മണിമേഖല
‘ചിലപ്പതികാര’ത്തിന്റെ തുടർച്ചയായി പരിഗണിക്കുന്ന തമിഴ് മഹാകാവ്യം ‘മണിമേഖല’യുടെ അവസാന ഭാഗം. മൊഴിമാറ്റം: ഡോ. എ.എം. ശ്രീധരൻ | ചിത്രീകരണം: സജീവ് കീഴരിയൂർ
31. മോക്ഷത്തിനായ് വ്രതമനുഷ്ഠിച്ച കഥ പോയ പിറപ്പിൻ ചരിതമൊക്കെയുമറിഞ്ഞ സദ്–വൃത്തയാള ബുദ്ധൻ, ധർമം, സംഘമെന്നീ മൂന്നുമണിയെയുമാ തനു മനോവാക്കർമങ്ങളാൽ നമിച്ച–ച്ചരണമേകശരണമായ് ചേർന്നിതാ സംഘത്തിലും.ഉയിരുകളജ്ഞരായ് മേവിടും കാലമാദിതേയരൊക്കെയും–മുറപോൽ വണങ്ങി ധരയിലവതരിച്ചോതണം ധർമമതിനാല–തുഷിത ലോകം വിട്ടവതരിച്ചുമാബോധി മരച്ചോട്ടിലെഴുന്ന–ള്ളിയുമാ മാരനെ ജയിച്ചേകനാം ധീരനായ് വിളങ്ങിയുംത്രിവിധമാം...
Your Subscription Supports Independent Journalism
View Plans31. മോക്ഷത്തിനായ് വ്രതമനുഷ്ഠിച്ച കഥ
പോയ പിറപ്പിൻ ചരിതമൊക്കെയുമറിഞ്ഞ സദ്–
വൃത്തയാള ബുദ്ധൻ, ധർമം, സംഘമെന്നീ മൂന്നു
മണിയെയുമാ തനു മനോവാക്കർമങ്ങളാൽ നമിച്ച–
ച്ചരണമേകശരണമായ് ചേർന്നിതാ സംഘത്തിലും.
ഉയിരുകളജ്ഞരായ് മേവിടും
കാലമാദിതേയരൊക്കെയും–
മുറപോൽ വണങ്ങി ധരയിലവതരിച്ചോതണം
ധർമമതിനാല–
തുഷിത ലോകം വിട്ടവതരിച്ചുമാബോധി
മരച്ചോട്ടിലെഴുന്ന–
ള്ളിയുമാ മാരനെ ജയിച്ചേകനാം ധീരനായ് വിളങ്ങിയും
ത്രിവിധമാം കുറ്റമൊക്കെയുമറുക്കുമുണ്മയാം ധർമവുമ–
പ്പിറവിക്കുമപ്പുറമവതരിച്ചോതിയൊരാ സംഘമൊക്കെയു–
മുയിരുകൾക്കായോതിയതത്വമതു
ചൊല്ലിടാം ഞാനെന്നാ–
യറവണ അടികളാ ശ്രീ ബുദ്ധചരിത പാരംഗതൻ!
ചൊല്ലിയവയൊക്കെയുമീരാറാം നിദാനങ്ങളായെന്നു–
മവയൊന്നിനൊന്നു കാരണ കാര്യമായ് പുനരുല്പാദിത–
മായ് കാര്യകാരണമായ് പിറന്നാ മണ്ഡലമുറ പോൽ
തെളിച്ചമായിതു പോലെതിരാം ഹേതു പോകിലജ്ഞാന
മഖിലമതിന്നറുതിവന്നേകിടുമതു നിത്യമായ് മുക്തിയും.
ഇതു പോലാ ഹേതു ഇല്ലായ്കിൽ കാര്യവു മറ്റു പോയിടും
ഹേതുവിൻ നിനൈപ്പാ സൃഷ്ടിതൻ നിമിത്തമാകയാൽ
ഹേതുവിൻ ചേർപ്പുമഴിവും പിറപ്പിന്നങ്കുശമായിടാം!
ഖണ്ഡങ്ങൾ നാലുമവതൻ സന്ധി വകയാം മൂന്നു–
മൊപ്പമായ് തീർത്തിടും ഹേതുവോർക്കിൽ പിറവി–
അരൂപ രൂപ കാമാദി മൂന്നും കാലമോ ഭൂതഭാവി–
പ്രത്യക്ഷമാം മൂന്നും അശ, പറ്റ്, അജ്ഞാനമാം
കുറ്റവും ഭാവവൃത്ത്യാദി കർമവുമൊഴിച്ചുള്ളൊ–
രേഴു ഫലവും ചേർന്നീരാറും ഭവിച്ചിടുമതിനാൽ
നിലയറ്റതും ഫലമറ്റതും തുയിരാർന്നതുമായ്
പാർത്തവയെ വെടിഞ്ഞിടുമ്പോൾ മുക്തി തൻ
ദൃഢമാം ജ്ഞാനമാർന്നിടാമെന്നോർക്ക നീ.
ഉണ്മ നാലിനുമാലംബമായ് മണമഞ്ചിനും
ചേരാത്തതായുണ്മക്കൊപ്പമായ് ഷഡ് ഭാവ–
മാർന്നീ ഹേതു നില്പതെന്നുമറിക നീ!
നയങ്ങൾ നാലും ഫലങ്ങൾ നാലും ചേർന്നു
നാലാം ചോദ്യോത്തരമാർന്നതാമീ ഹേതുവും.
നിർമിക്കപ്പെടുമതിന്നില്ല നാശമേതുമേ പിൻ–
പറ്റിടുമതൊന്നിനു മറ്റൊന്നായില്ല നാശമതിനു
പൂർണമായ് നീങ്ങിടില്ലതേകമായില്ല ഞാനെ–
ന്നതുപോലെന്റേതെന്ന ഭാവഭേദവുമറിക നീ!
ഇല്ല നാശമതിനാവില്ല നശിപ്പിച്ചിടാനാർക്കുമേ.
കർമം, കർമഫലം, പിറവിയതുപോൽ മോക്ഷാദി–
തൻ കാരണവുമതുപോൽ നാഥനുമായിടാമത്!
അജ്ഞാനം, പ്രവൃത്തിയതുപോലുണർവും
രൂപാ രൂപം, വാതിൽ, സ്പർശാനുഭവങ്ങളും
ആശ, പറ്റ്, ഭാവം, സൃഷ്ടി കർമഫലാദിയാം
നിദാനമാറുരണ്ടുമാമനുജനറിഞ്ഞീടുകിലാ
പെരുതാംമുക്തിയാർന്നിടാമില്ലായ്കിലോ
പതിച്ചിടും നിലയറ്റൊരാ നരകമതിങ്കലായ്!
സത്യവുമതുപോലാ ഹേതുവുമറിയാതേതുമേ
മറന്നന്ധമായ് വാഴ് വതജ്ഞാനമായിടും!
മുയലിനു കൊമ്പുണ്ടോയെന്നപരനോടായ്
കേട്ടതുണ്ടെന്നുറപ്പിപ്പതു പോലെയാമത്.
ഉയിരുകളേറെയാണീ മൂവുലകത്തിങ്കലും
പലതാമുയിരുകൾ മാനവർ ദേവരുമാ
ബ്രഹ്മരും കൂടെയാ നരകരും പറവകളൊ–
പ്പമാ മൃഗങ്ങളും പേയുമെന്നവയാറായിടും
സൽക്കർമ ദുഷ്കർമമെന്നാമിരു വകയാം
വൃത്തികളാലച്ചൊന്നതാം പിറവിയിലെത്തിയു–
മക്കാലത്തിലുൾച്ചേർന്നതാം കർമഫലവു–
മൊത്തിടുമ്പോളുല്പന്നമായിടും സുഖ ദുഃഖ–
മൊക്കെയുമെന്നറിക കമനീയാംഗി നീ!
കൊല, കളവ്, കാമമെന്നീ മൂന്നും ദുഷ്കർമമാം
പൊയ്, ഏഷണി, കടുഞ്ചൊൽ, വ്യർഥമാം–
വാണിയെന്നീ നാലാം ചൊല്ലിലുൾച്ചേർന്നതാം
ദുഷ്ചെയ്തിയുമതുപോൽ ചോരണം, കോപം,
ദോഷൈകദൃക്കുമുള്ളത്തിലുയരും തിന്മകൾ
മൂന്നുമൊക്കെയായ് പത്തുവകയായിടും!
ജ്ഞാനികളോർത്തിടില്ലവയെയെന്നു മറിക നീ.
ഓർക്കിലാ പേ മൃഗ നരകരെന്നൊക്കെയായ്
പിറന്നുള്ളമതു നീറിയൊടുങ്ങിടും പിറവിയും.
മുൻചൊന്നതാം പത്തു വകയാം ദുഷ്കർമം
ചെയ്തിടാതെയാ ദാനാദികളാൽ മാനവ, ദേവ, –
ബ്രഹ്മാദിയായ് മേൽഗതി നേടിയാനന്ദിപ്പതുതാന
സൽക്കർമമായിടുമിതെന്നുമറിയണം നീ!
സുപ്തനാമൊരുവനുടെയുണർവുപോല–
വ്യക്തമായ് കർമരഹിതമായ് നിത്യമായ്
തോന്നിടുവതാമുണർവിൻ നിദാനവും.
അരുവുരുവാം നിദാനമാമുണർവിന്നുയിരും
മെയ്യുമെന്നോതിടുന്നിതഭിജ്ഞരൊക്കെയും!
ആരാഞ്ഞിടുമ്പോഴഞ്ചിന്ദ്രിയങ്ങളും മനവു–
മുള്ളിൽ വസ്തുരൂപം ചേർപ്പതിനുതകിടു–
മിടമെന്നോതിടുന്നിതാ വിദ്വാന്മാരഖിലവും!
മനവുമതുപോലിന്ദ്രിയങ്ങളുമൊത്തിടു മന്യമാം
വസ്തുവിങ്കലതൂറാം നിദാനമെന്നുമറിക നീ!
ഇന്ദ്രിയങ്ങളിലൂടറിഞ്ഞാ പൊരുളിൻ ഫല–
മറിവതാമനുഭവമെന്നുമോർക്ക നീ!
ഫലമേറ്റീടിലുമാ തൃഷ്ണയ്ക്കറുതിയെഴാ–
യ്കിലതാശയാം തുടരുമിതനന്തമായ്!
ആശതൻ തുടർച്ചയിലൂന്നിടുന്നതു പറ്റും
കർമത്തിന്നീട്ടമതു ഭവമാം നിദാനവുമായിടും!
അനുവർത്തിച്ചിടും കർമത്തിനൊപ്പമായ്
ചേരുമിതരമാമറിവൊക്കെയും മുൻപിമ്പാം
നിദാനങ്ങളൊത്താ പലതാം വാഴ് വിൻ കാര്യ–
കാരണമായ് പിറക്കും തനുവിങ്കലായ്!
അജ്ഞാനമാദിയിൽനിന്നു ഭിന്നമായു–
ടമ്പിൻ പ്രകൃതി വിരുദ്ധമായ്ത്തോന്നിടു–
വ്യഥയൊക്കെയും പിണിയായിടാം.
അന്ത്യമീ വരേക്കുമൊപ്പമായ്ത്തുടരും ക്ഷണി–
കത്വവു മതിൽ തളർന്നിടും മേനിയതു നിത്യവും
വാർധകമെന്നോതിടുന്നതതിനെ ബുധരൊക്കെയും!
രൂപാരൂപമാം മേനിയാ പശ്ചിമാദ്രിയിലിനനൊപ്പമായ്
പതിച്ചിടാമതു മൃതിയെന്നോർക്ക നീ സതതവും!
അജ്ഞാനത്തിങ്കലായ് കർമവുമതിങ്കൽ നിന്നാ–
യുണർവുമൊപ്പമാ രൂപാ രൂപവുമുണ്ടായിടാം.
രൂപാ രൂപത്തിങ്കലാ വാതിലുമതിൽ നിന്നായ–
സ്പർശവുമതിങ്കലായനുഭവവുമതിൽ നിന്നാശയു–
മാശയതിൽ നിന്നാ ബന്ധവുമതിങ്കലായ് കർമഫല–
മതിൽ നിന്നാ ഭവ സൃഷ്ട്യാദികളുമുണ്ടായിടാം.
പിണി, വാർധകം, മരണം, തുയിരതുപോൽ
വിലാപം, ചിന്ത, നിഷ്ക്രിയത്വമാദിയാം രുജയാ–
ലേർപ്പെട്ടിടും നിത്യമാം പിണിയുമെേന്നാതിടുന്നിതാ–
നിദാനപ്പൊരുളറിയും ജ്ഞാനികളൊക്കെയും.
മണ്ഡലമതാശയറ്റ പോൽ ചൂഴ്ന്നിടുമവിദ്യ–
തൊട്ടെഴും നിദാന ബന്ധവും!
അവിദ്യമാറുകിലാ വൃത്തി മാറിടാം വൃത്തി–
മാറുകിലുണർവു മാറിടാമുണർവുമാറിലാ–
രൂപാ രൂപവുമതു മാറിലിന്ദ്രിയങ്ങളുമതു
മാറിലാ സ്പർശവുമതിനൊപ്പമായനുഭവങ്ങളു–
മാശയുമാശയൊപ്പമായ് പറ്റുമതിനൊപ്പമാ–
കർമഫലങ്ങളുമതു നീങ്ങുകിലാ ഭവമൊപ്പമായ്
പിറപ്പു നീങ്ങിടും; പിറവി നീങ്ങുകിൽ രോഗ–
വാർധകം, മരണമൊപ്പമാ തുമ്പവുമൊത്തു–
വന്നിടും കരച്ചിലുമൊക്കെയായേറിടും വ്യഥ–
യൊക്കവേയറ്റിടുമെന്നാ മുക്തി മാർഗമായ്
വിജ്ഞരോതിടുന്നതുമറിക ചേലിയിന്ന നീ.
അവിദ്യയുമതുപോൽ പ്രവൃത്തിയുമിതരത്തി–
നായിടും ഹേതുവതിനാലാദിഖണ്ഡമെന്നുമാ–
യുണർവിന്ദ്രിയ സ്പർശാനുഭവ രൂപാ രൂപമാ–
മഞ്ചുമാദി രണ്ടിനും ചേർന്നിടുമ്പോലി രണ്ടാം
ഖണ്ഡവുമായിടുമെന്നോതിടും ജ്ഞാനികൾ!
ആശ, പറ്റ് കർമഫലാദി മൂന്നുമുണർവു തൊട്ട–
നുഭവാദികളാലേർപ്പെടും കുറ്റവുമതിൻ ഫലവു–
മാകയാലവ ഖണ്ഡം മൂന്നുമതായിടും!
ജനി, പിണി, മൃതി, വാർധകം, മരണാദിയാം
തുയിരുകളീമേനിയിലേർപ്പെടും ഫലങ്ങളാ–
കയാലതു ചതുർഖണ്ഡവുമായിടാം.
പിറവി തൻ മൂലമാം വൃത്തിയുമുണർവു
ചേരുവതാദ്യ സന്ധിയുമനുഭവാദികള–
ന്യൂനമാമി രണ്ടാം സന്ധിയുമായിടും.
കർമജാലവും ഭവിഷ്യമാം പിറവിയും
ചേരുമൊന്നായ ത്രിസന്ധി തന്നിലും.
സമാധിയാം ജ്ഞാനമതുമുക്തിമാർഗമാം
ഉണർവേകമാകാതതു ദമിതമാമുരുവായു–
ണർവുമുയിരുമൊന്നായ് മൃഗ മർത്ത്യാമരർ
ചേർന്നതാം മുപ്പിറവിയാർന്നിടാം.
ഭൂതവർത്തമാന ഭവിഷ്യാദിയാം കാലമേകിടും
മറവിയുമനുഭാവവും മൃതിയുമൊത്തപോൽ.
ആശയും പറ്റുമതുപോലവിദ്യയുമൊരുപാൽ
ഹേതുവായിടാം കർമജന്യമാം തുമ്പമതിന്നുമേ!
രൂപമാർന്നിടും ഭവവുമതു ചേർന്നിടുന്നകർമവും
ചെയ്തിയായിടുമെന്നോതിടുന്നിതഭിജ്ഞരും!
ഉണർവും പിറവിയും വാർധകവുമതുപോലാ–
തുരതയും മരണവും കർമദോഷഫലമായിടാം.
കുറ്റവും കർമവുമതിൻ ഫലമൊക്കെയു–
മേകിടും തുമ്പമിതേറെയായെന്നുമറിക നീ!
കുറ്റത്താലേർപ്പെടും പിറവിയിൽ തനുവതു–
നശ്വരമായിടുമതുപോലുയർന്നതുമികഴ്ന്നതു
മേതിനുമില്ലയാത്മാവെന്നും ധരിക്ക നീ!
ഉണർവിന്ദ്രിയം സ്പർശമനുഭവം പിറവിയും
രൂപാ രൂപം വാർധകം മരണമൊക്കെയും
നിത്യമാം മോക്ഷകാരണമായിടും!
തുയിരുമതുപോൽ വിലാപവും ചിന്തയും
നിഷ്ക്രിയത്വവുമൊക്കവേ ദുഃഖ ഹേതുവാം!
അവിദ്യാശാകർമാദികളുമതിനു നിദാനമാം!
തുമ്പമിയറ്റിടും പറ്റുമുയിർപ്പുമതു പോലായിടും.
പറ്റില്ലായ്കിലിമ്പമൊപ്പമാ മുക്തി നേടിടാം.
രൂപം നോവ് കുറിപ്പ് ഭാവനയെന്നേകമായെണ്ണും
വാക്കുകളോർക്ക ചതുർവിധ സത്യമായിടും!
വിജ്ഞാനമതും ചേർന്നാൽ പഞ്ചഗന്ധമതായിടും!
തുക തുടർച്ചയത്യുക്തി ബന്ധോക്തിയുമായൊ–
ത്തിടുമുൺമൈ, ഇൻമൈയാദിയാം വ്യവഹാരവും
ഉള്ളതു ചാർന്ന ഉൺമൈ വഴക്കും
ഇല്ലതു ചാർന്ന ഉൺമൈ വഴക്കും
ഉള്ളതു ചാർന്ന ഇൻമൈ വഴക്കും
ഇല്ലതു യാർന്ന ഇൻമൈ വഴക്കാദിയാം നാലും
ചേർന്നാറായിടും വ്യവഹാരമൊക്കെയും!
ഉടമ്പു, നീർ, നാടു ചേർന്നതാം തുകയിതിൽ!
വിത്തു മുളൈ താൾ നെല്ലെന്നതാം ക്രമം
കാര്യകാരണപ്പൊരുത്തമിതു തുടർച്ചയാം!
പൊരുളിൻ ജനി വാർധകമതു പോൽ മൃതിയും
പ്രകൃതികളിതു മൂന്നും ചേർന്നിടുമത്യുക്തിയിൽ!
മൂന്നിലൊന്നിൻ ഭാവത്തെ വാഴ്ത്തുകയുമായിടാം!
ദിനങ്ങളേറെയായ് ചേർന്നതാം മാസമെന്നപോൽ
ബന്ധോക്തിയുരച്ചിടാമാവതില്ലതക്ഷരം ചേർന്നിടും
വാക്കുകൾ പോലെയതെന്നുമോർക്ക നീ!
മനമതിൽ തെളിഞ്ഞിടുമുണർവൊക്കെയും
ഉൾവഴക്കുമാ മുയൽക്കൊമ്പെന്ന പോലി–
ല്ലാത്തതില്ലെന്നോതുമതിൽവഴക്കുമായിടും!
ഉള്ളതു ചേർന്നുൾവഴക്കുള്ളതാമുണർവിനൊ–
പ്പമായിടുമനുഭവത്തെയുമുരൈപ്പതാം!
മിന്നൽപോലുണർവാമുൾപ്പൊരുൾ ഭവിച്ചെ–
ന്നില്ലാത്തതോതുകിലതിൽവഴക്കമായിടും!
കാരണമെന്യേ കാര്യം ചൊൽവതില്ലാത്തതു–
ണ്ടെന്നു ചൊൽവതാംമെന്നുമറിക നീ!
മുയൽകൊമ്പില്ലാ വസ്തുവാകയാലതൊ–
ത്തിടില്ല കാണ്മതിന്നായെന്നോതുകിലതിൽ–
വഴക്കമതായിടുമെന്നാം ബുധരഖിലവും!
ഐക്യം, ഭേദമബോധം സ്വഭാവമാദിയാം
നയങ്ങൾ നാലാണെന്നുമറിയണം നീ!
കാരണകാര്യാദിയാം പൊരുളൊക്കെയും
ഗ്രഹിക്കിൽ ഭേദമരുതാതതൈക്യമായിടും!
അവയെ വെവ്വേറെയായ് ഗ്രഹിക്കിലതു
ഭേദനയമെന്നുമോർക്കണം നീ!
പൂർണമായൊടുങ്ങിടാത്തതാമാദ്യമാം
പൊരുളും കാര്യമാം പൊരുളുമൈക്യമായ്
ഫലത്തിനുതകിടുമുണർവറ്റതാകയാലബോധ–
നയമെന്നോതിടാംമതിനെ നൽ പല്ലവാംഗിയേ!
നെൽവിത്തിനുള്ളിൽ നെൻ മുളമാത്രമെന്ന–
ന്യൂനമാം ഭാവവും നയമെന്നോർക്കണം നീ.
നാലാം നയമതിങ്കലായ് കൊണ്ടിടും ഫലമൊക്കവേ
കാര്യകാരണ ബന്ധമാർന്നതാം പാടില്ലതിൽപ്പറ്റു–
മില്ല ബന്ധമതിൽ കർത്താവിൻ വൃത്തിയിങ്കലും!
ഖണ്ഡിതമായുരയ്ക്ക പലതായ് മുറിച്ചുരയ്ക്ക
ചോദ്യമൊന്നിനുത്തരമായ് വേറെയോതുക
ഒന്നുമുരിയാടായ്കയെന്നാ ചോദ്യത്തിനുത്തരം
നാലാമെന്നറിയണം ചാരുഭാഷിണിയതിനൊപ്പമായ്!
ജനിയിലുണ്ടു മൃതിയെന്നോതുകയാദ്യവും മൃതിയിൽ
ജനിയുണ്ടെന്നവ്യക്തമായ് പ്പറക രണ്ടായതും
വിത്തോ പനയോ ആദ്യമെന്നായ് സന്നിഗ്ധവു–
മാകാശപ്പൂവു പുതുതോ പഴയതോയെന്നുരൈ
പ്പതിനൊന്നുമേ മറുത്തുരച്ചിടാത്തതു മൗനമാം!
മുൻചൊന്നതാം വ്യഥയ്ക്കൊക്കെയും കാമ േക്രാധ–
മയക്കമെന്നതൊക്കെയും ഹേതുവായിടാം!
പൊരുളൊക്കെയും നശ്വരം, ദുഃഖദായകം
അനാത്മമശുചിയെന്നാം പൊരുളൊക്കെയു–
മറിഞ്ഞാ പറ്ററുത്തൊഴിയണം കാമമൊക്കെയും!
മൈത്രി, കരുണ, മുദിതയൊക്കെയുമറിഞ്ഞേർ–
പ്പെടുമുണർവിനാലകറ്റുക കോപവും നാം!
ശ്രുതി, ചിന്തന, ഭാവന, ദർശനയെന്നു നാലു–
മാരാഞ്ഞറിഞ്ഞകറ്റുക മയക്കവും നാം!
ജ്ഞാനദീപമതു കാട്ടി ധർമവാണിയാലടികളും
പല്ലവാംഗിയതുകേട്ട തപോമാർഗമതിങ്കലായ്
പിറവിയറ്റിടാനുതകിടും മുക്തിമാർഗമതു
ലക്ഷ്യമായ് പെരുതാം വ്രതനിഷ്ഠയുമാർന്നിതു!
വിശദീകരണം:
സത്യാസത്യങ്ങളെല്ലാം വിധിനിഷേധങ്ങളാൽ അറിഞ്ഞുകൊള്ളുക എന്ന് മണിമേഖലയോടു പറഞ്ഞ അറവണ അടികൾ ധർമവാണികൾ തുടരുന്നു. മണിമേഖല ബുദ്ധൻ, ധർമം, സംഘം എന്നീ മൂന്നു മണികളേയും മനസ്സ്, വാക്ക്, ശരീരം എന്നീ മൂന്ന് കരണങ്ങളാൽ വണങ്ങി ബുദ്ധദേവനല്ലാതെ മറ്റ് ശരണമില്ലാത്തവളായി ബൗദ്ധസംഘത്തിൽ ശരണം പ്രാപിച്ചു. ദേവന്മാരുടെ അപേക്ഷയനുസരിച്ച് തുഷിതലോകത്തുനിന്ന് അവതരിച്ച് ബോധിവൃക്ഷച്ചുവട്ടിലിരുന്ന് ശ്രീബുദ്ധൻ ഉപദേശിച്ച ധർമതത്ത്വങ്ങൾ അതിനുശേഷം അവതരിച്ച ബുദ്ധന്മാർ ആവർത്തിച്ചു പറഞ്ഞുകൊണ്ടിരുന്നു. പന്ത്രണ്ടു നിദാനങ്ങളും അതിന്റെ മണ്ഡലവകകളും ഖണ്ഡം, സന്ധി, സൃഷ്ടി, കാല വകകളും അറവണ അടികൾ വിസ്തരിച്ചു. ചതുർവിധ സത്യങ്ങളും പഞ്ചഗന്ധങ്ങളും വ്യക്തമാക്കിക്കൊടുത്തു. ആറ് യുക്തിയും നാലു നയങ്ങളും വിശദീകരിച്ചു. ബന്ധവും മോക്ഷവും അവനവന്റെ പരിശ്രമത്തിന്റെ ഫലമാണെന്ന് വ്യക്തമാക്കി. എല്ലാ ദുഃഖത്തിനും കാരണം കാമം, േക്രാധം, മായ എന്നിവയാണെന്നും ഇതിൽ കാമത്തെ അനിത്യം, ദുഃഖം, അനാത്മാ, അശുചി എന്നിങ്ങനെ കണ്ട് ബന്ധമറുക്കുന്ന അശുഭ ഭാവനകൊണ്ട് ഇല്ലായ്മ ചെയ്യേണ്ടതാകുന്നു. േക്രാധത്തെ മൈത്രി, കരുണ, മുദിത എന്നീ ഭാവനകളാൽ നശിപ്പിക്കണം. മായയെ വിജ്ഞാനഗ്രന്ഥങ്ങൾ വായിച്ച് ഭാവനാദർശനം എന്ന ഉപേക്ഷാഭാവനകൊണ്ട് നശിപ്പിക്കണമെന്നും ആദ്യവസാനം തെറ്റാതെ ഉപദേശിച്ചു. മണിമേഖല ഈ ജ്ഞാനദീപത്തിന്റെ പ്രകാശത്തിൽ പിറവിക്ക് ഹേതുവായ കുറ്റങ്ങളിൽനിന്ന് മോചനം നേടണമെന്ന ലക്ഷ്യത്തോടെ തപസ്സു തുടങ്ങി.
(അവസാനിച്ചു)