്ചു. ചെട്ടിയാര്‍ നല്ലവനായിരുന്നുവെന്ന് അയാള്‍ മരിച്ചവനെ സ്തുതിക്കാന്‍ തുടങ്ങുമ്പോഴേക്കും മാളിെൻറ ഗെയിറ്റില്‍ വന്ന് ഹോണ്‍ മുഴക്കിയ കാറിനെ സേവിക്കാന്‍ അയാള്‍ പുറംതിരിഞ്ഞ താപ്പില് ദിവ്യനും പിന്തിരിഞ്ഞു. ഷോപ്പിങ് മാളിനെതിര്വശത്തെ കാര്‍ ഷോറൂം ഗോപിനായരുടെ നിറംകെട്ട ഓര്മക്ക് പോലും ഇടം കൊടുക്കാതെ ആര്‍ഭാടപൂർവം തലയുയര്‍ത്തി നിന്നു. ദിവ്യന് അങ്ങാടിയില്‍ ചുറ്റിക്കറങ്ങാന്‍ തുടങ്ങിയിട്ട് അധികകാലമായിട്ടില്ലെങ്കിലും ആ നവാഗതെൻറ വരവ് അങ്ങാടിയില്‍ ചെറിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. നാൽപത് കൊല്ലം മുമ്പ് നടന്ന രാജമ്മാള്‍ കൊലക്കേസ് പുനരന്വേഷിക്കാന്‍ വന്ന രഹസ്യപ്പോലീസാണെന്ന് വരെ ചിലര്‍ പഴയ തള്ള് മട്ടില്‍ പറഞ്ഞു നടന്നു. ദിവ്യന് പക്ഷേ ഇതിനൊന്നും ചെവികൊടുത്ത മട്ടില്ല. പ്രകൃതിസ്നേഹിയായ അയാള്‍ ചക്കംകണ്ടം കായല്‍ ഭൂമാഫിയക്കാര്‍ കാര്‍ന്ന് കാര്‍ന്ന് തിന്ന് അതൊരു നീര്ച്ചാലായത് കണ്ട് പരിതപിച്ചു. അന്നാമുവിെൻറ അലക്കു കട നിന്നിടത്ത് ഉയര്‍ന്ന വലിയ കെട്ടിടത്തില്‍ നിറയെ കടകളും ചില സര്‍ക്കാരാപ്പീസുകളും വന്നു. അതിലൊന്നായ അളവുതൂക്ക ആപ്പീസില് പ്രമുഖ മലയാള സാഹിത്യകാരന് ഓഫീസറായി വന്നത് നാട്ടുകാരില്‍ കൗതുകമുണ്ടാക്കി. പലരും അയാളെ ആരാധനയോടെ കണ്‍പാര്‍ക്കുന്നത് ദിവ്യന് കൗതുകത്തോടെ കണ്ടു. നേത്യാരമ്മയുടെ വീടും പറമ്പും ഏനാമാക്കലുള്ള ഒരു പുത്തന്‍ പണക്കാരന് വാങ്ങി അവിടെ റിസോര്‍ട്ട് പണിതത് റിസോര്‍ട്ടിനു പുറത്തുനിന്ന് കണ്ട് വികസനം ഒരു അര്‍ബുദമാണെന്ന് അയാള്‍ക്ക് തോന്നി. കായലിന് ചുറ്റുമുള്ള കണ്ടല്‍ക്കാടുകള്‍ കായലില്ലാതായതോടെ വെട്ടിക്കളഞ്ഞ് തെങ്ങ് നട്ടു. നാടിെൻറ മുഖച്ഛായ പാടേ മാറി. പരിഷ്കാരം അങ്ങാടിയില്‍ മാത്രമല്ല അമ്മക്കുമായി. ഗോപിനായരും അന്നാമുവും നേത്യാരമ്മയും എങ്ങുപോയെന്ന് പോലും ആര്‍ക്കും ഓര്‍ക്കാന്‍ സമയമില്ലാത്തവിധം ആളുകളും മാറി. അങ്ങാടിയിലെ മുതുമുത്തച്ഛനായ ആലിെൻറ പൊട്ടിപ്പൊളിഞ്ഞ തറയില്‍ കിടന്നുറങ്ങുകയോ പള്ളിക്കുളത്തില്‍ പോയി കുളിക്കുകയോ ചെയ്യുന്നതല്ലാതെ മറ്റു ദിനകൃത്യങ്ങളൊന്നും ആരേയും കാണിക്കാന്‍ ഇഷ്ടപ്പെടാതെ ദിവ്യന് അങ്ങാടിയുടെ ഒരു ഭാഗമാകാന്‍ തുടങ്ങുമ്പോഴാണ് നിനച്ചിരിക്കാതെ അത് സംഭവിച്ചത്. ഒരു ദിവസം അയാള്‍ ആല്‍ത്തറയിലിരിക്കുമ്പോള്‍ ഷോപ്പിങ് മാളില്‍ അന്നു കണ്ട സെക്യൂരിറ്റിക്കാരന് സാധാരണ വേഷത്തില്‍ വന്ന് ദിവ്യനെ നോക്കി ഒന്ന് ചിരിച്ചതിന് ശേഷം അരികില്‍ വന്നിരുന്നു. ഒരു കുശലാന്വേഷണത്തിനെന്നവണ്ണം അയാള്‍ ദിവ്യനോട് ഏതാ നാടെന്ന് ചോദിച്ചു.
''നമുക്ക് നാടില്ല. ജാതിയില്ല. മതമില്ല. നാമമില്ല. മുകളില്‍ ആകാശം താഴെ ഭൂമി.''
ദിവ്യെൻറ മറുപടി അയാള്‍ക്ക് നന്നെ പിടിച്ചു.
''ആളൊരു രസികനാണല്ലൊ...''
അയാള്‍ സ്വയം ആസ്വദിച്ച് ചിരിച്ചുകൊണ്ട് പറഞ്ഞപ്പോള്‍ ദിവ്യെൻറ മുഖത്ത് ഒരു ചെറുചിരി വിടര്‍ന്നെങ്കിലും പൊടുന്നനെ പൊഴിഞ്ഞു.
''ഈ ഉലകത്തിെൻറ മുഴുവന്‍ നാഥനല്ലെ താങ്കള്‍...''
ദിവ്യന് പറഞ്ഞതിെൻറ പൊരുള്‍ ശരിക്കും പിടികിട്ടാതെ അയാള്‍ ഒന്നു വലഞ്ഞു.
''മനസ്സിലായില്ല്യാ...''
''ഉലകനാഥന്ന്നല്ലേ പേര്...''
ദിവ്യന് ചോദിച്ചു.
''ലോകനാഥന്''
അയാള്‍ തിരുത്തി.
''സാരല്ല്യ...ഒരു പ്രത്യയത്തിെൻറ വെത്യാസല്ലള്ളൂ...''
ദിവ്യെൻറ ആ തിരുത്ത് ലോകനാഥന് അത്രക്ക് ദഹിച്ചില്ല.
''എക്കാലത്തും മാലോകരുടെ മനം കുളുര്പ്പിക്കണ കളീടെ ഓപ്പറേറ്ററാര്ന്നൂലേ...''
ദിവ്യെൻറ അടുത്ത ചോദ്യം ലോകനാഥനില്‍ ഒരു ഉള്‍ക്കിടിലം ചൂടിച്ചു. ദിവ്യന് അത്ര മോശക്കാരനല്ലല്ലോ എന്നയാള്‍ക്ക് തോന്നി.
''മൂത്തമകന് താസില്ദാരാണ്ല്ലെ...ങും... അയാള്‍ അസിസ്റ്റൻറ് കലക്ടറാവും...''
അതുകൂടി ദിവ്യന് മൊഴിഞ്ഞപ്പോള്‍ ലോകനാഥന് പെട്ടെന്ന് ഇരുന്നിടത്തുനിന്ന് എഴുന്നേറ്റ് മുണ്ടിെൻറ മടക്കിക്കുത്ത് അഴിച്ചിട്ട് ഭക്ത്യാദരപുരസ്സരം ദിവ്യെൻറ കാല് തൊട്ട് നമസ്കരിച്ചു.
''ൻറ മനസ്സിലെന്തങ്ങിലും പൊട്ടബുദ്ധി തോന്നീട്ട്ണ്ടങ്ങെ പൊറുക്കണം...''
''എന്തെ...''
ദിവ്യന് നിഷ്കളങ്കമായി ആരാഞ്ഞു.
''വല്ല വ്യാജനാവോന്ന് സന്ദേഹിച്ചു...''
ലോകനാഥന് ദുഃഖപുരസ്സരം അറിയിച്ചു.
ലോകനാഥെൻറ പ്രായശ്ചിത്തം കണ്ടിട്ടും ദിവ്യനില്‍ വലിയ മാറ്റമൊന്നും ഉണ്ടായില്ല. അയാള്‍ തെൻറ രണ്ട് കൈത്തലവും ചേര്‍ത്ത് ലോകനാഥെൻറ നെറുകയില്‍ പതിപ്പിച്ച് ഓം ശാന്തി എന്ന് പറഞ്ഞ് ഒരു നിമിഷം കണ്ണടച്ചു. ലോകനാഥന് തനിക്കുണ്ടായ ദിവ്യാനുഭവം മാമാബസാറിലെ ഈച്ചയോടും പൂച്ചയോടും പക്ഷിപറജാതികളോടും വരെ കൊട്ടിഗ്ഘോഷിച്ചതോടെ മാമാബസാറില്‍ മാത്രമല്ല പുറത്തും ദിവ്യെൻറ പ്രസിദ്ധി വിളികൊണ്ടു. നാളതുവരെ നാട്ടിലെങ്ങും കാണാത്ത ഒരു ഭീമന് പരുന്ത് ആയിടക്ക് ആല്മരത്തില് വന്നുകൂടിയത് ദിവ്യെൻറ ആഗമനം ശുഭകരമെന്ന് തെളിയിക്കാന്കൂടിയാണെന്ന് ജനം കരുതി. ഇപ്പോള്‍ പകല്‍ മുഴുവന്‍ പരുന്ത് ആലിനുമുകളില് ആകാശത്ത് വട്ടമിട്ടു പറക്കുകയും രാത്രികാലങ്ങളില്‍ ദിവ്യനു തുണയായി ആല്മരത്തില് വസിക്കുകയും ചെയ്തത് നാട്ടുകാരില്‍ അത്ഭുതമായി. അടുത്തദിവസം ഒരു കാറില്‍ കാറോടിച്ചിരുന്ന പരിഷ്കാരിയായ യുവാവും പ്രായമായ അയാളുടെ അച്ഛനുമമ്മയും ആല്‍ത്തറയില്‍ വന്നിറങ്ങി. ദിവ്യന് അവരെ സാകൂതം ശ്രദ്ധിക്കെ അവര്‍ മൂന്നുപേരും കാറില്‍നിന്നിറങ്ങി ദിവ്യനരികിലെത്തി. അവര്‍ അടുത്തുവന്ന് ഭവ്യതയോടെ തൊഴുതുനിന്നപ്പോള്‍ ദിവ്യന് കണ്ണടച്ച് ഒരു നിമിഷം ധ്യാനത്തിലെന്നവണ്ണം ഇരുന്നു. ''എന്താ രാമാ... നിെൻറ ദുഃഖത്തിന് പരിഹാരമായില്ലെ...'' ഇത്രയും ദിവ്യന് ചോദിച്ചതും രാമന് പൊട്ടിക്കരഞ്ഞു. സ്വന്തം പേര് വിളിച്ച് ദിവ്യന് തന്നെ സംബോധന ചെയ്തത് അയാള്‍ക്ക് മാത്രമല്ല ഭാര്യക്കും മകനും ഒപ്പം നാട്ടുകാര്‍ക്കും ആശ്ചര്യം ജനിപ്പിച്ചു. ''നാരായിണി... ഒന്നും ഭയപ്പെടേണ്ട...ദൈവണ്ട് കൂടെ...'' രാമെൻറ ഭാര്യയുടെ പേരുകൂടി ദിവ്യന് ഉരിയാടിയപ്പോള്‍ കൂടിനിന്നവര്‍ക്കെല്ലാം രോമാഞ്ചമുണ്ടായി. ദിവ്യെൻറ കാല്ക്കല് സകുടുംബം കമിഴ്ന്ന് വീണ് നമസ്കരിച്ച് ഒരു കുല പഴവും ഒരു കിഴി പണവും കാല്ക്കല് ദക്ഷിണയായി സമര്‍പ്പിച്ചാണ് രാമനും കുടുംബവും മടങ്ങിയത്. പണക്കിഴി ഭാവി പരിപാടികള്‍ക്കായി മാറ്റിെവച്ച് പഴം അപ്പോള്‍തന്നെ കൂടിനിന്നവര്‍ക്ക് പ്രസാദമായി ദിവ്യന് വിതരണംചെയ്തു. ഇത്തരം പൊടിപ്പും തൊങ്ങലും െവച്ച കഥകള്‍ കേട്ടത് പാതി കേൾക്കാത്തത് പാതി ദിവ്യദര്ശനത്തിന് ആളുകൂടി. തനിക്കു ചുറ്റും ആളുകള്‍ കൂടിയപ്പോള്‍ ദിവ്യന് അവരില്‍ പലരേയും പേരെടുത്ത് വിളിച്ച് കുശലം തിരക്കി. ചിലരുടെ ഭൂതകാലം കണിശമായി മറ്റുള്ളവര്‍ കേള്‍ക്കെത്തന്നെ വിളിച്ചു പറഞ്ഞു. അതോടെ ജനത്തിന് തങ്ങളുടെ ഭൂതം ഭാവി വര്‍ത്തമാനങ്ങള്‍ അറിയാന്‍ അത്യാഗ്രഹമായെങ്കിലും എല്ലാവരേയും ദിവ്യന് കടാക്ഷിച്ചില്ല. എന്തുകൊണ്ടാണ് ദിവ്യപ്രീതി തേടിവരുന്നവരില്‍ ചിലരെ മാത്രം ദിവ്യന് പേരുവിളിച്ചും ഭൂതകാല കഥകള്‍ പറഞ്ഞും അനുഗ്രഹിക്കുന്നതെന്ന് അവഗണിക്കപ്പെട്ട ചിലര്‍ക്ക് നിരാശയുണ്ടായപ്പോള്‍ അവര്‍ ദിവ്യന് നേര്‍ച്ചകള്‍ സമര്‍പ്പിച്ച് പ്രസാദിപ്പിക്കാന്‍ ശ്രമിച്ചു. വളരെ ദിവസങ്ങള്‍ കഴിയുന്നതിന് മുമ്പുതന്നെ ദിവ്യന് വരുന്നവരെയൊക്കെ പേര് വിളിച്ച് അനുഗ്രഹിക്കാന്‍ തുടങ്ങിയതോടെ ദിവ്യെൻറ കേളി നാടെങ്ങും പ്രസരിച്ചു. ദിവ്യെൻറ വരവ് മുന്‍കൂട്ടി മനസ്സിലാക്കിയാണ് നാട് പഴയ കുഗ്രാമത്തില്‍നിന്ന് നാഗരികത തിരിനീട്ടുന്ന പല പരിഷ്കാരങ്ങളും നേടിയതെന്നും ഇനിയും നാട് മേല്ക്കുമേല് പുരോഗമിക്കുമെന്നും ചില ജ്യോത്സ്യന്മാര് പറഞ്ഞു പരത്താന്‍ തുടങ്ങിയതോടെ നാട്ടുകാര്‍ സമ്മേളനം ചേര്‍ന്ന് ദിവ്യന് ഒരു ആസ്ഥാനമുണ്ടാക്കാന് തീരുമാനിച്ചു. വൃദ്ധനായ ആലിെൻറ പൊളിഞ്ഞ തറയില്‍ വെയിലും മഴയും മഞ്ഞും കാറ്റുമേറ്റ് നരകിക്കേണ്ട ആളല്ല ദിവ്യനെന്ന് അവര്‍ക്കെല്ലാം ബോധ്യപ്പെട്ടു. ആസ്ഥാനം എങ്ങനെയായിരിക്കണമെന്ന് തീരുമാനിക്കാന്‍ സമ്മേളനം ഒരു ഭരണസമിതിയെ തെരഞ്ഞെടുത്ത് പ്രവര്‍ത്തനമാരംഭിച്ചു. ദിവ്യന് ഒരു ആശ്രമം മതിയോ അതോ അമ്പലംതന്നെ വേണോയെന്ന കാര്യത്തില്‍ അല്ലറ ചില്ലറ തര്‍ക്കങ്ങള്‍ സംഘടനക്കകത്ത് നടന്നെങ്കിലും അവസാനം അമ്പലം തന്നെ പണിയാന്‍ തീരുമാനമായി. അമ്പലം പണിക്ക് സംഭാവന നല്‍കുന്നത് ഒരു പുണ്യകര്‍മമായി കരുതാന്‍ വിശ്വാസികളായ സുമനസ്സുകളോട് ആഹ്വാനം ചെയ്യുന്ന ബോര്‍ഡുകള്‍ നാട്ടിലെങ്ങും സ്ഥാപിച്ചപ്പോള്‍ സംഭാവനകള്‍ ലക്കും ലഗാനുമില്ലാതെ വരാന്‍ തുടങ്ങി. അമ്പലത്തില്‍ എന്ത് പ്രതിഷ്ഠ നടത്തണമെന്നതിനെ സംബന്ധിച്ചായിരുന്നു അടുത്ത തര്‍ക്കം. അവസാനം ദിവ്യെൻറ മരണം വരെ ദിവ്യനെത്തന്നെ അമ്പലത്തിലെ പ്രതിഷ്ഠയാക്കണമെന്നും ദിവ്യെൻറ ദേഹവിയോഗത്തിന് ശേഷം ഭൗതികാവശിഷ്ടം പുനഃപ്രതിഷ്ഠിക്കാമെന്നും തീരുമാനമായി. തനിക്ക് ജനം നിര്‍ലോഭം തന്നുകൊണ്ടിരുന്ന സ്നേഹാരാധനകളില് സംപ്രീതനായി നാളുകള്‍ കഴിച്ചിരുന്ന ദിവ്യന്, അമ്പലത്തില്‍ തന്നെ ജീവനോടെ പ്രതിഷ്ഠിക്കാനുള്ള അമ്പലക്കമ്മിറ്റിയുടെ തീരുമാനമറിഞ്ഞ് അടിമുടി വിറച്ചു. അയാള്‍ക്ക് നിയന്ത്രിക്കാനാവാത്തവിധം മലവിസർജനത്തിന് തിക്കുമുട്ടി. ആല്ത്തറയില്നിന്നുമെഴുന്നേറ്റ ദിവ്യന് അടുത്തുള്ള പൊന്തക്കാട്ടിലേക്കോടി. ദിവ്യന് എന്തിനാണ് പൊന്തക്കാട്ടിലേക്കോടിയതെന്നറിയാന് കമ്മിറ്റിക്കാര് ഒരു അഷ്ടമംഗലപ്രശ്നം െവച്ചു. തനിക്ക് ക്ഷേത്രം പണിയുന്നതില്‍ ദിവ്യന് സംപ്രീതനായതിെൻറ സൂചനയാണതെന്ന് പ്രശ്നവശാല്‍ തെളിഞ്ഞതായി ജ്യോതിഷികള്‍ തീര്‍പ്പുകല്‍പ്പിച്ചപ്പോള്‍ താന്‍ അകപ്പെട്ടത് വലിയ ഊരാകുടുക്കിലാണെന്ന് മനസ്സിലാക്കിയ ദിവ്യന് അതില്നിന്നുമൂരാന് പല വഴികള്‍ ആലോചിച്ചു. ജീവനുള്ള പ്രതിഷ്ഠ ആചാരവിരുദ്ധമാണെന്നും ആയതുകൊണ്ട് ആ തീരുമാനത്തില്‍നിന്ന് സമിതിക്കാര്‍ പിന്തിരിയണമെന്നും ദിവ്യന് ചില അനുചരന്മാര് മുഖേന സംഘടനാ പ്രസിഡൻറിനെ അറിയിച്ചതോടെ വീണ്ടും പ്രതിസന്ധി ഉടലെടുത്തു. പ്രതിസന്ധി മറികടക്കാന്‍ സമിതിക്കാരെല്ലാംകൂടി ആചാരാനുഷ്ഠാനാചാര്യന് കോഴിപ്പുറത്ത് ബ്രഹ്മദത്തന് അക്കിത്തിരിപ്പാടിനെ സമീപിച്ച് സംശയനിവൃത്തി നടത്തി. ജീവനോടെ പ്രതിഷ്ഠിക്കുന്നത് ആചാരവിരുദ്ധമല്ലെന്നും ഇതിനു മുമ്പും മനു അത്തരത്തില്‍ ചില പ്രതിഷ്ഠകള്‍ നടത്തി െവച്ചാരാധനകള് ചെയ്തിട്ടുണ്ടെന്നും അവയുടെ വിശദാംശങ്ങള്‍ മനുസ്മൃതിയിലുണ്ടെന്നും അതുപക്ഷേ പ്രാകൃത ഭാഷയിലായതുകൊണ്ട് ദിവ്യന് വായിച്ചു മനസ്സിലാക്കാന്‍ പറ്റില്ലെന്നും കോഴിപ്പുറത്ത് വിധിച്ചതോടെ ദിവ്യസൂത്രം പാളി. ഇനിയെന്ത് പറഞ്ഞ് ഈ വയ്യാവേലിയില്നിന്ന് ഊരാമെന്നായി ദിവ്യെൻറ അടുത്ത ആലോചന. തനിക്ക് ഷുഗര്‍ പ്രഷര്‍ കൊളസ്ട്രോള്‍ ആര്‍ത്രൈറ്റിസ് തുടങ്ങിയ മാരക രോഗശല്യങ്ങള് ഉള്ളതിനാല്‍ പ്രതിഷ്ഠയാവാന് ശരീരം സമ്മതിക്കില്ലെന്ന് ദിവ്യന് പറഞ്ഞതിന് മൈക്കാട്ടില് മൂസയെന്ന വൈദ്യരുടെ ഉപദേശം സമിതി ആരാഞ്ഞു. പ്രതിഷ്ഠയാകുന്നതിന് മൂന്നുമാസം മുമ്പ് മുതല്‍ പാത്തിചികിത്സ ഉള്‍പ്പെടെയുള്ള ചികിത്സകള്‍ വിധിച്ച് മൂസ വൈദ്യര് അതിന് പരിഹാരം കണ്ടെത്തി. ദിവ്യസൂത്രം പിന്നെയും പൊളിഞ്ഞതോടെ ദിവ്യന് ആശങ്കാകുലനായി. ഇനിയെന്ത് എന്ന മാര്ഗമന്വേഷിച്ചായി ദിവ്യെൻറ മനോവ്യാപാരങ്ങള്‍. അതിനിടയില്‍ അമ്പലം പണിതുടങ്ങുകയും യുദ്ധകാലാടിസ്ഥാനത്തില്‍ തീര്‍ക്കാന്‍ രാപ്പകലില്ലാതെ പണികള്‍ തുടരുകയും ചെയ്യുന്നത് ദിവ്യെൻറ ഉള്ളില്‍ തീ കോരിയിട്ടു. തനിക്ക് മൂലക്കുരുവിെൻറ കഠിനമായ ശല്യമുണ്ടെന്ന് ദിവ്യന് അറ്റകൈക്ക് പറഞ്ഞപ്പോള്‍ ഏറ്റവും പെട്ടെന്ന് മൂലക്കുരു കരിച്ചുകളയുന്ന പാരമ്പര്യ ചികിത്സക്കാരനെ സമിതിക്കാര്‍ അഭയം പ്രാപിച്ചു. ദിവ്യെൻറ മൂലം വേരോടെ അഗ്നിക്കിരയാക്കി എെന്നന്നേക്കുമായി ശൂലം തീര്‍ത്തു തരാമെന്ന പാരമ്പര്യക്കാരെൻറ തീര്‍പ്പ് കേട്ട് ദിവ്യന് ശരിക്കും ഞെട്ടി. ദിവ്യെൻറ മൂലം അഗ്നിയില്‍ തര്പ്പണംചെയ്ത് പൂരാടമാക്കാനുള്ള നാളു കുറിക്കാന്‍ സമിതിക്കാര്‍ പാഴൂര്‍ പടിക്കലേക്ക് പോയ അന്ന് രാത്രി മാമാബസാറില്നിന്ന് ദിവ്യന് അപ്രത്യക്ഷനായി. ഇതിനിടെ ദിവ്യെൻറ അനുചരനായി മാറി ബ്രാഹ്മമുഹൂര്‍ത്തത്തില്‍ പതിവായി ദിവ്യസേവക്കെത്താറുള്ള ലോകനാഥന് പിറ്റേന്ന് ആല്‍ത്തറയിലെത്തിയപ്പോള്‍ അവിടെ ദിവ്യനില്ലായിരുന്നു. ഒരു മുഷിഞ്ഞ സഞ്ചിമാത്രമാണ് അയാള്‍ക്കവിടെ കാണാനായത്. ദിവ്യന് പ്രഭാതകര്‍മങ്ങള്‍ക്ക് പോയതാവുമെന്ന വിചാരത്തില്‍ ലോകനാഥന് കുറച്ചു നേരം കാത്തെങ്കിലും അയാള്‍ തിരിച്ചെത്തിയില്ല. അന്നേരം യാദൃച്ഛികമായി ലോകനാഥന് ആലിന് കൊമ്പത്ത് അന്തിയുറങ്ങാറുള്ള പരുന്തിനെ ഓര്‍ത്തു. ആകാംക്ഷയോടെ ലോകനാഥന് ആല്‍മരത്തിലേക്ക് നോക്കി. പതിവായി കാണാറുള്ള കൊമ്പിലോ അതിെൻറ പരിസരത്തോ പരുന്തിെൻറ ഒരു പൂടപോലും കാണാനില്ലായിരുന്നു. ലോകനാഥന് ദിവ്യന് ഉപേക്ഷിച്ച കീറസഞ്ചി വലിയ ജിജ്ഞാസയോടെ തുറന്നു നോക്കി. അതില്‍ കുമാര്‍ ബീഡിയുടെ ഒഴിഞ്ഞ ഒരു കൂടും ഒരു മാന്മാര്ക്ക് തീപ്പെട്ടിയും തലയും പുലിയും അച്ചടിച്ച മൂന്ന് അമ്പത് പൈസ നാണയങ്ങളും പമ്മെൻറ വഷളന്‍, വല്ലച്ചിറയുടെ പൂവമ്പഴം, തകഴിയുടെ ചെമ്മീന്‍ എന്നീ നോവലുകളുടെ ഓരോ പ്രതിയുമല്ലാതെ മറ്റൊന്നും ഇല്ലായിരുന്നു. പെട്ടെന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് പല്ലവി ടാക്കീസിലെ അവസാന കളിനടന്ന രാത്രി അയാള്‍ക്ക് ഓര്മ വന്നു. ഇതുപോലൊരു സഞ്ചിയില്‍ അന്നും അനാഥമായി കിടന്ന കുമാര്‍ ബീഡിയുടെ കൂടും മാന്‍ മാര്‍ക്ക് തീപ്പെട്ടിയും പമ്മെൻറ വഷളനും അയാള്‍ ഓര്‍ത്തെടുത്തു. വര്‍ഷമിത്ര കഴിഞ്ഞിട്ട് താന്‍ വലിക്കുന്ന ബീഡിയോ ഉപയോഗിക്കുന്ന തീപ്പെട്ടി പോലുമോ മാറാത്ത ഒരാളെപ്പറ്റി അയാള്‍ വല്ലാതെ ആശങ്കപ്പെട്ടു. അതിനിടയിലും ആല്‍ത്തറയിലെ മങ്ങിയ വെട്ടത്തില്‍ ചെമ്മീന്‍ കണ്ടപ്പോള്‍ ലോകനാഥന് വര്‍ഷങ്ങള്‍ക്ക് മുമ്പ് പൂട്ടിപ്പോയ പല്ലവി ടാക്കീസും അതില്‍ പണിയെടുത്തിരുന്ന ആളുകളേയും ഒന്നരമാസം മാറാതെ ഓടി ടാക്കീസിെൻറ ചരിത്രം തിരുത്തിയ ചെമ്മീന്‍ എന്ന സിനിമയും ഓര്മ വന്നു. തകഴിയുടെ നിഷ്കളങ്കമായ ചിരി പരത്തുന്ന മുഖം കവര്‍ ചിത്രമായി അച്ചടിച്ചിട്ടുള്ള ചെമ്മീന്‍ കൈയിലെടുത്ത് ഏഴുവരിയും ഏഴക്ഷരവും തള്ളി ലോകനാഥന് വായിക്കാന്‍ തുടങ്ങിയപ്പോള്‍ ചെമ്മീനിലെ പരീക്കുട്ടി ചുണ്ടില്‍ മാനസമൈനയുമായി അയാളെ തൊട്ട് നിന്നു.