ചെവിയൂരിലെ നിധി -കഥ
കനൽ, കനലെന്ന് കാറ്റ് മൂളും കൊടിയ വേനലിൽ പഞ്ചായത്ത് കുന്നിെൻറ ചെരുവിലൂടെ പാള ഉതകുകയായിരുന്നു അവർ മൂന്ന് പേരും. മൂന്ന് പേരെന്ന് പറഞ്ഞുകൂടാ. കുഞ്ഞിമോൻ കുന്നിെൻറ മണ്ടയിൽ തെൻറ വലിയ സങ്കടത്താൽ കുന്തിച്ചിരിക്കുകയായിരുന്നു. അവൻ ഒരു കരിങ്കല്ലിന് ചുറ്റും കവണകൊണ്ട് കണ്ണ് വരച്ച് അതിലേക്ക് ഉറ്റുനോക്കിക്കൊണ്ടിരുന്നു. നോക്കിയിരിക്കേ കല്ലിന് ആഴം കൂടുന്നതായി കുഞ്ഞിമോന് തോന്നി. അവൻ ആ കണ്ണ് പാളുന്ന തെൻറ നടയിടുക്കിലേക്ക് കുനിഞ്ഞ് നോക്കി. മടകളിൽനിന്നും എത്തിനോക്കുന്ന കുഞ്ഞുമീനിനെപ്പോലുള്ള സുന്നാമണി കണ്ട് അവെൻറ സങ്കടം പെരുകി.
അവൻ ഇങ്ങനെയൊന്നുമായിരുന്നില്ല. മഹാ പോക്കിരി. ചേമ്പില പയറ്റിലെ വീരൻ. കടകം മറിഞ്ഞ് എതിരാളികളെ കഴുത്ത് ഖണ്ഡിക്കുമാറ് ഈർക്കിൾ വീശുന്ന ശൂരൻ.
''െൻറ ബദ്രീങ്ങളേ കണ്ണ് കൊള്ളോലോ'' അവെൻറയുമ്മ പയറ്റ് കണ്ട് പേടിച്ച് വിളിച്ച് പറയും. പക്ഷേ കുഞ്ഞിമോന് പേടിയില്ല.
''കൊണ്ടോട്ടെ, കൊണ്ട് തലകൾ ഉരുണ്ട് വീഴട്ടെ, ഇതെെൻറ രാജ്യം'', തലയറ്റ ചേമ്പിൻതണ്ടുകളിലേക്ക് ഈർക്കിൾ നീട്ടി അവൻ ഉമ്മയോട് തറുതല പറയും. അങ്ങനെയുള്ള കുഞ്ഞിമോനാണ് വെള്ളത്തിൽ വീണ കോഴിയെപ്പോലെ ദുഃഖം തൂവി ഇരിക്കുന്നത്. അവെൻറ ദുഃഖത്തിന് കാരണം വാക്കുകൾകൊണ്ടുള്ള പ്രഹരമാണെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ? എന്നാൽ അതാണ് സത്യം.
ഒരു കുഞ്ഞു സർക്കസ് കൂടാരംപോലെ കെട്ടിപ്പൊക്കിയ മേലാപ്പിനുള്ളിൽ ഇളകാതെയും അനങ്ങാതെയും ശരീരത്തിെൻറ നടുക്കഷണം പൊതിഞ്ഞുവെച്ച നാൽപത് ദിവസങ്ങൾക്ക് ശേഷം ഉസ്കൂളിലെത്തിയ അന്നാണ് കുഞ്ഞിമോനെ വലിയ മനോദുഃഖത്തിലാക്കിയ ആ സംഭവം നടന്നത്. അന്ന് വളരെക്കാലത്തിന് ശേഷം കുഞ്ഞിമോനെ കണ്ട കുട്ടികൾ വട്ടം കൂടി തടഞ്ഞ് ചോദിച്ചു:
''വിരിഞ്ഞാ?''
''എന്ത്?''
''മുട്ക.''
ആ കൂട്ട ചിരി കേട്ട് കുഞ്ഞിമോെൻറ കാല് തരിച്ചു. അവൻ എല്ലാത്തിനെയും ശരിപ്പെടുത്താൻ തന്നെ തീരുമാനിച്ചു. അപ്പോഴേക്കും കൂട്ടത്തിൽനിന്നാരോ ''മുക്കാ കുക്കാ കുഞ്ഞിമോൻ, മറ്റേ പറമ്പിൽ തൂറിക്കോ'' എന്ന് പാട്ട് പാടി. എല്ലാവരും അത് ഏറ്റുപാടി. പെൺകുട്ടികളും അവരുടെ കൂടെ ചേർന്നു. കൂട്ടത്തിൽ ''എല്ലാറ്റിനെയും ഇണകളോട് കൂടി സൃഷ്ടിച്ച നാഥൻ'' എന്ന ഖുർആൻ വാക്യം ഉസ്താദ് പഠിപ്പിക്കുമ്പോൾ കുഞ്ഞിമോൻ ഒളികണ്ണിട്ട് നോക്കിയ ഷെറീനയും ഉണ്ടായിരുന്നു. എല്ലാവരെയും അടിച്ച് നിരത്താൻ തുനിഞ്ഞ കുഞ്ഞിമോെൻറ വീര്യമെല്ലാം ചോർന്നുപോയി. അവന് സങ്കടമായി. ഇത്രയും കാലം വളരെ സുന്ദരമായി നടന്ന താനിപ്പോൾ വെറുമൊരു മുക്കാലാണെന്ന്. അതും ഇത്തിരിപ്പോന്ന ശരീരത്തിലെ ഇത്തിരിപ്പോന്ന മുട്ടാണിമ്മത്തെ ഇത്തിരിപ്പോന്ന തൊലി പോയതിന് കൂട്ടത്തോടെ ''മുക്കാ കുക്കാ കുഞ്ഞിമോൻ മറ്റേ പറമ്പിൽ തൂറിക്കോ'' എന്ന് പാട്ട് പാടുന്നു. അവരുടെ കൂടെ ബേജാർ അബുക്കാെൻറ മോള് വെള്ളക്കൂറ ഷെറീനയും. പോരിനായിരുന്നെങ്കിൽ ഒറ്റക്കൊറ്റക്ക് വാടാ എന്നുമ്പറഞ്ഞ് തല്ലി തോൽപിക്കാമായിരുന്നു. ഇത് പക്ഷേ...
''ഹും. ദേഷ്യമണ്ടമ്മാരേ എല്ലാത്തിനെയും ഞാൻ ശരിയാക്കിത്തരാം.'' കുഞ്ഞിമോൻ മുഷ്ടി ചുരുട്ടി. കരിങ്കല്ലിനെ ഊക്കിൽ ചവിട്ടിത്തെറിപ്പിച്ചു. ആ കണ്ണപ്പോൾ അടഞ്ഞു പോയി. പ്രപഞ്ചം അപ്രതീക്ഷിതമായി ഇരുണ്ടു.
''യാ റബ്ബുൽ ആലമീനായ തമ്പുരാനേ, സൂര്യനെ കാണാനില്ല.'' പാള ഉതകിക്കൊണ്ടിരുന്ന കുട്ട്യാവയാണ് ആദ്യം അത് ശ്രദ്ധിച്ചത്. അവൻ ഉതകൽ നിർത്തി അതിശയത്തോടെ വാ പൊത്തി.
നേരാണല്ലോ! ഇതെന്തത്ഭുതം. കുറച്ച് മുമ്പ് ഉച്ചിയിൽ തകതകാന്ന് കത്തിക്കൊണ്ടിരുന്ന സൂര്യനെ താൻ കണ്ടതാണല്ലോ എന്ന് കുഞ്ഞിമോൻ ഓർത്തു. ഇതെവിടെപ്പോയി. ഒരു തുള്ളി മേഘമില്ല. ഇത്ര പെട്ടെന്ന് സൂര്യൻ അസ്തമിച്ചോ അതോ...
''ഇന്ന് കിയാമത്ത് 1നാളെയ്ക്കാരോ?'' കുഞ്ഞിമോന് സംശയമായി. ആവണേ എന്ന് സ്വകാര്യമായി അവൻ പ്രാർഥിക്കുകയും ചെയ്തു.
''മണ്ട, അയിനാദ്യം ദജ്ജാല് 2വരണ്ടേ...'' അടക്കനാറ്റം കുപ്പായത്തിൽ തുടച്ച് കൈ മണത്ത് നോക്കുന്നതിെൻറ ഇടക്ക് കുട്ട്യാവ പറഞ്ഞു.
''പ്ഫ പായീപ്പാത്തീ... അപ്പൊ പിന്നെ സൂര്യനെവ്ടെപ്പോയി?'' തന്നെ മണ്ടനെന്ന് വിളിച്ചത് കുഞ്ഞിമോന് ഇഷ്ടമായില്ല.
''ആ അള്ളാക്കറിയാ! ചെലപ്പോ ചൂട് താങ്ങാണ്ട് പൊടിഞ്ഞ് പോയതേയ്ക്കാരം'', കുട്ട്യാവ കൂടുതൽ ബുദ്ധിപരമായ ഒരു ന്യായം പറഞ്ഞു.
''പക്ഷേ പൊടിയൊന്നും കാണാനില്ലല്ലോ'', കുഞ്ഞിമോൻ കൈ കുമ്പിളാക്കി മുകളിലേക്ക് പിടിച്ച് ചോദിച്ചു.
''മണ്ട, സൂര്യൻ പൊടിഞ്ഞാ വെളിച്ചപ്പൊടി മാത്രേ ബാക്കി ഇണ്ടാവൂ. ഇഞ്ഞീം ഇവ്ടെ നിന്നാ എല്ലാ വെളിച്ചോം വീണ് ഇരുട്ടാകും, ബാ മ്മക്ക് പെരേപ്പോകാ'' -കുട്ട്യാവ പറഞ്ഞു.
ഇത്തവണ മണ്ടനെന്നുള്ള വിളിക്ക് കുഞ്ഞിമോൻ പ്രതികരിക്കാൻ നിന്നില്ല. അവൻ ആത്മാർഥമായി ലോകം അവസാനിക്കാൻ പ്രാർഥിച്ചു. എല്ലാം നശിക്കട്ടെ. എല്ലാവരും മരിക്കട്ടെ. എന്നാ ഉസ്കൂളിക്ക് പോണ്ടല്ലോ. മുക്കാന്നുള്ള വിളിയും കേൾക്കണ്ട. ഉടനേ ഭൂമി കിടുകിടാ വിറക്കുമെന്നും പർവതങ്ങൾ തകർന്ന് തരിപ്പണമാകുമെന്നും ആകാശം ഇടിഞ്ഞ് വീഴുമെന്നും കുഞ്ഞിമോൻ കരുതി.
എന്നാൽ, എല്ലാ പ്രതീക്ഷകളെയും ആസ്ഥാനത്താക്കിക്കൊണ്ട് അൽപനേരത്തിനകം വെയിലിെൻറ നേർത്ത വെളിച്ചം അവരെ നക്കിത്തുടച്ച് കടന്നുപോയി. അവർ മൂന്നുപേരും ആകാംക്ഷയോടെ മുകളിലേക്ക് നോക്കി. അവർക്കും സൂര്യനുമിടയിൽ അവ്യക്തമായ എന്തോ ഒന്ന് ഇളകിക്കൊണ്ടിരിക്കുന്നു. അത് സൂര്യനെ തുപ്പിയും വിഴുങ്ങിയും താഴോട്ട് വന്നുകൊണ്ടിരിക്കുകയാണ്.
''പടച്ചോനേ ജിന്ന്...'' കുട്ട്യാവ പേടിച്ച് കുറച്ച് ദൂരത്തേക്ക് മാറി നിന്നു. കുഞ്ഞിമോനും അത് തന്നെ ചെയ്തു. എന്നാൽ കൂട്ടത്തിലെ ചെറുതും മിതഭാഷിയും ധൈര്യശാലിയുമായ കുഞ്ഞാവ അനങ്ങാതെ അതിലേക്ക് നോക്കി നിൽക്കുകയാണ്. അവൻ പറഞ്ഞു:
''പത്തം...''
ശരിയാണ്. വാലുണ്ട്. പക്ഷേ ചിറകുകളില്ല. ചിറകില്ലാതെ പട്ടമെങ്ങനെ പറക്കും? ഇത് വേറെ എന്തോ ആണ്. അത് താഴേക്ക് പതിക്കുന്നതോടെ ഭൂമി പിളരുമെന്നും ലോകം ഒടുങ്ങുമെന്നും കുഞ്ഞിമോൻ കരുതി. അത് പതിയെ അലഞ്ഞുലഞ്ഞ് അവർക്കിടയിലേക്ക് വീണു. കാറ്റിെൻറ പിണ്ഡം നാല് ഭാഗത്തേക്കും തെറിച്ചു. പ്രപഞ്ചത്തെ പ്രകാശിപ്പിച്ച് സൂര്യൻ സ്വതന്ത്രമായി വിധാവിൽ നിന്നു.
ഇത്രയും വലിയൊരു പട്ടം അവരാരും കണ്ടിട്ടേയില്ല. കുഞ്ഞിമോൻ അതിലേക്ക് സൂക്ഷിച്ച് നോക്കി. നരച്ച നീലനിറം. മൂന്ന് നാല് ആളുകളുടെ വലുപ്പമെങ്കിലും കാണും. നൂലാണെങ്കിലോ വെള്ളം കോരുന്ന കയറിനെക്കാൾ കനത്തതും. കുഞ്ഞിമോൻ പട്ടത്തെ ഭയത്തോടെ തൊട്ടു നോക്കി. വലിയ ഭാരമില്ല. സാധാരണ പട്ടംപോലെ വർണക്കടലാസുകൊണ്ട് മെനഞ്ഞതല്ല. വറ്റിെൻറ പശയില്ല. നല്ല മിനുസം. ഇനിയെങ്ങാനും ആകാശത്തിന് തുണ്ടം വെച്ചത് അഴിഞ്ഞ് വീണതായിരിക്കുമോ. കുഞ്ഞിമോൻ ആകാശത്ത് ആകമാനം പരതി നോക്കി. ആയിരക്കണക്കിന് വർഷങ്ങളായി വെയില് കൊണ്ട് നിൽക്കുന്നതല്ലേ. പറയാൻ പറ്റില്ല. കാണാനും നരച്ചൊരു ശീലപോലുണ്ട്. നിർഭാഗ്യവശാൽ ആകാശത്തെങ്ങും ഒരു കീറൽപോലും കുഞ്ഞിമോൻ കണ്ടില്ല. ചിലപ്പോൾ ഇത് പട്ടം തന്നെയായിരിക്കും.
''എന്നാലും ഇത് ആരതെയ്ക്കാരം?'' കുഞ്ഞിമോൻ മറ്റുള്ളവരോട് ചോദിച്ചു.
''ജിന്നോളതെയ്ക്കാരം...'' കുട്ട്യാവ പറഞ്ഞു.
''സ്വർദത്തീന്ന് പൊട്ടി വീണതെയ്ത്താരം'', കുഞ്ഞാവ പറഞ്ഞു.
അതെന്തായാലും സൂര്യൻ പൊടിഞ്ഞിട്ടുമില്ല, ഭൂമിയൊട്ട് പിളർന്നിട്ടുമില്ല. ''മുക്കാ കുക്കാ കുഞ്ഞിമോൻ, മറ്റേ പറമ്പിൽ തൂറിക്കോ.'' കുഞ്ഞിമോന് വീണ്ടും ഉസ്കൂളിൽ പോകേണ്ട കാര്യമാലോചിച്ച് അമർഷവും സങ്കടവും തോന്നി. അതിനെ മറികടക്കാൻ അവൻ പട്ടത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു.
ഇത്ര വലിയ പട്ടം ആരായിരിക്കും പറത്തുക. കുട്ട്യാവ പറഞ്ഞപോലെ ജിന്നുകളുടേതോ, കുഞ്ഞാവ പറഞ്ഞതുപോലെ സ്വർഗത്തിലെയോ ആയിരിക്കും. അല്ലെങ്കിൽ ദുന്യാവിെൻറ അറ്റത്ത് ഏഴ് കരയും ഏഴ് കടലും താണ്ടി ദൂരെയുള്ള മറ്റേതോ രാജ്യത്തെ പട്ടമായിരിക്കും. അവിടെയുള്ള കുട്ടികൾക്ക് അഞ്ചാറാള് വലുപ്പമെങ്കിലും ഉണ്ടായിരിക്കും. അല്ലെങ്കിൽ ഇത്ര വലിയൊരു പട്ടം അവരെങ്ങനെ പറത്തും. ഇനി പണ്ട് പണ്ട് ഉമ്മൂമ്മയൊക്കെ പറഞ്ഞപോലെ മുളങ്കോൽ വലുപ്പത്തിനുള്ള മനുഷ്യർ ജീവിച്ചിരുന്ന കാലത്ത് പൊട്ടിപ്പോയ പട്ടം നൂറ്റാണ്ടുകൾ അലഞ്ഞ് തിരിഞ്ഞ് വീണതായിരിക്കുമോ? പട്ടത്തിെൻറ കാര്യമായതുകൊണ്ട് ഒന്നും പറയാൻ പറ്റില്ല. ധൃതിയിൽ മറ്റൊരു ചിന്ത അവനെ പിടികൂടി. ഇനിയെങ്ങാനും നൂലിെൻറയറ്റത്ത് ആരെങ്കിലും ഇപ്പോഴും പട്ടം പറത്തിക്കൊണ്ടിരിക്കുകയാണെങ്കിലോ? കുഞ്ഞിമോൻ കവണ കീശയിലേക്കിട്ട് പടിഞ്ഞാറിലേക്ക് നീളുന്ന ആ വലിയ നൂലിൽ പിടിച്ച് വലിച്ചു. അത് അനങ്ങിയില്ല.
''നൂലിെൻറ അറ്റത്ത് ആരോ ഉണ്ട്.'' കുഞ്ഞിമോൻ സ്വകാര്യമെന്നോണം അവരോട് പയ്യെ പറഞ്ഞു.
''ജിന്നേക്കാരം...'' കുട്ട്യാവ പറഞ്ഞു.
''അല്ല മലത്തോളെയ്ത്താരം.'' കുഞ്ഞാവ പറഞ്ഞു. അത്രയും സാധാരണമായൊരു അഭിപ്രായവ്യത്യാസത്തിെൻറ പേരിൽ അവർ തമ്മിൽ തർക്കമായി. അടിപിടി ബഹളമായി. ആദ്യം അവർ നേർക്കുനേർ പല നാട്ടുമൃഗങ്ങളെ ആരോപിച്ചു. പിന്നീട് ചില കാട്ടുമൃഗങ്ങളിലേക്കും, ട്ട , ക പോലുള്ള കടും കട്ടി അക്ഷരങ്ങൾ ഉച്ചരിക്കാനുള്ള കുഞ്ഞാവയുടെ കഴിവുകേടിലേക്കും, നിത്യവും പായീപ്പാത്തുന്ന കുട്ട്യാവയുടെ ദുഃശീലത്തിലേക്കും കടന്ന് പരസ്പരം തന്തക്ക് പറയാൻ തുടങ്ങിയപ്പോൾ കുഞ്ഞിമോൻ ഇടപെട്ടു.
''നിർത്ത്, ഞമ്മക്ക് ആരോടേലും ചോയിച്ച് നോക്കാ.'' കുഞ്ഞിമോൻ അവരെ മാറ്റി നിർത്തി.
''ആരോട്?'' കുട്ട്യാവ ചോദിച്ചു.
''ഞമ്മത്ത് തുഞ്ഞിരാമേത്തനോദ് ചോദിത്താ'', കുഞ്ഞാവ പറഞ്ഞു.
''അത് ശരിയാ.'' കുഞ്ഞിമോന് അതൊരു നല്ല ആശയമാണെന്ന് തോന്നി.
''അത് വാണ്ട.'' കുട്ട്യാവ പക്ഷേ അതിനെ നിഷ്കരുണം എതിർത്തു.
''ങാഹാ... ഭൂരിപത്ഷം ഞങ്ങത്താ.'' കുഞ്ഞാവ അപ്പറഞ്ഞ വാക്കിൽ കുട്ട്യാവ വീണു. ഇനി തർക്കിച്ചിട്ട് കാര്യമില്ലെന്ന് അവന് മനസ്സിലായി. അതുകൊണ്ട് കുഞ്ഞിരാമേട്ടനോട് ചോദിക്കാം എന്ന് എതിർപ്പോടെയാണെങ്കിലും കുട്ട്യാവയും സമ്മതിച്ചു.
പഞ്ചായത്ത് കുന്നിെൻറ അങ്ങേപ്പുറത്തെ ആഞ്ഞിലിയുടെ പൊത്തിലാണ് കുഞ്ഞിരാമേട്ടെൻറ പകലുറക്കം. വൈകുന്നേരം മാത്രമേ കുഞ്ഞിരാമേട്ടൻ വീട്ടിൽ പോവുകയൊള്ളൂ. ചില ദിവസങ്ങളിൽ ഇരുട്ടിയാലും പോകില്ല. നല്ല വയസ്സനാണ്. നീണ്ട താടിയും മുടിയും വെളുവെളാന്ന് വെളുത്തിട്ടാണ്. ഒരുമാതിരി എല്ലാ കാര്യങ്ങളെക്കുറിച്ചും കുഞ്ഞിരാമേട്ടന് നന്നായി അറിയാം.
എപ്പോഴാണ് മഴ പെയ്യുക, വേനൽ എപ്പോൾ തുടങ്ങും, ഇക്കൊല്ലം എന്താണ് കൃഷിയിറക്കേണ്ടത്. ഏത് സമയമാണ് കൊയ്യേണ്ടത് അങ്ങനെ എല്ലാ കാര്യത്തിനും നാട്ടിലുള്ളവർ കുഞ്ഞിരാമേട്ടനോട് ചോദിച്ചിട്ട് മാത്രമേ ചെയ്യാറൊള്ളൂ. ബേജാറ് അബുക്കപോലും തെൻറ കണ്ണെത്താത്ത പാടത്തും പറമ്പിലും കുഞ്ഞിരാമേട്ടനോട് ചോദിച്ച് മാത്രമേ കൃഷിയിറക്കൂ. എന്തിന് കുഞ്ഞിമോന് പോലും ഉത്തരം കിട്ടാത്ത രണ്ട് സംശയങ്ങൾക്ക് കുഞ്ഞിരാമേട്ടനാണ് ഉത്തരം നൽകിയത്.
ഒരിക്കൽ, കുഞ്ഞിമോൻ പഞ്ചായത്ത് കുന്നിൽ കളിച്ചുകൊണ്ടിരിക്കുമ്പോൾ അവിടെയാകെ കോട വന്ന് മൂടി. ഈ കാണുന്ന കോട മൊത്തം എവിടെ നിന്നാണ് വരുന്നതെന്നായി അവെൻറ ചിന്ത. അവൻ ഉപ്പച്ചിയോടും ഉമ്മച്ചിയോടും എന്ന് വേണ്ട സകലമാന മനുഷ്യരോടും അക്കാര്യത്തെക്കുറിച്ച് ചോദിച്ചു. ആർക്കും അവനൊരു തൃപ്തികരമായ ഉത്തരം നൽകാൻ കഴിഞ്ഞില്ല. അങ്ങനെ അവസാനം അവൻ കുഞ്ഞിരാമേട്ടനെ ചെന്ന് കണ്ടു. കാര്യം കേട്ടതും കുഞ്ഞിരാമേട്ടൻ പൊട്ടിപ്പൊട്ടി ചിരിച്ചുകൊണ്ട് മറുപടി നൽകി.
''കുഞ്ഞിമോനേ... ഈ കാണുന്ന കോട മൊത്തം മലഞ്ചെരുവിൽ ആന ബീഡി വലിച്ചുണ്ടാകുന്നതാണ്.'' യഥാർഥ കാരണമറിഞ്ഞ കുഞ്ഞിമോന് തൃപ്തിയായി.
പിന്നീടൊരിക്കൽ, ഒരിക്കലെന്ന് പറഞ്ഞാൽ ഇടക്കിടക്ക്, കുഞ്ഞിമോൻ അർധരാത്രിയിൽ ഞെട്ടിയുണരുക പതിവായി. അതൊരു സ്വാഭാവികമായ കാര്യമാണെങ്കിലും ആ സമയം അവൻ കാണുന്ന കാഴ്ച അങ്ങനെയൊന്നായിരുന്നില്ല. അവൻ ഉണർന്ന് കിടക്കുമ്പോഴും അവെൻറ സ്വന്തം നിഴൽ കൂർക്കംവലിച്ച് സുഖമായി ഉറങ്ങുന്നു. അവൻ കയ്യനക്കി നോക്കി. കാലനക്കി നോക്കി. പക്ഷേ നിഴലിന് ഒരു അനക്കവുമില്ല. പല രാത്രികളിലും ഇത് തന്നെ സംഭവിച്ചതോടെ കുഞ്ഞിമോന് പേടിയായി. അവൻ അക്കാര്യത്തെക്കുറിച്ച് വേറെ ആരോടും ചോദിക്കാനും പറയാനും നിന്നില്ല. എന്തിന് ചോദിക്കണം? കുഞ്ഞിരാമേട്ടനില്ലേ! അവൻ നേരെ ചെന്ന് ഉണ്ടായ കാര്യങ്ങളെല്ലാം വിശദീകരിച്ചു. എല്ലാം കേട്ട് കഴിഞ്ഞതും കുഞ്ഞിരാമേട്ടെൻറ കണ്ണിൽ ഒരു തിളക്കം. അയാൾ അവനെ ചേർത്ത് നിർത്തി പറഞ്ഞു:
''നീ കണ്ടത് നിെൻറ തന്നെ ഭാവന കൂർക്കം വലിച്ചുറങ്ങുന്നതാണ്. ഒരിക്കൽ അതുണരുമ്പോൾ നീയൊരു വലിയ കഥാകാരനാകും.'' അത് കേട്ടപ്പോൾ കുഞ്ഞിമോന് സന്തോഷമായി. അതിനു ശേഷം ഞെട്ടിയുണരുന്ന രാത്രികളിലെല്ലാം അവൻ നിഴലിനെ ഉപദ്രവിച്ച് ഉണർത്താൻ ശ്രമിക്കാറുണ്ട്. അതുണർന്നാൽ കുറേ കഥകൾ കേൾക്കാമല്ലോ. നിർഭാഗ്യവശാൽ ഇതുവരെയും അത് ഉറക്കം വിട്ട് എഴുന്നേറ്റിട്ടില്ല.
ഇത്രയും വലിയ ജ്ഞാനിയായ ഒരാളോട് പട്ടത്തെക്കുറിച്ച് ചോദിക്കുന്നതിന് കുട്ട്യാവ എതിർപ്പ് പ്രകടിപ്പിച്ചതിനുള്ള കാരണം മറ്റൊന്നാണ്. പക്ഷേ ആ ഒരു കാരണംകൊണ്ട് കുഞ്ഞിരാമേട്ടനോട് ഇത്രയും വലിയ വിരോധം സൂക്ഷിക്കുന്നതിൽ അർഥമില്ല എന്നാണ് കുഞ്ഞിമോെൻറ അഭിപ്രായം.
ഒരിക്കൽ, ഒരിക്കലെന്ന് പറഞ്ഞാൽ ഇടക്കിടക്ക്, ഇടക്കിടക്കെന്ന് പറഞ്ഞാൽ നിത്യവും കുട്ട്യാവ പായീ പാത്തും. എന്നും രാവിലെ അവെൻറ മൂത്രപ്പിണ്ടി അലക്കലാണ് ഉമ്മാെൻറ പ്രധാന പണി. അത് കഴിഞ്ഞിട്ട് വേണം ബേജാർ അബുക്കാെൻറ തൊടൂക്ക് പണിക്ക് പോകാൻ. അവസാനം സഹികെട്ട് അവനെ നിലത്ത് കിടത്താൻ ഉത്തരവായി. ഒറ്റക്ക് കിടക്കാനാണെങ്കിൽ കുട്ട്യാവാക്ക് പേടിയും. എത്ര കെഞ്ചി പറഞ്ഞിട്ടും ഉമ്മ അവനെ കട്ടിലിൽ കിടത്താൻ തയാറായില്ല. അവസാനം കുഞ്ഞിമോൻ ഒരു ബുദ്ധി ഉപദേശിച്ചു. കുഞ്ഞിരാമേട്ടനെ പോയി കാണുക. മൂപ്പരാവുമ്പോൾ എന്തെങ്കിലും ഒരു വഴി പറഞ്ഞ് തരാതിരിക്കില്ലല്ലോ.
എല്ലാം കേട്ടുകഴിഞ്ഞതും കുഞ്ഞിരാമേട്ടൻ നല്ലൊരു പോംവഴി ഉപദേശിച്ച് കുട്ട്യാവാനെ ധൈര്യപ്പെടുത്തി പറഞ്ഞുവിട്ടു. അന്നേ ദിവസം മുതൽ കുട്ട്യാവ ഉറപ്പിച്ചു. ഇനി ഒരിക്കലും പായീപ്പാത്തില്ല. അവൻ മുസായപ്പ് പിടിച്ച് ഉമ്മയുടെ മുന്നിൽ സത്യം ചെയ്തു.
''പടച്ച റബ്ബാണേ മുപ്പത് ജൂസാണേ ഇനി ഞാമ്പായീ പാത്തൂല. സത്യം...സത്യം...സത്യം.'' അങ്ങനെ അവന് കട്ടിലിൽ കിടക്കാൻ അനുമതി കിട്ടി.
അന്നേ ദിവസം കട്ടിലിൽ കിടന്നുറങ്ങുമ്പോൾ കുട്ട്യാവാക്ക് കലശലായ മൂത്രശങ്കയുണ്ടായി. കുഞ്ഞിരാമേട്ടൻ പറഞ്ഞതുപോലെ അവൻ ആരെയും ഉണർത്താതെ മുണ്ട് വാരിക്കെട്ടി മുറിയുടെ വാതിൽ തുറന്ന് കോലായീൽ ചെന്നു. ഇറയത്തേക്ക് മൂത്രമൊഴിക്കാൻ നീട്ടിയപ്പോൾ അവന് ഉസ്താദ് പറഞ്ഞ കാര്യം ഓർമ വന്നു.
''വീടിെൻറ മുന്നിൽ മൂത്രമൊഴിക്കുന്നത് ദീനുൽ ഇസ്ലാം നിഷിദ്ധമാക്കിയിരിക്കുന്നു.'' അവൻ വീടിെൻറ പുറത്തേക്കിറങ്ങി. നല്ല നിലാവുള്ള രാത്രിയാണ്. അഞ്ചു കുട്ടിയും തള്ളയും, മുഴക്കോൽ അരക്കോൽ ഇത്യാദി നക്ഷത്രങ്ങളെയും തെളിഞ്ഞ് കാണാം. അവൻ വീടിെൻറ അരിക് പിടിച്ച് പിന്നാമ്പുറത്തെ ആലയുടെ മുൻവശത്തെത്തി. അവിടെയെത്തിയപ്പോൾ അവന് മറ്റൊരു സംശയം. ദീനുൽ ഇസ്ലാം വിലക്കിയത് മനുഷ്യരുടെ വീട് മാത്രമാണോ അതോ എല്ലാവരുടെ വീടും അതിൽപെടുമോ. അവസാനം അവൻ ആലയുടെ പിന്നാമ്പുറത്തെ ചാണകക്കുഴിയിലേക്ക് മൂത്രമൊഴിക്കാൻ തീരുമാനിച്ചു. കുഞ്ഞിരാമേട്ടൻ പറഞ്ഞതുപോലെ ഇതൊന്നും സ്വപ്നമല്ലെന്ന് ഉറപ്പ് വരുത്താൻ കുട്ട്യാവ കൈപ്പള്ളയിൽ നുള്ളിനോക്കി. വേദനിക്കുന്നുണ്ട്. പിന്നെ ഒന്നും നോക്കിയില്ല. അവൻ ശറേന്ന് മൂത്രമൊഴിച്ചു.
ഒന്ന് നനഞ്ഞപ്പോഴാണ് നുള്ളി നോക്കിയതിെൻറ വേദനയടക്കം സ്വപ്നം കണ്ടതാണെന്ന് കുട്ട്യാവാക്ക് മനസ്സിലായത്.
അന്ന് രാവിലെ ഉമ്മാെൻറട്ത്ത്ന്ന് അവന് പൊതിരെ തല്ല് കിട്ടി. അന്നുമുതൽ അവന് കുഞ്ഞിരാമേട്ടനോട് വിരോധമായി.
ഭൂരിപക്ഷത്തിെൻറ നിർബന്ധം കാരണം കുട്ട്യാവ തന്നെയാണ് കുഞ്ഞിരാമേട്ടനെ കൂട്ടിക്കൊണ്ട് വന്നത്. അടുത്തെത്താറായപ്പോൾ അയാളുടെ വേഗത കൂടി. വെളുത്ത മുണ്ടും വെളുത്ത കുപ്പായവുമാണ് കുഞ്ഞിരാമേട്ടെൻറ നിത്യവേഷം. ഊന്നുകോലിൽ കുത്തിപ്പാഞ്ഞ് വരുന്ന അയാളെ കണ്ടപ്പോൾ വരുന്നത് ഒരു അപ്പൂപ്പൻതാടിയാണെന്ന് കുഞ്ഞിമോന് തോന്നി.
''ദൈവമേ യുദ്ധം.'' അടുത്തെത്താറായപ്പോൾ ഭയപ്പാടോടെ നെഞ്ചത്തടിച്ച് കുഞ്ഞിരാമേട്ടൻ പട്ടത്തെ നോക്കി പറഞ്ഞു.
അപ്രതീക്ഷിതമായത് കാണുകയും കേൾക്കുകയും ചെയ്തവരെപ്പോലെ അവർ പരസ്പരം തുറിച്ച് നോക്കി. തൊട്ടടുത്തെത്തിയപ്പോൾ താൻ പറഞ്ഞതിലെ അമളി മനസ്സിലാക്കിയ കുഞ്ഞിരാമേട്ടെൻറ മുഖം ശാന്തമായി.
''ക്ഷമിക്കണം ഇത് പട്ടം തന്നെ. ദൂരെ നിന്ന് കണ്ടപ്പോൾ ഞാൻ കരുതി പാരച്യൂട്ടാണെന്ന്.'' കുഞ്ഞിരാമേട്ടൻ സശ്രദ്ധം പട്ടത്തെ നിരീക്ഷിച്ച് പറഞ്ഞു.
കൂടുതൽ പരിശോധിച്ചപ്പോൾ സാധാരണ പട്ടങ്ങളിൽനിന്ന് ചില വ്യത്യാസങ്ങൾ ഇതിനുണ്ടെന്ന് കുഞ്ഞിരാമേട്ടന് മനസ്സിലായി. അയാൾ മുഴംകൈകൊണ്ട് വാലും ചിറകും അളന്ന് നോക്കി. ചില മനക്കണക്കുകൾ വായുവിൽ വരച്ച് കൂട്ടി. അയാളുടെ മുഖം വീണ്ടും വിവർണമായി.
''സാധാരണ പട്ടങ്ങളുടെ ചിറകിെൻറ ഇരട്ടിയാണ് അതിെൻറ വാല്. പക്ഷേ ഈ പട്ടത്തിെൻറ ചിറകുകൾ കുഞ്ഞനാണ്, കാത് പോലെ.'' കുഞ്ഞിരാമേട്ടൻ കുറച്ച് നേരം മൗനമായി. അവർ മൂന്ന് പേരും അയാളുടെ വചനധാരയിലേക്ക് പ്രതീക്ഷയോടെ നോക്കി. അവരുടെ നെറ്റിത്തടത്തിൽ വിയർപ്പിെൻറ ജാറങ്ങൾ പൊന്തിവന്നു. ഒരു തണുത്ത കാറ്റ് അയാളുടെ വെള്ളിമുടിയിലൂടെ തൊട്ട് പോയി. സൂര്യനിപ്പോൾ ഉച്ചിയിലല്ല. ഊന്നുകോൽ കുത്തിയുള്ള കുഞ്ഞിരാമേട്ടെൻറ നിൽപ്പ് വിചിത്രമായൊരു ഭീമൻപക്ഷിയുടെ നിഴലുണ്ടാക്കി.
''മക്കളേ സൂക്ഷിക്കണം. ഇത് ഉണ്ടാക്കിയ വിധം കണ്ടിട്ട് ചെവിയൂരിലേതാകാനാണ് സാധ്യത. കണ്ടില്ലേ അതിെൻറ കാത്. പൊല്ലാപ്പിനൊന്നും നിക്കാതെ ഇതിവിടെ ഉപേക്ഷിച്ച് പൊക്കോളിൻ. അതാണ് നല്ലത്.'' അതും പറഞ്ഞ് കുഞ്ഞിരാമേട്ടൻ അറപ്പുള്ള എന്തോ തൊട്ടപോലെ കൈ അപ്പക്കാടിൽ തുടച്ച് വേഗം തിരികെ പോയി.
ചെവിയൂരെന്ന് കേട്ടതും മറ്റുള്ളവരുടെ ഉള്ളിൽ ഭയം കുമിഞ്ഞു കൂടിയെങ്കിലും ദുഃഖിതനായ കുഞ്ഞിമോെൻറ ഉള്ളം ഉത്സാഹംകൊണ്ട് തുള്ളിച്ചാടി. ചെവിയൂര് മൊത്തം നിധിയാണ്. സ്വർണം ഉരുക്കിയൊഴിച്ച നിലങ്ങളും വർണക്കല്ലുകൾ പതിച്ച മകുടങ്ങളും സ്വതന്ത്രമായി പാറിപ്പറക്കുന്ന ആളുകളുമുള്ള ആരും ഇത് വരെ കാണാത്ത ഒരു മായികലോകം. അവിടെ മുട്ടാണി മുറിച്ചവർക്കൊന്നും വലിയ എടങ്ങേറുണ്ടാവില്ലെന്ന് കുഞ്ഞിമോൻ കരുതി. അവിടെപ്പോയി വന്നവരൊക്കെ വമ്പൻ പൈസക്കാരാണ്. ബേജാർ അബുക്ക പൈസക്കാരനായത് ചെവിയൂര് പോയിട്ടാണെന്ന് കുഞ്ഞിമോനോട് ഉമ്മുമ്മ പറഞ്ഞിട്ടുണ്ട്. ''അല്ലെങ്കി ഒസ്സാൻ അലവീെൻറ മോന് എവ്ട്ന്നാ ഇത്രേം കായി'' എന്നാണ് അതേക്കുറിച്ച് ഉമ്മൂമ്മയുടെ അഭിപ്രായം. അപമാനം സഹിച്ച് ഇനിയും ഉസ്കൂളിൽ പോകാൻ വയ്യ. സുഖമായി കഴിയാൻ പൈസക്കാരനായാൽ മതി. ചെവിയൂരെത്തിയാൽ രക്ഷപ്പെട്ടു. പക്ഷേ അവിടേക്കെത്താനുള്ള മാർഗമെന്താണെന്നോ, അവിടേക്ക് എങ്ങനെ പോകുമെന്നോ ആർക്കുമറിയില്ല. അവിടേക്കെന്ന് പുറപ്പെട്ട് പോയവരാരും തിരികെ വന്നിട്ടില്ല. നാട്ടിൽ കാണാതാവുന്ന സാഹസികരായ യുവാക്കൾ ചെവിയൂരിലേക്ക് പോയെന്നാണ് ആളുകൾ പറയുക. അതുകൊണ്ടാണ് നാട്ടുകാർക്കിത്ര പേടി. മനുഷ്യരെ മാച്ച് കളയുന്ന സ്ഥലമാണ് അതത്രേ. അവിടെ അത്രേം സുഖമായിരിക്കും അതാവും അവരൊന്നും തിരികെ വരാത്തതെന്ന് കുഞ്ഞിമോൻ കരുതി. ഇപ്പോഴാണെങ്കിൽ വഴിയറിയാത്തതിെൻറ പ്രശ്നവുമില്ല.
''നമുക്ക് ചെവിയൂര് പോകാ?'' കുഞ്ഞിമോൻ ചോദിച്ചു.
''ഞാനൊന്നുമില്ലേ'', കുട്ട്യാവ പറഞ്ഞു.
''ഞാൻ പോകും.'' കുഞ്ഞിമോൻ അവെൻറ തീരുമാനം അറിയിച്ചു.
''എങ്ങനെ പോകും?'' കുട്ട്യാവ തിരിച്ച് ചോദിച്ചു.
''ഈ നൂല് പുടിച്ച് പോയാ മതി.''
''കൊറേ ദൂരം കയിഞ്ഞാൽ നൂല് പൊട്ടീക്ക്ണെങ്കിലോ?''
''പൊട്ടീക്ക്ണെങ്കി തിരിച്ച് വരണം.''
''തിരിച്ച് വരാൻ വയ്യറീലെങ്കിലോ?''
''നൂല് പുടിച്ച് വന്നാ പോരേ.''
''ഞാനില്ല ഞാമ്പെരേപോകാ'', കുട്ട്യാവ തീർത്ത് പറഞ്ഞു.
''പെരേ പോതാം'', കുഞ്ഞാവയും അതിനെ ശരിവെച്ചു.
''അയ്യേ പേടിത്തൊണ്ടമ്മാര്, ഞാമ്പോവാ '', കുഞ്ഞിമോൻ ഉറപ്പിച്ചു.
''അത് ഭൂരിപത്ഷത്തിന് എതിരാണ്'', കുഞ്ഞാവ പറഞ്ഞു.
''ഭൂരിപക്ഷം പോയി തുലയട്ടേ.'' കുഞ്ഞിമോൻ പുറപ്പെട്ടു. അവൻ നൂലിൽ പിടിച്ച് കുന്നിറങ്ങി.
ചെവിയൂരെന്ന പ്രദേശം ഉണ്ടെന്നും ഇല്ലെന്നും, ഉണ്ടില്ലെന്നുമുള്ള വൈരുധ്യങ്ങൾക്ക് മേൽ വൈരുധ്യങ്ങൾ നിറഞ്ഞ പല കഥകളാണ് പഞ്ചായത്ത് കുന്നിൽ പ്രചാരത്തിൽ ഉണ്ടായിരുന്നത്. ചെവിയൂരിനെക്കുറിച്ച് ആകെ പ്രതീക്ഷ നൽകുന്ന ഒരേ ഒരു കഥ ബേജാർ അബുക്കാൻറത് മാത്രമാണ്. അയാൾ അത് നിഷേധിച്ചിട്ടുമില്ല. നാട്ടിലെ തല മുതിർന്ന ആളുകൾ അതാണ് വിശ്വസിച്ചിരുന്നത്.
എന്നാൽ അതൊരു നുണക്കഥയാണെന്നും അങ്ങനെയൊരു സ്ഥലമേ ഇല്ലെന്നും ആകാശത്തിെൻറ ഏതോ അറ്റത്ത് എണ്ണകിട്ടുന്ന ഒരു നാടുണ്ടെന്നും വിമാനത്തിൽ അങ്ങോട്ടാണ് ബേജാർ അബുക്ക പോയതെന്നുമാണ് മറ്റു ചിലരുടെ നിഗമനം.
അവരുടെ അഭിപ്രായത്തിൽ ചെവിയൂരിലേക്ക് പുറപ്പെടുന്ന യുവാക്കൾ മാഞ്ഞ് പോകുന്നതല്ലെന്നും പോലീസ് പിടിക്കുന്നതാണെന്നും മറ്റൊരു കഥയും നിലനിന്നിരുന്നു. എന്തായാലും കുഞ്ഞിരാമേട്ടൻ പറഞ്ഞ സ്ഥിതിക്ക് അതൊരിക്കലും നുണയാവാൻ സാധ്യതയില്ല. ചെവിയൂര് സത്യമാണ്. പോകേണ്ട വഴിയും കൃത്യം. നൂലിൽ പിടിച്ച് നടന്നാൽ മതി. ചെവിയൂരെത്തിയാൽ രക്ഷപ്പെട്ടു. എന്തുവന്നാലും ചെവിയൂരെത്തുകതന്നെ.
കലപ്പ വീണ വരമ്പുകൾ താണ്ടി ഊരകത്തിെൻറ ഇലകൾ അള്ളി മാറ്റി ഈങ്ങ മുള്ളുകൾ ചാടിക്കടന്ന് അവൻ നൂലിനെ പിന്തുടർന്നു.
എല്ലാ മാന്ത്രികദേശങ്ങളെക്കുറിച്ചുമുള്ള കഥകളിലെന്നപോലെ ആ നാട്ടിലെ ജനങ്ങളെക്കുറിച്ചും വിചിത്രമായ ഒരു കഥയുണ്ടായിരുന്നു. അവിടത്തുകാരുടെ ചെവി നാദസ്വരംപോലെ നീണ്ടിട്ടാണ് എന്നതായിരുന്നു അത്. അതിൽ ശിവാലികൾ 3 പോലെ തൊങ്ങലുകളുമുണ്ടത്രേ. അതുകൊണ്ടാണ് ആളുകൾ ചെവിയൂരെന്ന് വിളിക്കുന്നത്. അവിടെ എത്ര നിശ്ശബ്ദമായി പറഞ്ഞാലും എല്ലാവരും എല്ലാം കേൾക്കും. ആർക്കും അവിടെ രഹസ്യങ്ങളില്ല. പരദൂഷണത്തിന് അവിടെ പ്രസക്തിയേ ഇല്ല. എല്ലാം കേൾക്കുന്നതുകൊണ്ട് വലിയ അറിവാളികളാണ് അവിടത്തുകാർ. കാതിെൻറ നീളം കാരണം പെൺകുട്ടികൾ മുടിയുമായി മുടഞ്ഞ് കാതിനെ പിന്നിലേക്ക് തൂക്കിയിടുകയാണ് പതിവ്. പുരുഷന്മാർ താടി നീട്ടുകയും കാതുമായി മുടഞ്ഞ് മുന്നിലേക്ക് തൂക്കിയിടുകയും ചെയ്യുന്നു. മൗനമാണ് അവിടത്തെ നടപ്പുഭാഷ. സൗന്ദര്യത്തിന് മാത്രമാണ് അവിടെ പ്രസക്തി. അറിവിന് അവിടെ പുല്ല് വില. വെറും പച്ചയായ സൗന്ദര്യം. അതിലാണ് കാര്യം. ഇനി സൗന്ദര്യം അളക്കുന്നതോ കാതിെൻറ നീളം വെച്ചും. ഏറ്റവും ചെറിയ കാതുള്ള ആൾക്ക് ഏറ്റവും കുറഞ്ഞ് കേട്ടാൽ മതി. എല്ലാ ശബ്ദത്തെയും ആഗിരണം ചെയ്യുന്ന വലിയ കാതിെൻറ അസഹ്യത കാരണം അവർ ഒന്നും കേൾക്കാത്തവരെ ആരാധിച്ച് പോന്നു. ഭരണം ഏറ്റവും കുറഞ്ഞ് കേൾക്കാൻ കഴിയുന്ന ഒരാൾക്കായിരിക്കും. അതിനൊരു മത്സരവും അവർ സംഘടിപ്പിക്കാറുണ്ട്. മത്സരാർഥികൾ തന്നെ കാണികളായ ചടങ്ങിൽ അവർ ഉറക്കെ കൂവും. കൂവി കൂവി ശബ്ദം ഏറ്റവും കൂടുതൽ സഹിക്കാൻ കഴിയുന്ന ഒരാൾ രാജാവാകും. പ്രജകൾ മത്സരത്തിെൻറ തലേന്ന് തന്നെ ചെവിയടച്ച് പ്രത്യേകം സജ്ജമാക്കിയ മാളങ്ങളിൽ പോയി ഒളിച്ചിരിക്കും. വിജയിയെ പ്രഖ്യാപിച്ചതിന് ശേഷം മാത്രമേ അവർ തിരിച്ചെത്തുകയുള്ളൂ. രാജാവിനെ തോൽപിക്കാൻ മറ്റൊരാൾ തയാറാവുന്നത് വരെ വിജയി ഭരണം തുടരും. തെൻറ കാത് കുഞ്ഞു കാതാണല്ലോ എന്നോർത്തപ്പോൾ കുഞ്ഞിമോന് സന്തോഷം തോന്നി. ഇനി പൊരേക്ക് വരാതെ രാജാവിനെ വെല്ലുവിളിച്ച് കൂവൽ മത്സരത്തിൽ തോൽപ്പിച്ച് അവിടെ തന്നെ രാജാവായി കഴിഞ്ഞാലും വേണ്ടില്ല ഉസ്കൂളിലേക്കിനി പോകാൻ വയ്യ. അവൻ നൂലിൽ പിടിച്ച് നടത്തം തുടർന്നു.
പോകും വഴി, പെെട്ടന്നുണ്ടായ വള്ളിയെ സംശയത്തോടെ പരിശോധിക്കുന്ന ചില പക്ഷികളെ കുഞ്ഞിമോൻ കണ്ടു. അവൻ അവയെ ആട്ടിപ്പായിച്ചു. ഇടക്ക് കുരങ്ങുകളെ കണ്ട് മാത്രമാണ് അവന് പേടി തോന്നിയത്. എന്നാൽ കുരങ്ങുകൾ അവനെ കണ്ട് പേടിച്ച് മറ്റു മരച്ചില്ലകളിലേക്ക് പാഞ്ഞ് പോയതോടെ അവെൻറ കുരങ്ങുപേടി ഇല്ലാതായി.
ഒരിടത്തെത്തിയപ്പോൾ നൂല് ഒരു വന്മരത്തിൽ കുടുങ്ങിക്കിടക്കുകയാണ്. അവൻ ഇളക്കി നോക്കി. നൂല് മരത്തിൽനിന്നും അഴിയുന്ന മട്ടില്ല. വൈകുന്നേരമായി. ഉടനെ വെയിൽ പോകും. പിന്നെ ഇരുട്ടാണ്. നൂലിൽ പിടിക്കാതെ നടന്നാൽ രാത്രി വഴി തെറ്റും. അവൻ കല്ലിൽ നൂലുരച്ച് അറുത്തെടുത്തു. മരത്തിൽനിന്നും നൂൽ ഇളക്കി അഴിച്ചു. അറ്റം കൈയിൽ ചുറ്റിക്കൊണ്ട് നടക്കാൻ തുടങ്ങി. നൂലിെൻറ ഭാരം കൂടുമ്പോഴെല്ലാം അവൻ നൂൽ അറുത്ത് കളഞ്ഞു. ദാഹിച്ചപ്പോൾ അവൻ ചോലവെള്ളം കുടിച്ചു. വിശന്നപ്പോൾ അവൻ വേനൽപഴങ്ങൾ തിന്നു. ഒരേയൊരു ലക്ഷ്യം ചെവിയൂര് മാത്രം.
പനഞ്ചിറ താണ്ടി, പുളിങ്കുന്ന് താണ്ടി, വടേരി താണ്ടി, കാട്ടിലൂടെ അവൻ നടന്നു. നൂല് നീണ്ട് നീണ്ട് നീലിമലയുടെ മുകളിലേക്ക് കയറിപ്പോവുകയാണ്. പോക്ക് വെയിൽ കൂഴ ചിതറിയപോലെ ചില്ലകളരിച്ച് വീണ് കിടന്നു. അവൻ വെയിൽ വീണ നിലത്ത് മാത്രം ചവിട്ടി നടക്കുന്ന കളിയിലേർപ്പെട്ടു. ഇടക്ക് ചാടേണ്ടിയും ചെരിയേണ്ടിയും വന്നു. അങ്ങനെ നടക്കുമ്പോൾ ചതുരംഗപലകയിലെ വെളുത്ത കള്ളികളിലൂടെ നടക്കുന്ന മന്ത്രിയാണ് താനെന്ന് അവന് തോന്നി. കുറച്ച് കഴിഞ്ഞപ്പോൾ വെയിൽ മാഞ്ഞു. പലകയിൽ കറുത്ത കള്ളികൾ മാത്രമായി. കട്ടക്കരി ഇരുട്ടിൽ മല മുങ്ങിപ്പോയി. ചുറ്റും ചീവീടുകളുടെ കനപ്പെട്ട പ്രാർഥന തുടങ്ങി. കാറ്റടിച്ചപ്പോൾ കാട് അത് വരെ അടച്ച് പിടിച്ചിരുന്ന അതിെൻറ നൂറായിരം കണ്ണുകൾ തുറന്നു. ആ മിന്നാമിന്നികൾ ഇരുട്ടിനെ കൂടുതൽ കടുപ്പമാക്കി. അവൻ മല കയറുന്നത് തുടർന്നു. ഒന്നും കാണാൻ വയ്യ. കുറേ നേരമായുള്ള നടത്തമാണ്. കാലിലെ പേശികളൊക്കെ കടഞ്ഞ് തുടങ്ങി. കയറ്റത്തിനിടക്ക് ഇരുട്ടിൽ തെറിച്ചുനിന്ന കല്ലിൽ വെച്ചുകുത്തി. അവന് നന്നായി വേദനിച്ചു. ഒരടിപോലും പിന്നീട് നടക്കാൻ വയ്യെന്ന അവസ്ഥയായി.
വല്ല പുലിയോ കരടിയോ തന്നെ വന്ന് തിന്നുമോ എന്നാലോചിച്ചപ്പോൾ അവന് പേടി തോന്നി. അവൻ ഒരു വഴുവഴുത്ത പാറയുടെ മുകളിലേക്ക് ഏന്തിവലിഞ്ഞ് കയറി. കുറച്ച് നേരം വിശ്രമിക്കണമെന്നേ കരുതിയിരുന്നുള്ളൂ. പക്ഷേ അവൻ ഉറങ്ങിപ്പോയി.
ഉറക്കത്തിൽ അവൻ ബീഡി വലിക്കുന്ന ആനകളെ സ്വപ്നം കണ്ടു. തുമ്പിക്കയ്യിൽ ബീഡി ചുരുട്ടിപ്പിടിച്ച് പുക വലിച്ചൂതിവിട്ട് ആനകൾ കോടയുണ്ടാക്കിക്കൊണ്ടിരുന്നു. കോട ലോകത്തെയാകമാനം വന്ന് പൊതിയുന്നു.
ഉണർന്നപ്പോൾ നേരം വെളുത്തു. നോക്കുമ്പോൾ അവൻ കൊടുമുടിയുടെ തുഞ്ചത്താണ്. പിന്നിൽ നിന്നും ഊക്കോടെ വെയിൽ തള്ളിയപ്പോൾ നിഴൽ കൊല്ലിയിലേക്ക് മറിഞ്ഞ് വീണു. ദൂരെ ദൂരെ കടല് കാണാം. നൂല് കടലിലേക്കാണ് നീളുന്നത്. താൻ ഉറങ്ങിപ്പോയത് നന്നായെന്ന് അവൻ ആശ്വാസപ്പെട്ടു. അല്ലേൽ കണ്ണ് കാണാതെ കൊല്ലിയിലേക്ക് വീണ് പോയേനെ. അവൻ പാറയുടെ അരികിലുള്ള വളർന്ന് മുറ്റിയ പാറകത്തിൽ നൂലിനെ കെട്ടിയിട്ടു. ഇനിയങ്ങോട്ട് എങ്ങനെ പോകാമെന്ന് ആലോചിച്ചു. അവൻ കീശയിൽനിന്നും കവണയെടുത്ത് തെറ്റലഴിച്ച് നൂലിൽ കൊളുത്തി. കവണക്കയ്യിൽ പിടിച്ച് ഊർന്ന് പോകാൻ തീരുമാനിച്ചു. അപ്പോഴാണ് താൻ നിന്നുകൊണ്ടിരിക്കുന്ന പാറ ശ്വാസം വിടുന്നതായി അവന് അനുഭവപ്പെട്ടത്. അവൻ പാറക്ക് ചുറ്റും ചെറുതായൊന്ന് നോക്കി. ഇരുവശത്തും രണ്ട് മുറങ്ങൾ മാത്രം. കാറ്റ് കൊണ്ടോ മറ്റോ അത് ഇടക്കിടക്ക് ഇളകുന്നുമുണ്ട്. മുറങ്ങളെടുത്ത് പക്ഷികളെപ്പോലെ പാറിപ്പാറി പോയാലോ എന്നവൻ ആലോചിച്ചു. വേഗം കൈ കുഴഞ്ഞ് പോകുമെന്നും വീണാൽ അഗാധമായ കൊല്ലിയിലേക്ക് നിലം പറ്റുമെന്നും തോന്നിയപ്പോൾ അവൻ പഴയ പദ്ധതിയിൽ തന്നെ ഉറച്ച് നിന്നു.
അവൻ കവണപ്പിടികളിൽ പിടിച്ച് ഊർന്ന് തുടങ്ങി. ഊർന്നൂർന്ന് പോകവേ കാറ്റിെൻറ അദൃശ്യമായ ഭിത്തി അവനെ ആവത് തടഞ്ഞ് നോക്കി. അവെൻറ കുപ്പായവും മുടിയും പിന്നോട്ട് പിന്നോട്ട് ഉലഞ്ഞുകൊണ്ടിരുന്നു. താഴെ മരങ്ങളെല്ലാം കുരപ്പൻ പായൽപോലെ ഊർധിച്ച് നിന്നു. കുന്നുകളെല്ലാം പായൽ പടർന്ന് മിനുസമായ ഉരുളൻ കല്ലുകൾപോലെ.
ഒരു നൂൽ നിയന്ത്രിക്കുന്ന പോക്കാണെങ്കിലും താൻ പറക്കുകയാണെന്ന് അവന് തോന്നി. സന്തോഷത്തോടെയുള്ള ആ പോക്കിൽ അവന് സമാന്തരമായി ഒരു അരിപ്രാവ് പറന്നു വന്നു. അത് തല ചെരിച്ച് കുഞ്ഞിമോനെ നോക്കി ചിരിച്ചു.
''എങ്ങോട്ടേക്കാ?'' അരിപ്രാവ് ചോദിച്ചു.
''ചെവിയൂരിക്ക്.'' അവൻ മറുപടി പറഞ്ഞു.
''വഴിയറിയോ?''
''നൂല് പുടിച്ച് പോയാ മതി.''
''ഞാനും വരട്ടെ...''
''എന്തേ? അേൻറം മുട്ടാണി മുറിച്ചോ?''
''ഏയ് അതല്ല.'' അരിപ്രാവിന് നാണം വന്നു. ''ചെവിയൂരിൽ ഇഷ്ടംപോലെ പഴങ്ങളാണെന്ന് മുത്തിപ്പക്ഷി പറഞ്ഞിട്ടുണ്ട്.''
''ഓഹ്, അതിനെന്താ കയറിക്കോ.'' അവൻ കീശ കാണിച്ചുകൊടുത്തു. കൂട്ടിന് ആളായപ്പോൾ കുഞ്ഞിമോന് കൂടുതൽ ധൈര്യമായി.
കടൽ അടുത്തടുത്തായി വന്നുകൊണ്ടിരുന്നു. അവനൊരിക്കലും കടല് കണ്ടിരുന്നില്ല. കഥയിലൊഴികെ. നൂല് താഴ്ന്ന് തിരമണലിൽ കാൽ തട്ടി തെറിച്ച് വീണു. വീഴുമ്പോഴും ഹൃദയം തെറിച്ച് വീണേക്കുമെന്ന ഭയംപോലെ അവൻ കീശ ഭദ്രമാക്കിപ്പിടിച്ചു.
''ഒന്നും പറ്റിയില്ലല്ലോ?'' അവൻ അരിപ്രാവിനോട് ചോദിച്ചു.
''ഇല്ല കൂട്ടുകാരാ'', അരിപ്രാവ് പറഞ്ഞു. നൂല് നീണ്ട് നീണ്ട് തുരുമ്പിച്ചു പഴകിയ ഒരു കുഞ്ഞു കപ്പലിലേക്ക് നീളുന്നുണ്ടായിരുന്നു. പാതി കരയിലും കടലിലുമായി കിടക്കുന്ന ആ കപ്പലൊരു മെരുങ്ങാത്ത മൃഗത്തെപ്പോലെയാണെന്ന് കുഞ്ഞിമോന് തോന്നി.
അവൻ ദേഹത്ത് പറ്റിയ ചീരവിത്ത് പോലുള്ള മണൽതരികൾ തട്ടി മാറ്റി. തെറിച്ച് പോയ കവണക്കൈ കൈയിലെടുത്ത് താൻ ഇതുവരെ കണ്ടിട്ടില്ലാത്ത ആ അതിശയത്തെ നോക്കി നിന്നു. കടൽതിരകൾ. എന്തൊരു ഭംഗി. ഒാരോ തിരക്ക് പിന്നിലും പല തിരകൾ മിനുക്കമുള്ള ചിറി കാട്ടി തുടരത്തുടരെ ചാടിവീഴുന്നു. തിരകളെ അത്ഭുതത്തോടെ നോക്കി നിൽക്കേ അതിൽനിന്നും പൊന്തി വന്ന മല്ലൻ ഞണ്ടുകളുടെ ഇറുക്കുകാലുകൾ കണ്ടപ്പോൾ കുഞ്ഞിമോന് ഒരു കാര്യം മനസ്സിലായി. അത് ശരി. അപ്പൊ ഞണ്ടുകളാണല്ലേ തിരകളെ വലിച്ചിടുന്നത്. അതോടെ അവൻ കപ്പലിലേക്ക് വേഗം കയറി. വെറുതേ സമയം കളയാൻ. ഉടനേ ചെവിയൂരെത്തണം. പൈസക്കാരനാവണം.
അവൻ കപ്പലിലേക്ക് കയറിയതും അനന്തമായ ഉറക്കമുണർന്ന് സടകുടഞ്ഞെഴുന്നേറ്റ മൃഗത്തെപ്പോലെ അത് ചലിച്ച് തുടങ്ങി. താനൊഴികെ കപ്പലിൽ മറ്റാരുമില്ലെന്ന് കുഞ്ഞിമോൻ മനസ്സിലാക്കുമ്പോഴേക്കും നടുക്കടലിലേക്ക് പാഞ്ഞടുത്ത കപ്പൽ ഘോരമായ കുമിളകളെ പിന്നിലേക്ക് തുപ്പി കടലിലേക്ക് താഴ്ന്നു. കുഞ്ഞിമോൻ ഭയപ്പാടോടെ അരിപ്രാവുറങ്ങുന്ന കീശ ഭദ്രമാക്കിപ്പിടിച്ചു. കൂട്ടുകാരാ...ഒരു കുമിളയിലകപ്പെട്ട ഉറുമ്പിനെപ്പോലെ കപ്പൽ കടലിെൻറ പള്ളയിലൂടെ ചലിച്ചു.
കുറച്ച് പിന്നിട്ടപ്പോൾ വയറ് നിറയെ കഥകളുള്ള ഒരു ഭീമൻ മത്സ്യം തൊട്ടൂ തൊട്ടില്ലെന്ന മട്ടിൽ കടന്നുപോയി. അതിെൻറ ഉദരത്തിൽ പണ്ട് ആരോ കത്തികൊണ്ട് കീറിയ പാടുണ്ടായിരുന്നു. അതിന് ശേഷം കടലാകെ വിജനമായി. ഒരു പൊടിമീനിനെപ്പോലും കാണാനില്ല. പോയിട്ടും പോയിട്ടും എവിടെയും എത്തുന്നില്ല. കുമിളക്കുള്ളിൽ തെൻറ ശ്വാസ നിശ്വാസങ്ങളെ തന്നെ ശ്വസിച്ചിരിക്കേ കുഞ്ഞിമോന് ഭയം തുടങ്ങി. അവൻ കുട്ട്യാവയെയും കുഞ്ഞാവയെയും ഓർത്തു. പഞ്ചായത്ത് കുന്നിലെ അവരുടെ പാളയുതകൽ ഓർത്തു.
അവരെ ഇനിയൊരിക്കലും കാണാൻ പറ്റില്ലേയെന്നോർത്തു. അവർ തന്നെ മറന്ന് പോകുമോ എന്നോർത്തപ്പോൾ അവന് സങ്കടമായി. തിരിച്ചെത്തിയാൽ കുറേ പണം അവർക്കും കൊടുക്കണം എന്നവൻ തീരുമാനിച്ചു. പക്ഷേ എങ്ങനെ പോകും. ഇതെവിടെയും എത്തുന്നില്ലല്ലോ. കുറച്ച് കഴിഞ്ഞപ്പോൾ ഒറ്റക്കായ മനുഷ്യരെപ്പോലെ അവന് വിചിത്രമായ പല ആലോചനകളുമുണ്ടായി.
ആദ്യം താനായിരുന്നു നൂലിനെ പിന്തുടർന്നത്. പിന്നീട് കപ്പൽ നൂലിനെ പിന്തുടർന്നു. ഇപ്പോൾ ഈ ഭീമൻകുമിള ഒരു അന്തർവാഹിനിയെപ്പോലെ അതിെൻറയുള്ളിൽ ഒരു കപ്പലിനെയും അതിൽ തന്നേയും തെൻറ കീശക്കുള്ളിൽ ഒരു കുഞ്ഞു അരിപ്രാവിനെയും വഹിച്ച് നൂലിനെ പിന്തുടരുന്നു. എന്താണിതിെൻറയൊക്കെ അർഥം. തന്നെ ശരിക്കും ഇത് എങ്ങോട്ടാണ് കൊണ്ടുപോകുന്നത്. ഇനി ഇതു കൊണ്ടുപോകുന്നുണ്ടെന്നത് ഒരു തോന്നൽ മാത്രമാണോ. ചിലപ്പോൾ ഇത് എങ്ങോട്ടും പോകുന്നില്ലെങ്കിലോ. ആകാശമോ ഭൂമിയോ കാണാൻ കഴിഞ്ഞിരുന്നെങ്കിൽ ഇത് ചലിക്കുന്നുണ്ടോ എന്ന് മനസ്സിലാകുമായിരുന്നു. അത് രണ്ടുമില്ലാത്തിടത്ത് എന്ത് ചെയ്യും. കുറേ നേരമായി ഒരു പരലിനെപോലും കാണാനില്ല. മുന്നിലും പിന്നിലും നൂലുണ്ട്. മുന്നോട്ടാണോ പിന്നോട്ടാണോ ഇത് ചലിക്കുന്നതെന്ന് പറയാൻ പറ്റുന്നില്ല. കടലിലെ ഏതോ ഒരു സ്ഥലത്ത് വെച്ച് ഇത് അനങ്ങാതിരിക്കുകയാണെങ്കിലോ?
മണിക്കൂറുകളോ ദിവസങ്ങളോ കഴിഞ്ഞപ്പോൾ തനിക്ക് വിശക്കാത്തതെന്തെന്നും ഉറക്കമില്ലാത്തതെന്തെന്നുമുള്ള ആലോചന അവനുണ്ടായി. ഉറക്കത്തെക്കുറിച്ച് ഓർത്തപ്പോൾ അവന് തെൻറ കൂർക്കം വലിച്ചുറങ്ങുന്ന നിഴലിനെക്കുറിച്ച് ഓർമ വന്നു. അവൻ ചുറ്റും പരതിനോക്കി. നിഴലിനെ കാണാനില്ല. അല്ലാഹ്! എെൻറ പുന്നാര നിഴലെവിടെ. അവൻ കപ്പൽ അരിച്ചുപെറുക്കി. നിഴലിനെ കാണാനില്ല. അതെവിടെയോ വീണ് പോയി. അവന് സങ്കടം വന്നു. പക്ഷേ കരയാൻ കഴിയുന്നില്ല. ഹൃദയം കഠിനമായ പാറപോലെ ഉറഞ്ഞ് നിൽക്കുന്നു. അവൻ കണ്ണുകളടച്ചു. കാഴ്ച മറയുന്നില്ല. എന്താണിതൊക്കെ. താൻ മരിച്ച് പോയെന്നും ഈ അന്തർവാഹിനി തന്നെ പരലോകത്തേക്ക് കൂട്ടിക്കൊണ്ട് പോവുകയാണെന്നും കുഞ്ഞിമോന് തോന്നി. പാപ ബോധങ്ങളെപ്പറ്റിയുള്ള വിചാരമുണ്ടായപ്പോൾ അവൻ കൈപ്പള്ളയിൽ നുള്ളിനോക്കി. ഹൗ. വേദനിക്കുന്നുണ്ട്.
അതിനുശേഷം അധികം താമസിയാതെ അലോസരമില്ലാത്ത ശബ്ദത്തോടെ കപ്പൽ ചെവിയൂരിൽ ചെന്ന് മുട്ടി. ചില തുരുമ്പ് കട്ടകൾ നിലത്തേക്ക് ചാടി. ഇത്രകാലത്തെ യാത്രക്ക് ശേഷം താൻ എത്തിപ്പെട്ടത് കടലിനടിയിൽ മറിച്ചിട്ടത് പോലെയുള്ള മറ്റൊരു ലോകത്താണെന്ന് കുഞ്ഞിമോന് മനസ്സിലായി. കപ്പൽ വന്നതിെൻറ പാടുമായി നുരഞ്ഞ കടലാണ് മുകളിൽ. അതിനും മുകളിൽ ആകാശം. എങ്ങും കടലിെൻറ പുളിച്ച മണം.
'ചീവീടുകൾക്ക് പ്രവേശനമില്ല' എന്നെഴുതിയിരിക്കുന്ന ഒരു വലിയ ഭിത്തിയാണ് അവൻ ആദ്യം കണ്ടത്. അതിെൻറ മുകളിൽ കൂർത്ത കമ്പികളോ കുപ്പിച്ചില്ലോ ഉണ്ടായിരുന്നില്ല. അവൻ കൗതുകത്തോടെ ഭിത്തിയിലേക്ക് കുറച്ച് നേരം നോക്കി നിന്നു. പെട്ടെന്ന് ആ എഴുത്തുകൾ ഉരുകി വീണ് അപ്പോൾ തെളിഞ്ഞ് വന്ന ഒരു വിഷക്കുപ്പിയുടെ ഉള്ളിലേക്ക് കയറി. പൊട്ടിത്തെറിയുടെ ചിഹ്നത്തിൽ അതിെൻറ വിലവിവരവും പൊന്തിവന്നതോടെ അതൊരു പരസ്യമായിരുന്നെന്ന് കുഞ്ഞിമോന് മനസ്സിലായി.
ആ പരസ്യം മാഞ്ഞ് പോയി മറ്റൊരു പരസ്യം ഭിത്തിയിൽ തെളിഞ്ഞ് വന്നു. സൈലൻസ് എന്നു പേരുള്ള ഒരു പാട്ട്പെട്ടിയുടെ പരസ്യമായിരുന്നു അത്. ഒരാൾക്കോ ഒരു കുടുംബത്തിനോ സംഗീതമാസ്വദിക്കാൻ കഴിയുന്ന വെവ്വേറെ വലുപ്പത്തിനുള്ള വലിയ പാട്ട്പെട്ടികളായിരുന്നു ആ പരസ്യത്തിൽ പ്രദർശിപ്പിച്ചിരുന്നത്. സൈലൻസ് പാട്ട്പെട്ടികളുടെ സവിശേഷ ഗുണങ്ങളെ കുറിച്ച് അവതാരിക ശബ്ദരഹിതമായി പരിചയപ്പെടുത്തുന്നുണ്ടായിരുന്നു. ആദ്യം ആ വലിയ പാട്ടുപെട്ടിക്ക് അകത്തേക്ക് കയറി കതകടച്ച് അതിനെ നിയന്ത്രിക്കാവുന്ന വ്യത്യസ്തമായ ബട്ടണുകളെ അവൾ പരിചയപ്പെടുത്തി. പിന്നീട് അതിനുള്ളിലെ സുഷിരങ്ങളിൽ ഘടിപ്പിച്ച അനേകം തൂവലുകളുടെ മിനുസത വർണിച്ചു. അതിനു ശേഷം ശബ്ദരഹിതമായ താളത്തോടെയും കൂടുതൽ ഭംഗിയോടെയും എങ്ങനെയാണ് സൈലൻസ് പ്രവർത്തിക്കുന്നതെന്ന് കാണിച്ച് തന്നു. വിവസ്ത്രയായ അവളുടെ ശരീരത്തിലൂടെ തൂവലുകൾ ഒഴുകി നടക്കുന്നത് കണ്ടപ്പോൾ കുഞ്ഞിമോന് നാണം വന്നു. ഇക്കിളികൊണ്ടാവാം അവൾ കീഴ്ചുണ്ട് കടിച്ച് പിടിച്ചിരുന്നു. പെട്ടിയിൽനിന്നും പുറത്തേക്ക് വന്ന അവൾ പ്രത്യേകം പരിശീലനം നേടിയ ചിത്രശലഭങ്ങളെ ഉപയോഗിച്ചുകൊണ്ടുള്ള പരമ്പരാഗതമായ പാട്ട്പെട്ടികളെക്കൂടി പരിചയപ്പെടുത്തിയതോടെ കമ്പനിയുടെ പേരെഴുതിക്കാണിച്ചു. ''സംഗീതം ഒരു സ്പർശന കലയാണ്'' എന്നതായിരുന്നു സൈലൻസിെൻറ വേദവാക്യം.
ആ പരസ്യം കഴിഞ്ഞ് ചെവിയൂരിലെ ദേശവാർത്തകൾ ഭിത്തിയിൽ തെളിഞ്ഞു. ശബ്ദപ്പെട്ടികൾക്ക് ബാറ്ററി വാങ്ങിയെന്നതിെൻറ പേരിൽ മുപ്പത് വർഷമായി തടവിൽ കഴിയുന്ന ഒരാളെക്കുറിച്ചായിരുന്നു ആ വാർത്ത. അയാൾ ഉപയോഗിച്ചെന്ന് കരുതുന്ന റേഡിയോയോ ടേപ്പ്റെക്കാർഡോ പോലുള്ള ഒരു കുഞ്ഞുപെട്ടി തലയോട്ടി ചിഹ്നത്തോടെ ഇടക്കിടക്ക് മിന്നിമിന്നി കാണിച്ചിരുന്നു. ശബ്ദവുമായി കൂട്ടിക്കെട്ടിയുള്ള ഒരു പുളിച്ച തെറിയായിരുന്നു അയാളെ കുറിക്കാൻ വാർത്തയിൽ ഉപയോഗിച്ചിരുന്ന വാക്ക്.
ഇത്തരക്കാർക്ക് മരണശിക്ഷ നൽകുന്ന പുതിയ നിയമം കൊണ്ടുവരണമെന്ന ചെവിയൂരുകാരുടെ കൂടിവന്ന ആവശ്യമായിരുന്നു വാർത്തയിൽ ഉടനീളം ഉണ്ടായിരുന്നത്.
ഭിത്തിയിൽനിന്ന് കണ്ണെടുത്ത് കുഞ്ഞിമോൻ ചുറ്റുമൊന്ന് നോക്കി. അപ്പോഴാണ് കപ്പലിെൻറ വരവറിഞ്ഞ് പിന്നിൽ തടിച്ച് കൂടിയ ചെവിയൂരുകാരെ കുഞ്ഞിമോൻ കാണുന്നത്. പെട്ടെന്നുള്ള ശബ്ദത്തെ ഭയന്നിട്ടെന്നവണ്ണം അവർ തങ്ങളുടെ നീണ്ട ചെവിത്തലപ്പുകൾ മുറുക്കിപ്പൊത്തിയാണ് നിന്നിരുന്നത്. കേട്ട കഥകളിൽനിന്ന് അവർക്ക് വലിയ വ്യത്യാസമുള്ളതായി കുഞ്ഞിമോന് തോന്നിയില്ല.
കൂട്ടത്തെ വിലക്കിമാറ്റി ഒരു ചെറു ചെവിയൻ അടുത്തേക്ക് വന്നു. അയാളെ കണ്ടതും കുഞ്ഞിമോന് അയാളായിരിക്കാം രാജാവെന്ന് തോന്നി. കിരീടമില്ല. ചെങ്കോലില്ല. തികച്ചും ആധുനികനായ ഒരു രാജാവ്.
''ങ്ഹാ വരണം...വരണം... നിങ്ങളെ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു ഞങ്ങൾ.'' അയാൾ ഒരു ചെറു പുഞ്ചിരിയോടെ പറഞ്ഞു.
എന്നെയോ എന്ന അർഥത്തിൽ കുഞ്ഞിമോൻ ഒന്നും മനസ്സിലാവാതെ അയാളെ നോക്കി.
''ങ്ഹാ... അതെ. നിങ്ങളെത്തന്നെ. നമുക്ക് കുറച്ച് മാറിനിന്ന് സംസാരിക്കാം. അറിയാമല്ലോ, ഇവിടത്തുകാർക്ക് ശബ്ദം അത്ര ഇഷ്ടമല്ല.'' അയാൾ ഇടത് വശത്തേക്ക് ചൂണ്ടിക്കൊണ്ട് പറഞ്ഞു.
കുഞ്ഞിമോൻ അയാളെ പിന്തുടർന്നു. കുറച്ച് അകലെയല്ലാത്ത ആളൊഴിഞ്ഞ ഒരു കെട്ടിടത്തിെൻറ മുന്നിൽ നേരത്തേ ഒരുക്കിയിരുന്ന രണ്ട് കസേരകളിൽ അവർ മുഖാമുഖം ഇരുന്നു.
''ശരിക്കും ഇതിെൻറ ആവശ്യമൊന്നുമില്ല. '' അയാൾ കുഞ്ഞിമോനോടായി പറഞ്ഞുതുടങ്ങി. ''പിന്നെ ഓരോ ആൾക്കാർക്കും ഓരോ രീതിയാണല്ലോ. ഞാൻ സ്ഥാനമേറ്റിട്ട് അധിക കാലമായില്ല. എന്തെങ്കിലുമൊക്കെ ഒരു മാറ്റം നല്ലതല്ലേ...''
കുഞ്ഞിമോന് ഒന്നും മനസ്സിലായില്ല. അയാളുടെ നീണ്ട മുഖവും കൂർത്ത പുരികവും ആഴമുള്ള കണ്ണുകളും നോക്കിക്കൊണ്ട് അയാളെ ശ്രദ്ധിക്കുന്നുണ്ടെന്നമട്ടിൽ അവൻ ഇരുന്നു.
''ഒന്നും മനസ്സിലാകുന്നില്ല അല്ലേ'', കുഞ്ഞിമോെൻറ മനസ്സ് വായിച്ചിട്ടെന്നവണ്ണം അയാൾ സംസാരം തുടർന്നു. ''ശരി. നിങ്ങൾ പട്ടത്തിെൻറ നൂല് പിന്തുടർന്നാണല്ലോ ഇവിടേക്ക് വന്നത്. നിങ്ങൾക്ക് പട്ടത്തെക്കുറിച്ച് എന്തറിയാം?''
''ഒന്നുമറീല'', കുഞ്ഞിമോൻ മറുപടിനൽകി.
''ങ്ഹാ... നിങ്ങൾക്കെങ്ങനെ അറിയാനാണ്.'' അയാളുടെ സ്വരം മാറി: ''അതീ മനുഷ്യകുലത്തിന് തന്നെ അറിയില്ല. എന്നാലും എന്തൊരു അത്ഭുതകരമായ അനുകരണശേഷിയുള്ള ജീവിയാണ് മനുഷ്യൻ എന്നാണ് ആലോചിക്കുന്നത്. പട്ടത്തെ അനുകരിച്ച് വിമാനങ്ങളെ വരെ പറത്തി. ഏകദേശം പത്തായിരം വർഷങ്ങളേക്കാൾ കൂടുതലായി മനുഷ്യർ പട്ടം പറത്താൻ തുടങ്ങിയിട്ട്. 4 അന്നൊന്നും ചക്രങ്ങൾപോലും ഉപയോഗിച്ചിരുന്നില്ല. 5 എന്നിട്ടും അക്കാര്യത്തിൽ മനുഷ്യന് ഒരു അത്ഭുതവും തോന്നുന്നില്ല. ഒരു അന്യലോക സങ്കൽപത്തിെൻറ അനുകരണമാണ് പട്ടങ്ങളെന്ന് പോലും മനസ്സിലാക്കിയിട്ടില്ല. മരമണ്ടന്മാർ. അതെന്തായാലും നന്നായി. അല്ലേൽ കെട്ടും ഭാണ്ഡവും എടുത്ത് ഇങ്ങോട്ട് പുറപ്പെട്ടേനെ.''
ങ്ഹാ... മനുഷ്യർ പട്ടങ്ങൾ ഉപയോഗിക്കുന്നതിെൻറ ദുഷിപ്പൊന്നുമല്ല ഇത് കെട്ടോ. മാത്രമല്ല അതൊരു നല്ല ഏർപ്പാടുമാണ്. എല്ലാവരും പട്ടങ്ങൾ ഉപയോഗിക്കട്ടെന്നേ. പണ്ടായിരുന്നെങ്കിൽ മേഘങ്ങൾക്കുള്ളിലേക്ക് കടത്തിയും വലിയ ഉയരങ്ങളിലേക്ക് പറത്തിയും മറ്റാരും കാണാതെ ഞങ്ങളുടെ പട്ടത്തെ ക്രമീകരിക്കണമായിരുന്നു. ഇന്നിപ്പോൾ അങ്ങനെയൊന്നും വേണ്ട. പട്ടമൊരു സാർവത്രികവസ്തുവാണല്ലോ. അതിനിടയിൽ ചെവിയൂരിലെ പട്ടങ്ങൾ കണ്ടാലും ആരും അങ്ങനെ അതിശയിക്കാനിടയില്ല. ഏതോ ഒരു വലിയ പട്ടം ആരോ ഒരാൾ പറത്തുന്നു. അത്ര തന്നെ. പക്ഷേ ഞങ്ങളുടെ പട്ടങ്ങൾ ചുമ്മാ ഒരു കൗതുകത്തിന് വേണ്ടിയുള്ളതല്ല. അതീ ലോകം ഉണ്ടായ കാലം മുതലുള്ളതാണ്. ഇവിടെയുള്ള നിശ്ശബ്ദത നിയന്ത്രിക്കുന്നതിൽ പട്ടങ്ങൾക്ക് വലിയ പങ്കുണ്ട്. എത്ര ശ്രദ്ധിച്ചാലും ശിഷ്ടശബ്ദങ്ങളെ ഞങ്ങൾക്കൊഴിവാക്കാൻ കഴിയാറില്ല. നിങ്ങളുടേത് പോലെയല്ല ഇവിടെ. പറഞ്ഞു കഴിഞ്ഞ വാക്കുകൾ ഇവിടെ തന്നെ കെട്ടിക്കിടക്കും. ദാ... നോക്കൂ, അതൊരു പട്ടമാണ്.'' മുകളിലേക്ക് നീണ്ടുപോകുന്ന ഒരു നൂലിനെ ചൂണ്ടി അയാൾ പറഞ്ഞു. ഒരു വലിയ തൂണിൽ അതിനെ കെട്ടിയിട്ടിരിക്കുകയായിരുന്നു. അത് വളഞ്ഞുപുളഞ്ഞ് കടലിനും മുകളിലേക്ക് നീണ്ടുപോകുന്നുണ്ടായിരുന്നു.
കുഞ്ഞിമോൻ ആ നൂലിലേക്ക് നോക്കി. താൻ തറ്റം പിടിച്ച് വന്നത് പോലുള്ള ഒന്നാണ് അതെന്ന് അവന് മനസ്സിലായി. അതിെൻറ കോളാമ്പി വായിലൂടെ വാതിലിെൻറ കരച്ചിൽ, വസ്ത്രങ്ങളുടെ കശപിശ, പല്ലുകളുടെ മുറുക്കം, നെടുവീർപ്പിെൻറ ഒച്ച തുടങ്ങി രാജാവ് പറഞ്ഞുകൊണ്ടിരുന്ന വാക്കുകളടക്കം തിരിച്ചറിയാവുന്നതും അല്ലാത്തതുമായ അനവധി സംസ്കരണംചെയ്ത ശബ്ദങ്ങൾ വരിവരിയായി തലകുനിച്ച് മുകളിലേക്ക് പോകുന്നത് കുഞ്ഞിമോൻ കണ്ടു. അതിലേറ്റവും കൂടുതൽ ''ഷ്...'' എന്ന ശബ്ദമായിരുന്നു.
''ങ്ഹാ... പറഞ്ഞുവരുന്നത്, നൂലുകളുടെ കാര്യമറിയാമല്ലോ. അത് ശബ്ദങ്ങളെ അങ്ങോട്ടും ഇങ്ങോട്ടും പുറന്തള്ളും, അത് തടയാനാണ് നിങ്ങളെപ്പോലുള്ള ഒരാളുടെ ആവശ്യമുണ്ടാകുന്നത്. നിങ്ങൾ വന്ന അന്തർവാഹിനിയുണ്ടല്ലോ ആ വായുപേടകം, അത് ഞങ്ങളുടെ പ്രധാനപ്പെട്ട ഒരു കണ്ടുപിടിത്തമാണ്. ചെവിയൂരിെൻറ വികസനത്തിന് അഹോരാത്രം പരിശ്രമിക്കുന്ന ശാസ്ത്രലോകത്തിന് നന്ദി. മറിച്ചായിരുന്നെങ്കിൽ പട്ടമുണ്ടാക്കാനുള്ള അസംസ്കൃത വസ്തുക്കൾ തേടി ഞങ്ങൾതന്നെ പുറപ്പെടണമായിരുന്നു. ഹൊ! മനുഷ്യരുടെ കലപില അസഹ്യംതന്നെ. ഇന്നിപ്പോൾ അതൊരു പ്രശ്നമേ അല്ല. ദുഃഖിതരും നിരാശരുമായ മനുഷ്യരാണ് ലോകം മുഴുവൻ. എന്തെങ്കിലും ഒരു അത്ഭുതം സംഭവിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കുന്നവരാണ് അതിൽ മിക്കവരും. അവർക്കിടയിലേക്ക് ഒരു കേടായ പട്ടത്തെ വീഴ്ത്തിയാൽ മാത്രം മതി. നൂലിൽ പിടിച്ച് അവർ വന്നുകൊള്ളും. അന്തർവാഹിനിക്കകത്ത് വേവ് പാകമായി ഇവിടെയെത്തും. ദാ, ഇത്തരം തൊലികളാണ് ഞങ്ങൾക്കാവശ്യം.'' അയാൾ മുകളിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു.
കുഞ്ഞിമോൻ മുകളിലേക്ക് നോക്കി. പത നീങ്ങി തെളിഞ്ഞ കടൽപരപ്പിൽ തെൻറ പ്രതിബിംബം കണ്ട് അവന് ഞെട്ടലുണ്ടായി. തന്നെ പ്രതിഫലിച്ച് കാണേണ്ടിടത്ത് മറ്റൊരാൾ, കുഞ്ഞിരാമേട്ടേനക്കാളും ഉമ്മൂമ്മയെക്കാളും വയസ്സനായ മറ്റൊരാൾ, തല കുത്തനെയിരുന്ന് തന്നെ നോക്കുന്നു.
''ഇത് അനുഭവങ്ങളില്ലാതെ പാകമായ ഒന്നാന്തരം തൊലിയാണ്. നേരെ മറിച്ച് വലിയ അനുഭവങ്ങളൊക്കെ ഉള്ള ആളാണ് വരുന്നതെങ്കിൽ കുഴഞ്ഞുപോയേനെ. അത് ചിലപ്പോൾ ഭൂമിയിലെ ശബ്ദങ്ങളെ തിരിച്ചിങ്ങോട്ട് കടത്തിയെന്ന് വരും. അത് മതി ഒരു മഹാ ദുരന്തത്തിന്. ഇതുപോലെ പാകമായ ഒന്നിനെ ഞാൻ ഈ അടുത്ത് കണ്ടിട്ടേ ഇല്ല.'' അയാൾ പറഞ്ഞു.
കുഞ്ഞിമോൻ സ്വയം തൊട്ടുനോക്കി. തന്നെത്തന്നെയാണ് കാണുന്നതെന്ന് ഉറപ്പ് വരുത്തി. അന്തർവാഹിനിക്കകത്ത് െവച്ച് തനിക്കുണ്ടായ തോന്നലുകൾ മിഥ്യയല്ലെന്ന് അവന് ബോധ്യമായി. പെട്ടെന്ന് എന്തോ ഓർത്തിട്ടെന്നപോലെ കുഞ്ഞിമോൻ കീശയിലേക്ക് ൈകയിട്ടു. അരിപ്രാവ് എല്ലും തൂവലുമായി മാറിയിരിക്കുന്നത് കണ്ട് അവന് സങ്കടം വന്നു. കൂട്ടുകാരാ... അവൻ സങ്കടത്തോടെ തൂവലുകളിൽ ഉമ്മ വെച്ചു.
''എനിക്കെെൻറ ഉമ്മാനെ കാണണം.'' കുഞ്ഞിമോൻ കരഞ്ഞു.
''ആഹാ... കൊള്ളാലോ... പാട്ട്പെട്ടിക്ക് ഉപകാരപ്പെടും.'' അയാൾ തൂവലുകൾ തട്ടിയെടുത്തു. നെറ്റിയിൽ തടവി മിനുസത നോക്കി.
''തിരിച്ച് താടാ അത്...'' കുഞ്ഞിമോൻ ഒച്ച വെച്ചു. പതിയെ കുഞ്ഞിമോെൻറ അടുത്തേക്ക് കസേര വലിച്ചിട്ട് കവിളിൽ കിള്ളി അയാൾ പറഞ്ഞു: ''ശ്രമിക്കണ്ട, നിങ്ങളുടേത് ഒരു രക്ഷപ്പെടലിെൻറ കഥയല്ല.''
കുഞ്ഞിമോന് സങ്കടവും ദേഷ്യവും ഇടകലർന്ന് വന്നു.
''എല്ലാറ്റിനെയും ഞാൻ ഇപ്പൊ ശരിയാക്കിത്തരാം.'' അവൻ ഊക്കോടെ കസേരയിൽനിന്നും ചാടി എഴുന്നേറ്റു.
അയാളുടെ തല വെട്ടിവീഴ്ത്തുവാനായി അവൻ അരയിലെ അദൃശ്യമായ ഈർക്കിൾ തപ്പി..!
l
1. കിയാമത്ത് (ഖിയാമത്ത്) നാൾ -അന്ത്യനാൾ
2. ദജ്ജാൽ -അന്ത്യനാളിനും മുന്നേ വരുമെന്ന് പറയപ്പെടുന്ന മൃഗം
3. ശിവാലികൾ- നാദസ്വരത്തിലെ ചെപ്പുകെട്ടിയ പീപ്പിളി
4 . Muna Island Sulawesi Indonesia Mesolithic Cave painting, kaghati kites made from kolope leaf, bamboo, pineapple fiber (Dated 9500- 9000 BC)
5. Initial wheel types like Tournettes or Slow wheel found in Iran Tepe Pardis 5200-4700 BC.