ആർട്ടിമീഷ്യ ജെൻറിലേസ്കി -കഥ
എവേറോ...എവേറോ...എവേറോ...
ഞാൻ കട്ടിലിൽനിന്നുരുണ്ട് താഴേക്കു വീണു. ബോധമണ്ഡലത്തിെൻറയും അബോധമണ്ഡലത്തിെൻറയും നേരിയ നൂലിഴയിൽകിടന്നു ചാഞ്ചാടിക്കൊണ്ടിരുന്ന മനസ്സിന് ബോധമണ്ഡലത്തിെൻറ യാഥാർഥ്യത്തിലേക്ക് ഊളിയിട്ടിറങ്ങാൻ കുറച്ചു സമയമെടുത്തു. നെഞ്ച് അതിശക്തമായി മിടിക്കുന്നു. നെറ്റിയിൽ വിയർപ്പ് പൊടിഞ്ഞിട്ടുണ്ട്. എ.സിയുടെ തണുപ്പിലും ഞാൻ വിയർത്തുകുളിച്ചു. കൈയെത്തിച്ച് മൊബൈലെടുത്ത് സമയം നോക്കി. മൂന്നു മണിയേയായിട്ടുള്ളൂ. മൊബൈൽ വെളിച്ചത്തിൽ ജനൽപടിയിൽ വെച്ചിരുന്ന വെള്ളത്തിെൻറ ജെഗെടുത്തു വായിലേക്ക് കമിഴ്ത്തി. ബെഡിലേക്കു തന്നെ തിരിച്ചു കയറിക്കിടന്നു. ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന് അവസാനം എണീറ്റ് ഹാളിലേക്ക് നടന്നു. പുറത്തുനിന്നുള്ള ശബ്ദങ്ങൾ കേൾക്കാതിരിക്കാനായി ഫാൻ ഫുൾ സ്പീഡിൽ ഇട്ടു. ഹാളിൽ അവിടവിടായി സെറ്റ് ചെയ്തിരിക്കുന്ന ട്രൈപോഡ് ഈസലുകളിൽ പൂർത്തിയായതും പൂർത്തിയാവാത്തതുമായ പെയിൻറിങ്ങുകൾ നിരന്നിരിക്കുന്നു. ഫൈനൽ ടച്ച് കഴിഞ്ഞത് പാക്ക് ചെയ്ത് മാറ്റിവെച്ചത് ഒരട്ടിയായി ഒരു ഭാഗത്ത് ചുവരിൽ ചാരിവെച്ചിട്ടുണ്ട്. എല്ലായിടത്തും ബ്രഷുകളും പെയിൻറ് ട്യൂബുകളും ടിന്നുകളും നിരന്നുകിടക്കുന്നു. എല്ലാമൊന്ന് അടുക്കി പെറുക്കിവെക്കണമെന്ന് എത്ര വിചാരിച്ചാലും നടക്കില്ല. പെയിൻറ് മിക്സിങ് പാലറ്റും ഗ്ലാസ് പ്ലെയിറ്റുകളും തുടങ്ങി ടൈനിങ് ടേബിളിെൻറ ഗ്ലാസിൽ വരെ മുഴുവൻ പെയിൻറ് മിക്സ് ചെയ്തിട്ടിരിക്കുകയാണ്. തൊലിനിറത്തിെൻറ വ്യത്യസ്ത ഷേഡുകൾ പച്ചതൊലി ഒട്ടിച്ചുവെച്ചപോലെ ഗ്ലാസിൽ മുഴുവൻ ചിതറിക്കിടക്കുന്നതു കണ്ട് പെട്ടെന്നൊരു ഓക്കാനം വന്ന് തൊണ്ടയിൽ കുരുങ്ങി. ടേബിളിെൻറ തൊട്ടടുത്തായി വെച്ചിരിക്കുന്ന ട്രൈപോഡിലെ കാൻവാസിൽ ആർട്ടിമീഷ്യ തൊലിയുരിഞ്ഞ കോഴിയെപ്പോലെ തലകീഴായി തൂങ്ങിക്കിടക്കുന്നു.
'സ്ത്രീ' എന്ന ടൈറ്റിലിൽ ഒരു പെയിൻറിങ് എക്സിബിഷൻ നടത്താനായി ഏറെ ശ്രമപ്പെട്ടാണ് ചിത്രകലാ അക്കാദമിയുടെ ഹാൾ രണ്ടാഴ്ചക്കായി വിട്ടുകിട്ടിയത്. അഞ്ചാറു മാസമായി അതിനായുള്ള ഒരുക്കത്തിലാണ്. ഇനി രണ്ടാഴ്ചകൂടിയേ ബാക്കിയുള്ളൂ. സീരീസിലെ അവസാനത്തെ പെയിൻറിങ്ങാണ് 'ആർട്ടിമീഷ്യ'. ലോകത്തിലെ ആദ്യത്തെ അംഗീകരിക്കപ്പെട്ട സ്ത്രീ പെയിൻറർ. കാരവാഗിയോ1 സങ്കേതത്തിൽ നിഴലും വെളിച്ചവും ഉപയോഗിച്ച് റിയലിസ്റ്റിക് പെയിൻറിങ്ങുകൾ ചെയ്ത അസാമാന്യ ഇറ്റാലിയൻ ബറോക്2 പെയിൻറർ. ഫ്ലോറൻസിലെ ആർട്ട് അക്കാദമിയിൽ അംഗത്വം ലഭിച്ച ആദ്യ സ്ത്രീ. ഫെമിനിസ്റ്റ് എന്ന ശവപ്പെട്ടിയിൽ അടക്കംചെയ്യപ്പെട്ടപ്പോഴും പ്രതിഭകൊണ്ടും ധൈര്യംകൊണ്ടും പുരുഷലോകത്തെ വിറപ്പിച്ചവൾ. ഇരുപത്തൊന്നാം നൂറ്റാണ്ടിലും എനിക്കില്ലാതെ പോയ ധൈര്യം നാലു നൂറ്റാണ്ടു മുേമ്പ കാണിച്ചവൾ. ഒരുപക്ഷേ ചരിത്രത്തിലാദ്യമായി റേപ്പ് കേസ് കോടതിയിലെത്തിക്കാൻ ധൈര്യം കാണിച്ചവൾ. ''അവരെയായിരുന്നോ സ്വപ്നം കണ്ടത്.'' ഞാൻ ഓർത്തെടുക്കാൻ ശ്രമിച്ചു. ഏതോ ഒരു ഭാഷയിൽ എന്തോ പറഞ്ഞുകൊണ്ട് കിടക്കയിൽനിന്നു മറിഞ്ഞുവീണതു മാത്രം ഓർമയുണ്ട്.
റിമോവർകൊണ്ടു ഗ്ലാസിെൻറ ഒരു ഭാഗം ക്ലീൻ ചെയ്ത് വീണ്ടും മിക്സിങ് തുടങ്ങി. കാഡ്മിയം യെല്ലോയുടെ ട്യൂബ് കാറ്റൊഴിഞ്ഞ ബലൂൺപോലെ ചുക്കിച്ചുളിഞ്ഞു കിടക്കുന്നു. ട്യൂബിലെ അവസാനത്തെ തുള്ളി പെയിൻറും ഞെക്കി ഞാൻ ഗ്ലാസിലേക്കിട്ടു. ക്രിംസൺ റെഡും ടൈറ്റാനിയം വൈറ്റും കൂടി ഒരേ അനുപാതത്തിലെടുത്ത് കൈയിൽ വെച്ചു നോക്കി. ശരിയാവുന്നില്ല. ഉദിച്ചുയരുന്ന സൂര്യെൻറ പ്രഭാവത്തോടുകൂടിയുള്ള ഒലിവ് അൻഡർടോണോടു കൂടിയ മെഡിറ്ററേനിയൻ സ്കിൻ ടോൺ കാൻവാസിലേക്ക് പകർത്തണം. കുറച്ച് ബേൺഡ്സിയന്നയും വൈറ്റുംകൂടി കൂട്ടി മിക്സ്ചെയ്തു. ബ്രഷുമായി കാൻവാസിനരികിലേക്കു നടന്നു. ഒഴുകിയിറങ്ങുന്ന പണ്ടത്തെ റോമൻ ആഡംബര വസ്ത്രധാരണരീതി. വലിയ വെള്ള ഗൗണിനു മുകളിൽ മുകൾഭാഗം പച്ചയും താഴ്ഭാഗം മെറൂണുമായി ഒരു മുഴുനീള ഓവർ കോട്ടും ഞാൻ വരച്ചുചേർത്തിരുന്നു. മുട്ടുവരെ കയറ്റിവെച്ചിരിക്കുന്ന ബലൂണാകൃതിയിലുള്ള വലിയ കുപ്പായക്കൈകളിൽനിന്ന് പുറത്തേക്കു വരുന്ന കൈകളും കഴുത്തിറക്കമുള്ള ഗൗണിെൻറ പുറത്തേക്കു കാണുന്ന മുഖവും കഴുത്തും മാറിടങ്ങളുടെ വിടവുകളും ആണ് ഇനി പെയിൻറ് ചെയ്തു ചേർക്കാനുള്ളത്. കാൻവാസ് നേരെ വെച്ചു. കവിളിൽ ബ്രഷ് ചെയ്തു നോക്കി. ഏകദേശം ശരിയായിട്ടുണ്ട്. മുഖവും കൈകളും ഫസ്റ്റ് കോട്ടു ചെയ്തു. കഴുത്തു കുറച്ചു ഭാഗം മുഖത്തിെൻറ നിഴലിൽ പോവും. ശേഷിച്ച ഭാഗവും റോമൻ വസ്ത്രധാരണരീതിയിൽ പുറത്തുകാണുന്ന മാറിടങ്ങളുടെ നിമ്നോന്നതയും പെട്ടെന്നു പെയിൻറു ചെയ്തുകഴിഞ്ഞു. ഷേഡിങ് ഇനി അടുത്ത കോട്ടിൽ ചെയ്യാം. 'തമ്പ്സ്ക്രൂ'വിൽ കയറ്റിവെച്ച് മുറുക്കിയ കൈവിരലുകളുടെ നഖങ്ങൾക്കിടയിൽനിന്നു ചോരപൊടിയുന്നത് കൂടി പെയിൻറ് ചെയ്തുകഴിഞ്ഞപ്പോൾ ഒരിത്തിരി സംതൃപ്തിയൊക്കെ തോന്നി. ഇനി കണ്ണുകളാണുള്ളത്. വരച്ചുചേർക്കാത്ത കണ്ണുകളുടെ അനന്തമായ ശൂന്യതയിൽനിന്നാരോ എന്നെ വേട്ടയാടി മുറിപ്പെടുത്തുന്നപോലെ. ബ്രഷ് ടേബിളിലിട്ടു കസേരയിൽ ഇരുന്ന് ഞാൻ ടേബിളിൽ തലവെച്ചുകിടന്നു. കണ്ണുകൾ മാളിപ്പോവുന്നു. ഉണർച്ചയുടെയും ഉറക്കത്തിെൻറയും അതിർവരമ്പിലെവിടെയോ വെച്ച് ഒരു നൂൽ കെട്ടിയിറങ്ങിവന്ന് ആർട്ടിമീഷ്യ എെൻറ കൈപിടിച്ചു.
വലിയ ഗൗണിെൻറ മെറൂൺ നിറത്തിലുള്ള ഒഴുകിയിറങ്ങുന്ന താഴ്ഭാഗമാണ് ആദ്യം കണ്ണിൽപ്പെട്ടത്. പിന്നെ കടുംപച്ച നിറത്തിലുള്ള മുകൾഭാഗവും. ഗൗണിെൻറ കൈകളും കഴുത്തും വെട്ടിത്തിളങ്ങുന്ന വെള്ള സാറ്റിൻ തുണിയിൽ തുന്നിയെടുത്തിരിക്കുന്നു. അവരുടെ നീട്ടിയ കൈകളിലേക്ക് ഞാനെെൻറ കൈകൾ വെച്ചു. അവരുടെ പെയിൻറിങ്ങുകളിൽ ധാരാളമായി ഉപയോഗിച്ചിരുന്ന കാരവാഗിയോ സാന്നിധ്യം ഇവിടേയുമുണ്ട്. നിഴൽവീണുകിടക്കുന്ന അവരുടെ മുഖം എനിക്കു കാണാനേ പറ്റുന്നുണ്ടായിരുന്നില്ല.
''നിങ്ങളുടെ മുഖം എനിക്കു കാണാൻ പറ്റുന്നില്ല. അതായിരുന്നു എനിക്കു കാണേണ്ടിയിരുന്നത്. പെയിൻറിങ്ങിൽ ഇനി മുഴുവിക്കാനുള്ളത് നിങ്ങളുടെ മുഖമാണ്.'' നിഴലിൽ പൂഴ്ത്തിവെച്ച മുഖത്തുനിന്ന് ചിരിയുടെ ഒരു വെൺകണിക മിന്നിമറഞ്ഞു.
അവരുടെ കൈകളിൽ സ്പർശിച്ച ആ നിമിഷം ഞാൻ ആകാശത്തേക്കുയർന്നു. കാറ്റിെൻറ ദിശയിൽ അതിവേഗം സഞ്ചരിക്കാൻ തുടങ്ങി. ഞങ്ങളെ കടന്നുപോവുന്ന കാറ്റിെൻറ ഹുങ്കാരം ചെവികളിൽ മുഴങ്ങുന്നു. കറുത്ത ആകാശത്തിൽ മിന്നിമറയുന്ന ഇടിമിന്നലിെൻറ വെളിച്ചത്തിൽ ഞാനവരുടെ മുഖത്തേക്ക് സൂക്ഷിച്ചുനോക്കാൻ ശ്രമിച്ചു. ഇപ്പോഴും അവരുടെ മുഖം നിഴലിൽതന്നെയാണ്.
റോമൻ ആർക്കിടെക്ചറിൽ വെള്ള മാർബിൾകൊണ്ടു പണിത, മനോഹരങ്ങളായ ശിൽപങ്ങളും കൊത്തുപണികളും നിറഞ്ഞ പ്രൗഢിയോടുകൂടി നിൽക്കുന്ന ഒരു കെട്ടിടത്തിലാണ് ഞങ്ങൾ ചെന്നുനിന്നത്. അപരിചിതമായ ഏതോ ഭാഷ സംസാരിച്ചുകൊണ്ട് ആളുകൾ ധൃതിയിൽ നടക്കുന്നു. നടക്കുമ്പോൾ കാറ്റിൽ പറക്കുന്ന അവരുടെ വലിയ വസ്ത്രാഞ്ചലങ്ങൾ ബഹളങ്ങൾക്ക് ഒരു പ്രത്യേക താളം കൊടുക്കുന്നുണ്ടായിരുന്നു. എെൻറ കൈയിൽ മുറുക്കിപ്പിടിച്ചിരിക്കുന്ന ആർട്ടിമീഷ്യയുടെ കൈയിെൻറ ഉൾത്തലം വിയർക്കാൻ തുടങ്ങി. ഞങ്ങൾ ഹാളിലേക്ക് പ്രവേശിച്ചു. ഉള്ളിൽ ചൂടോ തണുപ്പോ എന്ന് കൃത്യമായി വേർതിരിച്ചറിയാൻ കഴിയുന്നില്ല. മങ്ങിയ വെളിച്ചത്തിൽ നിഴലിെൻറ നീണ്ട രേഖകൾ ചാഞ്ഞുകിടക്കുന്ന അകത്തളം.
പിന്നെ നോക്കുമ്പോൾ ആർട്ടിമീഷ്യ എെൻറ അടുത്തുണ്ടായിരുന്നില്ല. ഞാൻ പേടിയോടെ ചുറ്റുപാടും നോക്കി. ഇത്രനേരം അവർ കോർത്തുപിടിച്ചിരുന്ന എെൻറ വിരലുകൾ അന്തരീക്ഷത്തിൽ വെറുതേ തൂങ്ങിയാടുന്നു. പതിനേഴാം നൂറ്റാണ്ടിലെ ഒരു കോടതിമുറിയിലാണ് ഞാൻ നിൽക്കുന്നതെന്ന് പെട്ടെന്നെനിക്ക് ബോധ്യംവന്നു. വെള്ള മാർബിളിൽ പണിത സുന്ദരമായ മുറി തൂണുകളിൽ ഘടിപ്പിച്ചിരിക്കുന്ന സുന്ദരീസുന്ദരന്മാരുടെ രൂപത്തിലുള്ള കാൻഡിൽ ഹോൾഡറുകളിൽ കത്തിച്ചുവെച്ചിരിക്കുന്ന വലിയ മെഴുകുതിരികളുടെ സഹായത്തോടെ നിഴലിൽനിന്നും വെളിച്ചത്തിലേക്ക് സ്വതന്ത്രമാവാൻ ഒരു പിടച്ചിലോടെ ശ്രമിച്ചുകൊണ്ടിരിക്കുന്നു. വലതു വശത്ത് അർധവൃത്താകൃതിയിൽ ക്രമീകരിച്ച മാർബിൾ ഇരിപ്പിടങ്ങളിൽ വസ്ത്രത്തിെൻറ ആഡംബരത്താൽ പ്രമുഖരാണെന്നു തോന്നിക്കുന്ന കുറേപേർ നിരന്നിരിക്കുന്നു. അനുതാപമല്ലാത്ത പുച്ഛത്തോടടുത്തുനിൽക്കുന്ന ഒരു ഭാവം മിക്കവാറും ആൾക്കാരുടെ മുഖത്ത് നിഴലിച്ചുനിൽക്കുന്നുണ്ട്.
''ആർട്ടിമേഷ്യ ജെൻറിലേസ്കി നിങ്ങളുടെ റേപ്പ് ട്രയൽ ആരംഭിക്കാൻ പോവുകയാണ്'', ശബ്ദം കേട്ടിടത്തക്ക് ഞാൻ നോക്കി. ഇടതുവശത്ത് ജഡ്ജി എന്ന് തോന്നിക്കുന്ന ഒരാൾ കടഞ്ഞെടുത്ത കാലുകളുള്ള വലിയ വെള്ള മാർബിൾ ഇരിപ്പിടത്തിൽ ഇരിക്കുന്നു. ഒഴുകിയിറങ്ങുന്ന അയാളുടെ കറുത്ത വലിയ ഗൗൺ സിംഹത്തല കൊത്തിവെച്ചിരിക്കുന്ന മാർബിൾ കൈത്താങ്ങിക്കു മുകളിലൂടെ ഒഴുകി നിലത്തുവരെ പരന്നുകിടക്കുന്നു. തലയിലെ ഉയരമുള്ള കറുത്ത തൊപ്പി ശാന്തമായ ഇറ്റാലിയൻ നീലക്കണ്ണുകൾക്കു പകരമുള്ള കൂർത്തു മൂർത്ത കണ്ണുകൾക്കു മുകളിൽ ഒരു തണൽ വിരിച്ചിരിക്കുന്നു. അയാളുടെ ഇരുവശത്തും കുറേകൂടി ചെറിയ ഇരിപ്പിടങ്ങളിൽ വേറേയും രണ്ടുപേർ ഇരിക്കുന്നുണ്ട്. അവരുടെ മൂന്നുപേരുടേയും തലകൾ മാത്രം പ്രൗഢിയോടെ ഉയർന്നിരിക്കുന്നു. അതിനു തൊട്ടടുത്തായി മെറൂൺ നിറത്തിൽ മുട്ടുവരെയുള്ള വസ്ത്രം ധരിച്ച് പടച്ചട്ടയും ഹെൽമെറ്റും ധരിച്ച് രണ്ട് പട്ടാളക്കാരും. കൈയിലെ നീണ്ട കുന്തം നിലത്ത് കുത്തിപ്പിടിച്ച് നിൽക്കുന്ന അവരുടെ മുട്ടറ്റം വരുന്ന വരിഞ്ഞു മുറുക്കി കെട്ടിയിരിക്കുന്ന തോൽഷൂ മാത്രമാണ് വെളിച്ചത്തിെൻറ രാശിയിൽ നിന്നിരുന്നത്. എെൻറ നേരെ എതിർവശത്തുള്ള കുറച്ചുയർന്ന ഒരു പീഠത്തിൽ ആർട്ടിമീഷ്യയെ കയറ്റിനിർത്തിയിരിക്കുന്നു. ലാറ്റിൻഭാഷയിലാണെന്ന് തോന്നുന്നു അവർ പരസ്പരം ആക്രോശിക്കുന്നുണ്ട്. മിനുസപ്പെടുത്താത്ത ഗോലികൾ വായിലിട്ടുകൊണ്ട് സംസാരിക്കുന്നതുപോലുള്ള ഭാഷ ലാറ്റിനാണെങ്കിലും എനിക്കതു മനസ്സിലാവുന്നുണ്ടെന്ന് ഒരത്ഭുതത്തോടെ ഞാനോർത്തു. കുറേപേർ ഗാലറിയിലിരുന്ന് ആർട്ടിമീഷ്യയെ നോക്കി കുശുകുശുക്കുന്നു. കുട്ടികളെ പ്രസവിക്കാനും വീടുനോക്കാനും വിസമ്മതിച്ച് പെയിൻറിങ് തിരഞ്ഞെടുത്തതാണ് ആർക്കും പിടിക്കാത്തത്. അഗസ്റ്റിനോ ടാസ്സിയുടെ മുഖം കാണാൻ വേണ്ടി ഞാൻ വലതു വശത്തേക്ക് ചരിഞ്ഞു നടന്നു. ആദ്യം അവരെ ബലാത്സംഗം ചെയ്യുകയും പിന്നീട് വിവാഹവാഗ്ദാനം നൽകി പത്തു മാസത്തോളം പതിനേഴ് വയസ്സുകാരിയെ ഉപയോഗിക്കുകയും ചെയ്ത സ്വന്തം അച്ഛെൻറ തന്നെ സുഹൃത്ത്. വല്ലാത്തൊരു ക്രൂരമായ മുഖഭാവത്തോടെ അയാൾ ആർട്ടിമീഷ്യക്കെതിരെ കയർക്കുന്നുണ്ട്.
"ഇവരെന്നെ കൊല്ലാൻ പദ്ധതിയിട്ടിരുന്നു, ഈ പെയിൻറിങ് നോക്കൂ", ടാസ്സിയുടെ സഹായി 'ജൂഡിത് സ്ലേയിങ് ഹോളോഫേൺസ്'3 എന്ന ആർട്ടിമീഷ്യയുടെ പെയിൻറിങ് നിവർത്തിപ്പിടിച്ചിട്ടുണ്ട്. സ്വന്തത്തെ തന്നെയായിരുന്നു ജൂഡിതായി അവർ വരച്ചുചേർത്തിരുന്നത്. കഴുത്തിൽനിന്നു ചോരയൊലിപ്പിച്ച് അവരുടെ കൈയിലെ കത്തിക്കു താഴെ മലർന്നു കിടക്കുന്ന ഹോളോഫേൺസിനു ടാസ്സിയുടെ മുഖഛായയുണ്ടോന്ന് ഞാൻ സൂക്ഷിച്ചു നോക്കി. അവരാവട്ടെ ഒന്നും മിണ്ടാതെ അയാളെ തുറിച്ചുനോക്കുക മാത്രം ചെയ്യുന്നു.
''എെൻറ മകളുടെ പവിത്രമായ കന്യകാത്വം ടാസ്സി നഷ്ടപ്പെടുത്തി'', ആർട്ടിമീഷ്യയുടെ അച്ഛൻ മാത്രം ഒരിത്തിരി ശബ്ദത്തിൽ എതിർവാദം ഉന്നയിക്കുന്നു. വാദിയും പ്രതിയും അടക്കം അവിടെ കൂടിയിരിക്കുന്ന മിക്കവാറും പേർ ചിത്രകാരന്മാരാണ്. ആർട്ടിമീഷ്യയെ നോക്കുന്ന അവരുടെ കണ്ണുകളിൽ അസൂയയുടെ മിന്നൽപ്പിണരുകൾ മിന്നിമറയുന്നുണ്ടെന്ന് എനിക്കു തോന്നി. ഒരുപാട് ബഹളങ്ങൾക്കും വാദപ്രതിവാദങ്ങൾക്കും ശേഷം ജഡ്ജി തമ്പ്സ്ക്രൂ കൊണ്ടുവരാൻ കൽപ്പിച്ചു. കേസ് പിൻവലിക്കാൻ കൂട്ടാക്കാതിരുന്ന വാദി സത്യമാണ് പറയുന്നതെന്ന് ഉറപ്പിക്കാൻ വേണ്ടിയായിരുന്നു അത്. തമ്പ്സ്ക്രൂവുമായി രണ്ടു സൈനികർ രംഗപ്രവേശം ചെയ്തു. ഒരാൾ അവരുടെ തോൾ ബലമായി പിന്നിലേക്ക് പിടിച്ചു നിർത്തി. മറ്റേയാൾ അവരുടെ വിരലുകൾ മുള്ളാണികൾ നിറഞ്ഞ ഇരുമ്പുപലകയിലേക്ക് കയറ്റി വെച്ചു. അതിെൻറ സ്ക്രൂ തിരിച്ചു മുറുക്കാൻതുടങ്ങി. മുറുക്കുന്നതിനനുസരിച്ച് അവരുടെ വിരലുകൾ അതിനുള്ളിൽ കിടന്ന് ഞെരിഞ്ഞമരുന്നതും പിന്നേയും മുറുകിയപ്പോൾ അവരുടെ നഖങ്ങൾക്കിടയിലൂടെ ചോരപൊടിയുന്നതും ഞാൻ കണ്ടു.
''അരുത്'', ഞാൻ മുന്നോട്ടോടി. ഹാളിെൻറ നടുത്തളത്തിൽ വെച്ച് എെൻറ രണ്ട് കൈകളിലും ബലിഷ്ഠമായ കൈകളുടെ പിടിത്തം വീണു.
''അരുത്, അവർ പെയിൻററാണ്. ഇനിയും മുറുക്കിയാൽ അവരുടെ വിരലുകൾ അറ്റുവീഴും, ഈ പ്രതിഭയെ ലോകത്തിനു നഷ്ടപ്പെടും, അരുത്, അവരെ വിടൂ'', ഞാൻ ഉറക്കെ വിളിച്ചു പറഞ്ഞു. ശബ്ദം പുറത്തുവരുന്നുണ്ടായിരുന്നില്ല. എെൻറ കൈയിലെ പിടിത്തം ഒന്നുകൂടി മുറുകി. അവരുടെ വിരലുകൾക്കിടയിലൂടെ ചോര വാർന്നൊഴുകാൻ തുടങ്ങി.
''ഇതാണോ നീയെനിക്കു വാഗ്ദാനം ചെയ്ത വിവാഹമോതിരം'', ആർട്ടിമീഷ്യ തല പൊക്കി ടാസ്സിയെ നോക്കി.
''എവേറോ...എവേറോ...എവേറോ...'' അവർ ജഡ്ജിയുടെ മുഖത്തുനോക്കി ഉറക്കെ വിളിച്ചു പറഞ്ഞു.
''ഇതു സത്യമാണ്...ഇതു സത്യമാണ്...ഇതു സത്യമാണ്.''
ആ നിമിഷം ഞാനവരുടെ മുഖം വ്യക്തമായി കണ്ടു. വേദനയിൽ കൊരുത്ത നിശ്ചയദാർഢ്യം മാത്രമാണ് അവരുടെ മുഖത്തുണ്ടായിരുന്നത്. നിസ്സഹായതയുടെ ഒരു ലാഞ്ഛനപോലുമില്ലാത്ത പ്രൗഢമായ മുഖം.
അരുതെന്നാർത്തു മുന്നോട്ടാഞ്ഞ എന്നെയാരോ പിറകിലോട്ടു തള്ളി. ആ നിമിഷം കോളിങ് ബെല്ലിെൻറ കിളി ചിലച്ചു. ഞാൻ അമ്പരപ്പോടെ ചുറ്റും നോക്കി. തൊട്ടടുത്ത് കണ്ണില്ലാത്ത ആർട്ടിമീഷ്യ വിരലുകളിൽ ചോരയൊലിപ്പിച്ചുനിൽക്കുന്നു.
പത്രവും പാലും കൈയിൽപ്പിടിച്ച് നീലിമ അകത്തേക്ക് കയറി. ഫ്ലാറ്റിെൻറ ഒരു ചാവി അവളുടെ കൈയിലാണ്. എന്നാലും വരുമ്പോൾ കാളിങ് ബെല്ലൊന്നു അമർത്തിയാലേ അവൾക്കു സമാധാനമാവൂ. പത്രം എെൻറയടുത്ത് വെച്ച് അവൾ അടുക്കളയിലേക്ക് കയറി.
നീലിമ കൊണ്ടുവന്നുവെച്ച ചായയുമായി ഞാൻ പത്രം നിവർത്തി. ബാക്കിൽനിന്നിങ്ങോട്ടു വായിച്ചുതുടങ്ങുന്ന ചെറുപ്പം മുതലുള്ള ശീലം എത്ര ശ്രമിച്ചിട്ടും ഇപ്പോഴും മാറ്റാൻ പറ്റിയിട്ടില്ല. സ്പോർട്സ് പേജിൽ മാത്രം ചിരിക്കുന്ന മുഖങ്ങൾ കാണാം. വിദേശം, ചരമം, പ്രാദേശിക പേജുമെല്ലാം കഴിഞ്ഞ് അവസാനമാണ് ഫസ്റ്റ് പേജിലെത്തിയത്. താഴ്ഭാഗത്ത് രണ്ടുവരിക്കോളത്തിലെ ഒരു വാർത്തയിൽ കണ്ണുടക്കി.
''വിൽയു മാരി ഹെർ'', സുപ്രീംകോടതി ചീഫ് ജസ്റ്റിസ് മഹാരാഷ്ട്രയിലെ ഒരു ബലാത്സംഗ കേസിലെ പ്രതിയോട് ചോദിച്ചിരിക്കുന്നു. അതല്ലെങ്കിൽ നിങ്ങൾ ശിക്ഷ അനുഭവിക്കേണ്ടിവരുമെന്ന്. പരമോന്നത കോടതിയുടെ ചോദ്യം. ഞാനെന്നെത്തന്നെ ഒന്നു നുള്ളിനോക്കി.
''ആർട്ടിമീഷ്യയുടെ കൂടെ റോമിലേക്കുള്ള സ്വപ്നയാത്രയുടെ ഹാങ്ഒാവർ വിടാഞ്ഞിട്ടാണോ. അല്ല വേദനിക്കുന്നുണ്ട്.'' പണ്ടത്തെ ദൈവങ്ങളുടെ ഫോട്ടോകൾക്കു പകരം സ്ഥാനംപിടിച്ച ഓർഫനേജുകളുടെ വർണചിത്രങ്ങളുള്ള കലണ്ടറിലേക്ക് നോക്കി. മാർച്ച് രണ്ടാണു തീയതി. അപ്പോൾ മാർച്ച് ഒന്നിനാണ് ചരിത്ര സംഭവം നടന്നിരിക്കുന്നത്. ''വേറെ വിവാഹംചെയ്തതുകൊണ്ട് ഇനിയവളെ വിവാഹം ചെയ്യാൻ പറ്റില്ല'' എന്നു പ്രൗഢിയോടെ വിളംബരം ചെയ്യുന്ന ആദർശവാനായ പ്രതിക്കു മുന്നിൽ തലകുനിച്ചു നിൽക്കുന്ന പെൺകുട്ടി. കോടതിക്കും സമൂഹത്തിനും കുടുംബത്തിനും മുന്നിൽ അടിച്ചേൽപ്പിക്കപ്പെട്ട അപമാനത്താലും പാപഭാരത്താലും തല കുമ്പിട്ടു നിൽക്കുന്ന അവളെ ഞാൻ മനക്കണ്ണിൽ കണ്ടു. തലച്ചോറിനുള്ളിൽ ആരോ തിളച്ച ഈയ്യം കോരിയൊഴിക്കുന്നപോലെ. വർണച്ചിറകുള്ള ഒരു പൂമ്പാറ്റ ചിറകറ്റു നിലംപതിച്ച് പുഴുവായി അരിച്ച് നിതാന്തവേശ്യയായി മാറുന്ന കാഴ്ച. ചായക്കപ്പും പത്രവും ഞാനുമടക്കം കോടമഞ്ഞുവീണു കിടക്കുന്ന ഒരു താഴ്വരയിലേക്ക് മെല്ലെ പറന്നിറങ്ങി.
നീലിമ...
ഹാളിൽനിന്ന് എന്തൊക്കെയോ തട്ടിമറിഞ്ഞു വീഴുന്ന ശബ്ദം കേട്ടാണ് നീലിമ അങ്ങോട്ടാടിച്ചെന്നത്. കുറച്ചു നേരത്തേ കൊണ്ടുകൊടുത്ത ചായയും പത്രവും തൊട്ടടുത്ത് പെയിൻറ് ചെയ്തുകൊണ്ടിരുന്ന കാൻവാസും എല്ലാമടക്കം അവർ താഴെ വീണുകിടക്കുന്നു.
''പുരുഷൻമാർക്ക് മാത്രം സന്തോഷായിട്ട് ജീവിക്കാൻ കഴിയുന്ന വിധത്തിലെങ്ങിനെയാണ് ഈ സമൂഹം ഇങ്ങിനെ മാറിപ്പോയത്?
''ചേച്ചി...ചേച്ചി...'' അവളവരെ കുലുക്കി വിളിച്ചുനോക്കി. അനക്കമില്ല. ''ദൈവമേ...'' അവളവരുടെ മൂക്കിനു താഴെ വിരൽ വെച്ചു നോക്കി. ശ്വാസമെടുക്കുന്നുണ്ട്. അടുക്കളയിലേക്കോടി ഒരു കപ്പിൽ വെള്ളവുമായി വന്ന് അവരുടെ മുഖത്തു തളിച്ചു. അവരുടെ വൈര മൂക്കുത്തിക്കു മുകളിൽ വെള്ളത്തുള്ളികൾ ഉദയസൂര്യന്മാരെ വിരിയിക്കുന്നു. കൺപീലികൾ മെല്ലെയനങ്ങി. അവൾ അവരെ പിടിച്ച് മെല്ലെ ചുവരിലേക്ക് ചാരിയിരുത്തി. അവർ അവളുടെ തോളിലേക്ക് തലചായ്ച്ച് നിശ്ചലയായി ഇരുന്നു.''ചേച്ചി'', അവൾ ക്ലോക്കിലേക്കു നോക്കി. ഇതു കഴിഞ്ഞ് ഇനിയും രണ്ടു വീടുകൾകൂടിയുണ്ട്.
''നീലി'', അവൾ പകപ്പോടെ അവരെ നോക്കി. ആദ്യമായാണ് അവരവളെ അങ്ങനെ വിളിക്കുന്നത്. പണിയെടുക്കാൻ ഒരു ബുദ്ധിമുട്ടുമുണ്ടാക്കാതെ ഏതു സമയവും മൗനത്തിെൻറ ചെപ്പിൽ ഒളിഞ്ഞിരിക്കുന്നവർ. എന്തു ചെയ്തുകൊടുത്താലും സന്തോഷം. ''ഇവർക്കു പ്രതികരിക്കാനുള്ള ശേഷി കൈമോശം വന്നുപോയോ'' എന്നുപോലും അവളിടക്ക് സംശയിക്കാറുണ്ട്. ചിലപ്പോൾ കാണാം എവിടെയെങ്കിലും കൂനിക്കൂടിയിരിക്കുന്നത്. ചിലപ്പോൾ നിലവും ശരീരവും നിറയെ പെയിൻറായിരിക്കും. ചിലപ്പോൾ ഉറക്കമായിരിക്കും. രാവിലെവരെ ഉറങ്ങാതെ പിന്നെ കിടന്നുറങ്ങുന്നതു കാണാം.
''പുരുഷൻമാർക്ക് മാത്രം സന്തോഷായിട്ട് ജീവിക്കാൻ കഴിയുന്ന വിധത്തിലെങ്ങിനെയാണ് ഈ സമൂഹം ഇങ്ങിനെ മാറിപ്പോയത്? കൊടുക്കുന്നവരും വാങ്ങുന്നവരും തമ്മിലുള്ള വ്യത്യാസം, എല്ലാത്തിലും. ഗർഭംപോലും നമ്മൾ സ്ത്രീകൾ ഇരന്നു വാങ്ങുന്ന ശുക്ലത്തിെൻറ ഭിക്ഷയാണ്'', നീലിമ ഒന്നും മനസ്സിലാവാതെ അവരെ പകച്ചുനോക്കി.
''ആ ഭിക്ഷ ഒരുപാട് കിട്ടിയിട്ടുണ്ടെങ്കിലും നിറയാത്ത ഭിക്ഷാപാത്രമാണെേൻറത്. നിേൻറത് നിറഞ്ഞിട്ടുണ്ടോ?''
അവളൊന്നും മനസ്സിലാവാതെ അവരുടെ മുഖത്തേക്ക് നോക്കി.
''നിനക്ക് കുട്ടികളുണ്ടോ...'' മഴക്കാല മേഘങ്ങളിൽനിന്നൊളിഞ്ഞു നോക്കുന്ന സൂര്യകിരണങ്ങളെപ്പോലെ ഒരു മന്ദഹാസം അവരുടെ ചുണ്ടിൽ തെളിഞ്ഞു.
''ഉണ്ട്...ഒരാൾ... അഞ്ചുവയസ്സുള്ള മകൾ.'' അവൾ അവരുടെ തല ചായ്ക്കാനായി ഒന്നുകൂടി സൗകര്യത്തിൽ ഇളകിയിരുന്നുകൊണ്ടു പറഞ്ഞു.
''മോളെ തനിച്ചു നിർത്തിയിട്ടാണോ നീയിവിടെ വരുന്നത്?''
അവരുടെ ശബ്ദം ഒരൽപം പൊങ്ങി.
''അല്ല, എെൻറ അമ്മയുണ്ട്.''
''ആരുണ്ടായിട്ടും കാര്യമില്ല...നിെൻറ ഭർത്താവോ?'', അടുത്ത ചോദ്യം.
''അയാളെ ഞാൻ പറഞ്ഞുവിട്ടു. എെൻറ മോളെങ്കിലും പൊള്ളലേൽക്കാതിരിക്കണ്ടേ ചേച്ചി...''
അവർ അവളുടെ മുഖത്തേക്കു നോക്കി. അവളുടെ തോളിൽനിന്നു തലയെടുത്ത് മടക്കിവെച്ച മുട്ടിനുള്ളിലേക്ക് തലപൂഴ്ത്തിയിരുന്നു. നീലിമ എണീക്കാനായി ഒരുങ്ങിയപ്പോഴേക്കും അവർ അവളുടെ കൈപിടിച്ച് അവിടെത്തന്നെയിരുത്തി.
അവർക്കെന്തൊക്കെയോ പറയാനുണ്ടെന്ന് അവൾക്കു തോന്നി. ഓർക്കാനിഷ്ടപ്പെടാത്തത് പറയാനൊരുങ്ങുന്നതിെൻറ മുക്കലും മൂളലും ശ്വാസംമുട്ടും കുറച്ചു സമയം അവരെ ആശയക്കുഴപ്പത്തിലാക്കി.
''എനിക്കാരൊക്കെയുണ്ടെന്ന് നിനക്കറിയണ്ടേ...'', ഒട്ടകപ്പക്ഷി മണ്ണിൽ പൂഴ്ത്തിവെച്ച തല പുറത്തെടുക്കുന്നപോലെ കാൽമുട്ടിനുള്ളിൽനിന്നു തല പുറത്തെടുത്ത് അവർ ഒരു വശത്തേക്ക് ചരിച്ചുവെച്ചു.
''ആരുമില്ല...''
''കുടുംബത്തിലെ എല്ലാവരും ഡോക്ടർമാരും എൻജിനീയർമാരും ആയപ്പോൾ ഡിഗ്രി കഴിഞ്ഞ് ആർട് സ്കൂൾ തിരഞ്ഞെടുത്തത് എെൻറ ധാർഷ്ട്യമായാണ് അവർ കണക്കുകൂട്ടിയത്. ഇരുപത്തൊന്നു വയസ്സു കഴിഞ്ഞിട്ടും കല്യാണം കഴിപ്പിക്കാൻ സമ്മതിക്കാത്ത തന്നിഷ്ടക്കാരി.''
''നീലീ...നിനക്കറിയോ?"
അവരുടെ ആ വിളിയിൽ എന്തെന്നില്ലാത്ത ഒരു പ്രാധാന്യം സ്വയം കൈവരിക്കുന്നപോലെ അവൾക്കു തോന്നി. അപസർപ്പക കഥയിലെ നീലിയായി അവൾ സ്വയം സങ്കൽപിച്ചു.
''എെൻറ വല്യുമ്മ ചോദിച്ചതാണ്. 'ചോരിം നീരും വറ്റി തൊണ്ടായിട്ടാണോ പെങ്കുട്ട്യോളെ ആണ്ങ്ങക്കു കൊടുക്കുന്നത്?', ഉപഭോഗ വസ്തുവായുള്ള അവസാനിക്കാത്ത സമരസപ്പെടൽ.''
ഒന്നും മനസ്സിലായില്ലെങ്കിലും ഒരു ചിത്രകാരിയുടെ കേൾവിക്കാരിയായി പൊടുന്നനെ കിട്ടിയ സ്ഥാനക്കയറ്റം ആസ്വദിച്ചുകൊണ്ട് അവൾ തല കനപ്പെട്ടു ആട്ടി.
''നീലീ...നീ കേൾക്കുന്നുണ്ടോ... അന്നൊരു മഴ ദിവസമായിരുന്നു. ആരു പറഞ്ഞതും വകവെക്കാതെ ആർട്ട് സ്കൂളിൽ പോയി ചേർന്നിട്ട് രണ്ടു മാസമായി. രാവിലെ മുതൽ തുടങ്ങിയ ഒരു കാൻവാസ് തീരാത്തതുകൊണ്ട് മടുപ്പ് കയറി ഞാൻ ആർട്ട് റൂമിൽനിന്നു ബാഗുമെടുത്ത് പുറത്തിറങ്ങി. മെയിൻഗേറ്റിലേക്കുള്ള ചെറിയ പാതയിലൂടെ നടന്നു. ഇരുവശത്തും നിരത്തി വെച്ച തീർന്നതും തീരാത്തതുമായ ശിൽപങ്ങൾ. സെക്കൻഡിയറിലെ ശിവെൻറ ശിൽപങ്ങൾ സ്കൂളിൽ പ്രസിദ്ധമായിരുന്നു. പ്രത്യേകിച്ചും സ്ത്രീ ശിൽപങ്ങൾ. കണ്ടാലും കണ്ടാലും മതിവരാത്ത ശിൽപങ്ങളുടെ വടിവുകൾ. അവൻ പണിയുന്നതു നോക്കിക്കൊണ്ട് കുറച്ചു നേരം നിന്നു.
''പവിത്രമായ രതിയാണ് ഞാനിതിൽ അനുഭവിക്കുന്നത്'', അവനെനിക്കു നേരെ തിരിയാതെ തന്നെ പറഞ്ഞു.
''എല്ലാ കലകളും ആത്മീയ സ്വയംഭോഗമാണ്. പിന്നെ രതി, അതല്ലെങ്കിലും പവിത്രമാണ്'', ഞാൻ തർക്കിച്ചു.
''പവിത്രമല്ലാത്ത രതിയുമുണ്ട്. മൃഗങ്ങളുടേതു എന്നുപോലും പറയാൻ പറ്റില്ല. ബലാത്സംഗം, അത് വേട്ടക്കാരെൻറ നായാട്ടാണ്. ഇരയുടെ രതി പവിത്രമല്ല. ക്രൂരതയുടെ മുമ്പിലുള്ള വഴിപ്പെടലാണ്.''
''ഇരയുടേത് രതിയല്ല ശിവാ... ഹിംസക്കു വിധേയയാവൽ മാത്രമാണ്...''
''വീട്ടിൽ പോവുന്നില്ലേ...''
''ഉണ്ട്... ഇറങ്ങാൻ തുടങ്ങാണ്. അപ്പൊ പിന്നെ കാണാം'', കൈവീശി കാണിച്ച് ഞാൻ സ്റ്റാൻഡിലേക്ക് നടന്നു. അവർ പറയുന്നതധികമൊന്നും മനസ്സിലാവാതെ അവൾ ക്ലോക്കിലേക്ക് ഇടം കണ്ണിട്ടുനോക്കി. ഒമ്പതര ആയിട്ടുണ്ട് സമയം.
നീലി ബസിറങ്ങിയപ്പോൾതന്നെ ഇരുട്ടിത്തുടങ്ങിയിരുന്നു. ഉപ്പക്ക് പനിയാന്നു പറഞ്ഞതുകൊണ്ട് കൂട്ടാൻ വരാൻ പറഞ്ഞിട്ടില്ലായിരുന്നു. ബസ് സ്റ്റോപ്പിലിറങ്ങി നടന്നു. ജങ്ഷനിലെ ഉങ്ങുമരം കഴിഞ്ഞ് വലതു വശത്തേക്കുള്ള ഇടവഴിയിലേക്ക് കയറി. ആറാമത്തെ വീടായിരുന്നു എെൻറ. നോക്കിയാൽ കാണാമായിരുന്നു. വളവു തിരിഞ്ഞപ്പോൾതന്നെ ആരോ പിറകിലുണ്ടെന്ന തോന്നലിൽ തിരിഞ്ഞു നോക്കിയാണ് ഞാൻ നടന്നിരുന്നത്. കുടുംബസമേതം ഗൾഫിലേക്കു പറിച്ചുനട്ട ബഷീറിക്കാെൻറ വീടും അതിനു ചുറ്റുമുള്ള നീളം കൂടിയ മതിലും വെളിച്ചമില്ലാത്ത മുറ്റവും ചെറുപ്പം മുതലേ ഒരു പേടിസ്വപ്നമായിരുന്നു എനിക്ക്. ഞാൻ നടത്തത്തിനു വേഗം കൂട്ടി. ഗേറ്റിനടുത്തെത്തിയപ്പോൾ ആരോ എന്നെ പൂണ്ടടക്കംപിടിച്ച് ഇരുട്ടു മുറ്റിയ മുറ്റത്തേക്ക് വലിച്ചിഴച്ചു. വായിൽ ഒരു കനപ്പെട്ട കൈ വിലങ്ങു തീർത്തിരുന്നു. കുതറാനുള്ള എെൻറ എല്ലാ ശ്രമങ്ങളെയും പരാജയപ്പെടുത്തിക്കൊണ്ട് അയാൾ എന്നിലേക്ക് ആക്രമിച്ചുകയറി. മഴവെള്ളത്തിൽ കുതിർന്ന ഉണങ്ങിയ ഇലകൾ ചളിവെള്ളത്തിൽ അമരുന്നതിെൻറയും അയാളുടെ കനപ്പെട്ട ശ്വാസത്തിെൻറയും ശബ്ദം മാത്രമാണ് അതിനെക്കുറിച്ചുള്ള എെൻറ ഓർമ. ഗേറ്റിനു മുന്നിലൂടെ കടന്നുപോയ ഒരു ബൈക്കിെൻറ ശബ്ദം കേട്ട് ഞാൻ ഒച്ചയെടുത്ത് അലറാൻ ശ്രമിച്ചു. അയാൾ ഒന്നുകൂടി ശക്തിയോടെ എെൻറ വായ അമർത്തിപ്പിടിച്ചു. പക്ഷേ ആ ബൈക്കിെൻറ ലൈറ്റിൽ ഞാനയാളെ വ്യക്തമായിക്കണ്ടു. പൗരപ്രമുഖനായ ഗഫൂറാജിയുടെ മകൻ, തെമ്മാടിയായ മനാഫ്.
''നീലി...''
''ഉംം'', ഇത്തവണത്തെ അവരുടെ വിളിക്ക് അവൾ ശക്തമായി ഒന്നു മൂളി.
''അയാളുടെ ആവശ്യം കഴിഞ്ഞ് അയാൾ എന്നെ അവിടെ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. കുറച്ചു സമയം കഴിഞ്ഞാണെന്നു തോന്നുന്നു. ഒരുവിധം ബോധം വന്നപ്പോൾ ഞാനെഴുന്നേറ്റ് വീട്ടിലേക്ക് നടന്നു. അപ്പോഴേക്കും എന്നെ കാണാഞ്ഞിട്ട് അവർ ബഹളം തുടങ്ങിയിരുന്നു. എെൻറ രൂപം കണ്ടപ്പോൾ തന്നെ അവർക്ക് പന്തികേട് തോന്നി. കാര്യമെന്താണെന്നു മനസ്സിലായി. ഉമ്മ നിലവിളി തുടങ്ങി. ആരാണെന്നു മാത്രമേ അവർക്ക് അറിയേണ്ടിയിരുന്നുള്ളൂ. ജ്യേഷ്ഠൻ അപ്പോ തന്നെ ചവിട്ടിത്തുള്ളി പുറത്തു പോയി.''
പിറ്റേന്നു രാവിലെ ഒരുങ്ങിയിറങ്ങി ഞാൻ പറഞ്ഞു, ''പോലീസ് സ്റ്റേഷൻ വരെ പോയി വരാം.'' ഉപ്പയുടേയും ജ്യേഷ്ഠെൻറയും പൊട്ടിത്തെറികൾക്കൊപ്പം ഉമ്മയുടെ തേങ്ങലും കേൾക്കുന്നുണ്ടായിരുന്നു. ''മിണ്ടാതെ ഒരിടത്തിരുന്നോ നീ'', ഇതും പറഞ്ഞ് ജ്യേഷ്ഠൻ പുറത്തുപോയി.
നീലിമ തോളിലൂടെ കൈയിട്ട് അവരെ ചേർത്തിരുത്തി.
''ഞാൻ കേസ് കൊടുക്കും'', ഉച്ചക്ക് ശേഷം വീണ്ടും ഞാൻ പുറത്തിറങ്ങാൻ ശ്രമിച്ചു. ''നീയെവിടേം പോവില്ല'', സ്വതവേ ശാന്തനായ ഉപ്പ ഉഗ്രരൂപം പൂണ്ടു
''മാനം കെടുത്താനാണോ നിനക്ക് ഞങ്ങളെ... തറവാടിെൻറ അന്തസ്സ് കെടുത്താൻ'', ഉപ്പ പറയുന്നത് എനിക്ക് മനസ്സിലാവുന്നുണ്ടായിരുന്നില്ല.
''ഞാനെന്തു തെറ്റാ ചെയ്തത്. അയാളല്ലേ മാനം കെടേണ്ടത്... ഞാനല്ലല്ലോ...''
''നീ പെണ്ണാണ്... അതു നീ മറക്കേണ്ട...''
അന്നു വൈകുന്നേരം മനാഫിെൻറ വീട്ടിൽ നിന്നു ആൾക്കാർ വന്നു. എെൻറ വിവാഹം തീരുമാനിക്കാൻ. എെൻറ വേട്ടക്കാരനുമായി എെൻറ വിവാഹം... ''പറ്റില്ല...ഞാൻ കേസു കൊടുക്കും. എന്നെ നശിപ്പിച്ചവെൻറ കൂടെ ഞാൻ ജീവിക്കില്ല.. അയാളെ ഞാൻ കോടതി കയറ്റും.'' ഞാൻ അവരുടെ മുന്നിൽ ചെന്നു പറഞ്ഞു.
''ഇങ്ങെനെയെങ്കിലും ഗഫൂറാജിെൻറ മകനെ കല്യാണം കഴിക്കാനുള്ള ഭാഗ്യമുണ്ടായില്ലേ നിനക്ക്'', ഖാളിയാര് താടിയുഴിഞ്ഞു.
''കേസു കൊടുത്താൽ നിനക്ക് എന്താണ് കിട്ടാനുള്ളത്... നിനക്കാണ് കൂടുതൽ ചീത്തപ്പേര് വരാനുള്ളത്...നീ പിഴച്ചവളാവും. നീ ഒന്നിനും കൊള്ളാത്തവളായി മൂലയിലായിപ്പോവും... ഇതാവുമ്പോ ഇലക്കും മുള്ളിനും കേടില്ലാത്ത വിധം കാര്യങ്ങളങ്ങു തീർപ്പാക്കാം.'' എെൻറ പ്രതിഷേധങ്ങൾക്കിടയിലും എെൻറ കല്യാണം കഴിഞ്ഞു. അതോടെ ഞാനെന്നും ഒരു ഇര മാത്രമായി.
ആദ്യ ദിവസം രണ്ടാമത്തെ ബലാത്സംഗത്തിനു ശേഷം അയാളെന്നോടു പറഞ്ഞു. ''ഇനി നിനക്ക് കേസു കൊടുക്കണ്ടേ... ഭാര്യയെ എനിക്ക് എന്തു വേണമെങ്കിലും ചെയ്യാം'', ഓരോ രാത്രികളിലേയും അവസാനിക്കാത്ത പിച്ചിച്ചീന്തലുകളും വേദനയും സഹിച്ച് അപമാനിക്കപ്പെട്ട സ്ത്രീത്വവും വ്യക്തിത്വവുംകൊണ്ട് ഒരു വർഷം ഞാനാ വീട്ടിൽ താമസിച്ചു. എെൻറ വീട്ടുകാരാവട്ടെ എന്നെ മറന്നുപോയിരുന്നു.
''ഒരാളുപോലും അയാളെ കുറ്റപ്പെടുത്തി സംസാരിച്ചില്ല നീലീ... എല്ലാവരും എെൻറ മേലാണ് കുറ്റം ആരോപിച്ചത്. ഇതാ... ഇതുപോലെ...'' അവർ താഴെ വീണു കിടക്കുന്ന പത്രത്തിലേക്കും പെയിൻറിങ് കാൻവാസിലേക്കും വിരൽ ചൂണ്ടി.
'മാരി യുവർ റേപ്പിസ്റ്റ് ലോ' ഇപ്പോഴും നിലനിൽക്കുന്ന രാജ്യങ്ങളുണ്ട് നീലി. ഈ നിയമമില്ലാത്ത രാജ്യങ്ങളിലോ കോടതിക്കു മുന്നേ അതു നടപ്പിൽ വരുത്തുന്ന കുടുംബങ്ങളും നാട്ടുകൂട്ടങ്ങളും. ബലാത്സംഗം ചെയ്യപ്പെട്ട പെൺകുട്ടി കുടുംബത്തിനും സമൂഹത്തിനും നാടിനും അപമാനമാണത്രേ. ഇരയെ കല്യാണം കഴിച്ച് ശിക്ഷയിൽനിന്നു രക്ഷപ്പെട്ട ശേഷം അവനവളെ ഡിവേഴ്സും ചെയ്യാം. പ്രതിയെ എല്ലാ അനുതാപത്തോടുകൂടിയും സംരക്ഷിക്കുന്ന വിചിത്രമായ ലോകം'', അവരൊരു നീണ്ട ശ്വാസം ഉള്ളിലേക്കെടുത്തു.
പണി തീർത്തിറങ്ങുമ്പോൾ അവരെയവിടെ തനിച്ചാക്കി പോവാൻ അവൾക്ക് തീരെ മനസ്സു വരുന്നുണ്ടായിരുന്നില്ല. തലവേദനിക്കുന്നുവെന്നു പറഞ്ഞ് ഒരു പാരസെറ്റമോളും ഒരു കപ്പു ചായയും വാങ്ങിക്കുടിച്ച് അവർ വീണ്ടും അവിടെത്തന്നെ കിടന്നിരുന്നു
''ഒന്നൊന്നര വർഷം കഴിഞ്ഞു കൊടുത്ത കേസ് നിലനിൽക്കാൻ തന്നെ പ്രയാസമാണത്രേ. ഇപ്പോഴും ഞാൻ ഓരോ തവണ കോടതിയിൽ പോവുമ്പോഴും അതേ ആഴത്തിൽ മുറിപ്പെട്ടുകൊണ്ടിരിക്കുകയാണ്. നാളെയും ഒരു ഹിയറിങ്ങുണ്ട്. എണ്ണമറ്റ ബലാത്സംഗങ്ങളുടെ പോസ്റ്റ്മോർട്ടം... വേട്ടയാടപ്പെടൽ നിലക്കുന്നില്ല.'' കണ്ണീരിെൻറ ലാഞ്ഛനപോലുമില്ലാത്ത കണ്ണുകളുമായി ഇരിക്കുന്ന വിറക്കുന്ന ആ ശരീരം നീലിമ രണ്ടു കൈകൾ കൊണ്ടും പൊതിഞ്ഞു പിടിച്ചു. കുറച്ചു നേരം കഴിഞ്ഞ് അവളവരെ മെല്ലെ പിടിച്ചെഴുന്നേൽപ്പിച്ച് ബെഡിൽ കൊണ്ടുപോയി കിടത്തി.
പണി തീർത്തിറങ്ങുമ്പോൾ അവരെയവിടെ തനിച്ചാക്കി പോവാൻ അവൾക്ക് തീരെ മനസ്സു വരുന്നുണ്ടായിരുന്നില്ല. തലവേദനിക്കുന്നുവെന്നു പറഞ്ഞ് ഒരു പാരസെറ്റമോളും ഒരു കപ്പു ചായയും വാങ്ങിക്കുടിച്ച് അവർ വീണ്ടും അവിടെത്തന്നെ കിടന്നിരുന്നു. ഇറങ്ങുമ്പോൾ അവളവരുടെ നെറ്റിയിൽ അമർത്തി ഒരുമ്മ വെച്ചു. തുറക്കാത്ത കണ്ണുകളുടെ കോണിലൂടെ രണ്ടുതുള്ളി കണ്ണുനീർ ആയാസപ്പെട്ടു കിനിഞ്ഞിറങ്ങുന്നത് അവൾ കണ്ടു.
പിറ്റേന്നു രാവിലെ നീലിമ പതിവിലും നേരത്തേ 'ആചലം' ഫ്ലാറ്റിെൻറ ബെല്ലടിച്ചു. താക്കോലെടുത്ത് വാതിൽ തുറന്ന് പത്രവും പാലുമായി ഉള്ളിൽ കയറി. പത്രം ടേബിളിൽ വെച്ച് പാലുമായി അടുക്കളയിലേക്കു നടക്കുന്നതിനിടക്ക് അവൾ റൂമിലേക്കൊന്നെത്തിനോക്കി. വാതിൽ ചാരിയിട്ടുണ്ട്. ഒരു ചായയുമിട്ട് അവൾ അവരുടെ റൂമിലേക്ക് നടന്നു. വാതിൽ തുറന്നപ്പോൾ ആദ്യം അവളുടെ കണ്ണിൽപ്പെട്ടത് തൂങ്ങിനിൽക്കുന്ന കാലുകളാണ്. വെളുത്ത കൊലുന്നനെയുള്ള കാലുകൾ കനമില്ലാതെ തൂങ്ങിയാടുന്നു. പൂർണമായും തുറന്നുപിടിച്ച കൈകളിൽ മുഴുവൻ പെയിൻറ് പുരണ്ടിട്ടുണ്ട്. നേരിയ ചാരനിറത്തിൽ തിളങ്ങുന്ന കണ്ണുകൾ മുഴുവനായും പുറത്തുവന്നു തുറിച്ചുനോക്കുന്ന ദിശയിലേക്കവൾ നോക്കി. കുറെ ദിവസങ്ങളായി അവർ ചെയ്തുകൊണ്ടിരുന്ന കൈവിരലുകളിൽനിന്നു ചോരയൊലിപ്പിച്ചുകൊണ്ടുനിൽക്കുന്ന സ്ത്രീയുടെ പെയ്ൻറിങ് പൂർണമായിട്ടുണ്ട്. ഇന്നലെ അവർ വീണപ്പോൾ കൂടെ താഴെ വീണു കിടന്നിരുന്ന അതിനു കണ്ണുകളുണ്ടായിരുന്നില്ല. അതവർ വരച്ചു മുഴുവനാക്കിയിട്ടുണ്ട്. വെളുത്ത താലത്തിലെ മുന്തിരിക്കണ്ണുകളിൽ വിരിയുന്ന നിസ്സഹായതയും അപമാനവും പേറിയ ധൈര്യം നിറഞ്ഞുനിൽക്കുന്ന വെളിച്ചം അവിടമാകെ പരക്കുന്നപോലെ നീലിമക്കു തോന്നി. നാവു കടിക്കാതെ തൂങ്ങിനിൽക്കുന്ന അവർ ആ പെയ്ൻറിങ് നോക്കി പുഞ്ചിരിക്കുന്നുണ്ടോ എന്നുപോലും അവൾക്കു തോന്നി.
''നീലീ വിട... ജീവിതത്തിെൻറയും മരണത്തിെൻറയും വൈരൂപ്യത്തെ ഞാൻ ഭയക്കുന്നു'', ആർട്ടിമീഷ്യയുടെ മെറൂൺ ഗൗണിൽ വെള്ളനിറത്തിൽ അവർ എഴുതിവെച്ചിരിക്കുന്നു. നീലിമ കൈയിലുള്ള ചായക്കപ്പുമായി നിലത്തേക്ക് ഊർന്നിരുന്നു.
ചിത്രീകരണം: ജാസ്മിൻ മറിയം
- - - - - - - - - - - - - - - - - - - - - - - - - - - - - - -- - - - - - - - - - - - - -
1. നിഴലും വെളിച്ചവും ഉപയോഗിച്ച് പെയ്ൻറിങ്ങിൽ ഡീറ്റെയിലിങ് ചെയ്യുന്ന രീതി. പതിനാറാം നൂറ്റാണ്ടിൽ റോമിൽ ജീവിച്ചിരുന്ന ചിത്രകാരനായ കാരവാഗിയോ രൂപംകൊടുത്തത്.
2. നവോത്ഥാന കാലഘട്ടത്തിെൻറ തുടക്കത്തിൽ പതിനാറാം നൂറ്റാണ്ടിൽ ആവിർഭാവം ചെയ്ത റിയലിസ്റ്റിക് പെയിൻറിങ്, ആർക്കിട്ടെക്ചർ, മ്യൂസിക്, ഡാൻസ് രീതി.
3. ജൂഡിത് സ്ലേയിങ് ഹോളോഫേൺസ്- പഴയ നിയമം ബൈബിളിൽ 'ബുക്ക് ഓഫ് ജൂഡിത്' എന്ന ഭാഗത്ത് ജൂഡിത് എന്ന വിധവ സ്വന്തം നാട്ടുകാരെ ഉപദ്രവിച്ച അസീറിയൻ ജനറലായിരുന്ന ഹോളോഫേൺസിനെ വശീകരിച്ചു കൊല്ലുന്നത് ചിത്രീകരിക്കുന്ന പെയിൻറിങ്. തന്നെ ബലാത്സംഗം ചെയ്ത അഗസ്റ്റിനോ ടാസ്സിയെയാണ് ആർട്ടിമീഷ്യ ഇതിൽ പ്രതിനിധാനംചെയ്തത് എന്നും നിരീക്ഷണമുണ്ട്.