മണിമേഖല
മൊഴിമാറ്റം: ഡോ. എ.എം. ശ്രീധരൻ ചിത്രീകരണം: സജീവ് കീഴരിയൂർ
13അറവണ അടികളെ തൊഴുത കഥ പോറ്റമ്മമാരൊത്തോരംഗന തന്നേയും വന്ദ്യനാം സ്വാമിയേ തേടിച്ചെന്നാൻ പാർപ്പിടം തന്നിലായ്ച്ചെന്നവർ തന്നെയും മലരണിച്ചേവടി വാഴ്ത്തിച്ചൊന്നാർ ഉപവനമതണഞ്ഞതുമുദയകുമാരകൻ വന്നതുമാ മണിമേഖലാ ദൈവതമാമണി– പല്ലവത്തിലാ പീഠികതന്നരികിലെത്തിച്ചതുമാ– പാദപീഠിക പൂർവകഥയഖില മോതിയതും താരയും വീരയുമാരെന്നു ചൊന്നതും അറവണ അടികൾ കഥകളൊക്കെയും സവിസ്തരമായ് ചൊന്നതിൻ മീതെയാ ദൈവതം...
Your Subscription Supports Independent Journalism
View Plans13
അറവണ അടികളെ തൊഴുത കഥ
പോറ്റമ്മമാരൊത്തോരംഗന തന്നേയും
വന്ദ്യനാം സ്വാമിയേ തേടിച്ചെന്നാൻ
പാർപ്പിടം തന്നിലായ്ച്ചെന്നവർ തന്നെയും
മലരണിച്ചേവടി വാഴ്ത്തിച്ചൊന്നാർ
ഉപവനമതണഞ്ഞതുമുദയകുമാരകൻ
വന്നതുമാ മണിമേഖലാ ദൈവതമാമണി–
പല്ലവത്തിലാ പീഠികതന്നരികിലെത്തിച്ചതുമാ–
പാദപീഠിക പൂർവകഥയഖില മോതിയതും
താരയും വീരയുമാരെന്നു ചൊന്നതും
അറവണ അടികൾ കഥകളൊക്കെയും
സവിസ്തരമായ് ചൊന്നതിൻ മീതെയാ
ദൈവതം മന്ത്രങ്ങളോതി മറഞ്ഞതും
ദ്വീപതിലകയണഞ്ഞതും ചതുർവിധമാം
വചനങ്ങൾക്കൊപ്പമായമൃതസുരഭിയു–
മേകിയറവണ അടികളെ കാണ്മതിനായ്
തൻപുരിയിങ്കലേക്കയച്ചതുമൊപ്പമാ ദൈവതം
മറഞ്ഞതുമൊക്കെയും കേട്ടൊരാ താപസൻ
സ്വർണക്കാപ്പണിഞ്ഞൊരാ പല്ലവാംഗിയെ
യനുഗ്രഹിച്ചാ മാതൃ ചരിതമതു ചൊല്ലിയാദരാൽ.
ധർമദേവനാം ശ്രീ ബുദ്ധദേവനുടെ തൃച്ചേവടി
പതിഞ്ഞതാം പെരും പാദപങ്കജമലയെ നിത്യമായ്
വണങ്ങിടുന്ന ഞാനൊരു ദിനമാകസ്മികമായ
കച്ചയാധിപനാം ദുർജയനെ കണ്ടഭിവാദ്യവും
ചെയ്താദരോക്തികളാലരച മനവും കവർന്നിതു.
വീരക്കഴലണിഞ്ഞൊരാ രാജൻ പ്രത്യഭിവാദ്യവും
ചെയ്തു കദനഭരിതമായോതി കഥകളേറെയും.
മധുപാന മയക്കത്താലാന തൻ മുന്നിലാ വീരയും
അതിരുജയാലാ സോദരി താരയും മരിച്ചതും
രുദിതാനുസാരിയാം കഥകളിത്യേവം ചൊല്ലി–
മാഴ്കിടുന്നോരരചനേയാശ്വസിപ്പിച്ചിതു ഞാനും.
വേഷപ്രച്ഛന്നരായ് വന്നിതോ നിങ്ങളിവിടെയു–
മെന്നായറവണടികൾ തുടർന്നിതു പിന്നെയും.
ധർമമാർഗമടഞ്ഞു നിർവാണമതു മിഥ്യയായ്
കുമാർഗമേറി കെട്ട കാലത്തിൻ പൊരുളായിതു.
കടൽ നീരൊഴുകിടാ നാരായത്തുള തന്നിലും
എങ്കിലാ തുള വഴിയായൊഴുകിടും നീർപോലേ–
റിടും ധർമതത്ത്വവുമെന്നുമറിക നീയംഗനേ!
ഓർത്തിടാ ഭൂവാസികളിതൊക്കെയുമെന്നറി–
യുന്നൊരാദിതേയരൊക്കെയും തുടിത ലോകാ–
ധിപനുടെ പെരും ചേവടികളിൽ വീണിരക്കവേ
ഇരുൾ പരന്നൊരീ ധരയിലർക്കനെന്നപോലാ–
യിരത്തി അറുനൂറ്റിപ്പതിനാറാമാണ്ടിലാ ബുദ്ധ–
ദേവനവതിരിച്ചിടും ധർമസംരക്ഷണാർഥമായ്.
ചെറുതാം തുളയിൽ നീരെന്നപോൽ കടന്നിടും
ചെവിയിൽ ധർമതത്ത്വങ്ങളെന്നുമറിക നാം!
ഇരുളാണ്ടിട്ടും മനമതിനേറെത്തെളിച്ചമായുദി
ച്ചിടും ബുദ്ധസൂര്യനിതു ലോകഹിതാർഥമായ്.
അന്നാളിളകിടും താരകങ്ങളുറച്ചിടും തെറ്റിടാ–
മാരിയൊട്ടുമേ: നേർവഴിയായ് വീശിടും കാറ്റു–
മതുപോൽ ദിക്കളൊക്കെയും പുഷ്ടിയാർന്നേ
കിടും ഗോക്കൾ പാലുമേറെയായെന്നുമറിക നീ.
സുഖികളായിടും പറവകൾ, പകയറ്റിടും മനുജ–
മൃഗാദികൾക്കൊക്കെയും; ജ്ഞാനികളായിടു–
മേവരും; വിഭവസമൃദ്ധമായിടും ജലധിയും.
കൂനർ ബധിരരകുറിയോർകളുമതുപോൽ
ഊമകളും പിറന്നിടാ ധരയതി വിശിഷ്ടമായിടും
മറന്നിടില്ല ഞാനാ ശ്രീപാദമതു വണങ്ങിടാ–
നീപ്പിറവിയിങ്കലും മറുപിറവിയിങ്കലും.
ഊഴിയിൽ പലതുമൊത്തു വന്നിടും നിന്നാൽ
പൊരുൾ ചൊന്നാലേശിടില്ലതിൻ മുന്നമായിതേ!
തുയിരറുത്തിടും പാദപങ്കജമലയെ വണങ്ങിയോ–
രിരുവരാ ശ്രീപാദപീഠികയതു വലംവെച്ചു നേടിടും
കർമബന്ധങ്ങളറ്റതാം ശാശ്വത മുക്തിയും.
അമൃതസുരഭിയകറ്റിടും പശിയൊക്കെയുമീ
അതിന്നുടയോൾക്കേകിടാമുപദേശവും.
ദേവ മാനവ ഭേദമതിനില്ലെന്നുമറിക നീ!
അറവണ അടികൾ തൻ വചനമതു കേട്ടു–
യിർകൾ തൻ പശിയകറ്റുവതിനായവളു–
മെടുത്തിതു ദൈവദത്തമാം പാത്രവും.
● അടിക്കുറിപ്പ്
കച്ചയം – രാജ്യനാമം.
വീരക്കഴൽ – ഒരു ഭരണം.
തുടതി ലോകം – ദേവലോകം.
● വിശദീകരണം
മണിമേഖല തന്റെ പോറ്റമ്മമാരൊത്ത് അറവണ അടികളെ കണ്ട് വണങ്ങി. താൻ ഉപവനത്തിൽ ചെന്നതു മുതൽക്കുള്ള കഥകെളല്ലാം അദ്ദേഹത്തോട് വിശദീകരിച്ചു. തുടർന്ന് സ്വാമികൾ മധുപാനം ചെയ്ത മയക്കത്താൽ വീരയും സഹോദരിയുടെ മരണത്തിൽ മനംനൊന്ത് മട്ടുപ്പാവിൽനിന്നു വീണ് താരയും അകാലത്തിൽ മരിച്ച പൂർവകഥ മണിമേഖലയോടു പറഞ്ഞു: പാദപങ്കജമലയെ തൊഴുതതിനാലും ധർമമാർഗം വെടിയാതെ ജീവിച്ചതുകൊണ്ടും അവർ മാധവിയും സുധാമതിയുമായി പിറവിയെടുത്തിരിക്കുകയാണെന്നും താപസൻ പറഞ്ഞു. മാത്രമല്ല, ബുദ്ധദേവൻ അരുളിച്ചെയ്ത സദ്ധർമം ഇപ്പോൾ വളർച്ച മുരടിച്ചതായിത്തീർന്നിരിക്കയാണെന്നും ദേവന്മാർ ഏവരും യാചിച്ചതു കാരണം ശ്രീബുദ്ധൻ ഇരുൾ നീക്കിക്കൊണ്ട് സൂര്യനെന്നപോലെ 1616ാം ആണ്ടിൽ അവതരിക്കുമെന്നും അദ്ദേഹം അവരോട് വിശദീകരിച്ചു. അപ്പോൾ നക്ഷത്രങ്ങൾ സ്വസ്ഥാനത്തിരിക്കും, തെറ്റാതെ മഴപെയ്യും, ഭൂമി സമ്പൽസമൃദ്ധമാകും, കാറ്റ് നേർവഴി വീശും, ദിക്കുകൾ പുഷ്ടിയുള്ളതാകും, പശുക്കൾ യഥേഷ്ടം പാൽ ചുരത്തും, പക്ഷികൾ സുഖിച്ചുവാഴും, മൃഗങ്ങളും മനുഷ്യരും ഭയമറ്റു കഴിയും, എല്ലാവരും ജ്ഞാനികളായിത്തീരും, കൂനുള്ളവരും കുറിയവരും ഊമകളും ബധിരരും ഭൂമുഖത്തു കാണില്ല എന്നും അയാൾ പറഞ്ഞു. 'മണിമേഖല'യിലൂടെ ഇവിടെ പലതും സംഭവിക്കാനുള്ളതിനാൽ അവൾക്ക് ധർമോപദേശം ഫലിക്കുകയില്ലെന്നും അമ്മമാർ കർമബന്ധമറ്റ് മുക്തി പ്രാപിക്കുമെന്നും സ്വാമികൾ കൂട്ടിച്ചേർത്തു. അമൃതസുരഭി കൈയിലുള്ളതിനാൽ മനുഷ്യർ, ദേവർ എന്നീ വിഭാഗത്തിൽപെട്ടവർക്ക് ധർമം ഉപദേശിക്കാം. അറവണ അടികളുടെ ഈ വാക്കുകൾ കേട്ട് കേട്ട് ജീവികളുടെ വിശപ്പ് ഇല്ലാതാകുംവിധം മണിമേഖല ദൈവികമായ ആ പാത്രം കൈയിലെടുത്തു.
14
ആപുത്ര ചരിതം
അമൃതസുരഭിയാമക്ഷയപാത്ര
മതുസർവാപദ് നിവാരണൈശ്വര്യ ഭാജനീ
ഏകിയൊരാ സൽപുത്രനുടെ കഥയു–
മോതിടാമതെത്രയും നിർവൃതിദായകം.
വേദജ്ഞനാപഞ്ചികനാമൊരന്തണൻ തന്നുടെ
ജായ പതിതയാം ശാലി തൻ ഭതൃശാസനമതു–
ഭയന്നേകയായ് പോയിതു തെൻ കുമാരിയിൽ.
വഴിയിലവളേകിയൊരു സുതനു ജന്മവുമിരുളി–
ലുപേക്ഷിച്ചിതു നിർദയമൊരു തോപ്പിലായ്.
അർകഭനവനില്ല ഭക്ഷ്യപേയങ്ങളൊന്നുമേ
വിലപിച്ചാനവനും മറുഗതിയറ്റേവനേകനായ്
വിലാപം കേട്ടാർത്തയായൊര ധേനുവെത്തി–
യാശ്വസിപ്പിച്ചവൾ നക്കിയും ദുഗ്ധമേകിയും.
ഏഴു ദിനമതുപോൽ പരിപാലിച്ചവനെ ധേനുവും.
ഒരു നാളിലാവയനംകോട്ടെയിളംപൂതിയന്തണൻ
കുഞ്ഞിൻ നിലവിളി കേട്ടെത്തിയാ കാരുണ്യവാൻ
തുമ്പമൊടാ കുഞ്ഞിനെ വാരിയെടുത്താമാറോടു
ചേർത്തീശ്വര വരദാനമിതൊഴിഞ്ഞിതനപത്യത–
യുതകിടും വംശാഭിവൃദ്ധിയ്ക്കെന്നു തേറിച്ചെന്നാ
പുരിയിൽ ദേവകൃപയിലതീവതുഷ്ടരായവരും.
വേദാധ്യയനം മുടിച്ചുപനയനത്തിൻ മുന്നിലായ്
വാക്ചാതുരിയും നേടിയവനന്തണോചിതമായ്.
ഒരു നാളവനെത്തിയൊരില്ലത്തിങ്കലായ്
യാഗശാലയിലരിയെ ഭയന്നതി ചകിതയായ്
മേവുമൊരാ ധേനുവേ കണ്ടവനാർത്തനാ–
യപഹരിച്ചിതാ ഗോവുതന്നെയിരുളിങ്കലായ്.
പോയവൻ ദുർഘടപാതയതൊന്നിലായ്
പിടിയിലായവനാ വഴിയിൽ ഹീനനെന്നോതി–
യന്തണർ താഡനവും ചെയ്തിതേറെയായ്.
ഇടയിലായന്തണ പുരോഹിതൻ തന്നെയാം
കുടൽ കുത്തി വെളിയിലാക്കിയൊപ്പമായ്.
പശു പോയ്മറഞ്ഞിതാ കാനനത്തിങ്കലായ്.
പുത്രനവനോതിയന്തണരോടതി ദാരുണാൽ
പാഴ്നിലങ്ങളിൽ വളരും പുല്ലുകളൊക്കെയു–
മാഹരിച്ചൊരീ ധേനുവേകി പാലിതേറെയായ്
കോപമെന്തതിൻ നേർക്കു ചിന്തയുമെന്തു തേ!
ചപലനാം നീയാ ധേനുവിൻ സൂനുവായിടാം.
ചക്രായുധനാം വിഷ്ണുവിൻ സുതനാ–
നാന്മുഖനരുളിയാ വേദങ്ങളൊക്കവേ
നിന്ദിതമായ് നിന്നാൽ പൊരുളുമതറ്റതായ്.
അചലനറിക ഗോവിനുടെ പുത്രനാം
ശൃംഗിയോ മാനിനുടെ സുതനായിടും
കേശകമ്പളൻ നരി തന്റെയുമറിക നീ!
ചേർന്നിടുമിവർ നിൻ വംശത്തിനൊപ്പമേ.
വാഴ്ത്തിടും നിങ്ങളീ താപസഗണത്തെയും.
വേദവാക്യമതേതു നിദർശനം ഭവാന്നീ
പശുവംശ മതി നികൃഷ്ടമെന്നോതുവാൻ.
അറിയാമിവനുടെ ചരിതമതൊക്കെ–
യെന്നായൊരന്തണനതീവ ഹാസമായ്.
തൻ പ്രിയരെ വെടിഞ്ഞേകയായൊര
ന്തണ നാരി ശാലി കാൽനടയായൊരു
ദിനമാകന്യാകുമരി പാദമതു വണങ്ങി
എന്തിതിൻ കാര്യമെന്നോർത്താ ദേവി
ദേശമേതെന്തു നിൻ മനോഗതമെന്നു
കേട്ടതിനു പ്രതിവചനമോതിയവളും
കാശി തന്നാലായ് വാഴുമൊരന്തണ–
നുടെ പതിതയാം പത്നി ഞാൻ ശാലി.
കോർകൈയധിപനാം പാണ്ഡ്യനുടെ
പുരിയിലാ വിജനതയിലതി നിർദയ–
മുപേക്ഷിച്ചു പെറ്റ കുഞ്ഞിനെത്തന്നെ.
മേൽഗതിയെന്തെന്നർഥന ചെയ്യുമാ–
ശലിതൻ മകനശുദ്ധൻ പതിതനിവൻ,
അന്തണനൊരുവൻ സോപഹാസമായ്
ചൊന്നൊതൊക്കെയും കേട്ടാ പുത്രനു–
മോതിനാനാര്യവംശ ഗാഥയതി വിസ്തരം.
വേദസ്വരൂപിയാം നാന്മുഖനാ സ്വർവേശ്യയാം–
തിലോത്തമയിൽ പിറന്നവരറിക വേദജ്ഞരാ–
മഗസ്ത്യനുമതു പോലാ വസിഷ്ഠ മുനീന്ദ്രനും.
കഥയിതനിഷേധ്യമില്ല ശാലിയിൽ കുറ്റമേതുമേ!
കുറവെന്തന്തണരേ ശാലി തൻ പുത്രനിൽ!
ഗോവിനെ കട്ട കള്ളനിവനല്ലൊരന്തണൻ
അച്ഛനാം ഭൂതിയുമുപേക്ഷിച്ചാനവൻ തന്നെയും
പിച്ചയെടുത്തവൻ ചെന്നു പുരിയിലൊക്കവേ!
ഭ്രഷ്ടനായലഞ്ഞാനവൻ തെരുവിലൊക്കെയും
ഒടുവിലവനെത്തിയാ തെൻമധുരയിങ്കലായ്
സരസ്വതിക്കോവിലേകിയവനു നിത്യമഭയവും.
പിച്ചപ്പാത്രമേന്തിച്ചെന്നാനവൻ വീടുതോറുമേ,
കുരുടർ ചെവിടർ മുടന്തരനാഥർ രോഗിക–
ളേവരും വരുവിനാഹരിക്കുവിനെന്നവനുട്ടി–
ബാക്കിയാഹരിച്ചുറങ്ങുമാപുത്രനാം രക്ഷകന–
മ്പലപ്പടിയിലൊരുനാളേർപ്പെട്ടതും കേൾക്ക നീ.
● അടിക്കുറിപ്പ്
ആപുത്രൻ – പശു രക്ഷിച്ച പുത്രൻ /ശിശു.
● വിശദീകരണം
മണിമേഖലക്ക് അക്ഷയപാത്രം സമ്മാനിച്ച ആപുത്രന്റെ കഥ വ്യക്തമാക്കുന്ന ഗാഥയാണിത്. ബ്രാഹ്മണേശ്രഷ്ഠനായ ആപഞ്ചികന്റെ ഭാര്യയായിരുന്നു ശാലി. ഭർത്താവിനെ വിട്ട് അന്യപുരുഷ സമ്പർക്കത്താൽ അവൾ ഗർഭിണിയായി. പതിതയായ അവൾ ഭർത്താവിനെ ഭയന്ന് വീടുവിട്ടു. കന്യാകുമാരിയിലേക്ക് തീർഥാടനത്തിനു കാൽനടയായി പോകവേ വഴിയിൽവെച്ച് പ്രസവിക്കുകയും കുഞ്ഞിനെ വിജനമായ തോട്ടത്തിൽ ദയനീയമാം വിധം ഉപേക്ഷിക്കുകയും ചെയ്തു. വിശപ്പുകൊണ്ട് കരഞ്ഞ കുഞ്ഞിനെ ആ വഴി വന്ന ഒരു പശു നക്കി ആശ്വസിപ്പിക്കുകയും മുലപ്പാൽ നൽകി വിശപ്പകറ്റുകയും ചെയ്തു. ഏഴു ദിവസം ഇതു തുടർന്നു. അടുത്തദിവസം വയനങ്കോട് ദേശത്തെ ഭൂതി എന്ന ബ്രാഹ്മണൻ ഭാര്യാസമേതനായി ആ വഴി വന്നു. കുഞ്ഞിന്റെ കരച്ചിൽ കേട്ട് അവർ ചെന്നു നോക്കി. ഇത് പശുവിന്റെ കുഞ്ഞല്ല എന്റെ കുഞ്ഞാണ് എന്ന് പറഞ്ഞ് കുഞ്ഞിനെയുമെടുത്ത് നാട്ടിലേക്കു തിരികെ വന്നു. വേദാധ്യയനത്തിനു ശേഷം ഉപനയനവും സമുചിതമായി നടത്തി. ഒരുദിവസം ആപുത്രൻ ഒരു ബ്രാഹ്മണ ഗൃഹത്തിൽ ചെന്നപ്പോൾ അവിടെ യാഗശാലയിൽ വേടനെ ഭയന്നു കഴിയുന്ന മാനിനെപ്പോലെ ഒരു പശുവിനെ കണ്ട് സങ്കടം തോന്നി. രാത്രിയിൽ അയാൾ പശുവിനെ മോഷ്ടിച്ച് ദുർഘടമായ പാതയിലൂടെ സഞ്ചരിക്കുമ്പോൾ കിങ്കരന്മാരോടൊത്ത ബ്രാഹ്മണർ ആപുത്രനെ പിടികൂടി. പ്രഹരിച്ചു. ഇത് കണ്ട് പശു തന്റെ കൊമ്പുകൊണ്ട് പുരോഹിതന്റെ വയർ കുത്തിക്കീറി കുടൽമാല പുറത്തായി. പശു വനത്തിലേക്ക് രക്ഷപ്പെടുകയും ചെയ്തു. പാലു തരുന്ന പശുവിനെ േദ്രാഹിക്കുന്നതു ശരിയല്ലെന്ന് അവൻ ബ്രാഹ്മണരോടു പറഞ്ഞു. മറുപടിയായി നീ വേദവിദ്യ അറിയാതെ യാഗാദികളെ പുച്ഛിക്കുകയാണെന്നും പശുവിന്റെ പുത്രനാകാൻ യോഗ്യനാണെന്നും അവർ പറഞ്ഞു. പശുവിന്റെ പുത്രനായാലെന്താ? അചലൻ പശുവിന്റെ പുത്രനാണ്; ശൃംഗി മാനിന്റെ പുത്രനാണ് ; വിരിഞ്ചി പുലിയുടെ പുത്രനാണ്; കേശകമ്പളൻ നരിയുടെ പുത്രനാണ്. ഇവരൊക്കെ നിങ്ങളുടെ ഗോത്രത്തിൽപെടുന്നവരുമാണ്. അതുകൊണ്ട് പശുവിന്റെ പുത്രനായതിൽ എനിക്ക് ഒരു കുറവുമില്ല. അപ്പോൾ കൂട്ടത്തിലൊരു ബ്രാഹ്മണൻ അവന്റെ കഥ പറഞ്ഞു. വേശ്യയുടെ പുത്രനാണെന്ന് പറഞ്ഞ് അപഹസിച്ചു. മറുപടിയായി സ്വർഗവേശ്യയായ തിലോത്തമയിൽ പിറന്ന അഗസ്ത്യനെക്കുറിച്ചും വസിഷ്ഠനെക്കുറിച്ചും ആപുത്രൻ പറഞ്ഞു. അവിടെനിന്നും തിരിച്ചുപോയ ആപുത്രനെ വളർത്തച്ഛനും ഉേപക്ഷിച്ചു. ഭിക്ഷ കിട്ടാതെ വലഞ്ഞ അവൻ സരസ്വതീ ദേവിക്ഷേത്രത്തിന്റെ പീഠികയിൽ വന്നു താമസിച്ചു. മധുരാപുരിയിൽ ഭിക്ഷാപാത്രവുമേന്തി ഭിക്ഷ യാചിച്ചു. അന്ധർ, ബധിരർ, മുടന്തർ, അനാഥർ, രോഗികൾ തുടങ്ങിയവർക്കൊക്കെ അന്നം നൽകി. എല്ലാവരും ഭക്ഷിച്ചതിനു ശേഷം അവനും ഭക്ഷിച്ചു. ഭിക്ഷാപാത്രം തലയിണയാക്കി ഉറങ്ങിയ ആപുത്രനാകുന്ന രക്ഷകന് അമ്പലപ്പടിയിൽവെച്ചു സംഭവിച്ചത് കേട്ടാലും.
15
പാത്രത്തിന്റെ സ്വഭാവം അറിയിച്ച കഥ
ഒരു നാളമ്പലപ്പടിയിലുറങ്ങിടുമാപുത്രനുടെ
ചാരെയെത്തീ ചിലർ പൈദാഹമേറെയായ്
മാരിപെയ്തിരുൾ പരന്നതാം പാതിരാവിൽ
ഉണർത്തിയാ പുത്രനെയതി കാംക്ഷയാൽ
പൈദാഹമിതസഹനീയമെങ്ങൾക്കില്ലൊരു
ശരണമേകുകന്നമടിയങ്ങൾക്കെന്നായവർ.
ആപുത്രനുമതു കേട്ടേറെ വ്യഥിതനായൊരു
മറുവഴി കണ്ടിട്ടാതുഴന്നാനിരന്നുണ്ണുവോൻ
അതു പൊഴുതിലാ ചിന്താദൈവതമേവരും
രുജയകറ്റുവതിനായനുദിനംകുമ്പിടുവോർ
മുന്നിലാഗതയായോതി സാനുകമ്പമായ്.
ഖേദിയായ്കിതു കൈക്കൊൾക കുമാരാ–
നാടു വറുതിയാണ്ടീടിലുമീയോടുവറുതി
യാണ്ടിടില്ലെന്നറിക പാത്രമിതക്ഷയമാ–
മെന്നവളേകിയതാകുമാരപാണിയിൽ.
ചിന്താ ദേവീ! കലാക്ഷേത്ര വാസിനീ!
നന്താദീപമേ! ജിഹ്വാഗ്ര വാസിനീ!
അംഗനാരത്നമേ! സകല ദുഃഖനിവാരിണീ!
ആദിതേയാധിപേയെന്നവനവളെ വണങ്ങി–
പ്പുലർത്തിയനവരതമാപലതാമുയിർകളെ!
മൃഗ പക്ഷി നരാദി ഭേദമറ്റുയിർകളവ്വിധ–
മൊരു തരുശാഖിയിലെന്നപോൽ വാഴവേ
ധരയിലവനുടെ വൃത്തിയുലച്ചിതിന്ദ്രനെ.
വയോധികനാമൊരു കൂനനന്തണനായ–
ദേവാധിനാഥനഖിലലോകാധിപണഞ്ഞാ–
നതിവിനയമൊടാ പുത്രനുടെ ചാരെയായ്.
അണഞ്ഞിതു നിന്നരികിലായോതുവിനിംഗിതം
ദാനഫലമതു കൈക്കൊൾക നീ കുമാരകാ!
നിഷ്ളങ്കനവനതു കേട്ടു ചിരച്ചതി വിനയമോടങ്ങു–
പോവുക നീയൊഴിഞ്ഞാരറിഞ്ഞാടാനീ സദ്കർമ
ഫലമൊക്കവേയെന്നവനുമതീവ തോഷമാർന്നാൻ!
ധർമികൾക്കൊകെയും നാഥനായ്മാതപസ്വികൾ
ക്കാശ്രയമായാശകളകറ്റി വാഴുമഖില ലോകധിപനാ–
മിന്ദ്രനേ! ദൈവികമിതക്ഷയപാത്രമതു നീക്കിടുന്നു–
പശിയഖിലലോകമൊന്നുപോലാർന്നിടുന്നു മോദവും
ഏകുവതെന്തുൺവതിനൊപ്പമുടുപ്പതിനുള്ളതോ!
സ്ത്രീ രത്നങ്ങളോ പറക ബന്ധുജനങ്ങളേയോ?
വാക്യമിതേവംകേട്ടൊട്ടുലജ്ജിതാനായൊരിന്ദ്രനു–
മമിതമാംമാരിവർഷിച്ചാ ധരയുമതിപുഷ്ടമായ്
പശിയറ്റൊരാ നാട്ടിലില്ല ശരണാഗതരൊന്നുമേ!
ഇല്ലയാപുത്രനരികെയും പശിയാർന്നവരൊന്നുമേ!
വിടരും ധൂർത്തരുമതുപോലാ പാന്ഥർ തന്നെയും
പാണ്ഡ്യപുരിയിൽവാണിതേക ഹിതാർഥരായ്!
വട്ടും ചൂതും കളിപ്പോരും വമ്പോതിടുവോർകളുമീ
തങ്ങിയാപ്പുരിയിലല്ലലൊഴിഞ്ഞെന്നുമേ!
ആപുത്രനവൻ വിട്ടാൻ അമ്പലപ്പീടികതന്നിടം
ഊണിനാളെത്തേടിയൂരുതോറുമലഞ്ഞവൻ.
അപഹാസ്യനായവനൂരിലെല്ലാമതി ക്ഷണാൽ!
യാത്രികരവർ വന്നെത്തി ദുഃഖകഥയൊന്നുമായ്
മഴയില്ലാ ജാവനാട്ടിൽ പെരുകിടുന്നിതതി–
വറുതിയുമൊപ്പമറ്റിടുന്നു പെരും ജീവനും,
ചരിതമതു കേട്ടാപുത്ര മനമലിഞ്ഞു പോയ്
ചെന്നിടാമീ ജാവനാട്ടിലുയിർകളെ പോറ്റിടാൻ
കപ്പലേറി കുമാരകൻ യാത്ര ചെയ്തു പല ദിനം.
കടൽക്കോളിൽ പെട്ടു കപ്പൽ തങ്ങിയവരൊരു–
ദ്വീപിലായ്; മണിപല്ലവമെന്നതു വിശ്രുതമായിടും.
കുമാരനെ തനിച്ചാക്കി കപ്പൽ പോയി രജനിയിൽ.
കണ്ടതില്ലവനുയിർകളെ ചുറ്റുവട്ടത്തിലൊന്നുമേ!
കാക്കുവനുയിർകളില്ലെങ്കിൽ പാത്രമിതെന്തിനാം?
വ്യഥിതനാപുത്രൻ വണങ്ങിയാ പാത്രത്തെയും!
പാത്രമിതക്ഷയം ചേർന്നിടേണമാ കൈകളിൽ
ജീവികൾക്കാശ്രയമായിടും ധർമികൾക്കനാരതം!
വാർഷികത്തിലുയരണം പൗർണമിയിലെന്നുമേ
ആശംസയാലവനെറിഞ്ഞു ഗോമുഖി തന്നിലായ്!
ആപുത്രനാദ്വീപിലുയിർ പോക്കിടാനൊരുങ്ങവേ
എത്തി ഞാനരികിലായ് കേട്ടിതു ദുഃഖകാരണം.
പറഞ്ഞിതാപുത്രൻ പലകാര്യം ദുഃഖഹേതുകം.
കിഴക്കുദിച്ചസ്തമിച്ചിടുമർക്കനെന്ന പോൽ–
ത്തീരണമീ ജന്മമെന്നോർത്തുയിർ വെടിഞ്ഞാന–
കുമാരകൻ ശ്രീ പെറും മണിപല്ലവത്തിങ്കലായ്;
പുനർജനിയാർന്നിതു ജാവാധിപനുടെ ഗോവി–
നുദരത്തിങ്കലായുലക സംരക്ഷണാർഥമായ്!
● അടിക്കുറിപ്പ്
ചിന്താ ദേവി – സരസ്വതി ദേവി
വാർഷികത്തിലുയരണം – ഇടവത്തിലെ പൗർണമിയിൽ ഉയരണം.
● വിശദീകരണം
അമ്പലപ്പടിയിൽ ഉറങ്ങുകയായിരുന്ന ആ പുത്രന്റെ അരികിൽ വിശപ്പും ദാഹവും സഹിക്കാതെ നല്ല മഴ പെയ്തുകൊണ്ടിരുന്ന രാത്രിയിൽ കുറെ ആൾക്കാർ വന്നുചേർന്നു. അവരുടെ അവസ്ഥ കണ്ട് ആപുത്രന് സന്താപം തോന്നി. എന്താണ് പോംവഴി എന്നാലോചിച്ച് സരസ്വതീദേവിയെ ഭജിച്ചു. അപ്പോൾ ദേവി പ്രത്യക്ഷപ്പെട്ട് നശിക്കാത്ത സ്വഭാവത്തോടു കൂടിയ അക്ഷയപാത്രം സമ്മാനിച്ചു. വാടാവിളക്കും സർവരുടെയും നാവിൽ കുടികൊള്ളുന്നവളുമായ ദേവിയെ ആപുത്രൻ വണങ്ങി സ്തുതിച്ചു. അവൻ തന്റെ കൂടെയുള്ളവരുടെയെല്ലാം വിശപ്പകറ്റി. അതോടെ മനുഷ്യരും മൃഗങ്ങളും പക്ഷികളും സമഭാവനയോടെ കഴിയാൻ തുടങ്ങി. ആപുത്രന്റെ ധർമപ്രവൃത്തി ഇന്ദ്രന്റെ ഇരിപ്പിടത്തെ ഇളക്കി. ഒരു വൃദ്ധബ്രാഹ്മണന്റെ വേഷത്തിൽ ഇന്ദ്രൻ ആപുത്രനെ സമീപിച്ച് നിന്റെ മഹത്തായ ദാനത്തിന്റെ ഫലം സ്വീകരിച്ചാലുമെന്ന് പറഞ്ഞു. നിഷ്കളങ്കനായ ആപുത്രൻ പൊട്ടിച്ചിരിച്ചുകൊണ്ട് അങ്ങു പോവുക; അങ്ങയെപ്പോലുള്ളവരല്ലാതെ മറ്റാരാണ് ഇത്തരം പ്രവൃത്തികളെ അറിയുക എന്ന് മറുപടി പറഞ്ഞു. അങ്ങ് ഉണ്ണുന്നതിനോ ഉടുക്കുന്നതിനോ, സ്ത്രീകളെയോ മറ്റു വല്ലതിനെയോ ആണോ ഇപ്പോൾ തരുന്നത് എന്നും ചോദിച്ചു. അപ്പോൾ അവന്റെ പാത്രം നിറയുകയും അത് നൽകുവാൻ ആളില്ലാതെ വിഷമിക്കുകയും ചെയ്തു. ഇന്ദ്രനാകട്ടെ ധാരാളം മഴ പെയ്യിക്കുകയും ലോകം സമ്പൽസമൃദ്ധമാക്കുകയും ചെയ്തു. അതോടെ അമ്പലപ്പടിയിൽ ആരും ഭക്ഷണം കഴിക്കാൻ വരാതായി. അതിൽ മനംനൊന്ത ആപുത്രൻ ജാവാ നാട്ടിൽ ക്ഷാമമുണ്ടെന്നറിഞ്ഞ് ഒരു യാത്രക്കപ്പലിൽ അങ്ങോട്ടു പോയി. വഴി മധ്യേ കടൽക്കോളിൽപെട്ട് കപ്പൽ മണിപല്ലവ ദ്വീപിലടുപ്പിച്ചു. അവിടെയിറങ്ങിയ കുമാരൻ വീണ്ടും കയറി എന്ന് തെറ്റിദ്ധരിച്ച് കപ്പൽ യാത്ര തുടർന്നു. ആപുത്രൻ തനിച്ചായി. തന്റെ കൈയിലുള്ള പാത്രം ഇനി നിഷ്പ്രയോജനമാണെന്ന് കണ്ട് പ്രാണികളെ പോറ്റുന്ന ധർമാത്മാക്കൾക്ക് ഉപകരിക്കുമാറ് വർഷത്തിൽ ഒരുതവണ ഉയർന്നുവരിക എന്നു പറഞ്ഞ് പാത്രം ഗോമുഖ് പ്പൊയ്കയിലെറിഞ്ഞു. ദ്വീപിൽ ഉപവാസമനുഷ്ഠിച്ച് ജീവൻ വെടിയാൻ തുടങ്ങിയപ്പോൾ അറവണ അടികൾ അവിടെയെത്തി. ദുഃഖകാരണം അന്വേഷിച്ചു. അവൻ അതിനു മറുപടി പറയുകയും ഒപ്പം ജീവൻ വെടിയുകയും ചെയ്തു. പിന്നീടവൻ ലോകസംരക്ഷണാർഥം ജാവാധിപനായ രാജാവിന്റെ പശുവിന്റെ ഉദരത്തിൽ പിറന്നു.
(തുടരും)