മണിമേഖല
'ചിലപ്പതികാര'ത്തിന്റെ തുടർച്ചയായി പരിഗണിക്കുന്ന തമിഴ് മഹാകാവ്യം 'മണിമേഖല'യുടെ ഒമ്പതാം ഭാഗം. | മൊഴിമാറ്റം: ഡോ. എ.എം. ശ്രീധരൻ, ചിത്രീകരണം: സജീവ് കീഴരിയൂർ
22. സ്തംഭേശ്വരന്റെ ഭാവികഥനം ദേവ രൂപമാർന്നൊരാ തൂണിൻ പശ്ചിമ– ദിശയിലാ വൻ കവാടമെഴും കോവിലിൽ സുപ്തയാം മധുമലർക്കുഴലിയാളർധ– നിദ്രയിലെഴുന്നേറ്റാ കാഞ്ചന ചെയ്തിയു– മരചകുമാര ദുരന്തോദന്തവുമാസ്തംഭ ദേവത കാഞ്ചനനോടോതിയ വിസ്മയ കഥകളും കേട്ടവൾ തൻ രൂപമതു മാറി ത്വരിതമായ്. ദൃഷ്ടി വിഷബാധയാൽ ജീവനറ്റതാം നിൻ– പൂർവ ജന്മത്തിലുജ്ജ്വലമാമഗ്നിയിൽ ഹോമിച്ചിതു ഞാനെൻ ജീവനുമൊപ്പമായ്! ഉപവനമതിങ്കലായങ്ങയെ കണ്ട...
Your Subscription Supports Independent Journalism
View Plans22. സ്തംഭേശ്വരന്റെ ഭാവികഥനം
ദേവ രൂപമാർന്നൊരാ തൂണിൻ പശ്ചിമ–
ദിശയിലാ വൻ കവാടമെഴും കോവിലിൽ
സുപ്തയാം മധുമലർക്കുഴലിയാളർധ–
നിദ്രയിലെഴുന്നേറ്റാ കാഞ്ചന ചെയ്തിയു–
മരചകുമാര ദുരന്തോദന്തവുമാസ്തംഭ ദേവത
കാഞ്ചനനോടോതിയ വിസ്മയ കഥകളും
കേട്ടവൾ തൻ രൂപമതു മാറി ത്വരിതമായ്.
ദൃഷ്ടി വിഷബാധയാൽ ജീവനറ്റതാം നിൻ–
പൂർവ ജന്മത്തിലുജ്ജ്വലമാമഗ്നിയിൽ
ഹോമിച്ചിതു ഞാനെൻ ജീവനുമൊപ്പമായ്!
ഉപവനമതിങ്കലായങ്ങയെ കണ്ട പോതി–
ലൊത്തതില്ലെൻ ഭാവമതുമാറ്റുവാൻ!
സാക്ഷിയാം ദൈവതമതിനൊക്കെയും
കൊണ്ടുപോയ് മണിപല്ലവത്തിങ്കലായ്
കാട്ടിയവളവിടെയെനിക്കായ് ബന്ധമറ്റ–
തപസ്വിയാം ബുദ്ധനുടെ തൃപ്പാദപീഠവും!
എൻ പൂർവജന്മ കഥയഖിലത്തിനൊപ്പമായ്
അറിഞ്ഞു നിൻ ജന്മ കഥയശേഷവും
ധർമമേകുമിമ്പവുമധർമത്തിൻ തുമ്പവു–
മോതിടാനൊരുപായമായ് കൊണ്ടു ഞാന–
ന്യമാം കായചണ്ഡിക തൻ രൂപമതു ദുഷ്–
കൃതി നാശകമനന്യ സിദ്ധമതപ്രതിമമാം!
പിറവിയാർന്നീടിൽ മൃതി നിശ്ചയം മൃതി–
യിലതു പോൽ പിറവിയുമതു നീതിയാം!
ധർമേകിടുമിമ്പവുമധർമമേകിടും തുമ്പവു–
മെന്നാപ്തവാക്യമൊക്കെയുമോതി നിൻ
ദുഷ്കർമഫലമൊക്കെയകറ്റിടാനായ്
കായചണ്ഡികാവടിവാർന്നു ഞാനെൻ
കാതലാ, നഷ്ടമായ് നിന്നുയിരാ കുപിത
കാഞ്ചനാസി ധാരയാലെന്നവൾ പുലമ്പിനാൾ!
ചെവ്വരി പടർന്നായത മിഴിയാളേയരുത് നീ
പോകരുതാ കുമാരനുടെയരികിലായ്
നിനക്കിവൻ കണവനായിരുന്നതുമിവനു
മനമിണങ്ങിടും ജായായ് നീ വാണതും
പോയ പിറവിതൻ കഥയാമതുമല്ലറികയീ
തുടർ പിറവിയിൽനിന്നനവരതമാം നിവൃത്തി–
ലക്ഷ്യമായിടുവോൾക്കരുതു തുയിരെന്നോതി–
യാ ദേവൻ കനിവാർന്നതാം വചസ്സിലായ്!
തങ്കമേനിയാളരുമയാം വചസ്സൊക്കെവേ
കേട്ട ദേവ പാദങ്ങൾ തന്നെയും വണങ്ങി
കേട്ടതാം കുമാരനുടെ പൂർവകഥയുമിപ്പിറവി–
തൻ കഥയുമൊക്കവേ നീയറിഞ്ഞതോ മുന്ന–
മെങ്കിലറിയിക്കണമായതൊക്കവേയെന്നെയും!
രമ്യമാമരിപടർന്നായതാക്ഷിയാം സുന്ദരീ–
യോതിടാം ചരിതമതൊക്കെയതി വിസ്തരം.
കായങ്കരയാറ്റിന്നതിവിസ്തരമാം കരയിലായ്
ധർമ ദേവചരിതമോതിയന്ധരാമുയിർകൾ
തൻ മനമതു തെളിച്ചിടും ബ്രഹ്മധർമനെ–
വാഴ്ത്തിയുമൂട്ടിടാനിംഗിതമറിയിച്ചിരുവർ
കാമികൾ പോക്കിനാർ രജനിയതി തുഷ്ടരായ്.
പുലരിയിൽ വന്നൊരാ പാചകൻ ക്ഷീണിതൻ
കാലിടറി വീണവനൊപ്പമായ് പാത്രവും!
വന്നിതാ താപസൻ വ്രതനിഷ്ഠയാർന്നവൻ
ശീല ഭംഗമാർന്നോൻ മുനിയതിലതി കോപിതൻ
രാഹുലൻ തന്നസി ധാരയാൽ ശിരസ്സൊപ്പമായ–
തോളുമറ്റിടുമ്പോൽ വീഴ്ത്തിയാ ദുഷ്ചെയ്തി
തുടരുന്നിതനന്തമാം ശാപമായ് സുന്ദരീ
നിനക്കൊപ്പമായ് രാഹുലൻ തന്നെയുമെപ്പൊഴും!
നീക്കിടും ദുഷ്ചെയ്തി തൻ ഫലമീശ്വരനെന്നോ–
തുവോരജ്ഞരാം; പാപത്തിൻ ഫലമതു നിശ്ചിതം!
മൃതിയുമാർന്നിടാമൊപ്പമതു ഭവിഷ്യമാമനന്തവും!
കേൾക്ക നീ സുഭഗേ! ഏറും വ്യഥയാലരചനാ–
മാമുനിമാർ തൻ വായ്മൊഴിയൊക്കവേ കേട്ടാ–
കാരാഗൃഹത്തിലായടച്ചിടും നിന്നെയുമെങ്കിലും
മാധവിയറവണ അടികളൊത്തോതിയ നിൻ
ചരിതമൊക്കെയും കേട്ടൻപെഴുംമാറാണി
മുക്തയാക്കിടും പല്ലവാംഗിയാം നിന്നെയും!
അടികൾ തന്നെയും വണങ്ങി പോയിടുമപ്പുറം
നീയരചനാപുത്ര സവിധത്തിങ്കലക്ഷണാൽ!
ഓതിടും ധർമതത്ത്വങ്ങളൊക്കെയുമവൻ
പോയിടും വിയത്തിങ്കലവനൊപ്പമായ് നീ
വീണ്ടുമാ മണിപല്ലവത്തിങ്കലുമെത്തിടും!
ദ്വീപ തിലകയിൽനിന്നാപുത്രനറിഞ്ഞിടും
സ്വചരിതമൊക്കെയുമപ്പുറമെത്തിടും സ്വ–
പുരിയിങ്കലായ് ! നീയാ വഞ്ചി മാപുരിയിലും!
മെയ്പൊരുളൊക്കെയുമറിഞ്ഞേറെയായ്–
ജ്ഞാനികളുണ്ടവിടെ, മാതാപസവേഷധാരി–
യായ് പാർക്കണമവരെ നീയൊക്കെയും!
ഉയിർകൾക്കൊക്കെയു മുടയോനാദ്യനാ–
മെങ്ങൾ നാഥനെന്നോതിടുവോരുമൊപ്പ–
മമൂർത്തനാമുടയോനാദ്യനീശ്വരനെന്നോ–
തിടുവോരുമുണ്ടവിടെയായറിക നീ!
തുമ്പമാകും വൃത്തിയാലറ്റിടുമീ പിറവിയു–
മിമ്പലോകമേറ്റിടും നടുവിലായിരുത്തിടു–
മെന്നോതുവോരുമൊപ്പമായ് ഭൂതവികാര
മെന്നോതുവോരുമാ ഗണമാർന്നിടും!
ഇല്ലയീശ്വരനില്ല പുനർജന്മവുമെന്നോതി–
ടുവോരെയൊക്കെയുമപഹസിച്ചിടും നീ!
അറിഞ്ഞു പിറവിതൻ പൊരുളും ധർമ–
മാർഗവും നീ തപശ്ശക്തിയൊന്നിനാൽ!
നിന്ദിച്ചിടുമവനെൻ വാണയെങ്കിലും
പൊരുളിൻ ശരിയാഞ്ഞിടുമനൽപമായ്!
ദൈവതമതമന്നാളിൽ മയക്കമേറെയായ്
ചേർക്കയാൽ മുളം തോളനേ മയക്കമാണ്ടു
നീയെന്നവനോതിടുമ്പോൾ സുഭഗിനീ!
അല്ലയെന്നോതിയധികമൊന്നുമുരിയാടിടാ–
തെയുമവനെവിടാനരുതാതെയുമിരുന്നിടും!
അധർമത്തിൻ ഫലം നിതാന്തമാം വ്യഥയെ–
ന്നറിക നീ! മൃതിയിൽ പുനർജനി നിശ്ചയം!
മരം, കല്ല്, മണ്ണാദിയും ചിത്രാർപ്പിതമാം പാവയും
മിണ്ടില്ലതറിഞ്ഞിടും നീ,യില്ലായ്കിലോതിടാം!
വളർ നഗരമതിലെമ്പാടും കൊടിത്തേർ വീഥി–
യിങ്കലും പഴമരച്ചോട്ടിലും നീർത്തടത്തിങ്കലും
കോവിലിലുമൊക്കെയായ്ത്തേടി കാവാലാ–
ർന്നതാം പെരും നഗരിതൻ പൊറുതിയോർത്ത–
മണ്ണിലും കല്ലിലും മരത്തിലും ചുവരിലുമായ്
തീർത്താനറിവോനീശ്വരൻ തന്നെയും!
സ്വാസ്ഥാനങ്ങളിലമർന്നാദിതേയരോതിടും
മാനവർക്കായ് ഭൂതമാം കഥയൊക്കെയും!
പല്ലവാംഗിയാം നീ കേൾക്കയെൻ കഥയതും.
ദ്വിതികനെൻ പേർ പെരും ദേവഗണമാർന്നവൻ
മയനുചിതമായ് തീർത്തതാമീപ്പാവയെ വിടില്ല
ഞാനെന്നുമെൻ നിലയതു കേൾക്ക നീ!
മനുജനോളമറിയുന്നില്ലൊന്നുമേ ദേവനും
ചിത്രസേനനെന്നാത്മമിത്രമെന്നീ പുരിയി–
ങ്കലാർക്കുമറിഞ്ഞിടാം ശാന്തരൂപിണീ!
ചെന്നവനുടെ നികടേ വിളയാടിടുമിടത്തിലു–
മൊപ്പമായ് പാർത്തുമെൻ മേന്മയെ വാഴ്ത്തിയും
വരുവൊതൊക്കെയും തിറമായ് പറഞ്ഞും
തേറുകയെൻ വാണിയൊക്കെയുമെന്നായ്!
തേറിടും ഞാൻ ദേവവാണിയെയഖിലമായ്.
ചൊല്ലീടുക നീയെൻ ചരിതമൊക്കെയുമൊ–
ന്നൊഴിയാതെന്നായവളാ സുതനു പിന്നെയും!
പല്ലവാംഗി! കേൾക്ക നീ വരുവതൊക്കെയും
മാരിയറ്റുയിരുകളൊക്കെയും മൃതരായ് പൊൻ–
മതിൽ ചൂഴ്ന്നതാം കാഞ്ചി തൻ കാന്തിയറ്റിടും!
അതു കേട്ടീക്കോവിലിൽ ഭദ്രമിരിപ്പതാമക്ഷയ–
പാത്രവുമായവിടെയെത്തിടും നീയുമക്ഷണം.
തായമാരൊത്തറവണടികളുമായുയിർകൾ
ക്കൊക്കെയുമമൃതേകി നീയുയിരേകിടുമൊപ്പ–
മേറെയുണ്ടാം വിസ്മങ്ങളുമതു നിമിത്തമായ്!
ചൊന്നിടുമിതര മതതത്ത്വങ്ങളൊക്കെയു–
മറവണ അടികൾ തന്നൊടും നീ!
അതു പൊഴുതിലവനോതിടും തപസ്സും
ധർമവും ചാർപ്പിൽ തോറ്റവും ജനിമരണ
ദുഃഖമറ്റിടാനുപായവും ഹൃദ്യമായ്!
പാപമറ്റുയിർകൾക്കൊക്കെയുമാനന്ദ–
മേകിടാനാ ബുദ്ധനവതരിച്ചിടുംവരേയ്ക്കീ
പുരിയിലായ് വാണിടും ഞാൻ!
വാഴ്ക നീ തായമാർക്കൊപ്പമായ് ധർമ–
പാതയിലെപ്പൊഴും സുകേശിനീ!
തപസ്വിയാമവൻ ചൊന്ന വാക്കുകളൊക്കവേ–
യനുവർത്തിച്ചൊടുങ്ങിടും നിൻ ജന്മമതറിക നീ!
അതുമല്ലുത്തരമഗധയിങ്കലായ് നീയേറ്റിടും
പിറപ്പൊക്കെയും ആൺപിറപ്പുമായിടും.
ധർമചാരിയായ് യശസ്വിയായ് നീയകറ്റിടു–
മിരുളൊക്കെയുമാ രാജ്യ സീമ തന്നിലായ്!
ഒടുവിൽ നീ ബുദ്ധനരുമ ശിഷ്യനായാർന്നിടും
മുക്തിയും വാർന്നിടിലാനുരൂപിണീ സുഭഗിനീ!
അതുമല്ലന്നു നിൻ വംശമതിങ്കലായ് പിറന്നേറെ–
വിശ്രുതനാം ജ്ഞാനിയെ രക്ഷിച്ചൊരാ ദൈവതം
സാധുചക്രനൂണേകിയോൾ നീയെന്നറിഞ്ഞാണു
പവനമതിലായ് കൊണ്ടുവന്നതെന്നു മറിയണം നീ!
ദ്വതിക വചനമൊക്കെയും കേട്ടാ വ്യഥയൊക്കെയു
മകന്നവൾ പ്രസന്നയായ് ഇരുളകറ്റിടുമർക്കനെപ്പോൽ!
വിശദീകരണം:
കാഞ്ചനൻ ഉദയകുമാരനെ വെട്ടിക്കൊലപ്പെടുത്തിയതിൽ മനംനൊന്ത മണിമേഖല ശരീരം കിടന്ന സ്ഥലത്തുചെന്ന് വിലപിക്കുന്നു. കഴിഞ്ഞ ജന്മത്തിൽ ദൃഷ്ടിവിഷമെന്ന പാമ്പിന്റെ കടിയേറ്റ് മരിച്ചപ്പോൾ അഗ്നിയിൽ ചാടി അവൾ സതിയനുഷ്ഠിച്ച കാര്യം ഓർമിച്ചു. ഉപവനത്തിൽവെച്ചു കണ്ടപ്പോൾതന്നെ ഉദയകുമാരനോട് ആകർഷണം തോന്നിയെന്നും മണിമേഖലാ ദൈവം മണിപല്ലവത്തിൽ കൊണ്ടുപോയി ബുദ്ധപീഠിക കാണാനിട വന്നപ്പോൾതന്നെ പൂർവകഥയൊക്കെ ഓർമയിലെത്തിയെന്നും പറഞ്ഞ് വിലപിച്ച് കുറേക്കൂടി അടുത്തെത്തി. അപ്പോൾ സ്തംഭേശ്വരൻ അവളെ ''പോകരുതേ... പോകരുതേ...'' എന്ന് പറഞ്ഞ് തടഞ്ഞു. ''നീ അയാളുടെ ഭാര്യയും അയാൾ നിന്റെ ഭർത്താവുമായത്'' യാദൃച്ഛികമല്ലെന്നും ജന്മാന്തരങ്ങളായി തുടരുന്നതാണെന്നും സ്തംഭേശ്വരൻ പറഞ്ഞു. മാത്രമല്ല അയാളുടെ മരണത്തിൽ ദുഃഖിക്കാതെ ജന്മദുഃഖത്തിൽനിന്ന് മോചനം നേടുകയാണ് വേണ്ടതെന്നും അയാൾ ദൈവവാണിയായ് പറഞ്ഞു. അതുകേട്ട മണിമേഖല ''ഈ കോവിലിൽ ഏവർക്കും സത്യം പറഞ്ഞുകൊടുക്കുന്ന ഒരു ദൈവമുണ്ടെന്ന് കേട്ടിരുന്നു; അത് അങ്ങാണോ? എന്നും ഈ ദുരന്തങ്ങൾക്കൊക്കെ കാരണമെന്താണെന്നും ചോദിച്ചു. അതിനു മറുപടിയായി "കായങ്കരയാറിന്റെ കരയിൽ ശ്രീബുദ്ധന്റെ ഉപദേശങ്ങൾ നൽകിക്കൊണ്ടിരിക്കുന്ന ബ്രഹ്മധർമ മുനിയെ ദമ്പതികളായ നീയും രാഹുലനും ഭിക്ഷ നൽകാനായി ക്ഷണിച്ചു. എന്നാൽ പാചകക്കാരൻ താമസിച്ചാണെത്തിയത്. അവൻ ഭയന്നുവിറച്ച് പാത്രത്തോടൊപ്പം വീണു. ക്ഷുഭിതനായ രാഹുലൻ അവനെ വെട്ടിക്കൊലപ്പെടുത്തി. ഈ ദുഷ്കൃതിമൂലമാണ് കഴിഞ്ഞ ജന്മത്തിൽ വിഷബാധയേറ്റു മരിച്ചതും ഇപ്പോൾ ഗന്ധർവന്റെ വെട്ടേറ്റതും. കർമഫലം അനുഭവിച്ചേ തീരൂ'' എന്ന് സ്തംഭേശ്വരൻ പറഞ്ഞു. വൈകാതെ രാജാവ് മണിമേഖലയെ തടവറയിലാക്കുമെന്നും അലിവു തോന്നി രാജ്ഞി മുക്തയാക്കുമെന്നും അവൾ ജാവകനാട്ടിലെത്തി ആപുത്രനോടൊപ്പം മണിപല്ലവത്തിലേക്ക് പോകുമെന്നും വീണ്ടും വേഷം മാറി വഞ്ചി നഗരത്തിൽ വന്ന് ധർമതത്ത്വങ്ങൾ ഗ്രഹിക്കുമെന്നും ദേവൻ പറഞ്ഞു. അതോടൊപ്പം തന്റെ പൂർവചരിത്രവും അയാൾ വ്യക്തമാക്കി. ''എന്റെ പേര് ദ്വതികൻ എന്നാണ്. ഏറ്റവും വലിയ ദൈവഗണങ്ങളിൽ ഒരുവനാണ് ഞാൻ. പഴക്കമേറിയ തൂണിൽ മയൻ എനിക്ക് ഉചിതമായി ഉണ്ടാക്കിയ ഈ പ്രതിമയെ ഞാൻ ഒരിക്കലും വിട്ടുപോകുന്നതല്ല.'' ഇതൊക്കെ കേട്ടുകൊണ്ടിരുന്ന മണിമേഖല തന്റെ അന്ത്യം വരെയുള്ള കാര്യങ്ങളും അറിയിക്കാൻ ആവശ്യപ്പെടുന്നു. ''വറുതിപൂണ്ട് ജീവികൾ കഷ്ടപ്പെടുന്ന കാഞ്ചീപുരത്ത് നിന്റെ അമ്മമാർ അറവണ അടികളോടൊപ്പം നിന്നെ കാത്തിരിക്കും. വഞ്ചിപുരയിൽനിന്ന് കാഞ്ചിപുരത്തെത്തി നീ എല്ലാവരെയും രക്ഷിക്കും. വഞ്ചി നഗരത്തിൽനിന്ന് കേട്ട മതതത്ത്വങ്ങൾ നീ അറവണ അടികളോട് പറയും. അദ്ദേഹം നിന്റെ ആശങ്കകൾ തീർത്ത് യഥോചിതം ഉപദേശങ്ങൾ നൽകും. തദനുസൃതമായി ജീവിച്ച് മരിച്ച് നീ ഉത്തരമഗധയിൽ പുരുഷനായി പുനർജനിക്കും. ഓരോ ജന്മത്തിലും ധർമത്തിൽനിന്ന് വ്യതിചലിക്കാതെ ബുദ്ധന്റെ അരുമശിഷ്യനായി മാറും. ഒടുവിൽ സംസാരബന്ധമകന്ന് നിർവാണം പ്രാപിക്കും.'' ഇതൊക്കെ കേട്ട് മണിമേഖല ദുഃഖം നീങ്ങിയവളായി. അപ്പോൾ സൂര്യൻ കിഴക്കുദിച്ചു.
(തുടരും)